This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒളിമ്പിക്‌സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒളിമ്പിക്‌സ് == == Olympics == ലോകത്തിലെ ഏറ്റവും പ്രധാന കായികമേളയാ...)
അടുത്ത വ്യത്യാസം →
07:16, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒളിമ്പിക്‌സ്
Olympics
ലോകത്തിലെ ഏറ്റവും പ്രധാന കായികമേളയാണ് ഒളിമ്പിക്‌സ്. നാലു വർഷത്തിലൊരിക്കൽ നടത്തുന്ന ഈ മത്സരങ്ങളിൽ ലോകരാഷ്‌ട്രങ്ങളെല്ലാം പങ്കെടുക്കുന്നു. വേനൽക്കാല ഒളിമ്പിക്‌സ്, ശീതകാല ഒളിമ്പിക്‌സ്, ശാരീരിക വൈകല്യങ്ങളുള്ളവർക്കുവേണ്ടിയുള്ള പ്രത്യേക ഒളിമ്പിക്‌സ് (പാരാലിമ്പിക്‌സ്) എന്നിങ്ങനെ മൂന്നു പ്രത്യേക കായികമേളകളാണ് ആധുനിക കാലത്ത് ഒളിമ്പിക്‌സിന്റെ ഭാഗമായി നടക്കുന്നത്. വേനൽക്കാല മത്സരങ്ങള്‍ക്കും ശീതകാല മത്സരങ്ങള്‍ക്കും ഇടയിൽ രണ്ടുവർഷത്തെ ഇടവേളകള്‍ ഉണ്ടായിരിക്കും. 26 വിഭാഗങ്ങളിലെ 400-ൽപ്പരം മത്സര ഇനങ്ങളിൽ 10,000-ത്തിൽപ്പരം കളിക്കാർ മാറ്റുരയ്‌ക്കുന്ന മഹാമേളകളാണ് സമീപകാല ഒളിമ്പിക്‌സുകള്‍. ഇവയുടെ നടത്തിപ്പ്, മേൽനോട്ടം, താമസം, ആഹാരം, സുരക്ഷ, വാർത്താവിനിമയം, ഗതാഗതം എന്നിവയടക്കമുള്ള അനുബന്ധ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന ഭീമമായ മാനേജ്‌മെന്റ് ദൗത്യമാണ് ഇതിന്റെ സംഘാടനം. മനുഷ്യന്റെ കായിക പുരോഗതിയുടെ മാനദണ്ഡമായിട്ടാണ് ഒളിമ്പിക്‌സിനെ ആധുനിക ലോകം കാണുന്നത്. പുരാതന ഗ്രീസിൽ 776 ബി.സി. മുതൽ 393 ബി.സി. വരെ നടന്നിരുന്ന ഒളിമ്പിക് മത്സരങ്ങള്‍ പുനരുദ്ധരിച്ച് 1896 മുതൽ നടത്തപ്പെടുന്ന മത്സരങ്ങളാണ് ആധുനിക ഒളിമ്പിക്‌സ് എന്നറിയപ്പെടുന്നത്. ഫ്രഞ്ചുകാരനായ പിയെർ ഡി കുബെർടിന്‍ പ്രഭു 1894-ൽ രൂപം നൽകിയ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയാണ് മത്സരങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്നത്.
പുരാതന ഒളിമ്പിക് മത്സരങ്ങള്‍. ഗ്രീസിൽ പുരാതന കാലത്തു നടന്നിരുന്ന ഒളിമ്പിക് മത്സരങ്ങളുടെ ആരംഭത്തെ ക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ല. ഗ്രീസിലെ ചില പുരാണ കഥകളിൽ പറയുന്നത് സിയൂസ് ദേവന്റെ പുത്രനായ ഹെറാക്ലിസ് ആണ് നാലു വർഷങ്ങള്‍ ഇടവിട്ട് ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്ന പതിവ് ആരംഭിച്ചത് എന്നത്ര. ഹെറാക്ലിസ് സിയൂസിന്റെ ബഹുമാനാർഥം ഒളിമ്പിക് സ്റ്റേഡിയം നിർമിക്കുകയും മത്സരങ്ങള്‍ക്ക് ഒളിമ്പിക്‌സ് എന്ന പേരുനൽകുകയും ചെയ്‌തു എന്നും വിശ്വസിക്കപ്പെടുന്നു. ഹെറാക്ലിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇരുന്നൂറു ചുവടു നടക്കുകയും ഈ ദൂരത്തെ സ്റ്റേഡിയ എന്ന അളവായി മത്സരങ്ങള്‍ക്കുവേണ്ടി നിജപ്പെടുത്തകയും ചെയ്‌തു എന്നും ഒരു വിശ്വാസം നിലവിലുണ്ട്. ഒളിമ്പിക് മത്സരങ്ങള്‍ നടക്കുന്ന കാലയളവിൽ ഗ്രീസിലെ വിവിധ നഗര രാജ്യങ്ങള്‍ ഒരു സമാധാന ഉടമ്പടി പാലിച്ചിരുന്നു. ഇത്തരമൊരു സമാധാന ഉടമ്പടിയുമായി ബന്ധപ്പെട്ടാണ് മത്സരങ്ങള്‍ ഉണ്ടായത് എന്നും അനുമാനിക്കപ്പെടുന്നു. ഒളിമ്പിയയിൽ കണ്ടെത്തിയ ചില ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തിൽ ബി.സി. 776-ൽ മത്സരങ്ങള്‍ ആരംഭിച്ചതായി ഗണിക്കപ്പെട്ടിരിക്കുന്നു. 776-ൽ ആരംഭിച്ചതും നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്നതുമായ ഓട്ടമത്സരത്തിലെ വിജയികളെക്കുറിച്ച് അവയിൽ പരാമർശമുണ്ട്.
ഏലീസ് നഗരത്തിൽ നിന്നുള്ള കൊറോബസ് എന്ന പാചകക്കാരനായിരുന്നു ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍. ആദ്യ കാലങ്ങളിൽ ഒളിമ്പിക് മത്സരങ്ങള്‍ ഒരു ദിവസം മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂ. ഇന്നത്തെപ്പോലെ അനവധി മത്സരങ്ങളും ഉണ്ടായിരുന്നില്ല. ഒളിമ്പിക് സ്റ്റേഡിയത്തിന്റെ ദൂരം ഓടിത്തീർക്കുന്ന ഒരേയൊരു മത്സരമാണ് അന്നു നടത്തപ്പെട്ടിരുന്നത്. പില്‌ക്കാലത്ത് കൂടുതൽ കൂടുതൽ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുതുടങ്ങി. ഡിസ്‌കസ് ത്രാ, ജാവലിന്‍ ത്രാ, ബ്രാഡ് ജബ്, ബോക്‌സിങ്, ഗുസ്‌തി, പെന്റാതലണ്‍, ചാരിയറ്റ് റേസ് എന്നിവയാണ് പില്‌ക്കാലത്ത് ഉള്‍ക്കൊള്ളിച്ച ഇനങ്ങള്‍. മത്സരകാലം ഏഴുദിവസം വരെയായി ദീർഘിപ്പിച്ചു. മതപരമായ ചടങ്ങുകളും ഇതോടൊപ്പം നടത്തിയിരുന്നു. ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവകാശം ഗ്രീക്കുകാർക്കു മാത്രമായിരുന്നു. എല്ലാ ഗ്രീക്കു കോളനികളിലെയും ആള്‍ക്കാർ ഇതിൽ പങ്കെടുത്തിരുന്നു എന്നത് ഒരു സവിശേഷതയാണ്. പങ്കെടുക്കുന്ന കളിക്കാരെ യാതൊരുവിധത്തിലും വിഷമിപ്പിക്കരുത് എന്ന ഒരു വിശുദ്ധ ഉടമ്പടി നേരത്തേതന്നെ ഉണ്ടാക്കിയിരുന്നു. ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കാന്‍ അന്ന് സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല. ഡെമറ്ററിലെ കന്യാസ്‌ത്രീകള്‍ക്കു മാത്രമാണ് അക്കാലത്ത് മത്സരം കാണാന്‍ അനുവാദം ഉണ്ടായിരുന്നത്. മത്സരം തുടങ്ങുന്നതിനു മുമ്പായി എല്ലാ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും പരിശീലകരും വിധികർത്താക്കളും ചേർന്ന് ഒരു തീരുമാനം കൈക്കൊള്ളുക എന്ന നയം പ്രാബല്യത്തിലുണ്ടായിരുന്നു. മത്സരങ്ങള്‍ തങ്ങള്‍ ഭംഗിയായും ന്യായാധിഷ്‌ഠിതമായും തന്നെ നടത്തിക്കൊള്ളാം എന്നതായിരുന്നു ആ തീരുമാനം.
ഒളിമ്പിക്‌സിന് ഗ്രീക്കു ജീവിതത്തിൽ ഗണ്യമായ സ്വാധീനത ഉണ്ടായിരുന്നു. മത്സര വിജയികള്‍ക്കു നല്‌കിയിരുന്ന സമ്മാനം ഒലിവ് മരത്തിന്റെ ഒരു ചെറുശാഖയായിരുന്നു. ഇത് ഒരു വലിയ ബഹുമതിയായിട്ടാണ് ജനങ്ങള്‍ കരുതിപ്പോന്നത്. സാധാരണ ജനങ്ങള്‍ക്കൊപ്പം രാജാക്കന്മാരും ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു എന്നത് ഈ മത്സരങ്ങളുടെ സാർവജനീനതയെ സൂചിപ്പിക്കുന്നു. റോമാചക്രവർത്തിയായിരുന്ന നീറോ (എ.ഡി. 37-68) ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജേതാക്കളെ രാഷ്‌്രത്തിന്റെ ആരാധ്യ പുരുഷന്മാരായി കണക്കാക്കിയിരുന്നു. സംഗീതജ്ഞർ അവരെ പാടിപ്പുകഴ്‌ത്തുകയും, ശില്‌പികള്‍ അവരുടെ ശരീരഭംഗിയും ശക്തിയും മാർബിള്‍ പ്രതിമകളിൽ പകർത്തുകയും ചെയ്‌തുവന്നിരുന്നു. അവരുടെ സാമർഥ്യവും ധൈര്യവും സാഹസികതയും കവികള്‍ക്കും കഥയെഴുത്തുകാർക്കും പ്രതിപാദ്യ വിഷയമായിട്ടുണ്ട്. ബി.സി. ആറ്, അഞ്ച് ശതകങ്ങളിൽ പുരാതന ഒളിമ്പിക് മത്സരങ്ങള്‍ അഭിവൃദ്ധിയുടെ പാരമ്യത്തിലെത്തിയശേഷം ക്രമേണ നാശോന്മുഖമാകാന്‍ ആരംഭിച്ചു. റോമാക്കാർ ഗ്രീസിനു മേൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് ഒളിമ്പിക് മത്സരങ്ങള്‍ നിന്നുപോയത്. തിയഡോഷിയസ് ഒന്നാമന്‍ ചക്രവർത്തി 393 എ.ഡി.-യിൽ എല്ലാ പാഗന്‍ സംസ്‌കാര ചിഹ്നങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണ് പുരാതന ഒളിമ്പിക് മത്സരങ്ങള്‍ അവസാനിച്ചത് എന്നാണ് വിശ്വാസം. തിയഡോഷിയസ് രണ്ടാമന്‍ 462 എ.ഡി.-യിൽ ഒളിമ്പിക് സ്റ്റേഡിയം നശിപ്പിക്കുകയും ചെയ്‌തു.
ആധുനിക ഒളിമ്പിക്‌സ്. പുരാതന ഒളിമ്പിക്‌സിന്റെ മാതൃകയിൽ കായിക മേളകള്‍ സംഘടിപ്പിക്കാന്‍ പില്‌ക്കാലത്ത് പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് അഭിഭാഷകനായിരുന്ന റോബെർട് ഡോവെർ 1612-ൽ ആരംഭിച്ച കോസ്റ്റ്‌വോള്‍ഡ് ഒളിമ്പിക് മത്സരങ്ങള്‍ ഇന്നും തുടരുന്നു. ആധുനിക ഒളിമ്പിക് മത്സരങ്ങള്‍ക്ക് പ്രചോദനവും മാതൃകയുമായിരുന്നു ഈ കായികമേള. 1796 മുതൽ 98 വരെ ഫ്രാന്‍സിൽ ഒരു ദേശീയ ഒളിമ്പിക് മേള നടന്നിരുന്നു. കായികരംഗത്ത് മെട്രിക് അളവുകള്‍ ഉപയോഗിച്ചു തുടങ്ങിയത് ഈ മേളയിലാണ്. വെന്‍ലോക് ഒളിമ്പിക് മത്സരങ്ങള്‍ എന്നറിയപ്പെടുന്ന ഒരു വാർഷിക മേള ഡോ. വില്യം പെന്നി ബ്രൂക്‌സ് എന്ന ഇംഗ്ലീഷുകാരന്‍ 1850-ൽ ആരംഭിച്ചത് ഇന്നും നടന്നുവരുന്നു. ബ്രൂക്‌സും മറ്റു ചിലരും കൂടി ലിവർപൂളിൽ രൂപം നൽകിയ നാഷണൽ ഒളിമ്പിക് അസോസിയേഷനാണ് ബ്രിട്ടീഷ് ഒളിമ്പിക് അസോസിയേഷന് മാതൃകയായത്. ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷന്റെ ചാർട്ടർ രൂപപ്പെടുത്തിയതും ഇവരുടെ രേഖകളെ അടിസ്ഥാനമാക്കിയാണ്. ഒളിമ്പിക്‌സിന്റെ മാതൃക പിന്തുടരുന്ന ചെറുതും വലുതുമായ പല മേളകളും ഇക്കാലത്ത് ബ്രിട്ടനിൽ നടന്നുവന്നിരുന്നു. ഓട്ടോമാന്‍ സാമ്രാജ്യത്തിൽനിന്നുള്ള സ്വാതന്ത്യ്രത്തിനായുള്ള 1821-ലെ യുദ്ധത്തെത്തുടർന്ന് തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമായ ഒളിമ്പിക് മത്സരങ്ങള്‍ പുനരുദ്ധരിക്കണമെന്ന അഭിലാഷം ഗ്രീക്കുകാരിൽ ഉടലെടുത്തു. പല ഗ്രീക്കു സാംസ്‌കാരിക നായകരും ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ സ്ഥിരമായി പുനരുദ്ധരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടും അതിനുള്ള ചെലവ് താന്‍ വഹിക്കാമെന്നും ഏറ്റുകൊണ്ട് ഇവാന്‍ജെലിസ് സാപ്പാസ് എന്ന കോടീശ്വരന്‍ ഗ്രീസിലെ ഓട്ടോ രാജാവിന് 1856-ൽ കത്തെഴുതി. ഈ പരിശ്രമങ്ങളെത്തുടർന്ന് 1859-ൽ ആഥന്‍സ് നഗരത്തിൽ ഒളിമ്പിക്‌സ് വീണ്ടും സംഘടിപ്പിക്കപ്പെട്ടു. ഗ്രീസിലെയും ഒട്ടൊമാന്‍ സാമ്രാജ്യത്തിലെയും കളിക്കാർ ഇതിൽ പങ്കെടുത്തു. 1870-ലും 75-ലും ഇവിടെ വീണ്ടും ഒളിമ്പിക് മത്സരങ്ങള്‍ നടക്കുകയുണ്ടായി. അന്തർദേശീയ കായികമേളയായി ഒളിമ്പിക്‌സ് പുനരുദ്ധരിക്കപ്പെട്ടത് ഫ്രഞ്ചുകാരനായ പിയർ ഡി കുബെർടിന്‍ പ്രഭുവിന്റെ (1863-1937) ശ്രമഫലമായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനും പണ്ഡിതനും ആയിരുന്നെങ്കിലും ഇദ്ദേഹം കായികാഭ്യാസി ആയിരുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. 1870-ലെ ഫ്രാങ്കോ പ്രഷ്യന്‍ യുദ്ധത്തിൽ ജർമനിയിൽനിന്ന് ഫ്രാന്‍സിനേറ്റ പരാജയം ബാലനായിരുന്ന കുബെർടിനെ വേദനിപ്പിച്ചു എന്നും ഫ്രഞ്ച് സൈനികരുടെ കായികശേഷിക്കുറവാണ് പരാജയകാരണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നും പറയപ്പെടുന്നു. അമേരിക്ക, ജർമനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പഠിച്ചപ്പോള്‍ സമഗ്രമായ വ്യക്തിത്വ വികാസത്തിന് കായികാഭ്യാസം കൂടിയേതീരൂ എന്ന നിഗമനത്തിൽ അദ്ദേഹം എത്തിയതായും കരുതുന്നു. ഗ്രീസിന്റെ സുവർണയുഗത്തിലെ ശ്രഷ്‌ഠതയുടെ കാരണങ്ങളിൽ ഒന്ന് കായികസംസ്‌കാരവും കായികോത്സവങ്ങളും ആണെന്നും ദേശീയമായ വൈരാഗ്യങ്ങളും വ്യത്യാസങ്ങളും മറന്ന് ലോകരാഷ്‌ട്രങ്ങളിലെ കായികാഭ്യാസികള്‍ നാലുവർഷത്തിലൊരിക്കൽ ഒരുമിച്ച് ഒരു കായികമേളയിൽ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആശയം സാക്ഷാത്‌കരിക്കാനായി അദ്ദേഹം പ്രയ്‌തനം ആരംഭിച്ചു. വില്യം പെന്നി ബ്രൂക്‌സിന്റെ ഒളിമ്പിക് അസോസിയേഷനും ഗ്രീസിൽ ആധുനികകാലത്തു നടന്ന ഒളിമ്പിക്‌സുകളും കുബെർടിൽ പ്രഭുവിന് പ്രചോദകമായി. വെന്‍ലോക് ഒളിമ്പിക്‌സ് മത്സരങ്ങള്‍ കണ്ടശേഷം അദ്ദേഹം 1890-ൽ ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷന്‍ സ്ഥാപിച്ചു. ഗ്രീക്ക് എഴുത്തുകാരനായിരുന്ന ദി മെട്രിയസ് വികെലാസ് ആയിരുന്നു അതിന്റെ ആദ്യത്തെ പ്രസിഡന്റ്. 1890-ൽ ഫ്രാന്‍സിലെ സോർബോണ്‍ സർവകലാശാലയിൽ ഒരു അന്താരാഷ്‌ട്ര സമ്മേളനം വിളിച്ചുചേർക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. പന്ത്രണ്ടു രാഷ്‌ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനത്തിൽ നാലുവർഷത്തിലൊരിക്കൽ വ്യത്യസ്‌ത രാജ്യങ്ങളിൽ മാറിമാറി നടക്കുന്ന അന്താരാഷ്‌ട്ര ഒളിമ്പിക് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. ഒളിമ്പിക്‌സിന്റെ ജന്മദേശമായ ആഥന്‍സിൽത്തന്നെ ആദ്യത്തെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് 1896-ൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആധുനിക ഒളിമ്പിക്‌സ് എന്ന മഹാപ്രസ്ഥാനം ഇവിടെ ആരംഭിച്ചു. ലോകയുദ്ധങ്ങള്‍ കാരണം മുടങ്ങിയ വർഷങ്ങളിലൊഴികെ (1916, 1940, 1944), എല്ലാ നാലുവർഷങ്ങളിലെ ഇടവേളകളിലും ഒളിമ്പിക്‌സ് നടന്നുവരുന്നു.
ഒളിമ്പിക് മത്സരങ്ങളുടെ നാള്‍വഴി വർഷം നഗരം 1896 ആഥന്‍സ് ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ അന്തർദേശീയ ഒളിമ്പിക്‌സ് മത്സരങ്ങള്‍. 1900 പാരിസ് സ്‌ത്രീകള്‍ പങ്കെടുത്തു തുടങ്ങി. 1904 സെന്റ് വിജയികള്‍ക്ക് സ്വർണം, വെള്ളി, വെങ്കല ലൂയിസ് മെഡലുകള്‍ നൽകാന്‍ തുടങ്ങി. 1908 ലണ്ടന്‍ 22 രാഷ്‌ട്രങ്ങള്‍ പങ്കെടുത്തു. 1912 സ്റ്റോക്‌ഹോം ഒളിമ്പിക് പതാകയിൽ അഞ്ചു വലയങ്ങ ളായി സൂചിപ്പിച്ചിരിക്കുന്ന അഞ്ചു ഭൂഖണ്ഡ ങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുത്തു. 1920 ആന്റ്‌വെർപ് കളിക്കാർ ആദ്യമായി ഒളിമ്പിക് പ്രതിജ്ഞ ചൊല്ലുകയും, ഒളിമ്പിക് പതാക ഉയർത്തു കയും, സമാധാനത്തിന്റെ ചിഹ്നമായി പ്രാവു കളെ പറത്തുകയും ചെയ്‌തു. 1924 പാരിസ് പിയർ കുബെർടിന്‍ പ്രഭു മേൽനോട്ടം വഹിച്ച അവസാനത്തെ ഒളിമ്പിക്‌സ്. 1928 ആംസ്റ്റെർഡാം ഒളിമ്പിക് ദീപശിഖ കൊളുത്തുന്ന ചടങ്ങ് ആരംഭിച്ചു. വേനൽക്കാല ഒളിമ്പിക്‌സ് എന്ന പേര് നിലവിൽ വന്നു. 1932 ലോസ് ചൈന ആദ്യമായി പങ്കെടുത്തു. ആഞ്ചലസ് 1936 ബെർലിന്‍ വർണവിവേചനം രൂക്ഷമായിരുന്ന കാല ഘട്ടത്തിൽ ജെസ്സി ഓവന്‍സ് എന്ന മഹാ നായ അത്‌ലറ്റ് നാലു സ്വർണമെഡൽ നേടിക്കൊണ്ട് ഒളിമ്പിക്‌സിന്റെ താരമായി. 1948 ലണ്ടന്‍ ജോർജ് ആറാമന്‍ രാജാവ് ഉദ്‌ഘാടനം ചെയ്‌തു. 1952 ഹെൽസിങ്കി സോവിയറ്റ് യൂണിയന്‍ ആദ്യമായി പങ്കെടുത്തു. 1956 മെൽബണ്‍/ ഈ ഒളിമ്പിക്‌സ് ആസ്റ്റ്രലിയയിൽ ആണ് സ്റ്റോക്‌ഹോം സംഘടിപ്പിച്ചതെങ്കിലും അവിടത്തെ ക്വാറന്റ റയിന്‍ നിയമങ്ങള്‍ കാരണം കുതിരപ്പന്തയ മത്സരങ്ങള്‍ സ്റ്റോക്‌ഹോമിൽ നടന്നു. 1960 റോം വനിതാ ജിംനാസ്റ്റിക്‌സിലെ 16 മെഡലുക ളിൽ പതിനഞ്ചും റഷ്യ നേടി. 1964 ടോക്കിയോ 16 രാജ്യങ്ങള്‍ ആദ്യമായി പങ്കെടുത്തു. 1968 മെക്‌സിക്കോ ലാറ്റിന്‍ അമേരിക്കയിൽ നടന്ന ഏക ഒളി മ്പിക്‌സ്. കിഴക്കന്‍ ജർമനിയും പശ്ചിമ ജർമനിയും പ്രത്യേക ടീമുകളെ അയച്ചു. 1972 മ്യൂണിക് പലസ്‌തീന്‍ തീവ്രവാദികള്‍ 11 ഇസ്രയേലി അത്‌ലറ്റുകളെ തട്ടിക്കൊണ്ടുപോയി വധി ച്ചത് കരിനിഴൽ വീഴ്‌ത്തിയ ഒളിമ്പിക്‌സ്. 1976 മോണ്‍ട്രിയാൽ വന്‍സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടു ത്തി. എലിസബത്ത് രാജ്ഞി മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 1980 മോസ്‌കോ സോവിയറ്റ് യൂണിയന്റെ അഫ്‌ഗാന്‍ അധി നിവേശത്തിൽ പ്രതിഷേധിച്ച് യു.എസ്.എ. ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചു. 1984 ലോസ് അമേരിക്കന്‍ ബോയ്‌കോട്ടിനു തിരിച്ചടി ആഞ്ചലസ് യായി സോവിയറ്റ് യൂണിയനും, ക്യൂബ, കിഴക്കന്‍ ജർമനി തുടങ്ങിയ രാജ്യങ്ങളും ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചു. 1988 സിയൂള്‍ മാലിദ്വീപ്, അരുബ, കുക് ദ്വീപുകള്‍, സെന്റ് വിന്‍സെന്റ് തുടങ്ങിയ പല രാജ്യങ്ങളും ആദ്യമായി പങ്കെടുത്തു. 1992 ബാർസിലോണ 1972-നു ശേഷം എല്ലാ ഐ.ഒ.സി. രാഷ്‌ട്രങ്ങളും പങ്കെടുത്ത ഒളിമ്പിക്‌സ്. 1996 അത്‌ലാന്‍ഡ 24 രാജ്യങ്ങള്‍ ആദ്യമായി പങ്കെടുത്തു. 2000 സിഡ്‌നി പുതിയ ദശാബ്‌ദത്തിന്റെ മത്സരങ്ങളായി ആഘോഷിക്കപ്പെട്ടു. 2004 ആഥന്‍സ് 202 രാജ്യങ്ങള്‍ പങ്കെടുത്തു. 2008 ബീജിങ് ബീജിങ്ങിലും ചൈനയിലെ മറ്റ് ആറു നഗരങ്ങളിലുമായി നടത്തി. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് വേദിയായി ലണ്ടന്‍ തെര ഞ്ഞെടുത്തതിന്റെ പിറ്റേദിവസമുണ്ടായ ബോംബ് സ്‌ഫോടനം ഒളിമ്പിക്‌സ് ഗ്രാമ ത്തെ ആദ്യന്തം ഭീതിയിലാഴ്‌ത്തിയിരുന്നു
ഒളിമ്പിക് ട്രാഫികളും ബഹുമതികളും. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക് മത്സരത്തിലെ വിജയികള്‍ക്കും ഒളിമ്പിക് പ്രസ്ഥാനത്തിൽ സേവനം നൽകുന്ന സ്ഥാപനങ്ങള്‍ക്കുമായി ചില ട്രാഫികളും ബഹുമതികളും ഏർപ്പെടുത്തിയിട്ടുണ്ട്.
1. ഒളിമ്പിക് കപ്പ്. 1906-ൽ പീയർ ഡി കുബെർട്ടിന്‍ ഏർപ്പെടുത്തിയ ഈ കപ്പ് ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന് ഗണ്യമായ സേവനം നല്‌കിയിട്ടുള്ള സ്ഥാപനത്തിനോ സംഘടനയ്‌ക്കോ നൽകുന്നു.
2. ഒളിമ്പിക് ഡിപ്ലോമ ഒഫ് മെരിറ്റ്. 1905-ൽ ബ്രസെൽ സിൽവച്ചുനടന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിൽവച്ച് ഏർപ്പെടുത്തിയ ഈ ഡിപ്ലോമ ഒളിമ്പിക് മത്സരങ്ങളുടെ നടത്തിപ്പിന് ഏറ്റവും കൂടുതൽ സേവനം അനുഷ്‌ഠിക്കുന്ന വ്യക്തിക്കു നല്‌കിവരുന്നു.
3. മുഹമ്മദ് ടാഹെർ ട്രാഫി. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായ മുഹമ്മദ് ടാഹെർ 1950-ൽ ഏർപ്പെടുത്തിയ ഈ ട്രാഫി ഏറ്റവും മികച്ച അത്‌ലറ്റിനാണു നൽകാറുള്ളത്.
4. ഫീണ്‍ലി കപ്പ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായ സർ തോമസ് ഫീണ്‍ലി 1950-ൽ ഏർപ്പെടുത്തിയ ഈ കപ്പ് മെച്ചപ്പെട്ട ഒരു അമച്വർ സ്‌പോർട്ട്‌സ് ക്ലബ്ബിനോ തദ്ദേശീയ സംഘടനയ്‌ക്കോ ലഭിക്കുന്നു.
5. കൗണ്ട് ബൊണാകൊസ്സാ ട്രാഫി. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗമായിരുന്ന കൗണ്ട് അൽബർട്ടോ ബൊണാകൊസ്സായുടെ ബഹുമാനസൂചകമായി ഇറ്റലിയിലെ നാഷണൽ ഒളിമ്പിക് കമ്മിറ്റി ഏർപ്പെടുത്തിയ ഈ ട്രാഫി ഒളിമ്പിക് മത്സരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സേവനം അനുഷ്‌ഠിക്കുന്ന ഏറ്റവും നല്ല ദേശീയ ഒളിമ്പിക് കമ്മിറ്റിക്കു വർഷന്തോറും കൊടുത്തുവരുന്നു.
6. ടോക്കിയോ ട്രാഫി. 1964-ൽ ടോക്കിയോ സിറ്റി ഏർപ്പെടുത്തിയ ഈ ട്രാഫി ഒളിമ്പിക് മത്സരങ്ങളിൽ ഏറ്റവും മികച്ച സ്‌പോർട്‌സ്‌മാന്‍ഷിപ്പു കാണിക്കുന്ന താരത്തിനോ താരങ്ങളുടെ സംഘത്തിനോ ആണ് കൊടുക്കുന്നത്. ആഘോഷങ്ങള്‍. വളരെ ചിട്ടപ്പെടുത്തിയ രീതിയിലാണ് ഒളിമ്പിക് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒളിമ്പിക് മത്സരം നടത്തുന്ന രാജ്യത്തിന്റെ തലവനെ സ്റ്റേഡിയത്തിന്റെ കവാടത്തിൽവച്ച് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റും ഓർഗനൈസിങ് കമ്മിറ്റിയുടെ പ്രസിഡന്റും ചേർന്നു സ്വീകരിച്ച് ഒരു പീഠത്തിലേക്ക് ആനയിക്കുന്നു. അപ്പോള്‍ ആ രാഷ്‌ട്രത്തിന്റെ ദേശീയഗാനം ആലപിക്കപ്പെടുന്നു. ഇതു കഴിഞ്ഞാൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളുടെ പരേഡുണ്ട്. ഓരോ രാജ്യക്കാരും അവരവരുടെ ഔദ്യോഗികവേഷങ്ങള്‍ ധരിച്ച് അതതു രാജ്യത്തിന്റെ പതാകയും രാജ്യത്തിന്റെ പേരു കൊത്തിയിട്ടുള്ള ഒരു ഷീൽഡും പിടിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നു. അക്ഷരമാലാക്രമത്തിലാണ് രാഷ്‌ട്രങ്ങളെ അണിനിരത്തുന്നത്. ഗ്രീസിന് ഈ ക്രമം ബാധകമല്ല. ഏറ്റവും മുന്നിലായിരിക്കും ഗ്രീസിലെ താരങ്ങള്‍. മത്സരം സംഘടിപ്പിക്കുന്ന രാഷ്‌ട്രത്തിലെ കളിക്കാർ ഏറ്റവും പുറകിൽ പോകണമെന്നുമുണ്ട്. സ്റ്റേഡിയത്തിലെ പരേഡിനു ശേഷം കളിക്കാർ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിരനിരയായി അണിനിരക്കും. മത്സരം സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷന്‍ ഒരു ലഘുപ്രസംഗത്തിനുശേഷം രാഷ്‌ട്രത്തലവനെ ഒളിമ്പിക് മത്സരം ഉദ്‌ഘാടനം ചെയ്യുന്നതിനു ക്ഷണിക്കുന്നു. ഉദ്‌ഘാടനത്തോടെ വാദ്യമേളങ്ങള്‍ ഉതിരുകയും ഒളിമ്പിക് പതാക മന്ദം മന്ദം ഉയർത്തുകയും ചെയ്യുന്നതോടൊപ്പം ശാന്തി പ്രതീകങ്ങളായി പ്രാവുകളെ പറത്തുകയും ആചാരവെടികള്‍ മുഴക്കുകയും ചെയ്യും. ഇതോടെ ഒളിമ്പിക് ദ്വീപം എത്തുകയും "വിശുദ്ധജ്വാല' ജ്വലിപ്പിക്കുകയും ചെയ്യും. ഒപ്പം ഒളിമ്പിക് ഗാനവും ആലപിക്കപ്പെടുന്നു. ഇതിനുശേഷം മത്സരങ്ങള്‍ നടത്തുന്ന രാജ്യത്തിലെ ഒരു കളിക്കാരന്‍ പീഠത്തിൽ കയറി നിന്നുകൊണ്ട് പങ്കെടുക്കുന്ന എല്ലാ താരങ്ങളുടെയും പേരിൽ ഒരു പ്രതിജ്ഞയെടുക്കുന്നു: "ഒളിമ്പിക് മത്സരങ്ങള്‍ക്കു ബാധകമായ നിയമങ്ങള്‍ ആദരിച്ചും അനുസരിച്ചും തികഞ്ഞ സ്‌പോർട്ട്‌സ്‌മാന്‍ഷിപ്പോടെയും, സ്‌പോർട്ട്‌സിന്റെ മഹത്ത്വത്തിനുവേണ്ടിയും, ഞങ്ങളുടെ ടീമിന്റെ ബഹുമതിക്കുവേണ്ടിയും ഞങ്ങള്‍ ഈ ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കുന്നതാണെന്ന് എല്ലാ രാജ്യങ്ങളുടെയും പേരിൽ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.' പ്രതിജ്ഞയ്‌ക്കുശേഷം ആതിഥേയ രാഷ്‌ട്രത്തിന്റെ ദേശീയഗാനം ആലപിക്കുന്നതോടെ മത്സരക്കാർ സ്റ്റേഡിയം വിടുന്നു. ആഘോഷങ്ങള്‍ അവസാനിച്ചാലുടനെ മത്സരം തുടങ്ങുകയായി. മത്സരത്തിന്റെ അവസാനത്തെ ആഘോഷങ്ങളും സ്‌മരണീയമാണ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റാണ് ചടങ്ങുകള്‍ക്ക് ഔപചാരികമായ സമാപനം നൽകുന്നത്. നാലു വർഷത്തിനുശേഷം അടുത്ത ഒളിമ്പിയാഡ് ആഘോഷിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്‌തതിനുശേഷം വാദ്യഘോഷങ്ങള്‍ മുഴക്കപ്പെടുന്നു. ഒളിമ്പിക് ദീപശിഖ അണയ്‌ക്കുകയും പതാക താഴ്‌ത്തുകയും അഞ്ച് ആചാരവെടികള്‍ മുഴക്കുകയും ചെയ്യുന്നതോടെ, ദേശീയഗാനം ആലപിക്കുകയും എല്ലാവരും പിരിഞ്ഞു പോകുകയും ചെയ്യുന്നു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.). സ്വിറ്റ്‌സർലണ്ടിലെ ലോസേന്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ ഫെഡറേഷനാണ് ഐ.ഒ.സി. കുബെർടിന്‍ പ്രഭു രൂപീകരിച്ച ഈ സ്ഥാപനം 1894 ജൂണ്‍ 23-നാണ് നിലവിൽ വന്നത്. വിവിധ രാജ്യങ്ങളിലെ ഒളിമ്പിക് കമ്മിറ്റികളാണ് അംഗങ്ങള്‍. ഇപ്പോള്‍ 205 അംഗങ്ങളുണ്ട്. ഒരു അംഗ രാജ്യത്തുനിന്നും രണ്ട് ഡെലിഗേറ്റുകളിൽക്കൂടുതൽ ഉണ്ടായിരിക്കില്ല. അംഗങ്ങള്‍ അവരുടെ ഗവണ്‍മെന്റിൽനിന്നോ മറ്റു സംഘടനകളിൽനിന്നോ നിർദേശങ്ങള്‍ സ്വീകരിക്കുകയോ വോട്ടിങ് സ്വാതന്ത്യ്രത്തിൽ അവരെ ഇടപെടാന്‍ അനുവദിക്കുകയോ ചെയ്‌തുകൂടാത്തതുമാണ്. ഒളിമ്പിക് മത്സരങ്ങളുടെ നടത്തിപ്പ്, വേദികള്‍ തീരുമാനിക്കൽ, നിയമാവലി തയ്യാറാക്കൽ തുടങ്ങി ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് ഐ.ഒ.സി. ഇന്റർനാഷണൽ ഒളിമ്പിക് അക്കാദമി, ഒളിമ്പിക് മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഐ.ഒ.സി.-യുടെ കൊടിക്കീഴിൽ പ്രവർത്തിക്കുന്നു. 1894 മുതൽ 96 വരെ ദി മെട്രിയസ് വികെലാസ് ആയിരുന്നു ഐ.ഒ.സി.-യുടെ അധ്യക്ഷന്‍. പിന്നീട് 1925 വരെ ഐ.ഒ.സി.-യുടെ സ്ഥാപകനായ കുബെർടിന്‍ പ്രഭുതന്നെ അധ്യക്ഷസ്ഥാനം വഹിച്ചു. തുടർന്ന് ബെൽജിയത്തിലെ ഹെന്‍റി ഡി ബെയ്‌ലറ്റ് ലാറ്റർ (1925-42), സ്വീഡനിലെ സിഗ്‌ഫ്രീഡ് എഡെസ്റ്റ്രാം (1942-52), യു.എസ് എയിലെ ആവെറി ബ്രുണ്‍ഡേജ് (1952-72), അയർലണ്ടിലെ കില്ലാനിന്‍ പ്രഭു (1972-80), സ്‌പെയിനിലെ ജുവാന്‍ അന്റോണിയോ സമരാഞ്ച് (1980-2001) എന്നിവർ അധ്യക്ഷന്മാർ ആയി. 2001-ൽ സ്ഥാനമേറ്റ, ബെൽജിയത്തിലെ ഷാക് റോഗ്ഗെ ആണ് ഇപ്പോഴത്തെ അധ്യക്ഷന്‍.
ഒളിമ്പിക്‌സിന് ഒരു ഔദ്യോഗിക പതാകയുണ്ട്. ഇതിൽ ഒളിമ്പിക്‌സ് ചിഹ്നം ആലേഖനം ചെയ്‌തിരിക്കുന്നു. 1914-ൽ കുബെർടിന്‍ പ്രഭു തന്നെയാണ് ഇതു രൂപകല്‌പന ചെയ്‌തത്. വെളുത്ത പശ്ചാത്തലത്തിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന അഞ്ചു വലയങ്ങളാണ് ഒളിമ്പിക് പതാകയിലെ ചിഹ്നം. ഇടത്തുനിന്നു വലത്തോട്ട് നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വലയങ്ങള്‍ അഞ്ചു വന്‍കരകളെയും, അവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത് ഒളിമ്പിക്‌സിലൂടെ വളരുന്ന അന്തർദേശീയ സൗഹൃദത്തെയും സൂചിപ്പിക്കുന്നു. ഈ നിറങ്ങളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പതാകയിൽ ഉണ്ട് എന്നതിനാലാണ് അവ തിരഞ്ഞെടുത്തിരിക്കുന്നത്. 1920-ലെ ഒളിമ്പിക്‌സിലാണ് ആദ്യമായി ഒളിമ്പിക് പതാക പാറിയത്. കൂബെർടിന്‍ പ്രഭു തന്നെയാണ് ഒളിമ്പിക്‌സിന്റെ ലക്ഷ്യവാക്യമായ ലാറ്റിന്‍ വാക്യം തിരഞ്ഞെടുത്തതും ഇശശേൗ, അെഹശേൗ, െഎീൃശേൗ െഎന്നതാണ് ഈ ലക്ഷ്യവാക്യം. "കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ' എന്നാണ് ഇതിന്റെ അർഥം. 1920 മുതൽ തന്നെയാണ് ഒളിമ്പിക് പ്രതിജ്ഞ ചൊല്ലുന്ന പതിവും ആരംഭിച്ചത്. പുരാതന ഒളിമ്പിക്‌സിന്റെ ഭാഗമായിരുന്ന ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കൽ ചടങ്ങും 1928 ആംസ്റ്റർഡാം ഒളിമ്പിക്‌സ് മുതൽ പുനരാരംഭിച്ചു. പുരാതന ഒളിമ്പ്യയിൽ സൂര്യരശ്‌മി കണ്ണാടികള്‍ ഉപയോഗിച്ചു പ്രതിഫലിപ്പിച്ചാണ് ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. 1938 മുതൽ ഈ ദീപശിഖ ഒരു റിലേ ആയി സ്റ്റേഡിയത്തിൽ എത്തിക്കുന്ന രീതി തുടങ്ങി. മത്സരങ്ങള്‍ അവസാനിക്കുന്നതുവരെ ദീപശിഖ അണയാതെ സൂക്ഷിക്കുന്നു. ഒളിമ്പിക് മെഡലുകള്‍ ഓരോ ഒളിമ്പിക്‌സിനും ഒളിമ്പിക് നഗരിയിലെ സംഘാടക സമിതിതന്നെ പ്രത്യേകമായി രൂപകല്‌പന ചെയ്യുന്നതാണ്. എന്നാൽ ഓരോ മെഡലും മൂന്നു മില്ലിമീറ്റർ കനവും 60 മില്ലിമീറ്ററും വ്യാസവും എങ്കിലും ഉള്ളതായിരിക്കണമെന്ന് നിബന്ധനയുണ്ട്. അതുപോലെ സ്വർണം, വെള്ളി മെഡലുകള്‍ 92.5 ശതമാനം വെള്ളി അടങ്ങിയതും, സ്വർണ മെഡൽ ആറുഗ്രാം സ്വർണം കൊണ്ട് ആവരണം ചെയ്‌തതും ആയിരിക്കണം. പൂർണമായും സ്വർണത്തിൽ നിർമിച്ച മെഡലുകള്‍ 1912 വരെ നൽകിയിരുന്നു.
ആദ്യകാലങ്ങളിൽ അമച്വർ കളിക്കാർക്കു മാത്രമേ ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. സമീപകലാത്തു മാത്രമാണ് ഈ നിബന്ധനയിൽ ഇളവു വരുത്തിയത്. അത്‌ലറ്റിക്‌സ്, നീന്തൽ, വാള്‍പ്പയറ്റ്, ജിംനാസ്റ്റിക്‌സ് എന്നീ വിഭാഗങ്ങളാണ് എല്ലാ ഒളിമ്പിക്‌സുകളിലുംഉണ്ടായിരുന്ന മത്സരങ്ങള്‍. മറ്റു മത്സര വിഭാഗങ്ങള്‍ കൂട്ടിച്ചേർക്കുകയും ചെലവ് പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്. ഒളിമ്പിക് അസോസിയേഷന്‍ അംഗീകരിച്ച എല്ലാ മത്സരങ്ങളും എല്ലാ ഒളിമ്പിക്‌സുകളിലും നടക്കണമെന്നില്ല. 2012 ഒളിമ്പിക്‌സിനായി ആറ് ഇനങ്ങളാണ് അധികമായി നിശ്ചയിച്ചിരിക്കുന്നത്. 2016 ഒളിമ്പിക്‌സിൽ രണ്ട് ഇനങ്ങള്‍ കൂടി ഉണ്ടായിരിക്കും. ഒളിമ്പിക് മത്സര വിഭാഗങ്ങള്‍. ആർച്ചെറി, ബാഡ്‌മിന്റണ്‍,ബാസ്‌കറ്റ് ബാള്‍, ബീച്ച് വോളിബാള്‍, ബോക്‌സിങ്, കനോ/കയാക്കിങ്, സൈക്‌ളിങ്, ഡൈവിങ്, ഇക്വിസ്റ്റിറിയന്‍,ഫെന്‍സിങ്, ഫീൽഡ് ഹോക്കി, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബാള്‍, ജൂഡോ, മോഡേണ്‍ പെന്റ്‌റാതലണ്‍, റോവിങ്, സെയ്‌ലിങ്, ഷൂട്ടിങ്, സോക്കർ/ഫുട്‌ബാള്‍, നീന്തൽ, സിംക്രണൈസ്‌ഡ് നീന്തൽ, ടേബിള്‍ ടെന്നിസ്, ടെക്‌വൊണ്‍ടോ, ടെന്നിസ്, ട്രാക്ക് ആന്‍ഡ് ഫീൽഡ്, ട്രയാത്തലണ്‍, വോളിബോള്‍, നട്ടർപോളോ, ഗുസ്‌തി, ഭാരോദ്വഹനം തുടങ്ങിയവയാണ് മത്സരവിഭാഗങ്ങള്‍.
12 രാജ്യങ്ങളിൽനിന്നുള്ള 300-ഓളം കളിക്കാരാണ് ആഥന്‍സിൽ 1896-ൽ നടന്ന ആദ്യ ആധുനിക ഒളിമ്പിക്‌സിൽ പങ്കെടുത്തത്. ഈ മത്സരങ്ങള്‍ അന്തർദേശീയ തലത്തിൽ പ്രചരിപ്പിച്ചിരുന്നില്ല. അതിനാൽത്തന്നെ വിവിധ രാഷ്‌ട്രങ്ങളെ പ്രതിനിധീകരിച്ച് എന്നതിലുപരിയായി പല കായിക താരങ്ങളും സ്വന്തം നിലയിൽ സ്വന്തം ചെലവിലാണ് പങ്കെടുത്തത്. സ്‌പോർട്‌സ് ക്ലബ്ബുകളുടെ യൂണിഫോം അണിഞ്ഞുകൊണ്ടാണ് പലരും മത്സരിച്ചത്. വിനോദസഞ്ചാരികളായി ആഥന്‍സിൽ എത്തിയ കളിക്കാരും പങ്കെടുക്കുകയുണ്ടായി. മാരത്തോണ്‍ യുദ്ധത്തിന്റെ വിജയം ആഥന്‍സിൽ അറിയിക്കുന്നതിനായി ഓടിയെത്തിയ ഫിഡിപ്പിഡെപ്പിസിന്റെ ഓർമയ്‌ക്കായി നടത്തപ്പെട്ട മാരത്തോണ്‍ ഓട്ടമത്സരം ഒരു പ്രധാന ഇനമായിരുന്നു. മാരത്തോണിൽ നിന്ന് 24 മൈൽ ഓടി ആഥന്‍സിൽ എത്തുകയായിരുന്നു വേണ്ടിയിരുന്നത്. സ്‌പൈറോസ് ലൂയിസ് എന്ന ഒരു ഗ്രീക്കുകാരന്‍തന്നെ ഇതിൽ വിജയിയായി. പോള്‍ വാള്‍ട്, സ്‌പ്രിന്റ്, ഭാരോദ്വഹനം, ഷോട്‌പുട്ട്, സൈക്ലിങ്, ഷൂട്ടിങ്, ടെന്നിസ്, ജിംനാസ്റ്റിക്‌സ്, നീന്തൽ എന്നീ മത്സരങ്ങളും നടന്നു. നീന്തൽ മത്സരങ്ങള്‍ നീന്തൽക്കുളത്തിലല്ല. കടലിലാണ് നടന്നത്. ഹോപ് സ്റ്റെപ് ആന്‍ഡ് ജമ്പിൽ വിജയിച്ച ബോസ്റ്റണിലെ ജയിംസ് കൊണോലി ആധുനിക ഒളിമ്പിക്‌സിന്റെ ആദ്യത്തെ ചാമ്പ്യനായി.
പാരിസ് (1900), സെന്റ് ലൂയിസ് (1904) എന്നിവിടങ്ങളിൽ നടന്ന ഒളിമ്പിക്‌സുകളിൽ അമേരിക്കന്‍ ഐക്യനാടുകളാണ് മുന്നിലെത്തിയത്. ജമ്പുകളിൽ നിരവധി സ്വർണമെഡലുകള്‍ നേടിയ റേയ് എവ്‌റി ഈ ഒളിമ്പിക്‌സുകളിലെ മിന്നുന്ന താരമായിരുന്നു. ലണ്ടനിൽ 1908-ൽ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ പങ്കെടുക്കുന്ന രാഷ്‌ട്രങ്ങള്‍ 22 ആയി വർധിച്ചിരുന്നു. യു.എസ്.എയോടൊപ്പം ഇംഗ്ലണ്ടും മുന്നിലെത്തി. റേയ് എവ്‌റി ഇവിടെയും രണ്ടു സ്വർണം നേടി. സ്റ്റോക്‌ഹോമിൽ 1912-ൽ നടന്ന ഒളിമ്പിക്‌സിൽ വീണ്ടും അമേരിക്ക മുന്നിലെത്തി. ലോകയുദ്ധം കാരണം പിന്നീട് രണ്ട് ഒളിമ്പിക്‌സുകള്‍ നടന്നില്ല. 1920-ൽ ആന്റ്‌വെർപിലാണ് വീണ്ടും ഒളിമ്പിക്‌സ് നടന്നത്. ഒമ്പത് സ്വർണമെഡൽ നേടിയ ഫിന്‍ലന്‍ഡും അമേരിക്കയും ഒന്നാം സ്ഥാനം പങ്കുവച്ചു. ഫിന്‍ലന്‍ഡിലെ പാവോ നൂർമി എന്ന ദീർഘദൂര ഓട്ടക്കാരന്‍ ലോകശ്രദ്ധയിലെത്തുകയും ചെയ്‌തു. 1924-ൽ പാരിസിൽ വീണ്ടും ഒളിമ്പിക്‌സ് നടത്തിയപ്പോള്‍ രണ്ടു മണിക്കൂറിനുള്ളിൽ രണ്ട് ഒളിമ്പിക് റെക്കോർഡുകള്‍ തകർത്തുകൊണ്ട് പാവോ നൂർമി ഇതിഹാസമായി മാറുന്നതാണ് ലോകം കണ്ടത്. 1500 മീ., 5000 മീ. ഓട്ടമത്സരങ്ങളിലാണ് നൂർമി റെക്കോർഡ് സൃഷ്‌ടിച്ചത്. ഇതു കൂടാതെ 10000 മീറ്ററിലും അദ്ദേഹം സ്വർണം നേടി. ആംസ്റ്റർഡാമിൽ (1928) നൂർമി വീണ്ടും 10000 മീ. സ്വർണം നേടി. ട്രാക് ആന്‍ഡ് ഫീൽഡ് ഇനങ്ങളിൽ സ്‌ത്രീകള്‍ ആദ്യമായി പങ്കെടുത്തു തുടങ്ങിയതായിരുന്നു ആംസ്റ്റാർഡാം ഒളിമ്പിക്‌സിന്റെ പ്രത്യേകത. ജപ്പാന്റെ മികിയോ ഒഡാ ഹോപ് സ്റ്റെപ് ആന്‍ഡ് ജമ്പ് മത്സരം വിജയിച്ചുകൊണ്ട് ഏഷ്യയിലേക്ക് ഒളിമ്പിക് സ്വർണം ആദ്യമായി കൊണ്ടുവന്നു.
ലോസ് ആഞ്ചലസിൽ 1932-ൽ ഒളിമ്പിക്‌സ് നടന്നപ്പോള്‍ ദൂരക്കൂടുതൽ കാരണം പകുതി രാജ്യങ്ങളും പങ്കെടുത്തില്ല. അമേരിക്കയാണ് മിക്കവാറും മത്സരങ്ങള്‍ വിജയിച്ചത്. ആദ്യമായി ഒളിമ്പിക് ഗ്രാമം നിർമിച്ചത് ലോസ് ആഞ്ചലസിലായിരുന്നു. 1936-ലെ ബെർലിന്‍ ഒളിമ്പിക്‌സിലാണ് ആഥന്‍സിൽ നിന്ന് റിലേ വഴി ദീപശിഖ കൊണ്ടുവരുന്ന പതിവ് തുടങ്ങിയത്. കറുത്ത വർഗക്കാരുടെ കായികശക്തിയുടെ ഉയർച്ച ലോകം കണ്ടത് ഇവിടെയായിരുന്നു. അമേരിക്കക്കാരനായ ജെസ്സി ഒവെന്‍സ് ലോക റെക്കോർഡുകള്‍ തകർത്തുകൊണ്ട് നാലു സ്വർണം നേടി. രണ്ടാം ലോകയുദ്ധം സൃഷ്‌ടിച്ച നീണ്ട ഇടവേളയ്‌ക്കുശേഷം 1948-ൽ ലണ്ടനിലാണ് വീണ്ടും ഒളിമ്പിക്‌സ് നടന്നത്. യു.എസ്.എസ്.ആർ. ഒഴികെ രണ്ടാം ലോകയുദ്ധത്തിൽ വിജയിച്ച എല്ലാ രാഷ്‌ട്രങ്ങളും പങ്കെടുത്തു. ജർമനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തില്ല. യു.എസ്.എ. തന്നെ മുന്നിലെത്തി. ഹെൽസിങ്കിയിൽ 1952-ൽ നടന്ന ഒളിമ്പിക്‌സിലാണ് യു.എസ്.എസ്.ആർ. ആദ്യമായി പങ്കെടുത്തത്. യാത്രാക്ലേശം ഭയന്ന് പല കായികതാരങ്ങളും വിട്ടുനിന്ന 1956 മെൽബണ്‍ ഒളിമ്പിക്‌സിൽ പക്ഷേ, പല പുതിയ റെക്കോർഡുകളും പിറന്നു. 1960-ലെ റോം ഒളിമ്പിക്‌സിൽ സോവിയറ്റ് യൂണിയന്‍, ന്യൂസിലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പല താരങ്ങളും തിളങ്ങിയപ്പോള്‍ യു.എസ്.എയുടെ ട്രാക് ആന്‍ഡ് ഫീൽഡ് ആധിപത്യത്തിന് മങ്ങലേറ്റു. ഒമ്പത് സ്വർണ മെഡലുകള്‍ മാത്രമാണ് ഇവിടെ അവർക്ക് നേടാനായത്. ഏഷ്യയിലേക്ക് ആദ്യമായി ഒളിമ്പിക്‌സ് എത്തിയത്, 1964-ൽ ടോക്കിയോയിലായിരുന്നു. വിദഗ്‌ധമായ സംഘാടനവും മികച്ച സൗകര്യങ്ങളും കൊണ്ട് ഈ ഒളിമ്പിക്‌സ് ശ്രദ്ധേയമാവുകയും ചെയ്‌തു. റോമിലെപ്പോലെ ടോക്കിയോയിലും സ്‌ത്രീകളുടെ ട്രാക് ആന്‍ഡ് ഫീൽഡ് ഇനങ്ങളിൽ സോവിയറ്റ് യൂണിയന്‍ ആധിപത്യം പുലർത്തി. ഏഷ്യയിൽനിന്ന് ഒളിമ്പിക്‌സ് പോയത് ലാറ്റിന്‍ അമേരിക്കയിലേക്കായിരുന്നു. 1968-ൽ മെക്‌സിക്കോയിലാണ് ഒളിമ്പിക്‌സ് നടന്നത്. 1972-ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിനുവേണ്ടി 21 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന വിശാലമായ സ്റ്റേഡിയം നിർമിക്കുകയുണ്ടായി. ഒരു ഒളിമ്പിക് ഇതിഹാസമായി മാറിയ അമേരിക്കന്‍ നീന്തൽ താരം മാർക് സ്‌പിറ്റ്‌സ് ലോകശ്രദ്ധയിൽ എത്തിയത് ഈ ഒളിമ്പിക്‌സിലാണ്. ഏഴ് സ്വർണ മെഡലുകളാണ് സ്‌പിറ്റ്‌സ് ഇവിടെ നേടിയത്. 50 സ്വർണവും 27 വെള്ളിയും 22 വെങ്കലവുമായി യു.എസ്.എസ്.ആർ. ആണ് മുന്നിലെത്തിയത്. അമേരിക്ക രണ്ടാം സ്ഥാനത്തും. ഒളിമ്പിക് ഗ്രാമത്തിൽ നുഴഞ്ഞു കയറിയ അറബ് ഭീകരപ്രവർത്തകർ മൂന്നു ഇസ്രയേൽ കായിക താരങ്ങളെ വെടിവെച്ചു കൊല്ലുകയും ആറുപേരെ തടങ്കലിലാക്കുകയും ചെയ്‌ത സംഭവം ലോകത്തെ നടുക്കിക്കളഞ്ഞു. ഇതുമൂലം മത്സരങ്ങള്‍ ഒരു ദിവസം നിർത്തി വയ്‌ക്കുകയുണ്ടായി. ഇതിനുശേഷമാണ് ഒളിമ്പിക് മത്സരങ്ങള്‍ക്ക് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കാന്‍ ആരംഭിച്ചത്.
1980-ൽ മോസ്‌കോയിലാണ് ഏറ്റവും വലിയ ഒളിമ്പിക് ബഹിഷ്‌കരണം ഉണ്ടായത്. മുമ്പും പല കാരണങ്ങളാൽ പല രാജ്യങ്ങളും ഒളിമ്പിക്‌സ് മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിട്ടുണ്ടെങ്കിലും ഇത്രയേറെ രാജ്യങ്ങള്‍ ഒന്നുചേർന്നുള്ള സംഘടിതമായ ബഹിഷ്‌കരണം ഉണ്ടായത് ആദ്യമായിട്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ അഫ്‌ഗാന്‍ അധിനിവേശത്തിൽ പ്രതിഷേധിച്ചുകൊണ്ട് യു.എസ്.എ.യും 61 സംഖ്യരാഷ്‌ട്രങ്ങളും മോസ്‌കോ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചു. ഫ്രാന്‍സ്, യു.കെ. ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ബഹിഷ്‌കരണത്തിൽ പങ്കുചേർന്നില്ല. 81 രാജ്യങ്ങളിൽനിന്നുള്ള 5000-ത്തോളം കളിക്കാർ മാത്രമേ മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കുചേർന്നുള്ളൂ. ഈ ബഹിഷ്‌കരണത്തിനു തിരിച്ചടിയായി 1984-ൽ ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക് മത്സരങ്ങള്‍ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ ജർമനി, ക്യൂബ തുടങ്ങിയ 14 രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു. 141 രാജ്യങ്ങളിൽനിന്നുള്ള 6000-ത്തിൽപ്പരം കായികതാരങ്ങളാണ് ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ പങ്കെടുത്തത്. 43 കമ്പനികളെ കോർപ്പറേറ്റ് സ്‌പോണ്‍സർമാരായി സ്വീകരിച്ചുകൊണ്ട് ഒളിമ്പിക്‌സിന്റെ ധനകാര്യ നടത്തിപ്പിലും മാറ്റം വരുത്തിയ ഈ ഒളിമ്പ്യാഡ് 225 മില്യണ്‍ ഡോളർ ലാഭം ഉണ്ടാക്കി. 1932-നു ശേഷം ആദ്യമായിട്ടാണ് ഒളിമ്പിക് മത്സരങ്ങള്‍ ലാഭം ഉണ്ടാക്കുന്നത്. 1932-നുശേഷം ചൈന ആദ്യമായി പങ്കെടുത്തതും ഈ ഒളിമ്പിക്‌സിലാണ്.
1988-ൽ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഏറെക്കാലമായി നിലനിന്നിരുന്ന ഒരു ഒളിമ്പിക് നിയമത്തിന് മാറ്റമുണ്ടായി. അമച്വർ ആയ കളിക്കാർക്കു മാത്രമേ പങ്കെടുക്കാവൂ എന്ന നിയമം മാറ്റിക്കൊണ്ട്, വിവിധ സ്‌പോർട്‌സുകളുടെ ആഗോള സംഘടനയ്‌ക്ക് ഇതിൽ തീരുമാനമെടുക്കാമെന്ന് നിശ്ചയിക്കപ്പെട്ടു. അങ്ങനെ ഒളിമ്പിക്‌സിലെ അമച്വർ യുഗം അവസാനിച്ചു. 1924-നുശേഷം ടെന്നിസ് വീണ്ടും ഒളിമ്പിക് വേദിയിലെത്തി. ദക്ഷിണകൊറിയയോടൊത്തു ചേർന്ന് ഒളിമ്പിക്‌സ് നടത്താനുള്ള വടക്കന്‍ കൊറിയയുടെ ആവശ്യം നിരസിച്ചതിനെത്തുടർന്നു വടക്കന്‍ കൊറിയ, ഏത്യോപ്യ, ക്യൂബ എന്നീ രാജ്യങ്ങള്‍ സോള്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുകയുണ്ടായി. 159 രാജ്യങ്ങളിൽ നിന്നുള്ള 8500-ഓളം കായികതാരങ്ങളാണ് സോളിൽ മത്സരിച്ചത്. 100 മീ. ചാമ്പ്യനായിരുന്ന കാനഡയുടെ ബെന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ ചില അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ടപ്പോള്‍ കായികരംഗത്തെ ഈ ദുഷ്‌പ്രവണത അതിന്റെ തീവ്രരൂപത്തിൽ ലോകശ്രദ്ധയിൽ എത്തുകയായിരുന്നു. സ്‌പെയിനിലെ ബാർസിലോണയിൽ 1992-ൽ നടന്ന ഒളിമ്പിക്‌സിൽ 169 രാജ്യങ്ങളിൽനിന്നുള്ള 9300-ഓളം കളിക്കാർ പങ്കെടുത്തു. മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ ഒളിമ്പിക്‌സിനുവേണ്ടി ഒറ്റ ടീമായി മത്സരിച്ചപ്പോള്‍, നേരത്തെ രണ്ടു രാജ്യങ്ങളായിരുന്നു കിഴക്കന്‍ ജർമനിയും പശ്ചിമ ജർമനിയും ഇത്തവണ ഒരു രാജ്യമായി മത്സരിച്ചു. വർണവിവേചന നയങ്ങള്‍ കാരണം വിലക്കു കല്‌പിക്കപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്തത് ബാർസിലോണ ഒളിമ്പിക്‌സിലാണ്.
1996-ൽ യു.എസ്.എ.-യിലെ അത്‌ലാന്തയിൽ നടന്ന ഒളിമ്പിക്‌സിൽ 197 രാജ്യങ്ങളിൽനിന്നുള്ള 10000-ത്തിൽപ്പരം കളിക്കാരാണ് പങ്കെടുത്തത്. സർക്കാർ ധനസഹായം പൂർണമായും ഒഴിവാക്കിക്കൊണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടത്തിയ ഈ ഒളിമ്പിക്‌സ് അമിതമായ വാണിജ്യവത്‌കരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുകയുണ്ടായി. അമേരിക്കന്‍ ഓട്ടക്കാരന്‍ കാള്‍ലൂയിസ് ഒമ്പതാം ഒളിമ്പിക് സ്വർണം നേടിയത് ഇവിടെയായിരുന്നു. 2000-ത്തിൽ ആസ്റ്റ്രലിയയിലെ സിഡ്‌നിയിൽ നടന്ന ഒളിമ്പിക്‌സിൽ അഫ്‌ഗാനിസ്‌താന്‍ ഒഴികെ എല്ലാരാജ്യങ്ങളിലെയും കളിക്കാർ പങ്കെടുക്കുകയുണ്ടായി. കയാക്കിങ്ങിൽ രണ്ടു സ്വർണം നേടിയ ജർമനിയുടെ ബ്രിജിത് ഫിഷർ 20 വർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഒളിമ്പിക് മെഡൽ നേടുന്ന താരം എന്ന അപൂർവ ബഹുമതിക്ക് ഉടമയായി. 300 മത്സരയിനങ്ങളാണ് ഇവിടെ അരങ്ങേറിയത്. 1996-ലെ ശതവർഷ ഒളിമ്പിക്‌സ് നടത്താനുള്ള ശ്രമത്തിൽ ഗ്രീസ് വിജയിച്ചിരുന്നില്ല. 2004-ലെ ഒളിമ്പിക്‌സ് നടത്താനുള്ള അവസരം എന്നാൽ അവർക്കാണ് ലഭിച്ചത്. അങ്ങനെ ഒളിമ്പിക്‌സിന്റെ ജന്മനഗരമായ ആഥന്‍സിൽ മത്സരങ്ങള്‍ വീണ്ടും എത്തി. ഒരു ഒളിമ്പിക്‌സിൽ നേടുന്ന ഏറ്റവും ഉയർന്ന എണ്ണം മെഡലുകളുടെ റെക്കോർഡിനോടൊപ്പം അമേരിക്കന്‍ നീന്തൽ താരം മൈക് ഫെൽപ്‌സ് എത്തിയത് ആഥന്‍സിലാണ്. ആറു സ്വർണ മെഡലുള്‍പ്പെടെ എട്ടുമെഡലുകളാണ് ഫെൽപ്‌സ് നേടിയത്. 1964-ൽ ടോക്കിയോയിലും 1988-ൽ സിയൂളിലും ഒളിമ്പിക്‌സ് നടന്നതിനുശേഷം ഏഷ്യയിൽ നടന്ന മൂന്നാമത്തെ ഒളിമ്പിക്‌സായിരുന്നു 2008 ഏ. 8 മുതൽ 24 വരെ ബീജിങ്ങിൽ നടന്നത്. 204 രാജ്യങ്ങളിൽ നിന്നുള്ള 11000-ത്തിൽപ്പരം കളിക്കാരാണ് പങ്കെടുത്തത്. 28 വിഭാഗങ്ങളിലായി 302 മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. 43 ലോക റെക്കോർഡുകളും 132 ഒളിമ്പിക് റെക്കോർഡുകളും ബീജിങ്ങിൽ പിറന്നു. 51 സ്വർണമെഡലുകളോടെ ആതിഥേയർ ആണ് മെഡൽ നിലയിൽ മുന്നിൽ നിന്നത്. നീന്തൽ മത്സരങ്ങളിൽ 8 സ്വർണം നേടിക്കൊണ്ട് മൈക് ഫെൽപ്‌സ് ഒരു ഒളിമ്പിക്‌സിലെ ഏറ്റവും കൂടുതൽ മെഡൽ നേട്ടത്തിനൊപ്പം രണ്ടാംതവണയും എത്തുക എന്ന റെക്കോർഡ് സ്ഥാപിച്ചു. ഉസൈന്‍ ബോള്‍ട് ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായി
2012- ജൂല. 27 മുതൽ ആഗ. 12 വരെ ലണ്ടനിൽ നടന്ന ഒളിമ്പിക്‌സിൽ 204 രാജ്യങ്ങളാണ് പങ്കെടുത്തത്. വിവിധ മത്സരയിനങ്ങളിലായി 10820 താരങ്ങള്‍ മാറ്റുരച്ചു. മുപ്പത് വേദികളിലായി നടന്ന മത്സരത്തിൽ 178 അത്‌ലറ്റിക് ഇനങ്ങളും 26 ഗെയിംസ് ഇനങ്ങളും അരങ്ങേറി. ജൂല. 27 ന് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് കക ഔദ്യോഗികമായി ഒളിമ്പിക്‌സ് ഉദ്‌ഘാടനം ചെയ്‌തു. രണ്ടുദിവസം മുമ്പേതന്നെ വനിതകളുടെ ഫുട്‌ബോള്‍ മത്സരം കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ തുടങ്ങിയിരുന്നു. വനിതകളുടെ ബോക്‌സിംഗ് ആദ്യമായി ഉള്‍പ്പെടുത്തിയത് ഈ ഒളിമ്പിക്‌സിലാണ്. എട്ട് ഇനങ്ങളിലായി 32 ലോകറിക്കോർഡുകള്‍ സൃഷ്‌ടിക്കപ്പെട്ടു. ഒളിമ്പിക്‌സ് വേദിക്കുവേണ്ടിയുള്ള തെരഞ്ഞടുപ്പ് പട്ടികയിൽ അവസാനംവരെ എത്തിയത് ലണ്ടനും പാരീസുമായിരുന്നു. 2012 ജൂല. 6-ന് സിംഗപ്പൂരിൽച്ചേർന്ന അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റിയിൽവച്ച് ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. ലണ്ടനിൽ മൂന്ന്‌തവണ ഒളിമ്പിക്‌സ് അരങ്ങേറിയിട്ടുണ്ട്. "ഐൽസ് ഒഫ് വണ്ടർ' എന്ന പേരിൽ ആകർഷകമായ ഉദ്‌ഘാടനച്ചടങ്ങ് രൂപകൽപ്പന ചെയ്‌തത് ഓസ്‌കാർ ജേതാവായ സിനിമാ സംവിധായകന്‍ ഡാനിബോയൽ ആയിരുന്നു.
പ്രശസ്‌തരായ ഒളിമ്പ്യന്മാർ. ഓരോ ഒളിമ്പിക്‌സിലും മിന്നുന്ന പ്രകടനത്തോടെ ലോകശ്രദ്ധയിലെത്തിയ പല അത്‌ലറ്റുകളും മറ്റു കളിക്കാരും ഉണ്ടാകാറുണ്ട്. എന്നാൽ പല ഒളിമ്പിക്‌സിൽ ആവർത്തിച്ചുള്ള മികച്ച പ്രകടനങ്ങള്‍ വഴിയും പല ഇനങ്ങളിലെ വിസ്‌മയകരമായ പ്രകടനങ്ങള്‍ വഴിയും ചില കളിക്കാർ ഒളിമ്പിക് ഇതിഹാസങ്ങളായിത്തീർന്നിട്ടുണ്ട്. 1920-കളിൽ പറക്കും ഫിന്‍ലന്‍ഡ്‌കാരന്‍ എന്ന ഖ്യാതിയോടെ ഒളിമ്പിക് കളങ്ങളിൽ തിളങ്ങിനിന്ന പാവോ നൂർമി 9 സ്വർണവും 3 വെള്ളിയും നേടിയിട്ടുണ്ട്. 1500, 5000,, സ്റ്റീപ്പിള്‍ ചേസ്, ക്രാസ് കണ്‍ട്രി എന്നീ ഇനങ്ങളിലാണ് നൂർമി മത്സരിച്ചത്. ജെസ്സി ഒവെന്‍സ് എന്ന അമേരിക്കന്‍ കറുത്തവംശജനായ അത്‌ലറ്റ് ഒളിമ്പിക് വേദിയിലൂടെ ലോകതാരമായ വ്യക്തിയാണ്. 1936-ലെ ബെർലിന്‍ ഒളിമ്പിക്‌സിൽവച്ച് ഈ കറുത്ത വർഗക്കാരന്‍ നാലു സ്വർണം നേടിയത് ഹിറ്റ്‌ലറെ അരിശം പിടിപ്പിച്ചു. 100 മീറ്ററിൽ ലോക റെക്കോർഡിനോടൊപ്പം എത്തുകയും, 200 മീറ്ററിലും ലോങ് ജമ്പിലും ഒളിമ്പിക് റെക്കോർ ഡുസ്ഥാപിക്കുകയും ചെയ്‌ത ഒവെന്‍സ് സ്വർണം നേടിയ 400 മീറ്റർ റിലേ ടീമിലും ഉണ്ടായിരുന്നു. 1935-ൽ 70 മിനിട്ടുകള്‍ക്കിടയിൽ മൂന്ന് ലോക റെക്കോർഡുകള്‍ സ്ഥാപിച്ച ചരിത്രവും ഒവെന്‍സിനുണ്ട്.
5000 മീറ്റർ 10000 മീറ്റർ മാരത്തോണ്‍ എന്നിവ മൂന്നും ജയിച്ച ഏക അത്‌ലറ്റാണ് എമിൽ സാട്ടോപെക് എന്ന ചെക്ക് കായികതാരം. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 20-ാം ശതകത്തിലെ ഏറ്റവും മഹാനായ അത്‌ലറ്റായി കരുതപ്പെടുന്ന കാള്‍ ലൂയിസ് ആണ് അതിപ്രശസ്‌തനായ മറ്റൊരു ഒളിമ്പിക് ഇതിഹാസം. 100 മീ., 200 മീ., ലോങ് ജമ്പ്, 4 ഃ 400 റിലേ എന്നീ ഇനങ്ങളിൽ നാല് ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത് ഒമ്പത് സ്വർണ മെഡലുകള്‍ നേടി ലൂയിസ്. പലരും ഈ അമേരിക്കന്‍ താരത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഒളിമ്പിക് കായികതാരമായി കണക്കാക്കുന്നു. 200 മീ., 400 മീ. റിലേ എന്നീ ഇനങ്ങളിൽ രണ്ട് ഒളിമ്പിക്‌സുകളിൽ തിളങ്ങിയ അമേരിക്കന്‍ താരം മൈക്കൽ ജോണ്‍സണ്‍ 1996, 2000 ഒളിമ്പിക്‌സുകളിലാണ് വിസ്‌മയാവഹമായ പ്രകടനം നടത്തിയത്. മധ്യദൂര ഓട്ടത്തിൽ എട്ട് ലോക റെക്കോർഡുകള്‍ സ്ഥാപിച്ച സെബാസ്റ്റ്യന്‍ കോ എന്ന ബ്രിട്ടീഷ് അത്‌ലറ്റ് 1980, 84 ഒളിമ്പിക്‌സുകളിൽ നാല് മെഡലുകള്‍ നേടി. 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സിൽ നാലു സ്വർണം നേടിയ ഹോളണ്ടിന്റെ ഫാനി ബ്ലാങ്കേർസ് കോന്‍ ഒളിമ്പിക് ഇതിഹാസമായി അറിയാന്‍ തുടങ്ങിയ ആദ്യ വനിതാ അത്‌ലറ്റാണ്. 1992, 96 ഒളിമ്പിക്‌സുകളിൽ 100 മീ. സ്വർണം നേടിയ ഗെയിൽ ഡെവേർസ് എന്ന അമേരിക്കന്‍ വനിതാ അത്‌ലറ്റും വിസ്‌മയകരമായ പ്രകടനത്തോടെ ഒളിമ്പിക് ചരിത്രത്തിന്റെ ഭാഗമായി മാറി. 1988-ലെ സിയൂള്‍ ഒളിമ്പിക്‌സിൽ 33 സ്വർണവും ഒരു വെള്ളിയും നേടിക്കൊണ്ട് റെക്കോർഡുകള്‍ സ്ഥാപിച്ച ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നെർ എന്ന വനിതാ അത്‌ലറ്റിന്റെ പ്രകടനം ഉത്തേജകങ്ങള്‍ കൊണ്ട് നേടിയതാണെന്ന് അവരുടെ അകാല മരണത്തെത്തുടർന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരു ഒളിമ്പിക് ഇതിഹാസമായിത്തന്നെ അവരെ ലോകം ഓർക്കുന്നു. ലോകത്തെ ഒരു അത്‌ലറ്റും 28' ഒരിക്കലും കടന്നിട്ടില്ലാത്ത ലോങ്‌ജമ്പ് മത്സരത്തിൽ 29' 2മ്മ" ചാടിക്കൊണ്ട് ഇതിഹാസമായി മാറിയ അമേരിക്കന്‍ അത്‌ലറ്റാണ് ബോബ് ബീമന്‍. മെകിസ്‌ക്കോ ഒളിമ്പിക്‌സിൽ ബീമന്‍ സ്ഥാപിച്ച ഈ റെക്കോർഡ് 23 വർഷം നിലനിന്നു. നാലുദിവസങ്ങള്‍ക്കുള്ളിൽ ഏഴു സ്വർണമെഡലുകള്‍ നേടിക്കൊണ്ട് മ്യൂണിക്ക് ഒളിമ്പിക്‌സിലെ നീന്തൽക്കുളത്തിൽ ഉദിച്ച ഇതിഹാസമായിരുന്നു മാർക് സ്‌പിറ്റ്‌സ് എന്ന അമേരിക്കന്‍ നീന്തൽ താരം. 1956 മുതൽ മൂന്ന് ഒളിമ്പിക്‌സുകളിൽ 100 മീറ്ററിൽ സ്വർണം നേടിയ ഡാണ്‍ ഫ്രസർ എന്ന വനിതയും നീന്തൽ ഇതിഹാസമായി അറിയപ്പെടുന്നു. നാദിയ കൊമെനേച്ചി എന്ന റുമേനിയന്‍ താരം 76, 80 ഒളിമ്പിക്‌സുകളിലായി ജിംനാസ്റ്റിക്‌സിൽ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടുക മാത്രമല്ല അസാധ്യമെന്നു തന്നെ പറയാവുന്ന പെർഫക്‌റ്റ് സ്‌കോർ ഏഴു തവണ നേടുകയും ചെയ്‌തു. 76 ഒളിമ്പിക്‌സിൽ പങ്കെടുക്കുമ്പോള്‍ 15 വയസ്സായിരുന്നു നാദിയയുടെ പ്രായം. 1988 സിയൂള്‍ ഒളിമ്പിക്‌സിൽ ആറു സ്വർണം നേടിയ പൂർവ ജർമനിയുടെ ക്രിസ്റ്റിന്‍ ഓട്ടോ എന്ന വനിതാ നീന്തൽ താരവും നീന്തൽക്കുളത്തിലെ ഇതിഹാസം തന്നെയാണ്. അമേരിക്കന്‍ നീന്തൽ താരമായ മൈക് ഫെൽപ്‌സ് 2004 ആഥന്‍സ്, 2008 ബീജിങ് ഒളിമ്പിക്‌സുകളിലായി 16 സ്വർണം നേടിക്കൊണ്ട് ആധുനിക കാലത്തെ സ്‌പോർട്‌സ് ഇതിഹാസമായി മാറിയ വ്യക്തിയാണ്. ഈ രണ്ട് ഒളിമ്പിക്‌സുകളിലും എട്ടു മെഡലുകള്‍ വീതം നേടിക്കൊണ്ട്, ഒരു ഒളിമ്പിക്‌സിൽ ഒരു കായികതാരം നേടുന്ന ഏറ്റവും കൂടുതൽ മെഡലുകള്‍ എന്ന റെക്കൊർഡിനൊപ്പം ഫെൽപ്‌സ് എത്തി. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ എട്ടു മെഡൽ നേടിയ റഷ്യന്‍ ജിംനാസ്റ്റ് അലക്‌സാണ്ടർ ഡിറ്റ്യാറ്റിന്‍ ആണ് എട്ടു മെഡലുകള്‍ ഒരു ഒളിമ്പിക്‌സിൽ നേടിയ മറ്റൊരു വ്യക്തി. എന്നാൽ മൂന്ന് തവണ ഈ നേട്ടമുണ്ടാക്കിയത് ഫെൽപ്‌സ് മാത്രമാണ്. ഒരു ഇനത്തിൽ നേടുന്ന ഏറ്റവും കൂടുതൽ സ്വർണ മെഡലുകളുടെ റെക്കോർഡും, വിറ്റലി ഷെർബോയോടൊപ്പം ഫെൽപ്‌സ് പങ്കുവയ്‌ക്കുന്നു. ബട്ടർഫ്‌ളൈ മെഡ്‌ലി ഇനങ്ങളിലാണ് ഫെൽപ്‌സ് തന്റെ പ്രാഗല്‌ഭ്യം പ്രകടിപ്പിച്ചത്. ബീജിങ് ഒളിമ്പിക്‌സിൽ എട്ട് സ്വർണ്ണം നേടിയ ഫെൽപ്‌സ് ലണ്ടനിൽ നാല് സ്വർണ്ണമുള്‍പ്പെടെ 22 മെഡലുകള്‍ നേടി വ്യക്തിഗത മെഡൽവേട്ടയിൽ ഒന്നാമതെത്തി. തുടർച്ചയായി മൂന്ന് ഒളിമ്പിക്‌സിൽ ഒന്നാമതെത്തിയ ഏകവ്യക്തിയും ഇദ്ദേഹമാണ്. ഇങ്ങനെ നിരവധി ഇതിഹാസങ്ങളെ ഒളിമ്പിക് മത്സരവേദികളിൽ ലോകത്തിനു സംഭാവന ചെയ്‌തിട്ടുണ്ട്.
ഇന്ത്യ ഒളിമ്പിക്‌സിൽ. നിരാശാജനകമായ ഒരു ഒളിമ്പിക് റെക്കോർഡാണ് ഇന്ത്യയ്‌ക്കുള്ളത്. മെഡലുകളുടെ പെർക്യാപിറ്റാ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള ലോകരാജ്യമാണ് ഇന്ത്യ. ഇന്നോളം ഇന്ത്യ നേടിയ 20 മെഡലുകളിൽ പതിനൊന്നെണ്ണം ഹോക്കിയിലാണ്. 1928 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യ ഹോക്കിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയിരുന്നു. തുടർച്ചയായി ആറ് ഹോക്കി സ്വർണം ഇന്ത്യ ഈ കാലയളവിൽ നേടി. 1980-ൽ മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ശേഷം ഇന്ത്യയ്‌ക്ക് ഹോക്കിയിൽ ഒരു മെഡലും നേടാന്‍ കഴിഞ്ഞില്ല. 1900-ൽ ഇന്ത്യയ്‌ക്കുവേണ്ടി ഒളിമ്പിക്‌സിൽ പങ്കെടുത്ത നോർമന്‍ പ്രിച്ചാർഡ് എന്ന ബ്രിട്ടീഷുകാരന്‍ അത്‌ലറ്റിക്‌സിൽ രണ്ടു വെള്ളി മെഡലുകള്‍ നേടി. 200 മീ. ഓട്ടം, 200 മീ. ഹർഡിൽസ് എന്നിവയായിരുന്നു ഇനങ്ങള്‍. 1952 ഹെൽസിങ്കി ഒളിമ്പിക്‌സിൽ കെ.ഡി. ജാദവ് ബാന്റം വെയിറ്റ് ഗുസ്‌തിവിഭാഗത്തിൽ വെങ്കലം നേടിയതാണ് ഒരു ഇന്ത്യാക്കാരന്‍ നേടിയ ആദ്യത്തെ വ്യക്തിഗത മെഡൽ. ഹോക്കിയല്ലാതെ മറ്റേതെങ്കിലും ഇനത്തിൽ ഒളിമ്പിക് മെഡൽ ഇന്ത്യയിൽ എത്താന്‍ അടുത്ത 44 വർഷം കാത്തിരിക്കേണ്ടിവന്നു. 1996 അറ്റ്‌ലാന്ത ഒളിമ്പിക്‌സിൽ ടെന്നിസ് വ്യക്തിഗത ഇനത്തിൽ ലിയാന്‍ഡർ പേസ് വെങ്കലം നേടി. പിന്നീടുള്ള ഒളിമ്പിക്‌സുകളിൽ ഇന്ത്യയുടെ പ്രകടനം അല്‌പം മെച്ചപ്പെട്ടു. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി വനതികളുടെ ഭാരദ്വഹനത്തിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടി. 2004 ആഥന്‍സ് ഒളിമ്പിക്‌സിൽ രാജ്യവർധന്‍ സിങ്ങ് റാഥോർ ഷൂട്ടിങ് ഡബിള്‍ ട്രാപ് ഇനത്തിൽ വെള്ളി നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിള്‍ വിഭാഗത്തിൽ അഭിനവ് ബിന്ദ്ര സ്വർണം നേടി. ഗുസ്‌തി 66 കിലോഗ്രാം വിഭാഗത്തിൽ സുശീൽ കുമാറും, ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തിൽ വിജിന്ദർ കുമാറും വെങ്കലം നേടി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിൽ 83 അത്‌ലറ്റുകള്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം പതിമൂന്നിനങ്ങളിൽ മത്സരിച്ചു. ഗുസ്‌തി താരം സുശീൽകുമാറായിരുന്നു ഇന്ത്യയുടെ പതാക വാഹകന്‍. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകള്‍ ഇന്ത്യ നേടിയത് ഇവിടെവച്ചാണ്. രണ്ട് വെള്ളിയും നാല് വെങ്കലവും. ഇന്ത്യയിലെ ബാറ്റ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ മെഡൽ (വെങ്കലം) ജേതാവായി. വിജയ് കുമാർ (ഷൂട്ടിങ് - വെള്ളി), സുശീൽകുമാർ (ഗുസ്‌തി - വെള്ളി), ഗഗാന്‍ നാരംഗ് (ഷൂട്ടിങ് - വെങ്കലം), മേരി കോം (ബോക്‌സിങ് - വെങ്കലം), യോഗേശ്വർ ദത്ത് (ഗുസ്‌തി - വെങ്കലം) എന്നിവരാണ് മറ്റ് മെഡൽ ജേതാക്കള്‍. കേരളവും ഒളിമ്പിക്‌സും. ഒളിമ്പിക്‌സ് മത്സരങ്ങളിൽ കേരളവും അതിന്റേതായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്. കേരളീയരായ നിരവധി അത്‌ലറ്റുകള്‍ ഒളിമ്പിക് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1976, 80, 84 എന്നീ ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത പി.ടി. ഉഷയ്‌ക്കാണ് ഇവരിൽ പ്രമുഖസ്ഥാനം. 1924 പാരിസ് ഒളിമ്പിക്‌സിൽ 110 മീറ്റർ ഹർഡിൽസിന്‍ പങ്കെടുത്ത സി.കെ. ലക്ഷ്‌മണന്‍ ആണ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി. രണ്ട് ഒളിമ്പിക്‌സുകളിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിൽ കളിച്ച ടി. അബ്‌ദുൽ റഹ്മാന്‍ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത കെ.എം. ബീനാമോള്‍, ഷൈനി വിൽസണ്‍ എന്നിവരും ഒളിമ്പിക് വേദിയിൽ തിളങ്ങിയ മലയാളികളാണ്. രഞ്‌ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), കെ.ടി. ഇർഫാന്‍ (20 കി.മീ. നടത്തം), ടിന്റു ലൂക്ക (800 മീ. നടത്തം), മയൂഖ ജോണി (ട്രിപ്പിള്‍ ജമ്പ്) എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത മലയാളികള്‍. നാലിൽ മൂന്നുപേരും ബി സ്റ്റാന്‍ഡേർഡ് മറികടന്നാണ് യോഗ്യത ഉറപ്പിച്ചത്.
വിന്റർ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും. മഞ്ഞിലും ഐസിലും കളിക്കുന്ന മത്സരങ്ങള്‍ക്കായിട്ടാണ് വിന്റർ ഒളിമ്പിക്‌സ് ആരംഭിച്ചത്. സ്‌കേറ്റിങ്ങ്, ഐസ് ഹോക്കി തുടങ്ങിയ കളികള്‍ 1908, 1920 ഒളിമ്പിക്‌സുകളുടെ ഭാഗമായിരുന്നു. ഇത്തരം മത്സരങ്ങള്‍ വേനൽക്കാലത്ത് നടത്താന്‍ പറ്റില്ല എന്നതിനാലും, പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിൽ മാത്രമേ നടത്താന്‍ കഴിയൂ എന്നതിനാലും ഇവ പിന്നീട് ഒളിമ്പിക്‌സുകളുടെ ഭാഗമായിരുന്നില്ല. 1921-ൽ ഒളിമ്പിക് കോണ്‍ഗ്രസ്സ് സമ്മേളനത്തിൽവച്ചാണ് പ്രത്യേക ശീതകാല ഒളിമ്പിക്‌സ് നടത്താന്‍ തീരുമാനമായത്. 1924-ൽ ഫ്രാന്‍സിലെ കാമോനിക്‌സിൽ ആദ്യ ശീതകാല ഒളിമ്പിക്‌സ് നടന്നു. ആദ്യകാലങ്ങളിൽ ഒളിമ്പിക്‌സ് നടക്കുന്ന അതേവർഷം തന്നെ ശീതകാല ഒളിമ്പിക്‌സും നടന്നിരുന്നു. 1994 മുതൽ വേനൽക്കാല ഒളിമ്പിക്‌സിനു രണ്ടുവർഷത്തിനുശേഷം ശീതകാല ഒളിമ്പിക്‌സ് നടത്തുക എന്ന രീതി നിലവിൽ വന്നു.
ശാരീരിക വൈകല്യമുള്ളവരുടെ പുനരധിവാസം ലക്ഷ്യമാക്കിക്കൊണ്ട് സർ ലുഡ്‌വിഗ് ഗട്ട്‌മാന്‍ ആരംഭിച്ചതാണ് പാരാലിമ്പിക്‌സ്. 1948 ലണ്ടന്‍ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഗട്ട്‌മാന്‍ ഈ മത്സരങ്ങളും സംഘടിപ്പിച്ചു. 1960 മുതൽ ഒളിമ്പിക്‌സിന്റെ ഭാഗമായി ഒളിമ്പിക് വർഷത്തിൽ തന്നെ പ്രത്യേകമായി പാരാലിമ്പിക്‌സും നടന്നുവരുന്നു. 1988-ൽ ഒളിമ്പിക്‌സ് നടന്ന സിയൂളിൽ തന്നെ പാരാലിമ്പിക്‌സും നടന്നു. 2008 മുതൽ ഒളിമ്പിക് നഗരത്തിൽതന്നെ പാരാലിമ്പിക്‌സും നടത്തുന്ന പതിവ് ആരംഭിച്ചു. 2012 ആഗ. 29-മുതൽ സെപ്. 9 വരെ പാരാലിമ്പിക്‌സും നടക്കുകയുണ്ടി. 2016-ലെ ഒളിമ്പിക്‌സ് ബ്രസീലിലെ റിയോ നഗരത്തിൽവച്ച് നടക്കും.