This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒബർലിന്‍, യോഹന്‍ ഫ്രീഡ്‌റിക് (1740 - 1826)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒബർലിന്‍, യോഹന്‍ ഫ്രീഡ്‌റിക് (1740 - 1826) == == Oberlin, Johann Friedrich == അൽസേഷ്യന്...)
അടുത്ത വ്യത്യാസം →
06:37, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒബർലിന്‍, യോഹന്‍ ഫ്രീഡ്‌റിക് (1740 - 1826)
Oberlin, Johann Friedrich
അൽസേഷ്യന്‍ ലൂഥറന്‍ പുരോഹിതന്‍. സ്‌ട്രാസ്‌ബർഗിൽ ഒരു അധ്യാപകന്റെ മകനായി 1740 ആഗ. 31-ന് ജനിച്ചു. ദൈവശാസ്‌ത്രം പഠിച്ചശേഷം 1767-ൽ വാള്‍ഡ്‌ബാക്കിലെ പുരോഹിതനായി. 30 വർഷത്തെ യുദ്ധംകൊണ്ടു മിക്കവാറും വിജനമായിത്തീർന്ന ഒരു മലമ്പ്രദേശമായിരുന്നു വാള്‍ഡ്‌ബാക്. അവിടത്തെ ഭീകരദാരിദ്ര്യംകണ്ട് അസ്വസ്ഥനായിത്തീർന്ന ഒബർലിന്‍ കാരുണ്യപൂർവം ജനസേവന പ്രവർത്തനങ്ങള്‍ക്ക് സന്നദ്ധനായി. തദ്ദേശവാസികളുടെ ഭൗതികവും ആധ്യാത്മികവുമായ ഉന്നതിക്കുവേണ്ടി ഇദ്ദേഹം പ്രയത്‌നിച്ചു. റോഡുകളും പാലങ്ങളും പണിയുക, കൃഷി വികസിപ്പിക്കുക, കൃഷിക്കാർക്ക് പാർപ്പിടങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പല സേവനങ്ങളും ഇദ്ദേഹം നിർവഹിച്ചു. നിരവധി വിദ്യാലയങ്ങളും ആദ്യത്തെ ശിശുവിദ്യാലയവും സ്ഥാപിച്ചു. പെസ്റ്റലോസി, ഫ്രാബൽ തുടങ്ങിയ വിദ്യാഭ്യാസപ്രവർത്തകരുടെ നൂതനവിദ്യാഭ്യാസസിദ്ധാന്തങ്ങളുടെ ജന്മത്തിന് ഈ ശിശുവിദ്യാലയം വഴിതെളിച്ചു. തന്റെ ഇടവകയിലെ യുവാക്കളെ സ്വന്തം ചെലവിൽ സ്‌ട്രാസ്‌ബർഗിലയച്ച് കരകൗശലപരിശീലനം നേടുവാന്‍ ഇദ്ദേഹം സഹായിച്ചു. തന്റെ ഇടവകയുടെ വ്യവസായവത്‌കരണവും തൊഴിൽപരമായ സ്വയം പര്യാപ്‌തതയും ഇദ്ദേഹത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു.
റൂസ്സോ, സ്വീഡന്‍ബർഗ് തുടങ്ങിയവരുടെ ശക്തിയായ സ്വാധീനത ഒബർലിനിൽ പ്രകടമായി കാണാവുന്നതാണ്. ഫ്രഞ്ചുവിപ്ലവത്തെ സ്വാഗതം ചെയ്‌ത ഇദ്ദേഹം ഒരു ഉത്‌പതിഷ്‌ണു എന്ന നിലയിലും പ്രഖ്യാതനായിരുന്നു. പള്ളികളിലെ "സർവീസുകള്‍' ക്ലബ് മീറ്റിങ്ങുകളാക്കി മാറ്റി അവിടെ മതപ്രസംഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇദ്ദേഹം പ്രതേ്യകം ശ്രദ്ധിച്ചിരുന്നു. 1826-ൽ വാള്‍ഡ്‌ബാക്കിൽ ഇദ്ദേഹം നിര്യാതനായി. ഫ്രാന്‍സിലെ വിപ്ലവഗവണ്‍മെന്റും ഇംപീരിയൽ ഗവണ്‍മെന്റും ഇദ്ദേഹത്തെ ബഹുമാനിച്ചു. ഇദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കായി അമേരിക്കയിലെ ഒഹായോവിലെ ഒരു കോളജിനും ഒരു പട്ടണത്തിനും ഇദ്ദേഹത്തിന്റെ പേര് നല്‌കിയിട്ടുണ്ട്. അന്ധ-മൂക-ബധിരർക്കുവേണ്ടി ജർമനിയിൽ ഒരു ആതുരാലയവും ഒബർലിന്റെ പേരിൽ നടന്നുവരുന്നുണ്ട്.