This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-ആര്യന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്തോ-ആര്യന്‍ ഭാഷകള്‍)
(ആമുഖം)
വരി 5: വരി 5:
==ആമുഖം ==
==ആമുഖം ==
-
ഇന്തോ-ആര്യന്‍ ഭാഷകളുടെ ചരിത്രം പഠനവിധേയമാക്കിയിട്ടുള്ള മിക്ക പണ്ഡിതന്മാരും ആ ഭാഷകളുടെ വികാസത്തെ മൂന്ന്‌ ഘട്ടങ്ങളിലൂടെ കടന്നുപോന്ന ഒരു പ്രയാണമായി പരിഗണിച്ചുവരുന്നു; പ്രാചീനം, മധ്യം, നവീനം എന്നിങ്ങനെ. പ്രതിപാദന സൗകര്യത്തിനുവേണ്ടിമാത്രം വേർതിരിച്ചുപറയാറുള്ള മേല്‌പറഞ്ഞ മൂന്ന്‌ ഘട്ടങ്ങളിലെ ഭാഷകളെ പരാമർശിക്കുന്നതിന്‌ ഒന്നാം പ്രാകൃതങ്ങള്‍, രണ്ടാം പ്രാകൃതങ്ങള്‍, മൂന്നാം പ്രാകൃതങ്ങള്‍ (Primary, Secondary, Tertiary Prakrits)എന്നീ സംജ്ഞകളാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. (പ്രാകൃതം = പ്രകൃതികളുടെ, സാമാന്യജനങ്ങളുടെ ഭാഷ; അല്ലെങ്കിൽ പ്രകൃതിജമായ, സ്വഭാവനേ ഉള്ള, സഹജമായ ഭാഷ).
+
ഇന്തോ-ആര്യന്‍ ഭാഷകളുടെ ചരിത്രം പഠനവിധേയമാക്കിയിട്ടുള്ള മിക്ക പണ്ഡിതന്മാരും ആ ഭാഷകളുടെ വികാസത്തെ മൂന്ന്‌ ഘട്ടങ്ങളിലൂടെ കടന്നുപോന്ന ഒരു പ്രയാണമായി പരിഗണിച്ചുവരുന്നു; പ്രാചീനം, മധ്യം, നവീനം എന്നിങ്ങനെ. പ്രതിപാദന സൗകര്യത്തിനുവേണ്ടിമാത്രം വേർതിരിച്ചുപറയാറുള്ള മേല്‌പറഞ്ഞ മൂന്ന്‌ ഘട്ടങ്ങളിലെ ഭാഷകളെ പരാമർശിക്കുന്നതിന്‌ ഒന്നാം പ്രാകൃതങ്ങള്‍, രണ്ടാം പ്രാകൃതങ്ങള്‍, മൂന്നാം പ്രാകൃതങ്ങള്‍ (Primary, Secondary, Tertiary Prakrits)എന്നീ സംജ്ഞകളാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. (പ്രാകൃതം = പ്രകൃതികളുടെ, സാമാന്യജനങ്ങളുടെ ഭാഷ; അല്ലെങ്കില്‍ പ്രകൃതിജമായ, സ്വഭാവനേ ഉള്ള, സഹജമായ ഭാഷ).
 +
 
==ഒന്നാംപ്രാകൃതങ്ങള്‍ ==
==ഒന്നാംപ്രാകൃതങ്ങള്‍ ==
ഒന്നാം പ്രാകൃതങ്ങള്‍ എന്നു പറയാവുന്ന പ്രാചീന ഇന്തോ-ആര്യന്‍ ഭാഷകളാണ്‌ പ്രാമാണികമായ ഏറ്റവും പഴയ രേഖകളുള്ള ഭാരതീയ ഭാഷകള്‍. വാമൊഴിയിലും വരമൊഴിയിലും ഈ ഭാഷകള്‍ക്ക്‌ പലതരം രൂപഭേദങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ പ്രാതിശാഖ്യങ്ങളിലും മറ്റുംനിന്ന്‌ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നുണ്ട്‌. ഏറ്റവും പ്രാഥമികദശയിൽത്തന്നെ ഇന്തോ-ആര്യന്റെ പ്രാചീനരൂപത്തിന്‌ വടക്കന്‍ (ഉദീച്യം), പടിഞ്ഞാറന്‍ (പ്രതീച്യം), തെക്കന്‍ (ദാക്ഷിണാത്യം), കിഴക്കന്‍ (പ്രാച്യം), ഇടനാടന്‍ (മധ്യദേശീയം) എന്നിങ്ങനെ അഞ്ച്‌ വകഭേദങ്ങളുണ്ടായിരുന്നു.
ഒന്നാം പ്രാകൃതങ്ങള്‍ എന്നു പറയാവുന്ന പ്രാചീന ഇന്തോ-ആര്യന്‍ ഭാഷകളാണ്‌ പ്രാമാണികമായ ഏറ്റവും പഴയ രേഖകളുള്ള ഭാരതീയ ഭാഷകള്‍. വാമൊഴിയിലും വരമൊഴിയിലും ഈ ഭാഷകള്‍ക്ക്‌ പലതരം രൂപഭേദങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ പ്രാതിശാഖ്യങ്ങളിലും മറ്റുംനിന്ന്‌ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നുണ്ട്‌. ഏറ്റവും പ്രാഥമികദശയിൽത്തന്നെ ഇന്തോ-ആര്യന്റെ പ്രാചീനരൂപത്തിന്‌ വടക്കന്‍ (ഉദീച്യം), പടിഞ്ഞാറന്‍ (പ്രതീച്യം), തെക്കന്‍ (ദാക്ഷിണാത്യം), കിഴക്കന്‍ (പ്രാച്യം), ഇടനാടന്‍ (മധ്യദേശീയം) എന്നിങ്ങനെ അഞ്ച്‌ വകഭേദങ്ങളുണ്ടായിരുന്നു.

10:45, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഇന്തോ-ആര്യന്‍ ഭാഷകള്‍

ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ശാഖയായ ഇന്തോ-ഇറാനിയന്‍വിഭാഗത്തിന്റെ രണ്ടുപശാഖകളില്‍ ഒന്നാണ്‌ ഇന്തോ-ആര്യന്‍; മറ്റേത്‌ ഇറാനിയനും. പേർഷ്യനും ഒസെഷ്യന്‍ (Ossetian), കുർദിഷ്‌ (Kurdih) മുതലായ സമീപസ്ഥഭാഷകളും ഇറാനിയന്‍ ഉപശാഖയില്‍നിന്ന്‌ ഉരുത്തിരിഞ്ഞുവന്നവയാണ്‌; വൈദികമെന്നും ലൗകികമെന്നും രണ്ടുതരത്തില്‍പ്പെടുന്ന സംസ്‌കൃതവും, പാലി, അപഭ്രംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പലതരം പ്രാകൃതങ്ങളും, ഹിന്ദി, ബംഗാളി, ഗുജറാത്തി, സിന്ധി, മറാഠി, അസമിയ മുതലായ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ വ്യവഹരിക്കപ്പെടുന്നവയും പ്രാചീമെന്നോ സമകാലികമെന്നോ പറയാവുന്നവയുമായ വിവിധ ഭാഷകളും ശ്രീലങ്കയിലെ സിംഹളഭാഷയുമാണ്‌ ഇന്തോ-ആര്യന്‍ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌.

ആമുഖം

ഇന്തോ-ആര്യന്‍ ഭാഷകളുടെ ചരിത്രം പഠനവിധേയമാക്കിയിട്ടുള്ള മിക്ക പണ്ഡിതന്മാരും ആ ഭാഷകളുടെ വികാസത്തെ മൂന്ന്‌ ഘട്ടങ്ങളിലൂടെ കടന്നുപോന്ന ഒരു പ്രയാണമായി പരിഗണിച്ചുവരുന്നു; പ്രാചീനം, മധ്യം, നവീനം എന്നിങ്ങനെ. പ്രതിപാദന സൗകര്യത്തിനുവേണ്ടിമാത്രം വേർതിരിച്ചുപറയാറുള്ള മേല്‌പറഞ്ഞ മൂന്ന്‌ ഘട്ടങ്ങളിലെ ഭാഷകളെ പരാമർശിക്കുന്നതിന്‌ ഒന്നാം പ്രാകൃതങ്ങള്‍, രണ്ടാം പ്രാകൃതങ്ങള്‍, മൂന്നാം പ്രാകൃതങ്ങള്‍ (Primary, Secondary, Tertiary Prakrits)എന്നീ സംജ്ഞകളാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. (പ്രാകൃതം = പ്രകൃതികളുടെ, സാമാന്യജനങ്ങളുടെ ഭാഷ; അല്ലെങ്കില്‍ പ്രകൃതിജമായ, സ്വഭാവനേ ഉള്ള, സഹജമായ ഭാഷ).

ഒന്നാംപ്രാകൃതങ്ങള്‍

ഒന്നാം പ്രാകൃതങ്ങള്‍ എന്നു പറയാവുന്ന പ്രാചീന ഇന്തോ-ആര്യന്‍ ഭാഷകളാണ്‌ പ്രാമാണികമായ ഏറ്റവും പഴയ രേഖകളുള്ള ഭാരതീയ ഭാഷകള്‍. വാമൊഴിയിലും വരമൊഴിയിലും ഈ ഭാഷകള്‍ക്ക്‌ പലതരം രൂപഭേദങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ പ്രാതിശാഖ്യങ്ങളിലും മറ്റുംനിന്ന്‌ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നുണ്ട്‌. ഏറ്റവും പ്രാഥമികദശയിൽത്തന്നെ ഇന്തോ-ആര്യന്റെ പ്രാചീനരൂപത്തിന്‌ വടക്കന്‍ (ഉദീച്യം), പടിഞ്ഞാറന്‍ (പ്രതീച്യം), തെക്കന്‍ (ദാക്ഷിണാത്യം), കിഴക്കന്‍ (പ്രാച്യം), ഇടനാടന്‍ (മധ്യദേശീയം) എന്നിങ്ങനെ അഞ്ച്‌ വകഭേദങ്ങളുണ്ടായിരുന്നു. ഒന്നാം പ്രാകൃതകാലത്തെ ഭാഷയുടെ സ്വഭാവം നമുക്കിന്നനുമാനിക്കാന്‍ കഴിയുന്നത്‌ വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയിൽനിന്നാണ്‌. കാലദേശങ്ങള്‍ക്കനുസരണമായി ഭാഷാഭേദങ്ങള്‍ ഉദ്‌ഭവിക്കുകയും വികാസം പ്രാപിക്കുകയും ചെയ്യുന്നു എന്നതിന്‌ പല തെളിവുകളും വൈദികസംസ്‌കൃതത്തിൽ നിന്നുതന്നെ ലഭിക്കുന്നു. വൈദികകാലത്തിന്റെ അന്ത്യദശയിലാണ്‌ അഷ്‌ടാധ്യായി എന്ന പാണിനീയവ്യാകരണത്തിന്റെ ആവിർഭാവം. ഏതാനും ചില മുക്കുകളിലും മൂലകളിലുമൊഴിച്ചാൽ പ്രസ്‌തുത വ്യാകരണത്തിന്റെ ദൃഢബദ്ധമായ ചട്ടക്കൂട്ടിൽനിന്ന്‌ പുറത്തുകടക്കാന്‍ നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടുപോലും സംസ്‌കൃതത്തിനു സാധിച്ചിട്ടില്ല. അഭ്യസ്‌തവിദ്യരായ അനുവാചകരെ മുന്നിൽ കണ്ടുകൊണ്ട്‌ ഗൗരവബുദ്ധിയോടുകൂടി നടത്തുന്ന സാഹിത്യസൃഷ്‌ടിക്കു പറ്റിയ ഭാഷ എന്ന പദവി സംസ്‌കൃതത്തിനു കൈവന്നത്‌ പാണിനീയവ്യാകരണം മുഖേനയാണ്‌. സാമാന്യജനങ്ങളുടെ വ്യവഹാരഭാഷകളാകട്ടെ, വിവിധ കാരണങ്ങളാൽ പലതരം രൂപങ്ങള്‍ കൈക്കൊണ്ട്‌, കാലക്രമേണ, സാഹിത്യത്തിന്റെ അത്യുന്നത മേഖലകളിൽ മാത്രം വിഹരിച്ചിരുന്ന സംസ്‌കൃതത്തിൽനിന്ന്‌ വളരെയേറെ അകന്നുപോയി.

മധ്യഇന്തോ-ആര്യന്‍

രണ്ടാം പ്രാകൃതകാലത്തെതന്നെ ആദി, മധ്യം, അന്ത്യം എന്നീ ദശകളായി വിഭജിക്കാറുണ്ട്‌. ആദി-മധ്യ-ദശകളിലെ ഭാഷാസ്വഭാവം വ്യക്തമാകുന്നത്‌ പ്രാകൃത സാഹിത്യത്തിൽനിന്നാണ്‌. കേവലം വാമൊഴിയായി മാത്രം പ്രചരിച്ചിരുന്ന അപഭ്രംശങ്ങളാണ്‌ അന്ത്യദശയിലുള്ള രണ്ടാം പ്രാകൃതങ്ങള്‍; അവയെക്കുറിച്ചു നമുക്കുള്ള അറിവിന്റെ പ്രധാനാസ്‌പദം ഹേമചന്ദ്രനെപ്പോലുള്ള വൈയാകരണന്മാരുടെ പ്രസ്‌താവങ്ങളാകുന്നു.

ആദിദശ

അശോകന്റെ എല്ലാ ശാസനങ്ങളും ഉള്‍പ്പെടെയുള്ള ശിലാലിഖിതങ്ങള്‍, ബുദ്ധമതഗ്രന്ഥങ്ങളിലെയും മഹാവംശം, ജാതകകഥകള്‍ എന്നിവയിലെയും പാലി, ഏറ്റവും പഴയ ജൈനകൃതികളിലെ പ്രാകൃതം, അശ്വഘോഷന്റേതുപോലുള്ള പ്രാചീനമായ സംസ്‌കൃതനാടകങ്ങളിലെ പ്രാകൃതങ്ങള്‍ ഇവയാണ്‌ രണ്ടാം പ്രാകൃതകാലത്തിലെ ആദിദശയെ പ്രതിനിധീകരിക്കുന്നത്‌.

അശോകന്റെ ശിലാശാസനങ്ങളിലെ ഭാഷയ്‌ക്ക്‌ ശിലാലിഖിതപ്രാകൃതം എന്ന്‌ മൊത്തത്തിൽ പേര്‌ പറയുമെങ്കിലും ചുരുങ്ങിയത്‌ മൂന്ന്‌ ദേശ്യഭേദങ്ങളെങ്കിലും അതിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സാഹിത്യസമ്പത്തിന്റെ കാര്യത്തിൽ പ്രാകൃതങ്ങള്‍ക്കിടയിൽ പ്രമുഖസ്ഥാനം പാലിക്കാണുള്ളത്‌ (പാലി=അതിർത്തി > ബുദ്ധമതതത്ത്വങ്ങള്‍ > ബുദ്ധമതതത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന ഭാഷ). സാമാന്യജനങ്ങളെ അവർക്കേറ്റവും പരിചിതമായ ഭാഷയിലൂടെതന്നെ വേണം സമീപിക്കാന്‍ എന്ന ബുദ്ധന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും പ്രായോഗികബുദ്ധി പാലിയുടെ വളർച്ചയ്‌ക്കു വഴിതെളിച്ചു. ബുദ്ധമതത്തിലെ ത്രിപിടകത്തിലെ ഭാഷ പാലിയാണ്‌. സ്വനവിജ്ഞാനം (phonetics) വ്യൊകരണം എന്നിവയെ സംബന്ധിച്ചിടത്തോളം ആദിമ ഇന്തോ-ആര്യന്റെ ഘടനാവിശേഷങ്ങള്‍ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന പ്രാകൃതം പാലിയാകുന്നു. പാലിയാണ്‌ ഏറ്റവും പഴയ പ്രാകൃതം എന്ന്‌ പറയാറുള്ളത്‌ ഈ അർഥത്തിൽതന്നെയാണ്‌. പ്രാചീന മാഗധിയുടെയും പ്രാചീന ശൗരസേനിയുടെയും സമ്മേളനഫലമാണ്‌ പാലിയെന്നും, ആവന്തി എന്ന പടിഞ്ഞാറന്‍ ഭാഷാഭേദത്തിന്റെ സ്വാധീനം തെളിഞ്ഞുകാണുന്ന മഹാരാഷ്‌ട്രിയുടെ ഒരു വകഭേദമാണതെന്നും പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്‌. ഉജ്ജയിനിയിൽനിന്ന്‌ അശോകന്റെ പുത്രനായ മഹീന്ദന്‍ ശ്രീലങ്കയിലേക്ക്‌ ബുദ്ധമതപ്രചാരണാർഥം കൊണ്ടുപോയ പാലിയാണ്‌ പില്‌ക്കാലത്ത്‌ ഇന്നത്തെ സിംഹളഭാഷയുടെ പ്രാചീനരൂപമായ എളു എന്ന ഭാഷാവിശേഷമായി പരിണമിച്ചത്‌. മഹാരാഷ്‌ട്രി, എളു, മറാഠി, സിംഹളം എന്നിവയ്‌ക്ക്‌ പല പ്രകാരത്തിലും പരസ്‌പര സാദൃശ്യമുണ്ടെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌.

സംസ്‌കൃത വിഭക്ത്യന്തമായ പ്രാകൃതപദങ്ങളുള്‍ക്കൊള്ളുകയും സംസ്‌കൃതവ്യാകരണനിയമങ്ങളെ പലതരത്തിലും നിഷേധിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥഭാഷാരൂപവും-ഗാഥ എന്നാണ്‌ ഇതിനുപേര്‌-ബൗദ്ധസാഹിത്യത്തിൽ വികസിക്കുകയുണ്ടായി.

മധ്യദശ

രണ്ടാം പ്രാകൃത കാലത്തിന്റെ മധ്യദശയിലെ ഭാഷാരൂപങ്ങളാണ്‌ മനോഹരമായ പദ്യസാഹിത്യത്തിനു പ്രസിദ്ധിപെറ്റ മഹാരാഷ്‌ട്രിയും, ജൈനകൃതികളിലെ വിവിധ പ്രാകൃതങ്ങളും, വ്യാകരണപരാമർശങ്ങളിൽനിന്നു മാത്രം നമുക്കറിവുള്ള പൈശാചിയും.

മഹാരാഷ്‌ട്രി

സാർവത്രിക സമ്മതിനേടിയ ഒരു പ്രാകൃതമാണ്‌ മഹാരാഷ്‌ട്രി. ആദിമ ഇന്തോ-ആര്യന്റെ ദാക്ഷിണാത്യരൂപത്തിൽനിന്നു വികാസം പ്രാപിച്ച ഈ പ്രാകൃതമാണ്‌ കാലാന്തരത്തിൽ മറാഠിയായി വളർന്നത്‌. പദമധ്യവ്യഞ്‌ജനങ്ങളുടെ ലോപവും സ്വരാക്ഷരപ്രാചുര്യവും നിമിത്തം ശ്രുതിമാധുര്യമാർന്ന ഗാനങ്ങളുടെ രചനയ്‌ക്ക്‌ ഏറ്റവും പറ്റിയതാണ്‌ മഹാരാഷ്‌ട്രി. സംസ്‌കൃത നാടകങ്ങളിലെ കവിതാരൂപത്തിലുള്ള പ്രാകൃതഭാഗങ്ങളിൽ മിക്കവയും മഹാരാഷ്‌ട്രിയിലത്ര. രാജശേഖരന്റെ കർപ്പൂരമഞ്‌ജരി മഹാരാഷ്‌ട്രിയുടെ മാധുര്യം സവിശേഷം വ്യക്തമാക്കുന്ന ഒരു കൃതിയാണ്‌. പ്രാകൃതഭാഷാഘടനയെക്കുറിച്ച്‌ പറയേണ്ടപ്പോഴൊക്കെ വൈയാകരണന്മാർ മഹാരാഷ്‌ട്രയിലെ സ്ഥിതി ആദ്യം വിവരിച്ചിട്ട്‌ അതിൽനിന്ന്‌ നിരൂപണവിഷയമായ പ്രാകൃതത്തിനുള്ള വിശേഷതകള്‍ ഏവ എന്ന്‌ പ്രസ്‌താവിക്കുകമാത്രമേ ചെയ്യാറുള്ളൂ. ഹാലന്റെ സന്തസഈ (സപ്‌തശതി), വാക്‌പതിരാജന്റെ ഗൗഡവഹോ (ഗൗഡവധം) എന്നിവയുള്‍പ്പെടെ വിപുലമായൊരു സാഹിത്യസമ്പത്ത്‌ മഹാരാഷ്‌ട്രിക്കുണ്ട്‌.

ശൗരസേനി

ഇന്തോ-ആര്യന്റെ മധ്യദേശീയശാഖയിൽ നിന്നു വികസിച്ച്‌ മഥുര കേന്ദ്രമായി പ്രചരിച്ചതും ഉത്‌കൃഷ്‌ടമെന്നു കരുതപ്പെട്ടുവന്നതുമായ ഒരു പ്രാകൃതമാണ്‌ ശൗരസേനി. സംസ്‌കൃതനാടകങ്ങളിൽ സംസ്‌കൃതം സംസാരിക്കാത്ത ഉത്‌കൃഷ്‌ട കഥാപാത്രങ്ങളുടെ സംഭാഷണം മിക്കപ്പോഴും ശൗരസേനിയിലാണ്‌; അതുപോലെ പ്രാകൃതനാടകങ്ങളിലെ ഗദ്യഭാഗങ്ങളും.

മാഗധി

സിന്ധു-ഗംഗാ സമതലത്തിന്റെ കിഴക്കുഭാഗങ്ങളിൽ പ്രചരിച്ച പ്രാകൃതമാണ്‌ മാഗധി. ഇന്തോ-ആര്യന്റെ പ്രാച്യശാഖയാണ്‌ ഇതിന്റെ പ്രഭവം. അന്യഭാഷകളുടെ സ്വാധീനവും മറ്റുകാരണങ്ങളുംകൊണ്ട്‌ ചണ്ഡാളി, ബാല്‌ഹീകി മുതലായി വിവിധ രൂപഭേദങ്ങള്‍ മാഗധിക്കുണ്ടായി. സംസ്‌കൃതനാടകങ്ങളിലെ നീചകഥാപാത്രങ്ങളുടെ ഭാഷണത്തിന്‌ മാഗധിയുടെ ഏതെങ്കിലുമൊരു വകഭേദമാണ്‌ ഉപയോഗിച്ചിരുന്നത്‌.

അർധമാഗധി

മാഗധിക്കും ശൗരസേനിക്കും ഇടയിൽ രണ്ടിന്റെയും പ്രത്യേകതകളിൽ ഏതാനും ചിലവ മാത്രം ഉള്‍ക്കൊണ്ട്‌ ഇന്തോ-ആര്യന്റെ പ്രാച്യശാഖയിൽനിന്നുതന്നെ വളർന്നുവന്ന ഒരു പ്രാകൃതമാണ്‌ അർധമാഗധി. ചില ജൈനഗ്രന്ഥങ്ങളാണ്‌ അർധമാഗധിയുടെ പ്രധാന സമ്പത്ത്‌.

പൈശാചി

ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ അതിർത്തിപ്രദേശത്തു പ്രചരിക്കുന്ന പ്രാകൃതമാണ്‌ പൈശാചി. ഗുണാഢ്യന്റെ ബൃഹത്‌കഥ പൈശാചിയിലാണ്‌ രചിച്ചിട്ടുള്ളത്‌. ഹേമചന്ദ്രന്‍ മുതലായ പ്രാകൃത വൈയാകരണന്മാരുടെ പ്രസ്‌താവങ്ങളിൽനിന്നു മാത്രമാണ്‌ ഈ കൃതിയെക്കുറിച്ചറിവുള്ളത്‌. ഇന്തോ-ആര്യന്‍, ഇറാനിയന്‍ എന്നീ രണ്ടുപവിഭാഗങ്ങള്‍ക്കിടയിൽ സ്ഥാനം നല്‌കേണ്ടുന്ന ദാർദിക്‌ (Dardic) എന്ന ഉപശാഖയിൽനിന്നും രൂപംപൂണ്ടാണ്‌ പില്‌ക്കാലത്ത്‌ കാശ്‌മീരി ഭാഷ വികാസം പ്രാപിച്ചത്‌ എന്നത്ര ഭാഷാശാസ്‌ത്രജ്ഞന്മാരുടെ പക്ഷം.

അന്ത്യദശ

രണ്ടാം പ്രാകൃതകാലത്തിന്റെ അന്ത്യദശയിൽ-മധ്യകാലീന ഇന്തോ-ആര്യന്റെ അന്ത്യഘട്ടത്തിൽ-വ്യാകരണനിയമങ്ങളുടെയും ഗ്രന്ഥഗതപ്രയോഗങ്ങളുടെയും അതിർവരമ്പുകളെ അവഗണിച്ചുകൊണ്ട്‌ സ്വച്ഛന്ദം വളർന്നുവന്ന നാടോടി വാമൊഴികള്‍ക്കാണ്‌ അപഭ്രംശങ്ങള്‍ എന്നു പറയാറുള്ളത്‌. ശൗരസേനിപോലുള്ള പ്രാകൃതങ്ങള്‍ വ്യാകരണങ്ങളുടെ ചട്ടക്കൂടിൽപ്പെട്ടതോടുകൂടി ഉടലെടുത്ത സാമാന്യ ജനങ്ങളുടെ വ്യവഹാരഭാഷകളാണ്‌ അവ. മധ്യദേശീയപ്രാകൃതങ്ങളിൽ പ്രമുഖമായ ശൗരസേനിയുടെ സ്വാധീനം ഏറിയും കുറഞ്ഞും എല്ലാ അപഭ്രംശങ്ങളിലും കാണാം. കാശ്‌മീരി, സിന്ധി, പഞ്ചാബി, ഗുജറാത്തി, മറാഠി, ഹിന്ദി, ഒറിയ, ബംഗാളി, അസമിയ മുതലായ നവീന ഇന്തോ-ആര്യന്‍ ഭാഷകളിൽ മിക്കതിന്റെയും ഉദ്‌ഭവസ്ഥാനം മേല്‌പറഞ്ഞ അപഭ്രംശങ്ങളാണ്‌.

നവീന ഇന്തോ-ആര്യന്‍

സാങ്കേതികാർഥത്തിൽ മൂന്നാംപ്രാകൃതങ്ങള്‍ എന്നു പരിഗണിക്കാവുന്ന നവീന ഇന്തോ-ആര്യന്‍ ഭാഷകളുടെ ആവിർഭാവകാലം എ.ഡി. 10-11 നൂറ്റാണ്ടുകളിലാണെന്ന്‌ കരുതാം. പ്രസ്‌തുത കാലഘട്ടത്തിൽ ഇസ്‌ലാമിന്‌ ഭാരതത്തിലുണ്ടായിരുന്ന പ്രഭാവം മുഖേന പേർഷ്യന്റെയും അറബിയുടെയും സ്വാധീനം ഏറെക്കുറെ എല്ലാ നവീന ഇന്തോ-ആര്യന്‍ ഭാഷകളിലും കടന്നു കേറിയിട്ടുണ്ട്‌.

ദാർദിക്‌

ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിന്റെ ദാർദിക്‌ശാഖയിൽനിന്ന്‌ പൈശാചീപ്രാകൃതം എന്ന മധ്യഘട്ടം പിന്നീട്‌ വികസിച്ചുവന്നു. കശ്‌മീരി ഭാഷയുടെ ഏറ്റവും പ്രാചീനമായ ലിഖിതരൂപം കാണുന്നത്‌ എ.ഡി. 13-ാം ശ.-ത്തിൽ ശിതികണ്‌ഠന്‍ രചിച്ച മഹാനായ്‌പ്രകാശ്‌ എന്ന കൃതിയിലാണ്‌. കശ്‌മീരിയിൽ കവിതയ്‌ക്കായിരുന്നു എന്നും മുന്‍തൂക്കം. ഗദ്യസാഹിത്യം പുഷ്‌ടിപ്പെട്ടുതുടങ്ങിയത്‌ ഈയിടെ മാത്രമാണ്‌.

പ്രാചഡ്‌

ആദിമ ഇന്തോ-ആര്യന്റെ ഉദീച്യശാഖയുടെ വടക്കുപടിഞ്ഞാറന്‍ ഉപശാഖയിൽനിന്നു രൂപംപൂണ്ട പ്രാചഡ്‌ എന്ന അപഭ്രംശത്തിൽനിന്നാണ്‌-ഇതിനെപ്പറ്റി വൈയാകരണ പരാമർശങ്ങളുണ്ട്‌-ഇന്തോ-ആര്യന്റെ നവീനഘട്ടത്തിൽ സിന്ധി ഉരുത്തിരിഞ്ഞുവന്നത്‌. പലപ്പോഴായുണ്ടായ വൈദേശികാക്രമണങ്ങളുടെയും വ്യാപാരസംബന്ധമായി സിന്ധിജനങ്ങള്‍ക്കു വേണ്ടിവന്ന വിദേശസമ്പർക്കത്തിന്റെയും ഫലമായി ബഹുധാ മിശ്രിതമായ ഒരു പദാവലിയാണ്‌ സിന്ധിഭാഷയ്‌ക്കുള്ളത്‌. സംസ്‌കൃതം, അറബി, പേർഷ്യന്‍, ദ്രാവിഡം എന്നിങ്ങനെ പല ശബ്‌ദങ്ങളും സിന്ധിയുടെ പദാവലിയിൽ കാണാം. അറബിലിപിയിൽനിന്നുദ്‌ഭവിച്ച ഒരു ലിപിക്കും സൂഫീ ദർശനമുള്‍ക്കൊള്ളുന്ന സാഹിത്യസൃഷ്‌ടികള്‍ക്കും സിന്ധിയിൽ നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്‌.

ഗാന്ധാരം

മേല്‌പറഞ്ഞ വടക്കുപടിഞ്ഞാറേ ഉപശാഖയിൽനിന്നുതന്നെയാണ്‌ ഖരോഷ്‌ഠി എന്ന പ്രാകൃതത്തിന്റെയും കാലാന്തരത്തിൽ പഞ്ചാബിക്കു ജന്മം നല്‌കിയ ഗാന്ധാരം എന്ന പ്രാകൃതത്തിന്റെയും ഉദ്‌ഭവം. പഞ്ചാബിയിലെ പ്രാചീനസാഹിത്യം പ്രാധാന്യേന സിക്ക്‌-മുസ്‌ലിം-ഹിന്ദുമതങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. സിക്കുകാർ ഗുരുമുഖിലിപിയും മുസ്‌ലിങ്ങള്‍ ഉറുദുലിപിയും ഹിന്ദുക്കള്‍ ദേവനാഗരിയുമാണ്‌ പഞ്ചാബിയെന്ന ഒരേ ഭാഷ എഴുതുന്നതിന്‌ ഉപയോഗിച്ചുവരുന്നത്‌. ഗുരുനാനാക്കിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും സിക്കുകാരുടെ വിശുദ്ധഗ്രന്ഥവും ഗുരുഗ്രന്ഥസാഹിബുമായ ആദിഗ്രന്ഥ്‌ (എ.ഡി. 1604) ആണ്‌ പഞ്ചാബിയിലെഴുതിയ ആദ്യത്തെ കൃതി. പടിഞ്ഞാറന്‍ ഹിന്ദിയോടുള്ള പഞ്ചാബിയുടെ ശ്രദ്ധേയമായ സാമ്യത്തിന്‌ ഉത്തമനിദർശനമാണ്‌ ആദിഗ്രന്ഥിലെ ഭാഷ.

ഉദീച്യശാഖ

ഉദീച്യശാഖയിൽനിന്നുയിർക്കൊണ്ട ഒരു ശിലാലിഖിതപ്രാകൃതമാണ്‌ ഖൊതാന്‍. എ.ഡി. 5-ാം ശ.-ത്തിലോ മറ്റോ പഞ്ചാബിൽനിന്നു പുറപ്പെട്ട്‌ ദാർദിസ്‌താന്‍വഴി ഇറാനിലേക്കും അവിടെനിന്ന്‌ അർമീനിയായിലേക്കും ഒരുവഴിക്കും, ഹംഗറി, റഷ്യ, പോളണ്ട്‌, ജർമനി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലേക്ക്‌ രണ്ടാമതൊരു മാർഗത്തിലൂടെയും പ്രചരിച്ച നാടോടികളുടെ ബഹുവിധ രൂപഭേദം കൈക്കൊണ്ട വാമൊഴിയായ ജിപ്‌സിഭാഷയുടെ ഉദ്‌ഭവവും ഉദീച്യശാഖയിൽ നിന്നുതന്നെ.

ഉദീച്യശാഖയുടെ ഹിമാലയന്‍ എന്ന ഉപശാഖയിൽനിന്നുദ്‌ഭവിച്ച ഖശ എന്ന അപഭ്രംശമാണ്‌ പില്‌ക്കാലത്ത്‌ പശ്ചിമം, മധ്യം, നേപാളി എന്നീ വകഭേദങ്ങളായി വേർതിരിഞ്ഞ്‌ പഹാഡി എന്ന നവീന ഇന്തോ-ആര്യന്‍ ഭാഷയായി വികസിച്ചത്‌. പഹാഡിയുടെ ഇപ്പറഞ്ഞ വകഭേദങ്ങളിൽ നേപാളിക്കു മാത്രമേ സ്വന്തമായ സാഹിത്യസമ്പത്ത്‌-അതെത്രതന്നെ ചെറുതാണെങ്കിലും-ഉള്ളൂ. പശ്ചിമം, മധ്യം എന്നീ വകഭേദങ്ങളെ സംബന്ധിച്ചിടത്തോളം സാഹിത്യഭാഷ പടിഞ്ഞാറന്‍ഹിന്ദിയുടെ സാഹിത്യരൂപമായ ഹിന്ദുസ്ഥാനിതന്നെയാണ്‌.

പ്രതീച്യശാഖ

ഗിർനീർ, ലാടി, സൗരാഷ്‌ട്രി മുതലായ ശിലാലിഖിതപ്രാകൃതങ്ങള്‍, ആവന്തി എന്ന ഭാഷാഭേദം, നാഗരി എന്ന അപഭ്രംശം എന്നിവയാണ്‌ ഇന്തോ-ആര്യന്റെ പ്രതീച്യശാഖയിൽനിന്നുദ്‌ഭവിച്ചത്‌. കാലാന്തരത്തിൽ രാജസ്ഥാനി, ഭീലി, ഗുജറാത്തി എന്നീ കൈവഴികളായിപ്പിരിഞ്ഞ രാജസ്ഥാനിശാഖയുടെ വികാസം നാഗരിയിൽനിന്നാകുന്നു. ശ്രീകൃഷ്‌ണനെക്കുറിച്ചുള്ള നിരവധി കീർത്തനങ്ങളും കഥകളുമാണ്‌ രാജസ്ഥാനി സാഹിത്യത്തിൽ ഏറിയപങ്കും. കത്തിയവാറിലെയും കച്ചിലെയും മറ്റും നാടന്‍പാട്ടുകള്‍ക്കും മഹാത്മാഗാന്ധിയുടെ വിശുദ്ധസാഹിത്യസൃഷ്‌ടികള്‍ക്കും പ്രസിദ്ധിപെറ്റതാണ്‌ ഗുജറാത്തി.

ദാക്ഷിണാത്യം

ഇന്തോ-ആര്യന്റെ ദാക്ഷിണാത്യശാഖയിൽനിന്ന്‌ മഹാരാഷ്‌ട്രി എന്ന പ്രാകൃതത്തിലൂടെ മറാഠിയും, മധ്യദേശീയ (ഇടനാടന്‍) ശാഖയിൽനിന്ന്‌ പാലി, എളു എന്നീ ഘട്ടങ്ങളിലൂടെ സിംഹളവും വികസിച്ചകാര്യം മുമ്പേ സൂചിപ്പിച്ചു. മുകുന്ദരാജന്റെ വിവേകസിന്ധു (എ.ഡി. 1180) തൊട്ടുള്ള ലിഖിതസാഹിത്യപാരമ്പര്യമുള്ള മറാഠിയെക്കുറിച്ചോർക്കുമ്പോള്‍ പല ഘട്ടങ്ങളിലായി അനുഭവപ്പെട്ട സംസ്‌കൃത പ്രഭാവവും, നാമദേവനും തുക്കാറാമും ഉള്‍പ്പെടെയുള്ള ഭക്തകവികളുടെ വിശിഷ്‌ടസംഭാവനകളും, ബഹുമുഖമായ വികാസത്തിനു വഴിതെളിച്ച പാശ്ചാത്യസാഹിത്യ സമ്പർക്കവുമാണ്‌ ശ്രദ്ധേയമായിട്ടുള്ളത്‌. മധ്യദേശീയ ശാഖയിൽനിന്നുതന്നെ രൂപപ്പെട്ട ശൗരസേനീ പ്രാകൃതത്തിന്റെ അപഭ്രംശമാണ്‌ നവീനഘട്ടത്തിൽ പടിഞ്ഞാറന്‍ ഹിന്ദിയായി രൂപംപ്രാപിക്കുന്നത്‌. അറബി-പേർഷ്യന്‍ഘടകത്തിന്‌ മുന്‍കൈയുള്ള ഉർദു, സംസ്‌കൃതത്തിന്റെ വേലിയറ്റത്തിനടിപെട്ട ഹിന്ദി എന്നീ രണ്ട്‌ സമാന്തരശാഖകളായാണ്‌ പശ്ചിമ ഹിന്ദിയിലെ സാഹിത്യഭാഷ വളരാനിടയായത്‌. ഹിന്ദു-മുസ്‌ലിം കലഹങ്ങള്‍ക്കു മൂർച്ചയേറ്റാന്‍ ഈ ഭാഷാവൈജാത്യത്തിലും തത്‌പരകക്ഷികള്‍ ഊന്നുകയുണ്ടായി. ഗാന്ധിജിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന ഭാഷാപരമായ ആസൂത്രണത്തിന്റെ ഫലമായി അനന്തരകാലത്ത്‌ ഹിന്ദിയും ഉർദുവും ഹിന്ദുസ്ഥാനി എന്ന പേരിൽ ഒന്നിച്ചുചേർന്നു.

ഉർദു

ഉർദുഭാഷയുടെ ഉത്‌പത്തി ഡൽഹി പരിസരങ്ങളിലായിരുന്നുവെങ്കിലും ഉർദുസാഹിത്യം ഉദ്‌ഭവിച്ചതും വളർന്നതും ദക്ഷിണേന്ത്യയിൽ ഗോൽക്കൊണ്ടയിലെയും ബിജാപ്പൂരിലെയും സുൽത്താന്മാരുടെ പ്രാത്സാഹനഫലമായാണ്‌. ദഖണ്ഡി എന്ന പേരിൽ വിവിധ സവിശേഷതകളോടുകൂടിയാണ്‌ ഡക്കാണിൽ ഉർദു പ്രചരിച്ചത്‌. പടിഞ്ഞാറന്‍ഹിന്ദിയുടെ മറ്റ്‌ വകഭേദങ്ങളിൽ പ്രധാനം കൃഷ്‌ണകഥാഖ്യാനങ്ങള്‍ക്കു പേർപെറ്റ (ഉദാ. സൂർദാസിന്റെ സുരസാഗരം) വ്രജഭാഷയും രാമകഥാസാഹിത്യത്തിന്‌ (ഉദാ. തുളസീദാസിന്റെ രാമചരിതമാനസം) കീർത്തികേട്ട അവധിയുമാകുന്നു.

മാഗധി അപഭ്രംശങ്ങള്‍

അർധമാഗധീപ്രാകൃതത്തിന്റെ അപഭ്രംശത്തിൽനിന്ന്‌ നവീനകാലഘട്ടത്തിൽ കിഴക്കന്‍ ഹിന്ദി ഉരുത്തിരിഞ്ഞുവന്നു. മാഗധി എന്ന പ്രാകൃതത്തിന്റെ അപഭ്രംശമാകട്ടെ, ബിഹാറി, ഒറിയ, ബംഗാളി, അസമിയ എന്നീ ഭാഷകള്‍ക്കു ജന്മമേകി; ബിഹാറി കാലാന്തരത്തിൽ ഭോജ്‌പുരി, മൈഥിലി എന്നീ കൈവഴികളായിപ്പിരിഞ്ഞു. വിദ്യാപതി ഠാകുറിന്റെ (15-ാം ശ.) രാധാകൃഷ്‌ണ പ്രമഗീതങ്ങളിൽനിന്നാരംഭിക്കുന്ന ശ്രദ്ധേയമായ ഒരു സാഹിത്യം മൈഥിലിയിൽ വികസിച്ചിട്ടുണ്ട്‌. 13-ാം ശ. മുതൽക്കേ പരിഗണനീയമായ ചരിത്രമുള്ള ലിഖിതസാഹിത്യത്തോടുകൂടിയ ഒറിയയും സംസ്‌കൃതപ്രഭാവത്തിന്റെ കാര്യത്തിൽ-സാഹിത്യ പ്രസ്ഥാനങ്ങളുടെ സ്വഭാവത്തിലും തദ്‌ഭവ-തത്സമങ്ങളുടെ പ്രചാരത്തിലും-മലയാളത്തോട്‌ പലവിധത്തിലും സാദൃശ്യം പുലർത്തുന്ന അസമിയയും ബംഗാളിയോട്‌ ഉറ്റബന്ധമുള്ള ഭാഷകളാണ്‌. ബംഗാളിലിപിതന്നെ അല്‌പമൊന്നു ഭേദപ്പെടുത്തി അസമിയയും ഉപയോഗിക്കുന്നു. നവീന ഇന്തോ-ആര്യന്‍ ഭാഷകളിൽ ബംഗാളിക്ക്‌ സാഹിത്യസമ്പത്തിന്റെ വൈവിധ്യം, മറ്റേതു ഭാരതീയ ഭാഷയ്‌ക്കും മുമ്പേ സംഭവിച്ച പാശ്ചാത്യ സമ്പർക്കത്തിൽനിന്നുണ്ടായ നവോത്ഥാനത്തിന്റെ സത്‌ഫലങ്ങള്‍, ബങ്കിം ചന്ദ്രചാറ്റർജി, രബീന്ദ്രനാഥ ടാഗൂർ തുടങ്ങിയ മഹാപ്രതിഭകളുടെ സംഭാവനകള്‍, സർവോപരി ആധുനിക മലയാള സാഹിത്യത്തിൽ ചെലുത്തിയ സ്വാധീനം-എന്നിവമൂലം സവിശേഷത കൈവന്നിട്ടുണ്ട്‌.

(ഡോ.വി.ആർ. പ്രബോധചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍