This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓലേഞ്ഞാലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓലേഞ്ഞാലി == == Indian Tree Pie == മാടത്തത്തയോളം വലുപ്പം വരുന്ന ഒരു പക്ഷ...)
അടുത്ത വ്യത്യാസം →
12:52, 19 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓലേഞ്ഞാലി
Indian Tree Pie
മാടത്തത്തയോളം വലുപ്പം വരുന്ന ഒരു പക്ഷി. കോർവിഡേ കുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാ.നാ. ഡെന്‍ ഡ്രാസിറ്റ വാഗബന്‍ഡ എന്നാണ്. പൂക്കുറുഞ്ഞി, പുകബ്ലായി, ഓലമുറിയന്‍, കുട്ട്യുർളിപ്പക്ഷി എന്നീ പ്രാദേശികനാമങ്ങളും ഇതിനുണ്ട്. തലയും കഴുത്തും മാറിടവും ഒട്ടാകെ പുകപിടിച്ച കടുംതവിട്ടുനിറമായതിനാലാണ് "പുകബ്ലായി' എന്നു പേരുലഭിച്ചത്. "പൂക്രിന്‍' "ക്ലോക്രീങ്' തുടങ്ങിയ ശബ്‌ദങ്ങളുണ്ടാക്കി പറന്നു നടക്കുന്നതിനാൽ "പൂക്കുറുഞ്ഞി' എന്നും, ആഹാരസമ്പാദനാർഥം ഓലകളിൽ തൂങ്ങിയാടുന്നതിനാൽ "ഓലേഞ്ഞാലി' എന്നും, ഓലകള്‍ക്കിടയിൽ കൊക്കുകടത്തി പുഴുക്കള്‍ക്കും വണ്ടുകള്‍ക്കുമായി ചൂഴ്‌ന്നു നോക്കുന്നതിനാൽ "ഓലമുറിയന്‍' എന്നും ഇതിന് പേരുകള്‍ ലഭിച്ചു. നാട്ടിലും കാട്ടിലും നഗരമധ്യത്തിലും ഒരുപോലെ കാണപ്പെടുന്ന ഈ പക്ഷിയുടെ ശരീരത്തിന് ഉദ്ദേശം 45 സെ.മീ. നീളം വരും; വാലിന് 30 സെന്റിമീറ്ററും. തല, കഴുത്ത്, മാറിടം എന്നീശരീരഭാഗങ്ങള്‍ക്ക് ഇരുണ്ട തവിട്ടുനിറമാണ്. ചിറകുകളുടെ വക്കിലായി കറുപ്പും അതിനു തൊട്ടുമുകളിൽ, നെടുനീളത്തിൽ, വീതിയുള്ള ഒരു വെള്ളപ്പട്ടയും ഉണ്ട്. ഇത് ഈ പക്ഷിക്ക് പ്രത്യേകമായ അഴകുനല്‌കുന്നു. വാലിന്റെ അറ്റം മാത്രം മൂന്നു സെന്റിമീറ്ററോളം വീതിയിൽ കറുപ്പും ബാക്കിഭാഗങ്ങള്‍ ചാരനിറവുമാണ്. പറക്കുമ്പോഴും ഓലകളിലും മറ്റും പിടിച്ചുതൂങ്ങുമ്പോഴും മാത്രമേ ഇത് വാൽ വിടർത്താറുള്ളൂ. വിടർത്തിയ വാലിന് പൊതുവിൽ ത്രികോണാകൃതിയാണുള്ളത്.
കാക്കയുടെ അടുത്ത ബന്ധുവായ ഓലേഞ്ഞാലി കാക്കയെപ്പോലെ എന്തും ഭക്ഷിക്കും. പുഴുക്കള്‍, പല്ലികള്‍, പക്ഷിമുട്ടകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, ചെറുപാറ്റകള്‍ തുടങ്ങിയവയാണ് മുഖ്യഭക്ഷ്യസാധനങ്ങള്‍. പഴങ്ങളും പഥ്യാഹാരം തന്നെ. വാഴക്കൊടപ്പനിൽനിന്ന് തേന്‍ ഊറ്റിക്കുടിക്കുന്നതും അപൂർവമല്ല. തേക്ക്, തെങ്ങ്, പുളി, മാവ്, വേപ്പ്, കശുമാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ഓലേഞ്ഞാലിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടവ. നിലത്തിറങ്ങാന്‍ ഏറെ മടിയുള്ള ഈ പക്ഷി അതേ കാരണത്താൽത്തന്നെ മനുഷ്യന്‍ ഉപേക്ഷിച്ച ഭക്ഷണസാധനങ്ങളും മറ്റും കഴിക്കാറില്ല.
ഇണകളായിട്ടാണ് സാധാരണ ഇവ സഞ്ചരിക്കുന്നത്. മുതിർന്ന കുഞ്ഞുങ്ങളെയും കൂട്ടി ഇരതേടാനിറങ്ങുമ്പോള്‍, നാലുമുതൽ ആറുവരെ അംഗങ്ങളടങ്ങിയ ചെറുകൂട്ടങ്ങളായും കാണാറുണ്ട്. "കൊക്ലി-ക്കൊക്ലീ'. "ക്കെകെകെകെകെ', "ക്രക്രക്രക്ര', "കൊളറൂണ്‍-കൊളറൂണ്‍' എന്നിങ്ങനെ പലതരത്തിലുള്ള ശബ്‌ദങ്ങള്‍ ഇത് പുറപ്പെടുവിക്കുന്നു. "ടിക്കുറുക്കീ-ട്ടീക്കുറുക്കീ' എന്നും മറ്റും ഉരുവിടുന്നതും ഇതിന്റെ പതിവാണ്. "കുട്ട്യുർളി' എന്നു തോന്നാവുന്ന ഈ ശബ്‌ദം കേട്ടാൽ അടുത്തുതന്നെ പണം വരവുണ്ടാകുമെന്ന് പൊന്നാനിയിലും മറ്റും ഒരു വിശ്വാസമുണ്ട്. ചിലപ്പോള്‍ രണ്ടും മൂന്നും പക്ഷികള്‍ അടുത്തടുത്തിരുന്ന് "ക്ലോക്രൂന്‍' എന്ന് തുടർച്ചയായി ശബ്‌ദിക്കുന്നതു കേള്‍ക്കാം. ശ്രവണമധുരമായ ഈ ശബ്‌ദത്തോടൊപ്പം ഓരോ പക്ഷിയും "താണു കുമ്പിടു'കയും ചെയ്യുന്നു.
ഇത് പറക്കുന്നത് ഒരു പ്രത്യേകതരത്തിലാണ്. ചിറകുകള്‍ ആദ്യം അഞ്ചാറുപ്രാവശ്യം അടിക്കുകയും, അതിനുശേഷം കുറച്ചുദൂരം വിടർത്തിപ്പിടിച്ചുകൊണ്ട് പറക്കുകയും ചെയ്യുന്നതിനാൽ പക്ഷി പൊങ്ങിയും താണും മുന്നോട്ടു നീങ്ങുന്നു. സാമൂഹികജീവി എന്ന് ഇതിനെ വിശേഷിപ്പിച്ചുകൂടെങ്കിലും മറ്റു പക്ഷികളോടൊപ്പം ചേർന്ന് ഇരതേടുന്നതിൽ മടി കാണിക്കാറില്ല. "ചിലപ്പന്‍' (ആമയയഹലൃ), "പക്കിക്കുരുവി' എന്നിവയാണ് ഈ സംഘത്തിൽ സാധാരണ കാണപ്പെടുന്ന മറ്റു പക്ഷികള്‍.
മറ്റു പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും അകത്താക്കുന്ന ഈ വിരുതനെ ബുള്‍ബുള്‍, പാണക്കുരുവി, ആട്ടക്കാരന്‍, അസുരക്കാടന്‍, പൂത്താങ്കീരി, മഞ്ഞക്കിളി തുടങ്ങിയ ചെറുപക്ഷികള്‍ പോലും ആട്ടിക്കൊത്തുന്നത് ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ഒരു സാധാരണക്കാഴ്‌ചയാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, മഴ തുടങ്ങുന്നതിനല്‌പം മുമ്പാണ് ഇത് കൂടു കെട്ടിത്തുടങ്ങുന്നത്. കാഴ്‌ചയിൽ കാക്കക്കൂടുപോലെ തന്നെയിരിക്കുന്ന കൂടുകള്‍ തറയിൽനിന്ന് ആറേഴുമീറ്റർ ഉയരത്തിൽ ഇലക്കൂട്ടങ്ങള്‍ക്കു നടുവിലായി കാണപ്പെടുന്നു. ഒരു തവണ 4-5 മുട്ടകളുണ്ടായിരിക്കും. മുട്ടയുടെ നിറവും വലുപ്പവും വ്യത്യസ്‌തമാണ്. വിളറിയ ചുവപ്പാണ് മുട്ടയുടെ സാധാരണ നിറം.