This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കന്നി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കന്നി. == വടക്കന്‍ പാട്ടുകളിലെ നിരവധി സ്‌ത്രീ കഥാപാത്രങ്ങളു...)
അടുത്ത വ്യത്യാസം →
16:13, 3 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കന്നി.
വടക്കന്‍ പാട്ടുകളിലെ നിരവധി സ്‌ത്രീ കഥാപാത്രങ്ങളുടെ പേര്.
1. അമ്പാടിക്കൂലോം കന്നി. കണ്ണപ്പന്‍ചേകവരുടെ പത്‌നി. അങ്കച്ചേകവരാണെങ്കിലും ഏതു കാര്യത്തിലും അലസ മനോഭാവക്കാരനായിരുന്ന ഭര്‍ത്താവിനെ ആ സ്വഭാവത്തില്‍ നിന്നു മോചിപ്പിച്ചെടുക്കാന്‍ ഈ ധീരവനിത നന്നേ പാടുപെട്ടു. അങ്കത്തട്ടില്‍ ഭര്‍ത്താവിന്റെ സഹായി എന്ന നിലയില്‍ പലപ്പോഴും പോവാറുള്ളത് കന്നി തന്നെ ആയിരുന്നു.
പുത്രനായ ആരോമല്‍ ചേകവരുടെ പുത്തരിയങ്കച്ചുരിക കടയിക്കുവാന്‍, മരുമകനായ ചന്തുവിനെ കണ്ണപ്പന്‍ ചേകവര്‍ ചുമതലപ്പെടുത്തിയപ്പോള്‍ പ്രതിഷേധം പ്രകടിപ്പിച്ച കന്നിയുടെ വാക്കുകള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. (മറിച്ചായിരുന്നെങ്കില്‍ ആരോമല്‍ ചതിയില്‍പ്പെടാതെ രക്ഷപ്പെടുമായിരുന്നു). ആരോമലിന്റെ മരണത്തോടു കൂടി കന്നി ബുദ്ധിഭ്രമം സംഭവിച്ചവളെപ്പോലെ ആയിത്തീര്‍ന്നു.
2. കറുത്തേനിടം കന്നി. കറുത്തേനിടം രാജാവിന്റെ പുത്രി. കന്നിയെ പൊന്നാപുരം കോട്ടയിലെ മൂപ്പന്‍ കേളപ്പന്‍ തട്ടിക്കൊണ്ടുപോയി. വിടനായ കേളപ്പനില്‍ നിന്നു രക്ഷ നേടുന്നതിനായി അവള്‍ ഒരു ഉപാസനാസമാപ്‌തിയുടെ പേരില്‍ മൂന്നു ദിവസത്തെ അവധി നേടിയെടുത്തു. അതിനകം തന്റെ പിതാവും സൈന്യവും എത്തി കേളപ്പനെ പരാജയപ്പെടുത്തും എന്നാണവള്‍ വിചാരിച്ചത്. പക്ഷേ, മറിച്ചാണ് സംഭവിച്ചത്; കേളപ്പന്‍ അവരെ പരാജയപ്പെടുത്തി ഓടിച്ചു. എന്നാല്‍ അടുത്ത ദിവസം അവള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞത്, കടത്തനാടന്‍ പടത്തലവനായ ഒതേനന്റെ മുന്നില്‍ കേളപ്പന്‍ കീഴടങ്ങി എന്ന വാര്‍ത്തയാണ്.
അപകടസന്ധിയില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തിയ ഒതേനനെ ഹൃദയം നിറഞ്ഞ ആദരവോടെ കന്നി സ്വന്തം മുറിയിലേക്കു സ്വീകരിക്കുന്നതോടുകൂടി ഈ പാട്ട് അവസാനിക്കുന്നു.
3. മതിലേരി കന്നി. ചിറക്കര വാഴുന്നവരുടെ ഏക പുത്രി. മതിലേരിക്കന്നിയെ വിവാഹം കഴിച്ച വേണാട്ടു രാജാവിന് ആദ്യരാത്രിയില്‍ത്തന്നെ ഭാര്യയെ ഉപേക്ഷിച്ച് പടക്കളത്തില്‍ പോകേണ്ടിവന്നു. യുദ്ധത്തില്‍ പരാജയത്തിന്റെ വക്കിലെത്തി നിന്ന ഭര്‍ത്താവിനെ സഹായിക്കാനായി കുറെ പടയാളികളോടുകൂടി പടത്തലവന്റെ വേഷത്തില്‍, പൊന്നന്‍ എന്ന പേരില്‍ കന്നി തന്നെ വേണാട്ടിലേക്കു തിരിച്ചു. കന്നിയുടെ നേതൃത്വത്തിലുള്ള പട ശത്രുവലയത്തില്‍ നിന്നു രാജാവിനെ രക്ഷപ്പെടുത്തി. തന്നെ രക്ഷിച്ച പൊന്നനോട് രാജാവിഌ വളരെ ആദരവു തോന്നുകയും രാജാവിന്റെ അഭ്യര്‍ഥനയഌസരിച്ച് പൊന്നന്‍ കുറച്ചുദിവസം കൊട്ടാരത്തില്‍ താമസിക്കുകയും ചെയ്‌തു. സുമുഖനായ പൊന്നനില്‍ അഭിനിവേശം ജനിച്ച രാജസഹോദരിയില്‍ നിന്നും രക്ഷനേടുന്നതിഌവേണ്ടി കന്നി കൊട്ടാരത്തില്‍ നിന്ന് ഒളിച്ചോടി. ഇതിനകം വേണാട്ടുരാജാവിനെ കാമിച്ചിരുന്ന ചൂര്യമണി കന്നി എന്ന മറ്റൊരു മദാലസ, മതിലേരിക്കന്നിയെ വധിച്ചിട്ടായാലും കാമുകനെ സ്വന്തമാക്കുമെന്ന ദൃഢനിശ്ചയവുമായി ഇറങ്ങിത്തിരിച്ചു. വിഷം കലര്‍ത്തിയ ആഹാരം അവള്‍ കന്നിക്കു നല്‌കി. പടത്തലവനായ പൊന്നന്‍ താന്‍ തന്നെയായിരുന്നുവെന്ന് ഭര്‍ത്താവിനെ അറിയിക്കുന്നതോടെ മതിലേരി കന്നി അന്ത്യശ്വാസം വലിച്ചു; ഒപ്പം ഹൃദയം തകര്‍ന്ന വേണാട്ടു തമ്പുരാഌം.
4. മേലെമഠം വാഴും കന്നി. വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. നാട്ടുവിഭവങ്ങള്‍ കയറ്റി അയച്ചും വിദേശവസ്‌തുക്കള്‍ നാട്ടില്‍ കൊണ്ടുവന്നു വിറ്റഴിച്ചും ഇവര്‍ വലിയ സമ്പന്നയായിത്തീര്‍ന്നു. ആ അവസരത്തില്‍ തച്ചോളി ഒതേനന്റെ നേതൃത്വത്തില്‍ കടത്തനാടന്‍ പട, മാടമ്പിക്കോട്ടകള്‍ പിടിച്ചടക്കുന്നതായ വാര്‍ത്ത പരന്നപ്പോള്‍ പരിഭ്രാന്തയായ കന്നി തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ ഒരു സ്വര്‍ണഗോളമാക്കി ഭൂമിക്കടിയില്‍ കുഴിച്ചിട്ടു. ഈ നിധിയെപ്പറ്റി മനസ്സിലാക്കിയ രാജപുരം കോട്ട മൂപ്പന്‍ ഒരു രാത്രിയില്‍ അത് കവര്‍ന്നെടുത്തു. കന്നിയുടെ വിശേഷങ്ങള്‍ അറിഞ്ഞ തച്ചോളി ഒതേനന്‍ അവിടെയെത്തി അവളെ ആശ്വസിപ്പിക്കുകയും നഷ്ടപ്പെട്ട മുതല്‍ വീണ്ടെടുത്തു കൊടുക്കുകയും ചെയ്‌തു. സന്തുഷ്ടയായ കന്നി അവളെത്തന്നെ ഒതേനഌ സമര്‍പ്പിച്ചു. തനിക്കവകാശപ്പെട്ട നേര്‍പകുതി സ്വത്ത് കന്നിയില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന് നല്‌കിയാല്‍ മതിയെന്ന് ഒതേനന്‍ അവളെ ഉപദേശിച്ചു.
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍; സ.പ.)