This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതമേനോന്‍, കോമാട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അച്യുതമേനോന്‍, കോമാട്ടില്‍ (1887 - 1963) = നിയമജ്ഞനും ചരിത്രകാരനും. തൃശൂര്‍ പ...)
അടുത്ത വ്യത്യാസം →

11:02, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അച്യുതമേനോന്‍, കോമാട്ടില്‍ (1887 - 1963)

നിയമജ്ഞനും ചരിത്രകാരനും. തൃശൂര്‍ പട്ടണത്തിലുളള കോമാട്ടില്‍കുടുംബത്തില്‍ 1887-ല്‍ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസം തൃശൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലും അധ്യയനം തുടര്‍ന്നു. 1907-ല്‍ ബി.എ.യും തുടര്‍ന്ന് ബി.എല്‍. ബിരുദവും നേടിയശേഷം തൃശൂര്‍ കോടതികളില്‍ പ്രാക്ടീസ് ആരംഭിച്ചു (1909). ഇക്കാലത്ത് തൃശൂര്‍ നഗരസഭാധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗവ. വക്കീല്‍, സെഷന്‍സ് ജഡ്ജി, സ്പെഷ്യല്‍ പ്യൂണി ജഡ്ജി, ചീഫ് സെക്രട്ടറി എന്നീ പല പദവികളും വഹിച്ചശേഷം ആര്‍.കെ. ഷണ്മുഖം ചെട്ടി ദിവാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചപ്പോള്‍ കുറച്ചുകാലം ആ പദവിയും വഹിച്ചു. 1942 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ ഇദ്ദേഹം ഭക്ഷ്യോത്പാദന കമ്മീഷണറായും സേവനം അനുഷ്ഠിച്ചു.

തൃശൂര്‍ കേരളവര്‍മ കോളജ്, കൊച്ചിന്‍ നായര്‍ ബാങ്ക്, കേരള ബാങ്കേഴ്സ് അസോസിയേഷന്‍, എറണാകുളം ലോട്ടസ് ക്ളബ്ബ്, തൃശൂര്‍ വിവേകോദയ സമാജം, കൊച്ചിന്‍ ഒളിമ്പിക് അസോസിയേഷന്‍, തൃശൂര്‍ ബാനര്‍ജി ക്ളബ്ബ് എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മേനോന്‍ മുന്‍കൈ എടുത്തിരുന്നു. ഇദ്ദേഹം കലാമണ്ഡലം മാനേജിങ് കമ്മിറ്റി ചെയര്‍മാനും കൊച്ചി നായര്‍ മഹാസമാജം അധ്യക്ഷനും തൃശൂര്‍ ഗാനസമാജസ്ഥാപകനുമായിരുന്നു. ഇദ്ദേഹത്തിന്റെ പത്നി തെക്കെകുറുപ്പത്ത് മാളികയില്‍ നാരായണി അമ്മ ഒരു സംഗീതവിദുഷിയായിരുന്നു. തിരു-കൊച്ചിയിലെ ഭൂമികുടിയായ്മ സമിതി അധ്യക്ഷന്‍, കേരള ഔദ്യോഗിക ഭാഷാക്കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളിലും മേനോന്‍ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി ബ്രിട്ടിഷ് ഗവ. 'റാവുസാഹിബ്' സ്ഥാനവും കൊച്ചിമഹാരാജാവ് വീരശൃംഖലയും നല്കി.

'കേരള ഇതിഹാസസമിതി'യുടെ സ്ഥാപകരില്‍ ഒരാളായ മേനോന് ഇംഗ്ളീഷിലും മലയാളത്തിലും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. കൊച്ചിയിലെ സ്ഥലനാമങ്ങള്‍, തെക്കേ ഇന്ത്യയും ചീനയും എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെ കുറിക്കുന്നു. ഒട്ടേറെ ലേഖനങ്ങളും ഏന്‍ഷ്യന്റ് കേരള എന്നൊരു ഇംഗ്ളീഷ് കൃതിയും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ചരിത്രഗവേഷണത്തില്‍ അതീവതത്പരനായിരുന്ന അച്യുതമേനോന്‍ 1963 മാ. 8-ന് തൃശൂരില്‍വച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമത്തില്‍ സ്ഥാപിച്ച ഇതിഹാസ സമിതിയാണ് പില്ക്കാലത്ത് 'കേരള ഹിസ്റ്ററി അസോസിയേഷന്‍' ആയി രൂപാന്തരം പ്രാപിച്ചത്. (വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍