This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവർബ്രിഡ്‌ജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓവർബ്രിഡ്‌ജ്‌ == == Overbridge == റോഡുകള്‍, നടപ്പാതകള്‍ എന്നിവ തീവണ്ട...)
അടുത്ത വ്യത്യാസം →

12:57, 19 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓവർബ്രിഡ്‌ജ്‌

Overbridge

റോഡുകള്‍, നടപ്പാതകള്‍ എന്നിവ തീവണ്ടിപ്പാതകളെ മുറിച്ചു കടക്കേണ്ടിവരുമ്പോള്‍ അവയെ വ്യത്യസ്‌ത തലങ്ങളിലാക്കുവാനായി തീവണ്ടിപ്പാതകള്‍ക്ക്‌ കുറുകേ മുകളിലായി പണിയുന്ന പാലങ്ങളാണ്‌ ഓവർബ്രിഡ്‌ജുകള്‍. റെയിൽവേ മുകളിലും റോഡ്‌ താഴെയുമായി ഗതാഗതം സജ്ജീകരിക്കാം. അതിനുവേണ്ടി നിർമിക്കുന്ന പാലങ്ങളെ "അണ്ടർ ബ്രിഡ്‌ജ്‌' എന്നു പറയുന്നു. അണ്ടർ ബ്രിഡ്‌ജുകള്‍ താരതമ്യേന എണ്ണത്തിൽ കുറയും. കേരളത്തിൽ പട്ടാമ്പിയിലെയും ചെങ്ങന്നൂരിലെയും അണ്ടർബ്രിഡ്‌ജുകള്‍ ഇതിനുദാഹരണങ്ങളാണ്‌. റെയിൽവേ അടിയിലും റോഡ്‌ മുകളിലും ആയുള്ള ഓവർബ്രിഡ്‌ജുകളാണ്‌ കൂടുതലായിട്ടുള്ളത്‌. കേരളത്തിൽ ഇവയ്‌ക്ക്‌ അനേകം ഉദാഹരണങ്ങളുണ്ട്‌; എറണാകുളം നോർത്തിലും സൗത്തിലും ഷൊർണൂരും തിരുവനന്തപുരത്തും കോഴിക്കോട്ടും കോട്ടയത്തും ഉള്ള ഓവർബ്രിഡ്‌ജുകള്‍ ഈയിനത്തിൽപ്പെടുന്നു.

റെയിൽവേയും റോഡുകളും ഒരേനിരപ്പിൽ മുറിച്ചു കടക്കുന്നയിടങ്ങളെ "ലെവൽ ക്രാസ്സിങ്‌' (level crossing) എന്നു പറയുന്നു. തീവണ്ടികള്‍ക്ക്‌ കടന്നു പോകുവാനായി റോഡുഗതാഗതം ഗെയ്‌റ്റുകള്‍ അടച്ചിട്ട്‌ താത്‌കാലികമായി തടസ്സപ്പെടുത്തുകയാണ്‌ ഇത്തരം ക്രാസ്സിങ്ങുകളിൽ ചെയ്യുന്നത്‌. ഗെയ്‌റ്റുകളില്ലാത്ത ലെവൽ ക്രാസ്സിങ്ങുകളുമുണ്ട്‌. ലെവൽ ക്രാസ്സിങ്ങുകള്‍ ഗതാഗതത്തിന്‌ അസൗകര്യം സൃഷ്‌ടിക്കുന്നു; പ്രത്യേകിച്ച്‌ റോഡുഗതാഗതത്തിന്‌. തന്മൂലമുണ്ടാകുന്ന സമയനഷ്‌ടവും വിഷമങ്ങളും ഒഴിവാക്കുവാനാണ്‌ ഓവർബ്രിഡ്‌ജുകള്‍ നിർമിക്കുന്നത്‌. റെയിൽവേക്ക്‌ കുറുകേ ഒരു പാലം പണിതാണിത്‌ സാധിക്കുന്നത്‌. പാലത്തിന്റെ തൂണുകളും, തൂണുകള്‍ തമ്മിലുള്ള ദൂരവും തീവണ്ടിക്ക്‌ സൗകര്യമായി സഞ്ചരിക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കും. പാലത്തിന്റെ ഉയരവും തീവണ്ടിക്ക്‌ അടിയിൽക്കൂടി കടന്നുപോകാവുന്ന തരത്തിലായിരിക്കണം. ഇക്കാര്യങ്ങളിലൊഴികെ ഓവർബ്രിഡ്‌ജുകള്‍ക്ക്‌ മറ്റു പാലങ്ങളുമായി കാര്യമായ വ്യത്യാസങ്ങളില്ല. ഗതാഗതസൗകര്യങ്ങള്‍ വർധിപ്പിക്കുവാന്‍ കൂടുതൽ ഓവർബ്രിഡ്‌ജുകള്‍ വർഷന്തോറും നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

വാഹനങ്ങള്‍ പോകുവാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഓവർബ്രിഡ്‌ജുകളുമുണ്ട്‌. റെയിൽവേസ്റ്റേഷനുകളിലെ ഓവർബ്രിഡ്‌ജുകള്‍ ഇവയ്‌ക്കുദാഹരണമാണ്‌. റെയിൽവേസ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ ഫോറത്തിൽനിന്ന്‌ മറ്റൊന്നിലേക്കോ അഥവാ സ്റ്റേഷനു പുറത്തേക്കോ പാളങ്ങള്‍ മുറിച്ച്‌ കടക്കേണ്ടിവരുമ്പോള്‍ ഓവർബ്രിഡ്‌ജുകള്‍ ആവശ്യമാണ്‌.

തിരക്കേറിയ റെയിൽവേലൈനുകള്‍ മുറിച്ചുകടക്കുവാനായി, സ്റ്റേഷനുകളിൽനിന്നു വിട്ടും ഓവർബ്രിഡ്‌ജുകളുണ്ടാക്കുന്നു. പടികള്‍ കയറി മുകള്‍നിരപ്പിലെത്തി, തീവണ്ടിപ്പാതയ്‌ക്ക്‌ മുകളിലൂടെ മറുഭാഗത്തെത്തി പടികള്‍വഴി ഇറങ്ങാവുന്ന തരത്തിലാണ്‌ ഈ ഓവർബ്രിഡ്‌ജുകള്‍ സംവിധാനം ചെയ്യാറുള്ളത്‌. സോപാന(stairways)ങ്ങെളും വിനിർദേശം (specifications) അെനുസരിച്ചായിരിക്കണം പടികളുടെയും ഇടനില(landing)കളുടെയും സജ്ജീകരണം. വാഹനങ്ങള്‍ക്ക്‌ പോകുവാന്‍വേണ്ടി നിർമിക്കുന്ന ഓവർബ്രിഡ്‌ജുകളിലെപ്പോലെ, ഈ പാലങ്ങളുടെയും ഉയരവും തൂണുകള്‍ ഉണ്ടെങ്കിൽ അവ തമ്മിലുള്ള ദൂരങ്ങളും തീവണ്ടികള്‍ക്ക്‌ പോകുവാനാവശ്യമായ വിധത്തിൽ സംവിധാനം ചെയ്യണമെന്നത്‌ അനുക്തസിദ്ധമാണ്‌.

(കെ. വിന്‍സെന്റ്‌ പോള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍