This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിപ്പക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുടിപ്പക == മധ്യകാല കേരളത്തിൽ നിലവിലിരുന്ന ഒരു സാമൂഹികാചാര...)
അടുത്ത വ്യത്യാസം →

11:23, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുടിപ്പക

മധ്യകാല കേരളത്തിൽ നിലവിലിരുന്ന ഒരു സാമൂഹികാചാരം. കുടികള്‍ (കുടുംബങ്ങള്‍) തമ്മിൽ വച്ചുപുലർത്തുന്ന പക (ശത്രുത) എന്നാണ്‌ ഈ പദത്തിനർഥം. അക്രമമായോ അനീതിയായോ വല്ലവരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്‌താൽ ചത്തവന്റെ ശേഷക്കാർ കൊന്നവന്റെ ശേഷക്കാരോട്‌ എന്നും പക പുലർത്തിപ്പോരുക എന്നതാണ്‌ ഇതിന്റെ സ്വഭാവം. ഇങ്ങോട്ടു കാണിച്ച അക്രമത്തിനു തുല്യമായോ ചിലപ്പോള്‍ അതിൽക്കൂടുതലായോ അക്രമം മടക്കി നല്‌കിയെന്നു വരും. പ്രതിയോഗിയുടെ വീട്ടിൽ ആണ്‍കുട്ടി പിറന്നതറിഞ്ഞാൽ ഉടനെ ചെന്നു വധിക്കുക, വെല്ലുവിളിച്ച്‌ അങ്കംവെട്ടി കൊല്ലുക തുടങ്ങി ക്രൂരമായ പല പ്രവൃത്തികളും കുടിപ്പകയുടെ പേരിൽ നടന്നുപോന്നു. പരാജയം നേരിട്ടവർ ആദ്യത്തെ അവസരം ഉപയോഗിച്ച്‌ പ്രതികാരം ചെയ്യും. കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌ എന്നതായിരുന്നു ഇക്കാര്യത്തിൽ അന്നത്തെ പൊതുനീതി. കുടിപ്പകകൊണ്ട്‌ എതിരാളിയുടെ വംശത്തിലെ ആണ്‍കുട്ടികളെ നിശ്ശേഷം അരിഞ്ഞു കൊന്നതിന്റെ കഥകള്‍ വടക്കന്‍പാട്ടുകളിൽ ധാരാളമുണ്ട്‌. ആരോമൽ ചേകവരുടെയും ആരോമലുണ്ണിയുടെയും കഥകള്‍ കുടിപ്പകയ്‌ക്കുള്ള ഉദാഹരണമായി പറയാം. ചന്തുവിന്റെ ചതിയാൽ മുറിവേറ്റ ആരോമൽ, ഇതിനുപകവീട്ടാന്‍, ഗർഭിണിയായിരുന്ന സ്വസഹോദരി ഉണ്ണിയാർച്ചയെ ചുമതലപ്പെടുത്തി. ഗർഭസ്ഥശിശു ആണായി വന്നാൽ ഈ കുടിപ്പക വീട്ടണമെന്നായിരുന്നു ആരോമലിന്റെ നിർദേശം. അങ്ങനെയാണ്‌ ആരോമലുണ്ണി കുടിപ്പക പോക്കാന്‍ നിയുക്തനാകുന്നത്‌.

യുദ്ധത്തിനിടയിൽ രാജാക്കന്മാർ വധിക്കപ്പെട്ടാലും ചിലപ്പോള്‍ അനുയായികള്‍ ശത്രുപക്ഷത്തെ രാജാവിനെ വധിക്കുവാന്‍ പ്രതിജ്ഞയെടുത്തെന്നു വരും. വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള വൈരം ഇവിടെ പ്രസക്തമാണ്‌. അപരാധം ചെയ്‌തവന്റെ വംശക്കാർ അതിനുള്ള ശിക്ഷ അനുഭവിക്കണം എന്നതാണ്‌ ഇതിൽ അന്തർഭവിച്ചിട്ടുള്ള ന്യായം. തറവാടുകള്‍ തമ്മിൽ വൈരമുണ്ടായാൽ വാളെടുത്തു കുടിപ്പക വീട്ടും. "ഇണങ്ങീട്ടെങ്കിൽ പൊട്ട്‌, പിണങ്ങീട്ടെങ്കിൽ വെട്ട്‌' എന്നായിരുന്നു അക്കാലത്തെ ന്യായം. കൂറുചൊല്ലി വഴക്കടിച്ചാൽ പടവെട്ടി കാര്യം തീർക്കും. ഇരുപേർ തമ്മിൽ മത്സരിച്ചുമരണം വന്നു സംഭവിച്ചാൽ "കൊന്നവനെയും കൊന്ന്‌, ചത്തവന്റെ ശവം മാറ്റാന്റെ മുറ്റത്തു വെട്ടിക്കൂട്ടി ദഹിപ്പിച്ച്‌ കത്തുന്ന ചിതയിൽനിന്ന്‌ കാളുന്ന കൊള്ളിയെടുത്ത്‌ പുര ചുട്ടുകരിച്ചില്ലെങ്കിൽ മറുവീട്ടുകാരുടെ തല പിന്നെ താഴ്‌ത്തീട്ടല്ലാതെ കാണുകയില്ല; നാലാള്‍ കൂടുന്ന ദിക്കിൽ അവരെ നോക്കീട്ടും ആവശ്യമില്ല' എന്നിങ്ങനെ അപ്പന്‍തമ്പുരാന്‍ കുടിപ്പകയെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

(വി.ആർ. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍