This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒറിയോള്‍, വിന്‍സെന്റ് (1884 - 1966)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒറിയോള്‍, വിന്‍സെന്റ് (1884 - 1966) == == Auriol, Vincent == ഫ്രഞ്ച് രാജ്യതന്ത്...)
അടുത്ത വ്യത്യാസം →
06:49, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒറിയോള്‍, വിന്‍സെന്റ് (1884 - 1966)
Auriol, Vincent
ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. അഭിഭാഷകന്‍, ധനശാസ്‌ത്രജ്ഞന്‍, പത്രപ്രവർത്തകന്‍, പാർലമെന്റംഗം, ധനകാര്യമന്ത്രി, ഭരണഘടനാനിർമാണസഭാധ്യക്ഷന്‍, രാഷ്‌ട്രത്തലവന്‍ എന്നീ വിവിധ സ്ഥാനങ്ങള്‍ ഒറിയോള്‍ അലങ്കരിച്ചിരുന്നു. 1884 ആഗ. 27-ന് ജനിച്ചു. ടുലുസ് സർവകലാശാലയിൽനിന്ന് ധനശാസ്‌ത്രത്തിലും നിയമത്തിലും പ്രത്യേകം പ്രത്യേകം ഗവേഷണങ്ങള്‍ നടത്തി ഡോക്‌ടർ ബിരുദങ്ങള്‍ നേടി. അതിനെത്തുടർന്ന് ഒരു സോഷ്യലിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിത്തീർന്ന ഇദ്ദേഹം 1914-ൽ ഫ്രഞ്ചു പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1919-ൽ പാർലമെന്റിലെ സോഷ്യലിസ്റ്റുപാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റാശയപ്രചാരണത്തിന് മുന്‍തൂക്കം നല്‌കിക്കൊണ്ടിരുന്ന ഇദ്ദേഹം ലിയോണ്‍ബൂവിന്റെ മന്ത്രിസഭയിൽ ഒരു വർഷക്കാലം ധനകാര്യമന്ത്രിയായി (1936 ജൂണ്‍ മുതൽ 1937 ജൂണ്‍ വരെ) പ്രവർത്തിച്ചു. അന്നത്തെ സാമ്പത്തികക്കുഴപ്പം തരണം ചെയ്യാനായി ഇദ്ദേഹം ഫ്രാങ്കിന്റെ വിനിമയവില കുറച്ചു. മാർഷൽ പെറ്റെയിന് ഏകാധിപത്യാധികാരം നൽകാനുള്ള ശ്രമത്തെ സുധീരം എതിർത്ത 80 പാർലമെന്റംഗങ്ങളിൽ ഒറിയോളിന്റെ പങ്ക് ഗണനീയമായിരുന്നു (1939-45). ഇതിനോടനുബന്ധിച്ച് അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹം 8 മാസത്തോളം ജയിലിൽ കഴിച്ചുകൂട്ടി (1940 സെപ്. മുതൽ 1941 ഏ. വരെ). 1942 ഒക്‌ടോബറിൽ സജീവ പാർട്ടിപ്രവർത്തനത്തിനുവേണ്ടി ഒളിവിൽപ്പോയ ഒറിയോള്‍ 1943-ൽ ലണ്ടനിൽ അഭയം തേടി. ജനറൽ ഡിഗോള്‍ ഭരണമേറ്റെടുത്തപ്പോള്‍ (1945) ഒറിയോള്‍, മന്ത്രിസഭയിൽ ചേരുകയുണ്ടായി. ഭരണഘടനാ പ്രശ്‌നങ്ങളെ സംബന്ധിച്ച വിവാദങ്ങളവസാനിപ്പിക്കാന്‍ 1946-ൽ നിയമിക്കപ്പെട്ട രണ്ട് ഭരണഘടനാ നിർമാണ സഭകളുടെയും അധ്യക്ഷന്‍ ഒറിയോളായിരുന്നു. 1947 ജനുവരിയിൽ ഇദ്ദേഹത്തെ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുത്തു. കാലാവധി കഴിഞ്ഞപ്പോള്‍ (1954) ഒറിയോള്‍ രംഗത്തുനിന്ന് നിഷ്‌ക്രമിച്ചു.
1958-ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നു രാജിവച്ചു. അഞ്ചാം റിപ്പബ്ലിക്ക് പ്രാബല്യത്തിൽ വന്നപ്പോള്‍ ഒറിയോള്‍, ഭരണഘടനാസമിതിയിലെ അനൗദ്യോഗികാംഗമായിത്തീർന്നുവെങ്കിലും 1960-ലെ ഗവണ്‍മെന്റ്, സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്നാരോപിച്ചുകൊണ്ട് അദ്ദേഹം അതിൽനിന്നും രാജിവച്ചു. 1966 ജനു.1-ന് ഒറിയോള്‍ അന്തരിച്ചു.
(ടി.പി. ശങ്കരന്‍കുട്ടി നായർ)