This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപ്പത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടപ്പത്രം == == Debenture == ധനസമാഹരണത്തിഌ വേണ്ടി കമ്പനികള്‍ ഇറക്കുന...)
അടുത്ത വ്യത്യാസം →

13:23, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടപ്പത്രം

Debenture

ധനസമാഹരണത്തിഌ വേണ്ടി കമ്പനികള്‍ ഇറക്കുന്ന സാമ്പത്തിക ഉപകരണം. ബിസിനസ്‌ വിപുലീകരിക്കുന്നതിഌവേണ്ടി കമ്പനികള്‍ക്ക്‌ വായ്‌പ എടുക്കുന്നതിഌള്ള ഒരു മാര്‍ഗമാണ്‌ കടപ്പത്രമിറക്കല്‍. ഓഹരിമൂലധനം വര്‍ധിപ്പിക്കാതെ തന്നെ കടപ്പത്രമിറക്കി കമ്പനിക്ക്‌ ആവശ്യമായ ധനം നേടാം. കമ്പനിക്ക്‌ പണം ആവശ്യമായി വരുമ്പോള്‍ ഒരു തുക നിശ്ചയിച്ച്‌ അതിനെ നിശ്ചിത വിലയ്‌ക്കുള്ള കടപ്പത്രങ്ങളായി വിഭജിച്ച്‌ അവ വിറ്റ്‌ പണം ശേഖരിക്കുന്നു. കടപ്പത്രം വാങ്ങാന്‍ താത്‌പര്യമുള്ള വ്യക്തിക്ക്‌ ഇഷ്ടമുള്ളത്രയും യൂണിറ്റുകള്‍ വാങ്ങാവുന്നതാണ്‌. കമ്പനി നിയമം 2-ാം വകുപ്പില്‍ (ഉപ വകുപ്പ്‌ 12) കടപ്പത്രത്തെ നിര്‍വചിച്ചിട്ടുണ്ട്‌. കടപ്പത്രമിറക്കി വായ്‌പ നേടുമ്പോള്‍ കടപ്പത്രമുടമയോടുള്ള ബാധ്യത കമ്പനി സ്വയം അംഗീകരിച്ച്‌ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്ന രേഖയാണ്‌ കടപ്പത്രം.

കടപ്പത്രവും ഓഹരിയും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്‌. ഓഹരിയുടമയും കടപ്പത്രമുടമയും തങ്ങളുടെ പണം കമ്പനിയില്‍ മുതല്‍ മുടക്കുന്നു. രണ്ടുകൂട്ടര്‍ക്കും ഇതിഌ പ്രതിഫലവും ലഭിക്കുന്നുണ്ട്‌; ഓഹരിയുടമയ്‌ക്ക്‌ ലാഭവീതവും കടപ്പത്രമുടമയ്‌ക്ക്‌ നിശ്ചിതനിരക്കിലുള്ള പലിശയും. ഓഹരിയും കടപ്പത്രവും കൈമാറ്റം ചെയ്യാവുന്നതാണ്‌. സ്ഥായി കടപ്പത്രങ്ങള്‍ക്ക്‌ ഓഹരികളെപ്പോലെ പണം തിരിച്ചുനല്‍കുന്നതു സംബന്ധിച്ച്‌ യാതൊരു കരാറും ഇല്ല. സമയബദ്ധമുന്‍ഗണനാ ഓഹരികള്‍ക്കും കടപ്പത്രങ്ങള്‍ക്കും സദൃശങ്ങളായ ചില സ്വഭാവങ്ങളുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം നിശ്ചിത തീയതിക്കോ അതിഌശേഷമോ കമ്പനി കടപ്പത്രങ്ങളും ഓഹരിയും കൊടുത്തു തീര്‍ക്കുന്നുവെന്നതാണ്‌.

കടപ്പത്രവും ഓഹരിയും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്‌. ഓഹരിയുടമ കമ്പനിയിലെ ഒരംഗമാണ്‌. അംഗത്വം മുഖേനയുള്ള എല്ലാ അവകാശങ്ങളും ഓഹരിയുടമയ്‌ക്കുണ്ട്‌. എന്നാല്‍ കടപ്പത്രമുടമ കമ്പനിയുടെ ഒരു ഉത്തമര്‍ണന്‍ മാത്രമാണ്‌. ഓഹരിയുടമയ്‌ക്ക്‌ വോട്ടു ചെയ്യുന്നതിഌള്ള അവകാശമുണ്ട്‌; കടപ്പത്രമുടമയ്‌ക്ക്‌ ആ അവകാശമില്ല (117-ാം വകുപ്പ്‌). ഓഹരിയുടമയ്‌ക്ക്‌ ലാഭവീതം കിട്ടുന്നു; കടപ്പത്രമുടമയ്‌ക്ക്‌ നിശ്ചിതനിരക്കിലുള്ള പലിശ മാത്രമായിരിക്കും കിട്ടുക. ലാഭമുണ്ടായാലും ഇല്ലെങ്കിലും കടപ്പത്രമുടമയ്‌ക്ക്‌ പലിശ കിട്ടും. കമ്പനി പിരിച്ചുവിടുമ്പോള്‍ ഓഹരിയുടമയെക്കാള്‍ മുമ്പ്‌ കടപ്പത്രമുടമയ്‌ക്ക്‌ പണം തിരിച്ചുകിട്ടുന്നു.

കടപ്പത്രങ്ങള്‍ പല തരത്തിലുണ്ട്‌. കമ്പനികള്‍ ആസ്‌തിയുടെ ഈടിന്മേല്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളെ സംരക്ഷിത കടപ്പത്രങ്ങള്‍ (secured debentures) എന്നും യാതൊരുറപ്പും കൂടാതെ പുറപ്പെടുവിക്കുന്നവയെ അരക്ഷിത കടപ്പത്രങ്ങള്‍ (unsecured debentures) എന്നും പറയുന്നു. നിര്‍ദിഷ്ട തീയതിക്ക്‌ മുതലും പലിശയും കൊടുക്കാന്‍ കമ്പനിക്കു കഴിയാതെ വന്നാല്‍ ഈടുനല്‍കിയ സ്വത്തു വില്‌ക്കാന്‍ സംരക്ഷിതകടപ്പത്രമുടമയ്‌ക്ക്‌ അവകാശമുണ്ടായിരിക്കും. സംരക്ഷിത കടപ്പത്രത്തെ പണയക്കടപ്പത്രമെന്നും പറയാറുണ്ട്‌. പണയക്കടപ്പത്രത്തെ സ്ഥിരബാധ്യതാകടപ്പത്രമെന്നും പൊതുബാധ്യതാകടപ്പത്രമെന്നും രണ്ടായി തരം തിരിക്കാം. കമ്പനിയുടെ ഒരു പ്രത്യേക സ്വത്തിനത്തില്‍ മാത്രം പണയബാധ്യതയുള്ളതാണ്‌ സ്ഥിരബാധ്യതാ കടപ്പത്രങ്ങള്‍. കമ്പനിയുടെ മറ്റു സ്വത്തുക്കളിന്മേല്‍ സ്ഥിരബാധ്യതാ കടപ്പത്രമുടമകള്‍ക്ക്‌ അവകാശമുണ്ടായിരിക്കയില്ല. നിശ്ചിത സ്വത്തിന്മേല്‍ സ്ഥിരപ്പെടുത്താത്ത ബാധ്യതയുള്ള കടപ്പത്രങ്ങളാണ്‌ പൊതുബാധ്യതാകടപ്പത്രങ്ങള്‍. ഇത്തരം കടപ്പത്രങ്ങള്‍ക്ക്‌ കമ്പനിയുടെ എല്ലാ ആസ്‌തികളിന്മേലും പണയാവകാശമുണ്ട്‌.

നിശ്ചിതതീയതിക്കോ അതിഌശേഷമോ പണം തിരിച്ചു നല്‌കിക്കൊള്ളാമെന്നു സമ്മതിച്ചുകൊണ്ടുള്ളതാണ്‌ സമയബദ്ധകടപ്പത്രങ്ങള്‍ (redeemable debentures). നെിശ്ചിത തീയതി ആകുമ്പോള്‍ കമ്പനി കടപ്പത്രങ്ങള്‍ കൊടുത്തുതീര്‍ക്കുന്നു. ഇതിനായി മിക്ക കമ്പനികള്‍ക്കും ഒരു കടപ്പത്രബാധ്യതാനിധി തന്നെയുണ്ടായിരിക്കും.

പണം തിരിച്ചു നല്‍കുന്നതു സംബന്ധിച്ചു യാതൊരു കരാറുമില്ലാത്തതും പണം തിരിച്ചു നല്‍കില്ലെന്നുള്ള വ്യവസ്ഥയോടും കൂടിയ കടപ്പത്രങ്ങളുണ്ട്‌. അവയെ മൊത്തത്തില്‍ സ്ഥായികടപ്പത്രങ്ങള്‍ perpetual or irredeemable debentures)എന്നു പറയാം.കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കമ്പനി സാധാരണയായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും അതില്‍ കടപ്പത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമുണ്ട്‌ (വകുപ്പ്‌ 152). കമ്പനി രജിസ്റ്ററില്‍ ഉടമകളുടെ പേര്‌ ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രം നല്‍കുന്നവയാണ്‌ രജിസ്‌റ്റ്രഡ്‌ കടപ്പത്രങ്ങള്‍. രജിസ്‌റ്റ്രഷന്‍ ഇടപാട്‌ ഒഴിവാക്കിക്കൊണ്ടുള്ളതാണ്‌ കൈവശക്കടപ്പത്രങ്ങള്‍. കൈവശക്കടപ്പത്രങ്ങള്‍ കൈമാറാന്‍ യാതൊരു വിഷമവുമില്ല. ഏതൊരു നെഗോഷ്യതാപ്രമാണവും (negotiable Instrument) പോലെ കടപ്പത്രവും കൈമാറ്റം ചെയ്യാം. കൈവശക്കടപ്പത്രങ്ങളുടെ നിലവിലുള്ള ഉടമകള്‍ ആരായിരിക്കുമെന്ന്‌ കമ്പനിക്ക്‌ അറിവുണ്ടായിരിക്കുകയില്ല. കൈവശക്കടപ്പത്രത്തിന്മേലുള്ള പലിശരസീത്‌ സമര്‍പ്പിക്കുമ്പോള്‍ പലിശ നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണ്‌.

കമ്പനിക്ക്‌ ആവശ്യമായ പണം സമാഹരിക്കുന്നതിന്‌ കടപ്പത്രം പുറപ്പെടുവിക്കുന്നതാണ്‌ സൗകര്യം. കടപ്പത്രങ്ങള്‍ക്ക്‌ ഈടു നല്‍കുന്നതുകൊണ്ട്‌ മുന്‍ഗണനാ ഓഹരികള്‍ക്കു നല്‍കുന്ന പ്രതിഫലത്തെക്കാള്‍ കുറഞ്ഞ പലിശനിരക്കിന്‌ കടപ്പത്രം വില്‌ക്കാന്‍ കഴിയുന്നു. കടപ്പത്രങ്ങള്‍ എളുപ്പം വിറ്റഴിയുകയും ചെയ്യും. മെമ്മോറാണ്ടം ഒഫ്‌ അസോസിയേഷനില്‍ ഭേദഗതി വരുത്താതെ അധികൃത മൂലധനം മുഴുവന്‍ പുറപ്പെടുവിച്ചു കഴിഞ്ഞ ശേഷം മൂലധനമിറക്കാന്‍ കഴിയുകയില്ല. എന്നാല്‍ കടപ്പത്രം പുറപ്പെടുവിക്കുന്നതിന്‌ ആര്‍ട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷനില്‍ത്തന്നെ വ്യവസ്ഥകളുള്ളതുകൊണ്ട്‌ മെമ്മോറാണ്ടം ഭേദഗതി ചെയ്യേണ്ടതില്ല.

കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ അവ ഓഹരികളായി മാറ്റാവുന്ന നിരക്ക്‌ ഓഹരിയുടെ മുഖവിലയിലും കുറവായിരിക്കും.

ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റിന്റെ അഌവാദത്തോടെ സംസ്ഥാനഗവണ്‍മെന്റുകളും സ്വയംഭരണ കോര്‍പ്പറേഷഌകളും കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍