This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുർച്ചതോവ്‌, ഇഗർ വാസിലേവിച്ച്‌ (1903 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുർച്ചതോവ്‌, ഇഗർ വാസിലേവിച്ച്‌ (1903 - 60) == == Kurchatov, Igor Vasilyevich == റഷ്യന്‍ ...)
അടുത്ത വ്യത്യാസം →

12:28, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുർച്ചതോവ്‌, ഇഗർ വാസിലേവിച്ച്‌ (1903 - 60)

Kurchatov, Igor Vasilyevich

റഷ്യന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1903 ജനു. 12-ന്‌ തെക്കന്‍ യൂറാലിലെ സിം (Sim) പട്ടണത്തിൽ ജനിച്ചു. 1923-ൽ ക്രിമിയന്‍ സർവകലാശാലയുടെ ഭൗതിക-ഗണിതശാസ്‌ത്രവിഭാഗത്തിൽ നിന്ന്‌ ബിരുദം നേടിയശേഷം 1924-25 കാലയളവിൽ അസെർബെയ്‌ജാന്‍ പോളിടെക്‌നിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭൗതികശാസ്‌ത്രവിഭാഗത്തിൽ അസിസ്റ്റന്റായി സേവനമനുഷ്‌ഠിച്ചു. 1925-ൽ എ.എഫ്‌. ഇയോഫിന്റെ കീഴിൽ ലെനിന്‍ഗ്രാഡ്‌ ഫിസിക്കൽ ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കുകയും 1943-ൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി നിയമിക്കപ്പെടുകയും ചെയ്‌തു. 1960-നുശേഷം ഈ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഐ.വി. കുർച്ചതോവ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അറ്റോമിക്‌ എനർജി എന്ന പേരിലറിയപ്പെടുന്നു. 1946-60 വരെ യു.എസ്‌.എസ്‌.ആർ. അക്കാദമി ഒഫ്‌ സയന്‍സ്‌ പ്രസീഡിയത്തിലെ ഒരംഗവും ആയിരുന്നു കുർച്ചതോവ്‌.

ശാസ്‌ത്രഗവേഷണങ്ങളുടെ ആദ്യകാലങ്ങളിൽ "റോഷലി സാള്‍ട്ടി'ന്റെ വൈദ്യുത ഗുണധർമങ്ങളെക്കുറിച്ച്‌ കുർച്ചതോവ്‌ നടത്തിയ പഠനങ്ങള്‍ ഫെറോ ഇലക്‌ട്രിസിറ്റി എന്ന നൂതന ശാസ്‌ത്രശാഖയ്‌ക്ക്‌ പ്രാരംഭം കുറിച്ചു. 1933 മുതൽ ന്യൂക്ലിയർ ഭൗതികത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും 1935-ൽ സഹപ്രവർത്തകരുമൊത്ത്‌ കൃത്രിമ റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പുകളിലെ അണുകേന്ദ്ര സമാവയവത (Nuclear isomerism)എന്ന പ്രതിഭാസം കണ്ടുപിടിക്കുകയും ചെയ്‌തു. ന്യൂട്രാണുകളുടെ അനുനാദ-അവശോഷണത്തെക്കുറിച്ചും ഹൈഡ്രജനുമായുള്ള ഇവയുടെ അന്യോന്യക്രിയയെക്കുറിച്ചും ഇദ്ദേഹം നടത്തിയ പഠനങ്ങളാണ്‌ ന്യൂക്ലിയർ ഭൗതികത്തിന്‌ നല്‌കിയ ഏറ്റവും മഹത്തായ സംഭാവന. 1940-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പെട്ര്‌ഷാക്കും (Petrzhak) ഫ്‌ളെറോവും(Flerov) ചേർന്ന്‌ യുറേനിയത്തിന്റെ സ്വതഃവിഖണ്ഡനം കണ്ടുപിടിച്ചു.

മോസ്‌കോയിൽ സ്ഥാപിതമായ (1944) ആദ്യത്തെ സൈക്ലോട്രാണ്‍, യൂറോപ്പിലെ ആദ്യത്തെ അണുറിയാക്‌റ്റർ എന്നിവ സ്ഥാപിക്കുന്നതിനുവേണ്ട മാർഗനിർദേശങ്ങള്‍ നല്‌കിയത്‌ കുർച്ചതോവ്‌ ആയിരുന്നു. സോവിയറ്റ്‌ ആറ്റംബോംബിന്റെ നിർമാണത്തിനും (1949), ആദ്യത്തെ തെർമോ ന്യൂക്ലിയർ ബോംബു നിർമാണത്തിനും (1953) ഇദ്ദേഹം നേതൃത്വം നല്‌കി; ആദ്യത്തെ ഇന്‍ഡസ്റ്റ്രിയൽ അറ്റോമിക്‌ പവർപ്ലാന്റ്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിതമായത്‌.

1957-ൽ ലെനിന്‍പ്രസിനും അഞ്ച്‌ തവണ യു.എസ്‌.എസ്‌.ആറിന്റെ സ്റ്റേറ്റ്‌ പ്രസിനും ഇദ്ദേഹം അർഹനായി. ആവർത്തനപ്പട്ടികയിലെ 104-ാമത്തെ മൂലകം ഇദ്ദേഹത്തിന്റെ നാമധേയത്തിൽ "കുർച്ചതോവിയം' എന്നറിയപ്പെടുന്നു. 1960 ഫെ. 7-ന്‌ മോസ്‌കോയിൽ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍