This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശാവാസ്യോപനിഷത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈശാവാസ്യോപനിഷത്ത്‌ == ദശോപനിഷത്തുകളിൽ പ്രഥമഗണനീയമായ ഒരു ഉപ...)
അടുത്ത വ്യത്യാസം →

03:56, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈശാവാസ്യോപനിഷത്ത്‌

ദശോപനിഷത്തുകളിൽ പ്രഥമഗണനീയമായ ഒരു ഉപനിഷത്ത്‌. 200-ൽപ്പരം ഉപനിഷത്തുകള്‍ ഇന്ന്‌ പ്രകാശിതങ്ങളായിട്ടുണ്ടെങ്കിലും അവയിൽ 108 ഉപനിഷത്തുകള്‍ക്കാണ്‌ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്‌. ഇവയിൽത്തന്നെ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്ത്‌ ഉപനിഷത്തുകള്‍ക്കാണ്‌ ആചാര്യന്മാർ പരമപ്രാമാണ്യം കൊടുത്തുകാണുന്നത്‌. ഇവയിൽ പ്രധാനം ഈശാവാസ്യോപനിഷത്ത്‌ ആണ്‌; കാരണം ഇതുമാത്രം വേദസംഹിതയിൽപ്പെട്ടതും മറ്റുള്ളവ ബ്രാഹ്മണങ്ങളിൽ ഉള്‍പ്പെട്ടവയും ആണ്‌. ബ്രാഹ്മണങ്ങളെക്കാള്‍ പ്രാമാണ്യം സംഹിതകള്‍ക്കു കൂടുമെന്ന്‌ ശ്രീസായണാചാര്യർ തൈത്തിരീയ സംഹിതാഭാഷ്യത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌.

ഇന്ന്‌ ദശോപനിഷത്തുകള്‍ എന്ന പേരിൽ സുപ്രസിദ്ധമായിത്തീർന്നിട്ടുള്ള ഉപനിഷത്തുകളിൽ കാണ്വസംഹിതയിൽപ്പെട്ടതും പതിനെട്ടു മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈശാവാസ്യോപനിഷത്തിന്‌ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ട്‌.

ശ്രീ ശങ്കരാചാര്യരും മറ്റനവധി പണ്ഡിതന്മാരും ഇതിന്‌ ഭാഷ്യങ്ങളും ടീകകളും രചിച്ചിട്ടുണ്ട്‌.

"ഈശാവാസ്യമിദം സർവം' എന്നു തുടങ്ങുന്നതുകൊണ്ട്‌ കാലക്രമത്തിൽ ഈ ഉപനിഷത്തിന്‌ ഈശാവാസ്യോപനിഷത്ത്‌ എന്ന്‌ പേരു ലഭിച്ചു. ഈശോപനിഷത്ത്‌ എന്നും ചുരുക്കിപ്പറയാറുണ്ട്‌. വാജസ്‌നേയ സംഹിതോപനിഷത്തെന്നാണ്‌ ഇതിന്റെ പൂർണമായ നാമം. വാജസ്‌നേയന്‍ എന്നു പേരുള്ള യാജ്ഞവല്‌ക്യമഹർഷി ആവിഷ്‌കരിച്ചു പ്രചരിപ്പിച്ച ശുക്ലയജുർവേദ സംഹിതയുടെ അന്തിമഭാഗമായതുകൊണ്ടാണ്‌ ഈ പേര്‌ ലഭിച്ചത്‌.

ഈശോപനിഷത്ത്‌ ദശോപനിഷത്തുകളിൽ മന്ത്രസംഖ്യകൊണ്ട്‌ ഏറ്റവും ചെറുതാണെങ്കിലും ആശയഗാംഭീര്യം കൊണ്ടു മഹത്ത്വമേറിയതും എല്ലാ ഉപനിഷത്തുകളുടെയും സാരം ഉള്‍ക്കൊള്ളുന്നതും ആണ്‌. ചരാചരരൂപത്തിൽ കാണുന്ന ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരഭാവനയാൽ നിറയ്‌ക്കേണ്ടതാണെന്നും അതിനുവേണ്ടി രാഗദ്വേഷാദികളെ ഉപേക്ഷിച്ച്‌ ത്യാഗപൂർണമായ ജീവിതം നയിച്ച്‌ ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നും ധനമെല്ലാം ഈശ്വരന്റേതായതുകൊണ്ട്‌ അഹന്തയും മമതയും വർധിപ്പിച്ച്‌ ധനത്തിൽ തന്റേതെന്നും അന്യന്റേതെന്നും ഉള്ള ബുദ്ധി വളർത്തി അന്യന്റേതിൽ കൊതി ഉണ്ടാകാന്‍ പാടില്ല എന്നും ഒന്നാമത്തെ മന്ത്രത്തിൽ ഉപദേശിക്കുന്നു. ബ്രഹ്മനിഷ്‌ഠനായി ജീവന്‍മുക്തിയും നിഷ്‌കാമകർമവും ഉപാസനയും ചെയ്‌താൽ ക്രമമുക്തി സിദ്ധിക്കും എന്ന്‌ ഈ ഉപനിഷത്തിൽ വ്യക്തമായി ഉപദേശിക്കുന്നുണ്ട്‌.

(ശ്രീ വിദ്യാനന്ദതീർഥപാദർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍