This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപേക്കി, ആര്‍. മരിയോ (1937 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കപേക്കി, ആര്‍. മരിയോ (1937 ) == == Capecchi, R. Mario == അമേരിക്കന്‍ ജനിതക ശാസ്‌...)
അടുത്ത വ്യത്യാസം →

13:40, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കപേക്കി, ആര്‍. മരിയോ (1937 )

Capecchi, R. Mario

അമേരിക്കന്‍ ജനിതക ശാസ്‌ത്രജ്ഞന്‍. മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാ സാധ്യതകള്‍ക്ക്‌ വഴി തുറക്കുന്ന ജീന്‍ സങ്കേതങ്ങള്‍ വികസിപ്പിച്ചതിന്‌ ഒലിവര്‍ സ്‌മിത്‌സ്‌, മാര്‍ട്ടിന്‍ ഇവാന്‍സ്‌ എന്നിവര്‍ക്കൊപ്പം 2007ലെ വൈദ്യശാസ്‌ത്രത്തിഌള്ള നോബല്‍ സമ്മാനം കപേക്കിക്ക്‌ ലഭിച്ചു.

1937 ഒ. 6ന്‌ ഇറ്റലിയിലെ വെറോണയില്‍ ജനിച്ച കപേക്കിയുടെ ബാല്യം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഇറ്റാലിയന്‍ വൈമാനികനായിരുന്ന പിതാവ്‌ ലൂസിയാനോ കപേക്കിയെ രണ്ടാം ലോകയുദ്ധക്കാലത്ത്‌ ഒരു വ്യോമാക്രമണത്തിനിടെ കാണാതായി. മാതാവ്‌ ലൂസി റാംബര്‍ഗ്‌, ഫാസിസ്റ്റ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുറുങ്കിലടയ്‌ക്കപ്പെടുകകൂടി ചെയ്‌തതോടെ നാലര വയസ്സുള്ള കപേക്കി തികച്ചും അനാഥനായി. തുടര്‍ന്നുള്ള നാല്‌ വര്‍ഷക്കാലം ഇദ്ദേഹം തെരുവിലാണ്‌ ജീവിതം കഴിച്ചുകൂട്ടിയത്‌. ഒന്‍പതാം വയസ്സില്‍ കപേക്കി അമ്മയുമായി വീണ്ടും ഒത്തുചേരുകയും യു.എസ്സിലേക്ക്‌ കുടിയേറുകയും ചെയ്‌തു.

1961ല്‍ ആന്റിയോക്‌ കോളജില്‍ നിന്ന്‌ രസതന്ത്രത്തില്‍ ബിരുദവും 1967ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ജൈവഭൗതികത്തില്‍ ഡോക്‌ടറേറ്റും നേടി. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്കല്‍ മാതൃക കണ്ടെത്തിയ ജെയിംസ്‌ വാട്‌സണിന്റെ ശിക്ഷണത്തില്‍ പ്രാട്ടീന്‍ സംശ്ലേഷണ പ്രക്രിയയെ കുറിച്ചുള്ള പഠനങ്ങളാണ്‌ പിഎച്ച്‌.ഡി. ബിരുദത്തിനായി കപേക്കി നടത്തിയത്‌. തുടര്‍ന്ന്‌ 1967 69 കാലത്ത്‌ ഹാര്‍വാഡില്‍ ജൂനിയര്‍ ഫെലോ ആയും 1969ല്‍ ജൈവരസതന്ത്രവിഭാഗം അസി. പ്രാഫസറായും 1971 മുതല്‍ 73 വരെ അസോ. പ്രാഫസറായും പ്രവര്‍ത്തിച്ചു. 1973ല്‍ യൂട്ടാ സര്‍വകലാശാലയില്‍ ജീവശാസ്‌ത്രം പ്രാഫസ്സറായി. 1988 മുതല്‍ ഹൊവാഡ്‌ ഹ്യുസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1989 മുതല്‍ യൂട്ടാ സ്‌കൂള്‍ ഒഫ്‌ മെഡിസിനില്‍ ഹ്യുമന്‍ ജെനിറ്റിക്‌സ്‌ പ്രാഫസറായും സേവനമഌഷ്‌ഠിച്ചുവരുന്നു. 1991 മുതല്‍ നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസിലും, 2002ല്‍ യൂറോപ്യന്‍ അക്കാദമി ഒഫ്‌ സയന്‍സസിലും അംഗമാണ്‌ കപേക്കി.

മഌഷ്യരെ ബാധിക്കുന്ന രോഗങ്ങള്‍ എലികളെ ഉപയോഗിച്ച്‌ പഠിക്കാന്‍ പാകത്തില്‍ എലികളുടെ ഭ്രൂണവിത്തുകോശങ്ങളില്‍ ജനിതക വ്യതിയാനം വരുത്തുന്നു. (നോക്ക്‌ ഔട്ട്‌ മൈസ്‌) എന്ന ഒരു സവിശേഷ സങ്കേതം വികസിപ്പിച്ചതാണ്‌ കപേക്കിയെയും സഹപ്രവര്‍ത്തകരെയും നോബല്‍ സമ്മാനത്തിന്‌ അര്‍ഹരാക്കിയത്‌. 1989ലാണ്‌ ജനിതക വ്യതിയാനം വരുത്തിയ ആദ്യ നോക്ക്‌ ഔട്ട്‌ മൗസിനെ ഇവര്‍ സൃഷ്‌ടിച്ചത്‌. മഌഷ്യരെ ബാധിക്കുന്ന കാന്‍സര്‍, ഹൃദ്രാഗം, പ്രമേഹം, ആല്‍ഷൈമേഴ്‌സ്‌ തുടങ്ങിയ നിരവധി രോഗങ്ങളുടെ ജനിതക കാരണങ്ങള്‍ കണ്ടെത്തുന്നതിഌം ജനിതകമായി മാറ്റങ്ങള്‍ വരുത്തി രോഗചികിത്സാ സാധ്യതകള്‍ പരീക്ഷിക്കുന്നതിഌമുള്ള മാതൃകകളായി ഈ എലികളെ ഉപയോഗപ്പെടുത്താനാവും. 2003 മുതല്‍ ഇത്തരത്തില്‍ വ്യതിയാനം വരുത്തിയ എലികളെ ഗവേഷണങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തി വരുന്നുണ്ട്‌. വ്യതിയാനം വരുത്തേണ്ട ജീഌം വ്യതിയാനം വരുത്തേണ്ടവിധവും ഗവേഷകന്റെ നിയന്ത്രണത്തിലായിരിക്കും എന്നതാണ്‌ ജീന്‍ ടാര്‍ജറ്റിങ്‌ സങ്കേതത്തിന്റെ സവിശേഷത. ലക്ഷ്യമിടുന്ന ജീനിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുകയോ (knock out) പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാനാവും. കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ഒരിനം അര്‍ബുദ (alveoar rhabdomyosarcoma) ത്തിനഌയോജ്യമായ ഒരു പരീക്ഷണ എലിയെ ആദ്യമായി സൃഷ്‌ടിച്ചതും കപേക്കിയും കൂട്ടരുമാണ്‌. എലിയുടെ ജീഌകളില്‍ വ്യതിയാനം വരുത്തി രോഗത്തിന്റെ ജനിതക കാരണം എലിയില്‍ കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌.

നോബല്‍ പുരസ്‌കാരത്തിഌ പുറമേ മറ്റു നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. നാഡീശാസ്‌ത്ര വിജ്ഞാനീയത്തിലെ ഗവേഷണങ്ങളെ മുന്‍നിര്‍ത്തി ബ്രിസ്റ്റോള്‍മേയേഴ്‌സ്‌ അവാര്‍ഡ്‌ (1992) ബയോമെഡിക്കല്‍ സയന്‍സിലെ പഠനത്തിന്‌ ബാക്‌സ്റ്റര്‍ പുരസ്‌കാരവും (1998) ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഗെയിഡ്‌നര്‍ ഫൗണ്ടേഷന്‍ ഇന്റര്‍ നാഷണല്‍ അവാര്‍ഡ്‌ (1993), ജര്‍മന്‍ മോളിക്കുലാര്‍ ബയോഅനലിറ്റിക്‌സ്‌ പ്രസ്‌ (1996), റോസന്‍ബാള്‍ട്ട്‌ പ്രസ്‌ ഫോര്‍ എക്‌സലന്‍സ്‌ (1998), നാഷണല്‍ മെഡല്‍ ഒഫ്‌ സയന്‍സസ്‌ (2001), ജോണ്‍ സ്‌കോട്ട്‌ മെഡല്‍ അവാര്‍ഡ്‌ (2002) തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്‌ ലഭിച്ച മറ്റു പ്രധാന പുരസ്‌കാരങ്ങള്‍.

സസ്‌തനികളിലെ നാഡീവ്യവസ്ഥയുടെ വികാസവും പരിണാമവും, ജീന്‍ തെറാപ്പി തുടങ്ങിയ മേഖലകളിലും കപേക്കി ഗവേഷണങ്ങള്‍ നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍