This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാരന്ത്, കോട്ട ശിവരാമ (1902-97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കാരന്ത്, കോട്ട ശിവരാമ (1902-97) == കന്നഡ സാഹിത്യകാരന്‍. ജ്ഞാനപീഠം ...)
അടുത്ത വ്യത്യാസം →
04:54, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാരന്ത്, കോട്ട ശിവരാമ (1902-97)
കന്നഡ സാഹിത്യകാരന്‍. ജ്ഞാനപീഠം അവാര്‍ഡ് നേടിയ ഇദ്ദേഹം കര്‍ണാടകത്തില്‍ ഉഡുപ്പിക്കടുത്ത് കോട്ട എന്ന സ്ഥലത്ത് 1902 ഒ. 10നു ജനിച്ചു. കോളജ് വിദ്യാഭ്യാസകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ടതു നിമിത്തം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രാഷ്‌ട്രീയത്തോടൊപ്പം കലാപരമായ കാര്യങ്ങളിലും കാരന്ത് ശ്രദ്ധിച്ചിരുന്നു. ഒരു നാടകസംഘവുമായി ബന്ധപ്പെടുവാന്‍ സാധിച്ച ഇദ്ദേഹത്തിന് പത്തിലധികം നാടകങ്ങളെഴുതുവാന്‍ അവസരം ലഭിച്ചു. ഇദ്ദേഹം രചിച്ച "ഗര്‍ഭഗുധി' (ശ്രീകോവില്‍) എന്ന നാടകം ഇന്നും പ്രചാരത്തിലുണ്ട്. കോട്ടയില്‍നിന്ന് പുത്തൂരി(ദ. കാനറ) ലേക്കു താമസംമാറ്റിയ ഇദ്ദേഹം അവിടത്തെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗാന്ധിജിയുടെ വിദ്യാഭ്യാസചിന്തകളില്‍ ആകൃഷ്‌ടനായ കാരന്ത് ഒരു പരീക്ഷണസ്‌കൂള്‍ ആരംഭിക്കുകയും സ്‌കൂളിനോടനുബന്ധിച്ച് കുട്ടികള്‍ക്കുവേണ്ടി ഒരു കാഴ്‌ചബംഗ്ലാവും ഒരു കളിട്രയിഌം നിര്‍മിക്കുകയും ചെയ്‌തു.
യക്ഷഗാനമെന്ന നാടന്‍കലയുടെ പുനരുദ്ധാരകഌം പ്രചാരകനുമെന്ന നിലയിലും കര്‍ണാടകക്കാര്‍ കാരന്തിനെ ആദരിച്ചുവരുന്നു. യക്ഷഗാനത്തെക്കുറിച്ച് ഇദ്ദേഹം രചിച്ച ബൃഹത്തായ ഗ്രന്ഥത്തിന് സ്വീഡിഷ് അക്കാദമി സമ്മാനം നല്‌കി ആദരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി ഇദ്ദേഹം ബാലപ്രപഞ്ച എന്ന ബാലവിജ്ഞാനകോശവും (1935-38) വിജ്ഞാനപ്രപഞ്ച എന്ന ശാസ്‌ത്രവിജ്ഞാനകോശവും (1956-58) പ്രസിദ്ധീകരിച്ചു. 1958ല്‍ സാഹിത്യഅക്കാദമി അവാര്‍ഡും 1968ല്‍ പദ്‌മഭൂഷണ്‍ ബഹുമതിയും ലഭിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കാരന്ത് പദ്‌മഭൂഷണ്‍ ബഹുമതി മടക്കിക്കൊടുത്തു. ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ് കാരന്ത്.
കാരന്തിന്റെ പ്രശസ്‌തിക്കു നിദാനം ഇദ്ദേഹത്തിന്റെ നോവലുകളാണ്. സാമൂഹികജീവിതത്തിന്റെ സ്‌പന്ദനങ്ങളായ അമ്പതോളം നോവലുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ചോമനദുഡി (ചോമന്റെ തുടി) യാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ പ്രശസ്‌തമായ നോവല്‍. മൂകജ്ജിയ കനസുഗളു (മൂകമുത്തശ്ശിയുടെ സ്വപ്‌നങ്ങള്‍) എന്ന നോവലിനാണ് 1977ല്‍ ജ്ഞാനപീഠം ലഭിച്ചത്. മരളി മണ്ണിഗേ (മണ്ണിലേക്കു മടങ്ങുക), അളിദ മേലെ (മരണത്തിനു ശേഷം), കൂഡിയ രകൂസു (കുടിയന്മാരുടെ കുട്ടി), സ്വപ്‌ന ദഹൊളെ (സ്വപ്‌നത്തിന്റെ പുഴ), അദേ ഊരു അദേ മര (അതേ നാട് അതേ മരം), കണ്ണഡിയല്ലി കണ്ടാത്ത (കണ്ണാടിയില്‍ കണ്ടവന്‍), മൈമന ഗളസുളിയല്ലി (ശരീരമനസ്സുകളുടെ ചുഴിയില്‍), സരസമ്മന സമാധി (സരസമ്മയുടെ മരണം), ഒംടി ദനി (ഏകനായ ധനികന്‍), അപൂര്‍വ പശ്ചിമ (അപൂര്‍വ പശ്ചിമം), കരുളിന കരെ (വയറിന്റെ വിളി), ഔദാര്യദ ഉരുളല്ലി (ഔദാര്യത്തിന്റെ കുരുക്കില്‍) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റു നോവലുകളാണ്. സ്‌മൃതിപടല ദിംദ (സ്‌മൃതിപടലങ്ങളില്‍ നിന്ന്) എന്ന പേരില്‍ രണ്ടുഭാഗങ്ങളായി ആത്മകഥയും എഴുതിയിട്ടുണ്ട്. 1997ല്‍ ഇദ്ദേഹം അന്തരിച്ചു.
കാരന്തിന്റെ ചോമനദുഡി എന്ന നോവല്‍ ചലച്ചിത്രമാക്കുകയുണ്ടായി. ഒരു തുണ്ട് ഭൂമി സ്വന്തമാക്കണമെന്ന ഒരു ഹരിജന്റെ സഫലമാകാത്ത ആഗ്രഹം പ്രമേയമായുള്ള ഈ നോവലിന് കന്നഡ സാഹിത്യത്തില്‍ സാമൂഹ്യപ്രശ്‌നം കൈകാര്യം ചെയ്‌ത ആദ്യത്തെ നോവല്‍ എന്ന പ്രശസ്‌തിയും ഉണ്ട്. മരളി മണ്ണിഗേ മൂന്നു തലമുറകളുടെ കഥയാകുന്നു. പേള്‍ എസ്. ബക്കിന്റെ നല്ല ഭൂമി (Good Earth) എന്ന നോവലാണ് ഇതിനു പ്രചോദനം നല്‌കിയത്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയിലുണ്ടാകുന്ന മാറ്റമാണ് ഇതിലെ ഇതിവൃത്തം. ഒരു മുത്തശ്ശിയുടെ അസാധാരണമായ കഴിവാണ് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച മൂകജ്ജിയ കനസുഗളു എന്ന നോവലിലെ പ്രമേയം. നോ. കന്നഡ സാഹിത്യം.
(ഡോ. എം.എ. കരിം)