This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞുരാമന്‍, സി.വി. (1871 - 1949)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഞ്ഞുരാമന്‍, സി.വി. (1871 - 1949) == സാഹിത്യകാരനും സാമൂഹികപരിഷ്‌കർത...)
അടുത്ത വ്യത്യാസം →
02:51, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുഞ്ഞുരാമന്‍, സി.വി. (1871 - 1949)
സാഹിത്യകാരനും സാമൂഹികപരിഷ്‌കർത്താവും. കൊല്ലം താലൂക്കിൽ മയ്യനാട്ടു ഗ്രാമത്തിലെ പാട്ടത്തിൽ കുടുംബത്തിൽ വേലായുധന്റെയും കുഞ്ഞിച്ചാളിയുടെയും മകനായി 1871 ഫെബ്രുവരിയിൽ ജനിച്ചു. മയ്യനാട്ടു എൽ.എം.എസ്. വിദ്യാലയത്തിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടി. കൊല്ലം ഗവണ്‍മെന്റ് ഹൈസ്‌കൂളിൽ പഠനം തുടർന്നു. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് മയ്യനാട്ട് ഒരു വിദ്യാലയം സ്ഥാപിക്കുകയും അവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. ഈ ഘട്ടത്തിൽ മെട്രിക്കുലേഷന്‍ പരീക്ഷയ്‌ക്കു ചേർന്നു വിജയം വരിച്ചു. തുടർന്ന് കായിക്കരയിലും പരവൂരിലും ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി ജോലിനോക്കി. കൊല്ലവർഷം 1088-ൽ ഉദ്യോഗം രാജിവച്ച് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു.
ചെറുപ്പം മുതല്‌ക്കേ സാഹിത്യാഭിരുചി പ്രകടിപ്പിച്ചിരുന്ന സി.വി., സുജനാനന്ദിനി എന്ന പത്രത്തിലൂടെയാണ് ശ്രദ്ധേയനായിത്തീർന്നത്. ഒരു നൂറു കഥ, ഒരു സന്ദേശം, രാമദേവനും ജാനകിയും, ഹേമലീന, വനലോല, സോമനാഥന്‍, അറബിക്കഥകള്‍, രാമായണം, രാധാമണി, കെ.സി. കേശവപിള്ളയുടെ ജീവചരിത്രം, പഞ്ചവടി, രാഗപരിണാമം, എന്റെ ശ്രീകോവിൽ, ഉണ്ണിയാർച്ച, മാലൂത്തണ്ടാന്‍, വ്യാസഭാരതം, കാർത്തികോദയം, ശ്രീനാരായണസ്‌മൃതി, ദുർഗാക്ഷേത്രം എന്നിവയാണ് പ്രധാനകൃതികള്‍.
പ്രഗല്‌ഭനായ നിരൂപകന്‍ കൂടിയായിരുന്നു കുഞ്ഞുരാമന്‍. ഉണ്ണുനീലി സന്ദേശം, മയൂരസന്ദേശം, നളിനി, പ്രമപരിണാമം തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കെഴുതിയ നിരൂപണങ്ങള്‍ ഇതിനു തെളിവാണ്.
സാമൂഹികവിഷയങ്ങളെപ്പറ്റി സുജനാനന്ദിനിയിലൂടെ ഉറക്കെ ചിന്തിച്ചിരുന്ന കുഞ്ഞുരാമന്‍, ഡോക്‌ടർ പല്‌പുവിന്റെ സമ്പർക്കത്തോടുകൂടി സമുദായ പരിഷ്‌കരണ രംഗത്തേക്കു കടന്നു. താലികെട്ട്, തിരണ്ടുകുളി, പുളികുടി തുടങ്ങിയ അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്‌തു. ഈ അനാചാരങ്ങള്‍ക്കെതിരായി നിരവധി ലേഖനങ്ങളും കവിതകളും എഴുതി. വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും അവർണഹിന്ദുക്കള്‍ക്കു പ്രവേശനം ലഭ്യമാക്കുന്നതിനും ഈഴവർക്കായി പ്രത്യേകം സ്‌കൂളുകള്‍ അനുവദിപ്പിക്കുന്നതിനും യത്‌നിച്ചു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സി.വി. 1911-ൽ പ്രസിദ്ധീകരണമാരംഭിച്ച ദിനപത്രമാണ് കേരളകൗമുദി.
കല്ലുംപുറത്തു കൊച്ചയ്യന്റെ മകള്‍ കൊച്ചിക്കാവായിരുന്നു സി.വി.യുടെ സഹധർമിണി. യശഃശരീരരായ കെ. ദാമോദരന്‍, കെ. സുകുമാരന്‍ എന്നിവർ സി.വി.യുടെ പുത്രന്മാരായിരുന്നു. ഏക പുത്രി വാസന്തിയെ വിവാഹം കഴിച്ചത് യശഃശരീരനായ സി. കേശവനായിരുന്നു. 1949-ൽ 78-ാം വയസ്സിൽ സി.വി. കുഞ്ഞുരാമന്‍ നിര്യാതനായി.