This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കദ്രു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കദ്രു == ഒരു പുരാണ കഥാപാത്രം. ദക്ഷപ്രജാപതിയുടെ മകള്‍: കശ്യപമ...)
അടുത്ത വ്യത്യാസം →
06:15, 1 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കദ്രു
ഒരു പുരാണ കഥാപാത്രം. ദക്ഷപ്രജാപതിയുടെ മകള്‍: കശ്യപമഹര്‍ഷിയുടെ 13 ഭാര്യമാരില്‍ ഒരുവള്‍. സഹോദരിയും സപത്‌നിയുമായ വിനതയൊടൊപ്പം കദ്രു കശ്യപനെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു വന്നു. സന്തുഷ്ടനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. 1,000 പുത്രന്മാര്‍ ജനിക്കണമെന്ന് കദ്രുവും, പരാക്രമികളും തേജസ്വികളുമായ രണ്ടു പുത്രന്മാര്‍ തനിക്കുണ്ടാകണമെന്ന് വിനതയും അപേക്ഷിച്ചു. കശ്യപന്‍ ഈ അപേക്ഷ സ്വീകരിച്ചു. രണ്ടുപേരും ഗര്‍ഭിണികളായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ കദ്രു 1,000 അണ്ഡങ്ങളും വിനത രണ്ട് അണ്ഡങ്ങളും പ്രസവിച്ചു. രണ്ടുപേരും മുട്ടകള്‍ ചൂടുള്ള കുടങ്ങളില്‍ സൂക്ഷിച്ചു. 500 വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ മുട്ടകള്‍ വിരിഞ്ഞ് നാഗങ്ങള്‍ പുറത്തുവന്നു. അക്ഷമകൊണ്ട് ദുഃഖിതയായ വിനത ഒരു മുട്ട പൊട്ടിച്ചു നോക്കി. അതില്‍ നിന്ന് അര്‍ധശരീരത്തോടു കൂടിയ ഒരു ശിശു പുറത്തുവന്നു. അതാണ് അരുണന്‍. ക്ഷമകേടു കാണിച്ച കാരണം വിനത കദ്രുവിന്റെ ദാസിയാകുമെന്നും എന്നാല്‍ ശേഷിച്ചിരിക്കുന്ന മുട്ട 500 വര്‍ഷം കഴിഞ്ഞ് വിരിഞ്ഞ് അതിശക്തിമാനായ പുത്രന്‍ ജനിക്കുമെന്നും ആ പുത്രന്‍ വിനതയുടെ ദാസ്യം ഇല്ലാതാക്കുമെന്നും അരുണന്‍ പ്രവചിച്ചുകൊണ്ട് ആകാശത്തേക്കുയര്‍ന്നു; സൂര്യന്റെ തേരാളിയായിത്തീര്‍ന്നു. രണ്ടാമത്തെ മുട്ട വിരിഞ്ഞുണ്ടായതാണ് ഗരുഡന്‍. ആദിശേഷന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, കാളിയന്‍, മണിനാഗന്‍, ഐരാവതന്‍ തുടങ്ങിയ സര്‍പ്പങ്ങള്‍ കദ്രുവിന്റെ സന്തതികളില്‍ പ്രമുഖരാണ്.
ഒരിക്കല്‍ കദ്രുവും വിനതയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. പാലാഴിയില്‍ നിന്നു പൊങ്ങിവന്ന ഉച്ചൈഃശ്രവസ്സിന്റെ വാലിന്റെ നിറത്തെപ്പറ്റിയായിരുന്നു തര്‍ക്കം. തോല്‌ക്കുന്നവള്‍ ജയിച്ചവളുടെ ദാസിയാകണമെന്നായിരുന്നു നിശ്ചയം. ജയിക്കുന്നതിഌവേണ്ടി കദ്രു തന്റെ പുത്രന്മാരായ നാഗങ്ങളോട് കുതിരയുടെ വാലില്‍ കറുത്ത രോമങ്ങളായി കടിച്ചു തൂങ്ങിക്കിടക്കണമെന്ന് ആവശ്യപ്പെട്ടു. ഉച്ചൈഃശ്രവസ്സിന്റെ നിറം പൂര്‍ണമായും വെളുത്തതാണെന്ന് വാദിച്ച വിനത പന്തയത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കദ്രുവിന്റെ ദാസിയായി.
ഒരിക്കല്‍ നടുക്കടലില്‍ നാഗങ്ങള്‍ വസിക്കുന്ന "രാമണീയകം' എന്ന ദ്വീപിലേക്ക് തന്നെ കൊണ്ടുപോകണമെന്നു കദ്രു വിനതയോട് ആവശ്യപ്പെട്ടു; നാഗങ്ങളെ ഗരുഡന്‍ എടുത്തുകൊണ്ട് പോകണമെന്നും. നാഗങ്ങളെയുംകൊണ്ട് ഗരുഡന്‍ വളരെ ഉയരത്തില്‍ പറന്നു. സൂര്യന്റെ ചൂടേറ്റു നാഗങ്ങള്‍ പൊള്ളാന്‍ തുടങ്ങിയപ്പോള്‍ കദ്രു ഇന്ദ്രനെ പ്രാര്‍ഥിച്ച് മഴപെയ്യിക്കുകയും കദ്രുവും നാഗങ്ങളും അപകടംകൂടാതെ രാമണീയകത്തില്‍ എത്തിച്ചേരുകയും ചെയ്‌തു. അവിടെയാണ് വിനതയും കദ്രുവും അനന്തരജീവിതം നയിച്ചത്.
കദ്രു സൂക്ഷ്‌മശരീരിണിയായി സ്‌ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച് ഭ്രൂണത്തെ സംരക്ഷിക്കുന്നുവെന്ന് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്.
സപത്‌നീമത്‌സരത്തിന്റെ ദുരന്തഫലങ്ങളുടെ സാരഗര്‍ഭമായ ചിത്രീകരണമാണ് കദ്രുവിന്റെ കഥ. കേരളത്തില്‍ നടപ്പുള്ള പുള്ളുവന്‍പാട്ടുകളുടെ മുഖ്യമായ പ്രമേയം ഇതു തന്നെയാണ്.
ദക്ഷന്റെ മകളായ ക്രാധവശയാണ് കശ്യപന്റെ ഭാര്യയെന്നും, അവളിലുണ്ടായ മകളാണ് കദ്രുവെന്നും, വാല്‌മീകിരാമായണത്തില്‍ വേറൊരു വിധത്തിലും കദ്രുവിനെക്കുറിച്ച് പ്രസ്‌താവമുണ്ട്. നോ: ഗരുഡന്‍; വിനത