This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശാനശിവഗുരു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈശാനശിവഗുരു == ശൈവാഗമശാസ്‌ത്രജ്ഞനായ ഒരു കേരളീയപണ്ഡിതന്‍. ഇദ...)
അടുത്ത വ്യത്യാസം →

03:57, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈശാനശിവഗുരു

ശൈവാഗമശാസ്‌ത്രജ്ഞനായ ഒരു കേരളീയപണ്ഡിതന്‍. ഇദ്ദേഹത്തിന്റെ സ്വദേശവും ജീവിതകാലവും അസന്ദിഗ്‌ധമായി നിർണയിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. ഈശാനന്‍ എന്നത്‌ കേരളീയബ്രാഹ്മണർക്ക്‌ സാധാരണയുള്ള ഒരു സംജ്ഞയാകയാൽ ഇദ്ദേഹവും ആ സമുദായത്തിൽപ്പെട്ടയാളാണെന്ന്‌ ഊഹിക്കപ്പെടുന്നു. വില്വമംഗലത്തു സ്വാമിയാർ എന്നു പ്രസിദ്ധി നേടിയ ഭക്തകവിയായ ലീലാശുകന്‍ (എ.ഡി. 13-ാം ശ.) ഈശാനദേവനെ തന്റെ ആചാര്യന്മാരിലൊരാളെന്ന നിലയിൽ "ഈശാനദേവ ചരണാഭരണേന' എന്ന്‌ ശ്രീകൃഷ്‌ണകർണാമൃതത്തിലും, "ഈശാനദേവ ഇത്യാസീ-ദീശാനോ മുനിതേജസാം' എന്ന്‌ ബാലകൃഷ്‌ണസ്‌തോത്രത്തിലും അനുസ്‌മരിച്ചിരിക്കുന്നതുകൊണ്ടു മാത്രമേ ഇദ്ദേഹത്തിന്റെ കാലത്തെക്കുറിച്ച്‌ എന്തെങ്കിലും ഊഹിക്കാന്‍ കഴിയുന്നുള്ളൂ. ശിവഗുരു എന്നത്‌ ഇദ്ദേഹം സ്വയം സ്വീകരിച്ചതോ അനുയായികള്‍ നല്‌കിയതോ ആയ ഒരു ബിരുദമായിരിക്കാനാണ്‌ സാധ്യത.

ഇദ്ദേഹം രചിച്ച ഈശാനശിവഗുരുദേവപദ്ധതി എന്ന തന്ത്രഗ്രന്ഥം ലഭ്യമാണ്‌. സാമാന്യപാദം, മന്ത്രപാദം, ക്രിയാപാദം, യോഗപാദം എന്നിങ്ങനെ നാലു പാദ(അധ്യായ)ങ്ങള്‍ അടങ്ങുന്നതും സുമാർ 18,000 പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈ ശൈവാഗമതത്ത്വനിബന്ധം ആ പ്രസ്ഥാനത്തെ അവലംബിച്ചുകൊണ്ടെഴുതപ്പെട്ട പണ്ഡിതോചിതമായ ഒരു ആധികാരികഗ്രന്ഥമാണ്‌. കേരളത്തിൽ മാത്രമുള്ള തിമില എന്ന വാദ്യവിശേഷത്തെപ്പറ്റി "തിമിലാനകഭേര്യാദ്യൈഃ' എന്നു പ്രസ്‌താവന കാണുന്നതിൽ നിന്നാണ്‌ ഇദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റിയുള്ള നിർണായകമായ തെളിവു കിട്ടുന്നത്‌. ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അദ്ദേഹം ആദ്യംതന്നെ ഇപ്രകാരം പറയുന്നുണ്ട്‌.

""വിസ്‌തൃതാനി വിശിഷ്‌ടാനി
തന്ത്രാണി വിവിധാന്യഹം
യാവത്‌സാമർഥ്യമാലോച്യ
കരിഷ്യേ തന്ത്രപദ്ധതിം.''
 

ഈ കൃതി രചിക്കാന്‍ തനിക്ക്‌ പ്രപഞ്ചസാരം, പ്രയോഗമഞ്‌ജരി, ഭോജരാജേന്ദ്രപദ്ധതി തുടങ്ങി പല കൃതികളും പ്രരകവും സഹായകവും ആയിട്ടുണ്ടെന്നും ഈശാനഗുരു സവിശേഷം സ്‌മരിക്കുന്നു. ഇതിൽ ഭോജരാജേന്ദ്രപദ്ധതി ധാരാനഗരത്തിലെ നാടുവാഴിയായിരുന്ന ഭോജരാജാവിന്റെ കൃതിയാണ്‌. അദ്ദേഹം 11-ാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട്‌ ഈശാനശിവഗുരു 11, 12, 13 എന്നീ നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക്‌ ജീവിച്ചിരുന്നു എന്ന അനുമാനത്തിലെത്തിച്ചേരുന്നത്‌ യുക്തിസഹമായിരിക്കും. "സമാപ്‌താചേയമീശാനശിവഗുരുദേവസ്യ കൃതിഃ സിദ്ധാന്തസാരപദ്ധതിഃ' എന്ന്‌ ഗ്രന്ഥാവസാനത്തിൽ കാണുന്നതുകൊണ്ട്‌ കർത്താവിനെക്കുറിച്ചും സംശയത്തിന്‌ അവകാശമില്ല.

1909-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രാചീനസംസ്‌കൃതഗ്രന്ഥങ്ങളുടെ പുനഃപ്രസാധനത്തിന്‌ തിരുവിതാംകൂർ രാജാവ്‌ സംഘടിപ്പിച്ച വകുപ്പിന്റെ ആഭിമുഖ്യത്തിൽ ടി. ഗണപതിശാസ്‌ത്രിയുടെ ഉപോദ്‌ഘാതത്തോടും വ്യാഖ്യാനത്തോടുംകൂടി ഈശാനശിവഗുരുദേവപദ്ധതി പ്രകാശനം ചെയ്യപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍