This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓപോർട്ടോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഓപോർട്ടോ == == Oporto == പോർച്ചുഗലിന്റെ പശ്ചിമതീരത്തുള്ള വ്യാവസായ...)
അടുത്ത വ്യത്യാസം →
09:43, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓപോർട്ടോ
Oporto
പോർച്ചുഗലിന്റെ പശ്ചിമതീരത്തുള്ള വ്യാവസായിക നഗരം. തലസ്ഥാനമായ ലിസ്ബന് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓപോർട്ടോയുടെ ദേശീയനാമം പോർട്ടു എന്നാണ്. ഡോറൂ നദീമുഖത്തിന് അഞ്ചു കി.മീ. മുകളിലായി നദിയുടെ ഉത്തരതടത്തിൽ, ലിസ്ബന് 280 കി.മീ. വടക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു. 41011' വടക്ക് 8036' പടിഞ്ഞാറ്.ഇവിടെനിന്നു കയറ്റുമതി ചെയ്യപ്പെടുന്ന പോർട്ട് വീഞ്ഞ് വിശ്വപ്രസിദ്ധമാണ്. ഈ നഗരം ഉത്തരപോർച്ചുഗലിലെ പ്രമുഖ വാണിജ്യകേന്ദ്രം കൂടിയാണ്. സു. 2000 വർഷംമുമ്പുതന്നെ ഒരു അധിവാസകേന്ദ്രമായി വികസിച്ചിരുന്ന ഓപോർട്ടോ പോർച്ചുഗലിലെ ഏറ്റവും ജനസാന്ദ്രമായ നഗരമാണ്. ജനസംഖ്യ: 2,37,559 (2011).
ഡോറൂ ലിറ്റോറൽ പ്രവിശ്യയുടെയും ബിഷപ്പിന്റെയും ആസ്ഥാനമാണ് ഓപോർട്ടോ. നദിക്കു കുറുകേ പണികഴിപ്പിച്ചിട്ടുള്ള അരാബിദാ (270 മീ.), ഡോം ലൂയിസ് (171 മീ.) എന്നീ ആർച്ചുപാലങ്ങള് ലോകത്തിലെ ഇത്തരത്തിലുള്ള നീളംകൂടിയ പാലങ്ങളിൽപ്പെടുന്നു. ഇവിടത്തെ വാസ്തുശില്പങ്ങളും ഭവനങ്ങളും ഏറിയകൂറും പൗരസ്ത്യശൈലിയിൽ നിർമിക്കപ്പെട്ടവയാണ്. ഇടുങ്ങിയ തെരുവുകളിലേക്ക് ഉന്തിനില്ക്കുന്ന എടുപ്പുകളുമായി നിലകൊള്ളുന്ന മാളികനിരകള് പഴയനഗരത്തിലെ സാധാരണകാഴ്ചയാണ്. നൂതനമാതൃകയിലുള്ള കെട്ടിടങ്ങളും ഭവനങ്ങളും ധാരാളമായി നിർമിക്കപ്പെട്ടുവരുന്നു. നദിയുടെ തെക്കേക്കരയിലെ നോവാദെജീയ ആണ് വിശ്വോത്തരമായ പോർട്ട് വീഞ്ഞിന്റെ നിർമാണകേന്ദ്രം.
ഓപോർട്ടോയിലെ ജനതയിൽ മൂന്നിലൊന്നോളം വിവിധ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇവിടത്തെ മുഖ്യ ഉത്പന്നം പോർട്ട് വീഞ്ഞാണ്. പരുത്തിത്തുണി, കമ്പിളി, പട്ട്, തുകൽ സാധനങ്ങള്‍, പുകയില വസ്തുക്കള്‍, മദ്യം, ഭക്ഷ്യസാധനങ്ങള്‍, ആഭരണങ്ങള്‍, സോപ്പ് തുടങ്ങിയവയും വന്‍തോതിൽ നിർമിച്ചുവരുന്നു. രാസദ്രവ്യങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, മോട്ടോർ സൈക്കിള്‍, മോട്ടോർവാഹനങ്ങള്ക്കുള്ള ടയറും ട്യൂബും തുടങ്ങിയവയുടെ ഉത്പാദനമാണ് ഘനവ്യവസായങ്ങളായി ഉള്ളത്. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്. പോർച്ചുഗലിലെ റെയിൽ ഗതാഗതത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ഓപോർട്ടോ. ലിസ്ബന്, വാലെന്സാ ദോമിനോ, ബാർകാദേ അൽവാ എന്നിവിടങ്ങളിലേക്കും പുറം രാജ്യങ്ങളിലേക്കുമുള്ള ട്രയിന്‍ സർവീസുകളുടെ കേന്ദ്രമായ പാംപിലോസയിലേക്കും ഓപോർട്ടോയിൽനിന്ന് റെയിൽപ്പാതകളുണ്ട്. മുമ്പ് "പെദ്രാസ് റുബ്റാസ്' എന്നറിയപ്പെട്ടിരുന്ന പോർട്ടോ എയർപോർട്ട് പ്രധാന വിമാനത്താവളമാണ്. അതിപ്രാചീനമായ ക്രസ്തവ ദേവാലയങ്ങളുടെ ആസ്ഥാനമാണ് ഓപോർട്ടോ, പുരാവസ്തു സംരക്ഷണ കേന്ദ്രങ്ങളായ അനേകം കാഴ്ചബംഗ്ലാവുകളും മികച്ച ഒരു ഗ്രന്ഥശാലയും ഈ നഗരത്തിലുണ്ട്. പലാഷ്യോ ദേക്രിസ്റ്റൽ എന്ന കണ്ണാടിമാളിക വിശേഷപ്പെട്ട ഒരു കാഴ്ചവസ്തുവാണ്. ഓപോർട്ടോ പോർച്ചുഗലിലെ ഒരു വിദ്യാഭ്യാസ ഗവേഷണകേന്ദ്രവുമാണ്. 1958, 60 വർഷങ്ങളിൽ ഫോർമുല ഓണ്‍ പോർച്ചുഗീസ് ഗ്രാന്റ് പ്രിമോട്ടോർ മത്സരങ്ങള്‍ ഒപോർട്ടോ നഗരത്തിലാണ് അരങ്ങേറിയത്. 1996-ൽ "ഹിസ്റ്റോറിക് സെന്റർ ഒഫ് പോർട്ടോ' ഒരു ലോകപൈതൃകകേന്ദ്രമായി യുണെസ്കോ പ്രഖ്യാപിച്ചു.