This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപീ, ജോണ്‍ (1761 - 1807)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒപീ, ജോണ്‍ (1761 - 1807) == == Opie, John == ഛായാചിത്രങ്ങള്‍, ഷാനർചിത്രങ്ങള്‍ എ...)
അടുത്ത വ്യത്യാസം →

06:33, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒപീ, ജോണ്‍ (1761 - 1807)

Opie, John

ഛായാചിത്രങ്ങള്‍, ഷാനർചിത്രങ്ങള്‍ എന്നിവയുടെ രചനയിൽ വൈദഗ്‌ധ്യം നേടിയ ഇംഗ്ലീഷുകാരന്‍. 1761-ൽ കോണ്‍വാളിലെ സെന്റ്‌ അഗ്‌സനിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ്‌ ഒരു ഖനിയിലെ മരപ്പണിക്കാരനായിരുന്നു. ചെറുപ്പത്തിൽത്തന്നെ ഒപീയെ മരപ്പണി അഭ്യസിക്കുവാന്‍ നിയോഗിച്ചുവെങ്കിലും ഇദ്ദേഹത്തിന്‌ അത്‌ തുടരേണ്ടിവന്നില്ല. ഒരു എഴുത്തുകാരനും അമച്വർ ചിത്രകാരനുമായ ഡോ. ജോണ്‍ വോള്‍കോട്ട്‌ (1738-1819) ഒപീയെ തന്റെ ഗൃഹത്തിലേക്ക്‌ (1775-ൽ) ക്ഷണിച്ചുകൊണ്ടുപോയി. അദ്ദേഹം ഒപീയെ ചിത്രകല അഭ്യസിപ്പിക്കുകയും ഒരു ഛായാചിത്രകാരന്‍ എന്ന നിലയിൽ ട്രൂറോയിലെ പല ഭവനങ്ങളിലും പരിചയപ്പെടുത്തുകയും ചെയ്‌തു. ഒപീയുടെ ചിത്രകലയിലുള്ള അഭിവാഞ്‌ഛയും പാടവവും ഡോ. വോള്‍കോട്ടിനെ ഒപീയുടെ അഭ്യുദയത്തിൽ കൂടുതൽ ബദ്ധശ്രദ്ധനാക്കി. 1780 അടുപ്പിച്ച്‌ ഒപീ രചിച്ച ഓള്‍ഡ്‌ നീബോണ്‍ ഒഫ്‌ ഹെൽസ്റ്റണ്‍ (Old Kneebone of Helston) എന്ന ചിത്രം ഇദ്ദേഹത്തിന്റെ അസാധാരണമായ രചനാപാടവത്തിന്‌ ഉദാഹരണമാണ്‌. ഡോ. വോള്‍കോട്ട്‌ ഒപീയെ ലണ്ടനിലേക്കു കൊണ്ടുവരികയും (1781) "കോർണിഷിലെ അദ്‌ഭുതം' എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്‌തു. അവിടെവച്ച്‌ ഒപീക്ക്‌ ജോർജ്‌ III-ാമനെ പരിചയപ്പെടുവാന്‍ ഇടയായി. തത്‌ഫലമായി അദ്ദേഹത്തിനുവേണ്ടി ചില ചിത്രങ്ങള്‍ രചിക്കുവാന്‍ ഒപീക്ക്‌ അവസരം ലഭിച്ചു. പ്രസിദ്ധ ഇംഗ്ലീഷ്‌ ചിത്രകാരനും കലാവിമർശകനുമായ സർ ജോഷ്വാ യൈനോള്‍ഡ്‌സ്‌ (1723-92) ഒപീയെക്കുറിച്ച്‌ "കരാവാഗ്ഗിയോയ്‌ക്ക്‌ സമാനന്‍' എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. നോ. കരാവാഗ്ഗിയോ, മൈക്കലാഞ്‌ജലോ

ലണ്ടനിൽ എത്തുന്നതിനുമുമ്പുതന്നെ ഛായാചിത്രകലയിൽ ഒപീ പ്രാവീണ്യം നേടിയിരുന്നു. ലണ്ടനിൽ വന്നശേഷം അവിടത്തെ ശാലീനമായ രീതി അനുകരിച്ചു. ഡോ. ജോണ്‍ പാച്ച്‌ (1781), ഡോ. തോമസ്‌ ഗ്ലാസ്സ്‌ (1781) എന്നിവരുടെ ഛായാചിത്രങ്ങളാണ്‌ ഒപീ വരച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചവ. ലണ്ടനിലെത്തി രണ്ടുവർഷത്തിനുശേഷം ഗ്രാമീണവിഷയങ്ങള്‍ "ഫാന്‍സി പിക്‌ച്ചേഴ്‌സ്‌' (സങ്കല്‌പചിത്രങ്ങള്‍) എന്ന പേരിൽ വരച്ചുതുടങ്ങി. "പെസന്റ്‌സ്‌ ഫാമിലി' ഇതിനുദാഹരണമാണ്‌. ഗയിന്‍സ്‌ബറോയുടെ രീതിയാണ്‌ ഇതിനുവേണ്ടി ഒപീ സ്വീകരിച്ചത്‌. 1802-ൽ ഇദ്ദേഹം വരച്ച "ദി ഡ്രമാറ്റിക്‌ വർക്ക്‌സ്‌ ഒഫ്‌ ഷെയ്‌ക്‌സ്‌പിയർ' എന്ന ചിത്രപരമ്പര പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരു മാന്യനോടൊപ്പം ചെമ്പ്‌ അയിരിന്റെ ഒരു മാതൃകയും കൈയിലേന്തിനില്‌ക്കുന്ന ഒരു ഖനിത്തൊഴിലാളിയുടെ ചിത്ര(A gentleman and a Miner with a specimen of copper ore, 1786)മാണ്‌ ഒപീയുടെ പ്രകൃഷ്‌ട രചനയായി കണക്കാക്കുന്നത്‌. ഇത്‌ ഇംഗ്ലണ്ടിലെ മിസിസ്‌ വാർവിക്ക്‌ പെന്‍ഡാർവെസിന്റെ ചിത്രശേഖരത്തിൽ ഉള്‍പ്പെടുന്നു. വർണലേപനത്തിലും രൂപചിത്രണത്തിലും അത്യധികം മേന്മ ഈ ചിത്രത്തിനുണ്ട്‌.

1787-ൽ ഒപീക്ക്‌ റോയൽ അക്കാദമിയിൽ അംഗത്വം ലഭിച്ചു. 1780-നുശേഷം ഇദ്ദേഹത്തിന്റെ രചനാരീതിക്ക്‌ വളരെ മങ്ങൽ ഏറ്റു. 1802-ൽ ഇദ്ദേഹം ഫ്രാന്‍സ്‌ സന്ദർശിച്ചു. 1805-ൽ ഒപീ രചിച്ച ആത്മച്ഛായാചിത്രത്തിൽ പ്രസിദ്ധ ഫ്രഞ്ചു ചിത്രകാരനായ ലൂയി ഡേവിഡിന്റെ നിയോക്ലാസ്സിക്കൽ ശൈലിയുടെ സ്വാധീനത കാണാനുണ്ട്‌. 1805-ൽ ഒപീ റോയൽ അക്കാദമിയുടെ പ്രാഫസറായി നിയമിതനായി. 1807-ൽ ലണ്ടനിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍