This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനിഷ്‌കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കനിഷ്‌കന്‍ == പ്രാചീന ഭാരതീയ സാമ്രാജ്യങ്ങളിലൊന്നായ കുശാന സ...)
അടുത്ത വ്യത്യാസം →

07:03, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കനിഷ്‌കന്‍

പ്രാചീന ഭാരതീയ സാമ്രാജ്യങ്ങളിലൊന്നായ കുശാന സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്‌തനായ രാജാവ്‌. ചൈനയുടെ വ.പ. പ്രദേശങ്ങളെ അധിവസിച്ചിരുന്ന യൂചി (Yuechi) വര്‍ഗക്കാര്‍ സ്ഥാപിച്ച അഞ്ചു ചെറുരാജ്യങ്ങളില്‍ പ്രാമുഖ്യം നേടിയത്‌ കുശാനവംശക്കാരുടെ രാജ്യമായിരുന്നു. ഈ വംശത്തിലെ വിമാകാഡ്‌ഫിസെസിന്റെ (കാഡ്‌ഫിസെസ്‌ II) പിന്‍ഗാമിയായി പരിഗണിച്ചു പോരുന്നത്‌ കനിഷ്‌കനെയാണ്‌. കാഡ്‌ഫിസെസ്‌ II ന്‍െറ ഒരു അടുത്ത ബന്ധുവെന്ന്‌ കരുതപ്പെടാവുന്ന വജ്‌ഷ്‌ക(വജ്‌ഷ്‌പ?)യായിരുന്നു കനിഷ്‌കന്‍െറ പിതാവ്‌. കുശാനസാമ്രാജ്യം ഐശ്വര്യത്തിന്റെ പരമകോടിയിലെത്തിയത്‌ കനിഷ്‌കന്റെ കാലത്താണ്‌. ഭാരതത്തിന്റെ ദേശീയാബ്‌ദമായ ശകവര്‍ഷം ആരംഭിച്ചത്‌ കനിഷ്‌കന്‍ ആണെന്നും, അത്‌ കനിഷ്‌കന്‍ ഭരണഭാരം ഏറ്റ വര്‍ഷമായ എ.ഡി. 78ല്‍ ആണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്‌ ചരിത്രകാരന്മാര്‍ സാര്‍വത്രികമായി അംഗീകരിച്ചിട്ടില്ല. ഏതായാലും കനിഷ്‌കന്റെ ഭരണകാലത്താണ്‌ ശകവര്‍ഷം ആരംഭിച്ചതെന്ന കാര്യം സംശയരഹിതമായി അംഗീകരിച്ചിട്ടുണ്ട്‌.

യുദ്ധവീരനായ കനിഷ്‌കന്‍ പല രാജ്യങ്ങളും വെട്ടിപ്പിടിച്ച്‌ ഒരു മഹാസാമ്രാജ്യം സ്ഥാപിച്ചു. ഉത്തരേന്ത്യയില്‍ പാടലീപുത്രം, ബുദ്ധഗയ, മാള്‍വ, സിന്‍ഡ്‌ എന്നീ സ്ഥലങ്ങള്‍ വരെയുള്ള പ്രദേശങ്ങള്‍ ഇദ്ദേഹം കീഴടക്കി. കാശ്‌മീരം കനിഷ്‌കന്‍െറ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. പുരുഷപുരം (പെഷാവര്‍) ആയിരുന്നു കനിഷ്‌ക സാമ്രാജ്യത്തിന്റെ തലസ്ഥാനം. കാശ്‌മീരത്തില്‍ കനിഷ്‌കപുരം എന്നു പേരായ ഒരു നഗരവും ഇദ്ദേഹം സ്ഥാപിച്ചു. കനിഷ്‌കന്റെ ശിലാലിഖിതങ്ങളും നാണയങ്ങളും പുരുഷപുരം മുതല്‍ കാശിയും ഖോരഖ്‌പൂരും വരെ വ്യാപിച്ചിരുന്നതായി രേഖകളുണ്ട്‌. തലസ്ഥാനമായ പുരുഷപുരത്തുനിന്നും തന്റെ വിപുലമായ സാമ്രാജ്യം ഭരിക്കാന്‍ ഇദ്ദേഹം ക്ഷത്രപന്മാര്‍, മഹാക്ഷത്രപന്മാര്‍ എന്നിങ്ങനെയുള്ള ഭരണാധികാരികളെ നിയമിച്ചു. അന്നത്തെ ഇന്ത്യയ്‌ക്കു പുറമേയും സൈനികാക്രമണങ്ങള്‍ നടത്തി സാമ്രാജ്യം വികസിപ്പിച്ചു. സാകേതം, പാടലീപുത്രം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഇദ്ദേഹം യുദ്ധം ചെയ്‌തുവെന്ന്‌ ചില ഗ്രന്ഥകര്‍ത്താക്കള്‍ അഭ്യൂഹിക്കുന്നു. കനിഷ്‌കന്‍ വംഗദേശം കീഴടക്കിയെന്ന്‌ ചൈനീസ്‌ രേഖകള്‍ പ്രസ്‌താവിക്കുന്നുണ്ടെങ്കിലും അതിന്‌ വേണ്ടത്ര പിന്‍ബലമില്ലാത്തതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവിടം വരെ ചെന്നെത്തിയെന്ന്‌ കരുതുകയാവും ശരി.

ബുദ്ധമതപ്രചാരണം. ബുദ്ധമതപ്രചാരണത്തില്‍ കനിഷ്‌കന്‍ അതീവ തത്‌പരനായിരുന്നു. മറ്റു മതങ്ങളോട്‌ സഹിഷ്‌ണുത കാണിച്ചിരുന്നുവെങ്കിലും ഇദ്ദേഹം തന്റെ ഭരണകാലത്തിന്‍െറ ആദ്യഘട്ടത്തില്‍ത്തന്നെ മഹായാന ബുദ്ധമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നതിന്‌ തെളിവുകളുണ്ട്‌. ഇദ്ദേഹത്തിന്റെ നാണയങ്ങളില്‍ ഹൈന്ദവസരതുഷ്‌ട്രയവന ദേവതകളുടെ രൂപങ്ങള്‍ മുദ്രണം ചെയ്‌തിരുന്നുവെന്നുള്ളതുകൊണ്ട്‌ പല മതങ്ങളുടെയും ഒരു സമ്പുടമായിരുന്നു ഇദ്ദേഹത്തിന്‍െറ മതമെന്ന്‌ ഒരു സിദ്ധാന്തമുണ്ട്‌. കനിഷ്‌കന്‍ ബുദ്ധമത പ്രചാരണത്തിഌവേണ്ടി ചെയ്‌ത സേവനങ്ങളെ പരിഗണിച്ച്‌ ഇദ്ദേഹത്തിന്‌ രണ്ടാം അശോകന്‍ എന്ന അപരനാമധേയം ലഭിച്ചിരുന്നതായി പരാമര്‍ശങ്ങളുണ്ട്‌. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും മാത്രമല്ല തിബത്ത്‌, ചൈന മുതലായ വിദേശരാജ്യങ്ങളിലും ഇദ്ദേഹം ബുദ്ധമതപ്രചാരകന്മാരെ അയച്ചു. അശോകനെപ്പോലെ ഇദ്ദേഹവും ബുദ്ധമതപ്രചരണാര്‍ഥം പല ബൗദ്ധ സ്‌തൂപങ്ങളും സന്ന്യാസാശ്രമങ്ങളും സ്ഥാപിച്ചു. കനിഷ്‌കന്‍െറ ഭരണകാലത്താണ്‌ നാലാം ബുദ്ധമതസമ്മേളനം വിളിച്ചുകൂട്ടിയത്‌. കാശ്‌മീരില്‍ ശ്രീനഗറിഌ സമീപം കുണ്ഡലവന സന്ന്യാസിമഠത്തില്‍ ബുദ്ധമതത്തിന്‍െറ പ്രസിദ്ധ താത്ത്വികാചാര്യന്മാരായ വസുമിത്രന്റെയും അശ്വഘോഷന്റെയും നേതൃത്വത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ അഞ്ഞൂറില്‍പ്പരം ബൗദ്ധസന്ന്യാസിമാര്‍ പങ്കെടുത്തിരുന്നു. ഇതോടഌബന്ധിച്ചാണ്‌ ബുദ്ധമതത്തിലെ വിശുദ്ധഗ്രന്ഥമായ ത്രിപിടകത്തിന്‍െറ വ്യാഖ്യാനം തയ്യാറാക്കിയത്‌.

കലയും സാഹിത്യവും കനിഷ്‌കന്റെ പ്രത്യേക പരിലാളനത്തിന്‌ പാത്രമായി. ഇദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ അനേകം പണ്ഡിതന്മാരും കവികളും ദാര്‍ശനികന്മാരും വിരാജിച്ചിരുന്നു. ബുദ്ധമതത്തിന്റെ പ്രാമാണിക വക്‌താവായിരുന്ന നാഗാര്‍ജുനന്‍, അശ്വഘോഷന്‍, സുപ്രസിദ്ധ ആയുര്‍വേദാചാര്യന്മാരായിരുന്ന ചരകന്‍, സുശ്രുതന്‍ ഇവരെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്‌. വാസ്‌തുശില്‌പകലയും പ്രതിമാ ശില്‌പകലയും കനിഷ്‌കന്റെ ഭരണകാലത്ത്‌ വമ്പിച്ച പുരോഗതി പ്രാപിച്ചു. ഇദ്ദേഹം തന്നെ മഹാനായ ഒരു ശില്‌പിയായിരുന്നു. കനിഷ്‌കപുരം എന്ന മനോഹര നഗരം ഇദ്ദേഹത്തിന്റെ ശില്‌പകലാ പ്രാവീണ്യത്തിന്റെ നിദര്‍ശനമാണ്‌. ശില്‌പകലയുടെ ഉത്‌കൃഷ്‌ട മാതൃകകളായ നിരവധി ബുദ്ധവിഹാരങ്ങളും സ്‌തൂപങ്ങളും കനിഷ്‌കന്റെ ഭരണകാലത്തുയര്‍ന്നുവന്നു. വിഗ്രഹാരാധനയ്‌ക്കു പ്രാധാന്യം നല്‍കിയ മഹായാനമതത്തിന്റെ പ്രചാരം പ്രതിമാനിര്‍മാണ കലയ്‌ക്ക്‌ വലിയ പ്രാത്‌സാഹനം നല്‌കി. ഗ്രീക്കു കലയും ഭാരതീയകലയും സമന്വയിച്ചുടലെടുത്ത ഗാന്ധാരകല, രാജ്യത്തുടനീളം വളര്‍ച്ച പ്രാപിച്ചു. എന്നാല്‍ പ്രാദേശിക കലാരീതികളുടെ വളര്‍ച്ചയും ഒട്ടും അപ്രധാനമായിരുന്നില്ല. കനിഷ്‌കന്റെ നാണയങ്ങളും മികച്ച കലാഭംഗിയുള്ളവയായിരുന്നു. ഗുപ്‌തകാലഘട്ടത്തിലെ കലാസാംസ്‌കാരിക നവോത്ഥാനത്തിന്റെ അടിത്തറ പാകിയത്‌ കനിഷ്‌കന്റെ കാലത്താണെന്ന്‌ കരുതപ്പെടുന്നു.

കനിഷ്‌കന്റെ വൈദേശിക ബന്ധങ്ങള്‍ ഗണനീയങ്ങളായിരുന്നു. ചൈന, ബര്‍മ, തായ്‌ലന്‍ഡ്‌, കംബോഡിയ മുതലായ രാജ്യങ്ങളില്‍ ഭാരതീയ സംസ്‌കാരവും ജീവിതരീതികളും വ്യാപരിപ്പിക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചു. റോമന്‍ സാമ്രാജ്യവുമായും കനിഷ്‌കന്‍ ബന്ധം പുലര്‍ത്തിയിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്റെ കൊട്ടാരത്തിലേക്ക്‌ ഇദ്ദേഹം ഒരു ദൗത്യസംഘത്തെ അയച്ചതായി പറയപ്പെടുന്നു. ബുദ്ധമത മിഷനറിമാര്‍ മധ്യേഷ്യയിലേക്കും ചൈനയിലേക്കും പ്രവഹിച്ചു. തദ്വാരാ ഭാരതീയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഈ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്നു. പരിമിതമായ അര്‍ഥത്തില്‍ കനിഷ്‌കനെ "രണ്ടാം അശോക'നായി കരുതുന്നതില്‍ ഒട്ടുംതന്നെ അനൗചിത്യമില്ല. "ദൈവപുത്ര'നെന്നും "കൈസര്‍' എന്നും ബിരുദങ്ങള്‍ സ്വയം സ്വീകരിച്ച കനിഷ്‌കന്റെ അന്ത്യം പല ഊഹോപോഹങ്ങള്‍ക്കും വക നല്‌കുന്നുണ്ട്‌. എ.ഡി. 120ല്‍ കനിഷ്‌കന്‍ അന്തരിച്ചതായി കരുതപ്പെടുന്നു. നോ: കുശാനന്മാര്‍

(പ്രാഫ. പി.എസ്‌. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍