This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുത്തുപകരണങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എഴുത്തുപകരണങ്ങള്‍ == ഇന്ന് സാധാരണയായി കടലാസിൽ പേന കൊണ്ടോ പ...)
അടുത്ത വ്യത്യാസം →
08:29, 9 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഴുത്തുപകരണങ്ങള്‍
ഇന്ന് സാധാരണയായി കടലാസിൽ പേന കൊണ്ടോ പെന്‍സിൽ കൊണ്ടോ ആണ് എഴുതുന്നത്. അക്ഷരത്തിനു കല്‌പിച്ചിട്ടുള്ള വടിവ് വരയ്‌ക്കുന്നതാണ് എഴുത്ത്. മഷി നിറച്ച പേനയും ബോള്‍പെന്നുമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. മുമ്പ് തൂവൽപ്പേന മഷിയിൽ മുക്കി എഴുതിയിരുന്നു.
ചിലകാര്യങ്ങള്‍ക്ക് എഴുതുന്നതിനു കടലാസിന്റെയും പേനയുടെയും (പെന്‍സിലിന്റെയും) സ്ഥാനത്തു മറ്റു ചില പദാർഥങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണമായി പള്ളിക്കൂടങ്ങളിൽ അധ്യാപകർ പാഠഭാഗങ്ങള്‍ എഴുതിക്കാണിക്കാന്‍ ബോർഡും ചോക്കും ഉപയോഗിക്കുന്നു.
കടലാസ് പ്രചാരത്തിൽ വന്നിട്ട് അധികകാലമായില്ല. നൂറോ നൂറ്റമ്പതോ വർഷങ്ങള്‍ക്കുമുമ്പ് എഴുതാന്‍ ഉപയോഗിച്ചിരുന്നത് പനയോലയും ഭൂർജപത്രവും മറ്റുമായിരുന്നു. എവിടുത്തുകാരാണ് ലിപിപ്രയോഗം ആദ്യം നടപ്പാക്കിയെന്നത് ഊഹവിഷയം മാത്രമാണ്. ഈജിപ്‌ത്, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ബാബിലോണിയ, മെസൊപ്പൊട്ടേമിയ, ചീന മുതലായ ദേശങ്ങളൊക്കെ അവകാശവാദം ഉന്നയിക്കുന്നു. മോഹന്‍ജൊദരോയിലും മറ്റും ഭൂഖനനം ചെയ്‌തെടുത്ത പുരാതനവസ്‌തുക്കളിൽ പല മുദ്രകളും കിട്ടിയിട്ടുണ്ട്. ഇന്നേക്ക് അയ്യായിരം വർഷമെങ്കിലും ഇവയ്‌ക്ക് പഴക്കമുണ്ടെന്നു കല്‌പിക്കുന്നു.
ഭാരതത്തിൽ ഏറ്റവും പഴക്കമുള്ളതായിക്കാണുന്ന ലിഖിതം അശോകശിലാശാസനങ്ങളാണ് (ക്രി.മു. 3-ാം ശ.). ശിലാസ്‌തംഭങ്ങളിൽ ലോഹനിർമിതമായ ഉളികൊണ്ടു കൊത്തിയതാണ് ഇവ. ശ്രീബുദ്ധ സ്‌മാരകമോ ബുദ്ധധർമപ്രചാരകമോ ആണ് ഇവ.
ശിലാസ്‌തംഭങ്ങളിലെന്നപോലെ ഗുഹാഭിത്തികളിലും ക്ഷേത്രഭിത്തികളിലും ധാരാളം ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദാനകാര്യമായോ ധർമശാസനമായോ ശാശ്വതരേഖ നിർമിക്കാന്‍ പഴയകാലത്തു പറ്റിയ സമ്പ്രദായമായിരുന്നു ശിലാലേഖനം. കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രം ക്ഷേത്രത്തിൽ ചെന്നാൽ പാറപ്പുറത്തും ഭിത്തിയിലും കൊത്തിയിട്ടുള്ള അനേകം രേഖകള്‍ കാണാം. കല്ലിൽ കൊത്തുന്നതിലും സൗകര്യമുള്ള രീതിയാണ് ചെമ്പുതകിടിൽ കൊത്തുന്നത്. ദാനങ്ങള്‍, ഉടമ്പടികള്‍ മുതലായവ ചെപ്പേടിൽ കൊത്തുന്ന രീതി പ്രചരിച്ചിരുന്നു. ചെമ്പുതകിടിൽ കൂർത്ത ഉളികൊണ്ടായിരുന്നു കൊത്തിയിരുന്നത്. കൊല്ലത്തെ അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പള്ളിക്കു കൊടുത്ത ചെപ്പേട്, വീരരാഘവശാസനം മുതലായവ പ്രസിദ്ധമാണ്.
എഴുതി സൂക്ഷിക്കേണ്ട കാര്യങ്ങള്‍കൂടി വന്നതോടെ എഴുതാന്‍ സുലഭമായ സാമഗ്രികളും കണ്ടെത്തേണ്ടി വന്നു. എഴുതാന്‍ കൊള്ളാവുന്ന ഇലകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. വടക്കേ ഇന്ത്യയിൽ ഭൂർജപത്രവും തെക്കേ ഇന്ത്യയിൽ താളിപത്രവും (പനയോല) ഉപയോഗപ്പെടുത്തി. ഭൂർജപത്രത്തിൽ മഷികൊണ്ടും പനയോലയിൽ എഴുത്താണി (നാരായം) കൊണ്ടും എഴുതിയിരുന്നു. ശാസ്‌ത്രസാഹിത്യാദി കൃതികളുടെ കൈയെഴുത്തുപകർപ്പ് ഭൂർജപത്രത്തിലും പനയോലയിലും ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരം സർവകലാശാലാ ഹസ്‌തലിഖിതഗ്രന്ഥാലയവും പുരാതന രേഖാലയവും അതുപോലെയുള്ള മറ്റു സ്ഥാപനങ്ങളും സന്ദർശിച്ചാൽ ഇത്തരം പഴയ സമ്പത്തുകള്‍ കാണാം.
ഇന്ന് കടലാസും അച്ചടിയും ടൈപ്പ് യന്ത്രവും കംപ്യൂട്ടറും ഒത്തുചേർന്ന് എഴുത്തുപകരണങ്ങള്‍ കൂടുതൽ സൗകര്യപ്രദമായി മാറിയിരിക്കുന്നു.
(ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള)