This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഷിറാം (1934-2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കാന്‍ഷിറാം (1934 2006) == == Kanshiram == ബഹുജന്‍സമാജ്‌ പാര്‍ട്ടിയുടെ സ്ഥാപക...)
അടുത്ത വ്യത്യാസം →

09:57, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാന്‍ഷിറാം (1934 2006)

Kanshiram

ബഹുജന്‍സമാജ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാവ്‌. ദലിത്‌ രാഷ്‌ട്രീയത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന്‌, അവഗണിക്കാനാവാത്ത ശക്തിയാക്കി മാറ്റിയ ആധുനിക നേതാക്കളില്‍ മുഖ്യനായിരുന്നു കാന്‍ഷിറാം. 1934 മാ. 15ന്‌ പഞ്ചാബിലെ രാംദാസിയ സമുദായത്തില്‍ ഹരിസിങ്‌ബിഷന്‍കൗര്‍ ദമ്പതികളുടെ മൂത്തമകനായി ജനിച്ചു. ബാല്യത്തില്‍ ശാസ്‌ത്രവിഷയങ്ങളോടായിരുന്നു കാന്‍ഷിറാമിന്‌ ഏറെ താത്‌പര്യം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം റോപാര്‍ ഗവണ്‍മെന്റ്‌ കോളജില്‍ നിന്നു ശാസ്‌ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ കാന്‍ഷിറാം കിര്‍കീയിലെ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ സയന്റിഫിക്‌ അസിസ്റ്റന്റായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

ബാല്യത്തിലും വിദ്യാഭ്യാസകാലയളവിലും പൊതുവേ ജാതി വിവേചനത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ കാന്‍ഷിറാമിന്‌ നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചതോടെ ചുറ്റുപാടുകള്‍ മാറിമറിഞ്ഞു. ബുദ്ധജയന്തിക്കും അംബേദ്‌കര്‍ ജയന്തിക്കും അനുവദിക്കപ്പെട്ടിരുന്ന അവധികള്‍ 1965ല്‍ റദ്ദാക്കിയതിനെതിരെ കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ജ്വലിച്ചുയര്‍ന്നു. പ്രതിഷേധങ്ങള്‍ക്കും കോടതി വിധിക്കുമൊടുവില്‍ റദ്ദാക്കപ്പെട്ട അവധികള്‍ പുനഃസ്ഥാപിക്കുന്നതില്‍ കാന്‍ഷിറാം വിജയിച്ചു. കാന്‍ഷിറാമിനെ ഏറെ സ്വാധീനിച്ച ഡോ. അംബേദ്‌കറുടെ അനിഹിലേഷന്‍ ഒഫ്‌ കാസ്റ്റ്‌ എന്ന കൃതി ജാതി നശീകരണത്തിന്റെ അനിവാര്യത ഇദ്ദേഹത്തെ ബോധ്യപ്പെടുത്തി. 1964ല്‍ ജോലി രാജിവച്ച്‌ മുഴുവന്‍ സമയം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കാന്‍ഷിറാം ഏര്‍പ്പെടുകയും ജാതി വ്യവസ്ഥയ്‌ക്കെതിരെ പോരാടിയ മഹാത്മാ ജ്യോതിറാവു ഫൂലെ, ഷാഹുജി മഹാരാജ്‌, തന്തൈ പെരിയാര്‍ തുടങ്ങിയ സാമൂഹിക വിപ്ലവകാരികളുടെ ചിന്താസരണികളുമായി സമരസപ്പെടുകയും ചെയ്‌തു. താന്‍ വിവാഹം കഴിക്കില്ലെന്നും ഒരിക്കലും വീട്ടിലേക്കു മടങ്ങിപ്പോകില്ലെന്നും ജീവിതം സമൂഹത്തിനായി സമര്‍പ്പിക്കുന്നുവെന്നുമുള്ള കാന്‍ഷിറാമിന്റെ പ്രതിജ്ഞ അദ്ദേഹം മരണംവരെ പാലിക്കുകയും ചെയ്‌തു.

ഡോ. അംബേദ്‌കറുടെ അനുയായികള്‍ 1957ല്‍ സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായാണ്‌ കാന്‍ഷിറാം പൊതുരംഗത്ത്‌ പ്രവേശിക്കുന്നത്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച കാന്‍ഷിറാം ദലിത്‌ ജീവിതാവസ്ഥ നേരിട്ട്‌ മനസ്സിലാക്കുന്നതിനുവേണ്ടി പൂണെ, ബോംബെ, നാസിക്‌, നാഗ്‌പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യത്യസ്‌ത തൊഴില്‍ മേഖലകളിലെ ഉദ്യോഗസ്ഥരുമായി ആശയസംവാദത്തിലേര്‍പ്പെട്ടു. 1978 ഡിസംബറില്‍ ബാക്ക്‌വേഡ്‌ ആന്‍ഡ്‌ മൈനോറിറ്റി കമ്യൂണിറ്റീസ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ (ബാംസെഫ്‌) എന്ന സംഘടനയ്‌ക്ക്‌ ഇദ്ദേഹം രൂപംനല്‌കി. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നു വിദ്യാഭ്യാസവും ഉദ്യോഗവും കരസ്ഥമാക്കിയവര്‍ സ്വന്തം സമുദായത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‌കേണ്ടത്‌ അവരുടെ ഉത്തരവാദിത്വമാണെന്ന ഡോ. അംബേദ്‌കറുടെ വീക്ഷണമായിരുന്നു, ബാംസെഫിലൂടെ കാന്‍ഷിറാം ലക്ഷ്യമാക്കിയത്‌. കാന്‍ഷിറാം "ബഹുജന്‍സ്‌' എന്നു നിര്‍വചിക്കാന്‍ ശ്രമിച്ച പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരെയായിരുന്നു പ്രധാനമായും ബാംസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചിരുന്നത്‌. ഇതര ദലിത്‌ സംഘടനകളെപ്പോലെ സംവരണാവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങുന്നതിനു പകരം ഭൂരിപക്ഷം വരുന്ന ദലിത്‌ബഹുജന്‍ സമൂഹത്തിന്‌ എങ്ങനെ അധികാരത്തില്‍ എത്തിച്ചേരാം എന്നാണ്‌ ബാംസെഫിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാന്‍ഷിറാം അന്വേഷിച്ചത്‌. ഒരു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ബാംസെഫിനെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയേതര ബഹുജന മുന്നേറ്റമായി വികസിപ്പിക്കാഌം ദലിത്‌ബഹുജന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ അധികാര രാഷ്‌ട്രീയത്തെപ്പറ്റി ശക്തമായൊരു അവബോധം സൃഷ്‌ടിക്കാഌം കാന്‍ഷിറാമിനു സാധിച്ചു.

ദലിത്‌ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളെയും ആക്രമണങ്ങളെയും വിളിച്ചറിയിച്ചുകൊണ്ടും അംബേദ്‌കറുടെ ചിന്തകള്‍ പ്രചരിപ്പിച്ചുകൊണ്ടും 1980ല്‍ "അംബേദ്‌കര്‍ മേള' എന്ന ഒരു "റോഡ്‌ ഷോ' സംഘടിപ്പിച്ചു. പൂനാ കരാറിലൂടെ "രാഷ്‌ട്രീയ ചട്ടുകങ്ങളെ' മാത്രമാണ്‌ ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞതെന്ന്‌ നിരീക്ഷിച്ച കാന്‍ഷിറാം പൂനാകരാറിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കപ്പെട്ട 1982ല്‍ "ദി ചംചാ ഏജ്‌' (ചട്ടുകയുഗം) എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു.

1981 ഡിസംബറില്‍ ദലിത്‌ ഷോഷിത്‌ സമാജ്‌ സംഘര്‍ഷ്‌ സമിതി (Dalit soshit samaj sangharsh samiti-DS4) എന്ന മറ്റൊരു സംഘടനയ്‌ക്ക്‌ രൂപം നല്‌കി. ബാംസെഫിന്റെ രൂപീകരണ ലക്ഷ്യം അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹിക ബോധനമായിരുന്നെങ്കില്‍ ഡിഎസ്‌4ന്റെ ദൗത്യം മര്‍ദിതരുടെ വിമോചനത്തിനു വേണ്ടിയുള്ള തുറന്ന പോരാട്ടത്തിന്റെ സംഘാടനമായിരുന്നു. വിദ്യാര്‍ഥികളെയും യുവതീയുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ഡിഎസ്‌4 അതിന്റെ പ്രവര്‍ത്തനമണ്ഡലം വികസിപ്പിച്ചിരുന്നത്‌. 1981 മുതല്‍ 83 വരെ വടക്കേ ഇന്ത്യയില്‍ അതിശക്തമായ പ്രവര്‍ത്തനം ഡി എസ്‌4 കാഴ്‌ചവച്ചു. തുടര്‍ന്ന്‌ ജമ്മുകാശ്‌മീര്‍, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഡി.എസ്‌. 4 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഒരു സീറ്റില്‍പ്പോലും ജയിക്കാനായില്ലെങ്കിലും ഡി.എസ്‌ 4നു ലഭിച്ച ജനപിന്തുണയാണ്‌ 1984 ഏ. 14ന്‌ ബഹുജന്‍ സമാജ്‌ പാര്‍ട്ടി (BSP) രൂപം നല്‌കാന്‍ കാന്‍ഷിറാമിന്‌ പ്രചോദനമേകിയത്‌. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളെ സമഗ്രമായ പൊളിച്ചെഴുത്തിനു വിധേയമാക്കി രാഷ്ട്രീയ ജനാധിപത്യക്രമത്തെ സാമൂഹിക ജനാധിപത്യമായി വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു രൂപീകരിക്കപ്പെടുമ്പോള്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടിയുടെ ലക്ഷ്യം.

1987ലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ അലഹബാദില്‍ വി.പി.സിങ്ങിനെതിരെ മത്സരിച്ച്‌ പരാജയപ്പെട്ടു. 1991ലും 96ലും ഉത്തര്‍പ്രദേശിലെ ഹോഷിയാര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഉത്തര്‍പ്രദേശായിരുന്നു കാന്‍ഷിറാമിന്റെ പ്രധാനപ്രവര്‍ത്തന കേന്ദ്രം. സൈക്കിളിലും കാല്‍നടയായും ഇദ്ദേഹം ഇന്ത്യയുടെ എല്ലാ മേഖലകളിലും സഞ്ചരിച്ച്‌ തന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിലാണ്‌ സംഘടനാശേഷിയും വാക്‌ചാതുര്യവുമുള്ള മായാവതിയെ ബി.എസ്‌.പി.യുടെ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌. 1993 ഏപ്രിലില്‍ ജാതി നശീകരണം കേന്ദ്രപ്രമേയമാക്കി ഉയര്‍ത്തിയ "ജാതി നശിപ്പിക്കൂ സമൂഹം ഒന്നിക്കൂ' എന്ന മുദ്രാവാക്യം കാന്‍ഷിറാമിനെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയനാക്കി. പ്രസംഗകന്‍, നയതന്ത്രജ്ഞനായ രാഷ്‌ട്രീയ നേതാവ്‌ എന്നതിലുപരി കാന്‍ഷിറാം മികച്ച ഒരു സംഘാടകനായിരുന്നു. മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന്‌ 72-ാം വയസ്സിലായിരുന്നു അന്ത്യം (2006). ഡല്‍ഹിയിലെ നിഗംബോധ്‌ഘട്ടില്‍ കാന്‍ഷിറാമിന്റെ അന്ത്യാഭിലാഷപ്രകാരം ബുദ്ധമതാചാരങ്ങളോടു കൂടിയായിരുന്നു ശവസംസ്‌കാരം. നിറത്തിന്റെയും തൊഴിലിന്റെയും പേരിലുള്ള യഥാര്‍ഥ സങ്കല്‌പങ്ങളെ ആധാരമാക്കി നൂറ്റാണ്ടുകളായി നിലനില്‌ക്കുന്ന വിവേചനങ്ങളെ രാഷ്‌ട്രീയാധികാരാര്‍ജനത്തിലൂടെ നേരിടാന്‍ ശ്രമിച്ച കാന്‍ഷിറാമിന്‌ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍