This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കട്‌ല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കട്‌ല == == Catla == ഒരു ശുദ്ധജല മത്സ്യം. വളരെകുറച്ചുമാത്രം മുള്ളു...)
അടുത്ത വ്യത്യാസം →
16:41, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കട്‌ല
Catla
ഒരു ശുദ്ധജല മത്സ്യം. വളരെകുറച്ചുമാത്രം മുള്ളുകളുള്ള ഈ മത്സ്യം സ്വാദേറിയതാണ്. സൈപ്രിനിഡേ മത്സ്യകുടുംബാംഗമായ കട്‌ലയുടെ ശാ.നാ.: കട്‌ല കട്‌ല എന്നാണ്. ഇന്ത്യയിലെ നദികളില്‍ ധാരാളമായി കാണപ്പെടുന്നു. സിന്‍ഡ്, പഞ്ചാബ് എന്നിവിടം മുതല്‍ ബംഗാള്‍, മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡ് വരെ ഇവ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുമ്പ് ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തും തന്നെ ഇവ സമൃദ്ധമായിരുന്നു; ഇപ്പോള്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വര്‍ഗോത്‌പാദനത്തിഌ പറ്റിയ സ്ഥലസാഹചര്യങ്ങളുടെ കുറവാണ് ഈ വംശക്ഷതിക്കു കാരണമെന്ന് കരുതപ്പെടുന്നു. ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളിലും കട്‌ലയുടെ ചിലയിനങ്ങളെ കണ്ടെത്താം. പ്രധാനമായി ശുദ്ധജലമത്സ്യമാണെങ്കിലും പലപ്പോഴും കായലുകളിലും ഇതിനെ കാണാറുണ്ട്. കായലുകളില്‍ വേലിയേറ്റഇറക്കങ്ങളുടെ സ്വാധീനമുള്ള ഭാഗങ്ങളിലാണ് ഇവ ഉള്ളത്.
രണ്ടു മീറ്റര്‍ വരെ നീളം വയ്‌ക്കുന്ന മത്സ്യങ്ങള്‍ മുക്കാല്‍ മീറ്ററോളം വളര്‍ച്ചയെത്തുമ്പോഴാണ് ഏറ്റവുമധികം സ്വാദുള്ളതായിരിക്കുന്നത്. കാര്‍പ്പ് വര്‍ഗത്തില്‍പ്പെടുന്ന ഇതിന്റെ ശരീരം വലിയ ചെതുമ്പലുകള്‍കൊണ്ട് ആവൃതമായിരിക്കുന്നു. ചാരനിറമുള്ള മുതുകും വെള്ളിപോലെ വെട്ടിത്തിളങ്ങുന്ന വശങ്ങളും അടിഭാഗവും ഇതിന്‍െറ പ്രത്യേകതയാണ്. പൊതുവേ ഇരുണ്ടതാണ് പത്രങ്ങള്‍ (fins); അപൂര്‍വമായി ചിലതു കറുത്തിരിക്കും. വലിയ കണ്ണുകള്‍ തലയുടെ ആദ്യപകുതിയില്‍ സ്ഥിതി ചെയ്യുന്നു. ഉദരഭാഗത്തെക്കാള്‍ പൃഷ്‌ഠഭാഗം കൂടുതല്‍ ഉന്‌മധ്യമായിരിക്കും. വിസ്‌തൃതമായ വായില്‍ കീഴ്‌ത്താടി ഉന്തിനില്‍ക്കുന്നതായി കാണാം. വലുപ്പമേറിയ പൃഷ്‌ഠപത്രത്തിന്റെ മുകളിലെ അരിക് നതമധ്യമാണ്. ഭുജപത്രം (pectoral) അധരപത്രം (ventral)വരെ എത്തുന്നു. ആണ്‍മത്സ്യങ്ങളില്‍ അധരപത്രം ഗുദ പത്രം വരെ എത്തും. ഗുദപത്രമാകട്ടെ, പരത്തിവച്ചാല്‍, പുച്ഛപത്രത്തിന്‍െറ ആരംഭസ്ഥാനത്തിഌമപ്പുറം എത്താന്‍ തക്ക വലുപ്പമുള്ളതാണ്. ചില കട്‌ലകളില്‍ പത്രങ്ങള്‍ പൊതുവേ നീളം കൂടിയതായിരിക്കും.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്‌മജീവികളാണ് കട്‌ലയുടെ ആഹാരം. ഇതിന്‍െറ മുകളിലേക്കു തള്ളിനില്‍ക്കുന്ന ചുണ്ടും വലിയ ചെകിളകളും സൂക്ഷ്‌മജീവികളെ വെള്ളത്തില്‍ നിന്നും അരിച്ചെടുത്ത് അകത്താക്കാന്‍ സഹായിക്കുന്നു. കട്‌ലവളര്‍ത്തുകാര്‍ ഉണങ്ങിയ പശുവിന്‍ചാണകം വെള്ളത്തിലിട്ട് സൂക്ഷ്‌മജീവികളെ വെള്ളത്തില്‍ സമൃദ്ധമായി വളര്‍ത്തുന്നതു കാണാം.
നല്ല കരുത്തുള്ള ഈ മത്സ്യം വലകള്‍ക്കു മുകളിലൂടെ അകലേക്കു ചാടി രക്ഷപ്പെടുക പതിവാണ്. ഇത് തടയുന്നതിനായി വല വീശി കഴിഞ്ഞാലുടന്‍ മുക്കുവര്‍ വള്ളങ്ങളില്‍ വലയെ പിന്തുടരുകയും തുഴകൊണ്ടു വെള്ളത്തിലടിച്ചും ബഹളം വച്ചും മറ്റും ശബ്‌ദമുണ്ടാക്കുകയും ചെയ്യും. വെള്ളത്തിലിട്ടു കൊടുക്കുന്ന ഇരയെ വിഴുങ്ങാന്‍ മടിക്കുന്ന കൂട്ടത്തിലാണ് കട്‌ല എന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ പറന്നുപോകുന്ന ചെറുപ്രാണികളെ അകത്താക്കാനായി വെള്ളത്തിഌ മുകളിലേക്ക് ഇവ ചാടിപ്പൊങ്ങാറുണ്ട്. ഈ സ്വഭാവവിശേഷത്താല്‍ കൃത്രിമശലഭങ്ങളെയും മറ്റും കാണിച്ച് ഇവയെ പിടികൂടാന്‍ ശ്രമിക്കുന്നത് അപൂര്‍വമല്ല.
കാലവര്‍ഷമാകുന്നതോടെ വലിയ നദികളില്‍ ഇവ ഇണചേരുന്നു. മുട്ടകള്‍ സുതാര്യമാണ്. 18 മണിക്കൂര്‍ കൊണ്ട് മുട്ട വിരിയും. കുഞ്ഞുങ്ങള്‍ക്ക് ഉദ്ദേശം 4.5 മുതല്‍ 5.25 മി.മീ. വരെയാണ് നീളം. കുഞ്ഞുങ്ങളുടെ ശരീരത്തിന് പൊതുവേ മങ്ങിയ നിറമാണ്; പത്രങ്ങള്‍ക്കു ചാരനിറവും. തലയ്‌ക്ക് താരതമ്യേന വലുപ്പം കൂടുതലുണ്ടാകും. പെട്ടെന്നു വളര്‍ച്ചയെത്തുന്ന കുഞ്ഞുങ്ങള്‍ മൂന്നു വര്‍ഷമാകുന്നതോടെ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു.