This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപിലവാസ്‌തു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കപിലവാസ്‌തു == ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയുടെ വടക്കായി ...)
അടുത്ത വ്യത്യാസം →
13:27, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കപിലവാസ്‌തു
ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയുടെ വടക്കായി നേപാള്‍ അതിര്‍ത്തിക്കുള്ളിലെ ഒരു പ്രദേശം. ശാക്യരാജാക്കന്മാരുടെ ആസ്ഥാനം എന്ന നിലയിലും, ഗൗതമബുദ്ധന്റെ ജന്മദേശം എന്ന നിലയിലും ഈ പ്രദേശത്തിന് ഇതിഹാസങ്ങളില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. കപിലന്‍, കപിലം (പിച്ചളനിറം) എന്നീ പദങ്ങളോടു ബന്ധപ്പെടുത്തിയാണ് സ്ഥലനാമത്തിന്റെ നിഷ്‌പത്തി. ഇന്ത്യാനേപ്പാള്‍ അതിര്‍ത്തിയില്‍ വ്യാപിച്ചു കിടന്നിരുന്ന ഭഗ്‌നാവശിഷ്ടങ്ങളില്‍ നിന്ന്, കപിലവാസ്‌തുവിന്റെ ആസ്ഥാനം ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയ്‌ക്കു വടക്ക് നേപാളതിര്‍ത്തിക്കുള്ളിലെ തിലൗറക്കോട്ട് (Tilaurokot) ഗ്രാമത്തിലായിരുന്നുവെന്നാണ് ആധുനിക നിഗമനം.
ബൗദ്ധപുരാണങ്ങള്‍, ഫാഹിയാന്‍, ഹ്യുയാന്‍സാങ് എന്നീ ചീനസഞ്ചാരികളുടെ കുറിപ്പുകള്‍ എന്നിവയാണ് കപിലവാസ്‌തുവിനെ പരാമര്‍ശിക്കുന്ന ലബ്‌ധങ്ങളായ രേഖകള്‍. ജാതകകഥകളില്‍ കപിലവാസ്‌തുവിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
എ.ഡി. 5-ാം ശ.ത്തിന്റെ പ്രാരംഭത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍ കപിലവാസ്‌തുവിന്റെ സ്ഥാനം തിലൗറക്കോട്ടിഌ 16 കി.മീ. തെക്ക് തെ. കിഴക്കായി സ്ഥിതി ചെയ്യുന്ന പിപ്രാവാഗ്രാമമാണെന്നു തെറ്റിദ്ധരിക്കുകയുണ്ടായി. ഫാഹിയാന്‍ വിവരിച്ചു കാണാത്തതും, ഇന്നും അവശേഷിക്കുന്നതുമായ 5 കി.മീ. ചുറ്റളവുള്ള കട്ടകെട്ടിയ കോട്ടയുടെ അവശിഷ്ടമാണ് (തിലൗറക്കോട്ട്) ഹ്യുയാന്‍സാങിന്റെ അഭിപ്രായത്തില്‍ കപിലവാസ്‌തുവിന്റെ ആസ്ഥാനം. ബി.സി. 5-ാം ശതകത്തിഌ മുമ്പു തന്നെ കപിലവാസ്‌തു പൂര്‍ണമായി തകര്‍ന്നിരുന്നു എന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത്.
പൗരാണികകാലത്ത് കോസലരാജ്യത്തെ ഒരു ദേശമായിരുന്നു കപിലവാസ്‌തു. ഇവിടെയുണ്ടായിരുന്നുവെന്നു വിവരിച്ചിട്ടുള്ള അസംബ്ലി മന്ദിരങ്ങള്‍ തൂണുകളും മേല്‍പ്പുരയും മാത്രമുണ്ടായിരുന്ന മോട്ട് ഹാളുകള്‍ (Mote halls) ആയിരുന്നു. ഇവയെ സന്താഗാരാ (Santhagara) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണപരമായും നിയമനിര്‍മാണസംബന്ധിയുമായുള്ള കാര്യങ്ങള്‍ക്ക് ഇവിടെ സമ്മേളനങ്ങള്‍ കൂടിയിരുന്നു. അധ്യക്ഷഌ പുറമേ നിയമനിര്‍മാണസഭയ്‌ക്ക് "രാജ' എന്ന പദവിയില്‍ ഒരു പ്രധാനി കൂടിയുണ്ടായിരുന്നു; ഈ പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു ഗൗതമബുദ്ധന്റെ പിതാവായ ശുദ്ധോദനന്‍ എന്നു കരുതാവുന്ന പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബൗദ്ധപുരാണങ്ങളിലും ഐതിഹ്യങ്ങളിലും കാണുന്നതുപോലുള്ള രാജപ്രൗഢികളൊന്നും തന്നെ കപിലവാസ്‌തുവിനില്ലായിരുന്നു എന്നും സംഖ്യ വര്‍ധിച്ച ഇക്ഷ്വാകു രാജകുടുംബത്തിലെ അംഗങ്ങള്‍ക്കു തന്നെ വസിക്കാന്‍ ഇടമില്ലാതിരുന്ന ഒരു ചെറു പട്ടണമായിരുന്നു ഇതെന്നും ബുദ്ധന്റെ പേരില്‍ പില്‌ക്കാലത്തുയര്‍ത്തപ്പെട്ട ആശ്രമങ്ങളാണ് ഐതിഹ്യങ്ങളിലൂടെയും മറ്റും കപിലവാസ്‌തുവിന് പ്രൗഢി നേടിക്കൊടുത്തതെന്നും അഭിപ്രായമുണ്ട്. ബോധോദയം ലഭിച്ച ഗൗതമന്‍ സഹശാക്യന്മാരെ കാണാന്‍ കപിലവാസ്‌തു സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവസാനവേളയില്‍ ഏതോ ഒരു ചക്രവര്‍ത്തി പട്ടണം സമൂലം നശിപ്പിക്കുന്നതുകണ്ട് നിസ്സഹായനായി അദ്ദേഹം മടങ്ങിയെന്നും അന്നുതൊട്ടേ കപിലവാസ്‌തു ഒരു ചരിത്രവിഷയമായി മാറിയെന്നും വിശ്വസിക്കപ്പെടുന്നു.
(പ്രാഫ. എസ്. രമാദേവി; സ.പ.)