This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൃത്രിമോപഗ്രഹങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കൃത്രിമോപഗ്രഹങ്ങള്‍ == == Artificial Satellites == ഭൂമിക്കു ചുറ്റും നിശ്ചിത...)
അടുത്ത വ്യത്യാസം →
13:28, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
കൃത്രിമോപഗ്രഹങ്ങള്‍
Artificial Satellites
ഭൂമിക്കു ചുറ്റും നിശ്ചിത പരിക്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതരത്തിൽ സംവിധാനം ചെയ്‌തു നിർമിക്കപ്പെടുന്ന വസ്‌തുക്കള്‍. പ്രധാനമായും കൃത്രിമോപഗ്രങ്ങളുടെ പ്രവർത്തനതത്ത്വവും ലക്ഷ്യവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ള വകഭേദങ്ങളും ആണ് ഈ ലേഖനത്തിൽ പ്രതിപാദിക്കപ്പെടുന്നത്.
ആമുഖം
തുടക്കത്തിൽ സൗണ്ടിങ് റോക്കറ്റുകളുപയോഗിച്ച് ഭൂമിയുടെ ഉപര്യന്തരീക്ഷ(upper atmosphere)ത്തെക്കുറിച്ച് മനുഷ്യന്‍ പഠനം നടത്തിയിരുന്നു. അന്തരീക്ഷത്തിനപ്പുറം ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ശേഷിയുള്ള റോക്കറ്റുകളുടെ നിർമാണം സാധ്യമായതോടെയാണ് സ്ഥിരപഥങ്ങളിൽ ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ചുതുടങ്ങുന്നത്. കൃത്രിമോപഗ്രഹം ഭൂമിയിൽനിന്ന് സാമാന്യം (ഉദ്ദേശം 150 കി.മീ.) ഉയരത്തിൽ പരിക്രമണം ചെയ്യണം. അല്ലാത്തപക്ഷം വായുഗതികവലിവ് (aerodynamic drag) അതിന്റെ പരിക്രമണവേഗത്തെ മന്ദീഭവിപ്പിക്കുകയും അതിനെ ഭൂമിയോട് അടുത്തടുത്തു കൊണ്ടുവരികയും ചെയ്യും. കൂടാതെ വായുസാന്ദ്രത കൂടുതലുള്ള ഭാഗത്തെത്തുമ്പോള്‍ ഘർഷണ(friction)ഫലമായുണ്ടാകുന്ന ചൂടുകാരണം അതു കത്തിപ്പോകുകയും ചെയ്യും.
ഉപഗ്രഹത്തിന്റെ ആയുസ് (life-time)അതിന്റെ വിസ്‌തീർണം, ഭാരം, ഭൂമിയിൽനിന്നുള്ള ഉയരം എന്നിവയെ ആശ്രയിച്ചിരിക്കും. ഭൂമിയിൽനിന്നുള്ള ഉയരം കൂടുന്തോറും വായുമണ്ഡലസാന്ദ്രതയും പരിക്രമണവേഗവും (orbital velocity) കുറഞ്ഞുവരും. തദനുസരണമായി വായുഗതിക വലിവിലും കുറവുണ്ടാകും. ചെറിയ ഉപഗ്രഹമാണെങ്കിൽ അനുഭവപ്പെടുന്ന വലിവും കുറവായിരിക്കും. ഭാരം കൂടുന്തോറും ഉപഗ്രഹത്തിന്റെ പരിക്രമണവേഗത്തിനുണ്ടാകുന്ന മന്ദനവും (deceleration)കുറഞ്ഞുവരും. തന്മൂലം ഉപരിതലവിസ്‌തീർണം കുറഞ്ഞതും ഭാരക്കൂടുതലുള്ളതും വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ ഉപഗ്രഹത്തിനായിരിക്കും ആയുസ് കൂടുതലുണ്ടാവുക.
അന്തർദേശീയ ഭൂഭൗതികവർഷത്തിൽ (International Geophysical Year, 1957 ജൂല. 1 മുതൽ 1958 ഡി. 31 വരെ) ഒരു ഉപഗ്രഹം വിക്ഷേപിക്കണമെന്ന് യു.എസ്. തീരുമാനിക്കുകയും അതിനുവേണ്ട സന്നാഹങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. അതിനിടയ്‌ക്ക് 1957 ഒ. 4-നു യു.എസ്.എസ്.ആർ. മനുഷ്യനിർമിതമായ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചു. 85 കിലോഗ്രാം (187 പൗണ്ട്) ഭാരമുള്ള ഇതിന്റെ പേര് സ്‌പുത്‌നിക്-1 (Sputnik-1) എന്നായിരുന്നു. തുടർന്ന് 1957 ന. 3-നു 453 കി.ഗ്രാം. (1,000 പൗണ്ട്) ഭാരമുള്ള സ്‌പുത്‌നിക് കഹം യു.എസ്.എസ്.ആർ. വിക്ഷേപിക്കുകയുണ്ടായി. ഈ ഉപഗ്രഹത്തിൽ ഒരു പട്ടിയെ അയച്ച് ബഹിരാകാശത്തിൽ ജീവജാലങ്ങള്‍ക്ക് ഉണ്ടാവുന്ന അനുഭവങ്ങളെക്കുറിച്ചു പഠനം നടത്തി.
1958 ജൂണ്‍ 3-ന് ആദ്യത്തെ യു.എസ്. ഉപഗ്രഹമായ എക്‌സ്‌പ്ലോറർ-l (Explorer-I) വിക്ഷേപിക്കപ്പെട്ടു. 14 കിലോഗ്രാം (31 പൗണ്ട്) ഭാരമുള്ള ഈ ഉപഗ്രഹം കോസ്‌മികരശ്‌മി(Cosmic rays)കളെക്കുറിച്ചു പഠനം നടത്തുവാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതായിരുന്നു. പരീക്ഷണഫലമായി വാന്‍ അലന്‍ ബെൽറ്റ് (Van Allen Belt)എന്നൊരു വികിരണ മേഖല കണ്ടുപിടിക്കപ്പെട്ടു. തുടർന്ന്, 1958 മാ. 17-ന് വാന്‍ഗാഡ്-l(Vanguard-I)ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണം ബഹിരാകാശത്തിൽ മനുഷ്യരെ അയയ്‌ക്കുവാന്‍ പ്രരിപ്പിച്ചു. 1961 ഏ. 12-നു വിക്ഷേപിക്കപ്പെട്ട വോസ്‌തോക്ക് ഹ(Vostok-I)ലെ റഷ്യാക്കാരനായ യൂറി ഗഗാറിനാണ് ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ച മനുഷ്യന്‍.
പ്രവർത്തനതത്ത്വം
സഞ്ചാരപഥം സംവൃതവും (closed) ആവർത്തിക്കുന്നതുമാണെങ്കിൽ അതിനെ പരിക്രമണപഥം(orbit)എന്നു പറയുന്നു. പരിക്രമണപഥത്തിൽ സഞ്ചരിക്കുന്ന വസ്‌തുവിനെ ഉപഗ്രഹമായി കണക്കാക്കാം. സഞ്ചാരപഥത്തിന് നിശ്ചിതമായ പ്രാരംഭികവും അന്ത്യവുമായ ബിന്ദുക്കള്‍ ഉണ്ടെങ്കിൽ അതിനെ പ്രക്ഷേപപഥം (trajectory)എന്നു പറയുന്നു; പ്രക്ഷേപപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹത്തെ പ്രാബ് (Probe) എന്നും. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന വാഹനം ഒരു ബഹിരാകാശ പ്രാബ് ആണ്. ഒരു വസ്‌തു, നിശ്ചിതവേഗത്തിൽ (fixed velocity) ക്ഷൈതിജദിശയിൽ (horizontal direction) പ്രക്ഷേപിക്ക(project)പ്പെട്ടുവെന്നിരിക്കട്ടെ. വസ്‌തു ഭൂമിയിൽനിന്ന് 160 കി.മീ. ഉയരത്തിലാണെന്നും വായുമണ്ഡല സാന്ദ്രത കുറവായതുകൊണ്ട് വായുഗതികവലിവ് ഉണ്ടാകുന്നില്ലെന്നും സങ്കല്‌പിക്കുക. ന്യൂട്ടന്റെ ഒന്നാംചലനനിയമമനുസരിച്ച്, ചലിക്കുന്ന വസ്‌തുവിന്മേൽ മറ്റൊരു ബാഹ്യബലം (external force) പ്രവർത്തിക്കാതിരിക്കുന്നിടത്തോളംകാലം അതിന്റെ ചലനം തുടരുന്നതാണ് (ചിത്രം 1). അ എന്ന ബിന്ദുവിൽ നിന്ന് പ്രക്ഷേപിക്കപ്പെടുന്ന വസ്‌തു മറ്റൊരു ബാഹ്യബലത്തിന്റെ അഭാവത്തിൽ അആ എന്ന ദിശയിൽ സഞ്ചരിക്കും. എന്നാൽ വസ്‌തുവിന്മേലനുഭവപ്പെടുന്ന ഗുരുത്വബലം (force of gravity)കൊണ്ട് അത് ഭൂമിയുടെ ഉപരിതലത്തിൽ ജ1 എന്ന സ്ഥാനത്തുവീഴുന്നു. വസ്‌തുവിന്റെ അന്തക്ഷേപണവേഗം (injection velocity) വർധിപ്പിച്ചു എന്നിരിക്കട്ടെ; അത് P1 എന്ന സ്ഥലത്തു പതിക്കുന്നു. വസ്‌തുവിന് ഒരു നിശ്ചിത പ്രവേഗം നൽകിയാൽ അത് അട എന്ന പന്ഥാവിലൂടെ സഞ്ചരിക്കുന്നു. ഈ പന്ഥാവ് ഭൂമിയുടെ വക്രതയ്‌ക്കു സമാന്തരമായിരിക്കുന്നതിനാൽ വസ്‌തു ഒരിക്കലും ഭൂമിയിൽ വീഴുന്നില്ല. ഭൂമിയും വസ്‌തുവിന്റെ സഞ്ചാരപഥവും ഒരേ കേന്ദ്രമുള്ള വൃത്തങ്ങളായിരിക്കും. വസ്‌തു ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നു. ഈ പരിക്രമണത്തിനു വേണ്ട വേഗത്തെ പരിക്രമണവേഗം (orbital velocity) എന്നു പറയുന്നു. പരിക്രമണവേഗം (ഭൂമിയിൽ നിന്ന് ഉപഗ്രഹത്തിന്റെ) ഉയരത്തിനനുസരിച്ചു വ്യത്യാസപ്പെടുന്നു.
ഒരു വസ്‌തു 4.9 മീ. ഉയരത്തിൽനിന്ന് കീഴ്‌പോട്ടിട്ടാൽ ഭൂമിയിലേക്കു പതിക്കുന്നതിന് ഒരു സെക്കന്‍ഡ് സമയം വേണം. വക്രത കാരണം ഭൂമിയുടെ പ്രതലത്തിന് ഓരോ 8 കിലോമീറ്ററിനും 4.9 മീ. ചരിവു കാണും. സെക്കന്‍ഡിൽ 8 കി.മീ. വേഗത്തിൽ ഒരു വസ്‌തു ഭൂമിയുടെ ഉപരിതലത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. ഒരു സെക്കന്‍ഡിൽ അതു കീഴോട്ടു പതിക്കുന്ന ദൂരവും ഭൂമിയുടെ ചരിവും തുല്യമാണ്. അപ്പോള്‍ അത് ഭൂമിയിൽ വീഴാതെ ഉപഗ്രഹമായിത്തീരുന്നു. ഇതാണ് കൃത്രിമോപഗ്രഹങ്ങളുടെ ഭ്രമണതത്ത്വം. കേന്ദ്രീയക്ഷേത്ര ചലനം (Central field motion)എന്ന പേരിലാണ് സാങ്കേതികമായി ഇതറിയപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിനു സമീപം ഉപഗ്രഹത്തിന്റെ പരിക്രമണവേഗം സെക്കന്‍ഡിൽ 8 കി.മീ. ആണ്. ഒരു വസ്‌തു മറ്റൊന്നിനെ പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ പരിക്രമണവേഗം രണ്ടു വസ്‌തുക്കളുടെയും ഭാരത്തെ ആശ്രയിച്ചിരിക്കുന്നു. ഉപഗ്രഹത്തിന്റെ ഭാരം ഭൂമിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവായതുകൊണ്ട് പരിക്രമണവേഗം അതിന്റെ ഭാരത്തെ ആശ്രയിക്കുന്നില്ല.
പരിക്രമണവേഗവും പരിക്രമണകാലവും
(Orbital velocity and period of revolution). ഉപഗ്രഹത്തിന്റെ പരിക്രമണപഥം ഭൂമിക്കു സമീപം സ്ഥിതിചെയ്യുകയാണെങ്കിൽ കേന്ദ്രമായ ഛ-ൽ നിന്ന് പരിക്രമണപഥത്തിലേക്കുള്ള അകലത്തെ ഭൂമിയുടെ വ്യാസാർധമായി കണക്കാക്കാം. അ എന്ന ബിന്ദുവിൽവച്ചാണ് ഉപഗ്രഹത്തിന്റെ ക്ഷൈതിജാന്തഃക്ഷേപണം (horizontal injection) നടക്കുന്നത്. ഗുരുത്വബലത്തിന്റെ അഭാവത്തിൽ അത് അആ എന്ന ദിശയിൽ സഞ്ചരിക്കുന്നു. എന്നാൽ ഗുരുത്വബലത്തിന്റെ ഫലമായി സഞ്ചാരപഥം AC ആയിത്തീരുന്നു. ഉപഗ്രഹം C എന്ന ബിന്ദുവിലെത്തുമ്പോള്‍ അത് AB എന്ന ദൂരം കീഴോട്ടു പതിച്ചതായി കണക്കാക്കാം. A എന്ന ബിന്ദുവിലെ അന്തഃക്ഷേപണവേഗം V എന്നും AC എന്ന അകലം സഞ്ചരിക്കാന്‍ വേണ്ട സമയം സെക്കന്‍ഡ് എന്നും കരുതുക. A, B എന്നിവ തമ്മിലുള്ള അകലം d ആണെന്നിരിക്കട്ടെ. എങ്കിൽ താഴെ പറയുന്നതനുസരിച്ച് വേഗം v ഉം അകലം d-ഉം കണക്കാക്കാവുന്നതാണ്. d=v x t, v=d/t, h=œ gt2 d2=2Rh+h2 അതുകൊണ്ട് വ ചെറുതായതിനാൽ, ഭൂമിയുടെ സമീപത്തുകൂടി വൃത്താകാരമായ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹത്തിന്റെ ക്ഷൈതിജാന്തക്ഷേപണ വേഗം കണക്കാക്കുന്നതിന് ഞ-ന്റെ മൂല്യം ഭൂമിയുടെ വ്യാസാർധമായ 6.37x106 മീറ്ററിനു തുല്യമാണെന്നു കരുതാം. ഴ-യുടെ മൂല്യം ഉപയോഗിച്ച് (ഭൂമിയോടടുത്താണെങ്കിൽ g=9.83 മീ./സെ.2v യുടെ മൂല്യം കാണാം.
മീ./സെ. വൃത്താകാരമായ പരിക്രമണപഥത്തിന്റെ ചുറ്റളവ് ആണ്. പരിക്രമണസമയം
, v യുടെ മൂല്യം വിസ്ഥാപിച്ചാൽ പരിക്രമണകാലം ആയിത്തീരും ഉപഗ്രഹം ഭൂമിക്കു സമീപത്തുകൂടി പരിക്രമണം നടത്തുമ്പോള്‍ (മീ.) അതിന്റെ പരിക്രമണകാലം,
സെ.=84.3 മിനിട്ട്
ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് R0 എന്ന അകലത്തിലുള്ള സ്ഥലത്തെ ഗുരുത്വബലം g0-ഉം ഭൂതലത്തിലെ ഗുരുത്വബലം g-ഉം (വ്യാസാർധം=R) ആണെങ്കിൽ ആ സ്ഥലത്തെ ഗുരുത്വബലം കണക്കാക്കുന്നതിന് g/g0 = R0/R)2 എന്ന സമവാക്യമുപയോഗിക്കാവുന്നതാണ്. ഈ സമവാക്യങ്ങളുപയോഗിച്ച് ഏത് പരിക്രമണപഥത്തിലും സഞ്ചരിക്കുന്ന ഉപഗ്രഹത്തിന്റെ അന്തഃക്ഷേപണവേഗവും പരിക്രമണകാലവും കണക്കാക്കാം. വിവിധ ഉയരങ്ങളിൽ പരിക്രമണം ചെയ്യുന്നതിനുവേണ്ട വേഗവും സമയവും പട്ടികയിൽ കൊടുത്തിരിക്കുന്നു.
ഉയരം കൂടുന്നതനുസരിച്ചു പരിക്രമണവേഗം കുറയുകയും പരിക്രമണ കാലം കൂടുകയും ചെയ്യുന്നു. പട്ടികയിൽ നിന്ന് 35,880 കി.മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തിന് ഒരു പരിക്രമണം പൂർത്തിയാക്കുന്നതിനു വേണ്ട സമയം 23 മണിക്കൂർ 56 മിനിട്ട് ആണെന്നു കാണാം. അതായത് പരിക്രമണകാലവും ഭൂമിക്ക് സ്വയം ഭ്രമണം ചെയ്യുന്നതിനുവേണ്ട സമയവും തുല്യമാണ്. ഉപഗ്രഹത്തിന്റെ പരിക്രമണവും ഭൂമിയുടെ ഭ്രമണവും ഒരേ ദിശയിലാണെങ്കിൽ (പടിഞ്ഞാറുനിന്ന് കിഴക്കോട്ട്) ഉപഗ്രഹം ഭൂമിയിൽനിന്ന് നോക്കുമ്പോള്‍ എട്ട് (8) എന്ന അക്കത്തിന്റെ രൂപത്തിൽ സഞ്ചരിക്കുന്നതായി തോന്നും. ഈ ഉപഗ്രഹങ്ങളെ തുല്യകാലിക (synchronous) ഉപഗ്രഹങ്ങള്‍ എന്നു പറയുന്നു. തുല്യ കാലികോപഗ്രഹങ്ങളുടെ കക്ഷ്യാതലവും (orbital plane) ഭൂമിയുടെ മധ്യരേഖാതലവും (equatorial plane)ഏകീഭവിക്കുമ്പോള്‍ ഉപഗ്രഹം ഭൂസ്ഥിരാവസ്ഥ (Geostationary)യിലാണെന്നു പറയുന്നു.
ഉയർന്ന ഉന്നതികളിൽ (high altitudes) അന്തഃക്ഷേപണവേഗം കുറവാണെങ്കിലും ആ ഉയരത്തിലെത്തിക്കുന്നതിനു വേണ്ട ശക്തി വളരെ കൂടുതലാണ്. അഭിലക്ഷണീയ(characteristic) വേഗത്തിന്റെ ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ രണ്ടു മൂല്യങ്ങള്‍ (extreme values) ഭൂമിയുടെ ഉപരിതലത്തിലും അനന്തതയിലുമാണെന്ന് കാണാം. ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വബലത്തിനെതിരായി ഉപഗ്രഹത്തെ മുകളിലേക്ക് തൊടുക്കേണ്ട ആവശ്യമില്ല.
മുന്‍പറഞ്ഞ അഭിലക്ഷണീയവേഗം ഭൂമിയുടെ ഭ്രമണവേഗത്തെ കണക്കിലെടുക്കുന്നില്ല. വിക്ഷേപണസ്ഥലത്ത്, ഉപഗ്രഹത്തെ പരിക്രമണപഥത്തിലെത്തിക്കുന്നതിനു വേണ്ട വേഗത്തെ ബാധിക്കുന്ന രണ്ടു ഘടകങ്ങള്‍ വിക്ഷേപണദിശയും വിക്ഷേപണ സ്ഥലത്തിന്റെ അക്ഷാംശവും (latitude) ആണ്. വിക്ഷേപണം പടിഞ്ഞാറുനിന്നു കിഴക്കോട്ടായാൽ (അതായത് ഭൂമിയുടെ ഭ്രമണദിശയിൽ) പരിക്രമണപഥത്തെ അനുവർധകം (progressive) എന്നു പറയുന്നു. അപ്പോള്‍ ഭൂമിയുടെ ഭ്രമണവേഗം വിക്ഷേപണവേഗത്തെ വർധിപ്പിക്കുന്നു. എന്നാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ടു വിക്ഷേപണം നടക്കുമ്പോള്‍ ഭൂമിയുടെ ഭ്രമണവേഗം വിക്ഷേപണവേഗത്തെ കുറയ്‌ക്കുന്നു. ഭൂമധ്യരേഖയിലെ ഒരു ബിന്ദു ഏകദേശം 24 മണിക്കൂറിൽ 4x107 മീ. സഞ്ചരിക്കുന്നു. അതായത് ഘൂർണനവേഗം (rotational velocity) സെക്കന്‍ഡിൽ 0.47 കി.മീ. ആണ്. തന്മൂലം ഭൂമിയുടെ ഉപരിതലത്തിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ അഭിലക്ഷണീയവേഗം 7.44 കി.മീ. (7.91-0.47) ആയിരിക്കും (പട്ടിക). മറ്റ് അക്ഷാംശ (latitude)ങ്ങളിൽ ഭൂമിയുടെ ഭ്രമണവേഗം കുറവായിരിക്കും.
പട്ടിക
ഉയരം (ഭൂമിയിൽനിന്ന്) പരിക്രമണ വേഗം പരിക്രമണ ഏകദേശം ഏകദേശം കാലം കി.മീ. കി.മീ./സെ. മ.മി. 322 7.70 1-30.8 644 7.53 1-37.5 1609 7.06 1-57.7 8045 5.26 4-46.6 35880 3.07 23-56.0
ഉപഗ്രഹത്തിന്റെ പരിക്രമണകാലം രണ്ടുവിധത്തിൽ കണക്കാക്കാം. ഒരു നിശ്ചിത നക്ഷത്രത്തെ നിർദേശക ബിന്ദു(reference) ആയി കരുതി നിർണയിക്കുന്ന പരിക്രമണകാലത്തെ നക്ഷത്രകാലം (sidereal period) എന്നും സൂര്യനെ നിർദേശകബിന്ദുവാക്കി കണക്കാക്കുന്ന പരിക്രമണകാലത്തെ സംയുതികാലം (synodic period) എന്നും പറയുന്നു.
ഭ്രമണപഥം ദീർഘവൃത്താകൃതിയിലാണെന്നു സങ്കല്‌പിക്കുക. ഉപഭൂ(perigee)വിന്റെ വേഗം കൂടുമ്പോള്‍ കക്ഷ്യയുടെ ഉത്‌കേന്ദ്രത(eccentricity)കൂടുകയും അതിന്റെ മൂല്യം 1-ലേക്കു അടുക്കുകയും ചെയ്യുന്നു. ഉത്‌കേന്ദ്രതയുടെ മൂല്യം 1 ആകുമ്പോള്‍ ഭ്രമണപഥം പരാബൊള (parabola) ആകുകയും ഉപഗ്രഹം അതിന്റെ പ്രാഥമികവസ്‌തു (primary body)വിൽനിന്ന് അകന്നുപോകുകയും ചെയ്യുന്നു. അപ്പോള്‍ ഉപഗ്രഹത്തെ ബഹിരാകാശവാഹനം(Space Probe) എന്നു പറയുന്നു. ഭ്രമണപഥം പരാബൊളയായിത്തീരുന്നതിനുള്ള പ്രവേഗത്തെയാണ് രക്ഷാവേഗം (escape velocity) എന്നു പറയുന്നത്. ഇത് അഭിലക്ഷണീയവേഗത്തെക്കാള്‍ കൂടുതലായിരിക്കും.
ഹോഹ്‌മന്‍ കൈമാറ്റ ദീർഘവൃത്തം
(Hohmann Transfer Ellipse). ഉപഗ്രഹം ഭൂമിയുടെ പരിക്രമണപഥത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിന്റെ പരിക്രമണപഥത്തിലെത്തണമെന്നിരിക്കട്ടെ. അത് ഒരു ഗ്രഹത്തിൽനിന്ന് വിട്ടുമാറുന്നത് പരിക്രമണപഥത്തിനു സ്‌പർശക(tangent) ദിശയിലും മറ്റേ ഗ്രഹത്തിന്റെ പരിക്രമണപഥത്തിലേക്കു പ്രവേശിക്കുന്നത് അതിന്റെ സ്‌പർശകദിശയിലും ആണെങ്കിൽ ഈ പ്രവർത്തനത്തിനു വേണ്ട ഊർജം ഏറ്റവും കുറവായിരിക്കും. ഉപഗ്രഹവിക്ഷേപണം ക്ഷൈതിജ ദിശയിലാണെങ്കിൽ പരിക്രമണപഥം വൃത്താകൃതിയിലും അല്ലാതിരുന്നാൽ ദീർഘവൃത്താകൃതിയിലും ആയിരിക്കും. അതുകൊണ്ട് ഭൂമധ്യരേഖയിൽ ഗുരുത്വബലം ഏറ്റവും കൂടുതലും മറ്റു ഭാഗങ്ങളിൽ കുറവുമാണ്. ഈ വ്യത്യാസം ഉപഗ്രഹത്തിന്റെ പരിക്രമണത്തെ സാരമായി ബാധിക്കുന്നു.
ഉപഗ്രഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നുവെന്നിരിക്കട്ടെ (അനുവർധക പരിക്രമണപഥം). അത് ഭൂമധ്യരേഖയ്‌ക്കു സമീപം വരുമ്പോള്‍ ഗുരുത്വബലം കൂടുന്നു. പരിക്രമണതലത്തെ അഅ എന്ന രേഖ സൂചിപ്പിക്കുന്നു. ഗുരുത്വബലം വർധിക്കുന്നതിന്റെ ഫലമായി ഉപഗ്രഹത്തിന്റെ പരിക്രമണതലം പടിഞ്ഞാറോട്ടു നീങ്ങുന്നു. ഭൂമധ്യരേഖയിൽനിന്ന് അകലുന്തോറും ഗുരുത്വബലം കുറയുകയും അത് ആആ എന്ന രേഖ സൂചിപ്പിക്കുന്ന തലത്തിലൂടെ സഞ്ചരിക്കയും ചെയ്യുന്നു. ഉപഗ്രഹം കിഴക്കുനിന്ന് പടിഞ്ഞാറോട്ടു സഞ്ചരിക്കുമ്പോള്‍ (പ്രതിവർധക പരിക്രമണപഥം) പരിക്രമണതലം ആ-ൽ നിന്ന് അ-യിലേക്കു നീങ്ങും.
ഉയരം സ്ഥിരീകരിക്കൽ
(Altitude Stabilisation). അന്തരീക്ഷത്തിന്റെ പ്രഭാവവും ഗുരുത്വബലത്തിലുണ്ടാകുന്ന വ്യത്യാസവും കാന്തികക്ഷേത്ര (magnetic field)വും പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണത്തെ മന്ദീഭവിപ്പിക്കുന്നു. അതായത് അതിന്റെ സാങ്കല്‌പികാക്ഷം ഒരു നിശ്ചിത രേഖയിൽ നിലകൊള്ളാതെ തുടർച്ചയായി ചരിയുന്നു. ഉപഗ്രഹത്തെ സ്വയം തിരിയാന്‍ അനുവദിക്കുകയാണ് അതിന്റെ ഉയരം സ്ഥിരീകരിക്കുവാനുള്ള ഒരു മാർഗം. ഇതു സാധിക്കാന്‍ സഹായിക്കുന്ന ചെറിയ സ്‌പിന്‍ റോക്കറ്റുകള്‍ (spin rockets) ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കും. ഇത് പ്രവർത്തിപ്പിച്ച് പരിക്രമണവേഗം വീണ്ടെടുക്കുന്നു. ചിലപ്പോള്‍ വിക്ഷേപണത്തിനുപയോഗിക്കുന്ന റോക്കറ്റുകള്‍കൊണ്ടുതന്നെ ഇത് സാധിക്കാറുണ്ട്. ഉപഗ്രഹത്തിൽ കാന്തങ്ങള്‍ ഘടിപ്പിക്കുക, ത്യ്രക്ഷസ്ഥിരീകരണം തുടങ്ങിയ പല മാർഗങ്ങളും ഉയരം സ്ഥിരീകരിക്കുന്നതിന് ഉപയോഗിച്ചുവരുന്നു.
സ്ഥാനനിർണയനം
(Tracking). റഡാർ, റേഡിയോ ഇന്റർഫെറോമീറ്റർ (Radio Interferometer) തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഉപഗ്രഹത്തിന്റെ സ്ഥാനനിർണയനം നടത്തുന്നത്. ഭൂമിയിൽ നിന്ന് അയയ്‌ക്കുന്ന റേഡിയോ സംജ്ഞകള്‍ (signals) സ്വെീകരിക്കുകയും പ്രവർധനം ചെയ്‌തു വീണ്ടും ഭൂമിയിലേക്ക് പ്രഷണം ചെയ്യുകയും ചെയ്യുന്ന ഒരുപകരണം ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കും. ട്രാന്‍സ്‌പോണ്ടർ (Transponder) എന്നാണ് ഇതിന്റെ പേർ.
താപനിയന്ത്രണം
(Thermal Control). ഉപഗ്രഹത്തിലുള്ള ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് അതിനുള്ളിലെ താപനില ഒരു നിശ്ചിത നിരക്കിനുള്ളിൽ ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി ക്രിയാത്മകമോ (active)നിഷ്‌ക്രിയാത്മകമോ (passive) ആയ മാർഗങ്ങള്‍ ഉപയോഗിക്കാം. താപം ക്രമീകരിക്കാന്‍ ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകമായ ചായക്കൂട്ടുകള്‍ പൂശുക മുതലായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണു പതിവ്. സ്വീകരിക്കുന്ന താപം ഒട്ടുമുക്കാലും വിസർജിക്കുക എന്നതാണ് ഈ ചായക്കൂട്ടുകളുടെ പ്രവർത്തന തത്ത്വം.
ശക്തിപ്രദാനം
(Power Supply). വിവിധ ഇലക്‌ട്രാണികോപകരണങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ശക്തി പ്രധാനമായും നല്‌കുന്നത് സൗരസെല്ലുകളാണ് (solar cells). സിലിക്കോണ്‍ സെല്ലുകളും (silicon cells) കൊഡ്‌മിയം സള്‍ഫൈഡ് (cadmium sulphide) സെല്ലുകളുമാണ് ഉപയോഗിച്ചുവരുന്നത്. പ്രകാശരശ്‌മികള്‍ പതിക്കുമ്പോള്‍ അവ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു. മുമ്പ് ഉപയോഗിച്ചിരുന്ന ഓരോ സെല്ലിനും ഒന്നോ രണ്ടോ ചതുരശ്ര സെ.മീ. പ്രതലവിസ്‌തീർണവും ഒരു മി.മീ. കനവും കാണും. ഇപ്പോള്‍ ഇതിനേക്കാള്‍ വലിയ സെല്ലുകള്‍ ഉണ്ട്. കനം ഇതിനേക്കാള്‍ കുറവാണ്. സൗരസെല്ലുകള്‍ ആവശ്യമുള്ള വോള്‍ട്ടതയും കറണ്ടും ലഭിക്കുന്നതിനുവേണ്ടി സമാന്തരമായും ശ്രണികളായും വിന്യസിച്ച് ഉപഗ്രഹത്തിന്റെ പുറത്ത് ഘടിപ്പിക്കുന്നു. സൂര്യനെ അഭിമുഖീകരിക്കുന്ന പ്രതലവിസ്‌തീർണത്തിന് ആനുപാതികം ആയിരിക്കും വൈദ്യുതിയുടെ ഉത്‌പാദനം. അതുകൊണ്ട് ഒരു നിശ്ചിത വ്യാപ്‌തത്തിന് ഏറ്റവും കൂടുതൽ പ്രതലവിസ്‌തീർണം ലഭിക്കത്തക്ക ആകൃതിയാവും ഉപഗ്രഹത്തിനുണ്ടാവുന്നത്. കൂടുതൽ ക്ഷമതയുള്ള പുതിയതരം സൗരസെല്ലുകള്‍ നിർമിക്കുവാനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു.
ഭൂമി ഉപഗ്രഹത്തിന്റെയും സൂര്യന്റെയും ഇടയിൽ വരുമ്പോള്‍ സൗരസെല്ലുകള്‍ക്ക് സൂര്യപ്രകാശം ലഭിക്കുന്നില്ല. ആ സമയത്ത് ശക്തി പ്രദാനം ചെയ്യുന്നത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള നിക്കൽ-കാഡ്‌മിയം ബാറ്ററികളാണ്. സൂര്യപ്രകാശമുള്ളപ്പോള്‍ സൗരസെല്ലുകളിൽനിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ബാറ്ററികള്‍ ചാർജ് (charge) ചെയ്യപ്പെടുന്നു. ബഹിരാകാശത്തിൽ വികിരണ (radiation) പ്രവർത്തനം കൊണ്ടുണ്ടാക്കുന്ന കേടുപാടുകള്‍ ഒഴിവാക്കാന്‍ ക്വാർട്ട്‌സ് (quartz)കൊണ്ടുണ്ടാക്കിയതും സുതാര്യവുമായ പാളികൊണ്ട് സൗരകോശങ്ങളെ പൊതിയുന്നു.
സൗരസെല്ലുകളിൽ നിന്നും ബാറ്ററികളിൽ നിന്നും കിട്ടുന്ന വോള്‍ട്ടത നിയന്ത്രിത രീതിയിലാണ് വിവിധോപകരണങ്ങള്‍ക്ക് ലഭിക്കുന്നത്.
ടെലിമിട്രി
(Telemetry). ഉപഗ്രഹത്തിലെ താപനില, പ്രദായക വോള്‍ട്ടത, ഇലക്‌ട്രാണികോപകരണങ്ങളുടെ പ്രവർത്തനനില, വിവിധ പരീക്ഷണങ്ങള്‍ മുതലായവയിൽനിന്നു ലഭ്യമാകുന്ന വിവരങ്ങള്‍ ഭൂമിയിലേക്കു പ്രഷണം ചെയ്യുന്നതിനാണ് ടെലിമിട്രി എന്നു പറയുന്നത്. ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഉടന്‍തന്നെ ഭൂമിയിലേക്കു പ്രഷണം ചെയ്യുന്നതിന് സത്വര പ്രഷണം (Real-time Telemetry) എന്നു പറയുന്നു. വിവരങ്ങളെ സ്വീകരിക്കുന്ന കേന്ദ്രത്തിന് ഉപഗ്രഹം എല്ലായ്‌പോഴും ദൃശ്യമായിരിക്കുകയില്ല. അദൃശ്യമായിരിക്കുന്ന സമയത്ത് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഉപഗ്രഹത്തിലുള്ള ടേപ്‌റെക്കോർഡറിൽ സൂക്ഷിക്കപ്പെടുന്നു. ദൃശ്യമാകുന്ന സമയത്ത് കേന്ദ്രത്തിൽ നിന്ന് റേഡിയോ കല്‌പനങ്ങള്‍ (Radio commands) അയയ്‌ക്കുകയും ടേപ്‌റെക്കോർഡറിൽ ശേഖരിച്ചു വച്ചിരിക്കുന്ന വിവരം പ്രഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. വിവരങ്ങള്‍ പ്രഷണം ചെയ്യുന്നതിന് ഉപഗ്രഹത്തിൽ ഒരു വിക്ഷേപിണി ഉണ്ടായിരിക്കും.
ടെലികമാന്‍ഡ്
(Telecommand). ഭ്രമണ റോക്കറ്റുകള്‍ പ്രവർത്തിപ്പിക്കുക, ടേപ്‌റിക്കോർഡറിൽ വിവരങ്ങള്‍ ശേഖരിച്ച് പ്രഷണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങള്‍ക്കായി ഭൂമിയിലെ സ്റ്റേഷനിൽനിന്ന് കല്‌പനകള്‍ (commands) അയയ്‌ക്കേണ്ടതുണ്ട്. സംജ്ഞാരൂപത്തിലും കല്‌പനകള്‍ റേഡിയോ പ്രഷണം ചെയ്യുന്നു. ഇത് സ്വീകരിക്കുവാന്‍ ഉപഗ്രഹത്തിൽ ഒരു സ്വീകരണി (receiver) ഉണ്ടായിരിക്കും. കല്‌പനകള്‍ തെറ്റുകൂടാതെ നടപ്പിലാക്കേണ്ടത് ഉപഗ്രഹത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. തെറ്റുകള്‍ കണ്ടുപിടിക്കുന്നതിനായി കല്‌പനകള്‍ പ്രത്യേക കോഡുരൂപത്തിലാണ് പ്രഷണം ചെയ്യുന്നത്.
വാർത്താവിനിമയോപഗ്രഹങ്ങള്‍
(Communication Satellites). അമ്പതുകളിൽ സമുദ്രത്തിനു കുറുകെയുള്ള ടെലിഫോണ്‍, ടെലിഗ്രാഫ്-വിനിമയങ്ങള്‍ക്ക് കേബിളുകളും റേഡിയോ പ്രഷണവും ഉപയോഗിച്ചിരുന്നു; ടെലിവിഷന്‍ പ്രഷണത്തിന് മൈക്രാതരംഗ ടൗവറുകളും. ഈ രീതികള്‍ക്ക് പല പോരായ്‌മകളുമുണ്ടായിരുന്നു. റേഡിയോ പ്രഷണത്തിന്റെ ഗുണനിലവാരം കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. സമുദ്രത്തിനു കുറുകെയുള്ള കേബിളുകള്‍ക്ക് കൂടുതൽ ചെലവും വേണ്ടിവന്നു. മാത്രമല്ല, വന്‍തോതിലുള്ള വിനിമയ ധാരിതയ്‌ക്കു (communication capacity) വേണ്ട ബാന്‍ഡ് വീതി (band width) ഈ രീതികള്‍ക്കില്ലായിരുന്നു.
കൃത്രിമോപഗ്രഹങ്ങളെ വാർത്താവിനിമയത്തിന് ഉള്ള വേദിക (platform)യായി പ്രയോജനപ്പെടുത്താമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പ്രസിദ്ധ ശാസ്‌ത്രകഥാകാരനായ സർ ആർതർ ക്ലാർക്ക് ആണ്. 1945-ൽ വയർലസ് വേള്‍ഡ് (Wireless World) എന്ന പ്രസിദ്ധീകരണത്തിലൂടെ കൃത്രിമോപഗ്രഹങ്ങള്‍ക്ക് വാർത്താവിനിമയരംഗത്തുള്ള സ്ഥാനം അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നുള്ള പഠനങ്ങളുടെ ഫലം ഇപ്പറയുന്നവയാണ്. മൈക്രാ തരംഗങ്ങളുപയോഗിക്കുന്നതുകൊണ്ട് ഉപഗ്രഹങ്ങള്‍ക്ക് കൂടുതൽ ബാന്‍ഡ്‌വീതിയിലുള്ള പ്രഷണങ്ങള്‍ വഹിക്കുവാന്‍ കഴിയും. തന്മൂലം കൂടുതൽ ടെലിഫോണ്‍-ടെലിവിഷന്‍ ചാനലുകള്‍ പ്രഷണം ചെയ്യുവാന്‍ അവയ്‌ക്കു കഴിയുന്നു. വിദൂരത്തുള്ള ഭൗമനിലയ (Earth stations) ങ്ങളെ ഉപഗ്രഹപ്രഷണം വഴി ബന്ധിപ്പിക്കാന്‍ കഴിയും. ഉന്നതസാന്ദ്രതയുള്ള ദൈശിക ആന്റിന (highly directional antenna)യുടെ ഉപയോഗംകൊണ്ട് പ്രഷണത്തിനുവേണ്ടിവരുന്ന ശക്തി (power) കുറയ്‌ക്കാന്‍ കഴിയും. മറ്റു മാർഗങ്ങളെ അപേക്ഷിച്ച് ഉപഗ്രഹം വഴിയുള്ള വിനിമയമാണ് ഏറ്റവും ചെലവു കുറഞ്ഞതെന്നും തെളിയിക്കപ്പെട്ടു. ഭൂമിക്കുചുറ്റുമായി 120ºകോണളവിൽ മൂന്നു ഭൂസ്ഥിരപഥഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയാണെങ്കിൽ ഭൂമിയുടെ മിക്കവാറും എല്ലാഭാഗങ്ങളും തമ്മിൽ വാർത്താവിനിമയത്തിനു സാധിക്കും.
വിനിമയത്തിന് ആദ്യമായി ഉപയോഗിച്ചത് നിഷ്‌ക്രിയോപഗ്രഹങ്ങള്‍ (passive satellites) ആണ്. യു.എസ്. എക്കൊ-I, IIഎന്നീ ബലൂണുകള്‍ യഥാക്രമം 1960-ലും 1964-ലും വിക്ഷേപിച്ചു. ഭൂമിയിൽ നിന്ന് അയയ്‌ക്കുന്ന റേഡിയോ പ്രഷണം ഈ ബലൂണുകളിൽ തട്ടി പ്രതിഫലിച്ച് ഭൂമിയിലേക്കു മടങ്ങുമ്പോള്‍ അവയെ സ്വീകരിച്ച് പ്രവർധനം (amplify) ചെയ്‌തു വിനിമയത്തിനുപയോഗിക്കുക എന്നതായിരുന്നു പ്രവർത്തനതത്ത്വം.
തുടർന്ന് സക്രിയോപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടു. ഭൂമിയിൽനിന്നുള്ള പ്രഷണം സ്വീകരിച്ച് അവയെ പ്രവർധനം ചെയ്‌ത് തിരിച്ചു ഭൂമിയിലേക്കു പ്രഷണം ചെയ്യുക എന്നതാണ് സക്രിയോപഗ്രഹങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യം. യു.എസ്സിന്റെ സ്‌കോർ (Score), ടെൽസ്റ്റാർ ശ്രണികള്‍ (Telstar-I; Pqe. 1962, Telstar-II: tabv 1963), റിലേ ശ്രണികള്‍ (Relay-I:Un.1962, Relay II P\p. 1964) എന്നിവ ആദ്യകാല സംരംഭങ്ങളായിരുന്നു.
മേല്‌പറഞ്ഞ ഉപഗ്രഹങ്ങള്‍ ഭൂമിക്കു സമീപമുള്ള പരിക്രമണപഥങ്ങളിൽ (near earth orbits) ആണ് വിക്ഷേപിക്കപ്പെട്ടത്. രണ്ടു ഭൂനിലയങ്ങളുടെ റേഡിയോ ദൃഷ്‌ടി (Radio visibility)യിൽ ഒരേ സമയത്ത് ഉപഗ്രഹം പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമേ അവ തമ്മിലുള്ള വിനിമയം സാധ്യമായിരുന്നുള്ളൂ. തുല്യകാലിക പരിക്രമണപഥങ്ങളിൽ ഉപഗ്രഹം വിക്ഷേപിച്ചാൽ അവ എല്ലായ്‌പോഴും ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃഷ്‌ടിയിലുണ്ടാവും. എന്നാൽ മാത്രമേ ഭൂനിലയങ്ങള്‍ തമ്മിലുളള തുടർച്ചയായ വിനിമയം സാധ്യമാകൂ. തുടർന്ന് യു.എസ്. ജൂല. 1963-ൽ സിന്‍കോം II (Syncom II) എന്ന തുല്യ കാലികോപഗ്രഹം വിക്ഷേപിച്ച് ശബ്‌ദം, ടെലിവിഷന്‍, പ്രതിരൂപം (facsimile) എന്നിവയുടെ വിനിമയപ്രഷണങ്ങള്‍ പരീക്ഷിക്കുകയുണ്ടായി (സിന്‍കോം I-ന്റെ വിക്ഷേപണം പരാജയപ്പെട്ടു).
വാർത്താവിനിമയോപഗ്രഹങ്ങള്‍ക്കുള്ള ലോകകമ്പോളശേഷി മനസ്സിലാക്കിയ യു.എസ്. ഗവണ്‍മെന്റ് 1963-ൽ വാർത്താവിനിമയ ഉപഗ്രഹ കോർപ്പറേഷന്‍ (Communications Satellite Corporation; comsat)എന്ന സംഘടനയ്‌ക്കു രൂപം കൊടുത്തു. തുടർന്ന് അന്തർദേശീയരംഗത്ത് വിവിധ രാജ്യങ്ങള്‍, പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനായി ഇന്റൽസാറ്റ് (Intelsat: International Telecommunications Satellite Consortium) എന്ന സംഘടന സ്ഥാപിച്ചു. ആ സംഘടയുടെ ആദ്യ സംരംഭമാണ് ഏർലി ബേഡ് (Early Bird)ഉപഗ്രഹം. തുടർന്ന് ഇന്റൽസാറ്റ് ശ്രണി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടു. അവയിൽ ഇന്റൽസാറ്റ്-V ആണ് ഏറ്റവും വലുത്.
ഇന്റൽസാറ്റ് IV
1975-ൽ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹം ഭൂസ്ഥിര പരിക്രമണപഥത്തിൽ എത്തിയപ്പോള്‍ 654 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
വാർത്താപ്രഷണത്തിനായി ഉപഗ്രഹത്തിൽ ഒരു ദിശാത്മക ആന്റിന ഘടിപ്പിച്ചിരുന്നു. ഈ ആന്റിന ഉയരം സ്ഥിരീകരിക്കുന്ന മാർഗമുപയോഗിച്ച് ഭൂമിയിലെ നിശ്ചിതഭാഗങ്ങള്‍ക്ക് അഭിമുഖമായി ഇതിനെ നിയന്ത്രിക്കുന്നു. ഉയരം സ്ഥിരീകരിക്കുന്നതിന് രണ്ടു മാർഗങ്ങളുണ്ട്; ഭ്രമണസ്ഥിരീകരണവും (Spin Stabilisation),ത്യ്രക്ഷാസ്ഥിരീകരണവും (Three axis stabilisation). ആദ്യം പറഞ്ഞ മാർഗമാണ് ഇന്റൽസാറ്IVഉപയോഗിച്ചത്. ഉപഗ്രഹത്തെ, അതിന്റെ അക്ഷത്തെ ചുറ്റി മിനിട്ടിൽ 60 പ്രാവശ്യം ഭ്രമണം ചെയ്യുവാന്‍ അനുവദിക്കുന്നു. അപ്പോള്‍ ഒരു പമ്പരം (top) പോലെ പ്രവർത്തിക്കുന്ന ഉപഗ്രഹത്തിന്റെ ഭ്രമണാക്ഷം (spin axis) െഒരേ ദിശയിലേക്കു സൂക്ഷ്‌മമായി ഉന്നം വയ്‌ക്കുന്നു. പരിക്രമണപഥപ്രതലത്തിനു ലംബമായാണ് ഭ്രമണാക്ഷത്തിന്റെ ദിശ. ദൈശിക ആന്റിന ഒരു വേദികയിൽ ഘടിപ്പിച്ചിരിക്കും. വേദിക ഉപഗ്രഹത്തിന്റെ പരിക്രമണദിശയുടെ നേരെ എതിർദിശയിൽ തിരിയുന്നു. വേഗത ക്രമീകരിച്ച് ആന്റിനയെ ഒരേ സ്ഥലത്തേക്ക് അഭിമുഖമായി നിർത്തുവാന്‍ കഴിയുന്നു എന്നതാണ് സ്ഥിരീകരണ തത്ത്വം. കൂടുതൽ വിഷമമേറിയ ത്യ്രക്ഷസ്ഥിരീകരണമാണ് ഇക്കാലത്ത് ഉപയോഗിച്ചുവരുന്നത് (ഉദാ. ഇന്ത്യയുടെ ആപ്പിള്‍ ഉപഗ്രഹം).
ഇന്റൽസാറ്IV ൽ വാർത്താപ്രഷണ-ആവൃത്തി 3707-4193 മെഗാ ഹെർട്ട്‌സ് ബാന്‍ഡും (ഒരു മെഗാ ഹെർട്ട്‌സ്= 106 ഹെർട്ട്‌സ്) സ്വീകരണ-ആവൃത്തി 5932-6418 മെഗാ ഹെർട്ട്‌സ് ബാന്‍ഡും ആയിരുന്നു. ഉപഗ്രഹം 12 ട്രാന്‍സ്‌പോണ്ഡറുകള്‍ വഹിച്ചിരുന്നു. ഭൂമിയിൽനിന്നുള്ള പ്രഷണം സ്വീകരിച്ച് അവയെ പ്രവർധനം ചെയ്‌ത് മറ്റൊരു ആവൃത്തിയിൽ തിരിച്ചു പ്രഷണം ചെയ്യുന്ന ഉപകരണമാണ് ട്രാന്‍സ്‌പോണ്ഡർ. യാനതരംഗ ട്യൂബു (Travelling Wave Tube-T.W.T.)കളുപയോഗിക്കുന്ന ഇതിന്റെ മൊത്തം ബാന്‍ഡ് വീതി 432 മെഗാ ഹെർട്ട്‌സാണ്. ട്രാന്‍സ്‌പോണ്ഡറുകളുടെ ഏറ്റവും കൂടിയ ധാരിത (Maximum Capacity) 9,000 ടെലിഫോണ്‍ ചാനലുകളോ 12 കളർ ടെലിവിഷന്‍ ചാനലുകളോ അവയുടെ സംയോഗമോ (combination)ആയിരുന്നു.
ഒരേ സമയത്ത് വിവിധ ഭൂനിലയങ്ങള്‍ തമ്മിലുള്ള വിനിമയത്തിനായി ഇന്റൽസാറ്റ്-IV-ൽ സ്‌പേഡ് (Spade) റ്റി.ഡി.എം.എ. (T.D.M.A.)എന്നീ ആധുനികമാർഗങ്ങള്‍ ഉപയോഗിച്ചു. രാജ്യങ്ങള്‍ സ്വന്തം അതിർത്തിയിലുള്ള പ്രദേശങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും ഭൂസ്ഥിരോപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇവയെ ഗാർഹികോപയോഗത്തിനുള്ള ഉപഗ്രഹങ്ങള്‍ (Domestic Satellites)എന്നുപറയുന്നു. ഈ വിഭാഗത്തിൽപ്പെട്ട കാനഡയുടെ ആദ്യത്തെ ഉപഗ്രഹം അനിക് (Anik) 1972-ൽ വിക്ഷേപിക്കപ്പെട്ടു. ആസ്റ്റ്രലിയയും ഇന്തോനേഷ്യയും ഗാർഹികോപയോഗത്തിന് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
മോൽനിയാ(Molniya) ശ്രണി ഉപഗ്രഹങ്ങളാണ് റഷ്യ വിനിമയത്തിനുപയോഗിച്ചത്. ഭൂമധ്യരേഖയിൽ നിന്ന് അകലെ സ്ഥിതിചെയ്യുന്ന റഷ്യയുടെ വിനിമയോപഗ്രഹങ്ങള്‍ ദീർഘവൃത്ത (highly elliptical) ഭ്രമണപഥങ്ങളാണ് ഉപയോഗിച്ചത്. സോവിയറ്റ് യൂണിയന് ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങളുമുണ്ട്.
കാലാവസ്ഥാനിരീക്ഷണോപഗ്രഹങ്ങള്‍
(Meteorological Satellite). കാലാവസ്ഥയെപ്പറ്റിയുള്ള പഠനവും, പ്രവചനവും ആധുനിക പ്രവർത്തനരംഗത്ത് അനിവാര്യമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ബലൂണുകളും റഡാർ പ്രഷണവുമാണ് ഇതിനുപയോഗിച്ചുവന്നത്. കൂടുതൽ ഉയരത്തിലും തുടർച്ചയായും നടത്തേണ്ട പഠനങ്ങള്‍ക്ക് ഇവ അപര്യാപ്‌തമാണ്.
എന്നാൽ ഉപഗ്രഹങ്ങളുടെ ആവിർഭാവം കാലാവസ്ഥാരംഗത്ത് വിപ്ലവം സൃഷ്‌ടിച്ചു. മേഘങ്ങളുടെ ഘടന രേഖപ്പെടുത്തുന്ന ചിത്രങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി ഏതുഭാഗത്തും പ്രഷണം ചെയ്യാം; കൂടാതെ അന്തരീക്ഷമർദം, താപം, ആർദ്രത (humidity) തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച്, കംപ്യൂട്ടറുപയോഗിച്ച് അപഗ്രഥിച്ച് കാലാവസ്ഥയെപ്പറ്റി പഠനവും പ്രവചനവും നടത്തുന്നു.
ഉപഗ്രഹങ്ങള്‍ മേഘചിത്രങ്ങള്‍ ശേഖരിക്കുന്നത് രണ്ടു മാർഗങ്ങളുപയോഗിച്ചാണ്. മേഘഘടനയുടെ പ്രതിരൂപം ടെലിവിഷന്‍ കാമറ-വീഡിക്കോണ്‍ (Vidicon)-യിൽ പകർത്തുന്നതാണ് ഒരു മാർഗം. റേഡിയോ മീറ്ററുകളാണ് മറ്റൊരു ഉപകരണം. റേഡിയോ മീറ്ററുകള്‍ അവയുടെ പ്രതലത്തിൽ പതിക്കുന്ന വിദ്യുത്‌കാന്തിക (electro magnetic) സംജ്ഞയുടെ തീവ്രതയ്‌ക്ക് ആനുപാതികമായി വൈദ്യുത സംജ്ഞകള്‍ പുറപ്പെടുവിക്കുന്നു. മേഘങ്ങള്‍, ഭൂമിയുടെ പ്രതലം ഇവയെല്ലാം വിദ്യുത്‌കാന്തിക വികിരണം (radiation)നടത്തുന്നവയാണ്. റേഡിയോ മീറ്ററുകള്‍ പ്രതലത്തിൽ പതിക്കുന്ന വികിരണത്തെ അവയുടെ തരംഗദൈർഘ്യമനുസരിച്ച് വേർപെടുത്തിയാണ് സ്വീകരിക്കുന്നത്. ഒരു നിരീക്ഷണദർപ്പണ(Scanning Mirror)ത്തിന്റെ സഹായത്തോടെ ആവശ്യമുള്ള പ്രദേശത്തെ മുഴുവന്‍ വീക്ഷിക്കാന്‍ ഉപഗ്രഹത്തിനു കഴിയും. യു.എസ്സിന്റെ നിംബസ് (Nimbus), ടിറോസ് (Tiros) ഉപഗ്രഹങ്ങള്‍ വീഡിക്കോണ്‍ കാമറകളാണ് വഹിച്ചിരുന്നത്.
കാലാവസ്ഥാനിരീക്ഷണങ്ങള്‍ക്കും ഭൂപഠനങ്ങള്‍ക്കും വേണ്ടി ചിത്രങ്ങളെടുക്കുന്ന ഉപഗ്രഹങ്ങളെ സൂര്യകാലിക(the sun-synchronous) ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നതുകൊണ്ട് പ്രത്യേകം പ്രയോജനമുണ്ട്. ഭൂമധ്യരേഖാപ്രദേശത്തിനുള്ള മുഴപ്പു (bulge) കാരണം ഉപഗ്രഹത്തിന് പടിഞ്ഞാറുദിശയിലേക്കുണ്ടാകുന്ന അയനത്തെക്കുറിച്ച് നേരത്തേ പറഞ്ഞുവല്ലോ. അനുവർധക പരിക്രമണപഥത്തിന് പ്രദക്ഷിണദിശയിലും പ്രതിവർധകപരിക്രമണപഥത്തിന് അപ്രദക്ഷിണദിശയിലുമായിരിക്കും ഈ അയനം. കൂടാതെ പരിക്രമണപഥ പ്രതലത്തിന് ചാക്രികചല(rotational motion)വുമുണ്ട്. ഉത്തരധ്രുവത്തിൽനിന്നു നോക്കുമ്പോള്‍ പടിഞ്ഞാറോട്ടുള്ള ഈ അയനം പ്രദക്ഷിണദിശയിലായിരിക്കും. പ്രതിവർധക പരിക്രമണപഥത്തിനുണ്ടാകുന്ന അയനം നേരെ എതിർദിശയിൽ-കിഴക്കോട്ട് അഥവാ അപ്രദക്ഷിണം ആയിരിക്കും. ഭൂമിയെയും സൂര്യനെയും ബന്ധിപ്പിക്കുന്ന സാങ്കല്‌പികരേഖയുടെയും അയനം അപ്രദക്ഷിണ ദിശയിലാണ്. പ്രതിവർധക പരിക്രമണപഥത്തിൽ വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ അപ്രദക്ഷിണ ദിശയിലുള്ള അയനം മേല്‌പറഞ്ഞ സാങ്കല്‌പികരേഖയുടെ അയനത്തിനു തുല്യമാക്കുക എന്നതാണ് സൂര്യകാലിക ഉപഗ്രഹങ്ങളുടെ പ്രവർത്തനതത്ത്വം. ഈ ഭ്രമണപഥത്തിലെത്തുവാന്‍ ഉപഗ്രഹത്തിന് നിശ്ചിത ഉയരവും പ്രതലച്ചരിവും വേണം (ഉദാ. ഉയരം 910 കി.മീ. പ്രതലച്ചരിവ് 99.1 ഡിഗ്രി). ഭൂമിയെയും സൂര്യനെയും ബന്ധിപ്പിക്കുന്ന നേർവരയും ഉപഗ്രഹത്തിന്റെ പ്രതലച്ചരിവും തമ്മിലുള്ള കോണം ഒരു സ്ഥിരാങ്കം(constant) ആയിരിക്കും. ഉപഗ്രഹം ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത പ്രദേശത്തിനു മുകളിൽ ഗോചരമാകുന്നു. ഇന്നു രാവിലെ 10 മണിക്ക് ഉപഗ്രഹം തിരുവനന്തപുരത്തിനു മുകളിൽ ദൃശ്യമാകുമെങ്കിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഉപഗ്രഹം അതേ സ്ഥാനത്തു തന്നെ എത്തുന്നു. വീഡിക്കോണ്‍ കാമറകള്‍ വഴി ചിത്രശേഖരണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. ചിത്രമെടുക്കേണ്ട പ്രദേശത്തിനു മുകളിലൂടെ ഉപഗ്രഹം സൂര്യപ്രകാശമുള്ള സമയത്ത് കടന്നുപോകുന്നു. അതാണ് സൂര്യകാലിക ഭ്രമണപഥത്തിന്റെ പ്രാധാന്യം. എന്നാൽ റേഡിയോ മീറ്റർ ചിത്രങ്ങള്‍ക്ക് സൂര്യപ്രകാശം ആവശ്യമില്ല.
ഭൂസ്ഥിരോപഗ്രഹങ്ങള്‍ക്ക് എല്ലായ്‌പോഴും ഒരേ പ്രദേശത്തിന്റെ ചിത്രങ്ങളെടുക്കാന്‍ കഴിയും. എന്നാൽ 36,000 കി.മീ. ഉയരത്തിൽ പ്രവർത്തിക്കുന്ന കാമറകള്‍ അവയ്‌ക്കു വേണം. യു.എസ്. 1966-ൽ വിക്ഷേപിച്ച എ.ടി.എസ്. ക (ATS: Applications Technology Satellite), 1974-ൽ വിക്ഷേപിച്ച എസ്.എം.എസ്.(S.M.S.: Synchronous Meterological Satellite) എന്നീ ഭൂസ്ഥിരോപഗ്രഹങ്ങള്‍ ചിത്രശേഖരണത്തിനുള്ള പ്രത്യേക കാമറകള്‍ വഹിച്ചിരുന്നു. യു.എസ്. ഉപഗ്രഹങ്ങളായ നിംബസ്, ടിറോസ്, ഇറ്റോസ് (Itos) ശ്രണി ഉപഗ്രഹങ്ങള്‍ കാലാവസ്ഥാ പഠനത്തിനുള്ളവയാണ്. ഈ രംഗത്ത് സോവിയറ്റ് യൂണിയന്റെ സംഭാവനയാണ് മീറ്റിയോർ (Meteor) ശ്രണി.
ഭൂവിഭവപഠനോപഗ്രഹങ്ങള്‍
(E.R.T.S.:Earth Resources Technology Satellite). ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ (ഉദാ. വനങ്ങള്‍, മരുഭൂമി) വ്യത്യസ്‌തതരംഗ ദൈർഘ്യത്തിലുള്ള വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. ഇവയെ വേർതിരിച്ച് സ്വീകരിക്കാന്‍ ഉള്ള റേഡിയോ മീറ്ററുകളാണ് ഭൂവിഭവപഠനോപഗ്രഹത്തിലെ പ്രധാന ഘടകങ്ങള്‍. വികിരണങ്ങളെ തരംഗദൈർഘ്യമനുസരിച്ച് വേർതിരിക്കുന്ന കാമറകളെ എം.എസ്.എസ്. (M.S.S.: Multi Spectral Scanner)എന്നു പറയുന്നു. യു.എസ്സിന്റെ ഇ.ആർ.റ്റി.എസ്.ക ആണ് ഈ രംഗത്തെ ആദ്യത്തെ സംരംഭം. വിക്ഷേപണ ശേഷം ഈ ഉപഗ്രഹം ലാന്‍ഡ്‌സാറ്റ് (Landsat)എന്ന പേരിലാണ് അറിയപ്പെടുന്നത്.
ലാന്‍ഡ്‌സാറ്റ് ചിത്രശേഖരണത്തിന് ആർ.ബി.വി. (R.B.V.:Return Beam Vidicon), എം.എസ്.എസ്. എന്നീ കാമറകള്‍ വഹിച്ചിരുന്നു. ഇവ രണ്ടും ഗോചരവർണരാജി (Visible Spectrum), സമീപ ഇന്‍ഫ്രാറെഡ് മേഖല (Near Infrared Region)എന്നീ തരംഗങ്ങള്‍ക്ക് സംവേദനീയ(sensitive)ങ്ങളാണ്.
വിവിധ വർണരാജി ബാന്‍ഡുകളിൽ പ്രവർത്തിക്കുന്ന മൂന്നു കാമറകള്‍ ചേർന്നതാണ് ആർ.ബി.വി. ശ്രണി. എം.എസ്.എസ്. കാമറ വിവിധ തരംഗബാന്‍ഡുകളെ പ്രാകാശിക അരിപ്പകള്‍ (Optical filters) കൊണ്ട് വേർതിരിച്ചു സ്വീകരിക്കുന്നു. മേല്‌പറഞ്ഞ രണ്ടു വിഭാഗം കാമറകളും പുറപ്പെടുവിക്കുന്ന വൈദ്യുതസംജ്ഞകളെ ഭൂമിയിലേക്ക് പ്രഷണം ചെയ്യുന്നു.
ഭൂമിയിൽ സ്വീകരിക്കുന്ന സംജ്ഞകളെ കംപ്യൂട്ടറുപയോഗിച്ച് വിശ്ലേഷണം ചെയ്യുന്നു.
സമുദ്രങ്ങളുടെയും നദികളുടെയും സ്വഭാവം, കലുഷത (turbidity), സസ്യത്തഴപ്പ് (vegetation), വളക്കൂറുള്ള ഭൂമി, ജനസാന്ദ്രതാപ്രദേശങ്ങള്‍, പരിസരമലിനീകരണത്തിനു വിധേയമായ ഭാഗങ്ങള്‍ തുടങ്ങിയവ തിരിച്ചറിയുവാന്‍ കംപ്യൂട്ടർ വിശ്ലേഷണം വഴി സാധിക്കുന്നു. ശുദ്ധജലം, ഭൂഗർഭ ഉറവകള്‍, ഹിമം ഇവയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും.
ഭൂവൈജ്ഞാനിക സർവേക്ഷണ (Geological Survey)ത്തിന് പ്രയോജനപ്പെടുന്ന ചിത്രങ്ങള്‍ ലാന്‍ഡ്‌സാറ്റ് വഴി ലഭിക്കുന്നു.
സമുദ്രാപരിതലത്തിലെ താപനില വ്യത്യാസങ്ങള്‍ രേഖപ്പെടുത്തി സമുദ്രജലപ്രവാഹങ്ങളുടെ ഗതി നിർണയിക്കുവാന്‍ കഴിയും. ലാന്‍ഡ്‌സാറ്റ് ചിത്രങ്ങള്‍ ഗള്‍ഫ്‌സ്‌റ്റ്രീമി(ഏൗഹള ൃേലമാ)നെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു വഴിതെളിച്ചു. ലാന്‍ഡ്‌സാറ്റ് കാമറകള്‍ക്ക് സമുദ്രത്തിൽ ധാരാളമായി മത്സ്യങ്ങള്‍ കണ്ടുവരുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിഞ്ഞു.
നാവികോപഗ്രഹങ്ങള്‍
(Gulf stream). കെപ്പലുകള്‍ക്ക് യാത്രാദിശാ നിർണയനത്തിനു വേണ്ടി 1964-ൽ ട്രാന്‍സിറ്റ് (Transit) ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. ഈ ഉപഗ്രഹം ക്രിസ്റ്റൽ ദോലകം (oscillator)ഉപയോഗിച്ച് അത്യന്തസൂക്ഷ്‌മമായ ആവൃത്തിപ്രഷണം ചെയ്യുന്നു. രണ്ടു മിനിട്ട് ഇടവിട്ടാണ് പ്രഷണം. ഒരു കപ്പലിന് അതിന്റെ സ്ഥാനം സൂക്ഷ്‌മമായി നിർണയിക്കാന്‍ ഇത്തരം മൂന്നു സംജ്ഞകള്‍ തുടർച്ചയായി ലഭിക്കണം. ഉപഗ്രഹപ്രഷണത്തിന്റെ ആവൃത്തിക്കുണ്ടാകുന്ന ഡോപ്ലർ വ്യത്യാസം ഉപഗ്രഹവേഗതയ്‌ക്ക് ആനുപാതികമാണ്. സ്ഥാനത്തെയും വേഗതയെയും സൂചിപ്പിക്കുന്ന ഉപഗ്രഹസംജ്ഞകള്‍ ഉപയോഗിച്ച് കപ്പലിന്റെ സ്ഥാനം വ്യക്തമായി നിർണയിക്കാം. എ.റ്റി.എസ്. ഉപഗ്രഹങ്ങളും സൂക്ഷ്‌മഗതാഗതത്തിനുപകരിക്കുന്ന ഉപകരണങ്ങള്‍ വഹിച്ചിരുന്നു.
ഭൂപഠനോപഗ്രഹങ്ങള്‍
(Geodetic Satellites). സെർവേക്ഷണം ചെയ്‌ത് അതിരുകള്‍ രേഖപ്പെടുത്തിയാണ് മുന്‍കാലങ്ങളിൽ ഭൂപടങ്ങള്‍ നിർമിച്ചിരുന്നത്. പില്‌ക്കാലത്ത് വിമാനം ഉപയോഗിച്ചെടുത്ത ഫോട്ടോകള്‍ ഉപയോഗിച്ചുവന്നു. എന്നാൽ ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് കൂടുതൽ സൂക്ഷ്‌മമായി, കുറഞ്ഞ സമയത്തിൽ ഭൂപടങ്ങള്‍ രേഖപ്പെടുത്താമെന്നു കണ്ടു. ലാന്‍ഡ്‌സാറ്റ് ചിത്രങ്ങള്‍ ആർട്ടിക്-അന്റാർട്ടിക് ഭൂവിഭാഗങ്ങള്‍, ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വനപ്രദേശങ്ങള്‍ ഇവ കൃത്യമായി രേഖപ്പെടുത്തി. ഭൂമിയുടെ ആകൃതി സൂക്ഷ്‌മമായി രേഖപ്പെടുത്തുവാനും ലാന്‍ഡ്‌സാറ്റിനു കഴിഞ്ഞു. അന്ന-ക ബി ( (Anna-I B), ജിയോസ് (Geos) ഉപഗ്രഹശ്രണി ഇവയും ഈ രംഗത്ത് സവിശേഷമായ പഠനം നടത്തിയവയാണ്.
ശാസ്‌ത്രപഠനോപഗ്രഹങ്ങള്‍
(Scientific Satellites). ശാസ്‌ത്രപഠനങ്ങള്‍ക്കായി നിരവധി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. വാന്‍ അലന്‍ ബെൽറ്റ് കണ്ടുപിടിച്ചത് എക്‌സ്‌പ്ലോറർ ഉപഗ്രഹവിക്ഷേപണഫലമായിട്ടാണ്. എസ്.എ.എസ്. (S.A.S. Small Astronomical Satellite)ശ്രണികള്‍ എക്‌സ്-റേ, ഗാമാ-റേ എന്നിവയുടെ പഠനത്തിനും ഒ.എ.ഒ. (O.A.O: Orbitting Astronomical Observatory Satellite) അള്‍ട്രാവയലറ്റ് ജ്യോതിശ്ശാസ്‌ത്ര (Ultra-Violet Astronomy)പഠനത്തിനും വേണ്ടിയുള്ളവയായിരുന്നു. ശാസ്‌ത്രപഠനോപഗ്രഹങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രപഞ്ചത്തിന്റെ ഉത്‌പത്തി, വളർച്ച, ഭാവി എന്നിവയെക്കുറിച്ച് ശ്രദ്ധേയമായ നിഗമനങ്ങളിലെത്തിച്ചേരുവാന്‍ സഹായകമായി.
മനുഷ്യവാഹകോപഗ്രഹങ്ങള്‍
(Manned Satellites). 1961-ൽ റഷ്യാക്കാരനായ യൂറി ഗഗാറിന്‍ വോസ്‌തോക് (Vostok) ഉപഗ്രഹത്തിൽ സഞ്ചരിച്ച് ബഹിരാകാശത്തെ ആദ്യത്തെ മനുഷ്യനെന്ന ബഹുമതിക്കർഹനായി. യു.എസ്സിന്റെ മെർക്യുറി (Mercury), ജെമിനി (Gemini) എന്നീ ഉപഗ്രഹങ്ങള്‍ മനുഷ്യനെ കയറ്റിയ പേടകങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ പരിശീലനപ്പറക്കലുകളായിരുന്നു മുന്‍പറഞ്ഞ രണ്ടും. ഒരു അപ്പോളോ റോക്കറ്റ് ലോഞ്ച് പാഡിൽ (Launch Pad)വച്ചു കത്തിയപ്പോഴും റഷ്യന്‍ ബഹിരാകാശപേടകമായ സോയൂസി(Soyuz)ന്റെ മടക്കയാത്രയിൽ അപകടങ്ങള്‍ ഉണ്ടായപ്പോഴും മനുഷ്യജീവിതം ശാസ്‌ത്രപുരോഗതിക്കായി അർപ്പിക്കപ്പെട്ടു.
സ്‌കൈലാബ്
(Skylab). യന്ത്രങ്ങളെ അപേക്ഷിച്ച് ചിന്തിക്കാനുള്ള മനുഷ്യന്റെ ബുദ്ധിയാണ് സ്‌കൈലാബ് പദ്ധതിയുടെ അടിസ്ഥാനം. 1973 മേയ് 14-നു യു.എസ്. സ്‌കൈലാബ് പേടകം വിക്ഷേപിക്കപ്പെട്ടു. മൂന്നു മനുഷ്യർക്കുള്ള താമസസ്ഥലവും പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും സ്‌കൈലാബിൽ ഉണ്ടായിരുന്നു. 1973 മേയ് 23-നു ആദ്യസംഘം ബഹിരാകാശയാത്രികർ സ്‌കൈലാബിലേക്കു തിരിച്ചു. 28 ദിവസത്തെ താമസത്തിനുശേഷം അവർ മടങ്ങിയെത്തി. രണ്ടാമത്തെ സംഘം 59 ദിവസവും മൂന്നാമത്തെ സംഘം 84 ദിവസവും സ്‌കൈലാബിൽ ചെലവഴിച്ചു. സൂര്യന്റെയും ഭൂമിയുടെയും അനവധി ചിത്രങ്ങള്‍, മറ്റു വിലയേറിയ പരീക്ഷണഫലങ്ങള്‍ എന്നിവയുമായി അവർ മടങ്ങിയെത്തി. ഈ യാത്രികരെ വിദഗ്‌ധമായ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി. ബാഹ്യാകാശ പരിസരം (environment) മേനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യങ്ങള്‍ക്കു വിലയേറിയ ഉത്തരങ്ങള്‍ ലഭിച്ചു. ഗുരുത്വ(Gravity)ത്തിന്റെ അഭാവം ക്രിസ്റ്റലുകളുടെ വളർച്ചയെ എത്രമാത്രം സഹായിക്കുമെന്ന് സ്‌കൈലാബ് പരീക്ഷണങ്ങള്‍ തെളിയിച്ചു. ലോഹങ്ങളുടെ വെൽഡിങ് (welding), ബ്രസിങ് (brazing) തുടങ്ങിയവയും പരീക്ഷണങ്ങളിൽ ഉള്‍പ്പെട്ടിരുന്നു. ഭാവിയിൽ വളരെയധികം പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ഇവയിൽ നിന്ന് ലഭിക്കുകയുണ്ടായി. വർഷങ്ങള്‍ക്കുശേഷം സ്‌കൈലാബ് ഭൂമിയിൽ തകർന്നുവീണു.
അപ്പോളോ-സോയൂസ് പരീക്ഷണപദ്ധതി
(Apollo-Soyus Test Programme:ASTP) ബഹിരാകാശരംഗത്തെ വന്‍കിടക്കാരായ യു.എസ്സിന്റെയും സോവിയറ്റ് യൂണിയന്റെയും ആദ്യത്തെ സഹകരണഫലമാണ് അപ്പോളോ-സോയൂസ് പദ്ധതി. ബഹിരാകാശയാത്രികരെ വഹിക്കുന്ന സോവിയറ്റ് നിർമിതമായ പേടകമാണ് സോയൂസ്. യു.എസ്. വിക്ഷേപിച്ച അപ്പോളോ പേടകം സോയൂസുമായി ബഹിരാകാശത്തുവച്ചു ബന്ധിപ്പിച്ചു (1975 ജൂല. 4). രണ്ടു പേടകങ്ങളിലെയും യാത്രികർ പരസ്‌പരം സന്ദർശിക്കുകയും യോജിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു. പിന്നീട് പേടകങ്ങള്‍ ബന്ധം വേർപെടുത്തി പ്രത്യേകമായി ഭൂമിയിലേക്കു മടങ്ങി.
സ്‌പേസ് ഷട്ടിൽ
(Space Shuttle). കൃത്രിമോപഗ്രഹങ്ങളുടെ ആവിർഭാവം സമൂഹപുരോഗതിക്ക് അമൂല്യസംഭാവനകള്‍ നല്‌കിയിട്ടുണ്ട്. എന്നാൽ അവയുടെ നിർമാണ-വിക്ഷേപണച്ചെലവ് വളരെ വലുതാണ്. യു.എസ്സിനെപ്പോലുള്ള ഒരു സമ്പന്ന രാജ്യത്തിനുപോലും ബഹിരാകാശ ഗവേഷണത്തിനുള്ള ബജറ്റ് വെട്ടിച്ചുരുക്കേണ്ടിവന്നു. ഉപഗ്രഹ വിക്ഷേപണച്ചെലവ് എങ്ങനെ ചുരുക്കാം എന്ന ചോദ്യത്തിന് ഉത്തരം കാണുവാന്‍ ആദ്യമായി ശ്രമിച്ചതും യു.എസ്. ആണ്. ഓരോ വിക്ഷേപണത്തിലും ഓരോ കൂറ്റന്‍ റോക്കറ്റ് പരിപൂർണമായി നഷ്‌ടപ്പെടുകയാണ്. എന്നാൽ ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ച് ഭൂമിയിലേക്ക് മടങ്ങിവരുന്ന ഒരു റോക്കറ്റ് നിർമിക്കാനാവുമെങ്കിൽ ചെലവു കുറയും. മാത്രമല്ല കേടുവന്ന ഉപഗ്രഹങ്ങളെ ഈ വാഹനമുപയോഗിച്ച് ഭൂമിയിലേക്കു മടക്കിക്കൊണ്ടുവന്ന് കേടുപാടുകള്‍ നീക്കി വിക്ഷേപണം ചെയ്യാം. യാത്രക്കാരെ കയറ്റിയിറക്കുന്ന ഒരു വിമാനംപോലെ പ്രവർത്തിക്കുന്ന വിക്ഷേപണറോക്കറ്റ് എന്ന ആശയത്തിന്റെ സഫലീകരണമാണ് യു.എസ്സിന്റെ സ്‌പേസ്‌ഷട്ടിൽ, ഇതിന്റെ നിർമാണത്തിന് വമ്പിച്ച മുതൽമുടക്കു വേണ്ടിവന്നു. എന്നാൽ ഓരോ വിക്ഷേപണത്തിനുമുള്ള ചെലവ് കുറവാണ്.
ഡെൽറ്റാ ആകൃതിയിൽ ചിറകുകളും ഡി.സി. ഒമ്പത് (D.C.9) വിമാനത്തിന്റെ വലുപ്പവും ഉള്ള ഓർബിറ്റർ (Orbiter) ആണ് ഷട്ടിലിന്റെ പ്രധാനഭാഗം. ഓർബിറ്റിനു കീഴിലായി ദ്രവ-ഇന്ധനം നിറച്ച ഒരു വന്‍ ടാങ്കും ടാങ്കിന്റെ ഇരുവശങ്ങളിലുമായി ഓരോ ഖര റോക്കറ്റും ചേർന്നതാണ് ഷട്ടിൽ. ആകെ നീളം 60 മീ. ഉപഗ്രഹങ്ങള്‍ വഹിക്കുന്ന ഭാഗത്തിന് 18.3 മീ. നീളവും 4.6 മീ. വ്യാസവുമുണ്ട്. ഒന്നിലധികം ഉപഗ്രഹങ്ങള്‍ ഒരേസമയത്ത് വിക്ഷേപിക്കാന്‍ ഷട്ടിലിനു കഴിയും. ലംബദിശയിലാണ് ഷട്ടിലിന്റെ വിക്ഷേപണം. 1,370 മീ./സെ. വേഗതയെത്തുമ്പോള്‍ രണ്ടു ഖര റോക്കറ്റുകളും കത്തി വേർപെടുന്നു. പാരച്യൂട്ട് ഘടിപ്പിച്ചിട്ടുള്ള അവയുടെ കവചങ്ങള്‍ സമുദ്രത്തിൽ വീഴുന്നു. അവ വീണ്ടെടുത്ത് അടുത്ത വിക്ഷേപണത്തിന് ഉപയോഗിക്കുന്നു. അന്തരീക്ഷത്തിനു മുകളിൽവച്ച് ദ്രവറോക്കറ്റ് കത്തിയശേഷം ടാങ്ക് വേർപെടും. ഈ ടാങ്ക് വീണ്ടെടുക്കുന്നില്ല. ഓർബിറ്റർ അതിൽ സംഭരിച്ചിട്ടുള്ള ഇന്ധനം ഉപയോഗപ്പെടുത്തി തുടർന്നു പ്രവർത്തിക്കുന്നു. ഉപഗ്രഹങ്ങളെ ഭൂമിക്കടുത്ത ഭ്രമണപഥങ്ങളിൽ വിക്ഷേപിച്ച് ഓർബിറ്റർ മടങ്ങുന്നു. ഓരോ ഉപഗ്രഹവും അതിനെ നിശ്ചിതഭ്രമണപഥത്തിലെത്തിക്കാന്‍ വേണ്ട ഇന്ധനം സ്വയം വഹിക്കുന്നു.
ഓർബിറ്റർ ഭൂമിയിൽ മടങ്ങിയെത്തുന്ന രീതിക്ക് വിമാനത്തോടു വളരെയധികം സാദൃശ്യമുണ്ട്. ഒരേ സമയം മൂന്നു ബഹിരാകാശസഞ്ചാരികള്‍ ഓർബിറ്ററിലുണ്ടാകും.
ദുഷ്‌കരമായ ഒട്ടനവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നിർമാണകാലത്ത് ഷട്ടിൽ പദ്ധതിക്കു തരണം ചെയ്യേണ്ടിവന്നു. മടക്കയാത്രയിൽ അന്തരീക്ഷത്തെ സ്‌പർശിക്കുമ്പോഴുണ്ടാകുന്ന അത്യുഗ്രതാപത്തിൽനിന്ന് ഓർബിറ്ററിനെ സംരക്ഷിക്കുക എന്നതായിരുന്നു ഒന്ന്. പദ്ധതി പൂർത്തിയാകുന്നതിന് കാലതാമസമുണ്ടായെങ്കിലും 1981 ഏപ്രിലിലെ ആദ്യത്തെ പറക്കൽ വിജയകരമായിരുന്നു. തുടർന്ന് രണ്ട് പരീക്ഷണപ്പറക്കലുകള്‍കൂടി നടത്തി. ഭാവിയിലെ "ഉപഗ്രഹവാഹിനി' ഷട്ടിലായിരിക്കുമെന്ന് വരെ കരുതപ്പെട്ടു. 1982 മേയിൽ സോവിയറ്റ് യൂണിയനും ഷട്ടിൽ മാതൃകയിലുള്ള ഒരു റോക്കറ്റ് -ബുറാന്‍-വിജയകരമായി വിക്ഷേപണം ചെയ്യുകയുണ്ടായി. 1983 മാർച്ചിൽ ചലഞ്ചർ എന്ന ഷട്ടിൽ വിക്ഷേപിക്കപ്പെട്ടു. 1981-ൽ അമേരിക്ക, കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അയച്ച കൊളംബിയ എന്ന ബഹിരാകാശ ഷട്ടിലിൽ ബഹിരാകാശ യാത്രികരായ ജോണ്‍യങ്, റോബർട്ട് ക്രിപ്പന്‍ എന്നിവർ ഉണ്ടായിരുന്നു. അവർ പല ശാസ്‌ത്രീയ നിരീക്ഷണ-ഗവേഷണങ്ങള്‍ നടത്തി. എന്നാൽ 1986 ജനു. 28-ന് അമേരിക്ക അയച്ച "ചലഞ്ചർ' സ്‌പേസ് ഷട്ടിൽ അന്തരീക്ഷത്തിലേക്കുയർന്ന് നിമിഷങ്ങള്‍ക്കകം തകരുകയും സഞ്ചാരികളായ ഏഴുപേരും മരണമടയുകയും ചെയ്‌തു. ഇതോടെ സ്‌പേസ് ഷട്ടിൽ പ്രാഗ്രാം അമേരിക്ക നിർത്തിവച്ചു. അതേവർഷം ഫെബ്രുവരിയിൽ റഷ്യ സ്‌പേസ് സ്റ്റേഷന്റെ ഒന്നാം ഘടകമായ "മിർ' വിക്ഷേപിച്ചു. 1988-ൽ റഷ്യ "ഓർബിറ്റൽ' വിക്ഷേപണത്തിന്റെ ഭാഗമായി "ബുറാന്‍' സ്‌പേസ് ഷട്ടിലും അയച്ചു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ എല്ലാ ബഹിരാകാശപരിപാടികളും നിർത്തിവച്ചു. ബാഹ്യാകാശത്ത് ഉപേക്ഷിക്കപ്പെട്ട "മിർ' 14 വർഷത്തിനു ശേഷം 2001 മാർച്ച് 23-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ച് വരികയും തെക്കന്‍ ശാന്തസമുദ്രത്തിൽ പതിക്കുകയും ചെയ്‌തു. 1993-ൽ അമേരിക്ക ചൊണ്ണാഗ്രഹത്തിലേക്കയച്ച "ഒബ്‌സർവർ' ഉപഗ്രഹം പ്രസ്‌തുത ഗ്രഹത്തിൽ പ്രവേശിക്കുന്നതിന് നിശ്ചയിച്ചിരുന്ന നിർദിഷ്‌ട ദിവസത്തിന് മൂന്നുനാള്‍ മുമ്പ് പെട്ടെന്ന് അപ്രത്യക്ഷമായത് ആ രാജ്യത്തിന് മറ്റൊരു തിരിച്ചടിയായിരുന്നു; എങ്കിലും നാലുവർഷത്തിനു ശേഷം വിക്ഷേപണം ചെയ്യപ്പെട്ട യു.എസ്. പാത്ത് ഫൈന്‍ഡർ ഉപഗ്രഹം ചൊണ്ണാഗ്രഹത്തിലിറങ്ങുകയും "സോജേർണർ' എന്ന റോവർ വാഹനം ഉപയോഗിച്ച് ഗ്രഹത്തിന്റെ ഉപരിതലം നിരീക്ഷിച്ച് വിലപിടിച്ച അപൂർവവിവരങ്ങള്‍, വർണചിത്രങ്ങള്‍ സഹിതം ഭൂമിയിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. 1999 മേയിൽ "ഡിസ്‌കവറി' സ്‌പേസ് ഷട്ടിൽ ബഹിരാകാശത്തെ അന്താരാഷ്‌ട്ര ബാഹ്യാകാശ സ്റ്റേഷനുമായി ബന്ധിച്ചു. അതേവർഷം ജൂലായിൽ കൊളംബിയാ സ്‌പേസ് ഷട്ടിൽ ചാന്ദ്രാ എക്‌സ്-റേ ഗ്രഹനിരീക്ഷണാലയം ആകാശവീഥിയിൽ സ്ഥാപിച്ചു. ലോകത്തെ ആദ്യത്തെ വനിതാ ഉപഗ്രഹ സാരഥിയായ എയർഫോഴ്‌സ് കേണൽ എയ്‌ലീന്‍ കോളിന്‍സിനായിരുന്നു ഈ വാഹനത്തിന്റെ കമാന്റ്. 2003-ൽ ഫെ. 1-ന് അമേരിക്കയ്‌ക്ക് ഈ രംഗത്ത് മറ്റൊരു മഹാദുരന്തം നേരിടേണ്ടിവന്നു. ആകാശദൗത്യം വിജയകരമായി പൂർത്തിയാക്കി തിരികെ ഭൂമിയിലിറങ്ങേണ്ട നിശ്ചിത സമയത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് കൊളംബിയ ഷട്ടിൽ പൊട്ടിത്തെറിക്കുകയും അതിലെ യാത്രക്കാരായിരുന്ന ഇന്ത്യാക്കാരി കല്‌പനാ ചൗളയും ഇസ്രയേലിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യുവാവും ഉള്‍പ്പെടെ ഏഴുപേർ മരിക്കുകയും ചെയ്‌തു. ചെലവുകുറഞ്ഞ ബഹിരാകാശയാത്ര എന്ന സ്വപ്‌നവുമായെത്തിയ സ്‌പേസ് ഷട്ടിൽ പദ്ധതി യഥാർഥത്തിൽ വളരെ ചെലവേറിയതും സുരക്ഷ കുറഞ്ഞതും ആയിരുന്നു എന്ന തിരിച്ചറിവിനെ ത്തുടർന്ന് യു.എസ്. ആ പദ്ധതി തുടരേണ്ടതില്ല എന്ന് തീരുമാനിച്ചുകഴിഞ്ഞു.
2003 ഒക്‌ടോബറിൽ ചൈന, "യാങ്‌ലിയൂ' എന്ന ആർമി ലഫ്‌റ്റനന്റിനെ "ഷെന്‍ഷൂ ഢ' ഉപഗ്രഹത്തിൽ കയറ്റി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച്, ഈ പരീക്ഷണം നടത്തുന്ന മൂന്നാമത്തെ രാഷ്‌ട്രം എന്ന ബഹുമതിക്കർഹമായി. 2014 വരെ ധൂമകേതുക്കളെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കാനായി യൂറോപ്പിന്റെ "റോസറ്റ' ഉപഗ്രഹം 2004 മാർച്ചിൽ വിക്ഷേപിക്കപ്പെട്ടു. 2004 ഏപ്രിലിൽ ചഅടഅ വിക്ഷേപിച്ച റോവർ സ്‌പിരിറ്റ് ചൊണ്ണാഗ്രഹത്തിൽ മുമ്പ് ജലാംശം ഉണ്ടായിരുന്നതായി സൂചനകള്‍ നല്‌കി. അതേവർഷം ആഗസ്റ്റിൽ അയച്ച യു.എസ്. കാസ്സിനി ഉപഗ്രഹം ശനി ഗ്രഹത്തെയും അതിനെ വലയം ചെയ്‌തിരിക്കുന്ന റേഡിയേഷന്‍ മേഖലയെയും പറ്റി നിരീക്ഷണപഠനങ്ങള്‍ നടത്തിവരുന്നു.
ഉപഗ്രഹരംഗത്ത് ഇന്ത്യ
ബഹിരാകാശവകുപ്പിന്റെ കീഴിലാണ് ഉപഗ്രഹസംബന്ധിയായ പ്രവർത്തനങ്ങള്‍ ഇന്ത്യയിൽ സംഘടിപ്പിച്ചിട്ടുള്ളത്.
1974-ൽ യു.എസ്. വിക്ഷേപിച്ച എ.ടി.എസ്.എഫ്. എന്ന ഭൂസ്ഥിരോപഗ്രഹത്തെ 1975-ൽ ഇന്ത്യാസമുദ്രത്തിന്റെ മുകളിലെത്തിച്ചു. ഫെയർ ചൈൽഡ് (Fair child) കമ്പനി നിർമിച്ച ഈ ഉപഗ്രഹം ഒരു കൊല്ലക്കാലം ഇന്ത്യയിൽ ടെലിവിഷന്‍ പ്രഷണത്തിനുപയോഗിക്കുകയുണ്ടായി. സൈറ്റ് (SITE: Satellite Instructional Television Experiment)എന്ന പേരിലറിയപ്പെടുന്ന ഈ പദ്ധതിയുടെ ചുമതല വഹിച്ചത് അഹമ്മദാബാദിലുള്ള സാക്ക് (SAC: Satellite Application Centre)എന്ന കേന്ദ്രമായിരുന്നു. ആറു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത 2,400 ഗ്രാമങ്ങളിൽ വിദ്യാഭ്യാസപരമായ ടി.വി. പദ്ധതി എത്തിക്കുവാന്‍ ഉപഗ്രഹത്തിനു കഴിഞ്ഞു. സാക്ഷരതയിൽ പിന്നാക്കം നില്‌ക്കുന്ന ഗ്രാമീണർക്ക് കുടുംബാസൂത്രണം, മെച്ചപ്പെട്ട കൃഷിമാർഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു നല്‌കിയ വിദ്യാഭ്യാസ പരിപാടികള്‍ ആഗോളപ്രശംസയ്‌ക്കു പാത്രമായി. ഉപഗ്രഹം സാമൂഹ്യസേവനത്തിന് എന്നതിലുപരി ഇന്ത്യ ഭൂനിലയ(Ground control centre)ങ്ങളുടെ രൂപകല്‌പന, പ്രവർത്തനം തുടങ്ങിയവയിൽ പ്രാഗല്‌ഭ്യം നേടി.
1977-79-ൽ ഫ്രഞ്ച്- ജർമന്‍ ഭൂസ്ഥിരോപഗ്രഹമായ സിംഫണി (Symph-ony) ഉപയോഗിച്ച് നടത്തിയ സ്റ്റെപ് (STEP: Satellite Telecommunication Experiment) പദ്ധതിയും വലിയ വിജയമായിരുന്നു. ഉപഗ്രഹം വഴി ടെലിഫോണ്‍-ടെലിവിഷന്‍ പ്രഷണം ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. റോഡുമാർഗേണ കൊണ്ടുപോകാവുന്ന ടെർമിനലുക(terminal)ളും ഇന്ത്യ നിർമിച്ചു.
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഉപഗ്രഹം-ആര്യഭടന്‍-1975 ഏപ്രിലിൽ റഷ്യയിൽ വച്ച് വിക്ഷേപിക്കപ്പെട്ടു. മുന്നൂറ്ററുപതോളം കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഇന്ത്യന്‍ എന്‍ജിനീയർമാർ രൂപകല്‌പന ചെയ്‌തു നിർമിച്ചതാണ്. ശാസ്‌ത്രപരീക്ഷണങ്ങള്‍ക്കുള്ള എക്‌സ്-റേ, ഗാമാ-റേ, കോസ്‌മിക്-റേ ഉപകരണങ്ങള്‍ ഈ ഉപഗ്രഹത്തിലുണ്ടായിരുന്നു.
റഷ്യയിൽനിന്നുതന്നെ ഇന്ത്യയുടെ ഭൂവിഭവപഠനോപഗ്രഹങ്ങളായ ഭാസ്‌കര I, II യഥാക്രമം 1979-ലും 1981-ലും വിക്ഷേപിക്കപ്പെട്ടു. ഭൂമിയുടെ ചിത്രങ്ങളെടുക്കുന്ന ഓരോ വിഡിക്കോണ്‍ ടി.വി. കാമറയും, ഓരോ മൈക്രാതരംഗറേഡിയോ മീറ്ററും ഭാസ്‌കര-ഉപഗ്രഹങ്ങള്‍ വഹിച്ചിരുന്നു. 1984-ൽ റഷ്യയിൽ നിന്നു വിക്ഷേപിക്കപ്പെട്ട ഇന്ത്യന്‍ ഉപഗ്രഹത്തിൽ ഇന്ത്യാക്കാരനായ ആദ്യത്തെ ഉപഗ്രഹയാത്രികന്‍ രാകേശ് ശർമ ഭൂമിയെ വലംവച്ചു; രവീശ് മൽഹോത്ര "ഗ്രൗണ്ട് കണ്‍ട്രാള്‍' സ്ഥാനത്തും പ്രവർത്തിച്ചു.
1978-ൽ യു.എസ്സുമായി ഏർപ്പെട്ടിട്ടുള്ള ഒരു കരാറനുസരിച്ച് ലാന്‍ഡ്‌സാറ്റ് ഉപഗ്രഹങ്ങളിൽ നിന്ന് ഭൂവിഭവവിവരങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഒരു ഭൂനിലയം ഹൈദരാബാദിനു സമീപം ഷാദ്‌നഗറിൽ സ്ഥാപിച്ചിട്ടുണ്ട്. എന്‍.ആർ.എസ്.എ. (N.R.S.A.:National Remote Sensing Agency) എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം. ഇപ്പോള്‍ എന്‍.ആർ.എസ്.എ.യുടെ ഭരണച്ചുമതല കേന്ദ്രബഹിരാകാശ കാര്യാലയത്തിനാണ്. ഇന്ത്യന്‍ നിർമിതമായ റോക്കറ്റ് (SLV-3) ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹമാണ് 40 കിലോഗ്രാം ഭാരമുള്ള രോഹിണി. 1979-ലെ ആദ്യത്തെ എസ്.എൽ.വി.-3 വിക്ഷേപണം പരാജയപ്പെട്ടു. 1980-ലെ രണ്ടാമത്തെ വിക്ഷേപണം പരിപൂർണവിജയമായിരുന്നു. സ്വന്തം ഉപഗ്രഹവിക്ഷേപിണികളുള്ള യു.എസ്., റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നിവയുടെ നിരയിൽ ഇന്ത്യയും സ്ഥാനംപിടിച്ചു. 1981-ലെ മൂന്നാമത്തെ എസ്.എൽ.വി.-3 വിക്ഷേപണത്തിൽ റോക്കറ്റിനു സംഭവിച്ച ഒരു ചെറിയ തകരാറുനിമിത്തം ഉപഗ്രഹത്തിന്റെ കാലദൈർഘ്യം ഒരാഴ്‌ചയോളമായി ചുരുങ്ങി.
യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഈസ (E.S.A.: European Space Agency)യുടെ സംരംഭമായിരുന്നു ഏരിയന്‍ (Ariane) എന്ന ഭൂസ്ഥിരോപഗ്രഹവിക്ഷേപണ റോക്കറ്റ്, ഇതിന്റെ മൂന്നാമത്തെ പരീക്ഷണപ്പറക്കലിൽ ഇന്ത്യയ്‌ക്കു ക്ഷണം ലഭിക്കുകയുണ്ടായി. 1981-ൽ ഇന്ത്യയുടെ പ്രഥമ ഭൂസ്ഥിരോപഗ്രഹമായ ആപ്പിള്‍ (APPLE: Ariane Passenger Payload Experiment)ഫ്രഞ്ച് ഗയാനയിൽ വച്ച് ഏരിയന്‍ റോക്കറ്റിൽ വിക്ഷേപിച്ചു (1981). ടെലിഫോണ്‍-ടെലിവിഷന്‍ ചാനലുകളുടെ പ്രഷണം ആപ്പിള്‍ വിജയകരമായി നിർവഹിച്ചു. ഉപഗ്രഹരംഗത്തെ ദുർഘടമായ പല സാങ്കേതിക വിദ്യകളും സ്വായത്തമാക്കുവാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു.
ഇന്ത്യയ്‌ക്കുവേണ്ടി യു.എസ്സിലെ ഫോർഡ് എയറോസ്‌പേസ് (Ford Aerospace)കമ്പനി നിർമിച്ച ഇന്‍സാറ്റ് I-A (INSAT:Indian National Satellite) എന്ന ഭൂസ്ഥിരോപഗ്രഹം 1982-ൽ നാസാ (NASA)യുടെ ഡെൽറ്റ (Delta) റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കപ്പെട്ടു. ഇന്‍സാറ്റ് കഅ പരാജയപ്പെട്ടെങ്കിലും, ഇന്‍സാറ്റ് കആ, 1983-ൽ വിക്ഷേപിക്കപ്പെട്ടു. വാർത്താവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനുമുള്ള ആദ്യത്തെ ഭൂസ്ഥിരോപഗ്രഹം ഇന്‍സാറ്റാണ്. തുടർന്ന് ഇന്‍സാറ്റ് ശ്രണിയിൽ ഒരുപഗ്രഹംകൂടി യു.എസ്സിൽ നിന്ന് വിക്ഷേപിക്കുകയുണ്ടായി.
2005 ഡി. 22-ന് ISROയുടെ ഇന്‍സാറ്റ് പരമ്പരയിൽപ്പെട്ട INSAT 4A വിജയകരമായി വിക്ഷേപിച്ചു. 3080 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ ബഹിരാകാശ സംഘടന അയച്ചവയിൽ ഏറ്റവും ഭാരമുള്ളതാണ്. ഫ്രഞ്ച് ഗയാനയിലെ കേന്ദ്രത്തിൽനിന്ന് യൂറോപ്യന്‍ ഏരിയന്‍-ജി റോക്കറ്റിലാണ് ഈ ഉപഗ്രഹമയച്ചത്. അധികശക്തിയുള്ള 12 ഗൗ ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ ഉപഗ്രഹം വഴി ഡയറക്‌റ്റ്-റ്റു-ഹോം (DTH) ടെലിവിഷന്‍ സർവീസ് സംബന്ധിച്ച ആവശ്യങ്ങള്‍ നിർവഹിക്കാന്‍ കഴിയും. കമ്യൂണിക്കേഷന്‍-റ്റി.വി. പ്രക്ഷേപണ സംവിധാനം ശക്തമാക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാനസേവനം.
2007-ൽ പത്ത് ഇന്‍സാറ്റ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് പ്രവർത്തിച്ചിരുന്നത്. (ഇന്‍സാറ്റ് 2E, ഇന്‍സാറ്റ് 3A, ഇന്‍സാറ്റ് 3B, ഇന്‍സാറ്റ് 3C, ഇന്‍സാറ്റ് 3E, ഇന്‍സാറ്റ് 4A, കല്‌പന -1, ജിസാറ്റ് -2, എഡ്യുസാറ്റ്, ഇന്‍സാറ്റ് 4B) വിദൂരവിദ്യാഭ്യാസം, ടെലിമെഡിസിന്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ പ്രയോജനകരമാക്കാന്‍ കഴിയുന്ന മേഖലകളിലെല്ലാം ഈ ഉപഗ്രഹങ്ങള്‍ പരമാവധി ഉപയോഗപ്രദമാകുന്നുണ്ട്.
2005-ൽ വിക്ഷേപിക്കപ്പെട്ട കാർട്ടോസാറ്റ് (CARTO SAT) ഉപഗ്രഹം എടുക്കുന്ന ത്രിമാനചിത്രങ്ങളുടെ സഹായത്തോടെ പ്രകൃതിക്ഷോഭങ്ങളുടെ വ്യാപ്‌തി കണ്ടെത്താനും, ജലസ്രാതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സാധിക്കും. ഇന്ത്യന്‍ നിർമിതമായ എസ്.എൽ.വി. 3 ഐ.എസ്.ആർ.ഒ. 1980-ൽ വികസിപ്പിച്ചെടുത്തശേഷം എ.എസ്.എൽ.വി. (Auganmented Satellite Launch vehicle)യ്‌ക്കു രൂപം നല്‌കി. 1994 ഒക്‌ടോബറിൽ പി.എസ്.എൽ.വി.യിൽ (Polar Satellite Launch Vehicle) ഐ.ആർ.എസ്.-പി 2 ബഹിരാകാശപേടകം വിക്ഷേപിച്ചതാണ് ഇന്ത്യന്‍ ബാഹ്യാകാശ വിക്ഷേപണത്തിന്റെ മോഹനമുഹൂർത്തം. 2001 ഏ. 18-ന് ഇന്ത്യ ജി.എസ്.എൽ.വി. വാഹനവും (Geosynchronous Satellite Vehicle) വിജയകരമായി വിട്ടയച്ചു. നാലു ഘട്ടമായുള്ള PSLVയ്‌ക്കു 1400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 800 കി.മീ. അകലെയുള്ള പോളാർ ഭ്രമണപഥത്തിലേക്ക് വിക്ഷേപണം ചെയ്യാന്‍ പ്രാപ്‌തിയുണ്ട്. ഒരു ടണ്‍ഭാരം വരെ വിജയകരമായി പി.എസ്.എൽ.വി. വിക്ഷേപണം ചെയ്‌തിട്ടുണ്ട്. 2000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെവരെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷി ജി.എസ്.എൽ.വിയും തെളിയിച്ചിട്ടുണ്ട്. ഇതിന്റെ മൂന്നാം ഘട്ടത്തിലുപയോഗിക്കേണ്ട ക്രയോജനിക് എന്‍ജിനും ഇന്ത്യയിൽ തന്നെ നിർമിച്ചുവരുന്നു. 1825 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ജിയോ സിംക്രണസ് ട്രാന്‍സ്‌ഫർ പഥത്തിൽ നിക്ഷേപിക്കാന്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള ആറാമത്തെ രാഷ്‌ട്രമെന്ന പദവിയും ഇന്ത്യ നേടി. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പേസ് സെന്ററിൽ ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിക്ഷേപിക്കുവാനും, അതിന്റെ ഗതിനിയന്ത്രിക്കാനും ഉള്ള മികച്ച സൗകര്യങ്ങള്‍ ഇന്നുണ്ട്.
ഇന്ത്യന്‍ ദേശീയ ഉപഗ്രഹസംവിധാനം (INSAT) ഏഷ്യ-പസിഫിക് മേഖലയിലെ ഏറ്റവും മികച്ച വിവരവിനിമയ ഉപഗ്രഹസമുച്ചയമാണ്. INSAT-2E, 3A, 3B, 3C, 3E, കല്‌പന 1, GSAT-2 എന്നിവയാണ് വാർത്താവിതരണത്തിനും ടെലിവിഷന്‍ പ്രവർത്തനത്തിനും കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച് പ്രവചനങ്ങള്‍ നടത്തുന്നതിനും ആപത്തിൽ പെടുന്നവരെ രക്ഷിക്കുന്നതിനും നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പ്രമുഖഘടകങ്ങള്‍ക്ക് ഈ സംവിധാനം മികച്ച ക്രിയാത്മക സഹകരണം നല്‌കിക്കൊണ്ടിരിക്കുന്നു. 1400 ട്രാന്‍സ്‌മിറ്ററുകള്‍ വഴി 90 കോടി പ്രക്ഷകർക്ക് ഉപഗ്രഹങ്ങള്‍ റ്റി.വി. സിഗ്നൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യരക്ഷാരംഗത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി വിവരങ്ങള്‍ ടെലിമെഡിസിന്‍ ശൃംഖലയിലൂടെ ഗ്രാമങ്ങളിലെ വിദൂരമായ കോണുകളിൽ എത്തിക്കാന്‍ ഉപഗ്രഹസർവീസ് ഉതകുന്നു. കാലാവസ്ഥാ നില പ്രവചിക്കുന്ന ചിത്രങ്ങളിലൂടെ കൊടുങ്കാറ്റ്, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‌കാനായി 250 ഉപഗ്രഹ സന്ദേശ റിസീവറുകള്‍ അറേബ്യന്‍ സമുദ്രതീരത്തും ബംഗാള്‍ ഉള്‍ക്കടൽ തീരത്തും സ്ഥാപിച്ചിട്ടുണ്ട്. ബാഹ്യാകാശത്തെ പ്രതിഭാസങ്ങള്‍ നിരീക്ഷിച്ച് പകർത്തി ഭൂമിയിലെത്തിക്കാനുള്ള റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങള്‍ (IRS) അപ്പപ്പോള്‍ വിവരങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പുറമേ കഞട ബഹിരാകാശവാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മികച്ച കാമറകള്‍ ഭൂമിയുടെ വിവിധദൃശ്യകോണുകളിലുള്ള ചിത്രങ്ങളും അയയ്‌ക്കുന്നു. 2003 ഒക്‌ടോബറിൽ ജടഘഢ- വിക്ഷേപണം ചെയ്‌ത ഞലീൌൃരല ടമേ1 ൽ ഇതേ ജോലി നിർവഹിക്കാനായി മൂന്ന് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കാർഷികവിളയുള്ള ഭൂമിയുടെ വിസ്‌തീർണം, ജലസ്രാതസ്സുകള്‍, ജലസേചനസംവിധാനം, കാടുകളുടെ സർവേ, തരിശു ഭൂമിയുടെ വ്യാപ്‌തി, ലോഹഖനന സാധ്യതകള്‍, മത്സ്യബന്ധന സാധ്യതകളുള്ള ഇടങ്ങള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ കഞട കൃത്യമായി നല്‌കുന്നു.
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യ പരിമിതമായ വിഭവസമ്പത്ത് വച്ചുകൊണ്ടുതന്നെ ബഹിരാകാശ പര്യവേക്ഷണ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിൽ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 1969-ലാണ് ഇന്ത്യന്‍ സ്‌പേസ് റിസർച്ച് സംഘടന (ISRO) നിലവിൽവന്നത്. 1972-ൽ കേന്ദ്രഗവണ്‍മെന്റ് സ്‌പേസ് ഡിപ്പാർട്ടുമെന്റും സ്‌പേസ് കമ്മിഷനും രൂപീകരിച്ചതോടെ ഈ വഴിക്കുളള പ്രവർത്തനങ്ങള്‍ ഊർജിതപ്പെട്ടു. 1970-കളിൽ ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ അമേരിക്കയെയും റഷ്യയെയും യൂറോപ്യന്‍ രാജ്യങ്ങളെയും ആശ്രയിച്ചിരുന്നെങ്കിലും 1980-കളോടെ ഈ രംഗത്ത് സ്വാശ്രയത്വം നേടി ഇന്ത്യ വമ്പിച്ച കാൽവയ്‌പ് നടത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ ബഹിരാകാശ പേടകം (SLV-3) വിജയകരമായി വിക്ഷേപിച്ചത് 1980 ജൂല. 18-നാണ്. അന്ന് എ.പി.ജെ. അബ്‌ദുൽകലാം (പിന്നീട് ഇദ്ദേഹം രാഷ്‌ട്രപതിയായി) ആയിരുന്നു ഈ പ്രാജക്‌റ്റിന്റെ ഡയറക്‌ടർ. ബഹിരാകാശ പര്യവേക്ഷണങ്ങളുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കണമെന്ന, ഈ പരിപാടിയുടെ ഇന്ത്യയിലെ പ്രയോക്താവായ വിക്രം സാരാഭായിയുടെ ലക്ഷ്യം അതിന് ശേഷമുള്ള 25 വർഷത്തെ നിരന്തരമായ പ്രവർത്തനംകൊണ്ട് സാക്ഷാത്‌കരിച്ചിട്ടുണ്ട്. വിവരവിനിമയ സംവിധാനത്തിന്റെ-ടെലിഫോണ്‍, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവയുടെ-അഭൂതപൂർവമായ വളർച്ചയുടെയും കാലാവസ്ഥാപ്രവചനം, കാർഷികപരിപാടികള്‍ക്കു പിന്തുണ എന്നീ പ്രവർത്തനങ്ങളിലൂടെ റിമോട്ട് സെന്‍സിങ്ങിലൂടെയും ശാസ്‌ത്ര-സാങ്കേതിക സിദ്ധികള്‍ ഇന്ന് എല്ലാ വിഭാഗങ്ങളെയും സഹായിച്ചുകൊണ്ടിരിക്കുന്നു. ഇവിടത്തെ പൊതുമേഖലയിലും സ്വകാര്യഉടമയിലും ഉള്ള മുന്നൂറോളം വ്യവസായങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഉപകരണനിർമാണ ജോലികളിൽ പങ്കാളികളാണ്. കൂടാതെ ഐ.ഐ.റ്റി.കളുമായും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുമായും, നിരവധി അക്കാദമീയ സ്ഥാപനങ്ങളുമായും ഈ സ്ഥാപനത്തിന്റെ നിർമാണ പരിപാടികള്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.