This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്യാശുല്‌കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കന്യാശുല്‌കം == തെലുഗുവിലെ ഒരു സാമൂഹ്യാക്ഷേപഹാസ്യ നാടകം. 20-ാ...)
അടുത്ത വ്യത്യാസം →

11:20, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കന്യാശുല്‌കം

തെലുഗുവിലെ ഒരു സാമൂഹ്യാക്ഷേപഹാസ്യ നാടകം. 20-ാം ശ.ത്തിന്റെ ആരംഭത്തില്‍ ചരിത്രം സൃഷ്ടിച്ച ഈ നാടകം, മഹാകവി, കഥാകാരന്‍, നാടകരചയിതാവ്‌ എന്നീ നിലകളില്‍ പ്രശസ്‌തനായ ഗുറജാഡ അപ്പാറാവു (1861 1915)വിന്റെ രണ്ടു വിഖ്യാതകൃതികളില്‍ ഒന്നാണ്‌ (മൃത്യാലസരാലു എന്ന കവിതാസമാഹാരമാണ്‌ മറ്റേത്‌). കന്യാശുല്‌കത്തിന്‌ വധുവിന്റെ വീട്ടുകാര്‍ക്ക്‌ വരന്റെ ബന്ധുക്കള്‍ നല്‌കുന്ന വധൂദ്രവ്യം എന്നാണര്‍ഥം.

കന്യാശുല്‌ക സമ്പ്രദായം പോലുള്ള ദുരാചാരങ്ങളെ വിശകലനം ചെയ്‌തു ജനശ്രദ്ധയില്‍ കൊണ്ടുവന്ന്‌ നിലവിലിരിക്കുന്ന കുടുംബവിവാഹവ്യവസ്ഥകളില്‍ സമൂലമായ പരിവര്‍ത്തനം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ നാടകം രചിച്ചിട്ടുള്ളത്‌. ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ അടിമഉടമ മനോഭാവം ഉള്ളിടത്തോളം കാലം കുടുംബത്തിന്‌ ഉറപ്പുണ്ടാവുകയില്ലെന്നും, സ്‌ത്രീ ഉണര്‍ന്നെണീറ്റ്‌ സാമൂഹ്യാനീതികള്‍ക്കെതിരെ പോരാടണമെന്നും ഈ കൃതിയില്‍ കൂടി അപ്പാറാവു ഉദ്‌ബോധിപ്പിച്ചു. പരിഷ്‌കാരത്തിന്റെ പേരും പറഞ്ഞ്‌ വേശ്യാഗമനാദി സ്വൈരവിഹാരം നടത്തിവരുന്ന ആളുകള്‍ ഇനിയും പിറക്കാനിരിക്കുന്നവര്‍ക്കു വേണ്ടിപ്പോലും ഈ കന്യാശുല്‌കം മുന്‍കൂറായി കൊടുത്തു വിലപേശല്‍ നടത്തുന്നത്‌ മഌഷ്യഌം ദൈവത്തിഌം നിരക്കാത്തതാണെന്നും അദ്ദേഹം വാദിച്ചു.

ഈ കൃതി ആദ്യം എഴുതിയത്‌ (1897) സാധാരണജനങ്ങളുടെ സംസാരഭാഷയിലായിരുന്നു; അത്തരത്തില്‍ തെലുഗുവില്‍ ഉണ്ടായ ആദ്യത്തെ കൃതിയും ഇതുതന്നെയാണ്‌. പ്രമുഖരായ സാഹിത്യകാരന്മാരൊക്കെത്തന്നെ പരമ്പരാഗതശൈലിയില്‍ രചന നടത്തിക്കൊണ്ടിരുന്ന അക്കാലത്ത്‌ അപ്പാറാവു മാത്രമാണ്‌ സാധാരണക്കാരുടെ വ്യവഹാരശൈലിയുടെ ഊക്കും ഉശിരുമേറ്റ്‌ പ്രസ്‌തുത ശൈലിക്ക്‌ സാഹിത്യഗൗരവം നല്‌കാന്‍ സധൈര്യം മുന്നോട്ടുവന്നത്‌.

1909ല്‍ കന്യാശുല്‌കം രണ്ടാമത്തെ തവണ മുഴുവനായും മാറ്റിയെഴുതപ്പെട്ടപ്പോള്‍, അത്‌ ഗുണപരമായും ഗണപരമായും വളരെയേറെ മികവുറ്റതായി.

നിശിതമായ ആക്ഷേപഹാസ്യവും കുറിക്കുകൊള്ളുന്നതും ഋജുവുമായ സംഭാഷണശൈലിയും മിഴിവുറ്റ കഥാപാത്രങ്ങളും സര്‍വോപരി സാമൂഹിക പ്രാധാന്യമുള്ള ഇതിവൃത്തവും കന്യാശുല്‌കത്തെ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച നാടകമാക്കിത്തീര്‍ത്തിരിക്കുന്നു. ഇതിലെ, ഗിരീശം, വെങ്കിടേശം, ബുച്ചമ്മ, മധുരവാണി, കരടക ശാസ്‌ത്രികള്‍ എന്നീ കഥാപാത്രങ്ങള്‍ അഌവാചകരുടെ സ്‌മൃതിപഥത്തില്‍ മായാത്തവിധം പതിഞ്ഞു നില്‌ക്കും. ഡോ. സി.ആര്‍. റെഡ്ഡി കന്യാശുല്‌കത്തെക്കുറിച്ചു പറയുന്നത്‌ ഇങ്ങനെയാണ്‌: "കന്യാശുല്‌കം സാമൂഹ്യാക്ഷേപഹാസ്യകൃതികളുടെ കൂട്ടത്തില്‍ ഒരു പ്രകൃഷ്ടകൃതിയായി നിലകൊള്ളുന്നു. ജീവിതവും മാഌഷികവികാരങ്ങളും അതില്‍ നിറഞ്ഞു നില്‌ക്കുന്നു....നാടകത്തിലെ കഥാപത്രങ്ങളൊക്കെത്തന്നെ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ നേരിട്ടു മെനഞ്ഞെടുത്തവയാണ്‌'. ഈ ഒരൊറ്റ നാടകം കൊണ്ടുതന്നെ അപ്പാറാവു തെലുഗുസാഹിത്യത്തില്‍ ചിരസ്‌മരണീയനായിത്തീര്‍ന്നിരിക്കുന്നു. ഇതിന്‌ തമിഴിലും കന്നടത്തിലും വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നോ: അപ്പാറാവു; ഗുരസാദ (ഗുറജാഡ) വെങ്കട

(നാ. ഭക്തവത്സല റെഡ്ഡി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍