This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണാദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കണാദന്‍ == കണ (പരമാണു)സിദ്ധാന്തത്തിന്റെയും വൈശേഷിക ദര്‍ശനത്...)
അടുത്ത വ്യത്യാസം →

17:11, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണാദന്‍

കണ (പരമാണു)സിദ്ധാന്തത്തിന്റെയും വൈശേഷിക ദര്‍ശനത്തിന്റെയും പ്രണേതാവായ ഭാരതീയആചാര്യന്‍. കണങ്ങള്‍ (പരമാണുക്കള്‍) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു. അക്കാരണത്താല്‍ "കണങ്ങള്‍ ഭക്ഷിക്കുന്നവന്‍' എന്ന അര്‍ഥത്തില്‍ എതിരാളികള്‍ ഇദ്ദേഹത്തെ "കണാദന്‍' എന്നു വിളിച്ചു പരിഹസിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. തണ്‌ഡുലകണങ്ങള്‍ ഭക്ഷിച്ചു തപസ്സു ചെയ്‌തതുകൊണ്ടും ദര്‍ശനം രചിച്ചതുകൊണ്ടും കണാദന്‍ എന്ന പേരുണ്ടായി എന്നും ഒരു പക്ഷമുണ്ട്‌. ഉലൂകന്‍, കാശ്യപന്‍, രോമാഗുപ്‌തന്‍, പിപ്പലാദന്‍ തുടങ്ങിയ അപരനാമങ്ങള്‍ കണാദന്‌ ഉണ്ടായിരുന്നതായിക്കാണുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെയോ കാലത്തെയോ ദേശത്തെയോ പറ്റി നിര്‍ണായകമായ തെളിവുകളൊന്നുമില്ല. ന്യായകോശത്തില്‍ ഇദ്ദേഹത്തിന്റെ നിവാസസ്ഥാനം മിഥിലയിലായിരുന്നുവെന്നും ഇദ്ദേഹം കശ്യപഗോത്രക്കാരനായിരുന്നുവെന്നും പ്രസ്‌താവമുണ്ട്‌. വൈശേഷികസൂത്രങ്ങളും അവയ്‌ക്കു ശങ്കരമിത്രന്‍ എഴുതിയ ഭാഷ്യവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌ത നന്ദലാല്‍ സിന്‍ഹ കണാദന്റെ ജീവിതകാലം ബി.സി. 6-ാം ശ.ത്തിഌം 10-ാം ശ.ത്തിഌം ഇടയ്‌ക്കാണെന്ന്‌ അഌമാനിക്കുന്നു. എന്നാല്‍ ജൈനബൗദ്ധദര്‍ശനങ്ങളില്‍ കണാദനെപ്പറ്റിയോ വൈശേഷികത്തെപ്പറ്റിയോ യാതൊരു പരാമര്‍ശവുമില്ലാത്ത സ്ഥിതിക്ക്‌ ഇദ്ദേഹം ജീവിച്ചിരുന്നതു ബുദ്ധഌ ശേഷമായിരിക്കണമെന്നാണ്‌ രാഹുല്‍ സാംകൃത്യായന്റെ അഭിപ്രായം. കണാദനെപ്പറ്റി മഹാഭാരതം, വായുപുരാണം, പദ്‌മപുരാണം മുതലായവയില്‍ പരാമര്‍ശമുണ്ട്‌. ഡോ. രാധാകൃഷ്‌ണന്റെ അഭിപ്രായത്തില്‍ വൈശേഷികം, ന്യായദര്‍ശനത്തെക്കാള്‍ വളരെ പ്രാചീനമാണ്‌. "കണാദസൂത്രത്തില്‍ ന്യായസിദ്ധാന്തത്തിന്റെ വലിയ പ്രരണ കാണുന്നില്ല. അതേസമയം ഗൗതമസൂത്രങ്ങള്‍ക്കും വാത്‌സ്യായന ഭാഷ്യത്തിഌം വൈശേഷിക സൂത്രങ്ങളുടെ പ്രരണ ലഭിച്ചിട്ടുമുണ്ട്‌. വൈശേഷികം ബുദ്ധമതത്തിഌം ജൈനമതത്തിഌം മുമ്പേ ഉള്ളതാണ്‌. ബുദ്ധമതത്തിന്‍െറ നിര്‍വാണസിദ്ധാന്തത്തിന്‌ വൈശേഷികത്തിലെ അസത്‌കാര്യവാദമാണ്‌ ഉത്‌പത്തിസ്ഥാനം. ജൈനര്‍ക്കിടയിലെ അസ്‌തികായരും അവരുടെ അണുസിദ്ധാന്തവും വൈശേഷികത്തോടു കടപ്പെട്ടിരിക്കുന്നു. വൈശേഷികത്തെക്കുറിച്ച്‌ ജൈനഗ്രന്ഥങ്ങളിലും ലളിതവിസ്‌തരത്തിലും പ്രസ്‌താവമുണ്ട്‌. വൈശേഷികം ജൈനസിദ്ധാന്തത്തിന്റെസന്തതിയാണെന്ന വാദം ശരിയല്ല' (ഭാരതീയതത്ത്വദര്‍ശനം). ഇതില്‍ നിന്നെല്ലാം കണാദന്റെ കാലം ബി.സി. 6-ാം ശതകത്തിഌ മുമ്പാണെന്നുതന്നെ അഌമാനിക്കേണ്ടിയിരിക്കുന്നു.

കണാദന്റെ സിദ്ധാന്തത്തെ ഇന്നത്തെ അണുഗവേഷണശാസ്‌ത്രത്തിന്‍െറ മുന്നോടിയായി കണക്കാക്കാം. ഏതെങ്കിലുമൊരു വസ്‌തുവിന്‍െറ പ്രത്യക്ഷമായ ഏറ്റവും ചെറിയ അംശങ്ങളാണ്‌ അണുക്കള്‍ അഥവാ തന്മാത്രകള്‍. തന്മാത്രകളെ പിന്നെയും വിഭജിച്ചാല്‍ പരമാണുക്കളിലെത്തും. പരമാണുക്കളുടെ സമഷ്‌ടി ഓരോ വസ്‌തുവും ആകുന്നു. ഇങ്ങനെ എണ്ണമറ്റ വസ്‌തുക്കളുടെ ഒരു ബൃഹത്‌സമഷ്‌ടിയാണ്‌ ഈ പ്രപഞ്ചം. ഇതാണ്‌ കണാദന്റേതെന്നു പറയപ്പെടുന്ന സിദ്ധാന്തത്തിന്‍െറ രത്‌നച്ചുരുക്കം.

പരമാണുസിദ്ധാന്തം മാത്രമല്ല കണാദന്റെ ദര്‍ശനത്തില്‍ പ്രധാനം. നാം കാണുന്ന പ്രപഞ്ചത്തിന്റെ അഥവാ പ്രകൃതിയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മറ്റു പ്രകാരത്തിലും ഇദ്ദേഹം അപഗ്രഥിച്ചു. പ്രകൃതിയിലെ വിവിധ വസ്‌തുക്കളില്‍ ഓരോന്നിന്നും ഉള്ള സവിശേഷ ഗുണങ്ങളും എല്ലാറ്റിഌമുള്ള സാമാന്യസ്വഭാവങ്ങളും രണ്ടും തമ്മിലുള്ള ബന്ധങ്ങളും അറിഞ്ഞാല്‍ മാത്രമേ പ്രകൃതിയെപ്പറ്റി ശരിയായ ജ്ഞാനം ലഭിക്കൂ എന്ന്‌ ഇദ്ദേഹം മനസ്സിലാക്കി. വിശേഷത്തിന്‌ അല്ലെങ്കില്‍ പ്രത്യേകതയ്‌ക്ക്‌ മുഖ്യമായ ഒരു സ്ഥാനം ഇദ്ദേഹം കല്‌പിച്ചു. അതുകൊണ്ടുതന്നെയായിരിക്കണം ഇദ്ദേഹത്തിന്റെ ദര്‍ശനം വൈശേഷികം എന്ന പേരില്‍ അറിയപ്പെട്ടത്‌.

മറ്റു ദര്‍ശനങ്ങള്‍ക്കെന്നപോലെ വൈശേഷികത്തിഌം പില്‌ക്കാലത്ത്‌ പല ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായി. എ.ഡി. 5-ാം ശ.ത്തില്‍ പ്രശസ്‌തപാദര്‍ എഴുതിയ പദാര്‍ഥധര്‍മസംഗ്രഹം ആണ്‌ അവയില്‍ മുഖ്യം. 8-ാം ശ.ത്തില്‍ വ്യോമശിവഌം 10-ാം ശ.ത്തില്‍ ശ്രീധരന്‍, ഉദയനന്‍ എന്നിവരും വ്യാഖ്യാനങ്ങള്‍ എഴുതുകയുണ്ടായി. എന്നാല്‍ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്‌ കണാദന്റെ വൈശേഷികസൂത്രങ്ങള്‍ തന്നെയാണ്‌.

വൈശേഷികദര്‍ശനത്തെ ഉപജീവിച്ച്‌ ജൈനബൗദ്ധാചാര്യന്മാര്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. വൈശേഷികത്തെയും അതിന്റെ ബൗദ്ധപ്രസ്ഥാനഭേദങ്ങളെയും അധികരിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ ചീനഭാഷയിലും തിബത്തന്‍ഭാഷയിലും ഉണ്ടായിട്ടുമുണ്ട്‌. നോ: വൈശേഷികം

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B4%BE%E0%B4%A6%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍