This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതിരമാളിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുതിരമാളിക == തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്...)
അടുത്ത വ്യത്യാസം →

15:11, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുതിരമാളിക

തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിനടുത്ത്‌ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത്‌ (1829-47) നിർമിച്ച മാളിക. കമനീയമായ അകത്തളങ്ങളും ഇടനാഴികളും മുഖപ്പുകളും ഇണങ്ങിയ ഈ കൂറ്റന്‍ നാലുകെട്ടിന്റെ തെക്കുഭാഗത്തായി പുറത്തേക്ക്‌ സവാരിക്ക്‌ സജ്ജമായതുപോലെ ആഞ്ഞുനിൽക്കുന്ന 122 അശ്വശില്‌പങ്ങളാണ്‌ ഈ കൊട്ടാരത്തിന്‌ കുതിരമാളിക എന്ന പേര്‌ നേടിക്കൊടുത്തത്‌. കേരളത്തിൽ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ രൂപപ്പെട്ട ചാരുതയാർന്ന വാസ്‌തുശില്‌പശൈലി വെളിവാക്കുന്ന ഈ മാളികയുടെ പണി 1846-ൽ പൂർത്തിയായി. പദ്‌മനാഭസ്വാമി ക്ഷേത്രപരിസരത്തുള്ള ഉപ്പരിക്ക മാളികയുടെ വിശാലമായ വളപ്പിൽ ഈ സൗധം സ്ഥിതിചെയ്യുന്നു. നാലുകെട്ടും നടുമുറ്റവും പടിപ്പുരവാതിലുകളും ഉള്ള ഈ മണിമന്ദിരം തഞ്ചാവൂരിൽ നിന്നെത്തിയ ശില്‌പികളും ദാരുശില്‌പവിദഗ്‌ധരും ഉള്‍പ്പെടെ നാലായിരത്തോളം പേർ നാലുവർഷം കൊണ്ടാണ്‌ പൂർത്തിയാക്കിയത്‌. അനേകം ചെറിയ കൊട്ടാരക്കെട്ടുകള്‍ പ്രധാനസൗധത്തിൽ ഉപശാലകളായി ഘടിപ്പിച്ചിട്ടുണ്ട്‌.

കൊത്തുപണികളിലും നിർമാണത്തിനും ഈട്ടിയും തേക്കും സുലഭമായി ഉപയോഗിച്ചിട്ടുണ്ട്‌. അന്നത്തെ നിർമാണരീതി അനുസരിച്ച്‌ തറ ഒരുക്കിയിരിക്കുന്നത്‌ ചിരട്ടക്കരിയും കരുപ്പുകട്ടിയും മുട്ടയുടെ വെള്ളക്കരുവും കരിക്കിന്‍വെള്ളവും മറ്റും കൂട്ടിയിണക്കിയ മിശ്രിതം ഉപയോഗിച്ചാണ്‌. കൊത്തുപണികളുള്ള തൂണുകളും ചിത്രാങ്കിതമായ മേൽക്കമാനവും സൗധത്തിന്‌ രാജകീയ പ്രൗഢിനല്‌കുന്നു. സൗധത്തിന്റെ ചേതോഹരമായ അംബാരിമുഖപ്പിലായിരുന്നു സംഗീതകച്ചേരികളും കാവ്യനിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നത്‌.

ആയിരക്കണക്കിനാളുകളുടെ പ്രയത്‌നവും ഖജനാവിലെ പണവും ധൂർത്തടിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തി കുതിരമാളികയുടെ നിർമാണപരിപാടിയെ, തിരുവിതാംകൂറിലെ അന്നത്തെ റസിഡന്റായിരുന്ന ജനറൽ കല്ലന്‍ എതിർത്തെങ്കിലും രാജാവ്‌ ആ ആരോപണത്തെ അവഗണിച്ചു.

ഒന്നരനൂറ്റാണ്ടുകാലം മൂകമായും ശൂന്യമായും കിടന്നിരുന്ന ഈ കൊട്ടാരത്തിൽ, രാജഭരണത്തിന്റെ പ്രതീകങ്ങളും പ്രത്യേകതകളും അതീതകാലപ്പെരുമയും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം 1995-ൽ സജ്ജീകരിച്ചതോടെ സന്ദർശകരുടെ വരവുതുടങ്ങി. കഥകളി വേഷങ്ങളുടെ ദാരുശില്‌പങ്ങള്‍; ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍; വീണ, മദ്ദളം, സ്വരബത്ത്‌ തുടങ്ങിയ സംഗീതോപകരണങ്ങള്‍, സപ്‌തസ്വരങ്ങള്‍ ഉതിർക്കുന്ന പിച്ചളനിർമിതമായ മ്യൂസിക്‌ ട്രീ; 25 ആനക്കൊമ്പുകള്‍കൊണ്ട്‌ പണിതൊരുക്കിയ ദന്തസിംഹാസനം; ദന്തനിർമിതമായ ശില്‌പങ്ങള്‍; പലതരം തോക്കുകള്‍; കുന്തങ്ങള്‍, ആയുധങ്ങള്‍, പനയോല തലപ്പാവ്‌, കത്തികള്‍ തുടങ്ങിയവയാണ്‌ പ്രധാന പ്രദർശനവസ്‌തുക്കള്‍. 1741-ൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത്‌ നടന്ന കുളച്ചൽ യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഡച്ച്‌ സൈന്യാധിപനായിരുന്ന ഡിലനോയിയുടേതെന്ന്‌ കരുതപ്പെടുന്ന ഒരു നീണ്ട തോക്കും മാളികയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. അക്കാലത്തെ ശിക്ഷാവിധികളെ അനുസ്‌മരിപ്പിക്കുന്ന മറ്റു പല വസ്‌തുക്കളും ഇവിടെക്കാണാം.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍