This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒത്തുകല്യാണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒത്തുകല്യാണം == ക്രസ്‌തവ സമുദായത്തിൽ പരമ്പരാഗതമായി തുടർന്ന...)
അടുത്ത വ്യത്യാസം →
06:24, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒത്തുകല്യാണം
ക്രസ്‌തവ സമുദായത്തിൽ പരമ്പരാഗതമായി തുടർന്നുകൊണ്ടിരിക്കുന്ന ഒരു വിവാഹാചാരം. കത്തോലിക്കരുടെ ഇടയിൽ ഈ ആചാരത്തിന് പ്രതേ്യക പ്രാധാന്യമുണ്ട്. "മനസ്സുചോദ്യം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. വിവാഹത്തിന് ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ് പ്രതിശ്രുതവധൂവരന്മാരുടെ "മനസ്സമ്മതം' പുരോഹിതന്‍ ആരായുന്ന ചടങ്ങിനാണ് ഒത്തുകല്യാണം എന്നുപറയുന്നത്. ഒത്തുകല്യാണം, വിവാഹസമ്മതം, കിരീടധാരണം എന്നീ മൂന്നു ഭാഗങ്ങളാണ് വിവാഹശുശ്രൂഷയിൽ പ്രധാനപ്പെട്ടവ. സ്‌ത്രീധനസംബന്ധമായ എല്ലാ ഇടപാടുകളും ഒത്തുകല്യാണദിവസംതന്നെ തീർക്കുന്നു. ഏതെങ്കിലും കാരണവശാൽ വിവാഹം നടക്കാതിരിക്കുകയാണെങ്കിൽ സ്‌ത്രീധനത്തുക തിരികെ നല്‌കാന്‍ വരന്റെ വീട്ടുകാർ ബാധ്യസ്ഥരാണ്. സാധാരണഗതിയിൽ പ്രതിശ്രുതവധുവിന്റെ ഇടവകപ്പള്ളിയിൽ വച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. ഇടവക വികാരിയുടെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന വൈദികന്റെയോ സാന്നിധ്യം ഈ ചടങ്ങിന് അനിവാര്യമാണ്. വധൂഗൃഹത്തിൽവച്ചും ഒത്തുകല്യാണം നടത്താറുണ്ട്; വൈദികന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നുമാത്രം.
പ്രതിശ്രുതവരന്റെ ഇടവകപ്പള്ളിയിൽനിന്നു വിവാഹം നടത്തുന്നതിനു തടസ്സമില്ലെന്നു കാണിക്കുന്ന "കുറി' വധുവിന്റെ ഇടവകപ്പള്ളിയിലെത്തിച്ചിരിക്കണമെന്നാണ് നിബന്ധന. വധുവിനോടും വരനോടും പരസ്‌പരവിവാഹബന്ധത്തിലേർപ്പെടുന്നതിനു സ്വമനസ്സാലെ സമ്മതമാണോ എന്നു പുരോഹിതന്‍ ചോദിക്കുന്നു. ചില വിഭാഗക്കാർക്കിടയിൽ വധൂവരന്മാരുടെ കൈകള്‍ ചേർത്തുപിടിപ്പിച്ച് അതിന്മേൽ പുരോഹിതന്‍ തന്റെ "ഊറാറ' എടുത്തുവച്ച് ആശീർവദിക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്യുന്നു. തദവസരത്തിൽ പ്രതിശ്രുതവധൂവരന്മാരുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ പ്രസ്‌തുതകർമത്തിനു സാക്ഷിയായി നില്‌ക്കേണ്ടതുണ്ട്. വധുവിനും വരനും പരിപൂർണ സമ്മതമാണെന്ന് ഒത്തുകല്യാണാവസരത്തിൽ പുരോഹിതനു ബോധ്യമായാൽ മാത്രമേ വിവാഹം നടത്തുന്നതിന് അനുവാദം ലഭിക്കൂ. ഒത്തുകല്യാണത്തിനുശേഷം അടുത്തുവരുന്ന മൂന്നു ഞായറാഴ്‌ചകളിൽ കല്യാണനിശ്ചയവിവരം പൊതുക്കൂട്ടത്തെ പരസ്യമായി അറിയിച്ചതിനുശേഷമേ വിവാഹം നടത്താവൂ എന്നാണ് ചിട്ട. വധുവിന്റെ വീട്ടുകാരാണ് ഒത്തുകല്യാണം ആഘോഷിക്കുക. ചടങ്ങിൽ സംബന്ധിക്കുന്നവർക്ക് സദ്യകൊടുക്കുക പതിവാണ്. ഒത്തുകല്യാണത്തിനുശേഷം വിവാഹം മുടങ്ങിപ്പോകുന്നത് വലിയ മാനക്കേടായിട്ടാണ് ഇരുകൂട്ടരും കരുതുന്നത്. പുരോഹിതന്റെ സാന്നിധ്യത്തിൽ വീട്ടിൽവച്ച് വധൂവരന്മാരുടെ മാതാപിതാക്കളോ രക്ഷാകർത്താക്കളോ കൈപിടിച്ചുകൊണ്ട് തങ്ങളുടെ മക്കളുടെ വിവാഹസമ്മതം അറിയിക്കുന്ന ഏർപ്പാടും ചില ക്രിസ്‌തീയ വിഭാഗക്കാരുടെ ഇടയിലുണ്ട്. ഒത്തുകല്യാണാവസരത്തിൽ വധുവും വരനും പരസ്‌പരം മോതിരം മാറുന്ന ചടങ്ങും ചിലയിടങ്ങളിൽ കാണുന്നുണ്ട്.