This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരലടപ്പന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുരലടപ്പന്‍ == == Hemorrhagic Septicemia == ഒരു കാലിരോഗം; "ഹീമോറേജിക് സെപ്‌റ്...)
അടുത്ത വ്യത്യാസം →
12:00, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുരലടപ്പന്‍
Hemorrhagic Septicemia
ഒരു കാലിരോഗം; "ഹീമോറേജിക് സെപ്‌റ്റിസീമിയാ' (എച്ച്.എസ്.) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. പാസ്‌ചുറെല്ലാ മള്‍ട്ടോസിഡാ എന്ന ബാക്‌റ്റീരിയയാണ് രോഗകാരികള്‍. ഇവ ആരോഗ്യമുള്ള കന്നുകാലികളിൽ നിരുപദ്രവികളായി കഴിഞ്ഞുകൂടാറുണ്ട്. രോഗാണു സംക്രമണം രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ നടന്നിരിക്കും. കന്നുകാലികളുടെ തൊണ്ടയിലും ശ്വസനവ്യൂഹത്തിന്റെ മുകള്‍ഭാഗങ്ങളിലുമാണ് അണുക്കള്‍ പറ്റി നില്‌ക്കാറുള്ളത്. ഇങ്ങനെ രോഗാണുക്കളെ വഹിക്കുന്ന കന്നുകാലികള്‍ ചില പ്രതികൂലസാഹചര്യങ്ങള്‍ക്കു വിധേയരാവുകയും തദ്ദ്വാരാ അവയുടെ പ്രതിരോധശക്തി കുറയുകയും ചെയ്യുമ്പോള്‍ അതുവരെ നിരുപദ്രവികളായിക്കഴിഞ്ഞിരുന്ന അണുക്കള്‍ വന്‍തോതിൽ പെരുകി ആക്രമണകാരികളായിത്തീരുന്നു. നനവും ചൂടുമുള്ള കാലാവസ്ഥയിൽ രോഗപ്പകർച്ച കൂടുതലായി കണ്ടുവരുന്നു. രോഗം ബാധിച്ച കന്നുകാലികളുടെ ഉമിനീർ, വിസർജ്യങ്ങള്‍ എന്നിവയിൽ അണുക്കള്‍ ഉണ്ടായിരിക്കുകയും അത്തരം വസ്‌തുക്കള്‍മൂലം മലീമസമായ തീറ്റ, വെള്ളം എന്നിവവഴി രോഗാണുക്കള്‍ പകരുകയും ചെയ്യുന്നു. രോഗമുള്ള മൃഗത്തിന്റെ ചുമ, ചീറ്റൽ എന്നിവ നിമിത്തം രോഗപ്പകർച്ചയുണ്ടാകാം.
ഇന്‍കുബേഷന്‍ കാലം രണ്ടു മുതൽ അഞ്ചു ദിവസംവരെയാണ്. അതി തീവ്രമായ കുരലടപ്പന്‍ രോഗത്തിൽ ശക്തിയായ പനി, ദ്രുതഗതിയിലുള്ള നാഡിമിടിപ്പ്, ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം, തീറ്റയിൽ വിരക്തി, കറവയുള്ള പശുവിനു പാൽവറ്റൽ, പരിഭ്രാന്തി, വിറയൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ് എന്നീ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. അതിതീവ്രമായ കുരലടപ്പന്‍ രോഗം മാരകമാണ്. ഉപതീവ്രമായ കുരലടപ്പന്‍രോഗത്തിൽ തൊണ്ട, നാക്ക്, നെഞ്ചിന്റെ അധോഭാഗം എന്നിവിടങ്ങളിൽ നീരുവീക്കം ഉണ്ടായിരിക്കും. കന്നുകുട്ടികളിൽ തല മുഴുവന്‍ നീര് വന്നു വീർക്കാറുണ്ട്. ഉമിനീർ ഒഴുക്കൽ, ശ്വസനതടസ്സം എന്നിവ പ്രകടമാവുകയും ശ്വാസതടസ്സംമൂലം 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.
മറ്റൊരിനം കുരലടപ്പന്‍ രോഗം "കപ്പൽജ്വരം' (ഷിപ്പിങ് ഫീവർ) എന്ന പേരിൽ അറിയപ്പെടുന്നു. പനി, ശ്വസന തടസ്സം, ചുമ എന്നീ ലക്ഷണങ്ങളോടുകൂടി ദീർഘകാലം തുടരുന്നതാണ് ഈ രോഗം. രക്തപരിശോധന രോഗനിർണയത്തിന് സഹായകമാണ്. ഇതിനു സള്‍ഫാമെസത്തിന്‍ 33.3 ശതമാനം നല്ല ഒരു ഔഷധമാണ്. ടെറാമൈസിന്‍, ഓറിയോമൈസിന്‍ മുതലായ ആന്റിബയോട്ടിക്കുകളിൽ ഏതെങ്കിലും ഒന്നിന്റെ കുത്തിവയ്‌പും ഫലപ്രദമായ പ്രതിവിധിയാണ്.
രോഗപ്പകർച്ചയ്‌ക്ക് സാധ്യതയുള്ള കാലത്തിനോടടുപ്പിച്ച് രോഗപ്രതിരോധകുത്തിവയ്‌പ് നടത്തേണ്ടതാണ്. താഴെപ്പറയുന്ന വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് ആയതിന് ഉപയോഗിക്കാം. 1. ബ്രാത്ത് വാക്‌സിന്‍-10 മില്ലിലിറ്റർ ത്വക്കിനടിയിൽ കുത്തിവച്ചാൽ രണ്ടുമാസത്തോളം പ്രതിരോധശക്തി പ്രദാനം ചെയ്യും. 2. ആലം പ്രസിപ്പിറ്റേറ്റഡ് വാക്‌സിന്‍-ഇതും 10 മില്ലിലിറ്റർ ത്വക്കിനടിയിൽ കുത്തിവയ്‌ക്കണം. ആറുമാസം മുതൽ ഒരു വർഷം വരെ പ്രതിരോധശക്തി ഉണ്ടായിരിക്കും. 3. ഓയിൽ അഡ്‌ജുവന്റ് വാക്‌സിന്‍-3 മില്ലിലിറ്റർ പേശിയിൽ ആഴത്തിൽ കുത്തിവയ്‌ക്കണം. ഉദ്ദേശം ഒരു വർഷത്തോളം രോഗപ്രതിരോധശക്തി നിലനില്‌ക്കും. മറ്റു സാംക്രമികരോഗങ്ങളുടെ നിവാരണമാർഗങ്ങള്‍ തന്നെ ഇതിനും അവലംബിക്കേണ്ടതാണ്.
(ഡോ. ബി.ആർ. കൃഷ്‌ണന്‍ നായർ)