This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടക്കൂത്തർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒട്ടക്കൂത്തർ == 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ്‌കവി. തി...)
അടുത്ത വ്യത്യാസം →

05:57, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒട്ടക്കൂത്തർ

12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ്‌കവി. തിരുച്ചിറപ്പള്ളിക്കു സമീപമുള്ള തിരുവരമ്പൂർ (മലരി) എന്ന സ്ഥലത്തു ചെങ്കുന്തവംശത്തിൽപ്പിറന്ന ഒട്ടക്കൂത്തർ തമിഴിലും സംസ്‌കൃതത്തിലും നല്ല പാണ്ഡിത്യം നേടി. ഇദ്ദേഹം ഒന്നാം കുലോത്തുംഗചോളന്റെ പുത്രനായ വിക്രമചോളന്റെ(1118-1135) ആസ്ഥാനപണ്ഡിതനായിരുന്നു; വിക്രമചോളന്റെ പുത്രനായ രണ്ടാം കുലോത്തുംഗചോളന്റെയും പൗത്രനായ രാജരാജചോളന്റെയും ആചാര്യനുമായിരുന്നു. 2-ാം കുലോത്തുംഗചോളന്‍ ആചാര്യനായ ഇദ്ദേഹത്തെ അത്യധികം പ്രാത്സാഹിപ്പിച്ചിരുന്നു. മാത്രമല്ല, ഈ കവിയെപ്പറ്റി,

""നിത്തനവം പാടും കവിപ്പെരുമാനൊട്ടകൂത്തന്‍
	പതാമ്പുചത്തൈച്ചൂടും
	കുലോത്തുങ്ക ചോളനെന്റേയെനൈച്ചൊല്ലുവരേ''
 

എന്നിങ്ങനെ മധുരോദാരമായി വാഴ്‌ത്തിയിട്ടുമുണ്ട്‌. ഒട്ടക്കൂത്തർ തന്റെ പുരസ്‌കർത്താവായ ഈ കുലോത്തുംഗചോളന്റെ ബാല്യത്തെ പ്രമേയമാക്കി കുലോത്തുംഗ ചോളന്‍ പിള്ളൈത്തമിഴ്‌ എന്ന ഖണ്ഡകാവ്യം നിർമിച്ചിട്ടുണ്ട്‌. പിള്ളൈത്തമിഴ്‌ എന്ന ഖണ്ഡകാവ്യശാഖയിൽ ഇത്‌ പ്രഥമകൃതിയാണ്‌.

2-ാം രാജരാജചോളനെപ്പറ്റി ഒരു ഉലായും, തക്കയാകപ്പരണി എന്ന കൃതിയും ഒട്ടക്കൂത്തർ നിർമിച്ചിട്ടുണ്ട്‌. ഇവയിൽ ഉലാ അരങ്ങേറിയപ്പോള്‍ രാജാവ്‌ അതിലുള്ള ഓരോ "കണ്ണി' (ഈരടി)ക്കും ആയിരം പൊന്നുവീതം സമ്മാനിച്ചതായി പറയപ്പെടുന്നു. തഞ്ചാവൂർ ജില്ലയിൽ പൂന്തോട്ടം തീവണ്ടിസ്റ്റേഷനു സമീപം അരശിലാറ്റിന്റെ തെക്കേക്കരയിൽ കൂത്തന്നൂർ കലൈമകള്‍ കോവിലിലുള്ള ഒരു ശിലാരേഖയിൽ പ്രസ്‌തുത ക്ഷേത്രവും ചുറ്റുമുള്ള സ്ഥലവും ഈ രാജാവ്‌ ഒട്ടക്കൂത്തർക്ക്‌ ദാനംനൽകിയതാണെന്നു കാണുന്നുണ്ട്‌. ക്ഷേത്രവും സ്ഥലവും ഈ കവിപുംഗവന്റെ സ്‌മാരകമായി ഇന്നും വിളങ്ങുന്നു. ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ സരസ്വതിയെ തക്കയാകപ്പരണിയിൽ "ആറ്റങ്കരൈച്ചൊർകിഴത്തി വാഴിയേ' (നദീതീരവാസിയായ വാഗീശ്വരി ജയിച്ചാലും) എന്ന്‌ ഇദ്ദേഹം സ്‌തുതിച്ചിരിക്കുന്നു.

പ്രകൃതി ഗായകനാകയാൽ "ഗൗഡപ്പുലവർ', കവികളുടെ മുമ്പനായിരുന്നതിനാൽ "കവിരാക്ഷസന്‍', ചോളരാജാക്കന്മാർ കൊടുത്ത "കാളം' എന്ന ബിരുദമുള്ളതിനാൽ "കാളക്കവി', സംസ്‌കൃതത്തിലും തമിഴിലും പണ്ഡിതനും കവിയുമാകയാൽ "സർവജ്ഞകവി' എന്നിങ്ങനെ പല ബഹുമാനപ്പേരുകളും ഒട്ടക്കൂത്തർക്കു ലഭിച്ചിട്ടുണ്ട്‌. "കവിചക്രവർത്തി' എന്നത്‌ ഇദ്ദേഹത്തിന്റെ മറ്റൊരു ബിരുദമാണ്‌. തക്കയാകപ്പരണി, ചോളമണ്ടല ചതകം എന്നീ കൃതികളിൽ ഈ വസ്‌തുതകള്‍ പരാമർശിച്ചിരിക്കുന്നു. ഒട്ടക്കൂത്തരുടെ പ്രധാനകൃതികളിൽ അരുമ്പൈത്തൊള്ളായിരം, കാങ്കേയന്‍ നാലായിരക്കോണവൈ, ചില മുക്തകങ്ങള്‍ എന്നിവയുംകൂടി ഉള്‍പ്പെടുന്നു.

ശൈവസിദ്ധനായ തിരുജ്ഞാനസംബന്ധരുടെ ആരാധകനായിരുന്ന ഒട്ടക്കൂത്തർ, പ്രസിദ്ധതമിഴ്‌കവികളായ കമ്പരുടെയും പുകഴേന്തിയുടെയും ചേക്കിഴാരുടെയും സമകാലികനാണെന്നു പറയപ്പെടുന്നു.

(വി.ആർ. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍