This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓട്ടർ == == Otter == മാംസഭുക്കായ ഒരു ജലസസ്‌തനി. "നീർനായ്‌' എന്നുകൂടി...)
അടുത്ത വ്യത്യാസം →

08:36, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്ടർ

Otter

മാംസഭുക്കായ ഒരു ജലസസ്‌തനി. "നീർനായ്‌' എന്നുകൂടി പേരുള്ള ഇത്‌ രണ്ടു പ്രധാന വിഭാഗങ്ങളിൽപ്പെടുന്നു: ലൂത്രാ ജീനസ്സിൽപ്പെടുന്ന പുഴ-ഓട്ടറുകളും, എന്‍ഹൈഡ്രിസ്‌ ജീനസ്സിൽപ്പെടുന്ന കടൽ-ഓട്ടറുകളും. ഓട്ടറുകള്‍ പൊതുവേ നീണ്ടുമെലിഞ്ഞ ശരീരമുള്ളവയാണ്‌. വിവിധ സ്‌പീഷീസുകളുടെ അംഗങ്ങള്‍ക്ക്‌ മുക്കാൽ മുതൽ ഒന്നേകാൽ മീറ്റർ വരെ നീളമുണ്ടാകും. വാൽ ഒഴിച്ചുള്ള ശരീരഭാഗത്തിന്റെ നീളമാണിത്‌. പരന്നു കൂർത്തവാൽ വെള്ളത്തിൽ നീന്തുമ്പോള്‍ ഓട്ടറിനെ ശരിയായ ദിശയിൽ മുന്നോട്ടുനയിക്കുന്നു. കുറുകിയതെങ്കിലും ദൃഢപേശികളാൽ നിർമിതമായ കാലുകള്‍ അസാധാരണമായ ചലനശേഷി പ്രദർശിപ്പിക്കുന്നവയാണ്‌. മുന്‍കാലുകള്‍ പിന്‍കാലുകളെക്കാള്‍ വളരെ ചെറുതായിരിക്കും. ഓരോ പാദത്തിലും അഞ്ചു വിരലുകളുണ്ടാവും. ഈ വിരലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചർമം (web)ഓട്ടറിന്റെ സവിശേഷതയാണ്‌. ചുണ്ടിന്റെ ചുറ്റിലുമായി ധാരാളം "മീശ' (whiskers) കൊണാം. കാണാന്‍ പറ്റാത്തത്ര ചെറിയ ചെവികളും, വലുതും വ്യക്തവുമായ കണ്ണുകളും ഇവയുടെ ജലജീവിതത്തിന്‌ അനുകൂലങ്ങളാകുന്നു. ഓട്ടറിന്റെ ശരീരം പൊതിഞ്ഞിരിക്കുന്നത്‌ രണ്ടിനത്തിൽപ്പെട്ട രോമങ്ങള്‍ കൊണ്ടാണ്‌: ദേഹത്തോടു ചേർന്നിരിക്കുന്നതും വെള്ളം കടക്കാത്തതുമായ(waterproof) അകത്തെ രോമപാളിയും; അതിനുപുറമേ കാണുന്ന കട്ടിയുള്ള രോമങ്ങളും. "അണ്ടർഫർ' എന്നുപേരുള്ള "അകംപാളി'യിലെ രോമം നീളം കുറഞ്ഞ്‌, ഇടതിങ്ങിയതും കമ്പിളിപോലെയുള്ളതുമാണ്‌. പുറംപാളിയിലെ രോമങ്ങള്‍ നീണ്ടു പരുപരുത്തതായിരിക്കുന്നു. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ ചാരം കലർന്ന തവിട്ടുനിറവും അടിവശത്തിന്‌ ഇളംതവിട്ടുനിറവുമാണ്‌; കഴുത്തിന്‌ വെള്ളയും. മത്സ്യങ്ങള്‍, കക്കകള്‍, ഒച്ചുകള്‍, തവളകള്‍, ചെറുകിളികള്‍, ചെറുസസ്‌തനികള്‍ തുടങ്ങിയവയെല്ലാം ഓട്ടറിന്റെ ഭക്ഷണമാണ്‌. കടൽ-ഓട്ടറുകളുടെ ഭക്ഷണത്തിൽ കക്കകള്‍ക്കാണ്‌ പ്രഥമസ്ഥാനം. തിരകളിൽ മലർന്നുകിടന്ന്‌, കൈയിൽ പിടിച്ചിരിക്കുന്ന കക്കയ്‌ക്കുള്ളിൽ നിന്ന്‌ കക്കയിറച്ചി നക്കിയും കടിച്ചും അകത്താക്കുന്നു ഓട്ടർ, കല്ലുപയോഗിച്ച്‌ കക്കകള്‍ തല്ലിപ്പൊളിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഒരായുധം ഉപയോഗിക്കാന്‍ കഴിയുന്ന അപൂർവം ജന്തുക്കളിൽ ഒന്നാണ്‌ ഓട്ടർ. വെള്ളത്തിൽ മലർന്നു കിടക്കുന്ന ഈ ജീവി ഭക്ഷണസമയത്ത്‌ പലപ്പോഴും ഭക്ഷ്യവസ്‌തുക്കള്‍ നിരത്തിവച്ച്‌ തന്റെ വയർ "തീന്‍മേശ'യായി ഉപയോഗിക്കുന്നതും കാണാം.

ഏറ്റവും വേഗത്തിൽ നീന്തുന്നതിനു കഴിവുള്ള അപൂർവം ജലജീവികളിൽ ഒന്നായ ഓട്ടർ ഒരു മുങ്ങൽവിദഗ്‌ധന്‍ (diver) കൂടിയാണ്‌. എന്നാൽ കരയിലൂടെയുള്ള ഇവയുടെ സഞ്ചാരം കാഴ്‌ചയ്‌ക്ക്‌ തീരെ അരോചകമത്ര. കടൽ ഓട്ടറുകള്‍ രാത്രിയാകുന്നതോടെ കടൽപ്പായലിൽ ഉരുണ്ട്‌, ശരീരം പായൽകൊണ്ടു പൊതിയുന്നതുകാണാം. ഇപ്രകാരം ഉണ്ടാക്കിയെടുക്കുന്ന മൃദുവായ "പായൽപ്പുതപ്പ്‌' സുഖനിദ്രയ്‌ക്കും സ്രാവുകളിൽ നിന്നുള്ള രക്ഷയ്‌ക്കും സഹായകമാകുന്നു. തീരത്തോടടുത്താണ്‌ ഇവ രാത്രി കഴിച്ചു കൂട്ടുന്നത്‌. ലൂത്രാ ജീനസ്സിൽപ്പെട്ട ഓട്ടറുകള്‍ (river otters)നദിക്കരകളിലാണ്‌ ജീവിക്കുന്നത്‌. മത്സ്യഭുക്കായ ലൂത്രാ വള്‍ഗാരിസ്‌ ഇതിനുദാഹരണമാണ്‌. നദിക്കരയിലെ വൃക്ഷങ്ങളുടെ വേരുകള്‍ക്കിടയിലും മറ്റും ചെറുതുരങ്കങ്ങളുണ്ടാക്കി, അതിനുള്ളിൽ ഇലകളും പുല്ലും നിരത്തി, കൂടുകള്‍ ചൂടുള്ളതും സുരക്ഷിതവുമാക്കാന്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഒരു പ്രസവത്തിൽ ഒന്നുമുതൽ അഞ്ചുവരെ കൂട്ടികള്‍ ഉണ്ടാകാറുണ്ടെങ്കിലും, സാധാരണ എണ്ണം രണ്ടോ മൂന്നോ ആണ്‌. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ വെള്ളത്തിനോട്‌ യാതൊരാഭിമുഖ്യവും കാട്ടാറില്ല. തന്നെയുമല്ല, ജലാശയങ്ങള്‍ അവയ്‌ക്ക്‌ ഭീതിതമാണുതാനും. കുറച്ചു പ്രായമാകുന്നതോടെ അമ്മയുടെ മുതുകിലേറി വെള്ളത്തിലിറങ്ങാന്‍ അവ തയ്യാറാകുന്നു. ക്രമേണ തനിച്ചിറങ്ങിത്തുടങ്ങും.

യൂറോപ്പ്‌, ഏഷ്യയുടെ ഭാഗങ്ങള്‍, ജപ്പാന്‍, മുന്‍ യു.എസ്സ്‌.എസ്സ്‌.ആറിലെ കുറീൽ ദ്വീപുകള്‍ എന്നിവിടങ്ങളിൽ സാധാരണമായ ഓട്ടറിന്‌ 1.5-2 മീ. നീളവും 10 കി.ഗ്രാം ഭാരവുമുണ്ട്‌. പെണ്ണിന്‌ ആണിനെക്കാള്‍ വലുപ്പം കുറവാകുന്നു. ലൂത്രാ കാനഡന്‍സിസ്‌ എന്ന അമേരിക്കന്‍ ഓട്ടർ കാനഡയിൽ ധാരാളമായി കാണപ്പെടുന്ന ഇനമാണ്‌. ഇവയ്‌ക്ക്‌ യൂറോപ്യന്‍ ഓട്ടറിനോട്‌ ആകാരസാദൃശ്യമുണ്ട്‌. എന്നാൽ അതിനെക്കാള്‍ വലുപ്പം അല്‌പം കൂടുതലായിരിക്കും. ഇവയുടെ രോമം (fur) വിലയുറ്റ ഒരു വ്യാപാരച്ചരക്കാകുന്നു. ഇന്ത്യയിലും ദക്ഷിണപൂർവേഷ്യയിലും ഉള്ള ഇനമാണ്‌ "ചെറിയ നഖ'മുള്ള ഓട്ടർ (small clawed otter). ഇവ യൂറോപ്യന്‍ സ്‌പീഷീസിനേക്കാള്‍ വളരെ ചെറുതാകുന്നു. പശ്ചിമ-ദക്ഷിണാഫ്രിക്കകളിൽ കാണപ്പെടുന്ന നഖമില്ലാത്ത (clawless) ഓട്ടറുകള്‍ താരതമ്യേന വലുപ്പമേറിയവയാണ്‌. ചതുപ്പുകളിൽ കഴിയുന്ന ഇവയുടെ ആഹാരം തവളകളും മൊളസ്‌കുകളും ആകുന്നു. ഓട്ടറുകളിൽ ഏറ്റവും വലുപ്പം കൂടിയ ഇനമാണ്‌ "ജയന്റ്‌ ബ്രസീലിയന്‍' ഓട്ടർ. മൂന്നേകാൽ മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഇതിന്റെ വാൽ പരന്നതായിരിക്കും. വെള്ളത്തിൽ നീന്തിത്തുടിച്ചു കളിക്കുന്നതിനിഷ്‌ടപ്പെടുന്ന, വിനോദപ്രിയനായ ഓട്ടർ വളരെ വേഗമിണങ്ങുന്ന ഒന്നാന്തരമൊരു വളർത്തുമൃഗമാകുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍