This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കച്ചങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കച്ചങ്ങള്‍ == പ്രാചീനകേരളത്തില്‍ ക്ഷേത്രഭരണത്തിന്റെ നിര്‍...)
അടുത്ത വ്യത്യാസം →
12:53, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കച്ചങ്ങള്‍
പ്രാചീനകേരളത്തില്‍ ക്ഷേത്രഭരണത്തിന്റെ നിര്‍വഹണത്തിഌ നിശ്ചയിച്ചിരുന്ന ചില വ്യവസ്ഥകള്‍ക്കുള്ള പൊതുനാമം. സംഘം എന്നു ശബ്‌ദാര്‍ഥം. സംഘവ്യവസ്ഥ, നിബന്ധന, നിശ്ചയം, ക്ഷേത്രകാര്യനിബന്ധന എന്നു ക്രമേണ അര്‍ഥവികാസം സംഭവിച്ചു. ലുപ്‌തപ്രചാരമായ ഈ വാക്കും അതു പരാമര്‍ശിക്കുന്ന ചരിത്രവസ്‌തുതകളും തിരുവിതാംകൂര്‍ പ്രാചീനരേഖാ പ്രകാശകനായ ടി.എ. ഗോപിനാഥറാവു ആണു പുനര്‍ജീവിപ്പിച്ചത്. എ.ഡി. 1912ല്‍ റാവു ട്രാവന്‍കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് I.(X)VI (Travancore Archaeological Series I.(X)VI)) പ്രസിദ്ധപ്പെടുത്തി. അതില്‍ പ്രകാശിപ്പിച്ച കവിയൂര്‍ ശിലാരേഖയിലെ "മൂഴിക്കളത്തു കച്ചത്തോടൊക്കും' എന്ന ഭാഗം പഴയ കേരളത്തിലെ ഒരു ചരിത്ര വസ്‌തുതയിലേക്കു പണ്ഡിതശ്രദ്ധയെ നയിക്കുക (T.A.S.I. 289)യുണ്ടായി.
തിരുവല്ലയ്‌ക്ക് 6 കി.മീ. കിഴക്കുള്ള ഒരു പുരാതന ശിവക്ഷേത്രമാണു കവിയൂര്‍. കലിവര്‍ഷം 4051-ാമാണ്ട് (കൊ.വ. 125/എ.ഡി. 950) മകിഴഞ്ചേരിദേവന്‍ ചേന്നന്‍ കവിയൂര്‍ ദേവഌ "തിരുനന്താവിളക്കും തിരു അമൃതും തിരു അക്കിരവും തിരുചന്ദനവും തിരുപ്പുകയും' ഏര്‍പ്പെടുത്തിയ രേഖയാണു പ്രസ്‌തുതം. ആ രേഖ അവസാനിക്കുന്നതു "മൂഴിക്കളത്തു കച്ചത്തോടൊക്കും' എന്ന വാക്യത്തോടെയാണ്. ഈ വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ടു രേഖാപ്രസാധനത്തിന്റെ ഇംഗ്ലീഷ് മുഖക്കുറിപ്പില്‍ റാവു പ്രസ്‌താവിച്ചിട്ടുള്ളതിന്റെ പരിഭാഷ ഇതാണ്: "ഇതും ഇതുപോലെ പശ്ചിമതീരത്തെ ഒട്ടേറെ രേഖകളും മൂഴിക്കളം കച്ചത്തെപ്പറ്റി പരാമര്‍ശിക്കുന്നു. ഏതെങ്കിലും ഒരു ദാനവ്യവസ്ഥയ്‌ക്കു വിരോധം ചെയ്യുന്നവന്‍ ഈ കച്ചത്തെ ഭഞ്‌ജിച്ചു പാപം ചെയ്‌തതായി കരുതപ്പെടും. ഈ മൂഴിക്കളം കച്ചം (മൂഴിക്കളം നിശ്ചയം) എന്താണെന്ന് അറിയാന്‍ നിവൃത്തിയില്ലാത്തതു ഖേദകരമാണ്. മൂഴിക്കളത്തെ ക്ഷേത്രം ടിപ്പുവിന്റെ ആക്രമണത്തിന് ഇരയായ പല ക്ഷേത്രങ്ങളില്‍ ഒന്നാണ്. അമ്പലം അന്ന് അഗ്നിക്ക് ഇരയായി. ശിലാരേഖകളും നഷ്ടപ്പെട്ടു. ഈയിടെ വികൃതമായ രീതിയില്‍ പുതുക്കിപ്പണിത ആ അമ്പലത്തില്‍ ഒരു വിധത്തില്‍ പൂജയും നടത്തുന്നുണ്ട്. മലനാട്ടിലെ പാടല്‍പെറ്റ പതിമൂന്നു സ്ഥലങ്ങളില്‍ ഒന്നാണ് അത്' (T.A.S.I. 289). കച്ചം എന്നതിന് വ്യവസ്ഥ, നിശ്ചയം, തീരുമാനം (arrangement or decision) എന്നൊക്കെ റാവു അര്‍ഥം കല്‌പിച്ചു. ആ അര്‍ഥം തമിഴില്‍ പ്രചാരത്തിലുണ്ട്. അതു സംസ്‌കൃതത്തിലെ കക്ഷ്യ (കക്ഷ) എന്നതിന്റെ തദ്‌ഭവമായിരിക്കാം. ആ വാക്കിന് അന്തഃപുരം അഥവാ രഹസ്യസ്ഥാനം എന്നര്‍ഥമുണ്ട്. അതില്‍ നിന്നു കാര്യാലോചന ചെയ്യുന്ന സ്ഥലം, കാര്യനിശ്ചയം, വ്യവസ്ഥ എന്നൊക്കെ അര്‍ഥവികാസം വന്നു. മഴിക്കളത്തു കച്ചം എന്നതിഌ മൂഴിക്കളത്തുവച്ചു ചെയ്‌ത നിശ്ചയം, തീരുമാനം, വ്യവസ്ഥ എന്ന് അര്‍ഥം. ചില രേഖകളില്‍ ക്ഷേത്രകാര്യവ്യവസ്ഥയെ കച്ചമെന്നും കരുമം (കര്‍മം) എന്നും പറയുന്നുണ്ട് (ഭാസ്‌കരരവിയുടെ 13-ാം വര്‍ഷത്തിലെ തൃക്കൊടിത്താനം ശിലാരേഖ നോക്കുക: T.A.S.II. 36, 37). ക്ഷേത്രകാര്യവ്യവസ്ഥ എന്ന അര്‍ഥത്തില്‍ "കച്ചം' എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ള രണ്ടു സുപ്രധാന രേഖകള്‍ കിട്ടിയിട്ടുണ്ട്. ഒന്നാമത്തേതു കുമാരനല്ലൂര്‍ കച്ചത്തെപ്പറ്റിയാണ് (T.A.S.III. 196). രണ്ടാമത്തേതു തൃശ്ശിവപേരൂര്‍ (തൃശൂര്‍) കോട്ടുവായിരവേലിക്കച്ചത്തെപ്പറ്റിയും (T.A.S.VI. 194). ഇവയെപ്പറ്റി ലഭിക്കുന്ന വിവരങ്ങള്‍ ചരിത്രപരമായി വിലപ്പെട്ടവയാകയാല്‍ ഇവിടെ സംഗ്രഹിക്കാം.
കുമാരനല്ലൂര്‍ കച്ചം. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ താലൂക്കിലാണു കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം. ആ ദേവാലയത്തിന്റെ വടക്കേ ഭിത്തിയില്‍ കൊത്തിയിട്ടുള്ള രേഖ അവിടത്തെ ഊരാളര്‍ ചെയ്‌ത സുപ്രധാനമായ ഒരു കച്ചമാണ്. കാലസൂചന ഇല്ലാത്ത ആ ലിഖിതം എ.ഡി. 13-ാം ശ.ത്തിന്റെ മധ്യഘട്ടത്തിഌമുമ്പുള്ളതായിരിക്കാമെന്നു കെ.വി. സുബ്രഹ്മണ്യയ്യര്‍ പ്രസ്‌താവിച്ചിട്ടുണ്ട്. അതില്‍ മൂഴിക്കളം കച്ചത്തെപ്പറ്റിയും പരാമര്‍ശിച്ചിരിക്കുന്നു. കുമാരനല്ലൂര്‍ക്കച്ചം ഏര്‍പ്പെടുത്തിയ രീതിയും അതിന്റെ ഉള്ളടക്കവും കച്ചത്തെപ്പറ്റി മനസ്സിലാക്കാന്‍ സഹായകമാണ്.
"ഊരകള്‍ മുക്കാല്‍ വട്ടത്തുകൂടി അവിരോതത്താന്‍ ചെയ്‌ത കച്ചമാവതു' എന്നു പ്രസ്‌താവിച്ചിട്ടുള്ളതുകൊണ്ട് ഊരാളര്‍ (ക്ഷേത്രാധികാരമുള്ള ഊരിലെ പ്രമാണികള്‍) ആയിരുന്നു കച്ചം ഏര്‍പ്പെടുത്തിയതെന്നും അവര്‍ അമ്പലത്തില്‍ കൂടിയിരുന്ന് അവിരോതത്താന്‍ (ഏകാഭിപ്രായമായി) ചെയ്‌തതായിരുന്നു ആ കച്ചമെന്നും നിശ്ചയിക്കാം. ആ കച്ചത്തിലെ പ്രധാന സംഗതികള്‍:
(1) മുക്കാല്‍വട്ടത്തുവച്ചു കൂട്ടവും കലക്കവും ചെലവും ചെയ്‌തു കൂടാ. (2) കൊയ്‌തുകിട്ടുന്ന ധാന്യം മുക്കാല്‍വട്ടത്തെ പതിനാറുപേരെ അറിയിക്കണം. (3) ഊരാര്‍ (ഊരാളന്മാര്‍) അകനാഴികച്ചെലവ് വിലക്കിക്കൂടാ. (4) സ്ഥാനത്താരോടുകൂടി വീടുകളിലും പുരയിടങ്ങളിലും കയറി ഉപദ്രവം ചെയ്യരുത്. (5) എല്ലാ വ്രതങ്ങള്‍ക്കും (വിശേഷങ്ങള്‍ക്കും) എല്ലാവരും സംബന്ധിക്കണം. (6) പുരയിടത്തില്‍ കയറി ഉപദ്രവിക്കുന്നവര്‍ക്കും അന്യായമായി ഭൂമി വില്‌ക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സ്ഥാനവും പരിഷയും (പരിഷയില്‍ അംഗത്വവും) ധര്‍മവും (അറം) കൊടുക്കരുത്. (7) ഊരിലെ ശൂദ്രര്‍ ബ്രാഹ്മണരെ ചീത്ത പറഞ്ഞാല്‍ പന്ത്രണ്ട് കാണം പൊന്നുകൊടുക്കണം. (8) ശൂദ്രന്‍ ശൂദ്രനെ പഴിച്ചാല്‍ (കുറൈച്ചാല്‍) ആറു കഴഞ്ചു പൊന്നു കൊടുക്കണം. (9) കൊന്നാല്‍ പന്ത്രണ്ടു കഴഞ്ചു പൊന്നു കൊടുക്കണം. (10) ഈ പൊന്ന് ഭട്ടാരകള്‍ക്കു (ദേവിക്കു) കൊടുക്കണം. (11) ഈ കച്ചം പിഴയ്‌ക്കുന്നവരുടെ വീട്ടില്‍ നിന്നു ഭിക്ഷ സ്വീകരിക്കരുത്. (12) കച്ചം പിഴച്ചാല്‍ മൂഴിക്കളത്ത് ഒഴുക്കവി (നിവേദ്യം) മുട്ടിച്ചവരില്‍പ്പെടും (T.A.S.III. 194-196).ഈ സംക്ഷിപ്‌തവിവരണത്തില്‍ നിന്ന് ആ കച്ചത്തിന്റെ സ്വഭാവവും ഉള്ളടക്കവും വ്യക്തമാകുന്നു.
കോട്ടുവായിരവേലിക്കച്ചം. തൃശ്ശിവപേരൂര്‍ ശിവക്ഷേത്രത്തിലെ രണ്ടു പുരാതന ശിലാരേഖകളില്‍ നിന്നു കോട്ടുവായിരവേലിക്കച്ചത്തെപ്പറ്റി സൂചന കിട്ടുന്നു. ഒന്നാമത്തേത് തൃശ്ശിവപേരൂര്‍ മുക്കാല്‍ വട്ടത്തു ഇരുന്ന് ഊരും ചമഞ്ചിതഌം (സഭാധ്യക്ഷഌം) യോഗിയാര്‍ തിരുവടിയും പൊതുവാളന്മാരും കൂടിചെയ്‌ത കച്ച ഓലക്കരണമാണ്. രണ്ടാമത്തേതു തിരുച്ചിവപേരൂര്‍ മുക്കാല്‍ വട്ടത്ത് ഇരുന്നു മൂത്താരും ഇളയാരും കോയിലും പൊതുവാളും കൂടി അവിരോതത്താന്‍ ചെയ്‌തതാണ്. ആ കച്ചം ലംഘിക്കുന്നവനെ തന്തയെ കൊന്നു തായയെ കളത്രമാക്കുന്നവനായി ഗണിക്കുമെന്നു പറഞ്ഞിരിക്കുന്നു (T.A.S.VI 194). ദേവസ്വം ഭൂമികളെപ്പറ്റിയുള്ള വ്യവസ്ഥകളാണ് വിഷയം. കച്ചം പിഴച്ചവനെ കോയില്‍ (രാജാവ്) ശിക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട് (T.A.S.VI. 195). തൃശ്ശൂരിലെ ഈ കച്ചങ്ങളില്‍ മൂഴിക്കളം കച്ചത്തെപ്പറ്റി സൂചനയില്ല. ഈ വട്ടെഴുത്തു രേഖകളുടെ കാലം എ.ഡി. 12-ാം ശ. ആയിരിക്കാനാണു സാധ്യത.
മൂഴിക്കളം കച്ചം. പല രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൂഴിക്കളം ക്ഷേത്രത്തില്‍നിന്നു തന്നെ രണ്ടു പുരാതന ശിലാരേഖകള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അവ മൂഴിക്കളം കച്ചമെന്ന പ്രസിദ്ധ രേഖയല്ല; എന്നാലും മൂഴിക്കളം കച്ചം പ്രധാന ചിന്താവിഷയമാകയാല്‍ ആ രേഖകളെപ്പറ്റി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
മൂഴിക്കളം ക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍. (i) ഇന്ദുക്കോത തിരുവടിയുടെ ആറാം ഭരണവര്‍ഷത്തില്‍ (എ.ഡി. 961?) തിരുമൂഴിക്കളത്തപ്പന്റെ പൂജാദികളുടെ സമയത്തെയും മറ്റും പറ്റിയുള്ള വ്യവസ്ഥയാണിതില്‍ (T.A.S. 189-190-). ഇന്ദുക്കോതയുടെ കാലം എ.ഡി. 855978 ആണെന്നു കണക്കാക്കിയിരിക്കുന്നു (T.A.S.162). ഈ രേഖ അപൂര്‍ണമാണ്. (ii) രണ്ടാമത്തെ മൂഴിക്കളം ശിലാരേഖ ഭാസ്‌കരരവിവര്‍മയുടെ 49-ാം ഭരണവര്‍ഷത്തില്‍ (എ.ഡി. 1027) കൊത്തിയതാണ് (T.A.S.II. 46.144). അതിപ്രധാനമായ ഈ ശിലാരേഖ മഌകുലാദിത്യന്‍ മൂഴിക്കളത്തു തിരുവക്കിരത്തിഌ (ബ്രാഹ്മണഭോജനത്തിന്) ചേരിക്കല്‍ സ്ഥലങ്ങള്‍ വിട്ടുകൊടുത്തതിനെപ്പറ്റിയാണ്. "തിരുമൂഴിക്കളത്തു ഊരും പൊതുവാളും കൂടി മുക്കാല്‍ വട്ടത്തു ഇരുന്ന് അവിരോതത്താന്‍ പണ്ണിന കച്ചമാവിതു' എന്നു രേഖയില്‍ പറഞ്ഞിരിക്കുന്നു T.A.S.II. 46). ഇതിന്റെയും അവസാനഭാഗം നഷ്ടപ്പെട്ടിരിക്കയാണ്. ഈ രേഖയും ഒരു മൂഴിക്കളം കച്ചം തന്നെയെങ്കിലും പ്രസിദ്ധമായ മൂഴിക്കളം കച്ചം ഇതല്ല. ഇതിഌ മുമ്പ് ഉണ്ടായ കവിയൂര്‍ രേഖയിലും (എ.ഡി. 950) പ്രസിദ്ധമായ മൂഴിക്കളം കച്ചത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.യഥാര്‍ഥ മൂഴിക്കളം കച്ചത്തെ പരാമര്‍ശിക്കുന്ന രേഖകള്‍ താഴെ പറയുന്നു.
(1) കവിയൂര്‍ ശിലാരേഖ കലിവര്‍ഷം4051 (എ.ഡി. 950/125 കൊ.വ.).
(2) ചെങ്ങന്നൂരിഌ തെക്ക് തിരുവണ്‍ വണ്ടൂര്‍ വിഷ്‌ണു ക്ഷേത്രത്തില്‍വേണാട്ടുടയ ശ്രീവല്ലഭന്‍ കോത കൊ.വ. 149 (എ.ഡി. 973)-ാമാണ്ടിടയ്‌ക്കു പൂജയ്‌ക്കായി സ്ഥലം വിട്ടുകൊടുത്തത് (T.A.S.II 20-24).
(3) ടി ക്ഷേത്രത്തില്‍ തിരുവമ്പാടി കോവിലിഌ ശ്രീവല്ലഭന്‍ കോത ദാനം ചെയ്‌തതിനെപ്പറ്റി (T.A.S.II.25).
(4) ടി ക്ഷേത്രത്തിലേക്കു കുറത്തിക്കാട് എതിരന്‍ കവിരന്‍ നന്താവിളക്കിഌ ഭൂമി കൊടുത്തത്. കൊ.വ. 145/എ.ഡി. 970 (T.A.S.II. 31-33).(ഏകദേശം ശ്രീവല്ലഭന്‍ കോതയുടെ കാലം.)
(5) ഇടപ്പള്ളിക്കു കിഴക്കു തൃക്കാക്കര ക്ഷേത്രത്തില്‍ശാന്തിക്കാര്‍ക്കു കടം കൊടുക്കരുതെന്നു കാല്‌ക്കരനാട്ടുടയ കണ്ണന്‍ പുറയന്‍ അഌശാസിക്കുന്ന രേഖ എ.ഡി. 957 അഥവാ 981. (T.A.S.III 178-179).
(6) തൃക്കാക്കര ക്ഷേത്രത്തിലെ മറ്റൊരു രേഖഭാസ്‌കരരവിയുടെ 31-ാം ഭരണവര്‍ഷത്തില്‍ എ.ഡി. 1009/കൊ.വ. 184 (എ.ഡി. 992 എന്നു പറഞ്ഞിരിക്കുന്നതു ശരിയല്ല) (T.A.S.III 182).
(7) കുമാരനല്ലൂര്‍ ഭഗവതീ ക്ഷേത്രരേഖ (13-ാംശ.?) (T.A.S.III 192-196).
(8) ഭാസ്‌കരരവിവര്‍മയുടെ കാലത്തു ഉണ്ടായതെന്നു കരുതാവുന്ന തിരുവല്ലാ ചെപ്പേടിലെ ഭാഗം (T.A.S.II. 148; 172; 194).
(9) നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ രേഖ. (കാലം അവ്യക്തം; ഏറനാടു കുമാരന്‍ കണ്ടന്‍ തിരുവിളക്കിന്) അറുപതു കഴഞ്ചു പൊന്നു കൊടുത്തതു (T.A.S.VI. 83). (10) തെക്കു കല്‌ക്കുളം താലൂക്കില്‍ തിരുനന്തിക്കര രേഖ (എ.ഡി. എട്ടോ, ഒന്‍പതോ ശ.).
തിരവല്ലാ അപ്പഌം തിരുനന്തിക്കര അപ്പഌം മങ്ങലച്ചേരി നാരായണന്‍ ശിവാകരന്‍ സ്ഥലം വിട്ടുകൊടുത്തത് (T.A.S.III. 203).
മൂഴിക്കളം കച്ചം പ്രാബല്യത്തില്‍ നിന്ന ദേശകാലങ്ങള്‍. ഈ ദാനശാസനങ്ങളിലെല്ലാം മൂഴിക്കളം കച്ചത്തെ പരാമര്‍ശിച്ചിട്ടുള്ളതില്‍ നിന്ന് ചില ചരിത്രവസ്‌തുതകള്‍ ഊഹിച്ചെടുക്കാവുന്നതാണ്. മൂഴിക്കളം കച്ചം പ്രാബല്യത്തില്‍ നിന്ന ദേശങ്ങളെപ്പറ്റിയും അത് ഉണ്ടായ കാലത്തെപ്പറ്റിയുമാണ് ചരിത്രഗണന. വടക്കു മൂഴിക്കളവും തൃക്കാക്കരയും തൊട്ടു തെക്ക് നന്തിക്കര വരെയെങ്കിലും എ.ഡി.പത്തും പതിനൊന്നും ശ.ത്തിന് ഇടയ്‌ക്ക് പ്രാബല്യത്തില്‍ നിന്ന വ്യവസ്ഥയായിരുന്നു ഇത് എന്നു നിശ്ചയിക്കാം. മൂഴിക്കളത്തിഌ തെക്കോട്ടെന്നതുപോലെ വടക്കോട്ടും ഇതിഌ പ്രാബല്യം ഉണ്ടായിരുന്നോ എന്നു മനസ്സിലാക്കാന്‍ തെളിവ് ഇല്ല. മൂഴിക്കളം തൊട്ടു തിരുനന്തിക്കര വരെയെങ്കിലും അധികാരം ഉണ്ടായിരുന്ന ഒരു രാജാവിന്റെ ശാസനമായിരിക്കണം ഈ കച്ചം എന്നു സങ്കല്‌പിച്ചാല്‍, അക്കാലത്ത് അത്തരം അധികാരം നടത്തിയിരുന്ന ചേരചക്രവര്‍ത്തിമാര്‍ക്ക് ഇന്ദുക്കോത, ഭാസ്‌കരരവിവര്‍മ മുതലായവര്‍ക്ക് വയനാടുവരെ വടക്കോട്ടും അധികാരം ഉണ്ടായിരുന്നതുകൊണ്ട് ഈ കച്ചം അങ്ങോട്ടും വ്യാപിച്ചിരുന്നതായി കല്‌പിക്കാനാണ് ന്യായം.
തിരുവണ്‍വണ്ടൂരില്‍ വേണാട്ടുടയ ശ്രീവല്ലഭന്‍ കോത (കൊ.വ. 149/എ.ഡി. 973), തൃക്കാക്കര കാല്‌ക്കര നാട്ടുടയ കണ്ണന്‍ പുറയന്‍ എന്നീ നാടുവാഴികളും കവിയൂര്‍, നാവായിക്കുളം, തിരുനന്തിക്കര എന്നീ സ്ഥലങ്ങളിലെ സാമാന്യ വ്യക്തികളും കുമാരനല്ലൂരിലെ ഊരാളന്മാരും പ്രമാണമായി അംഗീകരിച്ചതായിരുന്നു മൂഴിക്കളം കച്ചം എന്ന വസ്‌തുത ശ്രദ്ധേയമാണ്. പ്രസ്‌തുത കച്ചം ഏര്‍പ്പെടുത്തിയ വ്യക്തിയുടെ അധികാരത്തെയാണ് ഇത് തെളിയിക്കുന്നത്. മൂഴിക്കളം ക്ഷേത്രം മാത്രം മുന്‍കൈയെടുത്തു നിര്‍മിച്ച കച്ചമായിരുന്നെങ്കില്‍ അതിന് ഇങ്ങനെയുള്ള പ്രാബല്യം സിദ്ധിക്കാന്‍ ന്യായമില്ലെന്നും കരുതേണ്ടയിരിക്കുന്നു. അതിനാല്‍ അധികാരശക്തിയുള്ള ഒരു രാജാവ് മൂഴിക്കളത്തു വച്ചു നിര്‍മിച്ച കച്ചമായിട്ടുതന്നെ ഇതിനെ അംഗീകരിക്കേണ്ടി വരുന്നു.
മൂഴിക്കളം കച്ചം ഏര്‍പ്പെടുത്തിയ രാജാവും അതിന്റെ കാലവും. മൂഴിക്കളം കച്ചത്തെ പരാമര്‍ശിക്കുന്ന രേഖകളില്‍ ചിലതു കാലസൂചനയുള്ളതാണ്; മറ്റു ചിലതു ഇല്ലാത്തതും. കാലസൂചന ഉള്ളവയില്‍ ഏറ്റവും പഴയത് കവിയൂര്‍ ശിലാരേഖയാണ് (കലി 4051; എ.ഡി. 950; കൊ.വ. 125). കാലനിര്‍ണയം ചെയ്യാവുന്ന രേഖകളില്‍ ഒടുവിലത്തേത് തൃക്കാക്കര ക്ഷേത്രത്തില്‍ ഭാസ്‌കരരവിയുടെ മുപ്പത്തൊന്നാം ഭരണവര്‍ഷത്തിലേതുമാണ് (എ.ഡി. 1009/കൊ.വ. 184). ഈ രണ്ടു കാലസീമകള്‍ (എ.ഡി. 950-1009) ആധാരമാക്കിയും തിരുനന്തിക്കരരേഖയും നാവായിക്കുളം രേഖയും കൂടി കണക്കിലെടുത്തും മൂഴിക്കളം കച്ചത്തിന്റെ കാലം തിട്ടപ്പെടുത്താമെന്നു തോന്നുന്നു. തെക്കേയറ്റത്തെ തിരുനന്തിക്കര രേഖയുടെ കാലം എ.ഡി. എട്ടോ ഒന്‍പതോ ശതകമെന്നേ പറഞ്ഞിട്ടുള്ളൂ. അത് അഌസരിച്ച് നോക്കിയാല്‍ അത് 950 ലെ കവിയൂര്‍ രേഖയെക്കാള്‍ വളരെ പഴയതാണെന്ന് കരുതണം. പക്ഷേ, തിരുനന്തിക്കര രേഖയുടെ കാലം രേഖയുടെ ലിപിരൂപം മാത്രം വച്ച് ഊഹിച്ചതാകയാല്‍ അതില്‍ വലിയ വിശ്വാസം വയ്‌ക്കാവുന്നതല്ല. നാവായിക്കുളം രേഖയുടെ കാലത്തെപ്പറ്റി യാതൊരു സൂചനയുമില്ലതാഌം. ആ ദേവാലയം പുതുക്കിപ്പണിയിച്ചത് എ.ഡി. 614ല്‍ ആണെന്നും അതില്‍ ബലിക്കല്‍ പണിയിച്ചത് കൊ.വ. 782-ാമാണ്ടാണെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ (T.A.S.VI. 83). ഇങ്ങനെ ആകപ്പാടെ നോക്കിയാല്‍ എ.ഡി. 950-ാമാണ്ടത്തെ കവിയൂര്‍ രേഖയും 1009-ാമാണ്ടത്തെ തൃക്കാക്കരരേഖയും മൂഴിക്കളം കച്ചത്തിന്റെ കാലനിര്‍ണയത്തില്‍ പ്രധാനപ്പെട്ട തെളിവുകളായി സ്വീകരിക്കാം.
ഈ ഘട്ടത്തിലെ കേരളാധിപന്മാരുമായി ഈ രേഖകളെയും മൂഴിക്കളം കച്ചത്തെയും ഘടിപ്പിക്കാന്‍ നോക്കിയാല്‍, ഇന്ദുക്കോതയും (955978) ഭാസ്‌കരരവിവര്‍മയും (9781036) ഗണനാവിഷയമാകും. മൂഴിക്കളം കച്ചത്തെ പരാമര്‍ശിച്ചിട്ടുള്ള രേഖകളില്‍ ചിലതില്‍ ഇന്ദുക്കോതയുടെയും മറ്റു ചിലതില്‍ ഭാസ്‌കരരവിയുടെയും നാമം കാണുന്നുണ്ട്. അതിനാല്‍, ഇവരില്‍ പൂര്‍വഗാമിയുടെ കാലത്തായിരിക്കാം കച്ചം നിലവില്‍ വന്നതെന്നു കല്‌പിക്കുന്നത് അസംഗതമായിരിക്കയില്ല. പൂര്‍വഗാമി ഇന്ദുക്കോതയാണെന്നും അദ്ദേഹത്തിന്റെ ഭരണാരംഭം എ.ഡി. 955 ആയിരുന്നെന്നും കെ.വി. സുബ്രഹ്മണ്യയ്യര്‍ കണക്കാക്കിയിട്ടുണ്ട് (T.A.S.III. 162). ഈ ചിന്തയില്‍ ഇന്ദുക്കോത ഏര്‍പ്പെടുത്തിയതായിരിക്കണം മൂഴിക്കളം കച്ചം എന്ന നിഗമനത്തിലെത്താന്‍ സാധിക്കുന്നു. പക്ഷേ അതു സ്വീകരിക്കാന്‍ ഒരു വൈഷമ്യം ഉണ്ട്. ഇന്ദുക്കോതയുടെ ഭരണാരംഭം എ.ഡി. 955 എന്നാണ് കണക്കാക്കിയിട്ടുള്ളത്. മൂഴിക്കളത്തെ കച്ചത്തെപ്പറ്റി പരാമര്‍ശിക്കുന്ന ആദ്യരേഖ കവിയൂര്‍ രേഖ, 950 ലേതാണ്. ഈ കാലനിര്‍ണയം ശരിയാണെന്നു കല്‌പിച്ചാല്‍ (?) ഇന്ദുക്കോതയുടെ ഭരണാരംഭത്തിന് അഞ്ചുവര്‍ഷമെങ്കിലും മുമ്പ് കച്ചം ഏര്‍പ്പെട്ടതായി കല്‌പിക്കണം. ഈ സ്ഥിതിയില്‍ രണ്ടു വിചാരകോടികള്‍ അവലംബിക്കാം:
(1) ഇന്ദുക്കോതയായിരുന്നു കച്ചം ആരംഭിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ ഭരണം എ.ഡി. 950ല്‍ (അതായത് കവിയൂര്‍ രേഖയുടെ കാലത്ത്) എങ്കിലും തുടങ്ങിയിരിക്കാമെന്ന് കല്‌പിക്കണം. (2) കച്ചം ഏര്‍പ്പെടുത്തിയത് ഇന്ദുക്കോതയുടെ പൂര്‍വഗാമികളില്‍ ആരെങ്കിലും ആയിരുന്നു എങ്കില്‍ അത് സ്ഥാണുരവിയോ വിജയരാഘവദേവനോ അജ്ഞാതനാമാവായ മറ്റേതോ രാജാവോ ആയിരിക്കാം.ഇതില്‍ ഒന്നാമത്തേതാണ് കൂടുതല്‍ സ്വീകാര്യമായിത്തോന്നുന്നത്. ഏതായാലും ഇന്നത്തെ അറിവ് ഇതിന് അപ്പുറം പോകാന്‍ ചരിത്രകാരന്മാരെ സഹായിക്കുന്നില്ല.
ദേവാലയങ്ങളിലെ കാര്യനിര്‍വഹണം ഭദ്രമാക്കുന്നതിഌം വസ്‌തുവകകള്‍ ദുര്‍വിനിയോഗം ചെയ്യാതിരിക്കുന്നതിഌം വേണ്ടി ഏര്‍പ്പെടുത്തിയതായിരുന്നു മൂഴിക്കളം കച്ചം എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ഇത്ര പ്രധാനപ്പെട്ട ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ തക്ക പാരമ്പര്യം മൂഴിക്കളത്തിന് എങ്ങനെ സിദ്ധിച്ചു എന്നും വിചാരിക്കേണ്ടതുണ്ട്.ഇന്ദുക്കോതവര്‍മ, ഭാസ്‌കരവര്‍മ എന്നീ കേരളാധീശ്വരന്‍മാരുടെ ശിലാലിഖിതങ്ങളും രക്ഷാവ്യവസ്ഥകളും സിദ്ധിച്ച മൂഴിക്കളത്തിന്റെ പുരാതന മഹിമയെപ്പറ്റി സംശയത്തിഌ വകയില്ല. നമ്മാഴ്‌വാര്‍ (എ.ഡി. 9-ാം ശ.) പാടിപ്പുകഴ്‌ത്തിയ മലനാട്ടിലെ (കേരളത്തിലെ) പതിമൂന്നു വിഖ്യാത ക്ഷേത്രങ്ങളില്‍ ഒന്നാണ് മൂഴിക്കളം എന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് (T.A.S.II. 131). കേരളോത്‌പത്തിയിലെ ഐതിഹ്യമഌസരിച്ച് അറുപത്തിനാലു ഗ്രാമങ്ങളില്‍പ്പെടുന്നതായിരുന്നു ഈ ഗ്രാമം (മൂഴിക്കളം മൂഷികക്കളം. നാടു രക്ഷിക്കാന്‍ തിരഞ്ഞെടുത്ത കഴകക്കാരായ നാലു തളിയാതിരിമാരില്‍ മേല്‍ത്തളി ആയിരുന്നു മൂഴിക്കളമെന്നു സ്‌മരിക്കാം (പ്രാചീനകേരളം 4; 17). ഐരാണിക്കുളം, മൂഷികക്കളം, ഇരിങ്ങാടിക്കൂടല്‍, പറവൂര്‍ എന്നീ നാലു കഴകങ്ങളും അയല്‍സ്ഥലങ്ങളായിരുന്നെന്നും കേരളോത്‌പത്തിയില്‍ നിന്നു കാണാം (പ്രാചീനകേരളം, 17; T.A.S.V. 43).
കൊ.വ. 342-ാമാണ്ട് (എ.ഡി. 1167) വേണാട് ഇളംകൂര്‍ ശ്രീവീരഉദയമാര്‍ത്താണ്ഡവര്‍മ കിളിമാനൂര്‍ പ്രദേശം തൃപ്പാല്‍ക്കടല്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണ ഭോജനത്തിഌ ദാനം ചെയ്‌തപ്പോള്‍ ക്ഷേത്രകാര്യങ്ങള്‍ നോക്കാന്‍ പത്തുപേരെ യോഗമായി നിയമിച്ചതില്‍ ഈ നാലു തളികളിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിരുന്നു (T.A.S.V.78). മൂഴിക്കളത്തിഌം മറ്റു തളികള്‍ക്കും 12-ാം ശതകത്തിലും നിലനിന്ന പ്രാധാന്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. വേണാടിഌ മൂഴിക്കളവുമായി നിലനിന്ന ബന്ധവും ഇതില്‍ നിന്നു വ്യക്തമാണ്.
ഏതായാലും ക്ഷേത്രകച്ചങ്ങളും വിശേഷിച്ച് മൂഴിക്കളം കച്ചവും ഒരു കാലത്ത് പ്രാബല്യത്തില്‍ നിലനിന്നിരുന്നുവെന്നത് ശ്രദ്ധേയമായ ചരിത്രവസ്‌തുതയാണ്. അനേകം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും അവയ്‌ക്ക് ധാരാളം സ്വത്തുക്കള്‍ വിട്ടുകൊടുക്കയും ചെയ്‌തിരുന്നതുകൊണ്ട് അപഹരണങ്ങളും ദുര്‍വിനിയോഗങ്ങളും വര്‍ധിച്ചു വന്നു. അവ തടയാന്‍ രക്ഷാവ്യവസ്ഥകളും ആവശ്യമായിത്തീര്‍ന്നു. ഒട്ടേറെ ശാസനങ്ങളില്‍ അത്തരം വ്യവസ്ഥകള്‍ വ്യക്തമായിരുന്നു. അവയില്‍പ്പെട്ടതാണ് കച്ചം. മറ്റു വ്യവസ്ഥകളായിരുന്ന നാട്ടുകൂട്ടങ്ങളുടെ നിയന്ത്രണവും പില്‌ക്കാലത്ത് വലിയ ശക്തിയില്‍ വളര്‍ന്നുവന്ന ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ എട്ടരയോഗത്തിന്റെ തന്നെ ആരംഭവും ഇത്തരം കച്ചങ്ങളില്‍ കാണാവുന്നതാണ്.
(ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള)