This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂണിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കമ്യൂണിസം == ചൂഷണ മുക്തവും വര്‍ഗരഹിതവുമായ സാമൂഹ്യവ്യവസ്ഥ. ച...)
അടുത്ത വ്യത്യാസം →

16:32, 7 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കമ്യൂണിസം

ചൂഷണ മുക്തവും വര്‍ഗരഹിതവുമായ സാമൂഹ്യവ്യവസ്ഥ. ചരിത്രത്തിന്റെ അഌക്രമവികാസത്തിന്റെ അന്തിമഘട്ടമായാണ്‌ ഈ ആദര്‍ശസമൂഹം വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്‌. പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നിവയാണ്‌ കമ്യൂണിസ്റ്റു പൂര്‍വ സാമൂഹ്യക്രമങ്ങള്‍. ഉത്‌പാദന വ്യവസ്ഥയിലും ഉത്‌പാദന ബന്ധങ്ങളിലും ഉണ്ടാകുന്ന വികാസത്തിന്‌ അഌഗുണമായി വിവിധ ഘട്ടങ്ങളിലൂടെ ചരിത്രം പുരോഗമിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്‌, കമ്യൂണിസത്തെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഓരോ ഘട്ടത്തിന്റെയും സ്വഭാവനിര്‍ണയം നടത്തുന്നത്‌ പ്രസ്‌തുതഘട്ടത്തിലെ ഉത്‌പാദനസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ്‌. ചരിത്രത്തിന്റെ പ്രാഥമികഘട്ടത്തില്‍, വിഭവദൗര്‍ലഭ്യവും ഉത്‌പാദനക്ഷമതയുടെ പരിമിതിയും കാരണം സംഘം ചേര്‍ന്നും പരസ്‌പരസഹകരണത്തോടെയും ആഹാരസമ്പാദനത്തിലേര്‍പ്പെടാന്‍ ആദിമമഌഷ്യര്‍ നിര്‍ബന്ധിതരായിരുന്നു. വിഭവങ്ങളെപ്പോലെതന്നെ, ആവശ്യങ്ങളും പരിമിതമായിരുന്നതിനാല്‍, വിഭവങ്ങള്‍ പരസ്‌പരം പങ്കിടുന്ന രീതിയാണ്‌ പ്രാകൃത കമ്യൂണിസ്റ്റു ഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതെന്ന്‌ പറയപ്പെടുന്നു. എന്നാല്‍, ക്രമേണ ഉത്‌പാദനക്ഷമത വര്‍ധിക്കാഌം വിഭവങ്ങള്‍ മിച്ചം വരാഌം തുടങ്ങി. മിച്ച വിഭവങ്ങളുടെ നിയന്ത്രണത്തിഌവേണ്ടിയുള്ള മത്സരങ്ങളും സംഘര്‍ഷങ്ങളും ആവിര്‍ഭവിക്കാന്‍ തുടങ്ങി. മിച്ച വിഭവത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും കൈയടക്കിയ വിഭാഗം പുതിയൊരു വര്‍ഗമായി മാറുകയാണുണ്ടായത്‌. ഇവരുടെ നിയന്ത്രണത്തിലുള്ള മിച്ച വിഭവം, സ്വകാര്യസ്വത്തായി മാറുകയും ചെയ്‌തു. ആദ്യത്തെ സ്വത്തുടമാവര്‍ഗം അടിമയുടമാവര്‍ഗമായും ബാക്കിയെല്ലാവരും അടിമകളായും സമൂഹം നെടുകെ പിളരുന്നു. അങ്ങനെയാണു അടിമത്ത സമ്പ്രദായം ആവിര്‍ഭവിക്കുന്നത്‌. മിച്ചമൂല്യത്തിഌമേല്‍ നിയന്ത്രണം ലഭിക്കാത്തവര്‍, അതുള്ളവരുടെ സ്വത്തായി മാറുകയാണുണ്ടായത്‌. മറ്റേതൊരു അസംസ്‌കൃത വസ്‌തുവിനെയും പോലെ ഉപയോഗിക്കാവുന്ന അധ്വാനശരീരങ്ങളായിട്ടാണ്‌ അടിമകള്‍ കണക്കാക്കപ്പെട്ടിരുന്നത്‌.

വര്‍ഗങ്ങളുടെ ആവിര്‍ഭാവം വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി. അടിമത്തഘട്ടത്തില്‍ നടന്ന വര്‍ഗസമരങ്ങളുടെ ഫലമായി, സമൂഹത്തില്‍ പുതിയ ശക്തികള്‍ ആവിര്‍ഭവിക്കുകയും ക്രമേണ ഫ്യൂഡലിസത്തിന്റെ ക്രമീകരണത്തിലേക്കു നയിക്കുകയും ചെയ്‌തു. കൃഷി സമ്പ്രദായം വികസിക്കുകയും കൃഷിഭൂമി മുഖ്യ ഉത്‌പാദനോപാധിയാവുകയും ചെയ്യുന്നതോടെ, കൃഷിഭൂമിക്കുമേല്‍ ഉടമസ്ഥാവകാശമുള്ള ഭൂവുടമവര്‍ഗത്തിന്റെ രാഷ്‌ട്രീയസാമ്പത്തികാധിപത്യം സമൂഹത്തിഌമേല്‍ സ്ഥാപിക്കപ്പെടുന്നു. അങ്ങനെ, സമൂഹം ഭൂവുടമവര്‍ഗവും ഭൂമിയില്‍ അധ്വാനിച്ചു ജീവിക്കേണ്ടി വരുന്ന അടിയായ്‌മവര്‍ഗവും എന്ന രീതിയില്‍ രണ്ടായി വിഭജിതമാവുന്നു. ഈ ഘട്ടത്തെ ഫ്യൂഡലിസം എന്നാണ്‌ നിര്‍വചിക്കുന്നത്‌. അടിയായ്‌മവര്‍ഗമായ കര്‍ഷകരുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി ഫ്യൂഡലിസം തകരുകയും മുതലാളിത്തത്തിഌ നാന്ദി കുറിക്കുകയും ചെയ്യുന്ന 17, 18 നൂറ്റാണ്ടുകളില്‍ യൂറോപ്പിലുടനീളം നടന്ന കര്‍ഷക കലാപങ്ങള്‍, ഫ്യൂഡലിസത്തിഌം രാജവാഴ്‌ചയ്‌ക്കും അന്ത്യം കുറിച്ചു. ഈ കാലയളവില്‍ ആവിര്‍ഭവിച്ച പുതിയ സാമൂഹ്യശക്തികളായ ബുദ്ധിജീവി വിഭാഗങ്ങളും വ്യാപാരികളും ഇടത്തരക്കാരും കര്‍ഷകകലാപങ്ങളെ പിന്തുണച്ചിരുന്നു. അതുപോലെ തന്നെ സാങ്കേതികരംഗത്തുണ്ടായ മാറ്റങ്ങളും മൂലധനത്തിന്റെ രൂപീകരണവും ഫ്യൂഡലിസത്തിന്റെ തകര്‍ച്ച അനിവാര്യമാക്കിയ ഘടകങ്ങളാണ്‌.

വ്യവസായവിപ്ലവത്തെത്തുടര്‍ന്ന്‌ പുതിയ മുതലാളിത്ത വിഭാഗങ്ങള്‍ സമൂഹത്തില്‍ അനിഷേധ്യശക്തിയായി മാറുകയാണുണ്ടായത്‌. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനസമ്പ്രദായം വിപുലമായതോടെ വ്യവസായ മുതലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയസാമ്പത്തികാധിപത്യവും സര്‍വതല സ്‌പര്‍ശിയായി മാറി. ഈ ഘട്ടത്തെയാണ്‌ മുതലാളിത്ത സാമൂഹ്യഘട്ടം എന്നു നിര്‍വചിക്കുന്നത്‌. മുതലാളിവര്‍ഗവും തൊഴിലാളിവര്‍ഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി സമൂഹം സോഷ്യലിസ്റ്റുഘട്ടത്തിലേക്കും ആത്യന്തികമായി കമ്യൂണിസത്തിലേക്കും പരിണമിക്കുന്നു എന്നാണ്‌ മാര്‍ക്‌സിസം വിവക്ഷിക്കുന്നത്‌.

I ചരിത്രം. മുതലാളിത്തസമൂഹത്തിന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി വിവിധ കമ്യൂണിസ്റ്റ്‌സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. 17-ാം ശ.ത്തില്‍ ഇംഗ്ലണ്ടിലെ മുതലാളിത്ത (ബൂര്‍ഷ്വാ) ശക്തികള്‍ നാടുവാഴിത്തത്തിനെതിരായി രാഷ്‌ട്രീയ സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത്‌ പാവപ്പെട്ട ബഹുജനങ്ങളെ പ്രതിനിധീകരിച്ചിരുന്ന "ലവലര്‍മാര്‍' (നിരപ്പാക്കല്‍ വാദികള്‍) സ്വകാര്യ ഉടമസ്ഥത അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. ഈ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിഌവേണ്ടി അവര്‍ സ്വകാര്യ നിലങ്ങളില്‍ പ്രവേശിച്ച്‌ അവ കൂട്ടായി ഉഴുത്‌ നിരപ്പാക്കുക കൂടി ചെയ്‌തു. അതിന്‌ ഒരു നൂറ്റാണ്ടു മുമ്പുതന്നെ സര്‍ തോമസ്‌ മൂര്‍ (1478-1536), ഉട്ടോപ്പിയ (1516) എന്ന കൃതിയില്‍ തന്റെ സങ്കല്‌പത്തിലെ കമ്യൂണിസ്റ്റു സമൂഹത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. ലളിതജീവിതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുതരം സ്‌പാര്‍ട്ടന്‍ കമ്യൂണിസ്റ്റു സങ്കല്‌പങ്ങളാണ്‌ ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്‌. പ്രായോഗികമല്ലെങ്കിലും മഌഷ്യഭാവനയിലെ സമത്വസുന്ദര സമൂഹം എന്ന അര്‍ഥത്തില്‍ ഉട്ടോപ്പിയ എന്ന സംജ്ഞ പ്രചാരം നേടിയത്‌ അങ്ങനെയാണ്‌.

സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നീ വിപ്ലവകരമായ മുദ്രാവാക്യങ്ങളോടുകൂടിയാണ്‌ ബൂര്‍ഷ്വാസി നാടുവാഴിത്തവിരുദ്ധസമരത്തില്‍ ഏര്‍പ്പെട്ടത്‌. എന്നാല്‍ ഈ സമരത്തില്‍ വിജയം കൈവരിച്ച്‌ സമൂഹത്തിന്റെ നായകത്വം സ്വയം ഏറ്റെടുത്ത അവര്‍ ഈ ആദര്‍ശങ്ങളെ കാറ്റില്‍ പറത്തുകയാണ്‌ ചെയ്‌തത്‌. സ്വാതന്ത്യ്രത്തെ തൊഴിലാളികളെ നിര്‍ബാധം ചൂഷണം ചെയ്യാഌള്ള അവകാശമാക്കി മാറ്റി. അതുപോലെ മുതലാളിത്തവളര്‍ച്ചയുടെ ആദ്യകാലത്തു നടന്നുവന്ന കിടമത്സരത്തില്‍ എല്ലാ മുതലാളിമാരും തുല്യരാണെന്ന തത്ത്വമാണ്‌ സമത്വം, സാഹോദര്യം എന്നിവകൊണ്ടു വിവക്ഷിക്കുന്നതെന്ന്‌ വ്യക്തമാക്കപ്പെട്ടു. യൂറോപ്പിലെ "ജ്ഞാനോദയപ്രസ്ഥാന'വും (Enlightenment) ഫ്രഞ്ചുവിപ്ലവവും സൃഷ്ടിച്ച മൂല്യമണ്ഡലം ബൂര്‍ഷ്വാസിയുടെ വളര്‍ച്ചയ്‌ക്ക്‌ അഌയോജ്യമായിരുന്നു. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ്‌ ഫ്രഞ്ചുവിപ്ലവം വിഭാവന ചെയ്‌തതെങ്കിലും, പുതിയ ബൂര്‍ഷ്വാസി പ്രസ്‌തുത മൂല്യങ്ങളെ സ്വന്തം വര്‍ഗാധിപത്യം സ്ഥാപിക്കുന്നതിഌള്ള ഉപാധികളാക്കാനാണ്‌ ശ്രമിച്ചത്‌. സ്വാതന്ത്യ്രം എന്നത്‌ സ്വകാര്യസ്വത്തിഌള്ള സ്വാതന്ത്യ്രമായി വ്യാഖ്യാനിക്കപ്പെടുകയും തൊഴിലാളികളെ ചൂഷണം ചെയ്‌ത്‌ മിച്ചമൂല്യം കൊള്ളയടിക്കാഌള്ള മൂലധനത്തിന്റെ അവകാശം സാധൂകരിക്കപ്പെടുകയും ചെയ്‌തു. അതുപോലെ, കമ്പോളമത്സരത്തില്‍ മുതലാളിമാര്‍ തുല്യരാണെന്ന രീതിയില്‍ "സമത്വ'വും വിവക്ഷിക്കപ്പെടുകയുണ്ടായി. ഫ്രഞ്ചുവിപ്ലവത്തിന്റെ ദാര്‍ശനികാചാര്യന്മാര്‍ വിധിച്ചതിഌ വിപരീതമായി പുതിയ സമൂഹത്തില്‍ ധനികരും ദരിദ്രരും തമ്മിലുള്ള വൈരുധ്യം വര്‍ധിച്ചു. സമൂഹത്തില്‍ പുതിയ ചൂഷണ സമ്പ്രദായങ്ങളും മര്‍ദനസംവിധാനങ്ങളും പ്രത്യക്ഷപ്പെട്ടു. ഇതില്‍ രോഷാകുലരായ ചില ചിന്തകന്മാര്‍ 19-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ കൂടുതല്‍ നീതിനിഷ്‌ഠമായ ഒരു സാമൂഹികവ്യവസ്ഥ ഉണ്ടാകേണ്ടത്‌ ആവശ്യമാണെന്ന്‌ മനസ്സിലാക്കി; അതിന്റെ രൂപരേഖ തയ്യാറാക്കി. ഫ്രാന്‍സിലെ സെന്റ്‌ സൈമണ്‍, ചാള്‍സ്‌ ഫ്യുരിയെ എന്നീ പ്രതിഭാശാലികളായിരുന്നു പുതിയ സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ ഉപജ്ഞാതാക്കള്‍. മുതലാളിത്ത സമൂഹക്രമത്തിന്റെ ദോഷങ്ങളെയും പൊരുത്തക്കേടുകളെയും അവര്‍ നിശിതമായി വിമര്‍ശിച്ചു. ഭാവിയില്‍ രൂപം കൊള്ളേണ്ട സോഷ്യലിസ്റ്റുസമൂഹത്തെ സംബന്ധിച്ച്‌ അവര്‍ തങ്ങളുടെ കൃതികളില്‍ ദീര്‍ഘദര്‍ശനം ചെയ്‌തു. മുതലാളിത്തപരമായി കൂടുതല്‍ വികസിച്ചിരുന്ന ഇംഗ്ലണ്ടില്‍ ഇതേകാലത്തുതന്നെ റോബര്‍ട്ട്‌ ഓവന്‍ (1771-1858) തന്റെ വ്യവസായശാല മാതൃകാപരമായ രീതിയില്‍ നടത്തി. പക്ഷേ തന്റെ ഭാവനയിലുള്ള കമ്യൂണിസ്റ്റ്‌ സമൂഹം സംഘടിപ്പിക്കാഌള്ള പരീക്ഷണങ്ങളില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്നിരുന്നാലും ബ്രിട്ടീഷ്‌ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രാരംഭദശയില്‍ ഓവന്‍ വഹിച്ച പങ്ക്‌ സുപ്രധാനമാണ്‌.

നീതി, യുക്തി എന്നിവയെ അടിസ്ഥാനമാക്കി കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹം പടുത്തുയര്‍ത്തുന്നതിനെപ്പറ്റി സ്വപ്‌നം കണ്ടിരുന്ന ഇവര്‍ക്ക്‌ പുതിയ ചൂഷണങ്ങളുടെയും മര്‍ദനങ്ങളുടെയും അധാര്‍മികതയെക്കുറിച്ച്‌ സ്വത്തുടമകളെ ബോധ്യപ്പെടുത്തുകയും അഌകൂലമായ സാഹചര്യങ്ങളില്‍ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതില്‍ക്കവിഞ്ഞ്‌ ഈ ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും യഥാര്‍ഥ പരിഹാരമാര്‍ഗങ്ങള്‍ ഒന്നുംതന്നെ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞില്ല. ഇവരുടെ സോഷ്യലിസം സാങ്കല്‌പികമായിരുന്നു. നിലവിലുള്ള സാമൂഹികക്രമത്തിന്റെ അനിവാര്യമായ ദൂഷ്യഫലങ്ങള്‍ ദൂരീകരിച്ച്‌ സമൂഹത്തെ ഭദ്രമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടുകൂടി പലതരം സാമൂഹികക്ഷേമനടപടികളും നിര്‍ദേശിക്കുന്ന ആധുനിക ജനാധിപത്യ സോഷ്യലിസ്റ്റുകളും സമൂഹത്തെ പുനഃസംഘടിപ്പിക്കുകയാണെന്ന ഭാവത്തില്‍ അതിന്റെ അടിത്തറ കാത്തുസൂക്ഷിക്കുന്ന സാമൂഹികപരിഷ്‌കര്‍ത്താക്കളും 19-ാം ശ.ത്തിലെ സാങ്കല്‌പിക സോഷ്യലിസ്റ്റുകളുടെ അഌയായികളാണ്‌.

18-ാം ശ.ത്തിന്റെ മധ്യത്തില്‍പ്പോലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആധുനിക മുതലാളിത്ത രീതിയിലുള്ള ഉത്‌പാദനസമ്പ്രദായം അതിന്റെ ശൈശവദശയിലായിരുന്നു. ഫ്രാന്‍സില്‍ അക്കാലത്ത്‌ ആധുനികവ്യവസായം പ്രത്യക്ഷപ്പെട്ടിട്ടുപോലുമുണ്ടായിരുന്നില്ല. മുതലാളിത്ത വികാസത്തില്‍ മുന്നിട്ടുനിന്ന ഇംഗ്ലണ്ടില്‍ത്തന്നെ വ്യാവസായിക വിപ്ലവം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ആധുനിക വ്യവസായത്തിന്റെ സന്തതിയായ തൊഴിലാളിവര്‍ഗത്തിന്റെ വളര്‍ച്ചയും അക്കാലത്ത്‌ അപൂര്‍ണാവസ്ഥയിലായിരുന്നു. നരകതുല്യമായ പുതിയ ജീവിതസാഹചര്യങ്ങളിലും തൊഴില്‍ വ്യവസ്ഥകളിലും പൊറുതി മുട്ടിയ തൊഴിലാളിവര്‍ഗം ഭരണവര്‍ഗങ്ങള്‍ക്കെതിരായി വിപ്ലവകരമായ പോരാട്ടങ്ങള്‍ നടത്താന്‍ തുടങ്ങിയത്‌ 19-ാം ശ.ത്തിന്റെ നാലാം ദശകത്തോടുകൂടി മാത്രമാണ്‌. ഈ വര്‍ഗസമരങ്ങള്‍ മിക്കവയും ഉടലെടുത്തത്‌ യൂറോപ്പിലെ വികസിതരാഷ്‌ട്രങ്ങളിലാണ്‌. 1831ലും 34ലും ലിയോണില്‍ തുണിമില്‍ തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍, 1830കളുടെ മധ്യം മുതല്‍ 1850കളുടെ ആരംഭംവരെ ഇംഗ്ലണ്ടില്‍ നീണ്ടുനിന്ന ചാര്‍ട്ടിസ്റ്റ്‌ പ്രസ്ഥാനം, 1844ല്‍ സൈലീഷ്യയില്‍ നടന്ന നെയ്‌ത്തുകാരുടെ സമരം എന്നിവ ഈ വര്‍ഗസമരങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തൊഴിലാളികള്‍ ഒരു സംഘടിത വര്‍ഗമെന്ന നിലയ്‌ക്ക്‌ സമരരംഗത്തു പ്രത്യക്ഷപ്പെടുന്നതിഌ മുമ്പുള്ള കാലത്തെയാണ്‌ സാങ്കല്‌പിക സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ പ്രതിഫലിപ്പിച്ചത്‌. മുതലാളിത്ത സമൂഹത്തിന്റെ ചരിത്രപരമായ അനിവാര്യതയെക്കുറിച്ചോ സമൂഹത്തിലെ വിവിധ വര്‍ഗങ്ങളെക്കുറിച്ചോ ഒന്നും അക്കാലത്ത്‌ അറിവുണ്ടായിരുന്നില്ല. മുതലാളിത്തത്തിന്‍െറ ഉത്‌പാദനപ്രക്രിയ, ചൂഷണം എന്നിവയെ മഌഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ചില യാദൃച്ഛിക പ്രതിഭാസങ്ങളായി മാത്രമേ അക്കാലത്ത്‌ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.

II കമ്യൂണിസത്തിന്റെ വളര്‍ച്ചയും മാര്‍ക്‌സിസവും

തൊഴിലാളികള്‍ക്ക്‌ മുതലാളിത്തപരമായ അടിമത്തത്തില്‍ നിന്ന്‌ മോചനം നേടാഌള്ള മാര്‍ഗം ശാസ്‌ത്രീയമായി നിര്‍വചിക്കണമെങ്കില്‍ രണ്ടുകാര്യങ്ങള്‍ അത്യാവശ്യമായിരുന്നു. ഒന്ന്‌, ചരിത്രം കുറെ യാദൃച്ഛികസംഭവങ്ങളുടെ പരമ്പരയാണെന്ന അതുവരെയുണ്ടായിരുന്ന ധാരണയ്‌ക്കുപകരം സാമൂഹികവളര്‍ച്ചയുടെ നിയമങ്ങള്‍ മനസ്സിലാക്കി മുതലാളിത്ത സമൂഹത്തിന്റെ ചരിത്രപരമായ വികാസവും അതിന്റെ അനിവാര്യമായ നാശവും വ്യക്തമാക്കണം. രണ്ട്‌, മുതലാളിത്ത സമൂഹത്തിലെ ചൂഷണത്തെയും മറ്റു ദൂഷ്യങ്ങളെയും അപലപിക്കുന്നതോടൊപ്പംതന്നെ ആ സമൂഹത്തിന്റെ സ്വഭാവവിശേഷതകള്‍ വിവരിക്കണം. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രത്തെ അപഗ്രഥിക്കുകയും ചരിത്രവികാസത്തിന്റെ പൊതുനിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തത്‌ കാറല്‍മാര്‍ക്‌സും (1818-83) ഫ്രീദ്‌റിഷ്‌ എംഗെല്‍സു(1820-95)മാണ്‌. ഇവര്‍ ആവിഷ്‌കരിച്ച സിദ്ധാന്തം പൊതുവില്‍ "വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം' എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെട്ടു. ഈ രീതിശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുതലാളിത്ത ഉത്‌പാദന സമ്പ്രദായത്തെ അതിസൂക്ഷ്‌മമായി അപഗ്രഥിച്ച മാര്‍ക്‌സ്‌, തൊഴിലാളികളില്‍ നിന്ന്‌ കവര്‍ന്നെടുക്കുന്ന മിച്ചമൂല്യമാണ്‌ മുതലാളിത്തലാഭത്തിനാധാരമെന്ന്‌ സിദ്ധാന്തിച്ചു. മുതലാളിത്ത ചൂഷണത്തെ ഭൗതികവും ചരിത്രപരവുമായി വിശദീകരിക്കാന്‍ കഴിഞ്ഞ മാര്‍ക്‌സിസ്റ്റു സിദ്ധാന്തം കമ്യൂണിസത്തെക്കുറിച്ചുള്ള ശാസ്‌ത്രീയാന്വേഷണത്തില്‍ വലിയൊരു വഴിത്തിരിവായി മാറുകയാണുണ്ടായത്‌. ഒരു പറ്റം സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ധര്‍മബോധമോ മുതലാളിമാരുടെ ഉദാരതയോ അല്ല, സോഷ്യലിസത്തിനാധാരമെന്നും മറിച്ച്‌, മുതലാളിത്ത സമൂഹത്തിലെതന്നെ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളുടെ സ്വാഭാവികമായ പരിവര്‍ത്തനത്തിന്റെ ഫലമാണെന്നും മാര്‍ക്‌സിസം സമര്‍ഥിച്ചു. അതോടെ, സോഷ്യലിസത്തിഌം കമ്യൂണിസത്തിഌം വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക്‌ ശാസ്‌ത്രീയസ്വഭാവം കൈവന്നു.

ചരിത്രപരമായ ഭൗതികവാദത്തെ മാര്‍ക്‌സ്‌ തന്റെ അര്‍ഥശാസ്‌ത്രനിരൂപണത്തിന്‌ ഒരു ആമുഖം ('An Introduction to the Critique of Political Economy') എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം നിര്‍വചിക്കുന്നു. "തങ്ങളുടെ നിലനില്‌പിഌവേണ്ടിയുള്ള സാമൂഹികോത്‌പാദനത്തിനിടയില്‍ മഌഷ്യര്‍ അഌപേക്ഷണീയമായും ചില സുവ്യക്തബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ ബന്ധങ്ങള്‍ അവരുടെ ഇച്ഛയില്‍ നിന്നു സ്വതന്ത്രമായിട്ടുള്ളതാണ്‌. അതായത്‌, അവരുടെ ഭൗതികോത്‌പാദനശക്തികളുടെ വികാസത്തിലെ ഒരു നിര്‍ദിഷ്ടഘട്ടത്തിന്‌ ചേര്‍ന്ന ഉത്‌പാദനബന്ധങ്ങളാണ്‌ അവ. ഈ ഉത്‌പാദനബന്ധങ്ങളുടെ ആകത്തുകയാണ്‌ സമൂഹത്തിന്റെ സാമ്പത്തികഘടനയുടെ അടിസ്ഥാനം. നിയമപരവും രാഷ്‌ട്രീയവുമായ മേല്‍ക്കൂരയുടെ (super-structure) യഥാര്‍ഥ അടിത്തറ ഇതാണ്‌. സാമൂഹികബോധത്തിന്റെ നിശ്ചിതരൂപങ്ങള്‍ ഇതുമായി പൊരുത്തപ്പെടുന്നതുമായിരിക്കും. ഭൗതികജീവിതത്തിന്റെ ഉത്‌പാദനസമ്പ്രദായം സാമൂഹികവും രാഷ്‌ട്രീയവും ബുദ്ധിപരവുമായ ജീവിതത്തിന്റെ സാമാന്യപ്രക്രിയയ്‌ക്ക്‌ കളമൊരുക്കുന്നു. മഌഷ്യരുടെ ബോധമല്ല (consciousness) അവരുടെ അസ്‌തിത്വം (being) നിര്‍ണയിക്കുന്നത്‌; മറിച്ച്‌, സാമൂഹികാസ്‌തിത്വം ബോധത്തെ നിയന്ത്രിക്കുകയാണ്‌ ചെയ്യുന്നത്‌. വികാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ സമൂഹത്തിന്റെ ഭൗതികമായ ഉത്‌പാദനശക്തികളും നിലവിലുള്ള ഉത്‌പാദനബന്ധങ്ങളും തമ്മില്‍ സംഘട്ടനമുണ്ടാകുന്നു. ഉത്‌പാദനശക്തികളുടെ വികാസരൂപങ്ങളെന്ന നിലവിട്ട്‌ ഈ ബന്ധങ്ങള്‍ അവയെ കെട്ടിയിടുന്ന കാല്‍ച്ചങ്ങലകളായി മാറുന്നു. അതോടെ സാമൂഹിക വിപ്ലവത്തിന്റെ ഒരു യുഗം ആരംഭിക്കുന്നു. ഒരു സാമൂഹികവ്യവസ്ഥയിലെ എല്ലാ ഉത്‌പാദനശക്തികളും ആ സമൂഹത്തിന്റെ നിലനില്‌പിന്‌ അഌഗുണമായിരിക്കുന്നിടത്തോളം ആ സാമൂഹികവ്യവസ്ഥ ഒരിക്കലും നശിക്കുന്നില്ല. അതുപോലെ കൂടുതല്‍ ഉയര്‍ന്ന ഉത്‌പാദനബന്ധങ്ങളുടെ നിലനില്‌പിന്‌ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ പഴയ സമൂഹത്തിഌള്ളില്‍ പൂര്‍ണമായ വളര്‍ച്ച എത്തുന്നതുവരെ ആ ബന്ധങ്ങള്‍ ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല.'

പ്രാകൃതയുഗങ്ങളിലെ കൂട്ടുടമ സമ്പ്രദായത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും എംഗെല്‍സും ചൂണ്ടിക്കാട്ടുന്നു. ഓരോ കാലഘട്ടത്തിലെയും ഉത്‌പാദനവിതരണ സമ്പ്രദായങ്ങളുടെ സന്തതികളാണ്‌ ഈ വര്‍ഗങ്ങള്‍. സാമൂഹിക ജീവിതത്തിലുള്ള സ്ഥാനം, ഉത്‌പാദനോപകരണങ്ങളുമായുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ മഌഷ്യര്‍ വര്‍ഗങ്ങളായി തരംതിരിക്കപ്പെടുന്നുപുരാതനകാലത്തെ യജമാനഌം അടിമയും, നാടുവാഴിത്ത കാലഘട്ടത്തിലെ ഭൂപ്രഭുവും അടിയാളഌം, മുതലാളിത്ത സമൂഹത്തിലെ മുതലാളിയും തൊഴിലാളിയും. ഒരു സാമൂഹിക വ്യവസ്ഥയുടെ പുറകെ വേറൊന്നിന്റെ സ്വഭാവം അഌസരിച്ച്‌ വര്‍ഗവിഭജനവും ചൂഷണവും, ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും വര്‍ഗസമരങ്ങളും നടന്നിട്ടുണ്ട്‌. മുതലാളിത്ത സാമൂഹികക്രമം നിലവില്‍ വരുന്നതുവരെ ഒരു ചൂഷണസമ്പ്രദായത്തിന്റെ സ്ഥാനത്ത്‌ വേറൊരു ചൂഷണസമ്പ്രദായം നിലവില്‍ വരുമ്പോള്‍ പഴയ ചൂഷിതവര്‍ഗങ്ങളില്‍പ്പെട്ടവര്‍ പുതിയ ചൂഷണസമ്പ്രദായത്തിന്‌ ഇരയാവുകയോ അല്ലെങ്കില്‍ സ്വത്തുടമകളായി ചൂഷണത്തില്‍ നിന്ന്‌ സ്വതന്ത്രരാവുകയോ ചെയ്യുന്നു. ഉദാഹരണമായി നഗരങ്ങളിലേക്ക്‌ ഓടിപ്പോയി കൈത്തൊഴില്‍ക്കാരനായിട്ടോ, ഭൂപ്രഭുവിന്‌ പണം കൊടുത്ത്‌ വെറും പാട്ടക്കുടിയാനായിട്ടോ, പ്രഭുവിനെ ആട്ടിയോടിച്ച്‌ ഭൂമി സ്വന്തമാക്കിയോ അടിയാളര്‍ സ്വതന്ത്രനാകുന്നു. തൊഴിലാളിയാകട്ടെ, സ്വകാര്യസ്വത്തും എല്ലാവിധ ചൂഷണങ്ങളും വര്‍ഗവ്യത്യാസങ്ങളും ഇല്ലാതാക്കുന്നതുവഴിയാണ്‌ സ്വയം മോചിതനാകുന്നത്‌. കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടെ 1883ലെ ജര്‍മന്‍ പതിപ്പിന്റെ പുതിയ മുഖവുരയില്‍ തൊഴിലാളി വര്‍ഗത്തിന്റെ ചരിത്രപരമായ കടമ എന്‍ഗെല്‍സ്‌ വ്യക്തമാക്കുന്നു: "ചൂഷിതരും മര്‍ദിതരുമായ വര്‍ഗത്തിന്‌ (തൊഴിലാളി വര്‍ഗത്തിന്‌) ചൂഷണത്തില്‍ നിന്നും മര്‍ദനത്തില്‍ നിന്നും വര്‍ഗസമരത്തില്‍ നിന്നും സമുദായത്തെ എന്നെന്നേക്കുമായി മോചിപ്പിക്കാതെ ചൂഷകരില്‍ നിന്നും മര്‍ദകരില്‍ നിന്നും (ബൂര്‍ഷ്വാസിയില്‍ നിന്ന്‌) സ്വയം മോചനം നേടാന്‍ കഴിയുകയില്ല എന്നൊരു ഘട്ടത്തില്‍ ഇന്ന്‌ ആ വര്‍ഗസമരം എത്തിച്ചേര്‍ന്നിരിക്കുന്നു'. അതായത്‌, ചരിത്രം ഇതുവരെ കണ്ടതുപോലെ പുതിയ ഒരു മേധാവിവര്‍ഗത്തിന്റെ പുതിയ ചൂഷണ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിഌ പകരം പഴയ വര്‍ഗമേധാവിത്വങ്ങളുടെയും വര്‍ഗചൂഷണങ്ങളുടെയും എല്ലാ അവശിഷ്ടങ്ങളും പാടെ തുടച്ചുമാറ്റി തൊഴിലാളിവര്‍ഗം വര്‍ഗരഹിതമായ ഒരു കമ്യൂണിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കണം.

സമൂഹത്തിന്റെ വളര്‍ച്ചയുടെ നിയമം, അതിന്റെ പ്രരകശക്തികള്‍, മുതലാളിത്തസമൂഹത്തിന്റെ ഉദ്‌ഭവത്തിന്റെയും വളര്‍ച്ചയുടെയും നാശത്തിന്റെയും അനിവാര്യത എന്നിവ വ്യക്തമാക്കപ്പെട്ടതോടെ അതുവരെ സാങ്കല്‌പികമണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്ന കമ്യൂണിസം ഒരു ശാസ്‌ത്രസിദ്ധാന്തമായി മാറി. മുതലാളിത്ത ചൂഷണം അവസാനിപ്പിച്ച്‌ സ്വയം മോചനംവഴി മാനവരാശിയുടെ മുഴുവന്‍ മോചനം നേടാഌള്ള സമരത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ കൈയിലെ മൂര്‍ച്ചയേറിയ ഒരു ആയുധമായി ശാസ്‌ത്രീയ കമ്യൂണിസം മാറിയിരിക്കുകയാണ്‌. നാടുവാഴിത്ത്വത്തെ തട്ടിമാറ്റിക്കൊണ്ടാണ്‌ മുതലാളിത്തം വളര്‍ന്നതെന്ന്‌ ഇതിഌമുമ്പ്‌ സൂചിപ്പിച്ചിട്ടുണ്ടല്ലോ. മധ്യകാല യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതലാളിത്തഉത്‌പാദന സമ്പ്രദായം ആരംഭിക്കുന്നതിഌമുമ്പ്‌ കൈത്തൊഴിലും കുടില്‍ വ്യവസായവുമാണ്‌ നിലനിന്നിരുന്നത്‌. അന്ന്‌ മിക്കവാറും എല്ലായിടത്തും കൈത്തൊഴില്‍ക്കാരന്‍ ഉത്‌പാദനോപകരണങ്ങളുടെ ഉടമയായിരുന്നു. ഇതുകൂടാതെ, ഒഴിവുസമയങ്ങളില്‍ കൃഷി ചെയ്‌തിരുന്ന ഒരു തുണ്ടു ഭൂമിയും, അയാള്‍ക്ക്‌ ഉണ്ടായിരുന്നു. നഗരപ്രദേശങ്ങളില്‍ ഗില്‍ഡ്‌ അടിസ്ഥാനത്തിലായിരുന്നു കൈത്തൊഴില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്‌. ഉത്‌പാദനോപകരണങ്ങള്‍ ഓരോ കൈത്തൊഴില്‍ക്കാരന്റെയും സ്വന്തമായ ഉപയോഗത്തിഌവേണ്ടി പ്രത്യേകം നിര്‍മിക്കപ്പെട്ടവയായിരുന്നു. അക്കാരണം കൊണ്ടുതന്നെ അവ ചെറുകിട ഉത്‌പാദനത്തിഌ മാത്രമേ ഉപയോഗയോഗ്യമായിരുന്നുള്ളു. നാടാകെ ചിന്നിച്ചിതറിക്കിടന്നിരുന്ന ഉത്‌പാദകശക്തികളെ സമാഹരിച്ച്‌ ചെറു വ്യവസായശാലകള്‍ സ്ഥാപിക്കുകയും ക്രമേണ അവയെ ആധുനിക രീതിയിലുള്ള വന്‍കിട വ്യവസായശാലകളാക്കി വളര്‍ത്തുകയും ചെയ്യുകയെന്ന പുരോഗമനപരമായ ഒരു കൃത്യമാണ്‌ ബൂര്‍ഷ്വാസിക്ക്‌ നിര്‍വഹിക്കാഌണ്ടായിരുന്നത്‌. ഈ പ്രക്രിയയ്‌ക്കിടയിലാകട്ടെ, സമൂഹത്തില്‍, ശാസ്‌ത്ര, സാഹിത്യ, സംസ്‌കാരാദി രംഗങ്ങളില്‍ ബൂര്‍ഷ്വാസി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തു.

അതേ സമയം മുതലാളിത്തത്തിന്റെ വളര്‍ച്ച സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കി. ഉത്‌പാദകരെ ഉത്‌പാദനോപകരണങ്ങളില്‍ നിന്നു വേര്‍പെടുത്തി പകരം അവരെ കൂലിയടിമകളാക്കി. അവരെ മൂലധനത്തിന്റെ മൃഗീയചൂഷണങ്ങള്‍ക്കിരയാക്കി. കൃഷിക്കാരും ചെറുസ്വത്തുടമകളും ഉള്‍പ്പെടെ സമൂഹത്തിലെ ഭൂരിപക്ഷത്തെ പാപ്പരാക്കി അടിക്കടി മൂര്‍ച്ഛിക്കുന്ന വര്‍ഗസമരങ്ങള്‍ക്ക്‌ കളമൊരുക്കി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പണത്തിന്റെ ആധിപത്യം അടിച്ചേല്‌പിച്ചു. എല്ലാ മഌഷ്യബന്ധങ്ങളെയും വ്യക്തികളുടെ അന്തസ്സിനെയും യോഗ്യതകളെയും കമ്പോളച്ചരക്കാക്കി മാറ്റി. സാമ്പത്തികമായി "അവികസിത' രാജ്യങ്ങളെ "പരിഷ്‌കൃത' രാജ്യങ്ങളുടെ ആശ്രിതത്വത്തിന്‍ കീഴില്‍ കൊണ്ടുവന്നു. ആഗോളയുദ്ധങ്ങള്‍ അഴിച്ചുവിട്ട്‌ മാനവസംസ്‌കാരത്തെ ഭീഷണിപ്പെടുത്തി.

ഉത്‌പാദനരംഗത്ത്‌ വര്‍ധമാനമായ കിടമത്സരം, മൂലധനകേന്ദ്രീകരണം, കൂടെക്കൂടെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി, ബഹുഭൂരിപക്ഷം ജനങ്ങളെ പാപ്പരാക്കല്‍ എന്നിവയിലൂടെ മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യം അതിന്റെ സ്വന്തം നാശത്തിലേക്ക്‌ വഴി തെളിക്കുമെന്ന്‌ മാര്‍ക്‌സിസം പ്രവചിച്ചു.

15-ാം ശ.ത്തില്‍ യൂറോപ്പില്‍ ആരംഭിച്ച മുതലാളിത്ത ഉത്‌പാദനരീതിയുടെ വികാസം സഹകരണം, നിര്‍മാണം, ആധുനികവ്യവസായം എന്നീ ഘട്ടങ്ങളില്‍ക്കൂടി എങ്ങനെ കടന്നുപോയെന്ന്‌ മാര്‍ക്‌സ്‌ മൂലധനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. നിരവധി കൈത്തൊഴില്‍ക്കാരെ ഒരേ സമയത്ത്‌ ഒരേ സ്ഥലത്തു കൊണ്ടുവന്ന്‌ പണിയെടുപ്പിച്ചാണ്‌ മുതലാളിത്തഉത്‌പാദനസമ്പ്രദായം ആരംഭിച്ചത്‌. മുതലാളിയുടെ തൊഴില്‍ശാല അക്കാലത്തു തന്നെ നിലനിന്നിരുന്ന ഗില്‍ഡ്‌ സമ്പ്രദായത്തില്‍ നിന്ന്‌ ഗുണപരമായി വ്യത്യസ്‌തമായിരുന്നില്ല; കുറേക്കൂടി വിപുലമായ ഗില്‍ഡ്‌ തൊഴില്‍ശാലയെന്ന്‌ വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. പക്ഷേ നിരവധി പേര്‍ ഒരേ സ്ഥലത്ത്‌ ഒരേ സമയത്ത്‌ ഉത്‌പാദനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ട്‌ അധ്വാനപ്രക്രിയയുടെ ഭൗതികസാഹചര്യങ്ങില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ഉത്‌പാദനോപാധികളുടെ ചില ഭാഗമെങ്കിലുംപണിയെടുക്കുന്ന കെട്ടിടം, ഒരേ സമയത്തോ ഊഴമായോ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവപൊതുവായിട്ടാണ്‌ ഉപയോഗിക്കപ്പെട്ടിരുന്നത്‌. തത്‌ഫലമായി കുടില്‍ വ്യവസായത്തില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാകാറുള്ളതില്‍ കൂടുതല്‍ പരസ്‌പരസഹകരണം മുതലാളിയുടെ തൊഴില്‍ശാലയില്‍ പ്രത്യക്ഷപ്പെട്ടു.

മുതലാളിത്തഉത്‌പാദന സമ്പ്രദായത്തിന്റെ അടുത്തഘട്ടം തൊഴില്‍ വിഭജനം അടിസ്ഥാനമാക്കിയുള്ള ഉത്‌പാദനപ്രക്രിയയാണ്‌. ഒരു ഉത്‌പന്നത്തിന്റെ നിര്‍മാണ പ്രക്രിയയെ നിരവധി സ്വതന്ത്രഘടകങ്ങളാക്കി, ഓരോന്നും വെവ്വേറെ ചെയ്യാന്‍ പറ്റുന്ന തരത്തില്‍ വേര്‍തിരിക്കലാണ്‌ തൊഴില്‍ വിഭജനം കൊണ്ടര്‍ഥമാക്കുന്നത്‌.യഥാര്‍ഥത്തില്‍ തൊഴില്‍ വിഭജനം ആദ്യമാദ്യം അഌയോജ്യമായ രൂപങ്ങള്‍ കൈകൊണ്ടത്‌ അഌഭവത്തിലൂടെയാണ്‌; അതില്‍ പങ്കെടുക്കുന്നവര്‍ പോലും അറിയാതെയാണ്‌ അതു സംഭവിച്ചത്‌.ഒട്ടൊരു വളര്‍ച്ചയും സ്ഥിരതയും കൈവന്നതിഌശേഷമാണ്‌ അത്‌ മുതലാളിത്ത ഉത്‌പാദനത്തിന്റെ അംഗീകൃത സമ്പ്രദായമായത്‌. എങ്കിലും നിര്‍മാണത്തിന്റെ അടിത്തറ കൈത്തൊഴിലിലുള്ള വൈദഗ്‌ധ്യം തന്നെയാണ്‌. തൊഴിലാളികളല്ലാതെ അതിഌ മറ്റൊരു ചട്ടക്കൂടില്ല.

തൊഴില്‍ വിഭജനം കൈത്തൊഴിലിനെ നാശോന്മുഖമാക്കി. കാരണം ഗ്രാമങ്ങളിലെ കുടില്‍ വ്യവസായത്തെയും പട്ടണങ്ങളിലെ കൈത്തൊഴിലിനെയും അപേക്ഷിച്ച്‌ അത്‌ കൂടുതല്‍ പുരോഗമനപരമായിരുന്നു. പണിയായുധങ്ങള്‍ പരിഷ്‌കരിച്ച്‌ ഭാഗികമായ തൊഴിലില്‍ മാത്രം ഏര്‍പ്പെടാന്‍ കഴിയുന്ന തൊഴിലാളികളെ അതു വളര്‍ത്തിയെടുത്തു. അവരെ ഗ്രൂപ്പുകളാക്കി സംഘടിപ്പിക്കുകയും കോര്‍ത്തിണക്കുകയും ചെയ്‌തുകൊണ്ട്‌ തൊഴില്‍ശാലയില്‍ ഒരു ഏകീകൃത ഉത്‌പാദന സമ്പ്രദായത്തിന്‌ രൂപം കൊടുത്തു. തൊഴില്‍ വിഭജനം അധ്വാനത്തിന്റെ ഉത്‌പാദനക്ഷമത വര്‍ധിപ്പിച്ചു; എന്നാല്‍ തൊഴിലാളികളുടെ വ്യക്തിഗതമായ കഴിവുകളെ ഭംഗപ്പെടുത്തിക്കൊണ്ടാണ്‌ അത്‌ സാധിച്ചത്‌. അധ്വാനത്തിന്‍െറ മേല്‍ മൂലധനത്തിന്റെ മേല്‍ക്കോയ്‌മ ഉറപ്പിക്കാന്‍ ഉതകുന്ന പരിതഃസ്ഥിതികള്‍ അത്‌ സൃഷ്ടിച്ചു; അതോടെ ചൂഷണത്തിന്റെ പരിഷ്‌കൃതമായ ഒരു പതിപ്പും. ചരിത്രപരമായി നോക്കിയാല്‍ ഈ നിര്‍മാണസമ്പ്രദായം സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള ഒരു പ്രധാന കാല്‍വയ്‌പാണ്‌. മുതാലാളിത്തഉത്‌പാദനരീതിയുടെ സാമൂഹിക സ്വഭാവത്തിന്റെ ബീജം കുറേക്കൂടി വളര്‍ച്ച എത്തുന്നുണ്ട്‌ ഈ നിര്‍മാണസമ്പ്രദായത്തില്‍.

മാര്‍ക്‌സിന്റെ ഭാഷയില്‍, "ഗ്രാമത്തിലെ കുടില്‍ വ്യവസായങ്ങളുടെയും പട്ടണത്തിലെ കൈത്തൊഴിലിന്റെയും വിശാലമായ അടിത്തറയിന്മേല്‍ പടുത്തുയര്‍ത്തിയ സാമ്പത്തിക വാസ്‌തുശില്‌പമാണ്‌ ഈ നിര്‍മാണസമ്പ്രദായം'. എങ്കിലും പ്രസ്‌തുത നിര്‍മാണസമ്പ്രദായം തന്നെ സൃഷ്ടിച്ച ഉത്‌പാദനത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്കവിധം ഉത്‌പാദനത്തെ വിപ്ലവകരമാക്കിത്തീര്‍ക്കാന്‍ അതിഌ കഴിഞ്ഞില്ല. അതിന്റെ തന്നെ സങ്കുചിതമായ സാങ്കേതിക അടിത്തറയുമായി അതിന്‌ ഏറ്റുമുട്ടേണ്ടി വന്നു.

18-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചതും അതിഌശേഷം മറ്റെല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെട്ടതുമായ വ്യാവസായിക വിപ്ലവമാണ്‌ മേല്‌പറഞ്ഞ നിര്‍മാണസമ്പ്രദായത്തിന്റെ സങ്കുചിതമായ അടിത്തറ തകര്‍ത്ത്‌ ഉത്‌പാദനശക്തികളെ മോചിപ്പിച്ചത്‌. ആവിയന്ത്രത്തിന്റെയും പുതിയതരം നൂല്‍നൂല്‌പു യന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രാപകരണങ്ങളുടെയും കണ്ടുപിടിത്തമാണ്‌ വ്യാവസായിക വിപ്ലവത്തെ മുന്നോട്ടു നയിച്ചത്‌. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തോടുകൂടിത്തന്നെ യന്ത്രാപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പണിയായുധങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിഌള്ള തൊഴില്‍ശാലകള്‍ നിലവില്‍ വന്നിരുന്നു. വലിയ തുക മൂലധനമിറക്കാന്‍ കഴിവുള്ളവര്‍ക്കുമാത്രമേ വന്‍കിട യന്ത്രാപകരണങ്ങള്‍ സ്ഥാപിക്കാന്‍ പറ്റുമായിരുന്നുള്ളു. കൂറ്റന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവം വ്യവസായത്തെയാകെ വലിയ മുതലാളിമാരുടെ കരങ്ങളിലെത്തിച്ചു; കൈത്തൊഴിലുകാരും ചെറുകിട മുതലാളിമാരും പുറംതള്ളപ്പെട്ടു. ആദ്യമായി തുണിയുത്‌പാദനത്തില്‍ ഫാക്‌റ്ററിസമ്പ്രദായം കൊണ്ടുവരപ്പെട്ടു. ക്രമേണ മറ്റെല്ലാ വ്യവസായങ്ങളിലേക്കും ഫാക്‌റ്ററി സമ്പ്രദായം വ്യാപിച്ചു. തൊഴില്‍ വിഭജനം എല്ലാ ഉത്‌പാദനശാഖകളിലും വ്യാപകമായി. ഈ പ്രക്രിയയ്‌ക്കിടയില്‍ പുതിയ മുതലാളിവര്‍ഗം ഉത്‌പാദനശക്തികളുടെ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായി നിന്നിരുന്ന എല്ലാ ഉത്‌പാദനബന്ധങ്ങളെയും അവയെ താങ്ങിനിന്നിരുന്ന നാടുവാഴിത്ത ശക്തികളെയും തട്ടിമാറ്റി ഭരണാധികാരിയായിക്കഴിഞ്ഞിരുന്നു.

ആസൂത്രിതമായി വന്‍തോതില്‍ തൊഴില്‍ വിഭജനം ഏര്‍പ്പെടുത്തപ്പെട്ടതോടെ പുതിയ ഫാക്‌റ്ററി സമ്പ്രദായത്തില്‍ ഉത്‌പാദനം തികച്ചും സാമൂഹികവത്‌കരിക്കപ്പെട്ടു. ചരക്കുത്‌പാദനം പുരാതനകാലത്തുതന്നെ നിലനിന്നിരുന്നുവെങ്കിലും മുതലാളിത്തനിയന്ത്രണത്തില്‍ ഉത്‌പാദനം ആരംഭിച്ചതില്‍ പിന്നെയാണ്‌ ചരക്കുത്‌പാദനം അതിന്റെ പൂര്‍ണവളര്‍ച്ചയിലെത്തിയത്‌. യഥാര്‍ഥ ഉത്‌പാദകരല്ല, ഉത്‌പാദനോപകരണങ്ങളുടെ ഉടമകളായ മുതലാളിമാരാണ്‌ ഇപ്പോള്‍ ഉത്‌പന്നം സ്വന്തമാക്കുന്നത്‌. കൂട്ടായ ഉത്‌പാദനവും വ്യക്തിഗതമായ ഉടമസ്ഥതയും ഇതാണ്‌ മുതലാളിത്ത സാമൂഹികക്രമത്തിലെ എല്ലാ വൈരുധ്യങ്ങള്‍ക്കും അടിസ്ഥാനം.

തൊഴിലാളി തന്റെ അധ്വാനശക്തി ഉത്‌പാദനോപകരണങ്ങളുടെയും അസംസ്‌കൃത പദാര്‍ഥങ്ങളുടെയും ഉടമയായ മുതലാളിക്ക്‌ വില്‌ക്കുന്നു. അധ്വാനശക്തിയുടെ വിലയെന്നോണം തൊഴിലാളിയുടെയും കുടുംബത്തിന്റെയും നിലനില്‌പിന്‌ അവശ്യം വേണ്ട തുക മാത്രമേ മുതലാളി തൊഴിലാളിക്കു കൊടുക്കുന്നുള്ളൂ. തൊഴിലാളി തനിക്കു ലഭിക്കുന്ന കൂലിക്കു സമാനമായ മൂല്യം മൊത്തം പ്രവൃത്തിസമയത്തിന്റെ ഒരംശത്തില്‍ തന്നെ ഉണ്ടാക്കുന്നു. ബാക്കി പ്രവൃത്തിസമയത്തില്‍ തൊഴിലാളി ഉത്‌പാദിപ്പിക്കുന്ന മൂല്യത്തിന്‌ അയാള്‍ക്കു കൂലി കിട്ടുന്നില്ല. അതായത്‌ ഈ സമയം അയാള്‍ പ്രതിഫലം കൂടാതെ മുതലാളിക്ക്‌ മിച്ചമൂല്യം ഉണ്ടാക്കിക്കൊടുക്കുന്നു. ലാഭത്തിന്റെയും മുതലാളിത്തചൂഷണത്തിന്റെയും അടിസ്ഥാനം ഈ മിച്ചമൂല്യമാണ്‌. മിച്ചമൂല്യത്തിന്‍െറ ഒരംശം തന്റെ മൂലധനത്തോടു ചേര്‍ത്ത്‌ മുതലാളി പിന്നെയും ഉത്‌പാദനപ്രക്രിയ തുടരുന്നു. മാര്‍ക്‌സ്‌ ആവിഷ്‌കരിച്ച മിച്ചമൂല്യസിദ്ധാന്തം മുതലാളിത്തത്തിന്റെ അര്‍ഥശാസ്‌ത്രപഠനരംഗത്ത്‌ മൗലികമായൊരു സംഭാവനയാണ്‌. മുതലാളിത്തലാഭത്തിന്റെ അടിസ്ഥാനം മിച്ചമൂല്യമാണ്‌. മിച്ചമൂല്യത്തിന്റെ ഒരുഭാഗം കൂട്ടിച്ചേര്‍ത്ത്‌ മൂലധനം വര്‍ധിപ്പിക്കാതെ മുതലാളിക്ക്‌ നിലനില്‌പില്ല. സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കി നിരവധി മുതലാളിമാര്‍ പരസ്‌പരം മത്സരത്തിലിറങ്ങുന്നു. ഇതിന്റെ ഭാഗമായാണ്‌ ഉത്‌പാദനോപകരണങ്ങള്‍ അടിക്കടി പരിഷ്‌കരിക്കാന്‍ മുതലാളിമാര്‍ നിര്‍ബന്ധിതരാവുന്നത്‌. രൂക്ഷമായ ഈ കിടമത്സരത്തിന്റെ ഫലമായി വിറ്റഴിക്കാന്‍ കഴിയുന്നതിലേറെ ചരക്കുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി വാണിജ്യക്കുഴപ്പം പൊട്ടിപ്പുറപ്പെടുന്നു; ഫാക്‌റ്ററികള്‍ അടച്ചുപൂട്ടുന്നു; തൊഴിലാളികള്‍ക്ക്‌ തങ്ങളുടെ നിത്യവൃത്തി നഷ്ടപ്പെടുന്നു; കഷ്ടപ്പാടുകള്‍ സാര്‍വത്രികമായി വ്യാപിക്കുന്നു. കുറച്ചുകാലത്തിഌശേഷം കെട്ടിക്കിടക്കുന്ന ചരക്കുകള്‍ വിറ്റഴിയുന്നു. ഫാക്‌റ്ററികള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതോടെ തൊഴില്‍സാധ്യതകള്‍ വര്‍ധിക്കുകയും കൂലിനിരക്ക്‌ വര്‍ധിക്കുകയും സാമ്പത്തികരംഗം സജീവമാകുകയും ചെയ്യും. പക്ഷേ അധികം കഴിയുന്നതിഌമുമ്പുതന്നെ പഴയപടി കൂടുതല്‍ ചരക്കുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. വീണ്ടും പ്രതിസന്ധി ആരംഭിക്കുന്നു. ഇങ്ങനെ 1825 മുതല്‍ ഇടവിട്ടിടവിട്ട്‌ (ഏതാണ്ട്‌ പത്തുകൊല്ലത്തിലൊരിക്കല്‍) സാമ്പത്തികക്കുഴപ്പം തുടര്‍ന്നുകൊണ്ടിരുന്നു. ഉത്‌പാദനരീതിയും വിതരണസമ്പ്രദായവും തമ്മിലുള്ള വൈരുധ്യമാണ്‌ മുതലാളിത്തത്തിന്‍ കീഴില്‍ ആവര്‍ത്തിക്കപ്പെടുന്ന സാമ്പത്തികക്കുഴപ്പം പ്രതിഫലിപ്പിക്കുന്നത്‌.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ബൂര്‍ഷ്വാസി പല മാര്‍ഗങ്ങളും തേടുന്നു. പരസ്‌പര മത്സരം ഒഴിവാക്കുന്നതിഌ വേണ്ടി ഒരേ വ്യവസായത്തിലെ പല സ്ഥാപനങ്ങളും കൂടിച്ചേര്‍ന്ന്‌ മൂലധനകേന്ദ്രീകരണം നടത്തുന്നു. ഉത്‌പാദനവും വിതരണവും ആസൂത്രിത രീതിയിലാക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റുകളും കാര്‍ട്ടലുകളും ജന്മമെടുക്കുന്നു. സ്വതന്ത്രമത്സരം കുത്തകകള്‍ക്ക്‌ വഴിമാറിക്കൊടുക്കുന്നു. ഇതും ഫലപ്രദമാകാതെ വരുന്ന ഘട്ടങ്ങളില്‍ മുതലാളിത്തത്തെ നാശത്തില്‍ നിന്നു രക്ഷിച്ചെടുക്കാന്‍ മുതലാളിത്തഭരണകൂടം സാമ്പത്തികരംഗത്ത്‌ ഇടപെടുന്നു.

1. മുതലാളിത്ത ഉത്‌പാദന ക്രമവും തൊഴിലാളി വര്‍ഗത്തിന്റെ വളര്‍ച്ചയും. യന്ത്രാപകരണങ്ങളുടെ നവീകരണത്തിന്‍െറ ഫലമായി മറ്റൊരു പ്രധാന പ്രക്രിയ കൂടി നടന്നുകൊണ്ടിരുന്നു. മുതലാളിത്ത ഉത്‌പാദനസമ്പ്രദായം ആരംഭിക്കുന്നതിഌ മുമ്പ്‌ മധ്യകാലങ്ങളില്‍ നഗരങ്ങളില്‍ കൈത്തൊഴിലും ഗ്രാമങ്ങളില്‍ കുടില്‍വ്യവസായവുമാണ്‌ നിലവിലുണ്ടായിരുന്നത്‌. ഇതിഌ പുറമേ, ഭൂവുടമകളായ പ്രഭുക്കളുടെ അടിയാളന്മാരായ കൃഷിക്കാരും ഉണ്ടായിരുന്നു. മുതലാളിത്തത്തിന്റെ ആരംഭഘട്ടത്തില്‍ തൊഴില്‍ശാലകളില്‍ പണിയെടുത്തിരുന്നവര്‍ ദിവസക്കൂലിക്കാരായിരുന്നു. സ്വന്തം കൃഷിയിടങ്ങളില്‍ പണിയെടുത്ത്‌ ശേഷമുള്ള സമയം ചിലപ്പോള്‍ അവര്‍ തൊഴില്‍ശാലകളില്‍ ദിവസക്കൂലിക്കാരായി പണിചെയ്‌തു. വ്യാവസായികോത്‌പാദനം സാമൂഹികവത്‌കരിക്കപ്പെടുകയും അത്‌ കുറെ മുതലാളിമാരുടെ കൈയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്‌തതോടെ പഴയ കൈത്തൊഴിലും കുടില്‍വ്യവസായവും തകര്‍ന്നു. യന്ത്രങ്ങളുടെ ആവിര്‍ഭാവം കൈത്തൊഴിലുകാരുടെ വ്യക്തിഗത ഉപകരണങ്ങളെ ഉത്‌പാദന പ്രക്രിയയില്‍ നിന്ന്‌ പിഴുതെറിഞ്ഞു. പണിക്കാര്‍ക്ക്‌ അവരുടേതായി സ്വന്തം അധ്വാനശക്തിയല്ലാതെ മറ്റൊന്നും ഇല്ലാതായി. ഇവര്‍ക്കു പുറമേ, ഗ്രാമപ്രദേശങ്ങളില്‍ ഭൂപ്രഭുക്കള്‍ ചെറുകൃഷിക്കാരെ വ്യാപകമായ തോതില്‍ കൃഷിഭൂമിയില്‍ നിന്ന്‌ ഒഴിപ്പിച്ചു. ഭൂരഹിതകര്‍ഷകര്‍ പട്ടണങ്ങളില്‍ അഭയം തേടി. യന്ത്രാപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍കിടവ്യവസായങ്ങള്‍ വന്നപ്പോള്‍ സര്‍വസ്വവും നഷ്ടപ്പെട്ട്‌ അധ്വാനശക്തി മാത്രം കൈമുതലായുള്ള വലിയൊരു വിഭാഗം ദരിദ്രര്‍ കൂലിയടിമകളാകാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഇവരാണ്‌ ആധുനിക തൊഴിലാളിവര്‍ഗം.

മുതലാളിത്ത കിടമത്സരത്തിന്റെ ഫലമായി പരിഷ്‌കൃത യന്ത്രങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കുറെ തൊഴിലാളികള്‍ തൊഴില്‍ശാലകളില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെട്ടു. അങ്ങനെ മൂലധനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അഌകൂലമായ പരിതഃസ്ഥിതികളില്‍ പണിയെടുപ്പിക്കാഌം പ്രതികൂല പരിതഃസ്ഥിതികളില്‍ പുറംതള്ളാഌമുള്ള ഒരു "വ്യവസായ കരുതല്‍ സൈന്യം' സൃഷ്ടിക്കപ്പെട്ടു. തൊഴിലാളികളുടെ കൂലിനിലവാരം താഴ്‌ത്തിക്കൊണ്ടുപോകാഌം ഈ തൊഴിലില്ലാപ്പട പ്രയോജനപ്പെട്ടു. മൂലധനത്തിന്റെ വര്‍ധമാനമായ കേന്ദ്രീകരണം ധനികരെ കൂടുതല്‍ ധനികരാക്കുകയും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ബഹുജനങ്ങളെ പാപ്പരാക്കുകയും ചെയ്‌തു. മുതലാളിത്ത വ്യവസ്ഥയിലെ മുതലാളിതൊഴിലാളി വൈരുധ്യത്തിന്റെ അടിസ്ഥാനം ഇതാണ്‌.

മൂലധനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആഌപാതികമായി തൊഴിലാളികളുടെ സംഖ്യയും വര്‍ധിച്ചു. എന്നാല്‍ ചരിത്രത്തില്‍ മറ്റു ചൂഷിതവര്‍ഗങ്ങള്‍ക്കില്ലാതിരുന്ന ചില സവിശേഷതകള്‍ തൊഴിലാളിവര്‍ഗത്തിഌണ്ട്‌. നിരവധി തൊഴിലാളികള്‍ക്ക്‌ ഒരേ സമയം ഒരു തൊഴില്‍ശാലയില്‍ പണിയെടുക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരേ താത്‌പര്യത്തോടുകൂടിയ ഒരു വര്‍ഗമാണ്‌ തങ്ങളെന്ന ബോധം അവരില്‍ ഉദിച്ചു. തൊഴില്‍ ശാലകളിലെ പട്ടാളച്ചിട്ട അവരില്‍ സംഘടനാബോധവും അച്ചടക്കവും വളര്‍ത്തി. അങ്ങനെ മുതലാളിത്തത്തിന്റെ "ശവക്കുഴി തോണ്ടുന്ന' ഒരു വര്‍ഗത്തെ തൊഴിലാളിവര്‍ഗത്തെ മുതലാളിത്തം തന്നെ സൃഷ്ടിച്ചു. മാര്‍ക്‌സും എംഗെല്‍സും കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ പറഞ്ഞതുപോലെ, "... സ്വന്തം മരണത്തെ വിളിച്ചു വരുത്താഌള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂര്‍ഷ്വാസി ചെയ്‌തിരിക്കുന്നത്‌; ഈ ആയുധങ്ങളെടുത്തു പ്രയോഗിക്കുവാഌള്ള ആളുകളെ ആധുനിക തൊഴിലാളിവര്‍ഗത്തെ കൂടി അതു സൃഷ്ടിച്ചിട്ടുണ്ട്‌.' മുതലാളിത്ത സമൂഹത്തില്‍ ഉത്‌പാദന ശക്തികളും ഉത്‌പാദനബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടുമൂലം ഉളവാകുന്ന എല്ലാ വൈരുധ്യങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഉത്‌പാദന ബന്ധങ്ങളെ മോചിപ്പിക്കുകയെന്ന മൗലികമായ കടമയാണ്‌ തൊഴിലാളിവര്‍ഗത്തിന്‌ നിര്‍വഹിക്കാഌള്ളത്‌. ബൂര്‍ഷ്വാസിയില്‍ നിന്ന്‌ ഭരണാധികാരം പിടിച്ചെടുത്തുകൊണ്ടു മാത്രമേ തൊഴിലാളിവര്‍ഗത്തിന്‌ ഈ കടമ നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ മുതലാളിത്തസമൂഹക്രമം താനേ തകര്‍ന്നു വീഴുകയില്ല. മറിച്ച്‌ സാമ്പത്തിക പ്രതിസന്ധികളും അവയുടെ ഫലമായി ഉളവാകുന്ന രാഷ്‌ട്രീയ പ്രതിസന്ധിയും തൊഴിലാളിവര്‍ഗത്തിന്‌ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാഌള്ള അവശ്യവസ്‌തുനിഷ്‌ഠസാഹചര്യങ്ങളാണ്‌. എന്നാല്‍ അവയെക്കാള്‍ ഒട്ടും തന്നെ അപ്രധാനമല്ലാത്ത ചില സാഹചര്യങ്ങളും നിലവില്‍ വരേണ്ടത്‌ ആവശ്യമാണ്‌. അതായത്‌ മുതലാളിത്ത ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും പ്രത്യേകിച്ച്‌ കര്‍ഷകരെമുതലാളിത്തവിരുദ്ധസമരത്തില്‍ സ്വന്തം നേതൃത്വത്തില്‍ അണിനിരത്താന്‍ തൊഴിലാളിവര്‍ഗത്തിന്‌ കഴിയണം.

സാമൂഹികവികാസപരിണാമങ്ങളുടെ ശാസ്‌ത്രീയ നിയമങ്ങള്‍മാര്‍ക്‌സിസംഉള്‍ക്കൊണ്ടുകൊണ്ടുള്ള, തൊഴിലാളിവര്‍ഗസമരങ്ങളെ നയിക്കാന്‍ കെല്‌പുള്ള, അതിന്റെ മുന്നണിപ്പടയാളിയായ ഒരു വിപ്ലവപ്പാര്‍ട്ടിയെയും തൊഴിലാളിവര്‍ഗം വളര്‍ത്തിയെടുക്കണം. ഓരോ രാജ്യത്തിലെയും തൊഴിലാളിവിപ്ലവത്തിന്റെ സ്വഭാവം അതാത്‌ രാജ്യങ്ങളിലെ ഉത്‌പാദനശക്തികളുടെ വളര്‍ച്ചയെയും അതഌസരിച്ച്‌ വളരുന്ന വര്‍ഗങ്ങളെയും വര്‍ഗബന്ധങ്ങളെയും ആശ്രയിച്ചിരിക്കും. മുതലാളിത്തപരമായി വികാസം പ്രാപിച്ച രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവിപ്ലവം സോഷ്യലിസ്റ്റ്‌ സ്വഭാവത്തോടുകൂടിയതായിരിക്കും. ഭരണാധികാരിയായി മാറിയ തൊഴിലാളിവര്‍ഗം വര്‍ഗരഹിത കമ്യൂണിസ്റ്റ്‌ സമൂഹത്തിന്റെ ആദ്യത്തെ പടിയായ സോഷ്യലിസ്റ്റ്‌ സമൂഹക്രമം കെട്ടിപ്പടുക്കാഌള്ള ആസൂത്രിത പരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കാഌള്ള പ്രവര്‍ത്തനങ്ങളിലേക്ക്‌ നേരിട്ടു നീങ്ങുന്നു. ഉത്‌പാദനശക്തികളെയും ഉത്‌പാദന ബന്ധങ്ങളെയും കുറിച്ചുള്ള സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ഉത്‌പാദനശക്തികള്‍ കൂടുതല്‍ വളര്‍ന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലാണ്‌ ആദ്യം വിപ്ലവം നടക്കേണ്ടത്‌. റഷ്യ ഉള്‍പ്പെടെയുള്ള അവികസിതരാജ്യങ്ങളില്‍ വിപ്ലവത്തിന്റെ ആസന്നസാധ്യതയെ അഭിസംബോധന ചെയ്‌ത ലെനിനാണ്‌ ഈ പ്രശ്‌നം സൈദ്ധാന്തികമായി പരിഹരിച്ചത്‌. 19-ാം ശ.ത്തിന്റെ അന്ത്യത്തോടെ, വ്യവസായ മൂലധനം ധനകാര്യമൂലധനമായി മാറിയിരിക്കുന്നുവെന്നും അത്‌ ലോകത്തെ മുഴുവന്‍ കീഴടക്കുകയാണെന്നും ലെനിന്‍ നിരീക്ഷിച്ചു. ധനകാര്യമൂലധനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വഘട്ടത്തിലേക്ക്‌ മുതലാളിത്തം വികസിച്ചിരിക്കുന്നുവെന്നാണ്‌ ലെനിന്‍ വാദിച്ചത്‌. സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമെന്ന്‌ നിര്‍വചിച്ച ലെനിന്‍, ഓരോ രാജ്യവും ഈ സാമ്രാജ്യത്വചങ്ങലയിലെ കണ്ണിയായിരിക്കുന്നുവെന്ന്‌ സിദ്ധാന്തിച്ചു. അതിനാല്‍, മുതലാളിത്തത്തിന്റെ വൈരുധ്യങ്ങള്‍ക്ക്‌ സ്ഥാനഭ്രംശം സംഭവിക്കുമെന്നും വികസിത അവികസിത വ്യത്യാസമില്ലാതെ വൈരുധ്യങ്ങള്‍ സാമ്രാജ്യത്വചങ്ങലയിലെ ഏതു കണ്ണിയിലും കേന്ദ്രീകരിക്കാമെന്നും ലെനിന്‍ സമര്‍ഥിച്ചു. വൈരുധ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന കണ്ണിയെ, സാമ്രാജ്യത്വചങ്ങലയിലെ "ദുര്‍ബലകണ്ണി'യെന്ന്‌ ലെനിന്‍ വിശേഷിപ്പിച്ചു. ദുര്‍ബലകണ്ണികളില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടാഌള്ള സാധ്യത കൂടുതലാണെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ഒന്നാം ലോകയുദ്ധ സാഹചര്യത്തില്‍ റഷ്യ സാമ്രാജ്യത്വചങ്ങലയിലെ ദുര്‍ബലകണ്ണിയായതുകൊണ്ടാണ്‌, അവിടെ തൊഴിലാളിവര്‍ഗവിപ്ലവം നടന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉത്‌പാദനശക്തികളുടെ വികാസനിലവാരത്തില്‍ പിന്നിലായിരുന്നിട്ടും വിപ്ലവം യാഥാര്‍ഥ്യമായത്‌ എന്തുകൊണ്ട്‌ എന്ന പ്രശ്‌നത്തെ "സാമ്രാജ്യത്വചങ്ങലയിലെ ദുര്‍ബല കണ്ണി' സിദ്ധാന്തത്തിലൂടെയാണ്‌ ലെനിന്‍ വിശദീകരിച്ചത്‌. മുതലാളിത്തപരമായി പൂര്‍ണമായും വികാസം പ്രാപിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ത്തന്നെയാണ്‌ വിപ്ലവം നടക്കുന്നതെങ്കില്‍ക്കൂടി വിപ്ലവാനന്തരം തൊഴിലാളിവര്‍ഗം നേരിട്ട്‌ സോഷ്യലിസ്റ്റ്‌ പരിപാടിയിലേക്ക്‌ കടക്കുന്നതിഌ മുമ്പ്‌ ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കേണ്ട കടമ കൂടി അതിന്‌ നിര്‍വഹിക്കേണ്ടതുണ്ട്‌. ഫ്യൂഡല്‍വ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ ഗണ്യമായ തോതില്‍ നിലനില്‍ക്കുന്നതുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ സമൂഹക്രമത്തിന്‌ അടിത്തറയിടത്തക്കവണ്ണം ഉത്‌പാദനശക്തികള്‍ വളര്‍ച്ചയെത്താത്തതാണ്‌ ഇതിഌ കാരണം. ഇത്തരം വിപ്ലവങ്ങള്‍ "ജനകീയ ജനാധിപത്യ വിപ്ലവം' എന്ന പേരില്‍ അറിയപ്പെടുന്നു.

തൊഴിലാളിവര്‍ഗത്തിന്റെ കൈയില്‍ മൂര്‍ച്ചയേറിയ ഒരു ആയുധമെന്ന നിലയ്‌ക്ക്‌ തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന്‌ പല പ്രധാന കടമകളും നിര്‍വഹിക്കാഌണ്ട്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയാധികാരം നിലനിര്‍ത്തുകയും അധികാരത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ടെങ്കിലും പരിപൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ചൂഷകവര്‍ഗങ്ങളുടെ എതിര്‍പ്പിനെ നേരിട്ട്‌ പരാജയപ്പെടുത്തുകയും കമ്യൂണിസ്റ്റ്‌ സമൂഹക്രമത്തിന്റെ സൃഷ്ടി എന്ന ലക്ഷ്യത്തിന്‌ അഌരോധമായ സമ്പദ്‌വ്യവസ്ഥയെ സോഷ്യലിസ്റ്റ്‌ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ അതിന്റെ മുഖ്യമായ കടമകള്‍.

ഉത്‌പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയാണ്‌ മുതലാളിത്തചൂഷണത്തിന്റെ അടിസ്ഥാനം. ഉത്‌പാദനോപകരണങ്ങളെ പൊതുസ്വത്താക്കി മാറ്റിക്കൊണ്ട്‌ തൊഴിലാളിവര്‍ഗം എല്ലാ ചൂഷണങ്ങളും അവസാനിപ്പിക്കുന്നു. ഇതോടുകൂടി ഉത്‌പാദനശക്തികളുടെ സ്വതന്ത്രമായ വളര്‍ച്ചയ്‌ക്ക്‌ പ്രതിബന്ധമായി നില്‌ക്കുന്ന എല്ലാ ഘടകങ്ങളെയും അത്‌ തട്ടിമാറ്റുന്നു. അധ്വാനത്തിന്റെ ഉത്‌പാദനക്ഷമതയും സമൂഹസമ്പത്തും വളരുന്നു. സോഷ്യലിസത്തിന്‍ കീഴില്‍ സാമൂഹികസമ്പത്ത്‌ ജനങ്ങള്‍ക്കാകെ അവകാശപ്പെട്ടതായതുകൊണ്ട്‌ അധ്വാനിക്കുന്നവരുടെ ഭൗതികവും സാംസ്‌കാരികവുമായ എല്ലാ ആവശ്യങ്ങളും തൃപ്‌തിപ്പെടുത്താന്‍ വേണ്ടി അത്‌ ഉപയോഗപ്പെടുത്തുന്നു. ക്രമേണ സോഷ്യലിസ്റ്റ്‌ സാമൂഹികക്രമം അതിന്റെ കൂടുതല്‍ ഉയര്‍ന്ന നിലവാരമായ കമ്യൂണിസ്റ്റ്‌ സാമൂഹികക്രമത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നു. മുതലാളിത്തസമൂഹക്രമത്തില്‍ നിന്ന്‌ വളരുന്നതായതുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ സമൂഹക്രമത്തില്‍ മുതലാളിത്തത്തിന്റെ സാമ്പത്തികവും ധാര്‍മികവും ബുദ്ധിപരവുമായ പല സവിശേഷതകളും നിലനില്‌ക്കും. അതുകൊണ്ടാണ്‌ സോഷ്യലിസം മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും ഇടയ്‌ക്കുള്ള ഒരു ഇടക്കാലഘട്ടമാണെന്ന്‌ പറയുന്നത്‌.

ചരക്കുത്‌പാദനം അവസാനിപ്പിച്ച്‌ സമൂഹത്തില്‍ എല്ലാവരുടെയും ഭൗതികവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്കവിധം ഉത്‌പാദനശക്തികളെ വളര്‍ത്തേണ്ടത്‌ കമ്യൂണിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ നാനാമുഖമായ സാങ്കേതിക പുരോഗതി കൈവരുത്തുന്നതോടൊപ്പം ഉത്‌പാദനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ഭൗതികമായ പ്രചോദനങ്ങള്‍ നല്‌കേണ്ടതും ആവശ്യമായിവരുന്നു. ഈ ഘട്ടത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അധ്വാനം അഌസരിച്ച്‌ പ്രതിഫലം എന്ന തത്ത്വം മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. അതായത്‌, തുല്യജോലിക്ക്‌ തുല്യപ്രതിഫലമെന്ന ബൂര്‍ഷ്വാസിയുടെ തത്ത്വം സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിലും നിലനില്‌ക്കുന്നതായിരിക്കും. കമ്യൂണിസ്റ്റ്‌ സമൂഹത്തിന്റെ വികാസത്തോടുകൂടി മാത്രമേ ഈ തത്ത്വത്തിഌപകരം "ഓരോരുത്തരില്‍ നിന്നും അവരവരുടെ കഴിവഌസരിച്ച്‌, ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യം അഌസരിച്ച്‌' എന്ന തത്ത്വം നടപ്പാവുകയുള്ളു.

കമ്യൂണിസ്റ്റ്‌ സമൂഹക്രമത്തിന്റെ വളര്‍ച്ചയോടുകൂടി അധ്വാനത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, അധ്വാനത്തോടുള്ള മഌഷ്യന്റെ മനോഭാവത്തിലും മാറ്റം സംഭവിക്കുന്നു. മുതലാളിത്ത സമൂഹക്രമത്തില്‍ അധ്വാനിക്കുന്നവര്‍ സ്വന്തം നിലനില്‌പിഌവേണ്ടി തന്റെ അധ്വാനശക്‌തി ഉത്‌പാദനോപകരണങ്ങളുടെ ഉടമയായ മുതലാളിക്ക്‌ വില്‌ക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അധ്വാനം ഒരു മഹാഭാരമാണ്‌. സോഷ്യലിസത്തില്‍ അധ്വാനശക്തി വില്‌ക്കുകയോ വാങ്ങുകയോ ചെയ്യുന്ന സമ്പ്രദായം അവസാനിക്കുന്നു. അയാളുടെ അധ്വാനശക്തിക്ക്‌ വില (കൂലി) കിട്ടുന്നതിഌ പകരം ഇവിടെ സാമൂഹികോത്‌പാദനത്തിന്‌ ഓരോരുത്തരും നല്‌കുന്ന സംഭാവനയഌസരിച്ച്‌ ഓരോരുത്തര്‍ക്കും സാമൂഹികോത്‌പാദനത്തിന്റെ ഒരു പങ്ക്‌ ലഭിക്കുന്നു. തന്റെ അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കാന്‍ ഒരു ചൂഷകവര്‍ഗം സോഷ്യലിസ്റ്റ്‌ സമൂഹത്തില്‍ ഇല്ലാതിരിക്കുന്നതിനാല്‍ അധ്വാനം വെറും ഒരു ജീവിതോപാധിയെന്നതിലും ഉപരിയായി അത്‌ ഒരു സര്‍ഗാത്മകപ്രവൃത്തിയായി മാറുന്നു.

തൊഴില്‍ വിഭജനം ഉത്‌പാദന ശക്തികളുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെങ്കിലും മുതലാളിത്തം അധ്വാനിക്കുന്ന മഌഷ്യനെയും വിഭജിക്കുകയാണുണ്ടായത്‌. അവന്റെ ശാരീരികവും ബുദ്ധിപരവുമായ കഴിവുകളെ അത്‌ നശിപ്പിച്ചു, അവനെ ഉത്‌പാദനോപകരണങ്ങളുടെ അടിമയാക്കി മാറ്റി. കമ്യൂണിസ്റ്റ്‌ സമൂഹത്തില്‍ മഌഷ്യന്‌ ഈ സ്ഥിതിയില്‍ നിന്ന്‌ മോചനം ലഭിക്കുന്നു. പക്ഷേ, ഒരു നീണ്ട പരിവര്‍ത്തനഘട്ടത്തില്‍ക്കൂടി മാത്രമേ അത്‌ സാധിക്കുകയുള്ളു. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയിലെ വ്യാവസായികോത്‌പാദനം, സര്‍വതോമുഖമായി സ്വന്തം കഴിവുകള്‍ വികസിച്ചിട്ടുള്ളവരെയും ഉത്‌പാദനസമ്പ്രദായത്തിന്റെ മൊത്തം മേല്‍നോട്ടം വഹിക്കാന്‍ കഴിവുള്ളവരെയും വളര്‍ത്തിയെടുക്കുന്നു. മാര്‍ക്‌സ്‌ പറയുന്നു:

"ആധുനിക വ്യവസായം, ജോലിയുടെ വ്യത്യാസം, വ്യത്യസ്‌ത ജോലി ചെയ്യുന്നതിഌള്ള തൊഴിലാളികളുടെ കഴിവ്‌, വ്യത്യസ്‌താഭിരുചിയുടെ വളര്‍ച്ച എന്നിവയെല്ലാം ഉത്‌പാദനത്തിന്റെ മൗലിക നിയമമാണെന്ന്‌ അംഗീകരിക്കേണ്ടതിന്റെ ആവശ്യകത പ്രകടമാക്കുന്നു. ഈ നിയമത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തിന്‌ അഌയോജ്യമായി ഉത്‌പാദനരീതിയെ രൂപപ്പെടുത്തുകയെന്നത്‌ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണപ്രശ്‌നം ആയിത്തീരുന്നു. ഒരേയൊരു നിസ്സാരജോലി ആയുഷ്‌കാലം മുഴുവന്‍ ആവര്‍ത്തിക്കുന്നതിന്റെ ഫലമായി വളര്‍ച്ച മുട്ടുകയും അവനെ മഌഷ്യന്റെ ഒരു "ശകലം' മാത്രമാക്കി ചുരുക്കുകയും ചെയ്‌തിട്ടുള്ള ഇന്നത്തെ പ്രത്യേക ജോലിക്കാരഌപകരം പൂര്‍ണവളര്‍ച്ചയെത്തിയ ഒരു വ്യക്തിയായ മഌഷ്യനെ കൊണ്ടുവരണമെന്ന്‌ ആധുനികവ്യവസായം സമൂഹത്തെ നിര്‍ബന്ധിക്കുന്നു. ആ പുതിയ വ്യക്തി പലതരം ജോലികള്‍ ചെയ്യാന്‍ പറ്റിയവനായിരിക്കണം; ഉത്‌പാദനത്തില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റത്തെയും നേരിടാന്‍ അവന്‍ തയ്യാറായിരിക്കണം. അവനെ സംബന്ധിച്ചിടത്തോളം അവന്‍ നിര്‍വഹിക്കേണ്ടതായ വിവിധ സാമൂഹിക ധര്‍മങ്ങള്‍ അവന്റെ ജന്മസിദ്ധവും കര്‍മസിദ്ധവുമായ ശക്തികള്‍ക്ക്‌ സ്വതന്ത്രമായ പ്രകടനത്തിഌള്ള അവസരം നല്‌കുന്നതിന്റെ നാനാരൂപങ്ങള്‍ മാത്രമാണ്‌; (മൂലധനം, വാല്യം, അധ്യായം 15). തൊഴില്‍ വിഭജനത്തിന്റെ അടിമയാകുന്നതില്‍ നിന്ന്‌ മഌഷ്യരെ മോചിപ്പിച്ച്‌ അവരെ നാനാമുഖമായ കഴിവുകളുള്ള വ്യക്തികളാക്കി മാറ്റുന്ന പ്രക്രിയ സോഷ്യലിസ്റ്റ്‌ ഘട്ടത്തില്‍ത്തന്നെ ആരംഭിക്കുന്നു. ഇത്തരം വ്യക്തികളാണ്‌ കമ്യൂണിസ്റ്റ്‌ സമൂഹത്തിലെ ഉത്‌പാദനശക്തികളുടെ ജനയിതാക്കള്‍.

പുരാതനകാലത്തുതന്നെ തൊഴില്‍ വിഭജനം സൃഷ്ടിച്ച പ്രതിഭാസങ്ങളാണ്‌ ഗ്രാമവും നഗരവും തമ്മിലും കായികാധ്വാനവും മാനസികാധ്വാനവും തമ്മിലുമുള്ള വൈരുധ്യങ്ങള്‍. മുതലാളിത്ത സമൂഹക്രമത്തില്‍ ഇവ മൂര്‍ച്ഛിച്ചു. പല വിധത്തിലും മുതലാളിത്തം ഗ്രാമജീവിതത്തെ തകര്‍ത്തു. മാനസികാധ്വാനമാകട്ടെ ചൂഷകവര്‍ഗങ്ങളുടെ കുത്തകയായി. സോഷ്യലിസ്റ്റ്‌ സമൂഹത്തില്‍ ഈ രണ്ടു വൈരുധ്യങ്ങളും അവസാനിക്കുന്നു. കാരണം, എല്ലാ സാമ്പത്തികോത്‌പാദനങ്ങളും സോഷ്യലിസ്റ്റ്‌ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്നതോടുകൂടി ഇവ തമ്മിലുള്ള ശത്രുതാപരമായ ബന്ധങ്ങളും അവസാനിക്കുന്നു. സോഷ്യലിസ്റ്റ്‌ നിര്‍മാണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ വൈരുധ്യങ്ങള്‍ വെറും "അവശ്യപ്രത്യേകത'കളായി അവശേഷിക്കുന്നു. സോഷ്യലിസം പുരോഗമിക്കുന്തോറും കാര്‍ഷികരംഗത്തെ യന്ത്രവത്‌കരണത്തിന്റെയും ഗ്രാമങ്ങളിലെ നവീന ജീവിതരീതിയുടെയും ഫലമായി നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും തമ്മില്‍ അവശേഷിക്കുന്ന "പ്രത്യേകതകള്‍' ഇല്ലാതായിത്തീരുന്നു. അതുപോലെതന്നെ തൊഴില്‍വിഭജനം പൂര്‍ണമായി അവസാനിക്കുന്നതോടുകൂടി കായികാധ്വാനവും മാനസികാധ്വാനവും തമ്മിലുള്ള വൈരുധ്യവും അപ്രത്യക്ഷമാകുന്നു.

2. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം. ഉത്‌പാദനോപാധികള്‍ പൊതുസ്വത്താക്കുകയാണല്ലോ ഭരണാധികാരികളായി മാറിക്കഴിഞ്ഞ തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യകടമ. എന്നാല്‍ സാമ്പത്തികവളര്‍ച്ചയുടെ നിലവാരം അഌസരിച്ചു മാത്രമേ തൊഴിലാളിവര്‍ഗത്തിന്‌ ഈ കടമ നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. സാമ്പത്തികവളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടത്തില്‍ ചില സമൂഹത്തില്‍ കാര്‍ഷികോത്‌പാദനം നടത്തുന്നത്‌ ഭൂരിപക്ഷവും ചെറുകിട കര്‍ഷകരായിരിക്കും. തൊഴിലാളിവര്‍ഗവിപ്ലവം ചെറുകിട കര്‍ഷകരെ ജന്മിവര്‍ഗത്തിന്റെ ചൂഷണങ്ങളില്‍ നിന്ന്‌ മോചിപ്പിക്കുന്നു. പ്രധാന ഉത്‌പാദനോപാധികള്‍ സാമൂഹികസ്വത്തുക്കളാക്കി മാറ്റുമെങ്കിലും ചെറുകിട കര്‍ഷകരുടെ തുണ്ടുഭൂമികള്‍ സ്വകാര്യസ്വത്തുക്കളായിത്തന്നെ കുറേക്കാലത്തേക്ക്‌ തുടരും. അത്‌ ഉത്‌പാദനശക്തികളുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണു താഌം. എന്നാല്‍ സഹകരണാടിസ്ഥാനത്തില്‍ കൃഷിചെയ്‌താലുണ്ടാകുന്ന ഗുണങ്ങളെപ്പറ്റി കര്‍ഷകരെ ബോദ്ധ്യപ്പെടുത്തി അവയെല്ലാം കൂട്ടുകൃഷി സ്ഥലങ്ങളാക്കി മാറ്റാഌള്ള സര്‍വവിധ സഹായങ്ങളും തൊഴിലാളിവര്‍ഗം ചെയ്‌തുകൊടുക്കുന്നു. അങ്ങനെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയില്‍ രണ്ടുതരം സ്വത്തുടമാബന്ധങ്ങള്‍ നിലവില്‍ വരുന്നുപൊതുസ്വത്താക്കി മാറ്റപ്പെട്ട വ്യാവസായിക മേഖലയും സഹകരണാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട കൂട്ടുകൃഷിയിടങ്ങളും. ഇതിന്റെ ഫലമായി സോഷ്യലിസത്തില്‍ രണ്ടു പ്രധാന വര്‍ഗങ്ങള്‍ അവശേഷിക്കുന്നു. പൊതു ഉടമയിലുള്ള വ്യവസായമേഖലയിലെ തൊഴിലാളികളും കൂട്ടുകൃഷിയിടങ്ങളുടെ ഉടമകളായ കര്‍ഷകരും. ഈ രണ്ടു മേഖലകളുടെയും സഹവര്‍ത്തിത്വം ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നു. രണ്ടു മേഖലകളിലും ഉത്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ പരസ്‌പരം കൈമാറുന്നത്‌ ചരക്കുകൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ നിലനില്‌ക്കുന്നു. എന്നാല്‍ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യം അഌസരിച്ച്‌ ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യമായ വിതരണസമ്പ്രദായവുമായി ചരക്കുകൈമാറ്റസമ്പ്രദായം പൊരുത്തപ്പെടാതെ വരുന്നു. ഇതുകൂടാതെ, കാര്‍ഷികോത്‌പാദനം സ്വകാര്യ (സഹകരണ) മേഖലയിലും വ്യാവസായികോത്‌പാദനം പൊതുമേഖലയിലും തുടരുന്നേടത്തോളം കാലം ഉത്‌പാദനശക്തികളുടെ, ഉത്‌പാദനത്തിന്റെ, തുടര്‍ന്നുള്ള വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ കേന്ദ്രീകൃത ആസൂത്രണ പ്രക്രിയയെ ഇതു തടസ്സപ്പെടുത്തുന്നു. സ്വത്തുടമാസമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യലിസത്തില്‍ അവശേഷിക്കുന്ന ഈ വൈരുധ്യം എല്ലാ സ്വത്തുക്കളും സാമൂഹികസ്വത്തുക്കളാക്കി മാറ്റി, ഉത്‌പാദനബന്ധങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട്‌ പരിഹരിക്കേണ്ടതായി വരുന്നു. പക്ഷേ, ഈ രണ്ട്‌ സ്വത്തുടമാബന്ധങ്ങളും ഒരേയൊരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥയുടെ രണ്ടു ഭാഗങ്ങളായതുകൊണ്ടും സോഷ്യലിസ്റ്റ്‌ സമൂഹത്തില്‍ വിരുദ്ധ താത്‌പര്യങ്ങളുള്ള വര്‍ഗങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടും അത്തരത്തിലുള്ള ഒരു മാറ്റം ബലപ്രയോഗം കൂടാതെതന്നെ നിര്‍വഹിക്കാവുന്നതാണ്‌. അങ്ങനെ സോഷ്യലിസം അതിന്റെ ഉയര്‍ന്ന ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നതോടുകൂടി സ്വകാര്യസ്വത്തും വര്‍ഗങ്ങളും സമൂഹത്തില്‍നിന്ന്‌ തുടച്ചു മാറ്റപ്പെടുന്നു. വര്‍ഗങ്ങള്‍ ഇല്ലാതാകുന്നതോടുകൂടി വര്‍ഗസമൂഹത്തിന്റെ അവശ്യസന്തതിയായ ഭരണകൂടവുംതൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഉള്‍പ്പെടെഅപ്രത്യക്ഷമാകുന്നു. ഉത്‌പാദന വിതരണ പ്രക്രിയകളുടെ ചുമതല സ്വതന്ത്രരായ മഌഷ്യര്‍ സ്വതന്ത്രമായി ഉണ്ടാക്കുന്ന സംഘങ്ങള്‍ ഏറ്റെടുക്കുന്നു. മാര്‍ക്‌സ്‌ പറയുന്നു: "കമ്യൂണിസ്റ്റ്‌ സമൂഹത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍, തൊഴില്‍ വിഭജനത്തില്‍ വ്യക്തിയുടെ അടിമത്തപരമായ കീഴ്‌പ്പെടലും അതോടുകൂടി മാനസികാധ്വാനവും കായികാധ്വാനവും തമ്മിലുള്ള വൈപരീത്യവും അവസാനിച്ചതിഌശേഷം, അധ്വാനം ഒരു ജീവിതോപാധി മാത്രമല്ലാതെ ജീവിതത്തിന്റെ പ്രധാന ആവശ്യവുമായി കഴിഞ്ഞാല്‍, വ്യക്തികളുടെ നാനാമുഖമായ വളര്‍ച്ചയ്‌ക്കൊപ്പം ഉത്‌പാദനശക്തികളും വളര്‍ന്നുകഴിഞ്ഞാല്‍, സഹകരണസമ്പത്തിന്റെ നീരുറവ്‌ കൂടുതല്‍ സമൃദ്ധമായി ഒഴുകിയാല്‍അപ്പോള്‍ മാത്രമേ ബൂര്‍ഷ്വാ അവകാശത്തിന്റെ ഇടുങ്ങിയ ചക്രവാളത്തെ പൂര്‍ണമായും ഭേദിച്ചു കൊണ്ട്‌ സമൂഹത്തിന്‌ അതിന്റെ ബാനറില്‍ "ഓരോരുത്തരില്‍ നിന്നും അവരവരുടെ കഴിവഌസരിച്ച്‌, ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യം അഌസരിച്ച്‌' എന്ന്‌ കൊത്തിവയ്‌ക്കാന്‍ കഴിയുകയുള്ളു'. (ഗോഥാ പരിപാടിയുടെ വിമര്‍ശനം)

സോഷ്യലിസവും കമ്യൂണിസവും തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. സോഷ്യലിസത്തിന്റെ ചില സഹജഭാവങ്ങള്‍ കമ്യൂണിസ്റ്റ്‌ സമൂഹത്തില്‍ കൂടുതല്‍ വികസിതമാകുന്നു. ഉത്‌പാദനോപാധികളുടെ പൊതുവുടമാവകാശം, സഹകരണാധിഷ്‌ഠിതമായ സാമൂഹിക ബന്ധങ്ങള്‍, അധ്വാനരംഗത്തെ ബോധപൂര്‍വമായ അച്ചടക്കം, സമ്പദ്‌ഘടനയുടെ ആസൂത്രിതഭരണം തുടങ്ങിയവയ്‌ക്ക്‌ ഗുണപരമായ മാറ്റം സംഭവിക്കുന്നു. അതേസമയം സോഷ്യലിസത്തിന്റെ ഐതിഹാസിക നേട്ടങ്ങളായ അധ്വാനത്തിന്റെ സാര്‍വലൗകികത, ചൂഷണങ്ങളില്‍ നിന്നും മര്‍ദനങ്ങളില്‍നിന്നുമുള്ള മോചനം മുതലായവ നിലനിര്‍ത്തുകയും പ്രബലതരമാക്കുകയും ചെയ്യും. കമ്യൂണിസത്തിന്‍ കീഴില്‍ അഥവാ അതിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍, സോഷ്യലിസ്റ്റേതരമായ എല്ലാ അവശിഷ്ടങ്ങളും തുടച്ചു മാറ്റപ്പെടും. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ സ്റ്റേറ്റിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഉടമയിലിരുന്ന പൊതുസ്വത്ത്‌ കമ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ "കമ്യൂണിസ്റ്റ്‌ സ്വത്ത്‌' എന്ന ഒറ്റ രൂപത്തില്‍ പുനഃസംവിധാനം ചെയ്യപ്പെടും. സോഷ്യലിസത്തിന്‍ കീഴിലെ "അധ്വാനശേഷിക്കഌസരണമായ വിഭവവിതരണം' "ആവശ്യാഌസൃതവിതരണം' എന്ന നിലയിലേക്ക്‌ ഉയര്‍ത്തപ്പെടും. സോഷ്യലിസത്തിന്റെ അടിത്തറയും വികാസവും ഭദ്രമാക്കാഌതകിയിരുന്ന രാഷ്‌ട്രീയനിയമവ്യവസ്‌ഥകള്‍ (ഭരണകൂടം) കമ്യൂണിസത്തിന്‍ കീഴില്‍ ആവശ്യമില്ലാതെ വരുകയും അപ്രത്യക്ഷമാവുകയും ചെയ്യും. സോഷ്യലിസത്തിന്റെ വികാസത്തില്‍ നിന്നാണ്‌ കമ്യൂണിസം രൂപപ്പെടുന്നതെന്നു കണ്ടുകഴിഞ്ഞു. മുതലാളിത്തം അതിന്റെ പരമോന്നതഘട്ടത്തില്‍പോലും, ചലനാത്‌മകമായ സമൂഹത്തിന്‌ വീണ്ടും മുന്നോട്ടുപോകാഌള്ള ഭൗതികമായ അടിത്തറ സൃഷ്ടിക്കുന്നില്ല. നേരെമറിച്ച്‌ ഒരു സമൂഹം ഒരിക്കല്‍ സോഷ്യലിസം പടുത്തുയര്‍ത്തിയാല്‍ അതിന്‌ അതില്‍ത്തന്നെ നിശ്ചലമായി നില്‌ക്കാനാവില്ല. "സോഷ്യലിസം അനിവാര്യമായും കമ്യൂണിസത്തിലേക്കു പരിവര്‍ത്തനം ചെയ്യും. എന്നാല്‍ ഈ പരിവര്‍ത്തനത്തിഌതകുന്ന സാഹചര്യങ്ങള്‍ പൊടുന്നനെ ഉണ്ടാവുകയില്ല. സോഷ്യലിസം ദൃഢബദ്ധമായി സംസ്ഥാപിതമായതിഌശേഷം മാത്രമേ കമ്യൂണിസത്തിലേക്കുള്ള വികാസം സുസാധ്യമാകൂ' (ലെനിന്‍). ചരിത്രത്തിന്റെ അനിവാര്യമായ ചലന നിയമങ്ങളെക്കുറിച്ചും മുതലാളിത്തത്തിന്റെ സ്വയം നാശത്തെക്കുറിച്ചുമുള്ള മാര്‍ക്‌സിസ്റ്റു പ്രവചനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ ഒട്ടുംതന്നെ യാഥാര്‍ഥ്യമായിട്ടില്ലെന്ന്‌ കാണാന്‍ കഴിയും. ചൈനയും ക്യൂബയുമൊഴികെയുള്ള സോഷ്യലിസ്റ്റു രാജ്യങ്ങള്‍ തകരുകയും കമ്പോളാധിഷ്‌ഠിത സമ്പദ്‌ഘടനകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തു. യു.എസ്സ്‌.എസ്സ്‌.ആര്‍ എന്ന സോവിയറ്റ്‌ യൂണിയന്‍ അനേകം സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെടുകയാണുണ്ടായത്‌. യൂഗോസ്ലാവിയയും ചെക്കോസ്ലാവാക്യയുമടക്കമുള്ള പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളും ചെറുരാജ്യങ്ങളായി പിളരുകയും മുതലാളിത്തരീതിയിലുള്ള സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ രാഷ്‌ട്രീയാധിപത്യമാണുള്ളതെങ്കിലും ചൈന പഴയ സോഷ്യലിസ്റ്റു നയങ്ങള്‍ ഉപേക്ഷിക്കുകയും കമ്പോളമുതലാളിത്ത ശക്തികളെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നു. "സോഷ്യലിസത്തിലേക്കുള്ള ചൈനീസ്‌ പാത'യെന്നാണ്‌ ഈ നയത്തെ പുതിയ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ നേതൃത്വം വിശേഷിപ്പിക്കുന്നത്‌.

III കമ്യൂണിസത്തിലെ നവീകരണ ശ്രമങ്ങള്‍

മുന്‍ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളില്‍ മുതലാളിത്ത പുനസ്ഥാപനം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ്‌ പൊതുവേയുള്ള വീക്ഷണം. മറുവശത്താകട്ടെ, മാര്‍ക്‌സ്‌ പ്രവചിച്ചതുപോലെ, മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങള്‍ രൂക്ഷമാകുമ്പോഴും ആഗോളവത്‌കരണത്തിലൂടെ അത്‌ ഭൂമുഖത്തെയാകെ ഗ്രസിക്കുകയുമാണ്‌. സോഷ്യലിസ്റ്റു പരീക്ഷണങ്ങള്‍ തകരുകയും മുതലാളിത്തം ആഗോളവ്യാപകമാവുകയും ചെയ്‌ത പശ്ചാത്തലത്തില്‍ കമ്യൂണിസത്തെക്കുറിച്ചുള്ള അടിസ്ഥാന മാര്‍ക്‌സിസ്റ്റു സിദ്ധാന്തങ്ങള്‍ പുനപരിശോധനയ്‌ക്കു വിധേയമായിരിക്കുകയാണ്‌. സാമൂഹ്യജീവിതത്തെ ആത്യന്തികമായി നിര്‍ണയിക്കുന്നത്‌ സാമ്പത്തികഘടനയും ഉത്‌പാദനശക്തികളുമാണെന്ന സിദ്ധാന്തം വളരെയേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. "സാമ്പത്തികനിര്‍ണയവാദം', "ഉത്‌പാദന ശക്തിസിദ്ധാന്തം' എന്നൊക്കെ അറിയപ്പെടുന്ന ഈ വീക്ഷണമഌസരിച്ച്‌, സോഷ്യലിസവും കമ്യൂണിസവും ചരിത്രത്തിന്റെ അനിവാര്യമായ ഉത്‌പന്നമാണ്‌. ഉത്‌പാദനശക്തികളുടെ വികാസത്തിഌ തടസമായി നില്‍ക്കുന്ന മുതലാളിത്ത ഉത്‌പാദനബന്ധങ്ങള്‍ ഇല്ലാതാക്കുന്ന ദൗത്യമാണ്‌ തൊഴിലാളിവര്‍ഗസമരത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെയും ബഹുജനങ്ങളുടെയും രാഷ്‌ട്രീയമായ ഇച്ഛാശക്തി, കര്‍ത്തൃത്വം എന്നീ ഘടകങ്ങള്‍ ചരിത്രത്തിന്റെ ഉപപ്രതിഭാസങ്ങള്‍ മാത്രമാണെന്നാണ്‌ ഈ സിദ്ധാന്തം വിവക്ഷിക്കുന്നത്‌. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ ബോധപൂര്‍വമായ രാഷ്‌ട്രീയ ഇടപെടലിന്റെ പ്രാധാന്യം കുറച്ചുകാണുന്ന സാമ്പത്തികനിര്‍ണയവാദത്തെ, ഒക്‌ടോബര്‍ സോഷ്യലിസ്റ്റു വിപ്ലവനാളുകളില്‍ത്തന്നെ ഇറ്റാലിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവും ചിന്തകഌമായിരുന്ന അന്റോണിയോ ഗ്രാംചി ശക്തമായി വിമര്‍ശിച്ചിരുന്നു. 1917 ഒക്‌ടോബര്‍ വിപ്ലവത്തിന്‌ രണ്ടുമാസം കഴിഞ്ഞ്‌ ഗ്രാംചി എഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം "റെവല്യൂഷന്‍ എഗെന്‍സ്റ്റ്‌ ക്യാപിറ്റല്‍' എന്നായിരുന്നു. മൂലധനത്തിന്റെ ആന്തരികവൈരുധ്യങ്ങളുടെ സ്വാഭാവികപരിണാമത്തെക്കാള്‍, റഷ്യന്‍ തൊഴിലാളിവര്‍ഗത്തിന്റെയും ബോള്‍ഷെവിക്‌ വിപ്ലവകാരികളുടെയും രാഷ്‌ട്രീയ ഇച്ഛാശക്തിയും തീരുമാനങ്ങളുമാണ്‌ ഒക്‌ടോബര്‍ വിപ്ലവത്തില്‍ നിര്‍ണായകഘടകമായതെന്നാണ്‌ "മൂലധനത്തിനെതിരായ വിപ്ലവം' എന്നതുകൊണ്ട്‌ ഗ്രാംചി വിവക്ഷിച്ചത്‌. കമ്യൂണിസ്റ്റുപാര്‍ട്ടിസംഘടനയും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ റോസാലക്‌സംബര്‍ഗും ലെനിഌം തമ്മില്‍ നടന്ന സംവാദവും ശ്രദ്ധേയമാണ്‌. പാര്‍ട്ടിസംഘടനയെ സംബന്ധിച്ച്‌ ലെനിന്‍ ആവിഷ്‌കരിച്ച തത്ത്വങ്ങള്‍, പ്രത്യേകിച്ചും "ജനാധിപത്യ കേന്ദ്രീകരണം' എന്ന തത്ത്വം ഫലത്തില്‍ ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു റോസായുടെ വിമര്‍ശനം. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന ഘടകത്തിലെ ഭൂരിപക്ഷത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം എന്നതാണ്‌ ജനാധിപത്യ കേന്ദ്രീകരണതത്വം വിവക്ഷിക്കുന്നത്‌. ന്യൂനപക്ഷത്തിന്‌ സ്വന്തം അഭിപ്രായം തങ്ങള്‍ അംഗങ്ങളായുള്ള പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിക്കാഌള്ള അവകാശമുണ്ടെങ്കിലും, ആത്യന്തികമായി ഭൂരിപക്ഷതീരുമാനത്തിഌ വിധേയമായി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായം പാര്‍ട്ടിയുടെ പൊതു അഭിപ്രായമായി മാറുകയും ഭിന്നാഭിപ്രായക്കാര്‍ അതംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്ന രീതി ശരിയായ ജനാധിപത്യസംസ്‌കാരത്തിഌ നിരക്കുന്നതല്ലെന്ന്‌ റോസാ വിമര്‍ശിക്കുകയുണ്ടായി. ബൂര്‍ഷ്വാ ജനാധിപത്യത്തെക്കാള്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ക്കു വേണ്ടിയായിരിക്കണം കമ്യൂണിസ്റ്റുകാര്‍ നിലകൊള്ളേണ്ടതെന്നു വാദിച്ച റോസാ, ലെനിന്റെ സംഘടനാതത്ത്വങ്ങള്‍ സോഷ്യലിസവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ നിരീക്ഷിച്ചു.

സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും രാഷ്‌ട്രീയകര്‍ത്തൃത്വം നിര്‍വഹിക്കേണ്ട കമ്യൂണിസ്റ്റുപാര്‍ട്ടി, ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ പരീക്ഷണശാല കൂടിയായില്ലെങ്കില്‍, അത്‌ ബൂര്‍ഷ്വാ ജനാധിപത്യത്തെക്കാള്‍ പിന്നോക്കമായിരിക്കുമെന്ന്‌ റോസാ വാദിച്ചു. കമ്യൂണിസ്റ്റുപാര്‍ട്ടിയെയും അതിന്റെ സംഘടനാസംവിധാനത്തെയും തൊഴിലാളിവര്‍ഗസര്‍വാധിപത്യം നടപ്പാക്കുന്നതിഌള്ള രാഷ്‌ട്രീയ ഉപകരണമായിട്ടാണ്‌ ലെനിന്‍ വീക്ഷിച്ചത്‌. ബൂര്‍ഷ്വാഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത്‌ സോഷ്യലിസ്റ്റുനിര്‍മാണത്തിഌവേണ്ടി ഉപയോഗപ്പെടുത്തുന്ന കമ്യൂണിസ്റ്റുപാര്‍ട്ടി, അതിനാല്‍ കര്‍ശനമായ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ലെനിന്‍ തയ്യാറായില്ല. ജനാധിപത്യ കേന്ദ്രീകരണത്തില്‍നിന്നുള്ള ഏതൊരു വ്യതിയാനവും തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ലെനിന്റെ വീക്ഷണം. എങ്കിലും റോസാ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവതരമായ ചര്‍ച്ച അര്‍ഹിക്കുന്നുവെന്ന്‌ ലെനിന്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ലെനിന്റെ ചരമത്തെത്തുടര്‍ന്ന്‌ അധികാരത്തില്‍ (പാര്‍ട്ടിയിലും ഭരണത്തിലും) പിടിമുറുക്കിയ സ്റ്റാലിന്‍ ഇത്തരം ചിന്തകള്‍ക്കെതിരെ കര്‍ശനമായ നിലപാട്‌ എടുത്തതോടെ ആരോഗ്യകരമായ ഒരു സംവാദം അസാധ്യമായി. ഒക്‌ടോബര്‍ വിപ്ലവത്തില്‍ ലെനിനോടൊപ്പം നേതൃത്വപരമായ പങ്കുവഹിച്ച ചിന്തകരായ ട്രാസ്‌കി, ബുക്കാറിന്‍ ഉള്‍പ്പെടെ പാര്‍ട്ടിനേതൃത്വത്തിലെ ഭൂരിപക്ഷത്തെയും സ്റ്റാലിന്‍ വധിക്കുകയാണ്‌ ചെയ്‌തത്‌. ട്രാട്‌സ്‌കി ആവിഷ്‌കരിച്ച നിരന്തര വിപ്ലവമെന്ന ആശയമാണ്‌ അന്താരാഷ്‌ട്രതലത്തില്‍ ട്രാട്‌സ്‌കിയിസത്തിന്‌ അടിത്തറയായത്‌. 1949ലെ ചൈനീസ്‌ വിപ്ലവത്തെത്തുടര്‍ന്ന്‌ മാവോസേതുങ്ങും സ്റ്റാലിനിസ്റ്റു കാഴ്‌ചപ്പാടുകളെ വിമര്‍ശനവിധേയമാക്കി. സാംസ്‌കാരികവിപ്ലവകാലത്ത്‌ മാവോ ആവിഷ്‌കരിച്ച "രാഷ്‌ട്രീയ നേതൃസ്ഥാനത്ത്‌' എന്ന ആശയം സാമ്പത്തികനിര്‍ണയവാദത്തെയാണ്‌ നിരാകരിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇടതുപക്ഷബുദ്ധിജീവികള്‍ മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക നിര്‍ണയവാദപരമായ കാഴ്‌ചപ്പാടുകളെ മൗലികമായി പുനപ്പരിശോധിക്കാഌം പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുംവിധം അതിനെ നവീകരിക്കാഌം ശ്രമിച്ചിട്ടുണ്ട്‌.

1960കളില്‍ ആവിര്‍ഭവിച്ച ഈ ബൗദ്ധികസംരംഭം "നവീന ഇടതുപക്ഷം' എന്ന പേരിലാണറിയപ്പെടുന്നത്‌. ലോക കമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ സോവിയറ്റ്‌ യൂണിയന്റെ ആധിപത്യം നിലനിന്ന കാലഘട്ടത്തില്‍, മാര്‍ക്‌സിസ്റ്റുസിദ്ധാന്തങ്ങളെ അലംഘനീയമായ പ്രമാണങ്ങളാക്കി മാറ്റുന്ന സമീപനമാണ്‌ സ്റ്റാലിന്‍ സ്വീകരിച്ചത്‌. സ്റ്റാലിന്റെ വ്യക്തിപ്രഭാവം മൂലം ഈ സമീപനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോവുകയാണുണ്ടായത്‌. എന്നാല്‍, 1956ല്‍ നടന്ന സോവിയറ്റ്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസ്സില്‍ ക്രൂഷ്‌ചേവ്‌ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന്‌ സ്റ്റാലിന്‍കാലഘട്ടത്തിലെ അതിക്രമങ്ങളും കൂട്ടക്കൊലകളും പുറത്തുവരാന്‍ തുടങ്ങി. തന്റെ ഏകാധിപത്യം നിലനിര്‍ത്തുന്നതിഌവേണ്ടി പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുകയും അത്തരക്കാരെ "വര്‍ഗവഞ്ചന' ആരോപിച്ച്‌ കൊന്നൊടുക്കുകയും ചെയ്യുന്ന സമീപനമായിരുന്നു സ്റ്റാലിന്‍ അഌവര്‍ത്തിച്ചതെന്ന്‌ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ തന്നെ കുറ്റസ മ്മതം നടത്തി. 1930കളിലെ കുപ്രസിദ്ധമായ "മോസ്‌കോവിചാരണ'യിലൂടെ കേന്ദ്രകമ്മിറ്റിയിലെ സ്റ്റാലിനൊഴികെയുള്ള മുഴുവന്‍ അംഗങ്ങളും ക്രൂരമായി വധിക്കപ്പെടുകയാണുണ്ടായത്‌.

ഈ വെളിപ്പെടുത്തല്‍, സോവിയറ്റ്‌ യൂണിയനെ മാതൃകാസമൂഹമായി കണ്ടിരുന്ന ലോകജനതയെ ഞെട്ടിച്ചുവെങ്കിലും, പുതിയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രരകമായിട്ടുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ നവീന ഇടതുപക്ഷചിന്താധാര ആവിര്‍ഭവിക്കുന്നത്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്‌ ഫ്രഞ്ച്‌ ചിന്തകനായ ലൂയി അല്‍ത്തൂസ്സറുടെ സിദ്ധാന്തങ്ങളാണ്‌. സാമ്പത്തികഘടനയും രാഷ്‌ട്രീയസാംസ്‌കാരിക ഉപരിഘടനയും തമ്മിലുള്ള ബന്ധത്തെ ഇദ്ദേഹം പുനപ്പരിശോധിക്കുകയും സാമ്പത്തികഘടന ഏകപക്ഷീയമായി ഉപരിഘടനയെ നിര്‍ണയിക്കുകയില്ലെന്ന്‌ സമര്‍ഥിക്കുകയും ചെയ്‌തു. ഉപരിഘടന തിരിച്ചും ഘടനയെ സ്വാധീനിക്കാമെന്നും ഉപരിഘടനയ്‌ക്ക്‌ "ആപേക്ഷികമായ സ്വാച്ഛന്ദ്യ'മുണ്ടെന്നും അല്‍ത്തൂസ്സര്‍ സിദ്ധാന്തിച്ചു. "അതിനിര്‍ണയനം' (Over determination) എന്ന സംവര്‍ഗം ആവിഷ്‌കരിച്ച അല്‍ത്തൂസ്സര്‍, സാമ്പത്തികഘടനയുടെ ഏകപക്ഷീയതയെ നവീകരിക്കാനാണ്‌ ശ്രമിച്ചത്‌. ഫ്രാന്‍സിലെ തന്നെ മാര്‍ക്‌സിസ്റ്റുചിന്തകരായ നിക്കോസ്‌ പൊളാന്‍സാസ്‌, എഥെയ്‌നി ബാലിബര്‍, ഇറ്റാലിയന്‍ ചിന്തകനായ ലൂസിയ കോളെറ്റി, സെബാസ്റ്റിയാനോ ടിംബനാരോ, ബ്രിട്ടീഷ്‌ ചിന്തകഌം ചരിത്രകാരഌമായ ഇ.പി. തോംസണ്‍ തുടങ്ങിയ അനവധി ബുദ്ധിജീവികള്‍ ഇതുപോലെ മാര്‍ക്‌സിസ്റ്റുസിദ്ധാന്തത്തിന്റെ വിവിധ മാനങ്ങളെ നവീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. "തൊഴിലാളിവര്‍ഗ സര്‍വാധിപത്യ'മെന്ന സങ്കല്‌പത്തെ നിരാകരിച്ച സ്‌പാനിഷ്‌ കമ്യൂണിസ്റ്റു നേതാവായിരുന്ന സാന്തിയാഗൊ കാരില്ലെ ആവിഷ്‌കരിച്ച വീക്ഷണം "യൂറോ കമ്യൂണിസം' എന്നാണറിയപ്പെടുന്നത്‌. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ക്രമേണ സോഷ്യലിസത്തിലേക്ക്‌ പുരോഗമിക്കാമെന്നതാണ്‌ യൂറോ കമ്യൂണിസ്റ്റുകളുടെ വാദം.

വിപ്ലവത്തിന്റെ നായകസ്ഥാനം ആര്‍ക്കായിരിക്കണം (തൊഴിലാളിക്കോ കര്‍ഷകനോ?), വിപ്ലവാനന്തര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക്‌ ആരു വഹിക്കണം തുടങ്ങിയ താത്ത്വിക തര്‍ക്കങ്ങള്‍ ലോകത്ത്‌ അരങ്ങേറുന്ന കാലത്തുതന്നെ, അക്കാര്യങ്ങളില്‍ വേവലാതിപ്പെടാതെ ദേശീയസ്വാതന്ത്യ്രത്തിഌം വിപ്ലവകരമായ പരിവര്‍ത്തനത്തിഌം വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളാണ്‌ ഹോചിമിഌം ഫിദല്‍കാസ്‌ട്രായും ചെഗുവേരയും. ഒരു കവികൂടിയായിരുന്ന ഹോചിമിന്‍ ആദ്യം ഫ്രഞ്ച്‌ അധിനിവേശത്തിഌം പിന്നീട്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിഌം എതിരെ വിയറ്റ്‌നാം ജനതയെ സോഷ്യലിസവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിച്ച്‌ അണിനിരത്തുകയും രണ്ടുവന്‍ശക്തികള്‍ക്കും തോല്‍വി സമ്മാനിക്കുകയും ചെയ്‌തു.

ക്യൂബന്‍ വിപ്ലവത്തിന്‌ നേതൃത്വം നല്‌കുന്ന കാലത്ത്‌ കാസ്‌ട്രാ കമ്യൂണിസ്റ്റായിരുന്നില്ല. ഒരു പറ്റം യുവാക്കളുടെയും ഗ്രാമീണകര്‍ഷകരുടെയും പിന്തുണയോടെയാണ്‌ അദ്ദേഹം ഏകാധിപത്യത്തിഌം വിദേശചൂഷണത്തിഌമെതിരെ പടനയിച്ചത്‌. യു.എസ്സിന്റെ കടുത്ത എതിര്‍പ്പാണ്‌ കാസ്‌ട്രായെ സോവിയറ്റ്‌ ചേരിയിലും കമ്യൂണിസ്റ്റ്‌ ആശയഗതിയിലും എത്തിച്ചത്‌. ക്യൂബയില്‍ ഉച്ചനീചത്വം കുറഞ്ഞതും എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പുനല്‌കുന്നതുമായ ഒരു സാമൂഹ്യക്രമം സൃഷ്‌ടിച്ചെടുക്കുന്നതില്‍ കാസ്‌ട്രായുടെ നേതൃത്വം ഒരു പരിധിവരെ വിജയിച്ചെങ്കിലും ജനാധിപത്യ സ്വാതന്ത്യ്രം ഉറപ്പാക്കുന്നതില്‍ പരാജയമാണെന്ന്‌ വിമര്‍ശനമുണ്ട്‌.

ചെഗുവേര കാസ്‌ട്രായോടൊപ്പം ക്യൂബന്‍ വിപ്ലവത്തില്‍ പങ്കുചേരുകയും അതിന്റെ വിജയത്തിഌശേഷം അധികാരം പങ്കിടുകയും ചെയ്‌ത വ്യക്തിയാണ്‌. എന്നാല്‍ പിന്നീട്‌ അതുപേക്ഷിച്ച്‌, തെക്കെ അമേരിക്കയിലാകെ വിപ്ലവാഗ്നി പടര്‍ത്തുക എന്ന ലക്ഷ്യവുമായി ബൊളീവിയയിലും ചുറ്റുമുള്ള രാജ്യങ്ങളില്‍ ഗറില്ലായോദ്ധാക്കളെ സംഘടിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധേയനായി. ചെഗുവേര ബൊളീവിയന്‍ സൈന്യത്താല്‍ വധിക്കപ്പെടുകയായിരുന്നു. കമ്യൂണിസ്റ്റ്‌ സിദ്ധാന്തത്തില്‍ കാതലായ മുതല്‍ക്കൂട്ടു നടത്തിയവരല്ലെങ്കിലും വിപ്ലവത്തിന്റെ പ്രായോഗികതലങ്ങളില്‍ ഈ മൂന്നുപേരുടെയും സംഭാവന വലുതാണ്‌.

ഇതപര്യന്തമുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിലെ പ്രഖ്യാപനത്തെ യാന്ത്രികമായി വ്യാഖ്യാനിച്ച മാര്‍ക്‌സിസ്റ്റുകള്‍, വര്‍ഗസമരത്തെ ഒരു "ഒറ്റമൂലി'യുടെ പദവിയിലേക്കുയര്‍ത്തുകയാണുണ്ടായത്‌. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വര്‍ഗസമരമാണെന്ന ശാഠ്യത്തെ, 1960കളിലാരംഭിച്ച ഫെമിനിസ്റ്റുപ്രസ്ഥാനം ശക്തമായി വിമര്‍ശിച്ചു. ലിംഗപരമായ അസമത്വത്തെ വര്‍ഗസമരസിദ്ധാന്തത്തിലൂടെ വിശദീകരിക്കാനാവില്ലെന്ന്‌ ഫെമിനിസ്റ്റു ചിന്തകര്‍ വാദിക്കുന്നു. വംശീയവും ജാതീയവും പ്രാദേശികവുമായ അസമത്വങ്ങളെയും വര്‍ഗസമരത്തിലൂടെ പരിഹരിക്കാനാവില്ലെന്ന്‌ ഇന്ന്‌ ഏറെക്കുറെ സാമൂഹ്യശാസ്‌ത്രജ്ഞര്‍ അംഗീകരിച്ചിട്ടുണ്ട്‌. സാമൂഹികജീവിതത്തിലെ വൈരുധ്യങ്ങള്‍ ബഹുത്വപൂര്‍ണമാണെന്നും അത്‌ ഏതെങ്കിലുമൊരു ബ്രഹത്‌സംവര്‍ഗത്തിലേക്കു ന്യൂനീകരിക്കുന്നത്‌ ശരിയല്ലെന്നുമുള്ള വാദം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്‌. മാത്രവുമല്ല, ഓരോ രാജ്യത്തിന്റെയും സവിശേഷമായ ചരിത്രസാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്‌തുത രാജ്യത്തിനഌയോജ്യമായ വിപ്ലവമാര്‍ഗത്തെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഒരു കമ്യൂണിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥ സൃഷ്‌ടിച്ചെടുക്കാന്‍ സോവിയറ്റ്‌ യൂണിയനില്‍ നടന്ന ആദ്യപരീക്ഷണം പരാജയപ്പെട്ടു എന്ന്‌ ഇന്ന്‌ എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ അത്‌ കമ്യൂണിസം എന്ന ആശയത്തിന്റെ തന്നെ പരാജയമാണോ അതോ അതു നടപ്പിലാക്കാന്‍ ശ്രമിച്ചതില്‍വന്ന പാളിച്ചയാണോ എന്ന കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‌ക്കുന്നു. റോസാ ലക്‌സംബര്‍ഗും മറ്റും മുന്‍പേ താക്കീതുചെയ്‌തതുപോലെ തൊളിലാളിവര്‍ഗസര്‍വാധിപത്യവും ജനാധിപത്യപരവുമായ കേന്ദ്രീകരണവും പാര്‍ട്ടി സര്‍വാധിപത്യവും അധികാരകേന്ദ്രീകരണവുമായി മാറുന്ന കാഴ്‌ചയാണ്‌ റഷ്യയില്‍ കണ്ടത്‌. ഇതിന്റെ ഫലമായി സമൂഹത്തിന്റെ സജീവതയും സൃഷ്‌ടിപരതയും നഷ്‌ടമാവുകയും ശാസ്‌ത്രസാങ്കേതിക രംഗങ്ങളില്‍, പ്രത്യേകിച്ച്‌ വിവരവിനിമയരംഗത്ത്‌, മുതലാളിത്ത രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറെ പിന്നിലാവുകയും ചെയ്‌ത ഘട്ടത്തിലാണ്‌, 1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ്‌ സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറിയായി അവരോധിക്കപ്പെടുന്നത്‌. ജനാധിപത്യവും സുതാര്യതയും സമൂഹത്തില്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം അവതരിപ്പിച്ച പരിഷ്‌കാരങ്ങളായിരുന്നു ഗ്ലാസ്‌ നോസ്‌ത്‌ (തുറന്നസമീപനം), പെരിസ്‌ത്രായിക (പുനഃസംഘടന) എന്നിവ. എന്നാല്‍ അതിന്‌ പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിനിയന്ത്രിത ബ്യൂറോക്രസിയിലും സ്വീകാര്യത ഉണ്ടാകുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ, അതുവരെ സമൂഹത്തില്‍ അടിച്ചമര്‍ത്തിവച്ചിരുന്ന ദേശീയവും ഭാഷാപരവും സാംസ്‌കാരികവുമായ വൈരുദ്ധ്യങ്ങള്‍ സ്‌ഫോടനത്തോടെ പുറത്തുവരാന്‍ അതു സാഹചര്യമൊരുക്കുകയും വിഘടനമതപുനരുത്ഥാന ശക്തികളുടെ സമ്മര്‍ദത്തില്‍ സോവിയറ്റ്‌ യൂണിയന്‍ തന്നെ ഛിന്നഭിന്നമാവുകയും ചെയ്‌തു. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിഛേദങ്ങളിലൊന്നായി എണ്ണപ്പെടുന്ന ഈ ചരിത്രഘട്ടം കമ്യൂണിസത്തെയും സോഷ്യലിസത്തെയും സംബന്ധിച്ച ധാരണകളില്‍ കാതലായ പൊളിച്ചെഴുത്ത്‌ ആവശ്യപ്പെടുന്നുണ്ട്‌.

ആഗോളവത്‌കരണത്തിന്റെ സമകാലികയുഗത്തില്‍ ക്ലാസ്സിക്കല്‍ മാര്‍ക്‌സിസ്റ്റു സിദ്ധാന്തങ്ങള്‍ക്കോ "ഭരണകൂടം പിടിച്ചെടുക്കുക'യെന്ന ലെനിനിസ്റ്റു സങ്കല്‌പത്തിനോ പ്രസക്തിയില്ലെന്ന വാദം ഉയര്‍ന്നുവന്നിട്ടുണ്ട്‌. വെനിസ്വേല, ബൊളീവിയ, നിക്കാരാഗ്വ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അടുത്തകാലത്ത്‌ ഇടതുപക്ഷവിഭാഗങ്ങള്‍ അധികാരത്തിലെത്തിയത്‌ തെരഞ്ഞെടുപ്പിലൂടെയാണെന്നത്‌ ശ്രദ്ധേയമാണ്‌. പഴയ രീതിയിലുള്ള വിപ്ലവമാര്‍ഗങ്ങള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, മര്‍ദനവും ചൂഷണവും അനീതിയുമില്ലാത്ത ഒരു സമത്വാധിഷ്‌ഠിത ലോകത്തെക്കുറിച്ചുള്ള മഌഷ്യഭാവന അവസാനിച്ചുവെന്ന്‌ പറയാനാവില്ല. ഈ അര്‍ഥത്തില്‍, കമ്യൂണിസത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇപ്പോഴും സജീവമാണ്‌.

(ഡോ. കെ.എം. നാരായണമേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍