This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഴിക്കാട്ടു ഗ്രന്ഥം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഴിക്കാട്ടു ഗ്രന്ഥം == ജ്യോതിഷദീപമാല എന്നു പേരുള്ള ജ്യോതി...)
അടുത്ത വ്യത്യാസം →
13:03, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുഴിക്കാട്ടു ഗ്രന്ഥം
ജ്യോതിഷദീപമാല എന്നു പേരുള്ള ജ്യോതിശ്ശാസ്‌ത്രസംബന്ധിയായ ഒരു മണിപ്രവാള ഗ്രന്ഥം. കേരള ബ്രാഹ്മണരിൽനിന്ന് സംസ്‌കൃതത്തിലും മലയാളത്തിലുമായി അനേകം ജ്യോതിഷ ശാസ്‌ത്രഗ്രന്ഥങ്ങള്‍ ലഭിച്ചിട്ടുള്ളതിൽ ഒന്നാണ് "ജ്യോതിഷ ദീപമാല'. പ്രസ്‌തുത ഗ്രന്ഥത്തിന്റെ ചില താളിയോലപ്പകർപ്പുകളിൽ "കുഴിക്കാട്ടു ഗ്രന്ഥം' എന്നെഴുതിക്കാണുന്നു. അതിനാൽ ജ്യോതിഷ ദീപമാല, കുഴിക്കാട്ടു ഭട്ടതിരിമാരിലൊരാള്‍ രചിച്ചതാകണം. നമ്പൂതിരിമാർ എഴുതിയ പല ഗ്രന്ഥങ്ങളും അവരുടെ ഗൃഹപ്പേരു ചേർത്തു വ്യവഹരിക്കുന്ന പതിവുണ്ട്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലുള്ള ഒരു ബ്രാഹ്മണഗൃഹമാണ് "കുഴിക്കാട്ട്'. തന്ത്രസമുച്ചയം, ശേഷസമുച്ചയം എന്നീ താന്ത്രിക ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനമെഴുതിയ മഹേശ്വരന്‍ ഭട്ടതിരി (കൊ.വ. 970-1040) അവിടെയാണ് ജനിച്ചത്. ഇദ്ദേഹം കുഴിക്കാട്ടുപച്ച എന്നൊരു തന്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്. "പച്ച' എന്നാൽ "ഭാഷ' എന്നാണ് അർഥം. ചെറുമുക്കിൽ പച്ച, എടമനപ്പച്ച എന്നീ ഗ്രന്ഥസംജ്ഞകളിൽ കാണുന്ന "പച്ച'യും "ഭാഷ'യെത്തന്നെയാണ് സൂചിപ്പിക്കുന്നത്. മഹേശ്വരന്‍ ഭട്ടതിരിയുടെ മകനായി അഗ്നിശർമന്‍ ഭട്ടതിരി (കൊ.വ. 994-1068) എന്നൊരു ജ്യോതിഷശാസ്‌ത്ര പണ്ഡിതന്‍ ഉണ്ടായിരുന്നു. "ജ്യോതിഷ ദീപമാല'യെന്ന "കുഴിക്കാട്ടുഗ്രന്ഥ'ത്തിന്റെ കർത്താവ് ഇദ്ദേഹമായിരിക്കണം. മഹാകവി ഉള്ളൂർ, ജ്യോതിഷ ദീപമാലയെ അജ്ഞാതകർത്തൃകമായൊരു ഗ്രന്ഥമായിട്ടാണ് പരിഗണിച്ചിട്ടുള്ളത് (കേരളസാഹിത്യചരിത്രം, രണ്ടാംവാല്യം).
അഞ്ച് അധ്യായങ്ങളുള്ള ഒരു മണിപ്രവാള കൃതിയാണ് കുഴിക്കാട്ടു ഗ്രന്ഥം. "സംജ്ഞാവിഷയ'മെന്ന ഒന്നാമധ്യായത്തിൽ രാശി, രാശിസ്വരൂപം ഗ്രഹങ്ങളുടെ ബന്ധുമിത്രാഭാവങ്ങള്‍, സ്വക്ഷേത്രാദികള്‍, രാശിസ്ഥാനഫലങ്ങള്‍, ഗ്രഹമൗഢ്യങ്ങള്‍, സൂര്യചന്ദ്രഗ്രഹണങ്ങള്‍ മുതലായവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. രണ്ടാമധ്യായം "ഗണിതവിഷയ'വും മൂന്നാമധ്യായം "മുഹൂർത്തവിഷയ'വുമാണ് ഉള്‍ക്കൊള്ളുന്നത്. ജാതകവിഷയമെന്ന നാലാമധ്യായത്തിൽ വിവാഹപ്പൊരുത്തങ്ങളെയും മറ്റു ജാതകകാര്യങ്ങളെയും പ്രതിപാദിക്കുന്നു. അവസാനത്തെ അധ്യായത്തിൽ ശകുനം, ഭൂതലക്ഷണം, രോഗപ്രശ്‌നം, ബാധാനിർണയം തുടങ്ങിയവ സംക്ഷിപ്‌തമായി ചർച്ചചെയ്യുന്നു.
(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)