This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കൂവ == == Arrowroot == മരാന്തേസ്യേ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ചെടി...)
അടുത്ത വ്യത്യാസം →
12:58, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കൂവ
Arrowroot
മരാന്തേസ്യേ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ചെടി. ശാ.നാ.: മരാന്റാ അരുണ്‍ഡിനേസി. വളരെ പരിമിതമായ തോതിൽ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതും കിഴങ്ങുവർഗങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്താവുന്നതുമായ ഒരു ചെടിയാണിത്. മണ്ണിനടിയിൽ വളരുന്ന കാണ്ഡങ്ങളാണ് കിഴങ്ങിന്റെ രൂപത്തിൽ ലഭിക്കുന്നത്. ഇവയിൽ ധാരാളം അന്നജം സംഭരിച്ചിരിക്കുന്നു. ഇവയുടെ ഔഷധഗുണമുള്ള മാവ് വ്യാവസായിക പ്രാധാന്യമുള്ളതാണ്.
ഉദ്‌ഭവവും വിതരണവും. അമേരിക്കയിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണ് കൂവയുടെ ജന്മദേശം. വെസ്റ്റിന്‍ഡീസിൽ ഏറിയകാലമായി കൃഷി ചെയ്‌തുവരുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഇന്തോചൈന, ഫിലിപ്പീന്‍സ്, ക്വീന്‍സ്‌ലന്‍ഡ് മുതലായ സ്ഥലങ്ങളിലും ഇപ്പോള്‍ കൂവ കൃഷി ചെയ്‌തുവരുന്നുണ്ട്.
ഉദ്ദേശം 16 മുതൽ 45 വരെ സെ.മീ. നീളമുള്ള വളരെ നേർത്ത ഇലത്തണ്ടുകളും താരതമ്യേന വിസ്‌തൃതമായ ഇലകളുമുണ്ട്. ഭൂകാണ്ഡം വെളുത്തതും നീണ്ടതുമാണ്. ഇന്ത്യയിൽ പലയിടങ്ങളിലും ഒരു കാട്ടുചെടിപോലെ വളരുന്ന ഇത് കേരളത്തിലാണ് കൂടുതലായി കൃഷിചെയ്യപ്പെടുന്നത്. ഭൂകാണ്ഡങ്ങള്‍ക്ക് ഇളം നീല, മഞ്ഞ എന്നീ നിറങ്ങളുള്ള രണ്ടിനങ്ങളുണ്ട്. മഞ്ഞയെ അപേക്ഷിച്ച് നീല ഭൂകാണ്ഡങ്ങള്‍ കൂടുതൽ മാവ് നല്‌കുന്നു. കൂടാതെ നേരിയ കയ്‌പുരസത്തോടുകൂടിയ ഭൂകാണ്ഡമുള്ള ഒരിനവും, കുഴിക്കൂവ എന്ന പേരിൽ വളരെ വിരളമായി കാണാറുള്ളതും വളരെയേറെ ഔഷധഗുണമുള്ളതുമായ മറ്റൊരിനവുമുണ്ട്. മണ്ണും ഭൂപ്രകൃതിയും. പശിമ കുറഞ്ഞതും നീർവാർച്ചയുള്ളതുമായ മണ്ണാണ് ഏറ്റവും ഉത്തമം. അല്‌പം തണൽ നല്ലതാണ്. അതിനാൽ മറ്റു മരങ്ങളുടെ ഇടവിളയായും കൃഷി ചെയ്യാം.
കൃഷിരീതി. ഭൂകാണ്ഡങ്ങള്‍ 4 മുതൽ 7 വരെ സെ.മീ. നീളത്തിൽ മുറിച്ചു നട്ട് ചെടികള്‍ ഉണ്ടാക്കുന്നു. 7 സെ.മീ. താഴ്‌ചയുള്ള കുഴികളിൽ വളവും ഇളകിയ മണ്ണും നിറച്ച് നടണം. രണ്ടു ചെടികള്‍ തമ്മിൽ 15 സെ.മീ. അകലം ഉണ്ടായിരിക്കണം. നല്ല മുളകള്‍ ഉണ്ടാകുന്നതിനായി നടുന്നതിനു മുമ്പായി ഭൂകാണ്ഡങ്ങള്‍ക്ക് പുക കയറ്റുന്ന പതിവുണ്ട്. വർഷകാലാരംഭത്തിൽ ആണ് നടേണ്ടത്. രണ്ടാഴ്‌ചയ്‌ക്കകം ചെടികള്‍ വളർന്ന് നിരക്കുന്നു. വളർച്ചയുടെ ആദ്യകാലങ്ങളിൽ നനയ്‌ക്കുന്നത് നല്ലതാണ്. എന്നാൽ വിളവെടുപ്പിന് രണ്ടുമാസം മുമ്പ് നനയ്‌ക്കൽ നിർത്തുകയും വേണം. ചെടികള്‍ പുഷ്‌പിച്ചാൽ ഉടനടി പൂക്കള്‍ നീക്കം ചെയ്യണം.
വിളവെടുപ്പ്. 10-11 മാസംകൊണ്ട് വളർച്ച പൂർത്തിയാകുന്നു. ഇലകള്‍ പഴുത്തുണങ്ങി കൊഴിയുമ്പോള്‍ വിളവെടുക്കാം. മണ്ണ് താഴ്‌ത്തി ഇളക്കിയോ, ഉഴുതോ വിള ശേഖരിക്കാം.
ഭൂകാണ്ഡങ്ങള്‍ക്ക് ശരാശരി 2.5 സെ.മീ. കനവും 20-45 സെ.മീ. നീളവും ഉണ്ടായിരിക്കും. കനം തീരെ കുറഞ്ഞ ഭൂകാണ്ഡങ്ങളും കാണ്ഡത്തിന്റെ അഗ്രഭാഗങ്ങളും നടുന്നതിനുപയോഗിക്കാം.
സംസ്‌കരണം. വിളവിന്റെ ഏറിയപങ്കും കൂവമാവു നിർമാണത്തിനുപയോഗിക്കുന്നു. മറ്റു കിഴങ്ങുവർഗങ്ങള്‍ ഉപയോഗിക്കുന്നമാതിരി പുഴുങ്ങി ആഹാരമായും ഉപയോഗിക്കാം. കൂവമാവ് ശിശുക്കള്‍ക്കും ഉദരരോഗികള്‍ക്കും ആഹാരമെന്നതിലുപരി ഔഷധം കൂടിയാണ്. കൂവമാവിന് മറ്റു പല വിശിഷ്‌ട ഗുണങ്ങളും ഉണ്ട്.
കൂവമാവു നിർമാണം. കാണ്ഡങ്ങളുടെ അഗ്രഭാഗത്ത് മാവ് കുറവാണ്. അവ മുറിച്ചു മാറ്റുന്നു. നന്നായി കഴുകി പാട മാതിരിയുള്ള പുറംതൊലി നീക്കം ചെയ്യുന്നു. പിന്നീട് വിവിധതരത്തിലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് അരച്ചെടുത്ത്, ധാരാളം വെള്ളവും കൂടി കലർത്തി തുണി ഉപയോഗിച്ച് അരിച്ചെടുക്കുന്നു. പാൽമാതിരിയുള്ള വെള്ളം മിനുസമുള്ള തൊട്ടികളിൽ നിശ്ചലമാക്കി വയ്‌ക്കുന്നു. മാവ് ചുവട്ടിൽ അടിയും. വെള്ളം മാറ്റിയശേഷം വീണ്ടും ലായനി രൂപത്തിലാക്കി തുണിയിൽക്കൂടി അരിച്ചെടുക്കുന്നു. ഈ പ്രക്രിയ പലവട്ടം ആവർത്തിക്കണം. അനന്തരം മാവു നന്നായി ഉണക്കി സൂക്ഷിക്കുന്നു. അരിച്ചെടുക്കുന്ന ഭൂകാണ്ഡത്തിൽനിന്നും 15 ശതമാനം മാവുവരെ ലഭിക്കുന്നു. ഇതിലെ മുഖ്യഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്. ജലം 63.4 ശതമാനം, മാംസ്യം (പ്രാട്ടീന്‍) 1.6 ശതമാനം, കൊഴുപ്പ് 0.2 ശതമാനം, അന്നജം 27.8 ശതമാനം, പഞ്ചസാര 2.1 ശതമാനം, നാരുകള്‍ 3.9 ശതമാനം ലവണങ്ങള്‍ 0.9 ശതമാനം.
കൂവക്കിഴങ്ങിൽനിന്ന് ലഭിക്കുന്ന അന്നജം വേഗം ദഹിക്കുന്നതും ശുദ്ധരൂപത്തിലുള്ളതുമാണ്. പോഷകസമ്പന്നമായ കൂവപ്പൊടി പാലും പഞ്ചസാരയും ഏലക്കായും ചേർത്ത് കുറുക്കിയുണ്ടാക്കുന്ന കഞ്ഞി ശിശുക്കള്‍ക്കും രോഗവിമുക്തി നേടി വരുന്നവർക്കും ഉത്തമാഹാരമാണ്. ബാർലിക്കു പകരമായും കൂവപ്പൊടി കുറുക്കി ഉപയോഗിക്കാറുണ്ട്. അതിസാരം, മൂത്രക്കുറവ്, വാതം, പിത്തം, അതിദാഹം, ക്ഷയം, ജ്വരം എന്നീ രോഗങ്ങളുടെ ശമനത്തിന് കൂവപ്പൊടി നല്ലതാണ്.
(ഡോ. എസ്. രാമചന്ദ്രന്‍ നായർ)