This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഫ്രിക്കന്‍ സാഹിത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→സാഹിത്യം പാശ്ചാത്യ ഭാഷകളിൽ) |
Mksol (സംവാദം | സംഭാവനകള്‍) (→സാഹിത്യം പാശ്ചാത്യ ഭാഷകളിൽ) |
||
വരി 143: | വരി 143: | ||
[[ചിത്രം:Vol3p64_Wole Soyinka.jpg|center|thumb|വോളെ സോയിങ്ക]] | [[ചിത്രം:Vol3p64_Wole Soyinka.jpg|center|thumb|വോളെ സോയിങ്ക]] | ||
- | [[ചിത്രം:Vol3p64_KamaraLaye.jpg | + | [[ചിത്രം:Vol3p64_KamaraLaye.jpg|thumb|കമറാലായെ]] |
[[ചിത്രം:Vol3p64_Mogombetti.jpg|thumb|മൊംഗൊ ബെട്ടി]] | [[ചിത്രം:Vol3p64_Mogombetti.jpg|thumb|മൊംഗൊ ബെട്ടി]] |
06:37, 5 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ആഫ്രിക്കന്‍ സാഹിത്യം
African Literature
ആധുനികഭാഷാശാസ്‌ത്രജ്ഞർ ആഫ്രിക്കന്‍ ഭാഷകളുടെ എച്ചം 800 ആണെന്നു കണക്കാക്കുന്നു. മെഡിറ്ററേനിയന്‍ പ്രദേശത്ത് സംസാരിക്കപ്പെടുന്ന സോമാലിയും അറബിയും അംഹാരിക്കും ഇതിൽപ്പെടുന്നില്ല. സഹാറ മരുഭൂമിക്കു തെക്കുവശത്തുള്ള ഭൂപ്രദേശങ്ങളിലെ ഭാഷകളെയാണ് പൊതുവേ ആഫ്രിക്കന്‍ഭാഷകളായി കരുതുന്നത്. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കാന്‍സും മറ്റു രാജ്യങ്ങളിൽ യൂറോപ്യന്‍ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർത്തുഗീസ്, സ്‌പാനിഷ് എന്നിവയും പ്രചാരത്തിലുണ്ട്. പാശ്ചാത്യഭാഷകളിലും അന്‍പതിലേറെ വിഭിന്നങ്ങളായ ദേശ്യഭാഷകളിലും രചിക്കപ്പെട്ട കൃതികള്‍ ആഫ്രിക്കന്‍ സാഹിത്യത്തിൽ ഉള്‍പ്പെടുന്നു. നിരവധി ആഫ്രിക്കന്‍ ഭാഷകളിൽ അന്വേഷകനായ ഒരാള്‍ക്ക് പ്രാവീണ്യം നേടാന്‍ കഴിയില്ലെന്നുള്ളതും മതിയായ പരിഭാഷകളുടെ അഭാവവും ആഫ്രിക്കന്‍ ഭാഷാസാഹിത്യങ്ങളെക്കുറിച്ചുള്ള പഠനം ദുഷ്‌കരമാക്കുന്നു.
വായ്‌മൊഴി സാഹിത്യം
വായ്‌മൊഴി സാഹിത്യം. പരമ്പരാഗതകവിതകളും ഗാനങ്ങളും പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും നാടോടിക്കഥകളും മന്ത്രതന്ത്രങ്ങളും നാട്ടുചരിത്രവുംകൊണ്ടു സമ്പുഷ്‌ടമാണ് ആഫ്രിക്കന്‍ വായ്‌മൊഴി സാഹിത്യം. അച്ചടിക്കപ്പെട്ടിട്ടില്ലാത്ത ഇത്തരം സാഹിത്യരചനകളെക്കുറിച്ച് വേണ്ടത്ര അറിവ് നേടുക എളുപ്പമല്ല. അറബി, റോമന്‍ ലിപികളിൽ ലിപ്യന്തരണം നടത്തി പ്രസിദ്ധീകരിച്ചിട്ടുള്ള ചുരുക്കം ചില രചനകളാണ് ബാഹ്യലോകത്തിന് ഈ സാഹിത്യവിഭാഗത്തെപ്പറ്റി അറിവു പകരുന്നത്. ഒരു നടന്‍ വായ്‌മൊഴിയാൽ അവതരിപ്പിക്കുന്നതാണെങ്കിലും ഇത്തരം സാഹിത്യരൂപം വേദിയിൽ പൂർണസാഫല്യം നേടുന്നു. നടന്റെ അവതരണശൈലിയും പാടവവും വ്യതിയാനങ്ങള്‍ക്കു വിധേയമാണ്. എഴുതപ്പെട്ട ഒരു സാഹിത്യകൃതി അനുവാചകനിൽ ഉണ്ടാക്കുന്ന ആസ്വാദനവും വായ്‌മൊഴി സാഹിത്യത്തിന് സാക്ഷ്യം വഹിക്കുന്ന കാഴ്‌ചക്കാരന്റെ അനുഭൂതിയും വ്യത്യസ്‌തമാണ്. വേദിയിൽ അവതരിപ്പിക്കുന്നതുകൊണ്ട് കലാകാരനും കാണികളും തമ്മിൽ ഉത്തമബന്ധം ഉണ്ടാകുന്നു.
യോറുബ്, സുലു, ഷോനാ, ഹാഉസാ, ഫുലാനി, ഇഗ്‌ബോ, ബെംബ, എഫിക്, ഗാന്‍ഡ, ലോസി, ലിന്‍ഗാല തുടങ്ങിയ ഭാഷകളിൽ വായ്‌മൊഴി സാഹിത്യം പ്രബലമായിരുന്നു. വീരഗാഥകളും നാടോടിക്കഥകളും ചരിത്രസംഭവങ്ങളും വായ്‌മൊഴിസാഹിത്യത്തിന്റെ പ്രത്യേകതകളാണ്. ഏറ്റവുമധികം വായ്‌മൊഴിക്കവിതകള്‍ യോറുബ ഭാഷയിലാണുള്ളത്. വിശേഷദിനങ്ങളിൽ ഇപ്പോഴും യോറുബന്‍ വംശജർ "സംസാരിക്കുന്ന പെരുമ്പറ' (ഡുണ്‍ഡുണ്‍)യുടെ അകമ്പടിയോടെ പരമ്പരാഗതകവിതകള്‍ ആവേശത്തോടെ ആലപിക്കുന്നു. സാമൂഹികവും ആചാരപരവുമാണ് യോറുബന്‍ വായ്‌മൊഴി കവിതകള്‍. സമൂഹത്തെ ഒന്നായി കാണുവാനുള്ള വ്യഗ്രത യോറുബന്‍ കവിതകളിൽ പ്രകടമാണ്.
പശ്ചിമാഫ്രിക്കയിലെ ഉത്തര നൈജീരിയന്‍ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഫുലാനിഭാഷയ്‌ക്ക് ഐതിഹ്യങ്ങള്‍, ഇതിഹാസ കഥകള്‍, ചരിത്രസംഭവങ്ങള്‍ എന്നിവയടങ്ങുന്ന വായ്‌മൊഴി സാഹിത്യമാണുള്ളത്. നേതാക്കളെ പ്രകീർത്തിക്കുന്ന ഗാനങ്ങള്‍, പ്രമഗീതങ്ങള്‍, കന്നുകാലികളെ വാഴ്‌ത്തുന്ന ഗാനങ്ങള്‍ തുടങ്ങി ആനുകാലിക സംഭവങ്ങള്‍ വരെ ഫുലാനി വായ്‌മൊഴിക്കവിതകള്‍ക്കു വിഷയങ്ങളാണ്. ഹാഉസാഭാഷയ്‌ക്ക് സമ്പുഷ്‌ടമായ വായ്‌മൊഴിസാഹിത്യമാണുള്ളത്. മൃഗങ്ങള്‍ കഥാപാത്രങ്ങളായുള്ള കഥകളും ചരിത്രസംഭവവിവരണങ്ങളും കെട്ടുകഥകളുമൊക്കെ ഹാഉസാപാരമ്പര്യത്തിന്റെ പ്രത്യേകതകളാണ്. "വാക്' എന്ന പേരിൽ അറിയപ്പെടുന്ന ഹാഉസാ കാവ്യശാഖയ്‌ക്കു പഴമയുടെ പ്രശസ്‌തമായൊരു ചരിത്രം തന്നെയുണ്ട്. "മവാക' എന്ന പേരിൽ അറിയപ്പെടുന്ന കവികള്‍ താളവാദ്യങ്ങള്‍ക്കൊത്ത് കവിതകള്‍ സദസ്യരുടെ മുമ്പിൽ ആലപിക്കുന്നു. മഹാന്മാരുടെ ചെയ്‌തികളും യോദ്ധാക്കളുടെ വീരകൃത്യങ്ങളും കാവ്യവിഷയങ്ങളാണ്. വായ്‌മൊഴിക്കവിതകള്‍ക്ക് അകമ്പടി നല്‌കുന്ന സംഗീതഉപകരണമാണ് "കലങ്‌ഗു'. മനുഷ്യ ശബ്‌ദത്തിന്റെ സ്വരഭേദങ്ങളെ അനുകരിക്കാന്‍ കഴിവുള്ള ഈ വാദ്യോപകരണത്തിനുപുറമേ "മോളൊ', "ഗരയ' എന്നിവയും കാവ്യപാരായണവേളകളിൽ ഉപയോഗിക്കപ്പെടുന്നു.
ഭാഷാസാഹിത്യങ്ങള്‍
ഭാഷാസാഹിത്യങ്ങള്‍. കൊളോണിയൽ വാഴ്‌ചക്കാലത്ത് മിഷനറിമാരുടെ ആഗമനത്തോടെ വിവിധ ആഫ്രിക്കന്‍ ഭാഷകളിൽ സാഹിത്യകൃതികള്‍ അച്ചടിക്കപ്പെട്ടു തുടങ്ങി. "ആഫ്രിക്കന്‍ കാടത്തത്തെ' പുച്ഛിച്ചു തള്ളിയിരുന്ന പാശ്ചാത്യർ പ്രാദേശിക ഭാഷകളിലെ രചനകളിൽ അദ്‌ഭുതം കൂറി. വേണ്ടത്ര പരിഭാഷകള്‍ ലഭ്യമല്ലാത്തതുകൊണ്ട് ആഫ്രിക്കന്‍ ഭാഷാസാഹിത്യത്തെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമത്ര. പശ്ചിമാഫ്രിക്കന്‍ ഭാഷകളായ ഹാഉസാ, ഫുലാനി, വൊലുഫ്, യോറുബ, ഇഗ്‌ബോ, കിഴക്കനാഫ്രിക്കന്‍ ഭാഷകളായ സുലു, എക്‌സോസ, ആഫ്രിക്കാന്‍സ് എന്നിവയിലും മലഗാസിയിലും ശ്രദ്ധേയമായ സാഹിത്യകൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
സ്വാഹിലി
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനുപുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ഭാഷയാണ് സ്വാഹിലി. ഒരു പ്രത്യേക ജനവർഗത്തിന്റെയും ഭാഷയല്ലിത്. ആഫ്രിക്കയുടെ കിഴക്കന്‍തീരത്ത് വ്യാവസായികാവശ്യങ്ങള്‍ക്കായി ഒത്തുചേർന്ന വിഭിന്നരായ ആള്‍ക്കാരാണ് ഈ ഭാഷയ്‌ക്കു ജന്മം നല്‌കിയത്. ഇതര ആഫ്രിക്കന്‍ ഭാഷകളിലെയും വൈദേശികഭാഷകളിലെയും പദസമ്പത്തിൽ നിന്നും സ്വാഹിലി കടംകൊണ്ടിട്ടുണ്ട്. ഇഗ്ലീഷ് ഭാഷയുടെ അനായാസതയോടു കിടപിടിക്കാന്‍ സ്വാഹിലിക്കു കഴിയുമെന്നു വിശ്വസിക്കപ്പെടുന്നു. താന്‍സാനിയ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ ദേശീയഭാഷയായി സ്വാഹിലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. വളരെ പഴക്കം ചെന്ന ഈ ഭാഷയ്‌ക്ക് വിപുലമായ സാഹിത്യമുണ്ടെങ്കിലും ഇതര ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതികള്‍ ചുരുക്കമാണ്. 17-ാം ശ.-ത്തിന്റെ അവസാനഘട്ടത്തിൽ പോർത്തുഗീസ് ആധിപത്യം ക്ഷയിക്കുകയും അറബിരാഷ്‌ട്രമായ ഒമാന്റെ സ്വാധീനം വർധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കിഴക്കനാഫ്രിക്കയിൽ സ്വാഹിലി സാഹിത്യം രൂപം കൊണ്ടത്. സയ്യിദ് ഐദാറുസി ബി. അഫുമാനി രചിച്ച "ഹാംസിയ' സ്വാഹിലിയിലെ ഏറ്റവും പഴക്കംചെന്ന കവിതയായി കരുതപ്പെടുന്നു. മുഹമ്മദ് നബിയുടെ ജീവിതം ആഖ്യാനം ചെയ്യുന്നതാണ് ഈ കവിത. 1728-ൽ മ് വെംഗോബിന്‍ അഫുമാനി രചിച്ച "ചുചതംബുക' എന്ന കവിതയുടെ കയ്യെഴുത്തു പ്രതിയാണ് സ്വാഹിലിയിലെ ഏറ്റവും പഴയ സാഹിത്യരേഖയായി അവശേഷിക്കുന്നത്. 18-ാം ശ.-ത്തിൽ അബുബകാരി രചിച്ച ഉടെന്‍സി വ കതിരിഫ്യു എന്ന കവിതയിൽ കാല്‌പനികത നിഴലിച്ചു കാണാം. 1720-1820 കാലയളവിൽ ജീവിച്ചിരുന്ന സയ്യിദ് അബ്‌ദുള്ള ബി. നസിർ 18-ാം ശ.-ത്തിലെ പ്രമുഖരിൽ പ്രത്യേകം ശ്രദ്ധേയനാണ്. 19-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന മുയാക ബിന്‍ ഹാജി അൽഗസനി (1776-1840) സ്വാഹിലിയിലെ പ്രഥമ രാഷ്‌ട്രീയ കവിയായി കരുതപ്പെടുന്നു. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഇദ്ദേഹം ദേശീയകവിയെന്ന ബഹുമതി നേടി. ഷെയ്‌ഖ് മുഹായിൽ ദിന്‍ (1789-1869), ഉമർബിന്‍ അമിന്‍ (1798-1870) എന്നിവരുടെ കവിതകള്‍ ഇസ്‌ലാമിക ദർശനം ഉദ്‌ഘോഷിക്കുന്നു. ഉടെന്‍സി വമ് വാന ഹസീന നു റഷീദ വലി, ഉടെന്‍സി വ അൽ-അകിഡ എന്നീ കവിതകള്‍ മതേതരസ്വഭാവത്തെ പ്രകീർത്തിക്കുന്നു. ഇവ രചിച്ച അബ്‌ദല്ലാബി മസൂദ് (1799-1894) ശ്രദ്ധേയനായ മറ്റൊരു കവിയാണ്. 19-ാം ശ.-ത്തിലെ സ്‌ത്രീകളുടെ ജീവിതപശ്ചാത്തലം വിഷയമാക്കി കവിത രചിച്ച മ്‌വാന കുപോന ബിന്‍ തിമ്‌ഷാ (1810-60)യാണ് സ്വാഹിലി സാഹിത്യരംഗത്തെ പ്രഥമകവയിത്രി. ഇസ്‌ലാമിക പാരമ്പര്യത്തിന്റെ സ്വാധീനം സ്വാഹിലി കവിതകളിൽ 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലും മുന്നിട്ടുനിന്നു.
19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ കിഴക്കനാഫ്രിക്കയിൽ എത്തിച്ചേർന്ന ജർമന്‍കാരും ബ്രിട്ടിഷുകാരുമായ മതപ്രചാരകർ സ്വാഹിലി സാഹിത്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചു. കയ്യെഴുത്തു പ്രതികള്‍ കണ്ടെത്തുന്നതിലും നാടോടിക്കഥകളും മറ്റും ശേഖരിക്കുന്നതിലും ജർമന്‍-ഇംഗ്ലീഷ് ഭാഷകളിലേക്ക് അവ പരിഭാഷപ്പെടുത്തുന്നതിലും ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ലുദ്‌വിഗ്‌ക്രാപ്‌ഫ്, എഡ്‌വേർഡ്‌സ്റ്റിയർ, കാള്‍ബട്ട്‌ളർ, കാള്‍മെയ്‌ന്‍ഹോഫ്, കാള്‍വെൽറ്റണ്‍, ആലീസ് വെർണർ, ഡബ്ല്യു. ഇ. റ്റെയ്‌ലർ, വില്യം ഹിച്ചന്‍സ്, റോളണ്ട് അല്ലന്‍ എന്നിങ്ങനെ അനേകം പണ്ഡിതന്മാർ ഈ യജ്ഞത്തിൽ പങ്കാളികളായിരുന്നു. സ്വാഹിലി സാഹിത്യകാരന്മാരും ഇവർക്കു വേണ്ട സഹായസഹകരണങ്ങള്‍ നല്‌കി. മിക്ക കയ്യെഴുത്തു പ്രതികളുടെയും അവകാശികളെ കണ്ടെത്താനും തീയതി നിശ്ചയിക്കാനുമാകാത്ത സാഹചര്യത്തിൽ സ്വാഹിലി സാഹിത്യചരിത്രത്തിലേക്കു വേണ്ടത്ര വെളിച്ചം വീശാന്‍ ഇനിയും സാധിച്ചിട്ടില്ല.
കിഴക്കനാഫ്രിക്കയിൽ യൂറോപ്യന്‍ സ്വാധീനത്തിനെതിരെ ഇസ്‌ലാമിക സമൂഹം പടുത്തുയർത്തിയ പ്രതിരോധം പരമ്പരാഗത സ്വാഹിലി സാഹിത്യത്തിന്റെ 20-ാം ശ.-ത്തിലേക്കുള്ള പ്രയാണം സുഗമമാക്കി. അബ്‌ദല്ലാ ബി സയ്യിദ് അൽ ബുഹ്‌റിയുടെ ആഖ്യാനകാവ്യങ്ങള്‍ ഇസ്‌ലാമിക പാരമ്പര്യത്തിലധിഷ്‌ഠിതമാണ്. 1905-ലെ ആഭ്യന്തരകലാപം ചിത്രീകരിച്ച അബ്‌ദുള്‍ കരിം ബിന്‍ ജമാലിദ്ദിനിയെ അനുകരിച്ച് പല പില്‌ക്കാല ആഖ്യാനകവിതകളും രചിക്കപ്പെട്ടു.
20-ാം ശ.-ത്തിന്റെ തുടക്കത്തിൽ ബ്രിട്ടന്റെയും ജർമനിയുടെയും മേൽനോട്ടത്തിൽ സ്വാഹിലി ഭാഷ പ്രചാരത്തിലുള്ള പ്രദേശങ്ങള്‍ വേർതിരിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സാഹിത്യരചന നടത്തിയ പ്രമുഖകവിയാണ് മൊഹമ്മദ് ജാംബെയ്‌ന്‍ അൽ-ബകാരി. 1940-ൽ അന്തരിച്ച മുഹമ്മദ് കിജിംവയാണ് ക്രിസ്‌തുമതം സ്വീകരിച്ച പ്രഥമ സ്വാഹിലി സാഹിത്യകാരന്‍. സ്വാഹിലി സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‌കിയ ഇദ്ദേഹം യൂറോപ്യന്‍ പണ്ഡിതന്മാരുമായി സഹകരിച്ചു പ്രവർത്തിച്ചു. നാടന്‍പാട്ടുകളിൽ അധിഷ്‌ഠിതമായ ഉടെന്‍ഡി വ ലിയോംഗൊ ക്രിസ്‌തീയഗ്രന്ഥമായ നസറ വ അരബ് യാത്രകളെ അനുസ്‌മരിക്കുന്ന വ സഫരി ഉടെന്‍ഡി എന്നിവ കിജിംവയുടെ പ്രശസ്‌ത കൃതികളാണ്. ക്ലാസിക്കൽ സ്വാഹിലി സാഹിത്യത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും യൂറോപ്യന്‍ പണ്ഡിതന്മാരോടൊപ്പം പ്രയത്‌നിച്ച ഹാജിചും ഉടെന്‍സി വ വിത വ്യാ ഉഹുദ് എന്ന കവിതയിൽ ഭൗതികമായ കീഴടങ്ങൽ ആങ്ങീയ വിജയത്തിലേക്കുള്ള പാതയാണെന്ന് ഉദ്‌ഘോഷിക്കുന്നു.
സ്വാഹിലിസാഹിത്യത്തിന്റെ ആധുനികവത്‌കരണത്തിനു തുടക്കം കുറിച്ചത് ജർമന്‍ ആധിപത്യത്തിലായിരുന്ന താങ്കനിക്യയിലാണ്. ഷെയ്‌ഖ് അലി ഹമീദ് രചിച്ച ഹബാരിസമുമാ എന്ന ചരിത്രകൃതി 1935-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഷെയ്‌ഖ് ഒമാരിബിന്‍ സ്‌താം ബൗള്‍ രചിച്ച ഹിസ്റ്ററി ഒഫ് മൊംബാസ ആന്‍ഡ് താങ്കയും, ഷെയ്‌ഖ് ഹെമെദി ബിന്‍ അബ്‌ദുള്ളയുടെ ഹിസ്റ്ററി ഒഫ് ആഫ്രിക്കയും ഇതേ കാലയളവിൽ പ്രസിദ്ധീകരിച്ച റോമന്‍ ലിപിയിൽ തയ്യാറാക്കിയ ചരിത്രഗ്രന്ഥങ്ങളാണ്.
ചാള്‍സ്‌ലാമ്പിന്റെ റ്റെയിൽസ് ഫ്രം ഷെയ്‌ക്‌സ്‌പിയർ, ജോണ്‍ബനിയന്റെ പിൽഗ്രിംസ് പ്രാഗ്രസ് എന്നീ കൃതികള്‍ സ്വാഹിലിയിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്. 1950-കളിലും 60-കളിലുമായി ചില റഷ്യന്‍ സാഹിത്യകൃതികളും ചൈനീസ് സാഹിത്യകൃതികളും സ്വാഹിലിയിലേക്കു തർജുമ ചെയ്യപ്പെട്ടു. 1952-ൽ ഷാബന്‍ റോബർട്ട് റുബായത്ത് ഒഫ് ഒമർഖയയ്യാമും 1962-ൽ ജൂലിയസ് നൈരേരെ ജൂലിയസ് സീസറും പരിഭാഷപ്പെടുത്തിയതോടെ സ്വാഹിലിയിലെ വിവർത്തനസാഹിത്യത്തിനും പുതിയൊരുണർവുണ്ടായി.
1948-ൽ മ്‌തോതോമ്‌വിവ ന ഹദിതി ന്‌യിംഗിനെ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച ഡേവിഡ് എഡ്‌വേർഡ് ഡിവ, 1949-ൽ ഇസബിന്‍ തജിറി നഹദിതി നി യിംഗിനെ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച ഒമർ സി.എ. ഷരീഫ് എന്നിവർ യുവസ്വാഹിലി സാഹിത്യകാരന്മാരിൽ പ്രമുഖരാണ്. സ്വാഹിലിയിൽ നാടകസാഹിത്യത്തിന് പ്രാരംഭം കുറിച്ചത് 1950-കളിൽ മാത്രമാണ്. ഹെന്‌റികുരിയ രചിച്ച നകുപെന്‍ഡ, ലകാനി എന്ന നാടകം 1957-ൽ പ്രസിദ്ധീകരിച്ചു. പരമ്പരാഗത ജീവിതശൈലിയും ആധുനികപരിഷ്‌കൃത രീതികളും തമ്മിലുള്ള സംഘട്ടനമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ഗെരിഷോണ്‍ ന്‌ഗുഗി 1961-ൽ രചിച്ച തിമെലോഗ്‌വ നിസേവെ ന മ്‌പെന്‍സി ശ്രദ്ധേയമായ മറ്റൊരു നാടകമാണ്. തലമുറകള്‍ തമ്മിലുള്ള വിടവും സ്‌ത്രീധനവും മറ്റുമാണ് ഇതിൽ ചർച്ചാവിഷയമാകുന്നത്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം വന്നുചേർന്ന പരിവർത്തനങ്ങള്‍ ആധുനിക കവിതയെയും സ്വാധീനിക്കുകയുണ്ടായി. പരിശുദ്ധ ഖുറാനിലെ പല കവിതാശകലങ്ങളും പരിഭാഷപ്പെടുത്തിയ അബ്‌ദുള്ള സാലെ എൽ ഫാർസി ആധുനിക സ്വാഹിലി കവികളിൽ പ്രത്യേകം ശ്രദ്ധേയനാണ്. 1948-ൽ പമ്പൊ പാലുഘ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച ഷാബന്‍ റോബർട്ട് (1909-70) ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രഷ്‌ഠനായ സ്വാഹിലി സാഹിത്യകാരനാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. "ആഫ്രിക്കയുടെ ഷെയ്‌ക്‌സപിയറെ'ന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കവിതകള്‍ രചിച്ചു. ഉടെന്‍ഡി വ ഹതി , മരുഡിമൈ , ഉടെന്‍ഡി വ വിത വ്യ ഉഹുരു എന്നിവ ഇദ്ദേഹത്തിന്റെ മികച്ച രചനകളിൽപ്പെടുന്നു. ഗദ്യസാഹിത്യരംഗത്തും ഷാബന്റെ സംഭാവനകള്‍ അമൂല്യമാണ്. ആങ്ങകഥയുടെ ആദ്യഭാഗമായ മൈഷയംഗു എന്ന കൃതിക്ക് 1936-ൽ ഈസ്റ്റാഫ്രിക്കന്‍ ലിറ്റററി കോമ്പറ്റീഷനിൽ അവാർഡു ലഭിക്കുകയുണ്ടായി. രണ്ടാം ഭാഗമായ ബാദയമിയാക ഹംസിനി 1996-ൽ പ്രസിദ്ധീകരിക്കപ്പട്ടു. 1967-ൽ ഷാബന്‍ പ്രസിദ്ധീകരിച്ച കുഫികിരോക എന്ന ചെറുകഥ നിയമം മനുഷ്യനു വേണ്ടിയാണെന്ന് ഉദ്‌ഘോഷിക്കുന്നു. അറബി പാരമ്പര്യത്തിൽ രചിക്കപ്പെട്ട അദിലി ന ന്‌ഡുഗുസെ 1952-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1968-ൽ ഇദ്ദേഹം അവസാനമായി പ്രസിദ്ധീകരിച്ച സികുയവ തെന്‍സി വൊതെ എന്ന നോവലിൽ ആധുനികാഫ്രിക്കയിലെ സ്‌ത്രീകളുടെ അവസ്ഥയും വർഗീയ പ്രശ്‌നങ്ങളും വിശകലനം ചെയ്‌തിരിക്കുന്നു.
ഷെയ്‌ഖ് അംറി അബേദി (1906-65), മത്യാസ് മ്‌ന്യാംപാല (1919-69), കെ.എച്ച്., എ അകിലിമാലി സ്‌നോവൈറ്റ്, മുഹമ്മദ് സയിദ് അബ്‌ദുള്ള, മഹമ്മദ് സാലെ ഫാർസി എന്നിവർ ആധുനിക സ്വാഹിലി സാഹിത്യകാരന്മാരിൽ പ്രത്യേകം ശ്രദ്ധേയരാണ്.
1960-കള്‍ക്കു ശേഷം സ്വാഹിലി നോവൽസാഹിത്യം അഭൂതപൂർവമായ വളർച്ച നേടി. പി.എം. കരെയ്‌തിയുടെ കബുരി ബില മ്‌സലബ , ജോണ്‍ ന്‌ഡേതി സൊബെയുടെ ക്യൂഷി ക്വിന്‍ഗി നി കുവോനമൊംഗി , യുഫ്രസ് കെസിലഹാബിയുടെ റോസ മിസ്റ്റിക (1971) എന്നിവ ആധുനിക നോവൽ സാഹിത്യത്തിലെ എച്ചപ്പെട്ട കൃതികളാണ്. എബ്രാഹിം ഹുസൈന്റെ അലികിയോന , ക്രിസ്‌പിന്‍ ഹൗലിയുടെ ദുനിയ ഇലിയോ ഫാരാകാനാ , ഉഹിംഗയുടെ റെജാല , മിസെറെ മുഗോയുടെ മഷെതാനി എന്നിവ ആധുനിക സ്വാഹിലി നാടകസാഹിത്യത്തെ പരിപോഷിപ്പിച്ച രചനകളാണ്. ഭാവപരവും രൂപപരവുമായ പല പരീക്ഷണങ്ങള്‍ക്കും വിധേയമായികൊണ്ടിരിക്കുകയാണ് ആധുനിക സ്വാഹിലി സാഹിത്യം.
ഹാഉസാ
നൈജർ റിപ്പബ്ലിക്കിലും നൈജീരിയയുടെ വടക്കന്‍ പ്രദേശങ്ങളിലും വ്യവഹാരത്തിലുള്ള പ്രധാനപ്പെട്ട ഒരു ഭാഷയാണ് ഹാഉസാ. ഇരുനൂറോളം വർഷങ്ങള്‍ക്കുമുമ്പ് മതപരമായ കൃതികള്‍ ഹാഉസാ ഭാഷയിൽ രചിക്കപ്പെട്ടു തുടങ്ങി. മുഹമ്മദ് ബെല്ലോയുടെ (1819-37) ഭരണകാലത്താണ് ഹാഉസാ സാഹിത്യത്തിന് അടിത്തറപാകിയത്. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ നടന്ന ബ്രിട്ടിഷ് കടന്നാക്രമണം ഹാഉസാ സാഹിത്യത്തിൽ പല പരിവർത്തനങ്ങള്‍ക്കും കളമൊരുക്കി. പാശ്ചാത്യ സ്വാധീനത്തിനെതിരെ നീക്കങ്ങളുണ്ടായെങ്കിലും ഇസ്‌ലാമിക പാരമ്പര്യത്തിലധിഷ്‌ഠിതമായ രചനകള്‍ക്കായിരുന്നു മുന്‍തൂക്കം. ഇബ്രാഹിം നഗ്‌വാമത്‌സെ(1857-1922)യുടെ കവിതകള്‍ മുസ്‌ലിം പ്രതിരോധത്തെ പ്രകീർത്തിക്കുകയും പാശ്ചാത്യസംസ്‌കാരത്തെ ഇകഴ്‌ത്തുകയും ചെയ്‌തു. അൽഹജ് ഉമർ ഇബ്‌ന് അബുബകറുടെ (1858-1934) വകർനസറ എന്ന കാവ്യത്തിൽ ക്രസ്‌തവ ആധിപത്യത്തോടുള്ള ഭീതികലർന്ന ബഹുമാനം പ്രകടമാണ്. ഹാഉസാ ഭാഷയിൽ ചരിത്ര രചന നടത്തിയ മാലം അൽ-ഹസന്‍, യൂറോപ്യന്‍ ആക്രമണത്തെ സംബന്ധിച്ച് കവിതകള്‍ രചിച്ച യൂസഫ് അബിന്‍-നേമ എന്നിവരും ഇക്കാലത്ത് ഹാഉസാ സാഹിത്യത്തെ പരിപോഷിപ്പിച്ചവരാണ്. ഹാഉസാ നാടിന്റെ ചരിത്രം പ്രതിപാദ്യമായുള്ള ക്രാണിക്കിള്‍ ഒഫ് സൊകൊതൊ എന്ന കൃതിയും സോങ് ഒഫ് ബഗാന്‍ഡ എന്ന കാവ്യവും ചരിത്രത്തിനു പുറമേ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും പ്രാമുഖ്യം കല്‌പിക്കുന്നവയാണ്.
ബ്രിട്ടിഷ് ഭരണകാലത്ത് റോമന്‍ ലിപി പ്രചരിപ്പിക്കുവാന്‍ പല നടപടികളുമുണ്ടായി എങ്കിലും യൂറോപ്യന്‍ പണ്ഡിതന്മാർ മാത്രമേ ഈ ലിപി ഉപയോഗിച്ചിരുന്നുള്ളു. ഫ്രാങ്ക് എഡ്‌ഗാർ രചിച്ച ലിറ്റാഫി നതത് സഹിയോയി നഹാ ഉസാ ഇക്കാലത്തെ ശ്രദ്ധേയമായ കൃതിയാണ്. ഈ കൃതി ആധുനിക ഹാഉസാ സാഹിത്യകാരന്മാരെ കണക്കറ്റ് സ്വാധീനിക്കുകയുണ്ടായി. പാഠപുസ്‌തകങ്ങള്‍ ഹാഉസാ ഭാഷയിലേക്കു വിവർത്തനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 1930-കളിൽ ഉത്തര നൈജീരിയയിൽ ഒരു പരിഭാഷാകേന്ദ്രം തുറക്കപ്പെട്ടു. പില്‌ക്കാലത്ത് ഇതൊരു സാഹിത്യപ്രസിദ്ധീകരണ സ്ഥാപനമായി രൂപാന്തരപ്പെടുകയുണ്ടായി.
സ്വതന്ത്ര നൈജീരിയയുടെ പ്രഥമ പ്രധാനമന്ത്രിയായ അബു ബകർ തഫാവബലെവ (1912-66) രചിച്ച ഷൈ ഹുഉമർ എന്ന നോവൽ 19-ാം ശ.-ത്തിലെ ഹാഉസാ നാടിന്റെ ചിത്രം കാഴ്‌ച വയ്‌ക്കുന്നു. മുഹമ്മാദുബെല്ലോ രചിച്ച ഗണ്ഡോകി എന്ന നോവലിൽ യൂറോപ്യന്‍ ആക്രമണത്തെ ചെറുക്കുന്ന ഒരു ധീരയോദ്ധാവിന്റെ വീരകൃത്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. യഥാതഥത്വവും ഭ്രമകല്‌പനകളും ഇടകലർത്തി രചിച്ച ഈ നോവലിന് ദേശീയ സാഹിത്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. 1934-ൽ ഇഡോന്‍മതംബായി എന്ന ലഘുനോവൽ രചിച്ച മുഹമ്മദുഗവാർസൊ ആധുനിക ഗദ്യസാഹിത്യത്തിന് അടിത്തറപാകിയവരിൽ പ്രമുഖനാണ്. 1939-ൽ ഹാഉസാഭാഷയിൽ ഗാസ്‌കിയ തഫിക്‌വാബോ എന്ന പേരിൽ അബുബകർ ഇമാമിന്റെ നേതൃത്വത്തിൽ ഒരു വാർത്താപത്രം ആരംഭിച്ചു. 1945-ൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഗാസ്‌കിയാ കോർപ്പറേഷന്‍ എന്ന ഹാഉസാ പ്രസിദ്ധീകരണ സ്ഥാപനം സ്ഥാപിതമായി. അനേകം പാഠപുസ്‌തകങ്ങള്‍ക്കു പുറമേ ആറ് ഹാഉസാ നാടകങ്ങള്‍ എന്നൊരു ഗ്രന്ഥവും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. ഹാഉസാ ഭാഷയിലെ ആധുനിക നാടകസാഹിത്യത്തിനു നാന്ദികുറിച്ച കൃതികളിൽ ഒന്നാണിത്.
20-ാം ശ.-ത്തിൽ നോവൽസാഹിത്യത്തെയും നാടകസാഹിത്യത്തെയും അപേക്ഷിച്ച് കവിതയ്‌ക്കാണ് ഹാഉസാ ഭാഷയിൽ പ്രാമുഖ്യമുണ്ടായത്. ശ്രദ്ധേയനായ അലിയു ന മാംഗി രചിച്ച വകാർ ഇംഫി രാജി എന്ന സുദീർഘമായ കാവ്യം മുഹമ്മദു നബിയെ പ്രകീർത്തിക്കുന്നു.
സാമൂഹിക പരിവർത്തനങ്ങളും സാഹിത്യകാരന്മാരിൽ ഒരു വിഭാഗത്തെ സ്വാധീനിച്ചു. നൈജീരിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ പ്രരണയാൽ അകിലു അലിയു വകർസോജ എന്ന കവിത രചിച്ചു. സാദുസുംഗുർ രചിച്ച വകർമരബഡസോജ രണ്ടാം ലോക യുദ്ധാനന്തരം നാട്ടിലെത്തുന്ന യോദ്ധാക്കളെ പ്രകീർത്തിക്കുന്നു. സ്വാതന്ത്യ്രലബ്‌ധിക്കു മുന്നോടിയായി സാദു രചിച്ച അരേവജും ഹുരിയ കൊമുലുകിയ എന്ന കവിത പരിഷ്‌കരണ നടപടികളെ സ്വാഗതം ചെയ്യാന്‍ യാഥാസ്ഥിതികരെ ആഹ്വാനം ചെയ്യുന്നു. മുവാസു ഹഡേജിയയുടെ തുതോസിന്‍ ഷൈഹു ഡവനിന്റസു എന്ന കവിതയിൽ ഹാഉസായിലെ പൂർവികരെ പ്രകീർത്തിച്ചിരിക്കുന്നു. നൈബിവാലി രചിച്ച വകർഡാമിന എന്ന കവിതയിൽ പ്രകൃതി വർണനയ്‌ക്കാണു പ്രാധാന്യം. 1950-ൽ മുഡിസിപികിന്‍ രചിച്ച സോങ് ഇന്‍ പ്രയിസ് ഒഫ് റഷ്യ കവിയുടെ വിപ്ലശ്ശവമനോഭാവം വ്യക്തമാക്കുന്നു, ഇസാഹഷിം രചിച്ച വകർബുഷിയി എന്ന കവിതയിൽ ബ്യൂറോക്രസിയാണു വിമർശന വിധേയമാകുന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം പരിവർത്തനങ്ങള്‍ പലതും വന്നുചേർന്നിട്ടുണ്ടെങ്കിലും കൊളോണിയൽ ഭാഷയെ ഏറെക്കുറെ ചെറുത്തുനില്‌ക്കാന്‍ ഹാഉസാ സാഹിത്യത്തിനു സാധിച്ചിട്ടുണ്ട്. 1970-കളിൽ മാത്രമാണ് ഒരു വിദേശഭാഷയുടെ അനിവാര്യത അംഗീകരിക്കപ്പെട്ടത്. 1970-കളിൽ പ്രസിദ്ധീകരിച്ച ഇമേജസ് എന്ന മാസികയിൽ ഹാഉസായിലും ഇംഗ്ലീഷിലുമുള്ള രചനകള്‍ ഇടകലർത്തി അച്ചടിച്ചു.
വൊലുഫ്
സെനിഗള്‍ പ്രദേശത്തെ പ്രധാന ഭാഷയായ വൊലുഫിൽ സാഹിത്യം സമ്പന്നമായത് 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ മാത്രമാണ്. മൂസ്സാകാ (1890-1965) രചിച്ച ഏതാനും കവിതകള്‍ ഫ്രഞ്ച് ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. ഐ വിൽ ട്ര ടു റൈസ് വണ്‍സ് മോർ എന്ന കവിതയിൽ മോക്ഷപ്രാപ്‌തിക്കുവേണ്ടി പരിപാവനമായ ജീവിതം നയിക്കുവാന്‍ കവി ആഹ്വാനം ചെയ്യുന്നു. ഖുർആനും ഏതാനും അറബി കവിതകളും ഇദ്ദേഹം വൊലുഫ് ഭാഷയിലേക്കു വിവർത്തനം ചെയ്‌തു. ഈശ്വരനും പ്രവാചകനും തമ്മിലുള്ള സംഭാഷണരൂപത്തിൽ രചിച്ച ബർജന്‍ എന്ന മഹാകാവ്യം മൂസ്സാകായുടെ പ്രകൃഷ്‌ട കൃതിയായി കണക്കാക്കപ്പെടുന്നു. അലിയൂഥിയൗനിന്റെ ഹാസ്യകവിതകളും മോർതല്ലഫാളിന്റെ വിവാദകാവ്യങ്ങളും മോർകൈറേയുടെ വിഷാദാങ്ങക കവിതകളും വൊലുഫ് സാഹിത്യത്തിലെ ശ്രദ്ധേയ രചനകളാണ്. മെസ്സഡഫ്, ഷെയ്‌ഖ്‌ഫാള്‍, ത്രാഹിർ എന്നീ കവികള്‍ മൂസ്സാകായുടെ ശിഷ്യഗണത്തിൽപ്പെടുന്നു. പ്രസിദ്ധ അറബി സാഹിത്യകാരനായ ഷെയ്‌ഖ് ഹാദിതുരെ വൊലുഫ് ഭാഷയിലും കാവ്യരചന നടത്തുകയുണ്ടായി. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ഫ്രഞ്ചു സംസ്‌കാരത്തിന് സെനിഗളിൽ സ്വാധീനമുണ്ടായിരുന്നുവെങ്കിലും വൊലുഫ് ഭാഷയിൽ സാഹിത്യരചന നടത്താന്‍ പല കവികളും മുന്നോട്ടുവന്നു. പ്രക്ഷേപണ സാഹിത്യത്തിനു മുന്‍തൂക്കമുള്ള സെനിഗളിൽ വൊലുഫ് ഭാഷാകവിതകള്‍ കുടക്കൂടെ പ്രക്ഷേപണം ചെയ്‌തുവരുന്നുണ്ട്. 1972-ൽ ദേശ്യഭാഷകള്‍ പാഠ്യവിഷയമാക്കുന്ന നിയമം നടപ്പിലായതോടെ ആധുനിക വൊലുഫ് സാഹിത്യത്തിന്റെ അഭിവൃദ്ധിക്കുള്ള സാധ്യത വർധിച്ചിരിക്കുന്നു.
ഫുലാനി
മുസ്‌ലിം നവോത്ഥാനത്തിന്റെ ഫലമായി അറബി സാഹിത്യം അഭിവൃദ്ധിപ്പെട്ടതോടൊപ്പം മറ്റൊരു പശ്ചിമാഫ്രിക്കന്‍ ഭാഷയായ ഫുലാനിയിലും സാഹിത്യകൃതികള്‍ രചിക്കപ്പെട്ടു. 1791-ൽ ഉസ്‌മാന്‍ഡാന്‍ഫോഡിയോ മുഹമ്മദുനബിയെ സ്‌തുതുച്ചുകൊണ്ട് ഫുലാനിഭാഷയിൽ ഒരു ദീർഘകവിത രചിച്ചു. ജിഹാദിനുശേഷമുള്ള ചരിത്രസംഭവങ്ങള്‍ നൈജീരിയയിലെ ഫുലാനി സാഹിത്യത്തിന്റെ വളർച്ചയ്‌ക്ക് അനുകൂലമായിരുന്നില്ല. 1930-കളിൽ അദമാവായിലെ ഫുലാനി സാഹിത്യത്തെ സംബന്ധിച്ച ചില രേഖകള്‍ കണ്ടെത്തുകയുണ്ടായി. 1930-60 കാലയളവിൽ ഫുലാനി ഭാഷയിൽ രചിക്കപ്പെട്ട നിരവധി കവിതകള്‍ പില്‌ക്കാലത്ത് ഫ്രഞ്ചു പണ്ഡിതനായ പിയർ ലാക്രായി കണ്ടെത്തുകയുണ്ടായി. പാശ്ചാത്യസ്വാധീനം പ്രകടമായ ഈ കവിതകളിൽ ഭരണവർഗത്തെ പ്രീതിപ്പെടുത്തുന്ന സ്‌തുതിഗീതങ്ങളാണ് അധികവുമുള്ളത്. ബുബാജാരീഡ രചിച്ച കവിതയിൽ ഫുലാനികളുടെ ആഭിജാതമനോഭാവം പ്രകടമാകുന്നു.
പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവർ ഫുലാനികള്‍ക്കിടയിൽ തുലോം വിരളമാണ്. ഫുലാനി ഭാഷ സംസാരിക്കുന്നവരുടെ എച്ചം കുറഞ്ഞുവരുന്നതോടെ ഫുലാനി സാഹിത്യവും ശോഷിച്ചു വരികയാണ്. ആധുനിക കാമറൂണിയന്‍ സാഹിത്യവുമായി ഫുലാനി സാഹിത്യത്തെ ബന്ധപ്പെടുത്താന്‍ ബോധപൂർവമായ ശ്രമങ്ങള്‍ നടന്നുവരുന്നു.
ഫുലാനി വംശജർ പശ്ചിമാഫ്രിക്കയിൽ പലേടത്തുമായി ചിതറിക്കിടക്കുന്നുവെങ്കിലും ഗിനിയ അവരുടെ ഒരു ശക്തികേന്ദ്രമാണ്. ഗിനിയക്കാരനായ മൊഹമ്മദൂസംബ ഫുലാനി സാഹിത്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അറബിഭാഷയിലുള്ള സാഹിത്യരചന ഉപേക്ഷിച്ചു. ആങ്ങീയാധിഷ്‌ഠിതമായ അനേകം കവിതകള്‍ ഇദ്ദേഹം ഫുലാനി ഭാഷയിൽ രചിക്കുകയുണ്ടായി. 19-ാം ശ.-ത്തിന്റെ പൂർവാർധത്തിൽ സയ്യിദു ഡാലെന്‍ എന്ന സാഹിത്യകാരന്‍ ഫുലാനി വ്യാകരണത്തെയും കവിതയെയും സംബന്ധിക്കുന്ന ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ദ് പ്രാഫെറ്റ്‌സ് പ്രയിസസ് എന്ന പേരിൽ ഇദ്ദേഹം രചിച്ച കവിതാസമാഹാരം ശ്രദ്ധേയമാണ്. അലില്ലൂ ബൗ ബാന്‌ഡിയാങ് (1845-1927), ചൈകുമാന്‍ഡ (1900-) എന്നിവർ 20-ാം ശ.-ത്തിലെ ഫുലാനി എഴുത്തുകാരിൽ ശ്രദ്ധേയരാണ്.
1896-ൽ ഫ്രഞ്ച് ആക്രമണത്തിനു വിധേയമായതോടെ ഫുലാനി സാഹിത്യത്തിനു പുതിയ വിഷയങ്ങള്‍ വന്നുചേർന്നു. കൊളോണിയലിസത്തിനെതിരെയുള്ള നീക്കങ്ങള്‍ 20-ാം ശ.-ത്തിന്റെ തുടക്കത്തിൽ സമാഹരിച്ച കവിതകളിൽ പ്രകടമാണ്. പാശ്ചാത്യ ശൈലിയിലുള്ള ജീവിതം ഫുലാനി സമൂഹത്തെ നാശോന്മുഖമാക്കുന്ന ചിത്രവും ചില കവികള്‍ അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആക്രമണത്തിനുശേഷം ജനിച്ചു വളർന്നവർ ഇസ്‌ലാംമത പാരമ്പര്യത്തിൽ ഉറച്ചുനില്‌ക്കുന്നവരാണെങ്കിലും മതേതരത്വ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടവരായിരുന്നു. 1905-ൽ ജനിച്ച മഹഡില്ലൗ ഡാക, ഫ്രഞ്ച്, അറബി ഭാഷകള്‍ക്കൊപ്പം ഫുലാനി ഭാഷയിലും കവിതകള്‍ രചിച്ചു. പല ക്രിസ്‌തീയ ഗ്രന്ഥങ്ങളും ഇദ്ദേഹം ഫുലാനി ഭാഷയിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. പരിഷ്‌കരണ വാദിയായ അബ്‌ദുറഹ്‌മേന്‍ ബായുടെ കവിതകള്‍ സ്വാതന്ത്യ്രത്തിന്റെ മേന്മയെ വാഴ്‌ത്തുകയും നവീന വിദ്യാഭ്യാസത്തെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ ഹിം റ്റു പീസ് ആന്‍ഡ് റ്റു ഫുറ്റ, ജലോന്‍ എന്ന കവിത ഏറെ പ്രശസ്‌തി നേടി. ദ വണ്ടേഴ്‌സ് ഒഫ് ഔവർ ടൈം എന്ന മറ്റൊരു കവിതയിൽ വിമാന യാത്രയും റേഡിയോ പ്രക്ഷേപണവും കവി വർണിക്കുന്നു. പഴഞ്ചന്‍ ചിന്താഗതിക്കാരായ ഭരണാധികാരികളുടെ ചൂഷണ മനോഭാവത്തെയും കവി പരോക്ഷമായി എതിർക്കുന്നു,
പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്‌പർശമേൽക്കാത്ത ആധുനിക സാഹിത്യകാരന്മാരും ഫുലാനി ഭാഷയിൽ വിരളമല്ല. ഡിയോവോപെല്ലെൽ എന്ന അധ്യാപകന്റെ അഡ്വൈസ് റ്റു ദ് ട്രൂ സബ്‌ജക്‌ട്‌സ് ഒഫ് ദി ഇറ്റേണലി ലിവിംഗ് വണ്‍ എന്ന കവിത ഇസ്‌ലാമിക പാരമ്പര്യം പടുത്തുയർത്തിയ മഹാന്മാരെ പ്രകീർത്തിക്കുന്നു. റഹ്‌മത്തുള്ളാനി എന്ന കവയിത്രി രചിച്ച ഹൂ ഡസ് നോട്ട് നോ ഗോഡ് ഈസ് ലോസ്റ്റ് എന്ന കവിതയും ഇസ്‌ലാമിക പാരമ്പര്യത്തിലധിഷ്‌ഠിതമാണ്.
ഗയാനയിലെ ഫ്രഞ്ചുസാഹിത്യം ലോകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ടെങ്കിലും അവിടത്തെ ഫുലാനി സാഹിത്യം ഏറെക്കുറെ അറിയപ്പെടാത്ത അവസ്ഥയിലാണ്.
യോറുബ
1852-ലാണ് യോറുബ സാഹിത്യത്തിനു തുടക്കം കുറിച്ചത്. സാമുവൽ അജായി ക്രാതർ പ്രഥമ യോറുബന്‍ വ്യാകരണഗ്രന്ഥം രചിച്ചു. യോറുബ പ്രമറും, ബിബെലെ മൈമോ എന്ന പേരിൽ ബൈബിളിന്റെ വിവർത്തനവും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. 1859-ൽ ഹെന്‌റി റ്റൗണ്‍സെന്റ് ഇവെ ഇറോഹിന്‍ എന്ന പേരിൽ ഒരു സാഹിത്യദ്വൈവാരിക പ്രസിദ്ധീകരിച്ചു തുടങ്ങി. സാക്ഷരത പുരോഗമിക്കുന്നതിൽ സന്തുഷ്‌ടനായ മിഷനറി പ്രവർത്തകന്‍ ഡേവിഡ് ഹിന്‍ഡെറർ പിൽഗ്രീംസ് പ്രാഗ്രസ് യോറുബയിലേക്കു പരിഭാഷപ്പെടുത്തി. ബൈബിളിനോടൊപ്പം പ്രശസ്‌തി നേടിയ ഈ കൃതി 20-ാം ശ.-ത്തിന്റെ മധ്യകാലഘട്ടത്തിലെ യോറുബന്‍ ഗദ്യസാഹിത്യത്തിൽ കണക്കറ്റ സ്വാധീനമാണു കൈവരിച്ചത്.
20-ാം ശ.-ത്തിന്റെ ആരംഭത്തിൽ ദക്ഷിണ നൈജീരിയ സ്ഥാപിക്കപ്പെട്ടതും പുതിയൊരു വിദ്യാഭ്യാസനയത്തിനു രൂപംനല്‌കിയതും സാഹിത്യാഭിരുചിയുള്ള ഒരു തലമുറയുടെ ആവിർഭാവത്തിനു കളമൊരുക്കി. ലാഗോസിലെ മിഷനറി ആസ്ഥാനം ഇവെകികെ എ കെറിന്‍ലി എഡെ യോറുബ (1909-15) എന്ന പേരിൽ അഞ്ചു വാല്യങ്ങളിലായി യോറുബന്‍ രചനകള്‍ പ്രസിദ്ധപ്പെടുത്തി കോലാവോളെ അജിസാഫിന്റെ (1877-1940) ഐയെ അകാ യോറുബയിലെ ആദ്യത്തെ കാവ്യകൃതിയാണ്. 1927-ൽ അഡ്‌കെതിം കാൽ ഒബാസ യോറുബ ന്യൂസി എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കുകയും ഇവെ കിന്നിരി അവൊണ്‍ അകെവി എന്ന പേരിൽ ഒരു പദ്യസമാഹാരം പുറത്തിറക്കുകയും ചെയ്‌തു. സോബോ അരോബിയോഡു എന്ന തൂലികാനാമത്തിൽ കവിതകള്‍ രചിച്ച ജെ. സോബോവാലെ സൊവാന്‍ഡെയാണ് ഈ കാലഘട്ടത്തിലെ അതിപ്രശസ്‌തനായ കവി. സമകാലിക സംഭവങ്ങളും മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളും ഇദ്ദേഹം കമനീയമായി ചിത്രീകരിച്ചു.
1920-കളിലാണ് യഥാർഥ യോറുബന്‍ ഗദ്യസാഹിത്യത്തിനു തുടക്കമിട്ടത്. റിച്ചഡ്‌സന്റെ പാമില, ഡീഫോയുടെ മോള്‍ഫ്‌ളാന്‍ ഡേഴ്‌സ് എന്നിവയിൽനിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഐസക്. ബി. തോമസ് ഇതന്‍ ഇഗ്‌ബെസി ഐയാ എമി സെഗിലോല എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. രണ്ടാം ലോകയുദ്ധാരംഭകാലത്ത് യോറുബന്‍ ഗദ്യസാഹിത്യത്തിനു നവ്യമായ ഒരുണർവുണ്ടായി. പ്രായംചെന്ന ഒരു നായാട്ടുകാരന്റെ ജീവിതകഥ അനാവരണം ചെയ്യുന്ന ഡാനിയൽ ഫഗുന്‍വായുടെ ഒഗ്‌ബോജു ഓഡെനിനു ഇഥ്‌ബോ ഇരുന്‍മലെ എന്ന നോവൽ അതിപ്രശസ്‌തി നേടി. ബ്രിട്ടിഷ് പ്രസാധകരായ ലോംഗ്‌മേന്‍സ്, യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടന്‍ പ്രസ്സ് എന്നിവർ യോറുബന്‍ നോവലുകള്‍ പ്രസിദ്ധീകരിക്കുന്നതിൽ തത്‌പരരായി മുന്നോട്ടുവന്നു. ജോസഫ് ഒറോഗ് ബോലൊ അകിന്‍ യെമി, ഏ.ഒ. ലഡെയ്‌ന്‍ഡെ, ഒഗുന്‍വിക എന്നിവർ ഫഗുന്‍വെയുടെ ഗദ്യസങ്കേതത്തിൽനിന്നും പ്രചോദനമുള്‍ക്കൊണ്ട കഥാകാരന്മാരാണ്.
ഫഗുന്‍വയുടെ ഫാന്റസി നോവലുകളിൽനിന്നും വ്യത്യസ്‌തമായ റിയലിസ്റ്റിക് നോവലുകളുടെ വക്താക്കളാണ് അഡെകാന്‍മി ഓയെഡിൽ (1900-57), ചീഫ് ഐസക് ഒളുവോളെ ഡിലാനോ എന്നിവർ. 1933-ൽ റോബിന്‍സണ്‍ക്രൂസോയെ അവലംബിച്ചു രചിച്ച കൃതിയ്‌ക്ക് ഡിലാനോയക്ക് ഐ.എ.ഐ. അവാർഡും ലഭിച്ചു. ഫഗുന്‍വാ-ഡിലാനോമായുടെ സമകാലികനായ ചീഫ് ജോസഫ് ഫോളോ ഹാന്‍ ഒഡുന്‍ജോ അഗ്‌ബാൽ ഓവോമേരി എന്ന യോറുബന്‍ നാടകം രചിച്ചു.
1950-കളുടെ മധ്യത്തിൽ യുവസാഹിത്യകാരന്മാരുടെ അരങ്ങേറ്റം യോറുബന്‍ സാഹിത്യത്തിൽ ശ്രദ്ധേയമായി. നാടോടിക്കഥകള്‍, ഐതിഹാസിക സംഭവങ്ങള്‍, ചരിത്രസംഭവങ്ങള്‍ എന്നിവയെ ആധാരമാക്കി ഗബ്രിയേൽ ഇബിതോയെ ഓജോ, ഒലായ ഫാഗ്‌ബാമിഡ്‌ജെ, ഒഗുന്‍സിന ഒഗുന്‍ഡെല, ഡി.ജെ. ഫതാന്‍മി തുടങ്ങിയവർ നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഇവരെ തുടർന്നു വന്ന ഫെമിജെബോഡയുടെ ഒളോ വൊളൈയെമൊ എന്ന സമ്പൂർണനോവലിന് 1960-ലെ നൈജീരിയന്‍ സ്വാതന്ത്യ്രദിന അവാർഡ് ലഭിച്ചു.
ആഫ്രിക്കന്‍ ജനതയ്‌ക്കു പ്രിയങ്കരമായ ശുദ്ധഹാസ്യം അഡെബായോ ഫാലെറ്റിയുടെ കൃതികളിൽ പ്രകടമാണ്. എഡാകോലറോപിന്‍ എന്ന കവിതയിൽ ഹാസ്യരസം നിറഞ്ഞു നില്‌ക്കുന്നു. ഫാലെറ്റിയുടെ പ്രഥമനാടകമായ മ്‌വോന്‍ റോപെവെരെനി 1965-ൽ പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ലക്ഷണയുക്തമായ നോവൽ കൃതിയാണ് ഓമോ ഒലോ കുനെസിന്‍ . ഫാലെറ്റിയുടെ ബഹുമുഖപ്രതിഭയെ വെല്ലാന്‍ സമകാലികനായ അഫോലാബി ഒലംബിതാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒലുവ ലോ മെജോഡ എന്ന എകാങ്കനാടകം, കെകെരേ ഏകുന്‍ എന്ന നോവൽ, അഡൊത അഫോറോ എന്ന കവിതാസമാഹാരം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്‌ത രചനകള്‍. നാടോടിക്കഥകളിൽ തുടങ്ങി വായ്‌മൊഴി സാഹിത്യത്തിൽക്കൂടി വികാസം പ്രാപിച്ച് മികച്ച നോവലുകളിലും നാടകകൃതികളിലും എത്തിച്ചേർന്ന യോറുബ സാഹിത്യത്തിന്റെ പുരോഗതി ക്രമാനുഗതമാണ്. 1940-കള്‍ക്കുശേഷം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചു പറ്റിയ യോറുബന്‍ കലാരൂപമാണ് "ഫോക്‌ഓപ്പെറ'. ഹ്യൂബർട്ട് ഒഗുണ്ടെയെപ്പോലുള്ളവർ യോറുബന്‍ നാടകരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‌കി. 1944-ൽ ഇദ്ദേഹം കോണ്‍സെർട്ട് നാടകക്കമ്പനി സ്ഥാപിച്ച് ഒരു പ്രാദേശികനാടകം അരങ്ങേറി. സ്‌ട്രക് ആന്‍ഡ് ഹംഗർ എന്ന പേരിലുള്ള ഈ നാടകം ഒഗുണ്ടെയെ അതിപ്രശസ്‌തനാക്കി. രാഷ്‌ട്രീയ അഴിമതികളും സമൂഹത്തിലെ അനാചാരങ്ങളും വിമർശനവിധേയമാക്കിയ മറ്റു പ്രമുഖനാടകങ്ങളാണ് യോറുബ റോണുവും ഒടിറ്റോകോറെയും.ഒഗുണ്ടെയെ മാതൃകയാക്കി "തിയെറ്റർ പാർട്ടികള്‍' എന്ന പേരിൽ നിരവധി നാടകക്കമ്പനികള്‍ പശ്ചിമ നൈജീരിയയിൽ രൂപംകൊണ്ടുവെങ്കിലും അല്‌പമെങ്കിലും വിജയം കൈവരിക്കാന്‍ കഴിഞ്ഞത് കോളെ ഒഗുന്‍മോലയുടെ "ട്രാവലിംഗ് തിയെറ്ററി'നു മാത്രമാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ട നാടകമായ ഇഫെ ഓവോ 1963-ൽ അരങ്ങേറി. മറ്റൊരു നാടകമായ ഒമുതിയും വമ്പിച്ച പ്രദർശന വിജയം നേടി. 1961 ഡി.-ൽ നാടകകമ്പനിയുമായി ഡൂറോലാഡിപ്പോ രംഗത്തുവന്നു. യോറുബ വംശജരുടെ പൂർവകാലചരിത്രത്തിൽനിന്നും പ്രചോദനമുള്‍കൊള്ളാന്‍ ലാഡിപ്പോ പ്രരിതനായി. 1963-ൽ അരങ്ങേറിയ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ നാടകമായ ഒബാകോസോ അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം നേടുകയും ബെർലിന്‍ തിയെറ്ററിലും കോമണ്‍വെൽത്ത് ഫെസ്റ്റിവലിലും അവതരിപ്പിക്കപ്പെടുകയും ചെയ്‌തു.
എക്‌സോസ
ആധുനിക ദക്ഷിണാഫ്രിക്കയുടെ തെക്കുഭാഗത്ത് നിവസിക്കുന്ന ബാന്തുവംശജരുടെ സംസാരഭാഷയാണ് ഏക്‌സോസ. 19-ാം ശ.-ത്തിന്റെ ആരംഭകാലത്ത് ബ്രിട്ടീഷുകാരുടെ പ്രീതിക്കു പാത്രാമാകാനും തത്‌ഫലമായി ക്രിസ്‌തുമതത്തിൽ വിശ്വാസം അർപ്പിക്കാനും പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസം നേടുവാനും ഇക്കൂട്ടർക്കു കഴിഞ്ഞു. 1820-കളിൽ സ്‌കോട്ടിഷ് മിഷനറിമാർ അച്ചടിയന്ത്രം പ്രചാരത്തിലാക്കുകയും എക്‌സോസ വ്യാകരണവും ക്രിസ്‌ത്യന്‍ മതസംഹിതകളും അച്ചടിക്കപ്പെടുകയും ചെയ്‌തു. കിടമത്സരങ്ങളിലും വിഭാഗീയ തർക്കങ്ങളിലും തകർന്നു കിടന്ന എക്‌സോസ സമൂഹം ക്രിസ്‌തുമത പ്രബോധനവും ആധുനിക വിദ്യാഭ്യാസവും ഉള്‍ക്കൊണ്ടു. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ തിയോസോഗ, ഗ്‌കോബ എന്നിവർ ഉത്‌കൃഷ്‌ടരചനകള്‍ക്കു ജന്മം നല്‌കി. വെളുത്ത വർഗക്കാരന്റെ നന്മകളെ പ്രകീർത്തിക്കുന്നതോടൊപ്പം എക്‌സോസ പാരമ്പര്യവും ഉദ്‌ഘോഷിക്കപ്പെട്ടു. രാഷ്‌ട്രീയമായ അസമത്വങ്ങള്‍ക്കെതിരെ പോരാടാന്‍ എക്‌സോസയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മുന്‍കൈയെടുത്തു. ധർമസമരങ്ങള്‍ക്ക് തൂലിക പടവാളാക്കാമെന്ന ധാരണ സംജാതമായി. പുത്തന്‍ സംസ്‌കാരത്തിന്റെ പ്രയോക്താവായി ഇസിഗിഡിമി എന്ന മാസിക നിലകൊണ്ടു. ജോണ്‍ തെങ്കോ ജബാവു, ജോണ്‍ നോക്‌സ് ബോക്‌വെ, വാള്‍ട്ടർ റുബാസന, ജോണ്‍ ഹെന്‍ഡേഴ്‌സണ്‍ സോഗ എന്നിവരായിരുന്നു ഈ കാലഘട്ടത്തിലെ പ്രമുഖരായ സാഹിത്യകാരന്മാർ.
സാമുവൽ എഡ്‌വേർഡ് ക്രൂനെമ്‌ക്‌ഹായി രചിച്ച ഇത്യാല ലാമ-വെലെയാണ് എക്‌സോസ ഭാഷയിലെ പ്രഥമ നോവൽ. എക്‌സോസ നിയമം ധർമശാസ്‌ത്രത്തിൽ അധിഷ്‌ഠിതമാണെന്ന് ഈ നോവൽ സമർഥിക്കുന്നു. സർഗാങ്ങക രചനകളിലൂടെ ജനവിഭാഗങ്ങള്‍ക്കിടയിൽ സൗഹാർദം സ്ഥാപിക്കുകയായിരുന്നു ആദ്യകാല എക്‌സോസ എഴുത്തുകാരുടെ ലക്ഷ്യം.
1920-കളിലാണ് എക്‌സോസ സാഹിത്യത്തിൽ നൂതന പ്രവണതകള്‍ ദൃശ്യമായിത്തുടങ്ങിയത്. പ്രധാനമായും രണ്ട് ഇതിവൃത്തങ്ങളെ ആധാരമാക്കി നോവൽ സാഹിത്യം രൂപംപൂണ്ടു. നാഗരിക ജീവിതത്തിന്റെ അലോസരങ്ങളും പരമ്പരാഗത സമൂഹത്തിന്റെ അടിസ്ഥാന പ്രമാണമായ രക്ഷാകർത്തൃമേധാവിത്വത്തിന്റെ നിരസിക്കലുമാണ് നോവൽ വിഷയങ്ങള്‍. ബി. സിന്‍ക്‌സോ, ജയിംസ് ജൊലൊബെ എന്നിവരാണ് ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ എഴുത്തുകാർ. ആർച്ചിബാള്‍ഡ് കാംബൽ ജോർഡന്‍ ഒരൊറ്റ നോവലിലൂടെ പ്രശസ്‌തി നേടി. ഇംഗ്‌കുംബോ യെമിന്യാന്യ എന്ന ഈ കൃതി ആധുനിക വിദ്യാഭ്യാസവും പരമ്പരാഗത വിശ്വാസവും തമ്മിലും പ്രണയത്തിനു ശേഷമുള്ള ക്രിസ്‌ത്യന്‍ വിവാഹവും പരമ്പരാഗത ആചാരങ്ങളും ബഹുഭാര്യാത്വവും തമ്മിലുമുള്ള പൊരുത്തക്കേടുകള്‍ ചിത്രീകരിക്കുന്നു.
1948-ൽ വർണവിവേചനനയത്തിന് ആക്കം കൂടുകയും 1955-ൽ ബാന്തു വിദ്യാഭ്യാസനിയമം പ്രാബല്യത്തിൽ വരികയും ചെയ്‌തതോടെ ശരാശരി ആഫ്രിക്കക്കാരന്റെ മോഹങ്ങളും അഭിലാഷങ്ങളും തകർക്കപ്പെട്ടു. പ്രാദേശിക ഭാഷാകൃതികളുടെ നിലവാരം കുറഞ്ഞെങ്കിലും 1969-ൽ ഫോർട്ട് ഹാരെ സർവകലാശാലയിൽനിന്നും ഡിംബാസ എന്ന പേരിൽ ഒരു സാഹിത്യമാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന എക്‌സോസ സാഹിത്യം പുത്തന്‍പ്രവണതകള്‍ ഉള്‍ക്കൊണ്ട് അഭിവൃദ്ധിയുടെ പാതയിലാണ്.
സുലു
എക്‌സോസ സാഹിത്യത്തിന്റെ ആവിർഭാവത്തിനു വളരെക്കാലം കഴിഞ്ഞാണ് സുലു സാഹിത്യം തുടങ്ങിയത്. നിർഭാഗ്യവശാൽ യൂറോപ്യന്‍ ആധിപത്യത്തിൽനിന്നുള്ള മോചനവും അധികമായ സൈനികശേഷിയുമാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബംബാറ്റ ലഹള അമർച്ച ചെയ്‌തതോടെ 1906-ലാണ് സുലു പ്രദേശം യൂറോപ്യന്‍ അധീനതയിൽ വരുന്നത്. മിഷനറി പ്രവർത്തനങ്ങള്‍ സുലു സാഹിത്യത്തിന്റെ ആരംഭദശയിൽ കണക്കറ്റ സ്വാധീനം ചെലുത്തി. അമിതമായ ദേശീയബോധവും ആങ്ങാവബോധവും മിഷനറിമാരുടെ ആധുനികവത്‌കരണ പ്രക്രിയയ്‌ക്കു തടസ്സങ്ങളായിത്തീർന്നു. യൂറോപ്യന്‍ പ്രമേയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‌പ് ആദ്യകാല സുലു രചനകളിൽ പ്രകടമാണ്. പില്‌ക്കാലത്ത് യൂറോപ്യന്‍ ചിന്താഗതിയും പരമ്പരാഗത സാംസ്‌കാരിക മൂല്യങ്ങളും കോർത്തിണക്കുന്ന തരത്തിലായിരുന്നു സുലു സാഹിത്യകൃതികള്‍. നാടകരചനയിലും സ്റ്റേജിലെ ആവിഷ്‌കാരത്തിലും പാശ്ചാത്യമാതൃകകളെ നിരസിക്കാനുള്ള വ്യഗ്രതയാണുണ്ടായിരുന്നത്. സുലു സംസ്‌കാരത്തിന്റെ അടിവേരുകള്‍ക്ക് ഇളക്കം തട്ടാതിരിക്കാന്‍ നാടക രചയിതാക്കള്‍ ബദ്ധശ്രദ്ധരായിരുന്നു.
1922-ൽ പ്രസിദ്ധീകരിച്ച മഗെമക മഗ്‌വാസ ഫുസെയുടെ അബന്‍തു, അബമ്‌ന്യാമ ലാഭ ബവെല ന്‌ഗാഖോനയാണ് സുലു ഭാഷയിലെ പ്രഥമ സാഹിത്യകൃതി. ദേശീയാവബോധം, പാരമ്പര്യത്തെക്കുറിച്ചുള്ള അഭിമാനം, ചരിത്രാവബോധം, ബാന്തുഐക്യം എന്നിവ ഈ കൃതി ഉദ്‌ഘോഷിക്കുന്നു. പ്രത്യേക ചരിത്രപശ്ചാത്തലം കാരണം സുലു രചനകള്‍ രാഷ്‌ട്രീയവും സാമൂഹികവുമായ അവബോധം സംജാതമാക്കുന്നതിൽ ഇതര ഭാഷാകൃതികളെക്കാള്‍ വിജയം കൈവരിച്ചു.
ജോണ്‍ എൽ. ഡുബെ, തോമസ് മൊഫൊളൊ, സോള്‍. റ്റി പ്ലശ്ശാട്‌യെ എന്നിവരാണ് 1930-കളിലെ ശ്രദ്ധേയരായ സുലു സാഹിത്യകാരന്മാർ. സുലു പാരമ്പര്യവും ചരിത്രവും പുതിയ സാഹിത്യ സങ്കേതവുമായി കൂട്ടിയിണക്കുന്നതിന് ഇവർ യത്‌നിച്ചു.സുലു ഗദ്യസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡുബെയുടെ ആദ്യത്തെ നോവലാണ് ഇന്‍സില കത്‌ഷാക. രണ്ടു ധ്‌ലോമോ സഹോദരന്മാർ നോവൽ സാഹിത്യം പരിപുഷ്‌ടമാക്കുന്നതിൽ ശ്രദ്ധപുലർത്തി. റെജിനാള്‍ഡ് റെയ്‌മണ്ട് ധ്‌ലോമോ ചരിത്രപരവും സാമൂഹികവുമായ ധാരകളെ സംയോജിപ്പിക്കുകയും ഇളയ സഹോദരനായ ഹെർബെർട്-ഐ.ഇ. ധ്‌ലോമോ ബാന്തു സംസ്‌കാരവും കലാരൂപങ്ങളും ഒത്തിണക്കുകയും ചെയ്‌തു. ഇവർ ആഫ്രിക്കന്‍ ജീവിതവീക്ഷണവും കലാപാരമ്പര്യവും ഉദ്‌ഘോഷിച്ചു. മറ്റൊരു സാഹിത്യകാരനായ ബെനഡിക്‌ട് വാലെറ്റ് വിലകാസിയും സുലുപാരമ്പര്യത്തിൽ അഭിമാനം കൊണ്ട വ്യക്തിയാണ്. പരമ്പരാഗത ജീവിതരീതി ഉപേക്ഷിച്ച് ആധുനിക യാന്ത്രിക രീതികള്‍ അവലംബിക്കുന്ന ആഫ്രിക്കന്‍ ജനതയുടെ അവസ്ഥയിൽ വിലകാസി വിലപിച്ചു. മിക്കവാറും എല്ലാ ആധുനിക സുലു സാഹിത്യകാരന്മാരും വർണവിവേചന നയം ഉയർത്തുന്ന സാമൂഹിക പ്രശ്‌നങ്ങളിൽനിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുകാരണം നാടുകടത്തപ്പെട്ട മസീസി കുനേനെ ഈ കാലഘട്ടത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്.
ന്‌ഗ്‌കോബോ, ഡി.ബി. ഇസഫ്‌ന്‌തുലി, ലെവിസ് ന് കോസി എന്നിവരാണ് സുലു ഭാഷയിലെ മറ്റു പ്രമുഖരായ എഴുത്തുകാർ.
ആഫ്രിക്കാന്‍സ്
ദക്ഷിണാഫ്രിക്കയിലെ ഒരു ദേശീയഭാഷയാണ് ആഫ്രിക്കാന്‍സ്. മിക്കവാറും ഡച്ച് വംശജരുടെ പ്രഥമ ഭാഷയാണിത്. 1933-ൽ വിശുദ്ധ ബൈബിളിന്റെ ആഫ്രിക്കാന്‍സ് ഭാഷയിലുള്ള സമ്പൂർണ വിവർത്തനം പ്രസിദ്ധീകൃതമായി. യൂജിന്‍മറൈസ് നിരവധി കവിതകളും പ്രകൃതിശാസ്‌ത്രഗ്രന്ഥങ്ങളും രചിച്ച് പ്രശസ്‌തി നേടി. എന്‍.പി. വാന്‍വിക്‌ലൂവ് ആഫ്രിക്കാന്‍സിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനായി ആദരിക്കപ്പെടുന്നു. സി.എൽ. ലെയ്‌പോള്‍ഡ്, സി.ജെ. ലാംഗെന്‍ ഹോവന്‍, ഉയിസ് കൃഗെ, ഡി.ജെ. ഓപ്പർമാന്‍, ആഡംസ്‌മാള്‍ എന്നിവരാണ് മറ്റു പ്രധാന ആഫ്രിക്കാന്‍സ് സാഹിത്യകാരന്മാർ, സെസ്റ്റിഗേർസ് എന്ന പേരിൽ അറിയപ്പെടുന്ന ആധുനിക സാഹിത്യകാരന്മാരിൽ പ്രമുഖരാണ് എറ്റിയേന്‍ ലെയ്‌റൂ, ആന്‍ഡ്രാ ബ്രിങ്ക്, ബ്രയ്‌റ്റെന്‍ ബ്രയ്‌റ്റെന്‍ ബാഹ് എന്നിവർ.
മെഡിറ്ററേനിയന്‍ തീരത്തുള്ള ആഫ്രിക്കന്‍ജനപദങ്ങളിലെ ദേശീയഭാഷയായ അറബിയെ ഒഴിച്ചുനിർത്തി, സഹാറമരുഭൂമിക്കു തെക്കുവശമുള്ള ഭാഗങ്ങളിൽ സംസാരിക്കുന്നവയെമാത്രമേ ആഫ്രിക്കന്‍ഭാഷകളായി കണക്കാക്കിവരുന്നുള്ളു. ചെറിയ ചെറിയ ഭൂഭാഗങ്ങളിൽ പരിമിതമായ തോതിൽ, പ്രത്യക്ഷത്തിൽ വ്യത്യസ്‌തമെന്നുതോന്നുന്ന നിരവധി ഭാഷാഭേദങ്ങള്‍ക്ക് നടുവിൽ വ്യാപകമായി പ്രചരിക്കുന്ന മറ്റു ഭാഷകളുമുണ്ട്; കിഴക്കനാഫ്രിക്കയിലെ സ്വാഹിലി, കോംഗോതടങ്ങളിലെ ലിംഗാല, മധ്യരേഖാ പ്രദേശത്തെ സാംഗോ, പശ്ചിമാഫ്രിക്കയിലെ ഹാസ എന്നിവ അക്കൂട്ടത്തിൽ ഉള്‍പ്പെടുന്നു. പക്ഷേ ഈ ഭാഷകള്‍ക്കൊന്നിനും കാര്യമായ സാഹിത്യസമ്പത്തില്ല. വിവിധ ആഫ്രിക്കന്‍ ജനതകളെ ഒരുമിപ്പിക്കുന്നതിനുതകുന്ന ഭാഷാപരമോ സാഹിത്യപരമോ ആയ ഒരു സാംസ്‌കാരികൈക്യം ആഫ്രിക്കയ്‌ക്കില്ലാത്തതിനാൽ "ആഫ്രിക്കന്‍ സാഹിത്യം' എന്ന സംജ്ഞ, ഏതാണ്ട് അപ്രസക്തമാണ്.
ദക്ഷിണാഫ്രിക്കന്‍ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നായ ആഫ്രിക്കാന്‍സിന്റെ സാഹിത്യം 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി വികസിച്ചുതുടങ്ങി. മതപരവും സാംസ്‌കാരികവുമായ ആവശ്യത്തിനു മാത്രം ഉപയോഗത്തിലിരുന്ന ഈ ഭാഷയ്‌ക്ക് ഗണ്യമായ ഒരു സാഹിത്യസമ്പത്ത് ഉണ്ടായിട്ടുണ്ടെന്നു പറയുകവയ്യ. ആദ്യകാലത്ത് ചില ഗുണദോഷവാക്യങ്ങളും മറ്റും വൃത്തബന്ധികളായി ഈ ഭാഷയിൽ പ്രചരിച്ചിരുന്നു. ഈ ശ.-ത്തിന്റെ ആദ്യപകുതിയിൽ ആഫ്രിക്കാന്‍സ് കവിതയെ ജനകീയാവേശത്തിന്റെ ഉത്തേജനത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയവർ എന്‍.പി. വാന്‍ ഐക്ക് ലൂവ്, എലിസബത്ത് എയ്‌വേഴ്‌സ്, ഡി. ജെ. ഓപ്പർമാന്‍ തുടങ്ങിയ കവികളായിരുന്നു.
ഇക്കൂട്ടത്തിൽ ദക്ഷിണാഫ്രിക്കന്‍ ജീവിതയാഥാർഥ്യങ്ങളെ ചെറുകഥകളിലും നോവലുകളിലും പകർത്താന്‍ ശ്രമിച്ച ജി.ആർ. വാന്‍വില്ലി, ജെ. എഛ്, എഛ്. ഡി. വാള്‍ തുടങ്ങിയ ഗദൃകൃത്തുക്കളും പ്രാധാന്യമർഹിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ മല്ലിടലിനെ ചിത്രീകരിച്ച നോവലിസ്റ്റുകളാണ് ഡി.എഫ് മൽഹെർബോ, സി.എം. വാന്‍ഡെന്‍ഹീവർ, ജെ. വാന്‍മെല്ലി, എ.എഛ്. ജോക്കർ തുടങ്ങിയവർ; ലിയ്‌പോള്‍ഡ്‌റ്റ്, ഗ്രാസ്‌കോപ്‌ഫ്, ജി.എഛ്. ബ്യൂക്‌സ് എന്നിവരുടെ നാടകങ്ങളും ശ്രദ്ധേയമാണ്.
ശൈശവദശയിലാണെങ്കിലും ആഫ്രിക്കാന്‍സ് വളരെ വേഗം നല്ല ഒരു സാഹിത്യസമ്പത്തിന്റെ ഉടമയായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിനും ദക്ഷിണാഫ്രിക്കയിൽ സാമാന്യം വികാസം സിദ്ധിച്ചിട്ടുണ്ട്. നോ: അംഹാറിക് ഭാഷ; കുഷിറ്റിക്; കോപ്‌റ്റിക്; ബന്തു; ബെർബർ; സഹാറന്‍; സുഡാനിക്; സെമിറ്റിക്; സ്വാഹിലി; ഹട്ടന്‍ടോട്ട്; ഹമിറ്റിക്
മലഗാസി
ആഫ്രിക്കന്‍ സാഹിത്യചരിത്രത്തെ സംബന്ധിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കുവാന്‍ അറബികളുടെയും തുർക്കികളുടെയും ആക്രമണങ്ങളെ വിലയിരുത്തേണ്ടതാണ്. രണ്ടുതരം അജമി സാഹിത്യമാണ് ഇവമൂലം ഉളവായിട്ടുള്ളത്. മഡഗാ സ്‌കറിൽ രൂപംകൊണ്ട അജമി സാഹിത്യത്തിന് ദീർഘായുസ്സുണ്ടായിരുന്നില്ലെങ്കിലും സാന്‍സിബാർ, കെനിയ, താന്‍സാനിയ എന്നിവിടങ്ങളിൽ രൂപമെടുത്ത അജമി സാഹിത്യത്തിന് വിശ്വസാഹിത്യ വേദിയിൽ ചിരപ്രതിഷ്‌ഠ നേടാന്‍ കഴിഞ്ഞു.
17,18 ശ.-ങ്ങളിൽ മലഗാസി ഭാഷയിൽ രചിക്കപ്പെട്ട പല കയ്യെഴുത്തു പ്രതികളും കണ്ടെടുത്തിട്ടുണ്ടെങ്കിലും സാഹിത്യരചനകളൊന്നും ഇവയിൽ ഉള്‍പ്പെടുന്നില്ല. റോമന്‍ ലിപി സ്വീകരിക്കുന്നതിനു വളരെ മുമ്പുതന്നെ അജമി ഭാഷയിലുള്ള രചനകള്‍ പ്രചാരത്തിലിരുന്നു. 19-ാം ശ.-ത്തിൽ മതപ്രചാരണം നടത്തിയ ക്രിസ്‌തീയ പുരോഹിതന്മാർ അജമി ഭാഷയിലുള്ള അനേകം ഇസ്‌ലാംമത കയ്യെഴുത്തു പ്രതികള്‍ നശിപ്പിച്ചതായി കരുതപ്പെടുന്നു. 1823-ൽ മലഗാസി ഭാഷ റോമന്‍ ലിപി സ്വീകരിച്ചു. 1827-ൽ ഒരു അച്ചടിശാലയും സ്ഥാപിക്കപ്പെട്ടു. മതഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ക്കൊപ്പം ബനിയന്റെ ദ് പിൽഗ്രിംസ് പ്രാഗ്രസ് എന്ന കൃതിയുടെ മലഗാസി പരിഭാഷയും ഇക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. മലഗാസി ക്രിസ്‌ത്യാനികള്‍ക്കിടയിൽ ഈ കൃതിക്ക് വമ്പിച്ച പ്രചാരമാണ് ലഭിച്ചത്. 1828-ൽ മലഗാസി ഭാഷയിൽ രചിക്കപ്പെട്ട സ്‌തുതിഗീതങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗ്രന്ഥത്തിന്റെ രചനയിൽ പാശ്ചാത്യപുരോഹിതന്മാർക്കൊപ്പം മലഗാസികളും പങ്കെടുത്തു. 1830-കളിൽ മലഗാസി ഭാഷയിൽ പ്രസിദ്ധീകരിച്ച ഈസോപ്പുകഥകളും വമ്പിച്ച പ്രചാരം നേടി. പാശ്ചാത്യ പുരോഹിതന്മാർ പുറംതള്ളപ്പെട്ടതോടെ മലഗാസി ചരിത്രരചനയ്‌ക്കു കൂടുതൽ പ്രാമുഖ്യം ലഭിച്ചു. റാവോമ്പാന (1809-55) ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും എച്ചായിരം പേജുകളുള്ള ഒരു ചരിത്രരചന ഇംഗ്ലീഷ് ഭാഷയിൽ നിർവഹിക്കുകയും ചെയ്‌തു. 1860-കളിൽ രചിക്കപ്പെട്ട മറ്റൊരു ചരിത്രകൃതിയും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ കൃതികളുടേയും പരമ്പരാഗത കഥകളുടേയും അടിസ്ഥാനത്തിൽ ഫ്രഞ്ചു സാഹിത്യകാരനായ കാലെ രചിച്ച തംതരസൈ ആന്‍ഡ്രിയാന എറ്റൊ ഇമെറിനാ 1870-കളിൽ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. മലഗാസി ഉദ്യോഗസ്ഥനായിരുന്ന റൈനാന്‍ഡ്രിയമം പാന്‍ഡ്രി 1896-ൽ പ്രസിദ്ധീകരിച്ച തംതരസൈ ഫൊംബാ ഡ്രസാന എന്ന കൃതിയും പ്രത്യേകം ശ്രദ്ധേയമാണ്.
റാണവലോണ രാജ്ഞിയുടെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥരായിരുന്ന റാഹറോ, റാഹറോലാഹി എന്നിവർ രചിച്ച മലഗാസി കവിതകളുടെ ഒരു സമാഹാരം ഹൈന്‍-തെനി എന്ന പേരിലറിയപ്പെടുന്നു. ഇക്കാലത്ത് രചിക്കപ്പെട്ട പല സാഹിത്യകൃതികളും ഫ്രഞ്ച് ആക്രമണകാലത്ത് നശിപ്പിക്കപ്പെട്ടു. 1895-ൽ ഫ്രഞ്ച് ഭരണം സ്ഥാപിതമായതോടെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പുത്തനുണർവുണ്ടായി. തെനിസോവ , റെസാക , അന്‍താന്‍നറിവെ അന്വൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പ്രചാരം നേടി. 1835-97 കാലയളവിൽ ജീവിച്ചിരുന്ന ജോസെഫേ ആന്‍ഡ്രിയ നൈവോറവെ ലോണ മലഗാസി ബൈബിള്‍ പരിഷ്‌കരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും അനേകം കവിതകള്‍ രചിക്കുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ സമകാലികനായ ബാസിലിഡെ റാഹിഡി (1839-83) രചിച്ച ഫാനോഹരണ എന്ന കൃതി വമ്പിച്ച ജനപ്രീതി നേടി. മലഗാസി ഭാഷയിലെ പഴഞ്ചൊല്ലുകള്‍ വിശദീകരിക്കുന്ന ഒരു കൃതിയാണിത്. ഇക്കാലത്ത് മലഗാസി ഭാഷയിൽ രചിക്കപ്പെട്ട ഫിതിയാവന്‍-താനിന്‍ ഡ്രാസന എന്ന നാടകം പോർത്തുഗീസ് സഞ്ചാരികളെ കളിയാക്കുകയും ദേശീയതയ്‌ക്കു പ്രാമുഖ്യം കല്‌പിക്കുകയും ചെയ്‌തു. ഫ്രഞ്ച് ഭരണകാലത്ത് മലഗാസി സാഹിത്യകാരന്മാർ ദേശീയ ഭാഷയിൽ സാഹിത്യരചന നടത്തുന്നതിൽ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. ആന്‍ഡ്രിയ മതോവ (1864-1947) അനേകം സാന്മാർഗിക നോവലുകള്‍ രചിച്ചു. ജസ്റ്റിന്‍ റൈനിസാനബോളൊളൊന (1861-1938) ഏതാനും കവിതകള്‍ രചിക്കുകയും കവിതയെ സംബന്ധിച്ച് മലഗാസി ഭാഷയിൽ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്‌തു. നോവലിസ്റ്റും പത്രപ്രവർത്തകനുമായ ത്‌സെലാട്രറാജൊ ആനയാണ് ഇക്കാലത്തെ മറ്റൊരു പ്രമുഖ സാഹിത്യകാരന്‍. ആധുനിക മലഗാസി നടാകവേദിക്കും ഇവർ വിലപ്പെട്ട സംഭാവനകള്‍ നല്‌കുകയുണ്ടായി.
ആധുനിക മലഗാസി നാടകകൃത്തുകളിൽ ആർതർ റാസാകരിവോനി (1897-1967) രചിച്ച റാനോ മോഡി , സാംഗിമഹേരി എന്നീ നാടകങ്ങള്‍ ശ്രദ്ധേയമാണ്. പരമ്പരാഗത ജാതി സമ്പ്രദായം ഉളവാക്കുന്ന പ്രശ്‌നങ്ങളാണ് ഈനാടകങ്ങളിലും പ്രതിപാദ്യം. കോളനി വാഴ്‌ചക്കാലത്ത് നാടക സാഹിത്യത്തോടൊപ്പം കവിതാതരംഗവും പുഷ്‌ടി പ്രാപിക്കുകയുണ്ടായി. ആധുനിക മലഗാസി കവിതയ്‌ക്ക് അടിത്തറ പാകിയത് റൈനിസാന ബോളൊളൊനയാണെങ്കിലും അതിന് പ്രചുരപ്രചാരം നേടിക്കൊടുത്തത് എഡുവാർഡ് ആന്‍ഡ്രിയാന്‍ജ ഫിത്രിമോയാണ്. ഇദ്ദേഹത്തിന്റെ ബാസിവാവ, നൈലോഹരാനോ, സകഫൊന്‍തിസൈനാ എന്നീ വാരികകളിൽ മലഗാസി സാഹിത്യകാരന്മാരുടെ അനേകം കവിതകളും കഥകളും വെളിച്ചം കണ്ടു. ഗൃഹാതുരത്വവും മോഹഭംഗങ്ങളുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ അന്തർധാര.
ഫ്രഞ്ച് കൊളോണിയൽ ഭരണത്താൽ നിരാശരായ മലഗാസി ജനതയുടെ വികാരവിചാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കവിതകള്‍ രചിച്ച റവനന്‌ഡതോവനിനാ ഈ കാലഘട്ടത്തിലെ മുഖ്യസാഹിത്യകാരനാണ്. ഫ്രഞ്ച് ഭരണകാലത്തെ മലഗാസി സാഹിത്യത്തെ പരിപോഷിപ്പിച്ച മറ്റൊരു സാഹിത്യകാരനാണ് പുരോഹിതനായ റവ. മോറിസ്‌റാസാ മുയെൽ (1886-1954). മലഗാസിയിലെ പരമ്പരാഗത നാടന്‍ പാട്ടുകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭക്തിപരവും ഭാഷാപരവുമായ അനവധി രചനകള്‍ ഇദ്ദേഹം നിർവഹിച്ചു. നൈ ഫിനെനിൽ ഡ്രസാന എന്ന പേരിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥം മലഗാസി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരമാണ്. പൂർവകാല യുദ്ധങ്ങള്‍ ചിത്രീകരിക്കുന്ന താവോ മഞ്ച കഡോറിയ (1942) എന്ന ചരിത്ര നോവൽ ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയായി കരുതപ്പെടുന്നു. ആധുനിക സാഹിത്യകാരന്മാരിൽ മുന്നിട്ടു നില്‌ക്കുന്നവർ ഫ്രഞ്ചു ഭാഷയിൽ സാഹിത്യരചന നടത്തുന്നവരാണ്. എം.എഫ്. റോബിനാരി (1892-1971), ജെ.ജെ. റബിയ റിവെലോ (1901-37) എന്നിവർ ഇക്കൂട്ടത്തിൽ ശ്രദ്ധേയരാണ്. എങ്കിലും മലഗാസി ഭാഷയിലുള്ള സാഹിത്യരചനകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചു വരുന്നത്.
സബ് സഹാറന്‍ ആഫ്രിക്കയിലെ ഇതര ഭാഗങ്ങളിൽ വ്യവഹാരത്തിലിരിക്കുന്ന ചില ഭാഷകളിലും മികച്ച സാഹിത്യകൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മെന്‍ഡെ, ട്വി, ഐവെ എന്നീ പശ്ചിമാഫ്രിക്കന്‍ ഭാഷകളിലും കികുയു, കോംഗോ, ഗാന്‍ഡ എന്നീ ദക്ഷിണാഫ്രിക്കന്‍ ഭാഷകളിലും ഷോന, സോഥോ, ത്‌സ്‌വാനാ എന്നീ ദക്ഷിണാഫ്രിക്കന്‍ ഭാഷകളിലും പ്രശസ്‌തിയാർജിച്ച ചില കൃതികളും സാഹിത്യകാരന്മാരുമുണ്ട്. 1950-ൽ ഇ.എ.സ്വാരി മാത്യൂ ആർനള്‍ഡിന്റെ റസ്റ്റം ആന്‍ഡ് സൊറാബ് മെന്‍ഡെ ഭാഷയിലേക്കു വിവർത്തനം ചെയ്‌തു. ഗോള്‍ഡ് കോസ്റ്റിൽ പരക്കെ സംസാരിക്കപ്പെടുന്ന ട്വി ഭാഷയിൽ ജെ.ജെ. അഡായെ, ഇമ്‌മാനുവൽ ജോസ്യൂ, ജോസഫ് കുമ്പൂറോ, മൈക്കേൽ ബേടെങ് അമാന്‍ഫെ, ഇ.എം. ഓപൊംഗ്, ക്വാബു അഡൊം അംപോഫോ എന്നിവർ സാഹിത്യ രചന നിർവഹിച്ചു. എമിൽ ഡിസെംഗ് മോക (1915-65) പ്രഥമ യഥാർഥ കോംഗോ നോവലിസ്റ്റായി അറിയപ്പെടുന്നു. കോംഗോ ഭാഷയിൽ സാഹിത്യരചന നടത്തിയവരിൽ ജാക്വസ്, എന്‍.ബഹിൽ, ആന്ദ്രാമസാകി, മ്‌വേന്‍ നുന്‍സോനിയ, എ.ഫികിയുകിയാ ബുസേകി എന്നിവരും ഉള്‍പ്പെടുന്നു. ഒരു ബാന്തു ഭാഷയായ ഗാന്‍ഡയിൽ സാഹിത്യസൃഷ്‌ടികള്‍ രചിച്ചവർ എരിഡാഡി, കെ. മുളീറാ, മൈക്കേൽ ന് സിംബി, എഡ്വവേർഡ് കവേരെ, വൈ.ബി. ലുബാംബുല, ജാക്‌സണ്‍ കസ്‌വ, ക്രിസ്റ്റഫർ കിവാന്‍ക, മുസി സിബിന്‍ സാംഗവാനോ എന്നിവരാണ്. സോളമന്‍ എം. മുത്സ് വൈരോ, ബെർണാർഡ് ചിഡ്‌സെറോ, ജോണ്‍മാരംഗ വാന്‍ഡ, സേവിയർമാരി മാഹിറാ, ഇമ്മാനുവൽ എഫ്. റിബൈറോ തുടങ്ങിയവർ ഷോനഭാഷയിൽ ശ്രദ്ധേയമായ കൃതികള്‍ രചിച്ചു. തെക്കുകിഴക്കന്‍ ഘാനയിലെ പ്രധാന ഭാഷയായ ഐവെയിലെ അറിയപ്പെടുന്ന എഴുത്തുകാരാണ് ബെർനാഡ് ഷ്‌ലെഗൽ, ഫെർഡിനാന്‍ഡ് ക്വാസി ഫിയാവൂ, പി.എം. ദെസെവു, ഇ.കെ. അമൊഗാഷി, ലിലിബെറ്റാ, സി.എ.ആർ.നെക്കു, എച്ച്.കെ.ബി. സെറ്റ് സോഫിയ, സി.കെ. ന്യോമി, ഇനോക് ഗുമാ, സാം ഓബിയാനിം, അയെനാ എന്നിവർ. കിഴക്കനാഫ്രിക്കയിലെ കികുയു വംശജനായ ജോമോ കെന്ന്യാത്ത, ഫേസിംഗ് മൗണ്ട് കെനിയാ എന്ന പുസ്‌തകത്തിന്റെ പ്രസാധനത്തോടെ 1935-ൽ അന്താരാഷ്‌ട്ര പ്രശസ്‌തി നേടി. മുഗാഗികാരു, കരിയുകി, ജോസിയ മ്വാംഗി, മുഗോഗഥേരൂ, ജെയിംസ് ന്‌ഗുഗി, ചാരിറ്റി വാസിയുമ, ജോണ്‍ കരോബി, ഗോഡ്‌വിന്‍ വാചിറ, സ്റ്റീഫന്‍ നഗ് ബായിഹ എന്നിവരാണ് പ്രശസ്‌തരായ മറ്റു കികിയു സാഹിത്യകാരന്മാർ.
അന്താരാഷ്‌ട്ര പ്രസിദ്ധി നേടിയ തോമസ് മെഫോളൊ സോഥോ ഭാഷയിലാണ് സാഹിത്യരചന നിർവഹിച്ചത്. എവറിറ്റ് ലെച്ചേസ സെഗോട്ടെ, എഡ്വവേർഡ് മോട്‌സമൈ, സാകിയ, ഡി മംഗോവയേല, ആഡം ജെ. സെലാനെ, കെമുവേൽ ഇ. ന്ത്‌സാനെ, ബെന്നറ്റ് ഖാകേത്‌ലാ, മല്ലാനെ ലിബാകെന്ദ് മൈലെ, ആറ്റ് വെൽ സിഡ്‌വെൽ മോപെലിപൗലസ്, സോഫോണിയ മോഫോകെംഗ് എന്നിവരാണ് സോഥോഭാഷയിലെ പ്രമുഖരായ മറ്റു സാഹിത്യകാരന്മാർ. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ഭാഷയായ ത്‌സ്‌വാനയിൽ ലെറ്റിൽ ഡിസാങ് റാഡിറ്റ് ലാഡി, സാമഥോയാനെ, ഡേവിഡ് സന്‍പെൽമാന്‍ മൊളോറ്റോ, മൈക്കേൽ സെബോണി, സാംസണ്‍ മൊറോകെ, ഡി.പി.എസ്. മൊനിയൈസെ, ജോസഫ് ന് തിസിമെ എന്നിവർ സാഹിത്യരചന നടത്തിയിട്ടുണ്ട്.
സാഹിത്യം പാശ്ചാത്യ ഭാഷകളിൽ
ഒന്നാം ലോകയുദ്ധത്തിനുശേഷം കറുത്തവർഗ ആഫ്രിക്കന്‍ സാഹിത്യം ഉടലെടുത്തു. അതിനു മുമ്പ് വായ്‌മൊഴി സാഹിത്യം പ്രബലമായിരുന്നുവെങ്കിലും പാശ്ചാത്യ മേൽക്കോയ്‌മ മൂലം പ്രസ്‌തുത സാഹിത്യശാഖയ്‌ക്കു പുരോഗതി നേടാന്‍ കഴിഞ്ഞില്ല. കൊളോണിയൽ വാഴ്‌ചയുടെ തുടക്കത്തോടെയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിൽ സാഹിത്യരചന ആരംഭിക്കുന്നത് അധിനിവേശ വർഗത്തിന്റെ പൂർവ ചരിത്ര പശ്ചാത്തലവും ഭാഷയും ഒത്തുചേർന്നപ്പോള്‍ ആഫ്രിക്കന്‍ തനിമയുള്ള ഒരു സാഹിത്യസംസ്‌കാരത്തിന് നാന്ദികുറിച്ചു. അരനൂറ്റാണ്ടുകൊണ്ട് പാശ്ചാത്യ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർത്തുഗീസ് എന്നിവയിൽ രചിക്കപ്പെട്ട ആഫ്രിക്കന്‍ കൃതികള്‍ക്ക് വിശ്വസാഹിത്യവേദിയിൽ വേണ്ടത്ര അംഗീകാരം സിദ്ധിച്ചു.
ആഫ്രിക്കയെ ഒരൊറ്റ യൂണിറ്റായി കാണുന്നതിനുള്ള പ്രവണത ഈ സാഹിത്യത്തിന്റെ വിലയിരുത്തലിനു വിഘാതം സൃഷ്‌ടിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിൽ ഉള്‍പ്പെടുന്ന രാഷ്‌ട്രങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളുടെ സമാനസ്വഭാവം ആഫ്രിക്കയെ ഒരൊറ്റ സാഹിത്യസാംസ്‌കാരിക വിഭാഗമായി കാണാനുള്ള സ്ഥിതിവിശേഷം സംജാതമാക്കുന്നു. ഒരു ഭൂഖണ്ഡത്തിലെ ഭിന്ന ഭൂവിഭാഗങ്ങളിൽപ്പെടുന്നവരാണെങ്കിലും പാശ്ചാത്യ ഭാഷകളിൽ സാഹിത്യരചനയിൽ ഏർപ്പെട്ടവർ ഏറിയപങ്കും "ആഫ്രിക്കന്‍' എന്ന പേരിൽ അറിയപ്പെടാനാണാഗ്രഹിച്ചത്. രാഷ്‌ട്രീയ മാറ്റങ്ങള്‍ ഉണ്ടായതോടെ ഈ സ്ഥിതിക്കു മാറ്റം സംഭവിച്ചുവെങ്കിലും പരസ്‌പരബന്ധമുള്ള യൂണിറ്റുകള്‍ ചേർന്ന വിഭിന്ന സംസ്‌കാരങ്ങളുടെ സമന്വയമാണ് ഇന്നത്തെ ആഫ്രിക്കന്‍ സാഹിത്യം.
പൂർവ-മധ്യ ആഫ്രിക്കന്‍ പ്രദേശങ്ങളിൽ നിവസിക്കുന്ന എഴുത്തുകാരിൽനിന്നും തികച്ചും വ്യത്യസ്‌തമായ സാഹിത്യാഭിരുചിയാണ് പശ്ചിമാഫ്രിക്കക്കാർക്കുള്ളത്. വർണവിവേചനം കൊടുമ്പിരിക്കൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയിൽ ഉടലെടുത്ത സാഹിത്യം ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിലെ സാഹിത്യത്തിൽ നിന്നും വ്യത്യസ്‌തമാണ്. ഇത്തരം വൈരുധ്യങ്ങള്‍ക്കിടയിലും ആഫ്രിക്കയിലെ കറുത്ത വംശജർ സാമൂഹിക അസമത്വത്തിന്റെ പേരിലുള്ള പീഡനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൊളോണിയൽ വാഴ്‌ച അടിച്ചേല്‌പിച്ച തിക്താനുഭവങ്ങള്‍ വിപ്ലശ്ശവകരമായി പ്രതികരിക്കേണ്ട ആവശ്യകതയെപ്പറ്റി ആഫ്രിക്കന്‍ ജനതയിൽ ബോധ്യമുണർത്തി. സ്വാതന്ത്യ്രാഭിലാഷവും ആങ്ങാഭിമാനബോധവും ഭൂമിശാസ്‌ത്രപരമായ വ്യത്യാസങ്ങള്‍ക്കു മങ്ങലേല്‌പിക്കുകയും പ്രാദേശികാതിർത്തികള്‍ക്കതീതമായി സാഹിത്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെതായി പരിണമിക്കുകയും ചെയ്‌തു.
ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ആവിർഭാവത്തിനു പ്രരക ശക്തിയായി ഭവിച്ചത് തോട്ടം തൊഴിലാളികളുടെ ദുഃഖാനുഭവങ്ങളാണ്. അടിമവേല ചെയ്‌തു വന്ന കറുത്ത വർഗക്കാർ വർണവിവേചനത്തിന്റെ പേരിൽ നിരന്തരമായി പീഡനങ്ങള്‍ക്കു വിധേയരാകേണ്ടിവന്നു. വെളുത്ത വർഗക്കാർ കറുപ്പുനിറത്തെ അസ്വാതന്ത്യ്രത്തിന്റേയും പിന്നോക്കാവസ്ഥയുടേയും ലക്ഷണങ്ങളായി വ്യാഖ്യാനിച്ചു. കൊളോണിയൽ വാഴ്‌ച അധിനിവേശവർഗത്തിന്റെ ഭാഷ സ്വായത്തമാക്കേണ്ട സ്ഥിതിവിശേഷം ആഫ്രിക്കന്‍ വംശരിൽ സംജാതമാക്കി. ഇക്കാരണത്താൽ മിക്ക എഴുത്തുകാർക്കും സാഹിത്യരചന വിദേശ ഭാഷകളിൽനിർവഹിക്കേണ്ടിവന്നുവെങ്കിലും പില്‌ക്കാലത്ത് അസമത്വത്തിനും അനീതിക്കുമെതിരെ പോരാടാന്‍ സാഹിത്യം ശക്തമായ ആയുധമായി മാറുകയുണ്ടായി.
വിശ്വാസാഹിത്യരംഗത്ത് ശ്രദ്ധേയരായ ആഫ്രിക്കന്‍ എഴുത്തുകാരെല്ലാം വിദേശ ഭാഷകളിലാണെഴുതുന്നത്. വെള്ളക്കാരനോടുള്ള അമർഷവും വെറുപ്പും പ്രകടിപ്പിക്കലായിരുന്നു ആദ്യകാല സാഹിത്യകൃതികളുടെ ലക്ഷ്യം. നൈജീരിയന്‍ കവിയായ ഡെനീസ് ഓസഡാബിയുടെ യുവ ആഫ്രിക്കയുടെ വിലാപം ഇതിനുദാഹരണമാണ്. നിരാശയോടൊപ്പം ആഫ്രിക്കയുടെ കാല്‌പനിക സൗന്ദര്യം ഉദ്‌ഘോഷിക്കുന്നതാണ് ആഫ്രിക്ക എന്ന ഡേവിഡ് ഡിയോപിന്റെ കവിത.
വളരെയൊന്നും വികാസം പ്രാപിക്കാത്തതാണ് ആഫ്രിക്കന്‍ സാഹിത്യത്തിലെ കാവ്യശാഖ. എങ്കിലും ചില സുപ്രധാന കവികളുടെ രചനകള്‍ക്ക് എടുത്തു പറയത്തക്ക സവിശേഷതകളുണ്ട്. 1964-ൽ കൊഫി ആവൊനൂറിന്റെ റീഡിസ്‌കവറി ആന്‍ഡ് അദർ പോയംസ് പ്രസിദ്ധീകരിച്ചു. ഒരു രാഷ്‌ട്രത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ സാഹിത്യകൃതികള്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആവൊനൂർ സമർഥിച്ചു. ഓകോട് പ്‌ബിടെകിന്റെ സോങ് ഒഫ് ലവീനൊ (1966), സോങ് ഒഫ് ഒകോള്‍ (1970) എന്നീ കാവ്യ സമാഹാരങ്ങള്‍ ഉഗാണ്ടയിൽ പ്രസിദ്ധീകരിച്ചു. സ്വതന്ത്ര സെനിഗള്‍ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടായിരുന്ന ലിയോ പോള്‍ഡ് സെദർസെംഗോർ, "നെഗ്രിറ്റ്യൂഡ്' (കാപ്പിരിത്തത്തിന്റെ പ്രകീർത്തനം) പ്രസ്ഥാനത്തിന്റെ പ്രവാചകനും പ്രശസ്‌തകവിയുമാണ്. ആശാന്‍ ലോക കവിതാ സമ്മാനത്തിന് സെംഗോർ അർഹനായിട്ടുണ്ട്. 1986-ൽ വൊളെ സോയിങ്ക സ്വാതന്ത്യ്രാനന്തര ആഫ്രിക്കയിൽനിന്ന് ആദ്യമായി നോബൽ സമ്മാനിതനാവുന്ന കവിയായി മാറി. ബിരാഗോ ഡിയോപ്, ജോണ്‍ പെപ്പർ ക്ലാർക്ക്, വലെന്റ് മലെന്‍ ഗാതാനാ, ചികായ ഉടാംസി, ക്രിസ്റ്റഫർ ഒകിഗ്‌ബോ എന്നിവരും ശ്രദ്ധേയരായ കവികളാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ രചിക്കപ്പെട്ട ആഫ്രിക്കന്‍ നോവലുകള്‍ 20-ാം ശ.-ത്തിന്റെ സൃഷ്‌ടിയാണ്. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ആഫ്രിക്കന്‍ എഴുത്തുകാർ മുഖ്യമായും ആശ്രയിച്ചത് നോവൽ എന്ന സാഹിത്യരൂപത്തെയാണ്. 1938-ൽ പ്രസിദ്ധീകരിച്ച ജോമോ കെന്ന്യാത്തയുടെ കെന്നിയ പർവതത്തിനഭിമുഖമായി തകർന്നടിഞ്ഞ വിശ്വാസങ്ങളും സ്വാതന്ത്യ്രദാഹവും ചിത്രീകരിക്കുന്നു. കേസ്‌ലി ഹേയ്‌ഫോർഡിന്റെ എത്യോപ്യഅണ്‍ബൗണ്ടിൽ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘർഷമാണ് പ്രമേയം. ല് എന്‍ഫന്റ് നോയെ കമറാലായെയുടെ ആങ്ങകഥാംശമുള്ള നോവലാണ്. 1954-ൽ പ്രസിദ്ധീകരിച്ച ല് റിഗാർഡ് ഡു റോയ് എന്ന നോവലിൽ പരമ്പരാഗത ആഫ്രിക്കന്‍ സമൂഹത്തിന്റെ ചെയ്‌തികള്‍ അനാവരണം ചെയ്യുന്നു. വെള്ളക്കാരന്റെ മേൽക്കോയ്‌മയെ നിരസിക്കുന്ന ശെയ്‌ഖ്‌ഹാമിഡു കാനെ, ഫെർഡിനാന്റ് ഒയോനൊ, മൊംഗൊ ബെട്ടി തുടങ്ങിയവർ ഫ്രഞ്ച് ഭാഷയിൽ രചിച്ച നോവലുകള്‍ പാശ്ചാത്യ ജീവിതരീതികളെ കണക്കറ്റു കളിയാക്കുന്നവയാണ്.
നോവൽ സാഹിത്യം ഏറ്റവും വളർച്ച പ്രാപിച്ചത് നൈജീരിയയിലാണ്. ചിനൂആ ആചെബെ, അമോസ് ടുടു ഓലാ, സിപ്രിയന്‍ എക്‌വെന്‍സി, തിമോത്തി ആലുക്കോ എന്നിവർ നൈജീരിയന്‍ വംശജരായ നോവലിസ്റ്റുകളാണ്. കെനിയക്കാരനായ ജെയിംസ് ന്‌ഗൂഗിയും ദക്ഷിണാഫ്രിക്കക്കാരനായ അലക്‌സ് ലാഗുമയുമാണ് മറ്റു പ്രമുഖ നോവലിസ്റ്റുകള്‍. പശ്ചിമാഫ്രിക്കയിൽ കഴിയുന്ന, സ്വയം നാടുകടത്തിയ ദക്ഷിണാഫ്രിക്കനായ എസക്കിയൽ മ്‌പ്‌ഹാഹ്‌ലേലെ ഇംഗ്ലീഷിലെഴുതുന്ന ഏറ്റവും മികച്ച സാഹിത്യവിമർശകനായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ ദ് വോണ്ടറേഴ്‌സ് എന്ന നോവലിൽ കല്‌പിതകഥാപാത്രങ്ങളും സംഭവങ്ങളുമാണുള്ളതെങ്കിലും ആങ്ങകഥാംശം തുളുമ്പി നില്‌ക്കുന്നു.
ചീനുആ ആചെബെ നാലു നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഇവയിൽ ഏറ്റവും പ്രശസ്‌തമായത് ആദ്യനോവലായ തിങ്‌സ് ഫോള്‍ എപാർട്ട് (1958) ആണ്. വെള്ളക്കാരായ മിഷനറിമാരും കൊളോണിയൽ ഉദ്യോഗസ്ഥന്മാരുമായി "ഇഗ്‌ബോ' വംശജർക്കുണ്ടായ ആദ്യസമ്പർക്കമാണ് ഈ നോവലിന്റെ പ്രതിപാദ്യം. നോ ലോങ്ങർ അറ്റ് ഈസ് (1960) എന്ന രണ്ടാമത്തെ നോവൽ പശ്ചിമാഫ്രിക്കന്‍ നഗരജീവിതത്തിന്റെ കറുത്തവശം ചിത്രീകരിക്കുന്നു. 1964-ലെ ആരോ ഒഫ് ഗോഡ്, "ഉമ്വാറോ' വംശത്തിന്റെ ദൈനന്ദിന ജീവിതവും 1966-ലെ ഏ മാന്‍ ഒഫ് ദ് പീപ്പിള്‍ സ്വാതന്ത്യ്രാനന്തര രാഷ്‌ട്രീയ രംഗത്തെ അഴിമതിയും പ്രതിപാദിക്കുന്നു. ഭാഷയുടെ മൗലികത, അനുപമമായ ആഖ്യാനശൈലി, മൂർച്ചയേറിയ ആക്ഷേപ ഹാസ്യം എന്നിവ ആചെബെയെ 20-ാം ശ.-ത്തിലെ ആഫ്രിക്കന്‍ എഴുത്തുകാരുടെ മുന്‍നിരയിൽ നിർത്തുന്നു. അമോസ് ടുടുഓലാ ആറു നോവലുകള്‍ പ്രസിദ്ധീകരിച്ചു. ദ് പാംവൈന്‍ ഡ്രിങ്കാർഡ് (1953), മൈ ലൈഫ് ഇന്‍ ദു ബുഷ് ഒഫ് ഗോസ്റ്റ്‌സ് (1954), സിംബി ആന്‍ഡ് ദ് സാറ്റിർ ഒഫ് ദ് ഡാർക്ക് ജംഗിള്‍ (1955), ദ് ബ്രവ് ആഫ്രിക്കന്‍ ഹണ്‍ഡ്രസ് (1958), ദ് ഫെയർ വുമണ്‍ ഒഫ് ദ് ജംഗിള്‍ (1962), അബിയി ആന്‍ഡ് ഹിസ് ഇന്‍ഹെരിറ്റഡ് പ്രാപ്പർട്ടി എന്നിവയാണവ. തികച്ചും അപരിചിതമായ ഒരു ലോകത്തിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന ടുടുഓലായുടെ നോവലുകള്‍ വിശ്വാസാഹിത്യത്തിലെ അതുല്യമായ കലാസൃഷ്‌ടികളായി കണക്കാക്കപ്പെടുന്നു.
പശ്ചിമാഫ്രിക്കയിലെ നഗരവത്‌കരണത്തിന്റെ ചരിത്രകാരനായ സിപ്രിയന്‍ എക്‌വെന്‍സിയുടെ ബ്യൂട്ടിഫുള്‍ ഫെതേഴ്‌സ് (1963), ഇസ്‌ക (1966) എന്നീ നോവലുകള്‍ ശ്രദ്ധേയമാണ്. സാംസ്‌കാരികവും മതപരവും രാഷ്‌ട്രീയവുമായ സംഭവങ്ങളെ ആക്ഷേപഹാസ്യരൂപേണ നോവലുകളിൽ അവതരിപ്പിക്കുകയാണ് തിമോത്തി ആലുക്കോ ചെയ്‌തത്. വണ്‍മാന്‍ വണ്‍ മാച്ചെറ്റ് (1964), ചീഫ് ഒ ഓണറബിള്‍ മിനിസ്റ്റർ (1970), ഹിസ് വർഷിപ്‌ഫുള്‍ മേയർ (1973) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്‌ത നോവൽ കൃതികള്‍. അലക്‌സ് ലാഗുമയുടെ പ്രശസ്‌ത നോവലായ എവോക്ക് ഇന്‍ ദ നൈറ്റ് (1962) കേപ്‌ടൗണിലെ ഒരു അഭിശപ്‌തരാത്രി അവതരിപ്പിക്കുന്ന. കെനിയയിലെ പ്രമുഖനായ നോവലിസ്റ്റാണ് ന്‌ഗൂഗി വാ ത്യോംഗൊ. വീപ്പ് നോട്ട് ചൈൽഡ് (1964), ദ് റിവർ ബിറ്റ്വീന്‍ (1965), എ ഗ്രയിന്‍ ഒഫ് വീറ്റ് (1967) എന്നിവ ഇദ്ദേഹത്തിന്റെ നോവൽ കൃതികളാണ്. സെനിഗള്‍ പ്രദേശത്തുനിന്നുള്ള സെബെനെ ഉസ്‌മാന്‍ നോവലിസ്റ്റും സിനിമാ സംവിധായകനുമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ഫ്രഞ്ച് കരസേനയിൽ സേവനമനുഷ്‌ഠിച്ച ഇദ്ദേഹത്തിന്റെ അതിപ്രശസ്‌തമായ കൃതിയാണ് ഗോഡ്‌സ് ബിറ്റ് ഒഫ് വുഡ് (1962). ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യ ജീവിതത്തിൽ അത്യധികം താത്‌പര്യമുണ്ടായിരുന്ന നോവലിസ്റ്റാണ് അലന്‍പേറ്റണ്‍. ഇദ്ദേഹത്തിന്റെ ക്ര മൈ ബിലവഡ് കണ്‍ട്രി (1948) അന്താരാഷ്‌ട്ര പ്രസിദ്ധി നേടിയ കൃതിയാണ്. ഇബാദന്‍ സർവകലാശാലയിൽനിന്നും ഉന്നത വിദ്യാഭ്യാസം നേടിയ എൽചി ആമാഡിയുടെ ദ് കണ്‍ക്യൂബൈന്‍ (1960), ദ് ഗ്രറ്റ് പോണ്ട്‌സ് (1969) എന്നീ നോവലുകള്‍ നൈജീരിയന്‍ ഗ്രാമീണജീവിതം പശ്ചാത്തലമാക്കി രചിച്ചവയാണ്. ഘാനാവംശജനായ എയിക്വെയ് ആർമാഹ് അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഒരു റെയിൽവെ ക്ലാർക്കിനെ ദ് ബ്യൂട്ടിഫുള്‍ വണ്‍സ് ആർ നോട്ട് യെറ്റ് ബോണ്‍ (1963) എന്ന നോവലിൽ അവതരിപ്പിക്കുന്നു. ആങ്ങകഥാംശമുള്ള ഫ്രാഗ്മെന്റ്‌സാണ് (1970) ആർമാഹിന്റെ മറ്റൊരു നോവൽ. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നടത്തുന്ന ഒരു വിദ്യാർഥിക്ക് സ്വാതന്ത്യ്ര പ്രസ്ഥാനത്തിൽ പങ്കെടുക്കാന്‍ സ്വദേശത്തേക്കു മടങ്ങണമെന്നുള്ള ഉത്‌ക്കടമായ ആഗ്രഹമാണ് വില്യം കോണ്‍ടന്റെ ദി ആഫ്രിക്കന്‍ (1960) എന്ന നോവലിന്റെ ഇതിവൃത്തം. കുട്ടികളില്ലാത്ത ദുഃഖം അനുഭവിക്കുന്ന ഒരു സ്‌ത്രീയുടെ കഥ പറയുന്നതാണ് അസാരെ കൊനാഡുവിന്റെ എ വുമണ്‍ ഇന്‍ ഹെർ പ്രം എന്ന നോവൽ.
ആഫ്രിക്കന്‍ നോവലുകള്‍ പൂർവകാലചരിത്രവും സാംസ്‌കാരിക പൈതൃകവും കൊട്ടിഘോഷിക്കുക മാത്രമല്ല ചെയ്യുന്നത്. അറുപതുകളിൽ പ്രസിദ്ധീകരിച്ച നോവലുകളിൽ ആങ്ങപരിശോധനയുടെ മുഖം പ്രകടമാണ്. സ്വാതന്ത്യ്രാനന്തരം നേതാക്കന്മാർ അധികാരം ദുരുപയോഗപ്പെടുത്തുകയും അഴിമതിക്ക് അവസരമൊരുക്കുകയും ചെയ്‌തു. ഇവയിൽ മനംനൊന്ത നോവലിസ്റ്റുകള്‍ രചനകളിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. വൊളെ സോയിന്‍കയുടെ ദി ഇന്റർ പ്രറ്റേഴ്‌സ് (1965), ഗബ്‌റിയേൽ ഒകാറയുടെ ദ് വോയ്‌സ് (1964), പീറ്റർ എബ്രഹാംസിന്റെ ദിസ് ഐലന്‍ഡ് നൗ (1966), ആചെബെയുടെ എ മാന്‍ ഒഫ് ദ് പീപ്പിള്‍ (1960) എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. സ്വാതന്ത്യ്രലബ്‌ധി തെറ്റായ പ്രവണതകള്‍ക്കു കളമൊരുക്കിയതിനെ നിശിതമായി വിമർശിക്കുന്ന ഈ കൃതികള്‍ ആഫ്രിക്കന്‍ നോവൽ സാഹിത്യത്തിനു പുതിയൊരു ഉണർവ് പ്രദാനം ചെയ്‌തു. ജീവിത സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരമെന്ന ലക്ഷ്യം നോവലുകളിൽ പകർത്തിയ മ്‌ബെല്ലസോണി ദീപോക്, സാംസ്‌കാരികോദ്‌ഗ്രഥനത്തിന്റെ സന്ദേശം പ്രചരിപ്പിച്ച തബന്‍ ലോ ലിയോങ്, സംഗീതത്തെ സാഹിത്യത്തിലേക്കും സാഹിത്യത്തെ സംഗീതത്തിലേക്കും സമന്വയിപ്പിച്ച ഫ്രാന്‍സിസ് ബെബി, നിരൂപകനും പത്രാധിപരുമായിരുന്ന ലൂയിസ് ന്‌കോസി, നൈജീരിയയിലെ പ്രഥമ നോവലെഴുത്തുകാരിയായി അറിയപ്പെട്ട ഫ്‌ളോറാ ന്വാപാ, ഒരൊറ്റ നോവൽക്കൊണ്ട് തന്നെ സാഹിത്യലോകത്ത് ചിരപ്രതിഷ്‌ഠ നേടാന്‍ കഴിഞ്ഞ പീറ്റർ കെ. പാലാംഗ്‌യോ, ദി ആഫ്‌റെസെറ്റ എന്ന പ്രസിദ്ധ നോവലെഴുതിയ എത്യോപ്യക്കാരനായ സാഹ്ലിസെല്ലാസി, നോബൽ സമ്മാനത്തിനർഹയായ നദീന്‍ ഗോർഡിമർ, ബോണിലുബേഗ, ഡോറിസ് ലെസ്സിംഗ്, ഐമൈസെസെയർ, യാംബൊ വോലോഗ്‌വെം, മുഗാ ഗിചാരു തുടങ്ങിയവർ മറ്റു പ്രമുഖ ആഫ്രിക്കന്‍ ഗദ്യസാഹിത്യകാരന്മാരുടെ കൂട്ടത്തിൽപ്പെടുന്നു. 1970-നുശേഷമുള്ള ആഫ്രിക്കന്‍ നോവലുകളിൽ വോള്‍ സോയിങ്കയുടെ ദ് ഇയേഴ്‌സ് ഒഫ് ചൈൽഡ്‌ഹുഡ് (1981), ത് സിത്‌സി ദാംഗരെംബ്‌ഗയുടെ നെർവസ് കണ്ടിഷന്‍സ് (1988), അസിയ ദെജബാറിന്റെ ല അമർ, ലാ ഫന്റാസിയ (1985), മിയ കോട്ടോയുടെ ടെറ സോനാബുല (1992), മെഷാക് അസാരെയുടെ സോസുസ്‌കാള്‍ (1999) എന്നിവയും ജെ.എം. കുട്‌സെയുടെ ബുക്കർ സമ്മാനം നേടിയ കൃതികളായ ലൈഫ് ആന്‍ഡ് ടൈംസ് ഒഫ് മൈക്കേൽ കെ (1983), ഡിസ്‌ഗ്രയ്‌സ് (1999) എന്നിവയും ശ്രദ്ധേയമായി. 2003-ലെ നോബൽ സമ്മാനം നേടിയ കുട്‌സെ 21-ാം നൂറ്റാണ്ടിലെ മികച്ച ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റുകളിൽ ഒരാളാണ്.
നാടകസാഹിത്യരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‌കിയ ശ്രദ്ധേയരായ ആഫ്രിക്കന്‍ നാടകകൃത്തുക്കളുണ്ട്. ഘാനാവംശജയായ ആമാ ആഠാ ആഇഡൂവിന്റെ ഡിലെമ ഒഫ് എ ഗോസ്റ്റ് 1965-ലും അനോവ 1969-ലും പ്രസിദ്ധീകരിച്ചു. പരമ്പരാഗതപ്രമേയങ്ങളെ അടിസ്ഥാനമാക്കി ജോണ്‍പെപ്പർ ക്ലാർക്ക് രചിച്ച നാടകങ്ങളാണ് ഒസീഡി (1960), സോങ് ഒഫ് എ ഗോട്ട് (1962) എന്നിവ. 1962-ൽ കെനിയന്‍ നാടകകൃത്തായ നൂഗി വതിയങ്കോ രചിച്ച ദ് ബ്ലാക് ഹെർമിറ്റ് ആഫ്രിക്കന്‍ ഗോത്രവർഗങ്ങള്‍ക്കിടയിലെ ജാതി സ്‌പർദ്ധയെക്കുറിച്ചാണ്. ഡിഗ്രാഫ്‌റ്റിന്റെ സണ്‍സ് ആന്‍ഡ് ഡോട്ടേഴ്‌സ് (1964) ആധുനിക ആഫ്രിക്കന്‍ സമൂഹത്തിലെ യുവതലമുറയുടെ പുരാതനസമ്പ്രദായങ്ങളോടുള്ള വൈരസ്യവും, ത്രു എ ഫിലിം ഡാർക്‌ലി (1965) ജാതി സ്‌പർധയും ചിത്രീകരിക്കുന്നു. സമകാലിക ഉഗാണ്ടന്‍ ജീവിതമാണ് റോബർട് സെറുമുഗയുടെ ദി എലിഫന്റ്‌സ് (1971) എന്ന നാടകത്തിന്റെ ഇതിവൃത്തം. സരീഫ് ഈസ്‌മെന്റ് ഡിയർ പേരന്റ് ആന്‍ഡ് ഓഗള്‍ (1964), ഒബി.ബി. എഗ്‌ബുണയുടെ ദ് ആന്റ് ഹിൽ എന്നീ നാടകങ്ങളും അനുവാചക ശ്രദ്ധ പിടിച്ചു പറ്റി. നോബൽ സമ്മാനാർഹനായ വൊളെ സോയിന്‍കാ ആഫ്രിക്കന്‍ നാടക സാഹിത്യരംഗത്തെ അതിപ്രഗല്‌ഭനായ വ്യക്തിയാണ്. ട്രയൽസ് ഒഫ് ബ്രദർ ജിറോ, ദ് സ്വാമ്പ് ഡ്വെല്ലേഴ്‌സ്, ദ് സ്റ്റ്രാങ് ബ്രീസ്, എ ഡാന്‍സ് ഒഫ് ദ് ഫോറസ്റ്റ്, ദ് ലയണ്‍ ആന്‍ഡ് ദ് ജൂവൽ, കൊംഗീസ് ഹാർവസ്റ്റ് എന്നിവയാണ് സോയിന്‍കായുടെ പ്രമുഖ രചനകള്‍. നൈജീരിയന്‍ നാടകവേദിയുടെ വികാസത്തിൽ ഇദ്ദേഹം നിസ്‌തുലമായ പങ്കു വഹിച്ചു.
[[ചിത്രം:Vol3p64_Ama Ata Aidoo.jpg|thumb|ആമാ ആഠാ ആഇഡു]
1980-ൽ തുടങ്ങിയ നോമ അവാർഡ് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഓരോ വർഷത്തെയും മികച്ച കൃതികള്‍ക്കുവേണ്ടിയാണ്. ഇത് ആദ്യമായി നേടിയത് യുനെ സി ലോങ് ലെറ്റർ (1979) എന്ന നോവൽ എഴുതിയ മരിയമ ബ ആണ്. 2009-ലെ നോമ പുരസ്‌കാരം ലോലെസ് ആന്‍ഡ് അദർ സ്റ്റോറീസ് (2008) എന്ന ചെറുകഥാസമാഹാരം രചിച്ച സെഫി അറ്റ എന്ന നൈജീരിയന്‍ എഴുത്തുകാരിക്കാണ് സമ്മാനിച്ചത്.