This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കശുവണ്ടിവ്യവസായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കശുവണ്ടിവ്യവസായം == കശുവണ്ടിയില്‍ നിന്ന് പരിപ്പും അണ്ടിത്...)
അടുത്ത വ്യത്യാസം →
11:41, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
കശുവണ്ടിവ്യവസായം
കശുവണ്ടിയില്‍ നിന്ന് പരിപ്പും അണ്ടിത്തോടില്‍ നിന്ന് എണ്ണയും (cashew nut and shell liquid) ഉത്‌പാദിപ്പിക്കുന്ന വ്യവസായം. കേരളത്തിന്‍െറ പരമ്പരാഗത വ്യവസായങ്ങളിലൊന്നാണിത്. ഇന്നിത് വന്‍കിട വ്യവസായങ്ങളിലൊന്നായി വികസിച്ചു കഴിഞ്ഞിരിക്കുന്നു. വിദേശങ്ങളില്‍, പ്രത്യേകിച്ച്, യു.എസ്സില്‍ ഏറ്റവും പ്രിയങ്കരമായ ഒരു ഭക്ഷ്യവസ്‌തുവാണ് അണ്ടിപ്പരിപ്പ്. കൂടുതല്‍ രുചികരവും കൂടുതല്‍ അളവില്‍ ഭക്ഷിക്കാവുന്നതും ആയ അണ്ടിപ്പരിപ്പാണ് പാശ്‌ചാത്യര്‍ ബദാമിനെക്കാള്‍ ഇഷ്‌ടപ്പെടുന്നത്. ഇന്ത്യയില്‍ ഈ വ്യവസായം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിനു പുറത്തുള്ള കശുവണ്ടി സംസ്‌കരണ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവ, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയും കര്‍ണാടകത്തിലെ മംഗലാപുരവുമാണ്. കശുവണ്ടി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. രണ്ടായിരം സ്‌ത്രീകള്‍ വരെ ജോലി ചെയ്യുന്ന കശുവണ്ടി ഫാക്‌ടറികള്‍ കേരളത്തിലുണ്ട്.
ചരിത്രം
1920 വരെ ഗ്രാമച്ചന്തകളില്‍ നിന്ന് കശുവണ്ടി ശേഖരിച്ച് ഉണക്കി പാക്ക് ചെയ്‌ത് ചെറുകിട ഉത്‌പാദകര്‍ക്കു വിതരണം ചെയ്യുകയും അവര്‍ അത് തങ്ങളുടെ വീടുകളില്‍ ഒരു കുടില്‍ വ്യവസായമെന്ന രീതിയില്‍ സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് നിലവിലിരുന്നത്. കുടിവറുപ്പ് എന്നാണിത് അറിയപ്പെടുന്നത്. കശുവണ്ടിയും മണലും ചേര്‍ത്തു തുറന്ന ചട്ടിയിലിട്ടു വറക്കുന്ന പഴയ സമ്പ്രദായമാണ് അന്ന് സ്വീകരിച്ചിരുന്നത്. ആധുനിക രീതിയില്‍ കശുവണ്ടി വറക്കുന്ന സമ്പ്രദായം ആവിഷ്‌കരിച്ചത് ജോസഫ് പെരേര എന്ന വ്യവസായിയാണ് (1925). പെരേരയും സത്യനാരായണമൂര്‍ത്തിയും ചേര്‍ന്ന് 1925ല്‍ കൊല്ലത്ത് ആദ്യത്തെ കശുവണ്ടി ഫാക്‌ടറി ആരംഭിച്ചു. ആവശ്യാനുസരണമുള്ള തോട്ടണ്ടിയുടെ ലഭ്യത, കുറഞ്ഞ വേതനനിലവാരം, റെയില്‍ ഗതാഗത സൗകര്യം, കൊല്ലത്തെ തുറമുഖസൗകര്യം എന്നിവയാണ് ഈ വ്യവസായം കൊല്ലത്തു കേന്ദ്രീകരിക്കപ്പെടുവാനുണ്ടായ കാരണങ്ങള്‍. ചെറിയ തോതില്‍ 1925ല്‍ ആരംഭിച്ച ഈ വ്യവസായം ഇന്ന് വ്യവസ്ഥാപിതമായിത്തീര്‍ന്നിട്ടുണ്ട്; മാത്രമല്ല, ഇന്ത്യയ്‌ക്കു വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒരു വന്‍കിട വ്യവസായമായി വളര്‍ന്നു കഴിഞ്ഞിട്ടുമുണ്ട്. അടുത്തകാലം വരെ കേരളത്തിലെ കശുവണ്ടി ഫാക്‌ടറികളെല്ലാം തന്നെ സ്വകാര്യവ്യക്തികളുടെയോ സ്വകാര്യവ്യക്തികള്‍ക്കു പങ്കാളിത്തമുള്ള പ്രവറ്റ് ലിമിറ്റഡ് കമ്പനികളുടെയോ വകയായിരുന്നു. പബ്ലിക് ലിമിറ്റഡ് കമ്പനികളുടെയും സഹകരണസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള ഫാക്‌ടറികള്‍അഞ്ച് ശ.മാ.ത്തില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് സംസ്ഥാന ഗവണ്‍മെന്റിന്‍െറ ആഭിമുഖ്യത്തിലുള്ള കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കശുവണ്ടി വ്യവസായത്തിന്‍െറ നിയന്ത്രണം ഒരു പരിധിവരെ ഏറ്റെടുത്തിട്ടുണ്ട്.
കശുവണ്ടി വ്യവസായരംഗത്തെ പ്രധാന ഉത്‌പന്നങ്ങള്‍ അണ്ടിപ്പരിപ്പും അണ്ടിത്തോടെണ്ണയുമാണ്. കശുമാങ്ങയ്‌ക്കും വ്യാവസായിക പ്രാധാന്യമുണ്ട്. അണ്ടിപ്പരിപ്പിനെ ആവരണം ചെയ്‌തിരിക്കുന്ന തൊലിയില്‍നിന്ന് ടാനിന്‍ (tannin) ഉത്‌പാദിപ്പിക്കാമെന്ന് അടുത്ത കാലത്തു കണ്ടുപിടിച്ചിട്ടുണ്ട്.
അണ്ടിപ്പരിപ്പ്
അണ്ടിപ്പരിപ്പ് സംസ്‌കരണത്തിലെ വിവിധ ഘട്ടങ്ങള്‍ തോട്ടണ്ടി ശേഖരണം (storage), തയ്യാറാക്കല്‍ (conditioning), വറക്കല്‍ (roasting), തോടുകളയല്‍ (shelling), ഉണക്കല്‍ (drying), തൊലി നീക്കല്‍ (peeling), തരംതിരിക്കല്‍ (grading), പാക്ക് ചെയ്യല്‍ (packing) എന്നിവയാണ്.
ശേഖരണം
ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയും കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന കശുവണ്ടിയും ചാക്കുകളില്‍ കെട്ടി ഗോഡൗണുകളില്‍ ശേഖരിച്ച് പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണങ്ങള്‍ക്കിരയാകാതെ സൂക്ഷിക്കുന്നു. നന്നായി ഉണങ്ങിയ കശുവണ്ടിയാണെങ്കില്‍ വിളവെടുപ്പു കഴിഞ്ഞ് ആറു മാസത്തിലധികമായാലും സാധാരണ ഗതിയില്‍ കേടുവരാറില്ല. എങ്കിലും ഗോഡൗണുകളില്‍ ശേഖരിച്ചു വയ്‌ക്കുന്ന കശുവണ്ടി ഇടയ്‌ക്കിടയ്‌ക്കു സൂര്യപ്രകാശമേല്‌പിച്ച് ഉണക്കിവയ്‌ക്കാറുണ്ട്. മഴക്കാലത്തു ലഭിക്കുന്ന കശുവണ്ടി മിക്കവാറും നിറംമങ്ങിയതായിരിക്കും; ചിലതു ചീഞ്ഞു തുടങ്ങിയവയുമായിരിക്കും; എത്ര ഉണക്കിയാലും ഇത്തരം കശുവണ്ടിയില്‍ നിന്നു നല്ലതരം പരിപ്പു ലഭിക്കുകയില്ല. കേടുവന്ന അണ്ടിയില്‍നിന്നു താഴ്‌ന്ന തരം പരിപ്പേ ലഭിക്കൂ. പരിപ്പിന്‍െറ ഗുണനിലവാരം തോട്ടണ്ടിയുടെ പാകപ്പെടുത്തലിനെ ആശ്രയിച്ചാണിരിക്കുന്നത്. തോട്ടണ്ടി പാകപ്പെടുത്തി എടുക്കുന്നതിനു വിവിധ പ്രക്രിയകളുണ്ട്.
തയ്യാറാക്കല്‍
വറക്കുന്നതിനു മുമ്പായി കശുവണ്ടി നല്ലവണ്ണം പരുവപ്പെടുത്തി എടുക്കണം. ആദ്യമായി ധാരാളം സുഷിരങ്ങള്‍ ഇട്ടിട്ടുള്ളതും (perforated) കറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു ഡ്രമ്മിലൂടെ തോട്ടണ്ടി കടത്തിവിട്ട് പുറത്തെ മാലിന്യങ്ങള്‍ തുടച്ചു നീക്കുന്നു. പിന്നീട് തണുത്ത വെള്ളം നിറച്ച ഒരു ടാങ്കിലിട്ട് വൃത്തിയായി കഴുകിയശേഷം പുറത്തെടുത്ത് തറയില്‍ വിരിച്ചിടുന്നു. ശുദ്ധീകരിച്ച തോട്ടണ്ടി, കുതിരുന്നതിനും തോടു മാര്‍ദവമുള്ളതായിത്തീരുന്നതിനും വേണ്ടി വലിയ ഇരുമ്പു ടാങ്കുകളില്‍ നിറച്ചു വെള്ളം തളിക്കുന്നു. ഈ പ്രക്രിയ 24 മുതല്‍ 72 വരെ മണിക്കൂര്‍ തുടരും. വറക്കുന്ന സമയത്ത് തോടില്‍ നിന്ന് പരമാവധി എണ്ണ ലഭിക്കുന്നതിനും ഈ വെള്ളം തളിക്കല്‍ സഹായകമാണ്. ആവശ്യത്തിന് ഈര്‍പ്പം വലിച്ചെടുത്തില്ലെങ്കില്‍ അണ്ടിത്തോടില്‍നിന്ന് ലഭിക്കുന്ന എണ്ണയുടെ അളവു കുറയുമെന്നുമാത്രമല്ല, പരിപ്പ് നുറുങ്ങിപ്പോകുന്നതിന് ഇടയാകുകയും ചെയ്യും. എന്നാല്‍ ഈര്‍പ്പം കൂടുതലായാല്‍ പരിപ്പിന്റെ നിറം കുറയുമെന്നൊരു ദൂഷ്യവുമുണ്ട്. നിറംകുറഞ്ഞ പരിപ്പിന് വില വളരെ കുറവായിരിക്കും.
വറക്കല്‍
തോട്ടണ്ടി വറക്കുന്നതിനു ഡ്രം റോസ്റ്റിങ്, ഓയില്‍ ബാത്ത് റോസ്റ്റിങ്, മൈല്‍ഡ് റോസ്റ്റിങ് എന്നിങ്ങനെ മൂന്നു രീതികള്‍ നിലവിലുണ്ട്.
ഡ്രം റോസ്റ്റിങ്
ഈ രീതിയില്‍ പാകപ്പെടുത്തല്‍ പ്രക്രിയ ആവശ്യമില്ല. ഡ്രം റോസ്റ്റിങ്ങിന് മൂന്നു മുതല്‍ അഞ്ചുവരെ മിനിറ്റ് സമയം വേണ്ടിവരും. ഡ്രം തിരിക്കുന്നതു കൈകൊണ്ടാണ്. ചുട്ടുപഴുത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഡ്രമ്മിലെ ചൂടുകൊണ്ട് അതിലിടുന്ന കശുവണ്ടിയുടെ തോട് പൊള്ളാന്‍ തുടങ്ങുന്നു. പിന്നീടു ഡ്രം ചൂടാക്കേണ്ട ആവശ്യമില്ല. തോടില്‍ നിന്ന് വരുന്ന എണ്ണയുടെ ചൂട് താപനില പിടിച്ചു നിര്‍ത്തുന്നതിനു സഹായിക്കുന്നതുകൊണ്ട് കശുവണ്ടി പൊള്ളിത്തുടങ്ങിയാല്‍ എണ്ണ പുറമേ പറ്റിപ്പിടിച്ചിരിക്കുന്നതു കൊണ്ടു വറക്കല്‍ കഴിഞ്ഞു. കശുവണ്ടി കത്തിക്കൊണ്ടിരിക്കും. വറത്ത കശുവണ്ടിയുടെ പുറത്തെ എണ്ണ വലിച്ചെടുക്കുന്നതിനുവേണ്ടി ചാരം വിതറുന്നതോടെ തീ കെടുന്നു. വ്യാവസായികപ്രാധാന്യമുള്ള കശുവണ്ടിത്തോടെണ്ണ പൂര്‍ണമായും നഷ്‌ടപ്പെടുന്നുവെന്നത് ഡ്രം റോസ്റ്റിങ്ങിന്‍െറ ന്യൂനതയാണ്. ഡ്രം റോസ്റ്റിങ് മുഖേന ഗുണനിലവാരമേറിയ അണ്ടിപ്പരിപ്പ് ലഭിക്കുന്നതുകൊണ്ടുള്ള മെച്ചം കശുവണ്ടിത്തോടെണ്ണയുടെ ഭീമമായ നഷ്‌ടം നികത്തുവാന്‍ പര്യാപ്‌തമല്ല.
ഓയില്‍ ബാത്ത് റോസ്റ്റിങ്
വറക്കല്‍ യന്ത്രത്തിലെ ദീര്‍ഘചതുരാകൃതിയിലുള്ള പാത്രം ചുടുകട്ട കൊണ്ടുണ്ടാക്കിയിട്ടുള്ള ചൂളയുടെ പുറത്താണു സ്ഥിതിചെയ്യുന്നത്. തീ കത്തിക്കുന്നതിന് ഉപയോഗിക്കുന്നത് എണ്ണ എടുത്തു കഴിഞ്ഞ അണ്ടിത്തോടാണ്.
1750C മുതല്‍ 2000C വരെ താപനിലയുള്ള കശുവണ്ടിത്തോടെണ്ണയിലൂടെ പാകപ്പെടുത്തിയ തോട്ടണ്ടി കടത്തി വിടുന്നു. ഒന്നു രണ്ടു മിനിട്ടു നേരത്തേക്കു നീണ്ടു നില്‌ക്കുന്നതാണ് ഈ പ്രക്രിയ. കശുവണ്ടിവറക്കാന്‍ വേണ്ട സമയത്തിനനുസരിച്ച് വറക്കല്‍ യന്ത്രത്തിലെ കണ്‍വേയറിന്‍െറ വേഗതയെ നിയന്ത്രിക്കുന്നു. ഈ പ്രക്രിയയ്‌ക്കിടയില്‍ കശുവണ്ടിയുടെ പുറന്തോട് പൊള്ളുകയും തോടന്റെ കോശഭിത്തികള്‍ പൊട്ടുകയും എണ്ണ പുറത്തേക്കു നിര്‍ഗമിക്കുകയും ചെയ്യും. ഏകദേശം 5060 ശ.മാ. വരെ എണ്ണ ഈ രീതിയില്‍ ലഭിക്കും. പാകത്തിനു വറുത്ത കശുവണ്ടി കുഴലിലൂടെ അപകേന്ദ്രണ യന്ത്രത്തിലേക്കു കടത്തിവിടുന്നു. അവിടെ വച്ച് വറത്ത കശുവണ്ടിയും എണ്ണയും വേര്‍തിരിയുന്നു. ചാരം വിതറി കശുവണ്ടിയുടെ എണ്ണമയം നീക്കി തോടുകളയുന്നതിനായി അയയ്‌ക്കുന്നു. അപകേന്ദ്രണയന്ത്രത്തില്‍ വച്ചു വേര്‍തിരിക്കപ്പെട്ട എണ്ണയും വറക്കല്‍ യന്ത്രത്തില്‍ നിന്നു വഴിഞ്ഞൊഴുകുന്ന എണ്ണയും പ്രത്യേകം ടാങ്കുകളില്‍ ശേഖരിക്കുന്നു.
മൈല്‍ഡ് റോസ്റ്റിങ്
കാപ്പിക്കുരു വറക്കുന്ന യന്ത്രത്തോടു സാദൃശ്യമുള്ള ഒരുതരം യന്ത്രത്തിലേക്ക് പാകപ്പെടുത്തിയ കശുവണ്ടി കടത്തിവിടുന്നു. താരതമ്യേന താഴ്‌ന്ന ഊഷ്‌മാവില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തിലൂടെയുള്ള വറക്കല്‍ സാധാരണ 2025 മിനിട്ട് സമയം നീണ്ടുനില്‌ക്കും ഈ രീതിയും കശുവണ്ടിത്തോടെണ്ണ വേര്‍തിരിക്കുന്നതിനു സഹായകമല്ല. എന്നാല്‍ ഈ വറക്കലിലൂടെ തോടിനകത്തെ അണ്ടിപ്പരിപ്പ് അയവുള്ളതായിത്തീരുകയും തന്‍നിമിത്തം കശുവണ്ടി പൊട്ടിക്കുന്നതിനും പരിപ്പു പുറത്തെടുക്കുന്നതിനും വളരെ എളുപ്പമായിത്തീരുകയും ചെയ്യുന്നു. ഈ രീതിയില്‍ വറത്തുവരുന്ന കശുവണ്ടി തണുപ്പിക്കുന്നതിനു വേണ്ടി 24 മണിക്കൂര്‍ നേരത്തേക്ക് തറയില്‍ വിരിച്ചിടേണ്ടതുണ്ട്.
തോടുകളയല്‍
കശുവണ്ടിയുടെ തോട് തല്ലി അതിലുള്ള പരിപ്പ് പൊട്ടാതെ എടുക്കുന്ന ജോലി യന്ത്ര സഹായം കൂടാതെ കൈകൊണ്ടു തന്നെയാണ് ഇന്നും നിര്‍വഹിക്കുന്നത്. വളരെ സാമര്‍ഥ്യത്തോടു കൂടി ചെയ്യേണ്ട ഈ ജോലിയില്‍ സ്‌ത്രീകളാണ് വ്യാപൃതരായിരിക്കുന്നത്. വറുത്ത കശുവണ്ടി ചാരം വിതറി തറയില്‍ കൂമ്പാരമായി കൂട്ടിയിട്ടിരിക്കും. കൈ പൊള്ളാതിരിക്കുന്നതിനുവേണ്ടി ജോലിക്കാര്‍ കൈവിരലിന്‍െറ തുമ്പത്ത് ചാരം പുരട്ടുന്നു. ഭാരം കുറഞ്ഞ കൊട്ടുവടികൊണ്ട് ശ്രദ്ധാപൂര്‍വം അടിച്ചാണ് തോട് നീക്കംചെയ്യുന്നത്. അല്ലെങ്കില്‍ ഉള്ളിലെ പരിപ്പിനു കേടുപറ്റാനിടയാകും. വൈദഗ്‌ധ്യമുള്ള ജോലിക്കാര്‍ക്ക് 90 ശ.മാ. വരെ മുഴുവന്‍ പരിപ്പു ലഭിക്കാറുണ്ട്. എട്ടു മണിക്കൂര്‍ സമയം കൊണ്ട് ഒരാള്‍ക്ക് 7 മുതല്‍ 12 വരെ കി.ഗ്രാം അണ്ടിപ്പരിപ്പ് എടുക്കാന്‍ കഴിയും.
ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയില്‍ 5 ശതമാനത്തോളം സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്ത് തല്ലിപ്പൊട്ടിച്ചാണ് പരിപ്പെടുക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തെക്കേ ആര്‍ക്കാട് ജില്ലകളിലാണ് ഇപ്രകാരം ചെയ്യുന്നത്. കശുവണ്ടിയുടെ തോടു കളയുന്നതിനു മുംബൈയിലെ ഒരു കമ്പനി നിര്‍മിച്ച ഒരു യന്ത്രം മംഗലാപുരത്തെ ഒരു കശുവണ്ടി ഫാക്‌ടറിയില്‍ പരീക്ഷിച്ചുനോക്കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം യന്ത്രവത്‌കരണത്തിന് പ്രചാരം സിദ്ധിച്ചില്ല.
ഉണക്കല്‍
പരിപ്പിനെ ആവരണം ചെയ്‌തിരിക്കുന്ന തവിട്ടുനിറത്തിലുള്ള തൊലി എളുപ്പം നീക്കം ചെയ്യുന്നതിനുവേണ്ടി തോട് പൊളിച്ചെടുക്കുന്ന പരിപ്പ് നല്ലവണ്ണം ഉണക്കുന്നു. ഉണങ്ങുമ്പോള്‍ പരിപ്പ് ചെറുതാകുകയും തൊലി എളുപ്പം ഇളകുകയും ചെയ്യും. ഓരോ ട്രയിലും 20 കി. ഗ്രാം പരിപ്പു വീതം നിരത്തി ബോര്‍മയില്‍ വച്ച് 800ºC മുതല്‍ 900ºC വരെ ചൂടില്‍ മൂന്നു മുതല്‍ ഏഴ് വരെ മണിക്കൂര്‍ ചൂടാക്കുന്നു. എല്ലാ ട്രകളിലും ഒരേ മാതിരി ചൂട് ലഭിക്കുന്നതിനുവേണ്ടി ട്രകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി വയ്‌ക്കുന്നു. പരിപ്പ് പാകത്തിനു ചൂടായിക്കഴിയുമ്പോള്‍ പുറത്തെടുത്ത് കൂമ്പാരം കൂട്ടിയിട്ട് 24 മുതല്‍ 48 വരെ മണിക്കൂര്‍ സമയം ചാക്കു കൊണ്ട് മൂടിയിടുന്നു. പിന്നീട് തൊലി നീക്കുന്നതിനായി അയയ്‌ക്കുന്നു.
തൊലിനീക്കല്‍
പരിപ്പിന്‍െറ തൊലി നീക്കുന്നതും കൈകൊണ്ടു തന്നെയാണ്. ഉണങ്ങി ചെറുതായതുകൊണ്ട് പരിപ്പിന്‍െറ പുറത്തുള്ള തൊലി വളരെ എളുപ്പത്തില്‍ പൊളിഞ്ഞുപോകും. ചെറിയ ഒരു ശ.മാ. പരിപ്പിന്‍െറ തൊലി കൈകൊണ്ട് നീക്കാന്‍ സാധിക്കാതെ വരാറുണ്ട്. ഇത് ഒരു പിച്ചാത്തിമുനകൊണ്ട് നീക്കുകയാണ് ചെയ്യുക. തൊലി നീക്കം ചെയ്‌തതിനുശേഷവും അവശിഷ്‌ടങ്ങള്‍ വല്ലതും പറ്റിപ്പിടിച്ചിരിപ്പുണ്ടോ എന്നു സൂക്ഷ്‌മപരിശോധന നടത്താറുണ്ട്.
തരംതിരിക്കല്‍
തൊലി നീക്കിയ പരിപ്പ് വിവിധ ഗ്രഡുകളായി തരംതിരിക്കുന്നത് വിപണനവുമായി ബന്ധപ്പെട്ട വിദഗ്‌ധന്മാരുടെ മേല്‍നോട്ടത്തിലാണ്. ഉത്‌പന്നത്തിന്‍െറ കമ്പോളമൂല്യം നിശ്‌ചയിക്കുന്നതും ഈ ഘട്ടത്തിലാണ്.
ആദ്യമായി, മുഴുവന്‍പരിപ്പുകളും പൊട്ടിയവയും വേര്‍തിരിക്കുന്നു. പിന്നീട് മുഴുവന്‍പരിപ്പുകള്‍ വലുപ്പം അനുസരിച്ച് തരംതിരിക്കുന്നു. അതുപോലെ തന്നെ നുറുങ്ങിയ പരിപ്പുകളും വേര്‍തിരിക്കുന്നു. ഒരു കി. ഗ്രാമിന് എത്ര പരിപ്പ് എന്നതിനെ ആശ്രയിച്ചാണ് തരംതിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഗ്രഡിന് ഒരു കി. ഗ്രാമില്‍ 375 മുതല്‍ 395 വരെ പരിപ്പു കാണും; ഏറ്റവും കുറഞ്ഞ ഗ്രഡിന് ഒരു കി.ഗ്രാമില്‍ 990 മുതല്‍ 1,100 വരെയും. w180, w 210, w 500 എന്നിങ്ങനെ പരിപ്പിന് വിവിധ ഗ്രഡുകളുണ്ട്. ഒരു കി.ഗ്രാമിന് എത്ര പരിപ്പു കാണുമെന്നതിന്‍െറ അടിസ്ഥാനത്തില്‍ ഉടഞ്ഞ (broken)പരിപ്പുകളും തരംതിരിക്കുന്നു. വിദേശങ്ങളിലേക്കു കയറ്റി അയയ്‌ക്കാന്‍ മുന്തിയതരം പരിപ്പുകളാണ് തിരഞ്ഞെടുക്കുക. താഴ്‌ന്നതരം പരിപ്പുകളാണ് ഇന്ത്യന്‍ വിപണികളിലെത്തുന്നത്.
പായ്‌ക്ക് ചെയ്യല്‍
പായ്‌ക്ക് ചെയ്യലാണ് അണ്ടിപ്പരിപ്പു സംസ്‌കരണത്തിലെ അവസാന ഘട്ടം. പരിപ്പ് പായ്‌ക്ക് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി കേടുവരാത്ത രീതിയില്‍ പരിപ്പ് പാകപ്പെടുത്തണം. താപനില ഒരേ രീതിയിലായിരിക്കണം. വായു നീക്കം ചെയ്‌ത 25 പൗണ്ട് ടിന്നുകളില്‍ പരിപ്പു നിറച്ചതിനുശേഷം ടിന്നുകളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കടത്തിവിടുന്നു. പെട്ടെന്നുതന്നെ ടിന്നുകള്‍ ഭദ്രമായി അടച്ചുമുദ്രവയ്‌ക്കുന്നു. പിന്നീട് ഈരണ്ടു ടിന്നുകള്‍ വീതം ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിറച്ച് വില്‌പനയ്‌ക്ക് അയയ്‌ക്കുന്നു.
തോട്ടണ്ടി ഇറക്കുമതി
ഇന്ത്യയില്‍ പ്രതിവര്‍ഷം 0.57 ദശലക്ഷം ടണ്‍ തോട്ടണ്ടി ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്. താന്‍സാനിയ, കെനിയ, മഡഗാസ്‌കര്‍, മൊസാംബിക്, ഐവറി കോസ്റ്റ്, ബനീന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു. 1970-71ല്‍ ഇന്ത്യ 30 കോടി രൂപ ചെലവഴിച്ച് 1.7 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്‌തിരുന്നു; 1979-80ല്‍ തോട്ടണ്ടി ഇറക്കുമതി ഏഴിലൊന്നായി (25,000 മെട്രിക് ടണ്‍)കുറഞ്ഞുവെങ്കിലും അഭൂതപൂര്‍വമായ വിലവര്‍ധനവിന്‍െറ ഫലമായി ഇതിനു 12 കോടി രൂപ നീക്കിവയ്‌ക്കേണ്ടിവന്നു.
1980 ഏ. മുതല്‍ ഡി. വരെയുള്ള കാലഘട്ടത്തില്‍ താന്‍സാനിയയില്‍ നിന്ന് 14,060 മെ. ടണ്ണും കെനിയയില്‍ നിന്ന് 6,032 മെ.ടണ്ണും മഡഗാസ്‌കറില്‍ നിന്ന് 590 മെ.ടണ്ണും തോട്ടണ്ടി ഇറക്കുമതി ചെയ്‌തു.
കയറ്റുമതി
പ്രതിവര്‍ഷം 2456.6 കോടി രൂപ വിദേശനാണ്യം നേടിത്തരുന്നതു(2007)കൊണ്ട് കശുവണ്ടി ഉത്‌പന്നങ്ങളുടെ കയറ്റുമതിയില്‍ ഗവണ്‍മെന്റ് അതീവ ശ്രദ്ധ ചെലുത്തുന്നു. ഇവിടെ നിന്നു കയറ്റി അയയ്‌ക്കുന്ന അണ്ടിപ്പരിപ്പിന്‍െറ പ്രധാന ഉപഭോക്‌താക്കള്‍ യു.എസ്, നെതര്‍ലന്‍ഡ്‌സ്, യു.കെ., ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. 2006-07 കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷികോത്‌പന്ന കയറ്റുമതിയുടെ 0.44 ശ.മാ. കശുവണ്ടിപ്പരിപ്പായിരുന്നു. കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ഷികോത്‌പന്നങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്.
കശുവണ്ടിത്തോടെണ്ണ
കശുവണ്ടിയുടെ പുറന്തോടില്‍ അടങ്ങിയിരിക്കുന്ന ഇരുണ്ട തവിട്ടുനിറമുള്ള എണ്ണ വ്യാവസായിക പ്രാധാന്യമുള്ള ഒരു ഉപോത്‌പന്നമാണ്. ഓയില്‍ ബാത്ത് പ്രക്രിയയിലൂടെയും എണ്ണയൂറ്റ് യന്ത്രമുപയോഗിച്ചും എണ്ണ എടുക്കാറുണ്ട്. ഒരിരുമ്പു ടാങ്കില്‍ നിറച്ച് പുഴുങ്ങി മാര്‍ദവമുള്ളതാക്കിത്തീര്‍ത്ത പുറന്തോട്, എണ്ണയൂറ്റ് യന്ത്രത്തിലൂടെ കടത്തി വിട്ട് പ്രത്യേക വീപ്പകളില്‍ എണ്ണ ശേഖരിക്കുന്നു. തോടിന്റെ അവശിഷ്ടം ഇന്ധനമായുപയോഗിക്കാം. 90 ശ.മാ. അനകാര്‍ഡിക് അമ്ലവും (Anacardic acid) 10 ശ.മാ. കാര്‍ഡോള്‍ (Cardol) ആണ് കശുവണ്ടിത്തോടെണ്ണയില്‍ അടങ്ങിയിരിക്കുന്നത്. ഇതിന് താഴെപ്പറയുന്ന ഭൗതികരാസഗുണങ്ങള്‍ ഉണ്ട്.
ആപേക്ഷിക ഘനത്വം 300C/300C = 0.95 0.97 ശ്യാനത (300ഇല്‍) = 550 ജലാംശം (നിശ്ചിത തൂക്കത്തില്‍) = 1.0 ശ.മാ. ബാഷ്‌പശീല ഘടകങ്ങള്‍ (നിശ്ചിത തൂക്കത്തില്‍) = 1.0 ശ.മാ. അയഡിന്‍ മൂല്യം (Iodine value) = 250 ചാരത്തിന്റെ അംശം = 1.0 ശ.മാ.
ഉപയോഗം
പശ, വാര്‍ണീഷ്, ഇലക്‌ട്രിക്കല്‍ വൈന്‍ഡിങ്, ലാമിനേറ്റിങ് റെസീന്‍, മോട്ടോര്‍ വാഹനങ്ങളുടെ ബ്രക്ക് ലൈനിങ്, റബ്ബര്‍ കോമ്പൗണ്ടിങ് റെസീന്‍, ടൈപ്പ്‌റൈറ്റര്‍ റോള്‍, മഷി, വിവിധതരം പെയിന്റുകള്‍, വാട്ടര്‍പ്രൂഫ് കടലാസ് തുടങ്ങിയവയുടെ നിര്‍മാണത്തിന് കശുവണ്ടിത്തോടെണ്ണ ഉപയോഗിക്കുന്നു. വള്ളം, മീന്‍വല, മരക്കുറ്റി എന്നിവ കേടുവരാതിരിക്കാന്‍ ഈ എണ്ണ തേക്കാറുണ്ട്. മണ്ണെണ്ണയിലോ, ഹൈസ്‌പീഡ് ഡീസല്‍ എണ്ണയിലോ 5 ശ.മാ. എണ്ണചേര്‍ത്തു തളിച്ച് കൊതുകുകളെ നശിപ്പിക്കാം. പാദങ്ങളിലുണ്ടാകുന്ന വിള്ളല്‍, പഴുപ്പ്, വളംകടി തുടങ്ങിയവയുടെ ശമനത്തിനും കശുവണ്ടിത്തോടെണ്ണ പുരട്ടാറുണ്ട്.
കശുവണ്ടിത്തോടെണ്ണയുടെ സാര്‍വത്രികമായ പ്രാധാന്യം കണക്കിലെടുത്ത് കാഷ്യുനട്ട് ഷെല്‍ ലിക്വിഡ് പേറ്റന്റ്‌സ് ബുക്ക് എന്ന പേരില്‍ രണ്ടു വാല്യങ്ങളിലായി ഒരു പുസ്‌തകം തന്നെ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രാമോഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എണ്ണയുടെ നിര്‍മാണരീതി, ഉപയോഗങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
കയറ്റുമതി
കശുവണ്ടിത്തോടെണ്ണയുടെ കയറ്റുമതിയിലൂടെ 10 കോടി രൂപയുടെ വിദേശനാണ്യം പ്രതിവര്‍ഷം നമുക്കു ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ജപ്പാന്‍, യു.എസ്., യു.കെ. എന്നീ രാജ്യങ്ങളിലേക്കാണ്. കൊറിയ, റൂമാനിയ, ജര്‍മനി, നെതര്‍ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇറ്റലി എന്നിവയാണ് എണ്ണ വാങ്ങുന്ന മറ്റു രാജ്യങ്ങള്‍. 1970-71ല്‍ 6,926 മെ.ടണ്‍ എണ്ണ കയറ്റുമതി ചെയ്‌തു. 1979-80ല്‍ ഇത് 12,928 മെ. ടണ്‍ ആയി ഉയര്‍ന്നു. 1980-81ല്‍ 7517 മെ. ടണ്‍ കശുവണ്ടിത്തോടെണ്ണ കയറ്റുമതി ചെയ്‌തതായി കണക്കാക്കിയിട്ടുണ്ട്.
ടാനിന്‍
കശുവണ്ടി വ്യവസായരംഗത്തെ മറ്റൊരു ഉപോത്‌പന്നമാണ് പരിപ്പിനെ ആവരണം ചെയ്‌തിരിക്കുന്ന തവിട്ടു നിറത്തിലുള്ള തൊലിയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍. തോല്‍ ഊറയ്‌ക്കിടുന്നതിനും മറ്റും ഇതുപയോഗിക്കുന്നു. നോ: കശുമാവ്; ടാനിന്‍