This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടത്തനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കടത്തനാട്‌ == മധ്യകാല കേരളത്തിലെ ഒരു ചെറിയ രാജ്യം. കോരപ്പുഴ ...)
അടുത്ത വ്യത്യാസം →

13:19, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടത്തനാട്‌

മധ്യകാല കേരളത്തിലെ ഒരു ചെറിയ രാജ്യം. കോരപ്പുഴ മുതല്‍ മയ്യഴിവരെ അതു വ്യാപിച്ചു കിടന്നിരുന്നു. കടത്തനാട്ടില്‍ കോഴിക്കോട്‌ ജില്ലയിലെ വടകരത്താലൂക്കിന്‍െറ മിക്ക ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. കോഴിക്കോടിനടുത്തുള്ള വരയ്‌ക്കല്‍ എന്ന സ്ഥലത്തായിരുന്നു കടത്തനാട്ടു രാജ്യത്തിന്‍െറ ആദ്യത്തെ ആസ്ഥാനം. പിന്നീടതു കുറ്റിപ്പുറത്തേക്കു (വടകരയ്‌ക്കടുത്ത്‌) മാറ്റി. പോര്‍ളാതിരി രാജവംശത്തിലെ ഒരു രാജകുമാരിയെ കോലത്തുനാട്ടിലെ ഒരു രാജകുമാരന്‍ വിവാഹം ചെയ്‌തു; അവരുടെ സന്തതിപരമ്പരയാണു കടത്തനാട്ടു രാജവംശം എന്നു പറയപ്പെടുന്നു. കടത്തനാട്ടു രാജാവ്‌ യൂറോപ്യന്‍ രേഖകളില്‍ പരാമൃഷ്‌ടമായിട്ടുള്ളത്‌ "ബടകരയിലെ ബോയനോര്‍' അഥവാ "ബാവനോര്‍' എന്നാണ്‌. "വാഴുന്നോര്‍' എന്ന മലയാള പദത്തിന്റെ രൂപാന്തരമാണ്‌ "ബോയനോര്‍'. 17-ാം ശതകത്തിന്റെ അവസാനം വരെ കടത്തനാട്ടു രാജാവ്‌ കോലത്തിരിക്കു വിധേയനായിരുന്നു. 1750ല്‍ ആണ്‌ കോലത്തിരിയുടെ അഌവാദത്തോടുകൂടി "രാജാവ്‌' എന്ന സ്ഥാനപ്പേര്‌ ഇദ്ദേഹം സ്വീകരിച്ചത്‌. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നീ യൂറോപ്യന്‍ ശക്തികളുടെ വരവോടുകൂടി സങ്കീര്‍ണമായിത്തീര്‍ന്ന വടക്കേമലബാറിലെ രാഷ്‌ട്രീയകാര്യങ്ങളില്‍ കടത്തനാട്ടിഌ ഗണ്യമായ ഒരു പങ്കുണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ മലബാര്‍ കീഴടക്കിയതോടുകൂടി കടത്തനാട്ടു രാജാവിന്‌ പെന്‍ഷന്‍ കൊടുത്തു രാഷ്‌ട്രീയാധികാരത്തില്‍ നിന്ന്‌ ഒഴിച്ചുനിര്‍ത്തി. കടത്തനാട്ടുകുടുംബം പിന്നീട്‌ ആയഞ്ചേരി കോവിലകമെന്നും എടമരത്തുകോവിലകമെന്നും ഒഞ്ചിയം കോവിലകമെന്നും പല ശാഖകളായി പിരിഞ്ഞു. പണ്ടത്തെ കടത്തനാട്ടിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്ഥാപനങ്ങളുമെല്ലാം ഇന്നു കോഴിക്കോടു ജില്ലയിലെ വടകര, തൂണേരി, തോടന്നൂര്‍, കുന്നുമ്മല്‍ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്നു. വടകരയില്‍ കടത്തനാട്ടുരാജാക്കന്മാര്‍ക്ക്‌ ഒരു കോട്ടയുണ്ടായിരുന്നതു പില്‌ക്കാലത്തു ടിപ്പുസുല്‍ത്താന്‍ കൈവശപ്പെടുത്തി.

പോര്‍ളാതിരിമാരുടെ കാലത്തു കൈയൂക്കും കാര്യശേഷിയുമുള്ള ഏതാഌം നാട്ടു പ്രഭുക്കന്മാരായിരുന്നു കടത്തനാട്ടില്‍ അധികാരം നടത്തിയിരുന്നത്‌. രാജവാഴ്‌ച( പേരിഌമാത്രമേ ഉണ്ടായിരുന്നുള്ളു. വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള വഴക്ക്‌ ഒതുക്കിത്തീര്‍ക്കാന്‍ "തറക്കൂട്ട'വും "നാട്ടുക്കൂട്ട'വും ഉണ്ടായിരുന്നു. പറഞ്ഞൊതുക്കാനാവാത്ത വഴക്കുകള്‍ അങ്കംവെട്ടി തീരുമാനിക്കുകയായിരുന്നു പതിവ്‌. ഓരോ പ്രധാന കുടുംബത്തിഌം കളരിയും അതിലെ ഓരോ അംഗത്തിഌം കളരി അഭ്യാസവും നിര്‍ബന്ധമായിരുന്നു. "അങ്കംവെട്ടല്‍'കുലത്തൊഴിലായി സ്വീകരിച്ചവരായിരുന്നു. ചേകവന്മാര്‍ കായികാഭ്യാസത്തില്‍ പഴയ പാരമ്പര്യം ഇന്നും കടത്തനാട്‌ പുലര്‍ത്തിപ്പോരുന്നുണ്ട്‌. കളരിഗുരുക്കളുടെ നിര്‍ദേശാഌസരണം മെയ്‌വഴക്കം ശീലിക്കുന്നതും പയറ്റുമുറകള്‍ അഭ്യസിക്കുന്നതും ഇന്നും അവിടെ സാധാരണമാണ്‌. പല വീരപൗരുഷകഥകളുടെയും വിളനിലമാണ്‌ കടത്തനാട്‌. വടക്കന്‍പാട്ടുകളില്‍ വര്‍ണിക്കപ്പെടുന്ന ആരോമല്‍ച്ചേകവരും തച്ചോളി ഒതേനഌം പാലാട്ടുകോമഌം ഉണ്ണിയാര്‍ച്ചയും ഈ മണ്ണിന്‍െറ മക്കളാണ്‌.

വലുതും ചെറുതുമായ അനേകം ക്ഷേത്രങ്ങളും കാവുകളും മുസ്‌ലിംപള്ളികളും മദ്രസകളും കടത്തനാട്ടുണ്ട്‌. ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവദേവാലയം ലോകനാര്‍കാവാണ്‌. കടത്തനാട്ടുരാജാക്കന്മാരുടെ കുടുംബപരദേവതയായ ഭഗവതിയെയാണ്‌ ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. തച്ചോളി മാണിക്കോത്തു ക്ഷേത്രമാണ്‌ മറ്റൊന്ന്‌. ഒതേനന്റെ തറവാടാണ്‌ മാണിക്കോത്ത്‌. അവിടെ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ള മൂന്ന്‌ മന്ദിരങ്ങളിലായി ഒതേനക്കുറുപ്പിന്‍െറയും ജ്യേഷ്‌ഠന്‍ കോമക്കുറുപ്പിന്റെയും മാണിക്കോത്തു തറവാട്ടിലെ അവസാനത്തെ അംഗമായിരുന്ന കേളുക്കുറുപ്പിന്റെയും ആത്‌മാക്കളെ കുടിയിരുത്തിയിരിക്കയാണ്‌. ലോകനാര്‍കാവുക്ഷേത്രത്തില്‍ നിന്നു കഷ്‌ടിച്ചു ഒന്നര കിലോമീറ്റര്‍ കിഴക്കാണ്‌ പാലാട്ടു കോമനെ കുടിയിരുത്തിയിട്ടുള്ള കയ്‌പുള്ളി പാലാട്ടുക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. വടകരയ്‌ക്കു സമീപമുള്ള അയ്യപ്പന്‍കാവും വടകരനിന്ന്‌ മൂന്നു കിലോമീറ്റര്‍ കിഴക്കുള്ള ശിവാനന്ദയോഗിയുടെ സമാധിയുമാണ്‌ മറ്റു രണ്ട്‌ ആരാധനാകേന്ദ്രങ്ങള്‍. നാദാപുരത്തങ്ങാടിയിലുള്ള വലിയ പള്ളിയും പുത്തന്‍പള്ളിയും ചേലക്കാട്ട്‌ ജുമാ അത്ത്‌ പള്ളിയും മുസ്‌ലിങ്ങളുടെ ആരാധനാകേന്ദ്രങ്ങളാണ്‌.

വടകരത്താലൂക്കിനെയും കൊയിലാണ്ടിത്താലൂക്കിനെയും വേര്‍തിരിക്കുന്ന കുറ്റ്യാടിപ്പുഴ കടലിനോടു ചേരുന്ന അഴിമുഖത്തിഌ തെക്കുവശം, കുഞ്ഞാലി മരയ്‌ക്കാരുടെ കോട്ടയുടെ അവശിഷ്‌ടങ്ങള്‍ പൂഴിമണ്ണില്‍ പുതഞ്ഞു കിടക്കുന്നു. കുഞ്ഞാലി മരയ്‌ക്കാരുടെ വാളും പോര്‍ച്ചുഗീസുകാരില്‍നിന്നു പിടിച്ചെടുത്തതെന്നു വിശ്വസിക്കപ്പെടുന്ന സ്വര്‍ണസിംഹാസനം പോലുള്ള ഒരു സ്‌മാരകവും കോട്ടയ്‌ക്കല്‍ മുസ്‌ലിംപള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

സാഹിത്യത്തിലും കലകളിലും അഭിമാനകരമായ ഒരു സ്ഥാനം അവകാശപ്പെടാവുന്ന പ്രദേശമാണു കടത്തനാട്‌. പണ്ഡിതകവിയായ കടവില്‍ വാസുനമ്പി, എടമരത്തു രവിവര്‍മത്തമ്പുരാന്‍, എടമരത്തു കോവിലകത്തു ലക്ഷ്‌മിത്തമ്പുരാട്ടി, സംസ്‌കൃതപണ്ഡിതനായ താഴേമഠത്തില്‍ ശങ്കരവാരിയര്‍, ചമ്പുരാമായണത്തിന്റെ പരിഭാഷകനായ കൃഷ്‌ണവാര്യര്‍, ആയാഞ്ചേരി കോവിലകത്ത്‌ ഉദയവര്‍മത്തമ്പുരാന്‍, കാവില്‍ പി. രാമപ്പണിക്കര്‍, കടത്തനാട്ടു മാധവി അമ്മ എന്നിങ്ങനെ തദ്ദേശീയരായ പലരും സാഹിത്യലോകത്തു സ്‌മരണാര്‍ഹരായിട്ടുണ്ട്‌. കോലത്തിരിരാജാവായ ഉദയവര്‍മന്റെ ആജ്ഞപ്രകാരം കൃഷ്‌ണഗാഥ രചിച്ച ചെറുശ്ശേരി നമ്പൂതിരിയുടെ ജന്മസ്ഥലം വടകരയാണെന്നു വിശ്വസിക്കപ്പെടുന്നു. ഉയ്യാനത്തു കോവിലകം കഥകളിക്കു വലിയ പ്രാത്‌സാഹനം നല്‍കിയിട്ടുണ്ട്‌. കോല്‍ക്കളിയാണ്‌ നാടന്‍കലകളില്‍ മുഖ്യം. കളരിപ്പയറ്റും പൂരക്കളിയും ഇവിടത്തെ ഉത്‌സവങ്ങള്‍ക്ക്‌ മോടികൂട്ടുന്ന രണ്ടു കലാരൂപങ്ങളാണ്‌.

ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌ ജനസംഖ്യയില്‍ മുന്തിനില്‍ക്കുന്നത്‌. കുറ്റ്യാടി തുടങ്ങിയ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ ഇപ്പോള്‍ ധാരാളം ക്രിസ്‌ത്യാനികളുണ്ട്‌. കൃഷിയാണ്‌ മുഖ്യ ജീവിതമാര്‍ഗം. തേങ്ങയും അടയ്‌ക്കയും നെല്ലുമാണ്‌ പ്രധാനകാര്‍ഷികോ(ത്‌പന്നങ്ങള്‍. വടകര ടൗണിലെ ആഴ്‌ചച്ചന്തയില്‍ ഉള്‍പ്രദേശങ്ങളിലെ കാര്‍ഷികോത്‌പന്നങ്ങളും ചൂടി, കയര്‍, പായ, കുട്ട, മണ്‍പാത്രങ്ങള്‍ മുതലായവയും വില്‌ക്കപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന "ഓര്‍ക്കാട്ടേരിച്ചന്ത' കടത്തനാടന്‍ പ്രദേശങ്ങളുടെ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഉത്സവം തന്നെയാണ്‌. വടകരയിലെ അടയ്‌ക്കാത്തെരുവ്‌, പെരുമാട്ടിന്‍ താഴ എന്നീ സ്ഥലങ്ങള്‍ കൊപ്രവ്യാപാര കേന്ദ്രങ്ങളാണ്‌. തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനവും നടക്കുന്നുണ്ട്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍