This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അജന് = സൂര്യവംശജനായ ഒരു രാജാവ്. പുരാണപ്രസിദ്ധനായ ഇദ്ദേഹം ഉത്തരകോസല...)
അടുത്ത വ്യത്യാസം →
11:52, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അജന്
സൂര്യവംശജനായ ഒരു രാജാവ്. പുരാണപ്രസിദ്ധനായ ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനും ദശരഥന്റെ പിതാവും ആണ്. താനര്‍ഹിക്കാത്ത ദുഃഖങ്ങള്‍ അനുഭവിച്ച് അകാലത്തില്‍ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. കാളിദാസന്‍ രഘുവംശമഹാകാവ്യത്തില്‍ ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വര്‍ണിച്ചിട്ടുണ്ട്. വിദര്‍ഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തില്‍ സന്നിഹിതരായ രാജാക്കന്‍മാരില്‍ 'ദേവവൃക്ഷങ്ങള്‍ക്കിടയില്‍ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തില്‍ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവര്‍ നഗരോദ്യാനത്തില്‍ വിഹരിക്കുമ്പോള്‍, ഗോകര്‍ണേശനെ സേവിക്കാന്‍ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റില്‍ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറില്‍ പതിച്ചു. തത്ക്ഷണം അവള്‍ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയില്‍ തങ്ങാന്‍, തൃണബിന്ദു എന്ന മഹര്‍ഷിയാല്‍ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീര്‍ന്ന അജനെ സമാശ്വസിപ്പിക്കാന്‍ കുലഗുരുവായ വസിഷ്ഠന്‍ ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജന്‍, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓര്‍ത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവില്‍ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് കാളിന്ദിയും ഗംഗയും ചേരുന്ന പുണ്യതീര്‍ഥത്തില്‍ ദേഹത്യാഗം ചെയ്തു.
അജന്‍ എന്ന പദത്തിനു ജനനമില്ലാത്തവന്‍ എന്നാണര്‍ഥം. ത്രിമൂര്‍ത്തികള്‍ക്കും സൂര്യനും അജന്‍ എന്ന പേരുണ്ട്.
അജവിലാപം. ഏകപത്നീവ്രതനും പരിശുദ്ധപ്രേമനിദര്‍ശവുമായിരുന്ന അജന്‍, പ്രാണപ്രേയസിയുടെ വിരഹത്തില്‍ മനംനൊന്തു കരയുന്നതായി കാളിദാസന്‍ രഘുവംശം 8-ാം സര്‍ഗത്തില്‍ വര്‍ണിച്ചിട്ടുള്ള ഭാഗം അജവിലാപം എന്ന പേരില്‍ സുപ്രസിദ്ധമാണ്. വിധുരവിലാപകാവ്യത്തിന് ഉത്തമമാതൃകയായും ഒരു സ്വതന്ത്രഭാവഗാനമായും അതു പരിശോഭിക്കുന്നു. ഇത്രത്തോളം ഭാവദീപ്തിയും ഹൃദയദ്രവീകരണക്ഷമതയുമുള്ള വിലാപകാവ്യങ്ങള്‍ ഭാരതീയസാഹിത്യത്തില്‍ വിരളമാണ്. മാതൃകയ്ക്കായി രണ്ടു പദ്യങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:
'ധൃതിരസ്തമിതാ രതിശ്ച്യുതാ
വിരതം ഗേയമൃതുര്‍ നിരുത്സവഃ ഗതമാഭരണപ്രയോജനം പരിശൂന്യം ശയനീയമദ്യ മേ.'
(എന്നെന്നേക്കുമായി എന്റെ തന്റേടം നശിച്ചു, സുഖം പൊയ്പോയി, സംഗീതം നിലച്ചു, ഋതു ആനന്ദകരമല്ലാതായി, ആഭരണങ്ങള്‍കൊണ്ടുള്ള പ്രയോജനം തീര്‍ന്നു, ശയ്യ ശൂന്യവുമായി.)
'ഗൃഹിണീ സചിവഃ സഖീ മിഥഃ പ്രിയശിഷ്യാ ലളിതേ കലാവിധൌ കരുണാവിമുഖേന മൃത്യുനാ ഹരതാ ത്വാം വദ കിം ന മേ ഹൃതം'
(അതിഥിപൂജാദികളില്‍ കുടുംബിനി, കാര്യാലോചനയില്‍ മന്ത്രി, സുഖാനുഭവങ്ങളില്‍ തോഴി, ലളിതകലാപ്രയോഗത്തില്‍ - നൃത്തഗീതാദികളില്‍ - പ്രിയശിഷ്യ, ഇങ്ങനെ എനിക്ക് എല്ലാമായിരുന്ന നിന്നെ ഹരിച്ച നിര്‍ദയനായ മൃത്യു എന്നില്‍ നിന്നും അപഹരിക്കാത്തതായി എന്താണുള്ളത്?)