This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനേഡിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കനേഡിയന്‍ സാഹിത്യം == == Canadian Literature == കാനഡയില്‍ സ്ഥിരവാസമുറപ്പിച...)
അടുത്ത വ്യത്യാസം →

07:12, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കനേഡിയന്‍ സാഹിത്യം

Canadian Literature

കാനഡയില്‍ സ്ഥിരവാസമുറപ്പിച്ച ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും സാഹിത്യത്തിഌ പൊതുവായുള്ള പേര്‌. കനേഡിയന്‍ സാഹിത്യത്തെ കനേഡിയന്‍ഇംഗ്ലീഷുസാഹിത്യമെന്നും കനേഡിയന്‍ഫ്രഞ്ചുസാഹിത്യമെന്നും വകതിരിച്ചിരിക്കുന്നു. ഇരു സാഹിത്യങ്ങളും രൂപപ്പെട്ടത്‌ ചരിത്രപരമായ കാരണങ്ങളാലാണ്‌. പുതുതായി രൂപം കൊണ്ട ഒരു കോളനി മാതൃരാജ്യത്തുനിന്ന്‌ ബഹുദൂരം അകലെ സൗഹൃദപരമല്ലാത്ത ചുറ്റുപാടുകളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞ ഒരു ചരിത്രമാണ്‌ കാനഡയുടേത്‌. പുതിയ ഭൂവിഭാഗത്തില്‍ പഴയ സംസ്‌കാരങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ചിന്തയിലും കലയിലും ഒരുതരം അപക്വത നിലനിന്നിരുന്നു. 18-ാം ശ.ത്തിലുണ്ടായ ഇംഗ്ലീഷ്‌ ആക്രമണവും ഫ്രഞ്ചുവിപ്ലവവും ഫ്രഞ്ചു കാനഡയുടെ മനോവീര്യം കെടുത്തി. തങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന ബോധം രൂക്ഷതരമായി. അതോടെ നിലനില്‌പ്‌ എന്നതു മാത്രമായി ചിന്താവിഷയം. അസ്വസ്ഥമായ വര്‍ത്തമാനകാലത്തു നിന്നുള്ള സ്വയം മോചനമെന്നോണം പൂര്‍വകാലമഹിമയിലേക്കു പുറം തിരിഞ്ഞു നോക്കുകയെന്ന വീക്ഷണഗതി ഉരുത്തിരിയുവാനിടയായി. ഈ സ്ഥിതിവിശേഷം കനേഡിയന്‍ ഫ്രഞ്ചുസാഹിത്യ വികാസത്തിന്‌ തടസ്സമായിത്തീര്‍ന്നു. ഇതേസമയം ഇംഗ്ലീഷ്‌കാനഡയില്‍ വ്യക്തമായ ഒരു ഇംഗ്ലീഷ്‌കനേഡിയന്‍ സാഹിത്യമെന്ന സങ്കല്‌പം തന്നെ അസംബന്ധമാണെന്ന ധാരണയാണുണ്ടായിരുന്നത്‌. അവിടെ അപൂര്‍വമായി നടന്നുവന്ന സാഹിത്യരചനകള്‍ മാതൃരാജ്യമായ ഇംഗ്ലണ്ടിലെ മാതൃകയിലായിരുന്നു. 19-ാം ശതകത്തോടെയാണ്‌ ഈ നിലയ്‌ക്കു മാറ്റം വന്നത്‌. കോളോണിയലിസത്തില്‍നിന്നും മോചനം നേടാന്‍ ആഗ്രഹിച്ച ജനതയുടെ വികാരം ഉള്‍ക്കൊണ്ട സാഹിത്യകാരന്മാര്‍ തനതായ ഒരു സാഹിത്യത്തിഌ രൂപം കൊടുക്കാന്‍ ശ്രമിച്ചു. അതോടുകൂടിയാണ്‌ കനേഡിയന്‍ സാഹിത്യം വികസിക്കാന്‍ തുടങ്ങിയതെന്നു പറയാം.

ഇംഗ്ലീഷ്‌ കനേഡിയന്‍ സാഹിത്യം. പുതിയ ഫ്രാന്‍സിന്റെ പതനത്തെത്തുടര്‍ന്നെത്തിയ വര്‍ഷങ്ങളില്‍ ഇംഗ്ലീഷില്‍ എഴുതപ്പെട്ട കനേഡിയന്‍ കവിതകള്‍ ഒരുതരത്തിലും ദേശീയമെന്നു പറയാവുന്നതല്ല. അക്കാലത്ത്‌ പ്രസിദ്ധി നേടിയ ജൊനാഥന്‍ ഓഡലും (1737-1818) അഌയായികളും രാഷ്‌ട്രീയ ഹാസ്യകവിതകള്‍ എഴുതുകയുണ്ടായെങ്കിലും പുതിയ സാഹചര്യങ്ങളുടെ പ്രതിഫലനം അവയിലൊന്നും ദൃശ്യമായിരുന്നില്ല. ഈ കവികള്‍ തങ്ങളുടെ രാജഭക്തി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ കവിതയെഴുതിയത്‌.

19-ാം ശ.ത്തിന്‍െറ ആദ്യഘട്ടമെത്തിയപ്പോഴേക്കും തദ്ദേശീയമെന്നു വിളിക്കാവുന്ന കവിതകള്‍ പ്രത്യക്ഷപ്പെട്ടു. നോവാ സ്‌കോഷയില്‍ ജനിച്ച ഒലിവര്‍ ഗോള്‍ഡ്‌സ്‌മിത്ത്‌ (1781 1816) "റൈസിങ്‌ വില്ലേജ്‌' (Rising Village) എന്ന കവിത പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പ്രമാതുലനായ ഇംഗ്ലണ്ടിലെ ഗോള്‍ഡ്‌സ്‌മിത്തിന്റെ "ഡസേര്‍ട്ടഡ്‌ വില്ലേജ്‌' (Deserted Village) എന്ന പ്രസിദ്ധ കവിതയുടെ അഌകരണമായിരുന്നു "റൈസിങ്‌ വില്ലേജ്‌'. സാഹിത്യ മൂല്യവും ഇതില്‍ കുറവായിരുന്നു. എങ്കിലും ആദ്യത്തെ ഇംഗ്ലീഷ്‌കനേഡിയന്‍ കവിത എന്ന നിലയില്‍ ഇത്‌ ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. കോണ്‍ഫെഡറേഷന്‍ രൂപവത്‌കരണത്തിഌമുമ്പ്‌ കനേഡിയന്‍ സാഹിത്യത്തില്‍ പൊതുവേ നിയോക്ലാസ്സിക്‌ മാതൃകയാണ്‌ അഌവര്‍ത്തിച്ചു പോന്നത്‌. അതില്‍ നിന്നു മുന്നോട്ടുപോയി കാല്‌പനിക പ്രസ്ഥാനത്തിന്‍െറ വഴിയൊരുക്കിയത്‌ സാള്‍സ്‌ സാങ്‌സ്റ്റര്‍ എന്ന കവിയാണ്‌ (1822 93). അപ്പോഴേക്കും ഇംഗ്ലണ്ടില്‍ കാല്‌പനിക പ്രസ്ഥാനം അസ്‌തപ്രായമായിക്കഴിഞ്ഞിരുന്നു. സാങ്‌സ്റ്ററുടെ ഭാവഗീതങ്ങള്‍ തദ്ദേശീയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ അന്തസ്സത്തയിലും കാവ്യസങ്കേതത്തിലും അവ വേഡ്‌സ്‌വര്‍ത്തിന്റെയും ബൈറന്റെയും അഌകരണങ്ങളാണെന്നു കാണാം.

കവിതയുടെ ചക്രവാളത്തെ പ്രകൃതി ദൃശ്യങ്ങളില്‍നിന്ന്‌ ചരിത്രസംഭവങ്ങളിലേക്കു വികസിപ്പിച്ച കവിയാണ്‌ ചാള്‍സ്‌ മെയ്‌ര്‍ (1838 1927). ടെകും സെ: എ ഡ്രാമ (Tecum seh: A Drama) ആണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതി. ചരിത്രപരമായ ഇതിവൃത്തം സ്വീകരിച്ച മറ്റൊരു പ്രമുഖ കവിയാണ്‌ ചാള്‍സ്‌ ഹെവിസേജ്‌. അദ്ദേഹത്തിന്‍െറ സാള്‍ എന്ന കൃതിക്കു വലിയ പ്രചാരം സിദ്ധിക്കുകയുണ്ടായി.

ഇംഗ്ലണ്ട്‌കനേഡിയന്‍ കവിതയ്‌ക്കു തനതായ മുഖമുദ്രയണിയിച്ചുകൊണ്ട്‌ ഈ ശതകാന്ത്യത്തില്‍ ഒരു സംഘം കവികള്‍ രംഗത്തുവന്നു. 1860ഌം 62ഌം ഇടയ്‌ക്കു ജനിച്ചവരായിരുന്നു ഇവര്‍. ചാള്‍സ്‌ ജി.ഡി. റോബര്‍ട്ട്‌, ബ്ലിസ്‌ കാര്‍മന്‍, ആര്‍ച്ചിബാള്‍ഡ്‌ ലാംപ്‌ മാന്‍, ഡങ്കണ്‍ ക്യാംബല്‍ സ്‌കോട്ട്‌ എന്നിവരാണ്‌ മുന്‍നിരയില്‍.

ആര്‍ച്ചി ബാള്‍ഡ്‌ ലാംപ്‌മാനിന്റെ (1861 99) കവിതകളില്‍ കീറ്റ്‌സിന്റെ സ്വാധീനത വ്യക്തമായി കാണാം. ആശയങ്ങളെക്കാള്‍ വികാരങ്ങള്‍ക്ക്‌ പ്രാമുഖ്യം കല്‌പിച്ച ഇദ്ദേഹത്തിന്റെ കവിതകളില്‍ തദ്ദേശീയ ഇതിവൃത്തങ്ങള്‍ പരമ്പരാഗതമായ കാവ്യസങ്കേതങ്ങളില്‍ നിബന്ധിച്ചിരിക്കുന്നു.

അരനൂറ്റാണ്ടിലേറെക്കാലം കനേഡിയന്‍ സാഹിത്യരംഗത്ത്‌ ശക്തനായി നിലയുറപ്പിച്ച കവിയാണ്‌ ചാള്‍സ്‌ ജി.ഡി. റോബര്‍ട്ട്‌ (1860 1943). പ്രകൃതിഭംഗി കവിതയില്‍ ആവിഷ്‌കരിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. തന്റെ കാവ്യകൗതുകത്തെ പ്രാദേശിക തലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ദേശീയബോധത്തിന്റെ ധീരശബ്‌ദമാണ്‌ റോബര്‍ട്ട്‌സിന്റെ കവിതകള്‍. ജന്മഭൂമിയെപ്പറ്റിയുള്ള ആത്‌മാഭിമാനപ്രകര്‍ഷം അവയില്‍ പ്രതിധ്വനിച്ചു. എന്നാല്‍ 1900ഌ ശേഷമുള്ള കവിതകള്‍ പ്രായേണ ഉപരിപ്ലവങ്ങളാണ്‌. ഏറ്റവും നല്ല ജന്തുകഥകളുടെ കര്‍ത്താവെന്ന നിലയിലും റോബര്‍ട്ട്‌സിഌ സ്ഥാനമുണ്ട്‌.

ബ്ലിസ്‌ കാര്‍മന്‍ (1861 1929) ശബ്‌ദസൗന്ദര്യത്തില്‍ മുമ്പനെന്ന പ്രസിദ്ധിനേടിയ കവിയാണ്‌. ഇന്ന്‌ ഇദ്ദേഹത്തിന്റെ കവിതകള്‍ക്കു പ്രചാരം കുറവാണ്‌. ആദ്യകാലത്ത്‌ മനോഹരമായ ഭാവഗീതങ്ങള്‍ രചിച്ച കവിയാണദ്ദേഹം. പില്‌ക്കാല കവിതകള്‍ അപ്രഗല്‌ഭമായ ആദര്‍ശപരതയാല്‍ നിറം കെട്ടുപോകുകയാണുണ്ടായത്‌.

ഡങ്കണ്‍ ക്യാംപ്‌ബല്‍ സ്‌കോട്ടാണ്‌ (1862 1947) മറ്റൊരു പ്രമുഖകവി. ഇദ്ദേഹത്തിന്റെ കവിതകള്‍ ഒന്‍പതു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു. പ്രകൃതി ഗായകനായിരുന്നു സ്‌കോട്ടും. എന്നാല്‍ മറ്റു കവികളെ അപേക്ഷിച്ച്‌ പ്രകൃതിയുടെ കൂടുതല്‍ വന്യമായ ഭാവങ്ങളിലാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. അതേസമയം പ്രകൃതിദൃശ്യേതര വിഷയങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. ഇന്ത്യന്‍ അഫയേഴ്‌സ്‌ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥഌം പില്‌ക്കാലത്ത്‌ അതിന്റെ തലവഌമായിരുന്ന ഇദ്ദേഹം ഇന്ത്യാക്കാരുടെ സ്വഭാവരീതികളും ആചാരാഌഷ്‌ഠാനങ്ങളും സുസൂക്ഷ്‌മം പഠിക്കുകയും അവ തന്റെ കവിതകള്‍ക്കു വിഷയമാക്കുകയും ചെയ്‌തു. അമേരിക്കന്‍ ഭൂഖണ്ഡത്തെപ്പറ്റിയുള്ള സ്‌കോട്ടിന്റെ കവിതകള്‍ പ്രസിദ്ധങ്ങളാണ്‌.

യാഥാസ്ഥിതിക സങ്കല്‌പങ്ങളില്‍ നിന്നു കുതറിച്ചാടി പുതിയ ശൈലിയില്‍ വികാരതീവ്രമായ ഭാവഗാനങ്ങള്‍ രചിച്ച ഇസബല്ലാ വാലന്‍ സിക്രാഫോഡും (1859 87), ജോര്‍ജ്‌ ഫ്രഡറിക്‌ കാമറോണും (1854 1885) പ്രസ്‌താവമര്‍ഹിക്കുന്ന മറ്റു രണ്ടു കവികളാണ്‌.

20-ാം ശ.ത്തിന്റെ ആദ്യഘട്ടത്തിലും കനേഡിയന്‍ കവിത അതിന്റെ രൂപഭാവങ്ങളില്‍ ഗതാഌഗതികത്വം കൈവിട്ടിരുന്നില്ല. ഇക്കാലത്തെ പ്രസിദ്ധ കവിയായ ഫ്രാന്‍സിസ്‌ ഷെര്‍മാന്‍ പ്രീറാഫലൈറ്റുകളുടെ സ്വാധീനത പ്രകടമാക്കി. മറ്റൊരു കവിയായ മര്‍ജോറി പിക്‌താളില്‍ പ്രവര്‍ത്തിച്ചത്‌ കെല്‍റ്റിക്‌ സ്വാധീനതയായിരുന്നു. എന്നാല്‍ പ്രാദേശികജീവിതം ആവിഷ്‌കരിച്ച പിക്‌താളിന്റെ ഭാവഗീതങ്ങള്‍ തികച്ചും ഗാനാത്‌മകമാണെന്നത്‌ അവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഒന്നാംലോകയുദ്ധത്തിഌശേഷം കനേഡിയന്‍ കവിതയ്‌ക്ക്‌ സാരമായ പുരോഗതി കൈവന്നു. സമകാലിക കവിതകള്‍ അവരുടെ മുന്‍ഗാമികള്‍ ശ്രദ്ധിക്കാതിരുന്ന ധൈഷണികമായ ഉള്ളടക്കത്തിഌ പ്രാമുഖ്യം നല്‌കി. സാര്‍വജനീനത അവരുടെ കവിതകള്‍ക്കു സവിശേഷതയണയ്‌ക്കുന്നു. റോബര്‍ട്ട്‌ ഫിഞ്ച്‌ (1900 95), എം.ജെ. സ്‌മിത്ത്‌ (1902 80), ലിയോ കെന്നഡി (1907 2000),ഏള്‍ബ്രിന്നേ (1904), എ.എം. ക്ലീന്‍ (1909 72), ലൂയി ഡ്യൂഡെക്‌, റെയ്‌മണ്ട്‌ സുസ്റ്റര്‍, ജേ മാക്‌ഫേഴ്‌സണ്‍, ജെയിംസ്‌ റീനി തുടങ്ങിയ കവികള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നവരാണ്‌.

കവിതയുടെയെന്നപോലെ നോവലിന്റെയും വികാസം കനേഡിയന്‍ സാഹിത്യത്തില്‍ മന്ദഗതിയിലായിരുന്നു. വായനക്കാരുടെ എണ്ണം വിരളമായിരുന്നു എന്നത്‌ ഒരു കാരണമാണ്‌. നോവലിസ്റ്റുകളുടെ അഌകരണഭ്രമമായിരുന്നു മറ്റൊന്ന്‌. രാജ്യത്തിഌ പുറത്തുള്ള അഌവാചകരെ കിട്ടാന്‍വേണ്ടി യു.എസ്സിലും മറ്റുമുള്ള "ബെസ്റ്റു സെല്ലറു'കളെ അഌകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു എന്നതാണ്‌ വാസ്‌തവം.

ഇംഗ്ലീഷുകാരിയായ ഫ്രാന്‍സിസ്‌ ബ്രൂക്ക്‌ (1724 89) ആണ്‌ ആദ്യത്തെ കനേഡിയന്‍ നോവല്‍ രചിച്ചത്‌ ദ്‌ ഹിസ്റ്ററി ഒഫ്‌ എമിലി മൊണ്ടേഗ്‌. എന്നാല്‍ മേജര്‍ ജോണ്‍ റിച്ചാഡ്‌സണ്‍ ആണ്‌ തദ്ദേശീയനായ ആദ്യത്തെ നോവലിസ്റ്റ്‌. 19-ാം ശ.ത്തിലെ ഏറ്റവും പ്രസിദ്ധനായ നോവലിസ്റ്റായിരുന്നു തോമസ്‌ ചാസ്‌ലര്‍ ഹാലിബര്‍ട്ടന്‍ (1796 1865). പക്ഷേ അദ്ദേഹത്തിന്റെ കൃതികള്‍ ലക്ഷണയുക്തമായ നോവലുകളായിരുന്നില്ല. എന്നിരുന്നാലും സ്വഭാവചിത്രീകരണത്തില്‍ അവ മുന്തിനില്‌ക്കുന്നു. സമകാലിക ജീവിത ചിത്രീകരണത്തില്‍ ഈ നോവലിസ്റ്റ്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡ്യൂമായെ അഌകരിച്ച്‌ വില്യം കാര്‍ബി (1817 1906) എഴുതിയ ഗോള്‍ഡണ്‍ ഡോഗ്‌, ഗില്‍ബര്‍ട്ട്‌ പാര്‍ക്കര്‍ (1862 1932) രചിച്ച ഇന്‍ ദ്‌ സീറ്റ്‌സ്‌ ഒഫ്‌ ദ്‌ മൈറ്റി എന്നീ നോവലുകള്‍ പ്രസിദ്ധങ്ങളാണ്‌.

ചാള്‍സ്‌ ഡബ്ല്യു. ഗോര്‍ഡന്‍ (1860 1937) ആണ്‌ മറ്റൊരു പ്രമുഖനായ നോവലിസ്റ്റ്‌. ഒരു മിഷനറിയായിരുന്ന ഗോര്‍ഡന്‍ "റാല്‍ഫ്‌ കോണര്‍' എന്ന തൂലികാനാമത്തില്‍ എഴുതിയ ദ്‌ സ്‌കൈ പൈലറ്റ്‌, ദ്‌ ഡോക്‌ടര്‍ എന്നിവ ശ്രദ്ധേയങ്ങളാണ്‌. 1920കളില്‍ നോവല്‍ പ്രസ്ഥാനം വികസ്വരമായി. കാനഡയില്‍ കുടിയേറിപ്പാര്‍ത്ത ഐസ്‌ലന്‍ഡുകാരുടെ ജീവിതത്തെ ആസ്‌പദിച്ച്‌ ലാറാ ഗുഡ്‌മാന്‍ സാല്‍വേഴ്‌സണ്‍ (1890) എഴുതിയ വൈക്കിങ്ങ്‌ ഹാര്‍ട്ട്‌, ഗോതമ്പുകൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന ഗ്രയിന്‍ (ജെ.സി. സ്റ്റഡ്‌ (1880) എന്നിവ ഈ കാലഘട്ടത്തിലെ പ്രമുഖ നോവലുകളാണ്‌. തോമസ്‌ ഹാര്‍ഡിയുടെ സ്വാധീനം പ്രകടമാക്കുന്നവയാണെങ്കിലും, ഫ്രഡറിക്‌ ഫിലിപ്പ്‌ ഗ്രാവിന്റെ (1871 1948) ഔര്‍ ഡെയിലി ബ്രഡ്‌, ഫ്രൂട്ട്‌സ്‌ ഒഫ്‌ ദി എര്‍ത്ത്‌ എന്നിവയും പ്രസ്‌താവമര്‍ഹിക്കുന്നു.

മാര്‍ഗരറ്റ്‌ ആറ്റ്‌വുഡ്‌, മോര്‍ലി കാലപാന്‍, ഹ്യൂ മാക്‌ലെനന്‍ എതല്‍ വിന്‍സന്‍, മോര്‍ഡികായ്‌ റിച്‌ലര്‍, ബ്രയന്‍മൂര്‍, ജാക്‌ലഡ്‌വിഗ്‌, മാര്‍ഗറിറ്റ്‌ ലോറന്‍സ്‌ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ കനേഡിയന്‍ നോവലിസ്റ്റുകള്‍. കനേഡിയന്‍ സാഹിത്യത്തില്‍ ഏറെ പിന്നോക്കം നില്‌ക്കുന്ന ഒന്നാണ്‌ ചെറുകഥാപ്രസ്ഥാനം. ആഌകാലിക പ്രസിദ്ധീകരണങ്ങളുടെ ദൗര്‍ലഭ്യമാണ്‌ മുഖ്യകാരണം. ജെ.ഡി. റോബര്‍ട്ട്‌സിന്റെ ജന്തുകഥകളാണ്‌ എടുത്തു പറയാവുന്ന ആദ്യകാല സംഭാവനകള്‍. എന്നാല്‍ കഥാരംഗത്ത്‌ കഴിവുറ്റ ഒരു പിന്‍തലമുറ വളര്‍ന്നുവന്നില്ല. മോര്‍ലി ഇ. കാലഹന്‍ ഏതാഌം നല്ല കഥകള്‍ രചിക്കുകയുണ്ടായി. ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്‍ തോമസ്‌ റഡാല്‍ ആണ്‌. ഉപന്യാസ പ്രസ്ഥാനവും ഏറെയൊന്നും വികസിച്ചിട്ടില്ല. ഉപന്യാസകാരന്മാരില്‍ എടുത്തുപറയാവുന്ന ഒരു പേര്‌ സ്റ്റീഫന്‍ ലീക്കോക്കിന്റേതാണ്‌ (1869 1944). അദ്ദേഹത്തിന്റെ സണ്‍ഷൈന്‍ സ്‌ക്കെച്ചസ്‌ ഒഫ്‌ എ ലിറ്റില്‍ ടൗണ്‍ നര്‍മരസപ്രധാനമായ പ്രബന്ധങ്ങളുടെ സമാഹാരമാണ്‌. മൈ ഡിസ്‌കവറി ഒഫ്‌ ഇംഗ്ലണ്ട്‌, നോണ്‍സെന്‍സ്‌ നോവല്‍സ്‌, ബിഹയിന്‍ഡ്‌ ദ്‌ ബിയോണ്‍ഡ്‌ എന്നിവയാണ്‌ ലീക്കോക്കിന്റെ മറ്റു പ്രധാനപ്പെട്ട കൃതികള്‍.

സാഹിത്യനിരൂപണം ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഇനിയും വികസിച്ചിട്ടില്ല. പാമര്‍ ബേക്കര്‍ രചിച്ച എ ഹിസ്റ്ററി ഒഫ്‌ ഇംഗ്ലീഷ്‌ കനേഡിയന്‍ ലിറ്ററേച്ചര്‍, ആര്‍ച്ചിബാള്‍ഡ്‌ മക്‌മഖാന്‍ എഴുതിയ ഹെഡ്‌ വാട്ടേഴ്‌സ്‌ ഒഫ്‌ കനേഡിയന്‍ ലിറ്ററേച്ചര്‍, ഡബ്ല്യു.ഇ.കോളിന്‍െറ വൈറ്റ്‌ സാവന്നാസ്‌, ഇ.കെ. ബ്രൗണിന്റെ ഓണ്‍ കനേഡിയന്‍ പൊയട്രി നോര്‍ത്രാപ്പ്‌ ഫ്രയുടെ അനാറ്റമി ഒഫ്‌ ക്രിട്ടിസിസം എന്നിവയാണ്‌ പ്രസ്‌താവ്യമായ കൃതികള്‍.

ഫ്രഞ്ച്‌ കനേഡിയന്‍ സാഹിത്യം. ഫ്രഞ്ച്‌ ആക്രമണത്തിഌശേഷം ക്വിബെക്കില്‍ അധിവാസമുറപ്പിച്ച ഫ്രഞ്ചുവംശജരാണ്‌ ഫ്രഞ്ചു കനേഡിയന്മാര്‍. വംശപരമായ ചിന്താഗതിയും രാഷ്‌ട്രീയവും ഭൂമിശാസ്‌ത്രപരമായ സംഘര്‍ഷവും അവയുടെയെല്ലാം ആകെത്തുകയെന്നോണം വിദേശീയ സംസ്‌കാരത്തോടുള്ള ആഭിമുഖ്യവും ആണ്‌ അവരുടെ സാഹിത്യത്തിന്റെ സവിശേഷത.

ഫ്രഞ്ച്‌കനേഡിയന്‍ സാഹിത്യം യഥാര്‍ഥത്തില്‍ ആവിര്‍ഭവിച്ചത്‌ ക്വിബെക്കില്‍ ഒരു അച്ചടിശാലയും ക്വിബെക്ക്‌ ഗസ്റ്റ്‌ എന്ന പ്രസിദ്ധീകരണവും നിലവില്‍ വന്നതോടെയാണ്‌. എന്നാല്‍ പ്രമുഖ സാഹിത്യപ്രസ്ഥാനങ്ങള്‍ വളര്‍ന്നു വികസിച്ചത്‌ പത്രരംഗത്തിലൂടെയല്ല, കാലാകാലങ്ങളില്‍ ചരിത്രപരമായ സന്ദര്‍ഭങ്ങളും അവ സംജാതമാക്കിയ സംഘര്‍ഷങ്ങളും ഉണര്‍ത്തിവിട്ട പ്രബുദ്ധത നിമിത്തമാണ്‌. അത്തരത്തില്‍പ്പെട്ട ആദ്യത്തെ ഉണര്‍വുണ്ടായത്‌ 1873ല്‍ ഇംഗ്ലീഷ്‌ ഭരണാധിപന്മാര്‍ക്കെതിരായി നടന്ന വിഫലമായ വിപ്ലവത്തിഌ ശേഷമാണ്‌. ലോര്‍ഡ്‌ ഡര്‍ഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഫ്രഞ്ച്‌കനേഡിയരുടെ വികാരങ്ങളെ മുറിപ്പെടുത്തുകയുണ്ടായി.

തനതായ ഒരു ചരിത്രമോ സാഹിത്യ പാരമ്പര്യമോ ഇല്ലാത്ത ഒരു ജനവിഭാഗമാണ്‌ ഫ്രഞ്ച്‌ കനേഡിയരെന്ന്‌ റിപ്പോര്‍ട്ടില്‍ ആക്ഷേപിക്കപ്പെട്ടു. ഈ പ്രസ്‌താവമാണ്‌ ഒരു യുവ അഭിഭാഷകനായ എഫ്‌. എക്‌സ്‌. ഗാര്‍നോയെ ചരിത്രം എന്ന ഗ്രന്ഥം രചിക്കാന്‍ പ്രരിപ്പിച്ചത്‌. ഫ്രഞ്ചുകാരുടെ നേട്ടങ്ങളാണ്‌ ചരിത്രത്തിന്റെ ഉള്ളടക്കം. അതോടെ സ്വന്തം ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെടുത്താന്‍ ഫ്രഞ്ച്‌കനേഡിയര്‍ ഉത്‌സുകരായി. ബിഷപ്പ്‌ ലാ ഫ്‌ളെഷിനെപ്പോലുള്ള പുരോഹിതരുടെ ആത്‌മീയ പ്രബോധനങ്ങളും അവരില്‍ ആവേശമുളവാക്കി.

19-ാം ശ.ത്തിന്റെ അന്ത്യഘട്ടത്തില്‍ "പ്രാദേശികവാദികള്‍' എന്നു സ്വയം വിശേഷിപ്പിച്ച ഒരു സംഘം കവികള്‍ രംഗത്തുവന്നു. ക്വിബെക്കിലെ പ്രകൃതിസൗന്ദര്യത്തിലും പിതാമഹരുടെ കലാസൃഷ്‌ടിയിലും നിന്ന്‌ ആവേശമാര്‍ജിച്ച ഈ കവികളില്‍ പ്രമുഖനായിരുന്നു ബ്ലാങ്ക്‌ ലാ മൊണ്ടേഗ്‌. പ്രാദേശികവാദികള്‍ക്കെതിരായി മറ്റൊരു സംഘം സാഹിത്യകാരന്മാരും മുന്നോട്ടുവന്നു. "മോണ്‍ട്രിയന്‍ പ്രസ്ഥാനം'. പ്രാചീന ഫ്രഞ്ച്‌ കവിശ്രഷ്‌ഠന്മാരുടെ സൗന്ദര്യശാസ്‌ത്രതത്ത്വങ്ങള്‍ പ്രചരിപ്പിക്കുകയെന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ദേശീയ പ്രബുദ്ധത വികസിപ്പിച്ചുകൊണ്ടാണ്‌ 20-ാം ശതകം കടന്നുവന്നത്‌. മാഗ്‌ര്‍കാമിലേ റോയി എന്ന സാഹിത്യ നിരൂപകന്‍ സാഹിത്യത്തിന്റെ ദേശീയവത്‌കരണത്തിഌവേണ്ടി ആഹ്വാനം ചെയ്‌തു. ആഌകാലിക പ്രസിദ്ധകരണങ്ങളുടെ സംഖ്യ വര്‍ധിച്ചു. സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊണ്ടു കൊണ്ടുള്ള സാഹിത്യസൃഷ്‌ടികള്‍ സുലഭമായി. ദേശീയബോധാധിഷ്‌ഠിതമായി വളര്‍ന്നുവന്ന സാഹിത്യസംരംഭം ഒരു പ്രസ്ഥാനമായി വികസിച്ചു. അതിന്റെ സംഭാവനകളാണ്‌ കാനന്‍ഗ്രാലക്‌സിന്റെ ചരിത്രകൃതികളും, എഡ്വേഡ്‌ മോണ്‍പെറ്റിയുടെ സാമൂഹികരാഷ്‌ട്രീയ തത്ത്വശാസ്‌ത്രങ്ങളും, നാടന്‍ കലാകോവിദനായ മാറിയസ്‌ ബാര്‍ബോവിന്റെ ലേഖനങ്ങളും മറ്റും.ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ സാഹിത്യങ്ങളെപ്പോലെ വികസിക്കുവാന്‍ ഇംഗ്ലീഷ്‌കനേഡിയന്‍ സാഹിത്യത്തിനോ ഫ്രഞ്ച്‌കനേഡിയന്‍ സാഹിത്യത്തിനോ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും വിശ്വസാഹിത്യവേദിയില്‍ അവയുടെ സ്ഥാനം തീരെ പിന്നിലല്ല. മാര്‍ഗരറ്റ്‌ ആറ്റ്‌വുഡ്‌, റോബര്‍ട്ട്‌സണ്‍ ഡേവിഡ്‌, മൊര്‍ദെസായ്‌ റിച്ച്‌ലര്‍, ടിമോത്തി ഫിന്‍ഡ്‌ലെ, ആലിസ്‌ മണ്‍റൊ തുടങ്ങിയവരുടെ രചനകള്‍ കനേഡിയന്‍ സാഹിത്യത്തെ ലോക നിലവാരത്തിലേക്കുയര്‍ത്തി. മൈക്കല്‍ ഒണ്‍ടാജെ, അലിസ്റ്റര്‍ മക്ലൊയ്‌ഡ്‌, റവി ഹാഗെ, യാന്‍ മാര്‍ട്ടല്‍, കരോള്‍ ഷീല്‍ഡ്‌, ഡഗ്ലസ്‌ കൂപ്‌ലന്‍ഡ്‌ എന്നിവരുടെ കൃതികളും ആഗോളതലത്തില്‍ അംഗീകാരം നേടി. 1992ല്‍ ഒണ്‍ടാജെയും (ദി ഇംഗ്ലീഷ്‌ പേഷ്യന്റ്‌), 2000ല്‍ ആറ്റ്‌വുഡും (ദ്‌ ബ്ലൈന്‍ഡ്‌ അസ്സാസ്സിന്‍), 2002ല്‍ മാര്‍ട്ടലും (ലൈഫ്‌ ഒഫ്‌ പൈ) ബുക്കര്‍ സമ്മാനം നേടി. കരോള്‍ ഷീല്‍ഡിന്റെ ദ്‌ സ്റ്റോണ്‍ ഡയറീസ്‌ എന്ന കൃതിക്കും 1995ല്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍