This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിയന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈജിയന്‍ കല == == Aegean Art == യൂറോപ്പിന്റെ തെക്കുകിഴക്കുള്ള ക്രീറ്റു...)
അടുത്ത വ്യത്യാസം →

06:19, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈജിയന്‍ കല

Aegean Art

യൂറോപ്പിന്റെ തെക്കുകിഴക്കുള്ള ക്രീറ്റും, ഏഷ്യയുടെ പടിഞ്ഞാറ്‌ ഈജിയന്‍ കടലിന്നഭിമുഖമായി സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറ്‌ ഏഷ്യാമൈനറിന്റെ ഭാഗങ്ങളും ഇവയ്‌ക്കു മധ്യേ സ്ഥിതിചെയ്യുന്ന സൈക്ലിഡസ്‌ ദ്വീപസമൂഹങ്ങളും യൂറോപ്പ്‌ വന്‍കരയോടു ചേർന്നുള്ള ഗ്രീസിന്റെ ഭാഗമായ തെസലോനിക്കയും ചേർന്ന മെഡിറ്ററേനിയന്‍ പ്രദേശത്ത്‌ ബി.സി. മൂന്നും രണ്ടും സഹസ്രാബ്‌ദങ്ങളിൽ ഗ്രീക്ക്‌ സംസ്‌കാരം രൂപമെടുക്കുന്നതിനു മുമ്പ്‌ നിലവിലിരുന്ന സംസ്‌കാരത്തെ മൊത്തത്തിൽ ഈജിയന്‍ എന്ന സംജ്ഞ കൊണ്ടാണ്‌ പുരാതത്വവിജ്ഞാനികള്‍ വിശേഷിപ്പിച്ചു വരുന്നത്‌. ആ പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളെക്കാള്‍ സാംസ്‌കാരികമായ പ്രാധാന്യമാണ്‌ മുന്നിട്ടുനില്‌ക്കുന്നത്‌. പരസ്‌പരം ബന്ധപ്പെട്ടതെങ്കിലും വ്യത്യസ്‌തമായ സവിശേഷതകളോടുകൂടിയ മൂന്നു ധാരകള്‍ ഈജിയന്‍ സംസ്‌കാരത്തിനുണ്ട്‌. ക്രീറ്റ്‌ പ്രദേശത്തെ സാംസ്‌കാരികധാരയ്‌ക്ക്‌ മിനോവന്‍ എന്നും സൈക്ലിഡസ്‌ ദ്വീപസമൂഹങ്ങളിലേതിന്‌ സൈക്ലിഡിക്‌ എന്നും വന്‍കരയിൽപ്പെട്ട ഗ്രീസിലേതിന്‌ ഹെല്ലനിക്‌ എന്നും പ്രത്യേകം പേരുകള്‍ പറഞ്ഞുവരുന്നു. ഈജിപ്‌തിൽ നിലവിലിരുന്ന രാജവംശങ്ങളുടെ ഭരണകാലക്രമം അടിസ്ഥാനമാക്കിയുള്ള കാലഘട്ട വിഭജനത്തിന്‌ ഏറെക്കുറെ സമാന്തരമായി ഈ സംസ്‌കാരങ്ങളെ പൗരാണികം, മധ്യകാലികം, ശിഷ്‌ടകാലികം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തിൽ കലാപരമായ നേട്ടങ്ങള്‍ക്കു പ്രാധാന്യം നേടിയ ഘട്ടം, മധ്യകാലത്തിന്റെ ഉത്തരാർധം മുതൽ ശിഷ്‌ടകാലം വരെയുള്ള കാലയളവാണ്‌. ഈ കാലത്തെ അവശിഷ്‌ടങ്ങളാണ്‌ പുരാതത്വഗവേഷകർക്കു കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതിൽ ഏറിയ പങ്കും.

ഒരു നൂറ്റാണ്ടു മുമ്പുവരെ ഈജിയന്‍ സംസ്‌കാരത്തെക്കുറിച്ച്‌ എന്തെങ്കിലും അറിയാന്‍ കഴിഞ്ഞിരുന്നത്‌ ഹോമറിന്റെ ഇലിയഡിൽ നല്‌കിയിട്ടുള്ള ട്രാജന്‍ യുദ്ധവർണനയിൽ നിന്നും ക്രീറ്റിനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ നിന്നും ആയിരുന്നു. ഈ വിവരങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കാന്‍ 1870 തുടങ്ങിയ ദശകത്തിൽ ഹെന്‌റി ഷ്‌ളീമാന്‍ ഏഷ്യാമൈനറിലും ഗ്രീസിലും 1900-ത്തിൽ ആർതർ ഇവാന്‍സ്‌ ക്രീറ്റിലും നടത്തിയ ഭൂഖനനഗവേഷണങ്ങള്‍ സഹായകമായി. ഈ ഗവേഷണങ്ങളാണ്‌ ഈജിയന്‍ സംസ്‌കാരത്തെ സംബന്ധിച്ച പഠനങ്ങള്‍ക്കു വഴിതെളിച്ചത്‌. കൗതുകകരമായ പല വസ്‌തുതകളും ഇതിന്റെ ഫലമായി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈജിപ്‌ത്‌, മധ്യപൂർവദേശത്തെ മറ്റു പ്രാചീന സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌ ലഭ്യമായിട്ടുള്ള വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈജിയന്‍ സംസ്‌കാരത്തെക്കുറിച്ചു ലഭിച്ചിട്ടുള്ളവ തുലോം തുച്ഛമാണ്‌ എന്നു വ്യക്തമാകും. അവിടെ നിന്ന്‌ ലഭിച്ചിട്ടുള്ള ലിഖിതങ്ങള്‍ ഈജിയന്‍ കലയെയും സംസ്‌കാരത്തെയും കുറിച്ച്‌ വേണ്ടത്ര അറിവ്‌ പകരുന്നതിന്‌ പര്യാപ്‌തമായിട്ടില്ല. ഈജിപ്‌തിലെയും മെഡിറ്ററേനിയന്‍ പ്രദേശത്തെയും കലകളെ പില്‌ക്കാലത്തുണ്ടായ യവനകലയുമായി ബന്ധിപ്പിക്കുന്ന കച്ചിയായി ഈജിയന്‍ കലയെ കണക്കാക്കാറുണ്ട്‌. പക്ഷേ ഈജിയന്‍ കലയെ ഒന്നിൽനിന്നും മറ്റൊന്നിലേക്കുള്ള പുരോഗതിയുടെ ഇടയ്‌ക്കുണ്ടായ ഒരു പ്രതിഭാസമായി പരിഗണിക്കാനാവില്ല. ഈജിപ്‌തിന്റെയും മെഡിറ്ററേനിയന്‍ പ്രദേശങ്ങളുടെയും പ്രാചീന കലാസൃഷ്‌ടികള്‍ക്കും പില്‌ക്കാല കലാസൃഷ്‌ടികള്‍ക്കും അവകാശപ്പെടാനാവാത്ത ഉദാത്തസൗന്ദര്യം ഈജിയന്‍ കലയ്‌ക്കുണ്ട്‌. ശൈലീപരമായ സങ്കീർണത പലപ്പോഴും അനുവാചകരിൽ ചിന്താക്കുഴപ്പം സൃഷ്‌ടിക്കും. അങ്ങനെ ആ കലാരൂപങ്ങളുടെ അർഥമറിയാന്‍ പാടില്ലാതെ അദ്‌ഭുതപ്പെടുന്ന അനുവാചകന്‍പോലും സ്വയം വിസ്‌മരിച്ച്‌ അതിന്റെ ലാളിത്യത്തിലും സ്വാഭാവികതയിലും പുതുമയിലും ആസ്വാദ്യത കണ്ടെത്തും.

ഇന്ന്‌ ഈജിയന്‍ കലയെന്നു പറയുമ്പോള്‍ കലാവിമർശകർ അർഥമാക്കുന്നത്‌ യവനകലയ്‌ക്കു രൂപം നല്‌കിയ സൈക്ലിഡിക്‌ മിനോവന്‍-മൈസീനിയന്‍ കലാപ്രസ്ഥാനങ്ങളുടെ ഉറവിടം എന്നാണ്‌. അതിന്റെ ചരിത്രം ബി.സി. മൂന്നാം സഹസ്രാബ്‌ദത്തോളം എത്തിനില്‌ക്കുന്നു. ഭൂഖനന ഗവേഷണങ്ങളുടെ ഫലമായി തിട്ടപ്പെടുത്തിയിട്ടുള്ള ഈ പ്രാചീനതയ്‌ക്കു നിദാനം ആ കാലഘട്ടത്തിലേതെന്നനുമാനിക്കപ്പെട്ടിട്ടുള്ള മണ്‍പാത്രങ്ങളാണ്‌. മിനുസപ്പെടുത്തിയ മണ്‍പാത്രങ്ങളുടെ നിർമാണശൈലി നവീന ശിലായുഗത്തിന്റെ ആദിമഘട്ടത്തിലേതാണ്‌. അവ കണ്ടെത്തിയതോടെ ഈജിയന്‍ സംസ്‌കാരത്തിന്റെ പ്രാചീനതയുടെ അതിരുകള്‍ ഉറപ്പിക്കുവാന്‍ കഴിഞ്ഞു. തുടർന്ന്‌ മണ്‍പാത്രനിർമാണ രംഗത്തുണ്ടായ വികാസങ്ങളെ പ്രതിനിധാനം ചെയ്യുന്ന പലതും ഇവിടെ കണ്ടെത്തി. അക്കൂട്ടത്തിൽപ്പെട്ട കുടുവന്‍ പാത്രങ്ങള്‍, കപ്പുകള്‍, കൂജകള്‍, ഭരണികള്‍ തുടങ്ങി കൈകൊണ്ടു മെനഞ്ഞ്‌ ചുട്ടെടുത്ത്‌ മിനുസപ്പെടുത്തിയവയും നേർമയായി മെനഞ്ഞ്‌ ചുട്ടെടുത്തവയുമായ പാത്രങ്ങള്‍ ഈ കാലഘട്ടത്തിന്റെ തുടക്കം മുതല്‌ക്കേ ഈ പ്രദേശത്തുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ആകർഷകങ്ങളായ ഈ പാത്രങ്ങള്‍ വിവിധ രൂപങ്ങളിലും നിറങ്ങളിലും ആണ്‌ നിർമിച്ചിട്ടുള്ളത്‌. മികച്ച മിനുസപ്പെടുത്തൽ കൊണ്ട്‌ നിറപ്പകിട്ട്‌ വർധിപ്പിച്ചിട്ടുള്ളവ ബി.സി. 3000-ത്തോടടുപ്പിച്ച്‌ ഇറാന്‍ മുതൽ ഇറ്റലി വരെ വ്യാപിച്ചിരുന്നു. ഇവയ്‌ക്ക്‌ മണ്‍പാത്രനിർമാണചരിത്രത്തിൽ പ്രമുഖമായ ഒരു സ്ഥാനമുണ്ട്‌. പ്രതിമാനിർമാണകലയിൽ ഈ കാലഘട്ടത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവ കളിമച്ചിൽ നിർമിച്ചു ചുട്ടെടുത്തിട്ടുള്ളവയോ കല്ലിൽ കൊത്തിയുണ്ടാക്കിയിട്ടുള്ളവയോ ആയ സ്‌ത്രീരൂപങ്ങളാണ്‌. വിളവു വർധനവു ലക്ഷ്യമാക്കിയുള്ള മതാനുഷ്‌ഠാനങ്ങള്‍ക്കായി നിർമിക്കപ്പെട്ടിട്ടുള്ള ഈ രൂപങ്ങളുടെ ആകാരവടിവ്‌ ലളിതവും ആകർഷകവും ആണ്‌. വൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ നിർമിക്കാറുള്ള പാർപ്പിടങ്ങള്‍ക്കു പതം വരുത്തിയ മച്ചോ കളിമച്ചിലുള്ള പച്ചക്കട്ടയോ ആണ്‌ ഉപയോഗിച്ചു വന്നത്‌. ആദ്യത്തെ ഇന്തോ-യൂറോപ്യന്‍ പ്രവാസം കടന്നുവന്നതിനൊപ്പവും ബാഹ്യാക്രമണങ്ങളുടെ ഫലമായും ലോഹപ്പണിയിലുള്ള സാങ്കേതികപരിജ്ഞാനവും പുതിയ ശില്‌പമാതൃകകളും ഇവർക്കു ലഭിച്ചു. ഈ മാറ്റങ്ങള്‍ തെക്കുപടിഞ്ഞാറ്‌ എഷ്യാമൈനർ കേന്ദ്രമായാണ്‌ ഉണ്ടായതെങ്കിലും ക്രമേണ അടുത്തുള്ള ദ്വീപുകളിലേക്കും വ്യാപിക്കുകയുണ്ടായി. ഉജ്ജ്വലമായ ഈ കാലഘട്ടത്തിന്റെ അവശിഷ്‌ടങ്ങള്‍ ട്രായ്‌ സംസ്‌കാരത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭൂഗർഭ ദശാതല ങ്ങളിൽനിന്നു കണ്ടെടുത്തിട്ടുണ്ട്‌. ഈ ദശാതലങ്ങള്‍ ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിലേ(2600-അടുപ്പിച്ച്‌)താണെന്നു കരുതപ്പെടുന്നു. ഇലിയഡിൽ വർണിക്കപ്പെട്ടിട്ടുള്ള സംരചനകളുടെയും ഉപകരണ സംവിധാനങ്ങളുടെയും നാശനഷ്‌ടങ്ങള്‍ക്കിടയാക്കിയ ഒരു മഹാവിപ്ലവത്തെ സൂചിപ്പിക്കുന്ന ഭഗ്നാവശിഷ്‌ടങ്ങളും ഈ ദശാതലത്തിൽ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ട്രായ്‌ സംസ്‌കാരത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ കെട്ടിടങ്ങള്‍ വലിയ എടുപ്പുകളുള്ളതും വലുപ്പമേറിയതുമായിരുന്നു. അക്കാലത്തെ ദുർഗനഗരങ്ങളെ ചുറ്റിയുള്ള കോട്ടയ്‌ക്ക്‌ 8.34 മീ. ഉയരവും അതിന്റെ ചുവടുഭാഗത്തിന്‌ 5 മീ. മുതൽ 5.91 മീ. വരെ വീതിയും ഉണ്ടായിരുന്നു. വലിയ കരിങ്കൽത്തുണ്ടുകള്‍ പാകി ഉറപ്പിച്ചാണ്‌ ഇവ നിർമിച്ചിരുന്നത്‌. ഈ കോട്ടയുടെ മുകളിൽ പലതരം എടുപ്പുകളും കോണുകളിൽ ഉയർത്തിക്കെട്ടിയ വീക്ഷാഗോപുരങ്ങളും ഉണ്ടായിരുന്നു. സുശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുള്ള നിരവധി കവാടങ്ങള്‍ കടന്നു മാത്രമേ കൊട്ടാരത്തെ സമീപിക്കുവാന്‍ കഴിയുമായിരുന്നുള്ളു. മൈസിനിലെയും റ്റിറൈനിലെയും പ്രസിദ്ധങ്ങളായിത്തീർന്ന കൊട്ടാരങ്ങളുടെ നിർമിതിക്കും പില്‌ക്കാലത്ത്‌ യവനദേവാലയങ്ങളുടെ നിർമാണത്തിനും മാതൃകയായി ഭവിച്ചത്‌ ഈ ദുർഗനഗരങ്ങളുടെ രൂപരേഖയായിരുന്നു. വെയിലത്ത്‌ ഉണക്കിയെടുത്ത കളിമണ്‍ കട്ടകള്‍ കരിങ്കല്ലുപാകിയ അടിത്തറയിൽ പടുത്തുകെട്ടി ഉണ്ടാക്കുന്ന വിശാലവും ഉയരം കൂടിയതുമായ ശാലകളും അവയിലെ പ്രവേശനദ്വാരത്തിൽ നെടിയ മുറികളും ഉയർത്തിക്കെട്ടിയ തറകളും എല്ലാം ചേർന്നുള്ള ഭീമാകാരമായ ഒരു വാസ്‌തുശില്‌പത്തിന്റെ ഗാംഭീര്യം എടുത്തുകാട്ടുന്ന ഈ നിർമാണ ശൈലി "മെർഗണ്‍' എന്ന പേരിലാണറിയപ്പെടുന്നത്‌. ഇതിന്റെ നിർമാണത്തിന്‌ ഉപയോഗിക്കുന്ന പദാർഥങ്ങള്‍ എത്ര വിലകുറഞ്ഞവയാണെങ്കിലും അത്‌ പ്രദർശിപ്പിച്ചിരുന്ന ഗാംഭീര്യം, രാഷ്‌ട്രീയവും സൈനികവുമായ ശക്തിയെ പ്രതീകാത്മകമായി പ്രതിബിംബിപ്പിക്കുന്നതായിരുന്നു. സ്വർണത്തിലും വെള്ളിയിലും ചെയ്‌തിട്ടുള്ള വിലയേറിയ പണിത്തരങ്ങളിൽ ഈ സാംസ്‌കാരികഘട്ടത്തിന്റെ ഉദാത്തഭാവങ്ങള്‍ കൂടുതൽ വ്യക്തമായി കാണുവാന്‍ കഴിയും. സ്വർണത്തിലും വെള്ളിയിലും ഉള്ള പാനപാത്രങ്ങള്‍, ചെമ്പിലുള്ള ആയുധങ്ങള്‍, വെള്ളിദണ്ഡുകള്‍, സ്വർണാഭരണങ്ങള്‍ എന്നിവയിലെ പണികള്‍ മെസൊപ്പൊട്ടേമിയയിലെ പ്രാചീന ലോഹപ്പണിയുടെ സാങ്കേതിക സ്വഭാവം ഉള്‍ക്കൊണ്ടിട്ടുള്ളവയാണ്‌. വളരെ ചെറിയ മുത്തുമണികളും കനംകുറഞ്ഞു പരന്ന ചെറിയ ചീളുകളും കൊണ്ടാണ്‌ മാലകളും മറ്റും നിർമിച്ചിരുന്നത്‌. ഇവയെ പിരികളും ചുറ്റുകളും ജ്യാമിതീയരൂപങ്ങളും കൊണ്ട്‌ മോടിപിടിപ്പിക്കുകയും ചെയ്‌തിരുന്നു. അനുദിനാവശ്യങ്ങള്‍ക്കുപയോഗിച്ചു വന്നിരുന്ന മണ്‍പാത്രങ്ങള്‍, കളിമച്ച്‌ സാധാരണനിലയിൽ കൈകൊണ്ടു മെനഞ്ഞ്‌ രൂപപ്പെടുത്തി ഉണ്ടാക്കുന്നവയായിരുന്നു; കളിമച്ച്‌ ചക്രത്തിൽ പിടിപ്പിച്ച്‌ കറക്കി രൂപപ്പെടുത്തി എടുക്കുന്ന പാത്രങ്ങള്‍ വിശുദ്ധകർമങ്ങള്‍ക്കായി ഉപയോഗിച്ചുവന്നു. പ്രത്യേകം രൂപപ്പെടുത്തിയ ഭാഗങ്ങള്‍ ചേർത്ത്‌ മനുഷ്യരൂപത്തിലുള്ള പാത്രങ്ങള്‍ നിർമിക്കുക ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. തലയും മുഖവും അടപ്പിലും ഉദരവും കൈകാലുകളും പാത്രത്തിലും രൂപപ്പെടുത്തുക പതിവായിരുന്നു.

ട്രായ്‌സംസ്‌കാരത്തിന്റെ രണ്ടാംഘട്ടത്തിലെ കലാപ്രവണതകളുടെ സ്വാധീനശക്തിക്കു വിധേയമായ മേഖല ഈജിയന്‍ പ്രദേശങ്ങളുടെ ഉത്തരഭാഗമായിരുന്നു. ഈ സാംസ്‌കാരികവികാസത്തിന്റെ ലക്ഷ്യങ്ങള്‍ ഇതുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള ലെസ്‌ബോസ്‌, ലെമ്‌നോസ്‌ എന്നിവിടങ്ങളിൽ മാത്രമല്ല ത്രസ്‌, മാസിഡോണിയ എന്നിവിടങ്ങളിലും എഷ്യാമൈനറിലെ ഫ്രിജിയ, സിലിഷ്‌ട എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌. കുറേക്കാലത്തെ സുഷുപ്‌തിക്കുശേഷം ഹെല്ലാഡിക്‌ എന്ന പേരിലറിയപ്പെട്ട ഒരു സാംസ്‌കാരികമുന്നേറ്റം ഗ്രീക്ക്‌ വന്‍കരയിൽ അനുഭവപ്പെട്ടു. ഈ മുന്നേറ്റത്തിനുള്ള കാരണം വ്യക്തമല്ല. എന്നാൽ ഹെല്ലാഡിക്‌ കാലഘട്ടത്തിന്റെ അന്ത്യത്തിൽ മൈസീനിയന്‍ സംസ്‌കാരത്തിന്റെ പതനം വരെ ഈ വികാസത്തിന്റെ ഗതി കണ്ടെത്താവുന്നതാണ്‌. മൈസീനിയന്‍ ഘട്ടം വരെ വാസ്‌തുവിദ്യാരംഗത്ത്‌ ഗണ്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ആകൃതിയിലും അലങ്കരണത്തിലും മണ്‍പാത്രനിർമാണത്തെ സംബന്ധിച്ചിടത്തോളം വളരെ സമ്പന്നമായ ഒരു ഘട്ടമായിരുന്നു ഇത്‌. മണ്‍പാത്രങ്ങള്‍ ചുട്ടെടുക്കുന്നതിലും മിനുസപ്പെടുത്തുന്നതിലും ത്വരിതമായ പുരോഗതി ഈ കാലഘട്ടത്തിൽ ഉണ്ടായി. കളിമച്ച്‌ ശുദ്ധീകരിക്കുകയും പാത്രങ്ങള്‍ തേച്ചുമിനുക്കുന്നതിനു പകരം തിളക്കമുളവാക്കുന്നതിനുള്ള പദാർഥങ്ങള്‍ ചേർത്ത്‌ ആകർഷകമാക്കുകയും ചെയ്യുന്നതിൽ വൈദഗ്‌ധ്യം നേടിയത്‌ ഇക്കാലത്തായിരുന്നു.

ഈജിയന്‍ സംസ്‌കാരത്തിന്റെ ഒരു ഭാഗമായ സൈക്ലിഡിക്‌ സംസ്‌കാരപരിണാമം ട്രാജന്‍ സംസ്‌കാരത്തിന്റെ ഒരു ഭാഗമോ ഹെല്ലാഡിക്‌ സംസ്‌കാരത്തിന്റെ ഒരു വികാസമോ മാത്രമായി കാണുന്നത്‌ ശരിയായിരിക്കുകയില്ല. ഹെല്ലാഡിക്കിന്‌ സമാന്തരമായ പലതും സൈക്ലിഡിക്‌ സാംസ്‌കാരത്തിലും കാണാനുണ്ട്‌. മാർബിള്‍ ചഷകങ്ങളും വിഗ്രഹങ്ങളും നിർമിക്കുന്നതിനുള്ള തുടക്കം കുറിച്ചത്‌ സൈക്ലിഡിക്‌ സംസ്‌കാരമായിരുന്നുവെന്നത്‌ ഈ കാലഘട്ടത്തിന്റെ പ്രാധാന്യമർഹിക്കുന്ന സവിശേഷതയാണ്‌. ചുട്ടെടുത്ത കളിമണ്‍ വിഗ്രഹങ്ങളെക്കാള്‍ അവ ആകർഷകങ്ങളായിരുന്നു. വെളുത്തതും കച്ചാടിപോലെ തിളക്കമുള്ളതുമായ മാർബിള്‍ ശിലകളിൽ കൊത്തിയുണ്ടാക്കുന്ന രൂപങ്ങള്‍ക്കും പാത്രങ്ങള്‍ക്കും നല്ല മിഴിവും രൂപഭദ്രതയും ഉണ്ടായിരുന്നു. ഈ മാർബിള്‍ ശിലകള്‍ ഉപാസനയ്‌ക്കും ആരാധനയ്‌ക്കും വേണ്ടിയുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുവാനാണ്‌ മുഖ്യമായും ഉപയോഗിച്ചു വന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍