This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്റമോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്റമോളജി == == Entomology == കീടങ്ങളെപ്പറ്റി പഠനം നടത്തുന്ന ജന്തുശാ...)
അടുത്ത വ്യത്യാസം →
05:50, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
എന്റമോളജി
Entomology
കീടങ്ങളെപ്പറ്റി പഠനം നടത്തുന്ന ജന്തുശാസ്‌ത്രശാഖ. ഗ്രീക്ക് ഭാഷയിൽ എന്റോമ എന്നതിന് കീടം എന്നും, ലോഗോസ് എന്നതിന് വിവരണം അഥവാ പഠനം എന്നുമാണ് അർഥം.
ചരിത്രം
കീടങ്ങള്‍ ഭൂമിയിൽ ആവിർഭവിച്ചത് 50 കോടി വർഷങ്ങള്‍ക്കു മുമ്പാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ മനുഷ്യന്‍ ആവിർഭവിച്ചിട്ട് അഞ്ച് കോടി വർഷങ്ങളേ ആയിട്ടുള്ളൂ. മനുഷ്യന്‍ തന്റെ ആവിർഭാവം മുതല്‌ക്കേ കീടങ്ങളുമായി ബന്ധപ്പെട്ടിരിക്കണം. പേന്‍, കൊതുക്, മൂട്ട, ഈച്ച തുടങ്ങിയവയ്‌ക്ക് സംഭവിച്ചിട്ടുള്ള അനുകൂലനങ്ങള്‍ ഇതു തെളിയിക്കുന്നു. ഏതാനും ആയിരം സംവത്സരങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യനും കീടങ്ങളും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിന് രേഖകളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനയിലെ അബൂസിർ എന്ന സ്ഥലത്തുള്ള ഒരു ദേവലായത്തിൽ ബി.സി. 2500-ൽ ചെയ്‌തതായി കരുതപ്പെടുന്ന ഒരു കൊത്തുപണിയിൽ തേനീച്ചവളർത്തലിന്റെ രീതികള്‍ ചിത്രണം ചെയ്‌തിട്ടുണ്ട്. ആ കാലഘട്ടത്തിൽത്തന്നെ സിൽക്ക്‌വ്യവസായവും (പട്ടുനൂൽ പുഴുക്കളെ ഉപയോഗിച്ചുള്ളത്) തുടങ്ങിയിരുന്നു. കീടങ്ങളിൽനിന്നു ലഭിക്കുന്ന മെഴുക് ഉപയോഗത്തിൽ വന്നിരുന്നു. ഇതേ സമയത്ത് ഈജിപ്‌തുകാർക്കും യഹൂദർക്കും അറബികള്‍ക്കും കടന്നൽ, ഈച്ച, വെട്ടുക്കിളി, സ്‌കാരബ് വണ്ട് എന്നിവയെപ്പറ്റി അറിവുണ്ടായിരുന്നു. ബി.സി. 1500-ലെ ഒരു പപ്പൈറസ് ലിഖിതത്തിൽ പേന്‍, ചെള്ള്, കടന്നൽ തുടങ്ങിയ ക്ഷുദ്രകീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ചില വികർഷണ വസ്‌തുക്കളെപ്പറ്റിയുള്ള പ്രസ്‌താവം കാണുന്നുണ്ട്. ആദ്യകാലങ്ങളിൽ കീടങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ അവയെ മനുഷ്യരുടെ ആവശ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുക, ക്ഷുദ്രകീടബാധകളെ ഒഴിവാക്കുക എന്നീ രണ്ട് താത്‌പര്യങ്ങളെ മാത്രം മുന്‍നിർത്തിയുള്ളവയായിരുന്നു.
അരിസ്റ്റോട്ടലും എന്റമോളജിയും
അരിസ്റ്റോട്ടൽ (ബി.സി. 384-322), തിയോഫ്രസ്റ്റസ്, ഹിപ്പോക്രാറ്റസ്, ഈലിയന്‍, നിക്കാന്‍ഡർ എന്നീ ഗ്രീക്കു പണ്ഡിതന്മാർ എന്റമോളജിയുടെ വളർച്ചയ്‌ക്കു മുതൽ കൂട്ടിയവരാണ്.
ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടതാണ് കീടശരീരം എന്ന് അരിസ്റ്റോട്ടൽ അറിഞ്ഞിരുന്നു. പുറന്തോടുള്ള മറ്റു ജീവികളിൽനിന്നും കീടത്തെ വേർതിരിച്ചുതന്നെ പരിഗണിച്ചിരുന്നു. കീടങ്ങളുടെ ദഹനേന്ദ്രിയം, ഹൃദയം, ഘ്രാണേന്ദ്രിയം, ദർശനേന്ദ്രിയം, ശ്രവേണന്ദ്രിയം, ഘർഷണധ്വനി അംഗങ്ങള്‍ എന്നിവയെപ്പറ്റി അക്കാലത്തുതന്നെ വ്യക്തമായ അറിവുണ്ടായിരുന്നു. ചിറകുള്ളവ, ചിറകില്ലാത്തവ, കട്ടിച്ചിറകുകളുള്ളവ, രണ്ടോ നാലോ ചിറകുകള്‍ ഒരുപോലുള്ളവ എന്നിങ്ങനെപലതരത്തിലുള്ള കീടങ്ങളെ വർഗംതിരിച്ച് മനസ്സിലാക്കിയിരുന്നു. ചില കീടങ്ങളുടെ ഉദരാഗ്രത്തിൽ കാണപ്പെടുന്ന കുത്തുവാനുള്ള ഉപകരണത്തെപ്പറ്റിയും പ്രസ്‌താവം കാണുന്നുണ്ട്. ഇവയെല്ലാംതന്നെ സൂക്ഷ്‌മനിരീക്ഷണങ്ങളിൽ നിന്നും സിദ്ധിച്ച അറിവുകളായിരന്നു. എന്നാൽ കീടങ്ങളുടെ പ്രത്യുത്‌പാദനത്തെ സംബന്ധിച്ച് അന്നുള്ളവർക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. കീടങ്ങളുടെ ലിംഗഭേദം, ഇണചേരൽ, മുട്ടയിടൽ, സമാധിദശ എന്നിവ അറിഞ്ഞിരുന്നുവെങ്കിലും കീടങ്ങളുടെ ഉദ്‌ഭവം ഏതോ സ്വതഃപ്രജനന പ്രക്രിയയുടെ ഫലമായി സംഭവിക്കുന്നുവെന്നാണ് വിശ്വസിച്ചിരുന്നത്. സമാധി (പ്യൂപ്പ) മുട്ടയാണെന്നു ധരിച്ചിരുന്നു. വിസർജ്യങ്ങള്‍, ജഡങ്ങള്‍, ഭൂമി, തലമുടി, തൂവൽ, പൊടി തുടങ്ങിയവയിൽ നിന്നുമാണ് കീടങ്ങള്‍ക്കു സ്വതഃജനനം സംഭവിക്കുന്നതെന്നാണ് കരുതിയിരുന്നത്.
റോമാക്കാരുടെ സംഭാവന
റോമന്‍ തത്ത്വജ്ഞാനികളിൽ പ്രധാനിയായ പ്ലിനി അരിസ്റ്റോട്ടലിനെ അനുകരിക്കുകയാണ് ചെയ്‌തത് എന്ന ആക്ഷേപമുണ്ടായിരുന്നു. അതു മുഴുവന്‍ ശരിയായിരുന്നില്ല. പല പുതിയ അറിവുകളും പ്ലിനി സംഭാവന ചെയ്‌തു. ഉദാഹരണമായി കീടങ്ങള്‍ വായു ശ്വസിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. രക്തത്തിന്റെ സ്ഥാനത്ത് എന്തോ ഒരു ദ്രാവകം ഉണ്ടെന്ന് രേഖപ്പെടുത്തി. പുതിയ അനേകം കീടങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അദ്ദേഹം നല്‌കുകയും ചെയ്‌തു.
പ്ലിനിക്കുശേഷം ആയിരത്തിൽക്കൂടുതൽ വർഷങ്ങള്‍ ഈ വിഷയത്തിൽ പറയത്തക്ക പുരോഗതിയൊന്നുമില്ലാതെ കടന്നുപോയി. നിരീക്ഷണമാർഗം പാടേ ഉപേക്ഷിച്ച നിലയിലായി. ചില ഒറ്റപ്പെട്ട രചനകള്‍ മാത്രമേ അക്കാലത്തെ സംഭാവനയായി അവശേഷിക്കുന്നുള്ളൂ. ഇവയിൽ റാബ്‌ഡാനസ് മാഗ്നെന്റിയസ് മോറസ് (എ.ഡി. 776-856) എന്ന ശാസ്‌ത്രജ്ഞന്റെ പഠനങ്ങള്‍ അന്വേഷണ നിബദ്ധമായ ശാസ്‌ത്രത്തിന്റെ പുനരുദ്ധാരണത്തിനു സഹായിച്ചു.
അഞ്ചാംശതകം മുതൽ പതിനേഴാം ശതകം വരെ
എ.ഡി. 410-ൽ റോമാനഗരവും അതോടൊപ്പം റോമന്‍ സംസ്‌കാരത്തിന്റെ വിജ്ഞാന ഭണ്ഡാഗാരവും നശിപ്പിക്കപ്പെട്ടു. ഏതാനും കൃതികളും ചില കൈയെഴുത്തു രേഖകളും മാത്രമേ അവശേഷിച്ചുള്ളൂ. റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ഭാഗങ്ങളിൽപ്പെട്ട ബൈസാന്തിയം തുടങ്ങിയ മേഖലകളിലാണ് ഇവ കൂടുതൽ സംരക്ഷിക്കപ്പെട്ടത്. ഇവ പകർത്തിയെടുത്തും വിവർത്തനം ചെയ്‌തും സിറിയ, അറേബ്യ, പേർഷ്യ എന്നീ രാജ്യങ്ങളിൽ സൂക്ഷിക്കപ്പെട്ടു. ഈ നില 17-ാം ശതകത്തിന്റെ ആരംഭഘട്ടം വരെ തുടർന്നു. മിസ്റ്റിസിസം, നിഗമനാധിഷ്‌ഠിതചിന്താഗതി എന്നിവയ്‌ക്കു ലഭിച്ച മുന്‍ഗണനയാണ് ഈ അവസ്ഥാവിശേഷത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. 17-ാം ശ. തുടങ്ങുന്നതിന് അല്‌പം മുമ്പായി ആൽബേർട്ടസ് മാഗ്നസ്സിന്റെ ഒരു പ്രധാനകൃതി പ്രത്യക്ഷപ്പെട്ടു. ഇതിൽ കീടങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അടങ്ങിയിരുന്നു. 13-ാം ശതകത്തിൽ എഴുതപ്പെട്ട ഇത് പ്രസിദ്ധീകരിക്കുന്നത് 1621-ലാണ്. പള്ളിവിലക്കുകള്‍ ഉണ്ടായിരുന്നിട്ടും അരിസ്റ്റോട്ടലിന്റെ തത്ത്വസംഹിതകളിലേക്ക് ഒരു തിരിച്ചുവരവുണ്ടായി.
ഇന്ത്യയിൽ
കീടങ്ങളെപ്പറ്റി സാമാന്യമായ ചില വസ്‌തുതകള്‍ പുരാതന ഭാരതീയർക്ക് അറിയാമായിരുന്നു. പുരാതന സംസ്‌കൃത കൃതികളിൽ പതംഗം, ഭ്രമരം, ഷഡ്‌പദം, പിപീലിക, മക്ഷിക എന്നിങ്ങനെ വിവിധതരത്തിലുള്ള കീടങ്ങളെപ്പറ്റി പ്രസ്‌താവം ഉണ്ട്. അമരകോശത്തിൽ ഈച്ച, വണ്ട്, തേനീച്ച, കടന്നൽ, ശലഭം, ഉറുമ്പ്, മിന്നാമിനുങ്ങ് എന്നീ നാനാതരത്തിലുള്ള കീടങ്ങള്‍ക്ക് പര്യായങ്ങള്‍ കൊടുത്തിട്ടുണ്ട്. സുശ്രുതന്‍ എന്ന വൈദ്യശാസ്‌ത്രജ്ഞന്‍ ഉറുമ്പിനെ ആറുതരമായി വർഗീകരിച്ചിട്ടുണ്ട്. അരക്കുപ്രാണിയെപ്പറ്റിയും അതിൽനിന്നു കിട്ടുന്ന ചായത്തെപ്പറ്റിയും അന്ന് അറിവുണ്ടായിരുന്നു. "ലാക്ഷ' എന്ന് സംസ്‌കൃതത്തിൽ വ്യവഹരിക്കപ്പെടുന്ന ഈ പ്രാണിക്ക് ഇംഗ്ലീഷിൽ "ലാക് ഇന്‍സെക്‌ട്' എന്നാണ് പേര്. ലക്ഷങ്ങളായി കൂടിയിരിക്കുന്നതുകൊണ്ടാണ് ഇത് "ലാക്ഷ'യായത്. പാണ്ഡവരെ വകവരുത്താന്‍ വേണ്ടി കൗരവർ പണികഴിപ്പിച്ച അരക്കില്ലത്തിന്റെ കഥ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. അനാദികാലം മുതല്‌ക്കേ തേന്‍ ശേഖരിക്കുന്ന മധുമക്ഷികയെപ്പറ്റി അറിവുണ്ടായിരുന്നു. മഹാഭാരതത്തിലെ ഒരു കഥാപാത്രമായ മാണ്ഡവ്യന്‍ എന്ന ഋഷി കീടങ്ങളെ മുള്ളിൽ കുത്തിനിർത്തി നിരീക്ഷിച്ചിരുന്നുപോലും.
ആധുനിക രീതിയിലുള്ള എന്റമോളജിപഠനങ്ങള്‍ ഇന്ത്യയിൽ തുടങ്ങിയത് മിഷനറിമാരുടെയും ഈസ്റ്റിന്ത്യാക്കമ്പനി ഉദ്യോഗസ്ഥന്മാരുടെയും വരവോടുകൂടിയാണ്.
കീട വർഗീകരണ വിജ്ഞാനം സ്വതന്ത്ര നിലനില്‌പ്
ജോണ്‍ റേ ആണ് കീടവർഗീകരണ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്റെ പദ്ധതി സ്വാമ്മർഡാമിന്റെ കായാന്തരണാടിസ്ഥാനരീതിയും അതിനു മുന്‍പേ നിലവിൽ വന്ന മോർഫോളജി, ഇക്കോളജി എന്നിവ അടിസ്ഥാനമാക്കിയുള്ള രീതിയും ചേർത്തിട്ടുള്ളതാണ്. സ്‌പീഷീസുകള്‍ക്ക് ഇദ്ദേഹം വ്യക്തമായ നിർവചനങ്ങളും സൂക്ഷ്‌മവിവരണങ്ങളും കൊടുത്തു. എന്നാൽ പന്ത്രണ്ട് വാക്കുകളിൽ ഒതുക്കി നിർത്തിയ ഈ പുതിയ സ്‌പീഷീസ് വർണനാരീതി പല പ്രയാസങ്ങളും സൃഷ്‌ടിച്ചു. ഈ സന്ദർഭത്തിലാണ് ലിനയസ് രംഗപ്രവേശം ചെയ്‌തത്. അദ്ദേഹത്തിന്റെ സിസ്റ്റെമനാച്ചുറേ എന്ന ഗ്രന്ഥപരമ്പരയിൽ മറ്റു ജീവജാലങ്ങളുടേതെന്നപോലെ കീടങ്ങളുടെയും ബൃഹത്തായ ഒരു വർഗീകരണപദ്ധതി ആവിഷ്‌കരിച്ചു. 1758-ൽ ലിനയസ് ദ്വിനാമ പദ്ധതിക്കു (ബൈനോമിയൽ പദ്ധതി) രൂപം നല്‌കി. ഇതോടെ സ്‌പീഷീസുകളുടെ സ്വരൂപവും വിവരണവും കൂടുതൽ വ്യക്തമാക്കപ്പെട്ടു. കീടങ്ങളുടെ വർഗീകരണവിജ്ഞാനം വളർന്നു വികസിക്കുകയും ചെയ്‌തു. മോർഫോളജിയെ അടിസ്ഥാനമാക്കിയുള്ള ഒരു ലളിതരീതി അവലംബിക്കുകയാൽ ഈ ശാസ്‌ത്രശാഖയ്‌ക്കു ഗണ്യമായ വളർച്ച ലഭിച്ചു.
1758 മുതൽ ചാള്‍സ് ഡാർവിന്റെ ഒറിജിന്‍ ഒഫ് സ്‌പീഷീസ് പ്രസിദ്ധപ്പെടുത്തിയതുവരെ(1859)യുള്ള കാലഘട്ടം കീടമോർഫോളജിയുടെയും വർഗീകരണ വിജ്ഞാനത്തിന്റെയും സുവർണകാലമായിരുന്നു. കീടഗോത്രങ്ങളുടെ വിവരണങ്ങള്‍, അവ തമ്മിലുള്ള ബന്ധങ്ങള്‍, ചിറകില്ലാത്ത പേന്‍, മൂട്ട, ചെള്ള്, ചീവിട്, എട്ടുകാലി, പഴുതാര എന്നിവയുടെ യഥാർഥസ്ഥാനം (പക്ഷരഹിത വിഭാഗത്തിലായിരുന്നു ഇവയെ ലിനയസ് തെറ്റായി ഉള്‍പ്പെടുത്തിയിരുന്നത്) തുടങ്ങിയവയെപ്പറ്റിയുള്ള പഠനങ്ങള്‍ ഇക്കാലത്തു നടന്നു. ലിനയസിന്റെ വർഗീകരണപദ്ധതിയെ വിപുലീകരിച്ചും പരിഷ്‌കരിച്ചും പല വ്യത്യസ്‌ത പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടു. ജെ.സി. ഫാബ്രീഷിയസ്, ഡബ്ല്യു, എസ്. മക്‌ലേ, എൽ. ഒകെന്‍ എന്നിവരാണ് ഇത്തരത്തിലുള്ള നവീന പദ്ധതികളുടെ ആവിഷ്‌കർത്താക്കള്‍. ഈ വിവിധ പദ്ധതികളിൽ ഉള്‍ക്കൊള്ളുന്ന ഉത്തമാംശങ്ങളെ കൂട്ടിയിണക്കി ഒരു സ്വാഭാവിക വ്യവസ്ഥ കെട്ടിപ്പടുത്തത് പി.എ.ലാട്രയിന്‍ ആണ്. ലിനയസിന്റെ വർഗീകരണ വ്യവസ്ഥയിൽ ഇല്ലാത്ത കുലം പോലുള്ള മധ്യസ്ഥ സമൂഹങ്ങള്‍ ചേർക്കുകയായിരുന്നു ലാട്രയിന്‍ ചെയ്‌ത പ്രധാന പരിഷ്‌കാരം.
സാമ്പത്തിക കീടവിജ്ഞാനം
മനുഷ്യനുമായി ബന്ധപ്പെട്ട കീടങ്ങളുടെ പഠനമാണ് സാമ്പത്തിക കീടവിജ്ഞാനം. രണ്ട് വിധത്തിലാണ് കീടങ്ങള്‍ മനുഷ്യനോടു ബന്ധപ്പെട്ടിട്ടുള്ളത്; ശത്രുവായും മിത്രമായും, വളർത്തുമൃഗങ്ങള്‍, കൃഷി, സംഭരിതസാധനങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കുന്നവയും, മനുഷ്യനെത്തന്നെ ഉപദ്രവിക്കുന്നവയും ശത്രുകീടങ്ങളാണ്. മനുഷ്യനു പ്രയോജനകരങ്ങളായ തേനീച്ച, പട്ടുനൂൽപ്പുഴു, അരക്കുപ്രാണി, പരാദങ്ങള്‍, ഇരപിടിയന്മാർ എന്നിവ മിത്ര പ്രാണികളാണ്.
ക്ഷുദ്രകീടങ്ങളെപ്പറ്റിയുള്ള സാമാന്യവിവരങ്ങള്‍ താഴെകൊടുക്കുന്നു.
ക്ഷുദ്രകീടങ്ങള്‍
ക്ഷുദ്രകീടങ്ങളുടെ സ്‌പീഷീസുകള്‍ എല്ലാ കീടഗോത്രങ്ങളിലും ഉണ്ടെങ്കിലും പ്രധാനമായും അവ കോളീയോപ്‌റ്റെറ (വണ്ട്), ലെപ്പിഡോപ്‌റ്റെറ (ശലഭം), ഹൈമെനോപ്‌റ്റെറ, ഡിപ്‌റ്റെറ (ഈച്ച), ഹെമിപ്‌റ്റെറ (മക്കുണം), ഓർതോപ്‌റ്റൈറ (പാറ്റ) എന്നീ ഗോത്രങ്ങളിൽപ്പെട്ടവയാണ്. ഈ ഗോത്രങ്ങളെല്ലാം കൂടി ആകെയുള്ള സ്‌പീഷീസുകളിൽ 95 ശതമാനവും ഉള്‍ക്കൊള്ളുന്നു. ആകെയുള്ള കീടസ്‌പീഷീസുകളുടെ ഒരു ചെറിയ അംശം മാത്രമേ ശത്രുക്കളായുള്ളൂ. അനുകൂലന വൈവിധ്യം, പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനില്‌ക്കുവാനും അതിജീവിക്കുവാനുമുള്ള കഴിവ്, സമൃദ്ധമായ പ്രജനനം എന്നീ കാരണങ്ങള്‍ കൊണ്ടും ലാർവയായും പൂർണപ്രാണി(മറൗഹ)യോയും വ്യത്യസ്‌ത ആഹാരരീതി അവലംബിക്കുകയും വ്യത്യസ്‌ത പരിസ്ഥിതികളിൽ ജീവിക്കുകയും ചെയ്യുന്നതിനാലും മനുഷ്യനുമായി വിഭവങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ കീടങ്ങള്‍ക്കു സാധിക്കുന്നു.
ക്ഷുദ്രകീടങ്ങള്‍മൂലം എത്ര നഷ്‌ടം മനുഷ്യനു സഹിക്കേണ്ടിവരുന്നുണ്ട് എന്നു കൃത്യമായി തിട്ടപ്പെടുത്തുവാന്‍ പ്രയാസമാണ്. പലതരത്തിലുള്ള ക്ഷുദ്രകീടങ്ങള്‍ വരുത്തിവയ്‌ക്കുന്ന നഷ്‌ടങ്ങള്‍ ഒന്നോടൊന്നു കൂട്ടിയെടുത്താലും ശരിയായ വിവരം കിട്ടുകയില്ല. ഏതെങ്കിലും ഒരെണ്ണത്തിനെ നാമാവശേഷമാക്കിയാൽത്തന്നെയും കീടങ്ങള്‍ മൂലമുള്ള ആകെയുള്ള നഷ്‌ടത്തിന് കാര്യമായ കുറവ് വരുന്നില്ല. ഊഹങ്ങളെ ആസ്‌പദമാക്കിയുള്ള കണക്കുകള്‍കൊണ്ട് ക്ഷുദ്രകീടങ്ങള്‍ മൂലം ഏകദേശം 10 ശതമാനം നഷ്‌ടം കൃഷിക്കുണ്ടാകുന്നുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു.
മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഇടങ്ങളിൽ ജീവജാലങ്ങള്‍ തമ്മിൽ ഒരു സന്തുലിത വ്യവസ്ഥ നിലനില്‌ക്കുന്നുണ്ട്. ആദ്യമായി കൃഷി തുടങ്ങിയപ്പോള്‍ ഈ സന്തുലിതാവസ്ഥയ്‌ക്കു കോട്ടം സംഭവിച്ചു. ക്ഷുദ്രകീടങ്ങളുടെ വർധനവിന് അതു വഴിതെളിച്ചു. ക്രമേണ തുടർച്ചയായി കൃഷിചെയ്‌തുകൊണ്ടിരുന്ന ഇടങ്ങളിൽ പുതിയ സന്തുലിതവ്യവസ്ഥ സ്വയം സ്ഥാപിതമായി. ചില സന്ദർഭങ്ങളിൽ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കീടബാധകള്‍ ഉണ്ടാകുന്നതായി കാണാം. സാധാരണയിൽ നിന്നു വ്യത്യസ്‌തമായ കാലാവസ്ഥ, കൃഷിയിടങ്ങളുടെ വിസ്‌താരവർധനവ്, കൃഷിരീതികളിലുള്ള വ്യതിയാനങ്ങള്‍, പുതിയ കൃഷിവിളകള്‍, മറ്റു രാജ്യങ്ങളിൽനിന്നു പുതിയ കീടങ്ങളുടെ വരവ് എന്നിവയാണ് കീടബാധകള്‍ക്കു കാരണമാകുന്നത്. പുറം രാജ്യങ്ങളിൽനിന്നു വന്നുചേരുന്ന ക്ഷുദ്രകീടങ്ങളോടൊപ്പം അവയുടെ നൈസർഗിക ശത്രുക്കള്‍ എത്തിക്കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ഈ കീടങ്ങള്‍ അനുസ്യൂതം പെരുകി തീവ്രബാധകളായി പ്രത്യക്ഷപ്പെടുന്നു.
അമേരിക്കയിലെ മെയ്‌സ് തുരപ്പന്‍ ഇപ്രകാരം ചെന്നുചേർന്ന ഒന്നാണ്. ഇക്കാലത്ത് ഇങ്ങനെയുള്ള ക്ഷുദ്രകീടങ്ങളുടെ രാജ്യാന്തര പരിസഞ്ചരണം തടയുന്നതിന് ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
കാർഷിക കീടങ്ങള്‍
ചെടികളെ പല വിധത്തിലാണ് ക്ഷുദ്രകീടങ്ങള്‍ ഉപദ്രവിക്കുന്നത്. പുഴുക്കള്‍, വണ്ടുകള്‍, പുൽപ്പോന്തുകള്‍ എന്നിവ ഇലകള്‍ തിന്നു നശിപ്പിക്കുന്നു. ചില പുഴുക്കള്‍ ഇലകള്‍കൂട്ടി കൂടുകെട്ടിയും, ചുരുട്ടിയും അവയ്‌ക്കുള്ളിലിരുന്ന് ഇലയുടെ ഭാഗങ്ങള്‍ തിന്ന് ഉപദ്രവിക്കുന്നുണ്ട്. ചെറുപുഴുക്കള്‍ ഇലയുടെ ഹരിതം അപഹരിക്കുന്നു. പല തരത്തിലുള്ള ശലഭപ്പുഴുക്കളും, വണ്ടിന്‍പുഴുക്കളും, ഈച്ചക്കൃമികളും ചെടികളുടെ കൂമ്പ്, തണ്ട്, വേര്, കായ് എന്നീ ഭാഗങ്ങള്‍ക്കുള്ളിൽ തുരന്നുകയറി അതതു ഭാഗങ്ങള്‍ക്കുകേടുവരുത്തുന്നു. മൂട്ടഗോത്രത്തിൽപ്പെട്ട ക്ഷുദ്രകീടങ്ങള്‍ ചെടികളിൽനിന്നും അവയുടെ രസം കുത്തിക്കുടിച്ചാണ് നാശം വരുത്തുന്നത്. ഇവയിൽ ചിലത് ചെടിക്കുള്ളിലേക്ക് ഉമിനീരിനോടൊപ്പം വിഷദ്രാവകങ്ങള്‍ കുത്തിവയ്‌ക്കുന്നതുകൊണ്ട് സസ്യഭാഗങ്ങള്‍ പൊടുന്നനെ ഉണങ്ങുന്നു. ഇലകളും പൂക്കളും കായ്‌കളും മുരടിക്കുന്നതും ഇത്തരത്തിലുള്ള കീടങ്ങളുടെ ആക്രമണം കൊണ്ടാണ്. സസ്യ രോഗാണുക്കളെ പകർത്തുകയാണ് ചില കീടങ്ങളുടെ ക്ഷുദ്രപ്രവർത്തനം. പോട്, ഗോളം, മുഴ എന്നീ രൂപങ്ങളിലുള്ള വിചിത്രവളർച്ചകള്‍ ചെടികളുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കി അവയുടെ വളർച്ചയെ പാടെ തടയുകയാണ് ഗാള്‍ കീടങ്ങള്‍ ചെയ്യുന്നത്.
നെല്ലിനെ ബാധിക്കുന്ന ഏതാണ്ട് 72 കീടങ്ങള്‍ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവ എട്ടാണ്. തണ്ടുതുരപ്പന്‍ (ട്രപ്പോറൈസ ഇന്‍സേർട്ടുലാസ്), ചാഴി (ലെപ്‌റ്റോകൊസ അക്യൂട്ട്), ഇലചുരുട്ടിപ്പുഴു (നഫലോക്രാസിസ് മെഡിനാലിസ്), ഗാള്‍ ഈച്ച (ഓർഡിയോളിയെല്ല ഒറൈസേ), ബ്രൗണ്‍ ഹോപ്പർ അഥവാ മുഞ്ഞ (ബ്‌ളുമൗണ്ടന്‍ ലൂഗന്‍സ്), മുള്‍വണ്ട് (ഡൈക്‌ളൗഡിസ്‌പ ആർമിജെറ), പുഞ്ചപ്പുഴു (സ്‌പോഡോപ്‌റ്റൈറ മൊറീഷ്യ), കുടൽപ്പുഴു (നിംഫുല സീപംക്‌ടാലിസ്) എന്നിവയാണ് അവ. തെങ്ങിന്റെ പ്രധാന ശത്രുകീടങ്ങള്‍ കൊമ്പന്‍ ചെല്ലി (ഒറിക്‌ടസ് റൈനോസെറസ്), ചെംവണ്ട് (റിങ്കോഫോറസ് ഫെറൂജിമിനിയസ്), തെങ്ങോലപ്പുഴു (ഒപിസിന എറിനോസെല്ലു) എന്നിവയാണ്. പച്ചക്കറികളുടെ മുഖ്യ ശത്രുക്കളാണ് വെണ്ടയുടെ കൂമ്പും കായും തുരക്കുന്ന ഈറിയാസ് വിറ്റെല്ല, ഇലചുരുട്ടുന്ന സൈലെപ്‌റ്റഡീറൊഗേറ്റ, വഴുതിനയുടെ കൂമ്പും കായും തുരക്കുന്ന ലൂസിനോഡ്‌സ് ഓർബൊണാലീസ്, ഇലകള്‍ തിന്നുന്ന എപ്പിലാക്ക്‌ന വണ്ടുകള്‍. പടവലപ്പുഴു (ഫൈറ്റോ മെറ്റ്ര പെപ്പോണിസ്), പടവലങ്ങയും പാവയ്‌ക്കും ചീയിക്കുന്ന കായീച്ചക്കൃമി (ഡാക്കസ് കുക്കർബിറ്റേ), കീരയുടെ ഇല ചുരുട്ടിപ്പുഴു (ഹൈമേനിയ റീക്കർവാലീസ്) എന്നിവ. പൊള്ളുവണ്ട് (ലോംഗിടാഴ്‌സസ് നൈഗ്രിപ്പെന്നിസ്) കുരുമുളകിനെ സാരമായി ബാധിക്കുന്നു. ഡൈക്കോക്രാസിസ് പങ്ക്‌ടിഫെറാലിസ് എന്ന ശലഭപ്പുഴു ഇഞ്ചി, മഞ്ഞള്‍, ഏലം എന്നിവയുടെ തണ്ടുതുരന്നു നശിപ്പിക്കുന്നു. ഏലച്ചൊറി എന്ന ബാധയ്‌ക്കു കാരണമായ ഡയോത്രിപ്‌സ് കാർഡമോമി ഏലവിളവിനെ വലുതായി ബാധിക്കുന്നു. അനേകം കമ്പിളിപ്പുഴുക്കളും ഏലക്കൃഷിയെ നശിപ്പിക്കന്നുണ്ട്. കമുകിന്റെ കൂമ്പിലകളെ ഉണക്കുന്ന കീടമാണ് കാർവൽഹോയിയ അരെക്കേ എന്ന മൂട്ടക്കീടം. കരിമ്പ് പല തരത്തിലുള്ള തുരപ്പന്‍ പുഴുക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ട്. തേയിലച്ചെടികളെ അനവധി ശത്രുകീടങ്ങള്‍ ആക്രമിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് തേയിലക്കൊതുക് (ഹീലോപെൽറ്റിസ് ആന്റൊണൈ). ഇത് കശുമാവിന്റെ പൂങ്കുലകളെയും ഉണക്കുന്നുണ്ട്. കാപ്പിച്ചെടിയെ ഉപദ്രവിക്കുന്ന കീടങ്ങളിൽ പ്രധാനപ്പെട്ടത് തടി തുരക്കുന്ന സൈലോട്രീക്കസ് ക്വാഡ്രിപ്പിസ് എന്ന വണ്ടിന്‍ പുഴുവാണ്. വാഴയുടെ ഒരു സുപ്രധാന ശത്രുവാണ് മാണം തുരക്കുന്ന കോസ്‌മോപോളിറ്റസ് സോർഡിഡസ് എന്ന വണ്ട് മാവിനെ ശല്യപ്പെടുത്തുന്ന കീടങ്ങള്‍ അനവധിയുണ്ട്; കശുമാവിനുമുണ്ട് അനേകം ശത്രുകീടങ്ങള്‍.
കലവറക്കീടങ്ങള്‍
കലവറകളിൽ സംഭരിച്ചു സൂക്ഷിക്കുന്ന ധാന്യങ്ങള്‍, സുഗന്ധ വ്യഞ്‌ജനങ്ങള്‍, സംസ്‌കൃതസാധനങ്ങള്‍ എന്നിവയെ അനേകതരത്തിലുള്ള കീടങ്ങള്‍ നശിപ്പിക്കാറുണ്ട്. ധാന്യങ്ങളെ നശിപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത് അരിച്ചെള്ള് (സിറ്റോഫൈലസ് ഒറൈസേ), ധാന്യതുരപ്പന്‍ (റൈസോപേർത്ത ഡോമിനിക്ക), ധാന്യമാവു വണ്ട് (ട്രബോളിയം കാസ്റ്റേനിയം), നെൽതുരപ്പന്‍ പുഴു അഥവാ വെള്ളീച്ച (സിറ്റോട്രാഗ സെറീലെല്ല), മാവുപുഴു (കോഴ്‌സൈറ സെഫലോണിക്ക) എന്നിവയാണ്. എറീസെറസ് ഹാസിക്കുലേറ്റസ് എന്ന വണ്ട് ഉണങ്ങിയ മരച്ചീനിക്കും, കൊട്ടപ്പാക്കിനും വലിയ നാശം വരുത്തുന്നു. സുഗന്ധദ്രവ്യങ്ങള്‍, പുകയില ഉത്‌പന്നങ്ങള്‍ എന്നിവയെ ബാധിക്കുന്ന ക്ഷുദ്രകീടങ്ങളാണ് മരുന്നുശാലവണ്ടും (സിറ്റോഡ്രീപ്പപാനീഷ്യ) സിഗററ്റ്‌വണ്ടും (ലാസിയോഡേർമ സെരിക്കോർണി).
വളർത്തുമൃഗങ്ങളെ ബാധിക്കുന്ന കീടങ്ങള്‍
പല വിധത്തിലുള്ള ക്ഷുദ്രകീടങ്ങള്‍ വളർത്തുമൃഗങ്ങളെ ബാധിക്കാറുണ്ട്. പേനുകളാണ് ഇവയിൽപ്പെട്ട ഒരു കൂട്ടം. രണ്ട് തരത്തിലുള്ള പേനുകള്‍ ഉണ്ട്; കടിക്കുന്നവയും കുത്തുന്നവയും. വളർത്തുപക്ഷികളെയും മൃഗങ്ങളെയും ഇവ ബാധിക്കുന്നു. കോഴിപ്പേന്‍ (നെനോപ്പോണ്‍ ഗാലിനേ), ആടിന്റെ പേന്‍ (ബോവിക്കോള കാപ്ര), മാടുകളെ ബാധിക്കുന്ന ഹെമറ്റോപൈനസ് ടൂബർകുലേറ്റസ് എന്നിവ ഉദാഹരണങ്ങളാണ്.
ഈച്ചവർഗത്തിൽപ്പെട്ടവയാണ് മൃഗങ്ങളെ ഉപദ്രവിക്കുന്ന മറ്റു കീടങ്ങള്‍. ടബാനസ് സ്റ്റ്രയേറ്റസ് എന്ന ഈച്ച കന്നുകാലികളുടെ രക്തം കുടിക്കുന്നു. ഗ്യാസ്റ്റ്രാഫൈലസ് ഈക്വി എന്ന ഈച്ചയുടെ കൃമികള്‍ കുതിരയുടെ ദഹനേന്ദ്രിയനാളത്തിൽ കടന്ന് ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നു. ഈസ്റ്റ്രസ് ഓവിസ് എന്ന ഈച്ചയുടെ പുഴുക്കള്‍ ആടിന്റെ നാസാരന്ധ്രങ്ങളിൽ കയറി ഉപദ്രവിക്കുന്നു. ഹൈപ്പോഡേർമ ലിനിയേറ്റം എന്ന വാർബിള്‍ ഈച്ചയുടെ കൃമികള്‍ മാടുകളുടെ തൊലിക്കുള്ളിൽ തുളച്ചുകയറി വ്രണങ്ങള്‍ ഉണ്ടാക്കുന്നു. ഹിപ്പോബോസ്‌ക മാക്കുലേറ്റ ആണ് പട്ടിയുടെ ദേഹത്തു കാണുന്ന വലിയ ഈച്ച.
ചില ചെള്ളുകളും മൃഗങ്ങളെ ബാധിക്കാറുണ്ട്. നായ്‌ക്കളെയും പൂച്ചകളെയും ബാധിക്കുന്ന റ്റീനോകെഫാലസ് ഫെലിസ് സാധാരണ കാണപ്പെടുന്ന ഒന്നാണ്. കോഴികളെ ബാധിക്കുന്നതാണ് എക്കിഡ്‌നോഫാഗ ഗാലിനേഷസ്.
വീട്ടിനകത്തെ ശത്രുകീടങ്ങള്‍
പാറ്റയാണ് വീട്ടിനുള്ളിലെ ക്ഷുദ്രകീടങ്ങളിൽ പ്രധാനി. പെരിപ്‌ളനേറ്റ അമേരിക്കാനാ ആണ് സർവസാധാരണയായി കാണപ്പെടുന്ന സ്‌പീഷീസ്. ആഹാരസാധനങ്ങളാണ് ഇവയുടെ ആക്രമണത്തിനു വിധേയമാകുന്നത്. അക്കീറ്റസ് ഡൊമസ്റ്റിക്കസ്, ഗ്രില്ലോഡിസ് സിജില്ലേറ്റസ് എന്നീ ചീവിടുകള്‍, കമ്പിളിത്തുണികള്‍ നശിപ്പിക്കുന്ന ടിനിയ ചെല്ലിയോണെല്ല എന്ന ശലഭപ്പുഴു (പുഴുവിന് കൂടുണ്ട്), തുണി, പുസ്‌തകം, ഫോട്ടോ തുടങ്ങിയ സാധനങ്ങളെ നശിപ്പിക്കുന്ന ഇരട്ടവാലന്‍ (ലെപ്പിസ്‌മസച്ചാറീന) കാർപ്പറ്റുകളിൽ ദ്വാരങ്ങള്‍ ഉണ്ടാക്കുന്ന വണ്ടുകള്‍ (ആന്‍ഡ്രീനസ് സ്‌പീഷീസ്, അറ്റാജെനസ് സ്‌പീഷീസ്), ഫർണീച്ചർ വണ്ടുകള്‍ (ഹൈറ്റെറോബാസ്റ്റ്രിക്കസ് ഈക്വാലിസ് ലിക്‌ടസ് ആഫ്രിക്കാനസ് തുടങ്ങിയവ) പലതരത്തിലുള്ള ഉറുമ്പുകള്‍ (മോണോമോറിയം സ്‌പീഷീസ്, മിർമിക്കേറിയ സ്‌പീഷീസ്, കാമ്പോനോട്ടസ് സ്‌പീഷീസ്) എന്നിവയാണ് ഗൃഹാന്തർഭാഗത്തെ മറ്റു ക്ഷുദ്രകീടങ്ങള്‍.
വനവൃക്ഷങ്ങളെ ബാധിക്കുന്ന കീടങ്ങള്‍
വനത്തിൽ പ്രത്യക്ഷപ്പെടുന്ന ക്ഷുദ്രകീടങ്ങള്‍ ചിതലുകള്‍, ചാഫർ പുഴുക്കള്‍, ഇലതീനികള്‍, മൂട്ടപ്രാണികള്‍, തടിതുരപ്പന്മാർ എന്നിവയാണ്. ചിതലുകള്‍ വനവൃക്ഷങ്ങളുടെ ചെറുതൈകളെ നശിപ്പിക്കുന്നു. വെട്ടിയിട്ട തടികളെയും ചെറുതൈകളെ നശിപ്പിക്കുന്നു. വെട്ടിയിട്ട അടികളെയും ഇവ ബാധിക്കാറുണ്ട്. മണ്‍പുഴുക്കളും (കണ്ടളപ്പുഴുക്കള്‍) തൈച്ചെടികളെ നശിപ്പിക്കാറുണ്ട്. ഇലതീനികളിൽ പ്രധാനപ്പെട്ടവ തേക്കിന്റെ ഇല തിന്നുന്ന ഹീബ്‌ളേയപ്യൂറ, ഹപ്പാലിയ മാക്കെറാലിസ് എന്ന രണ്ട് പുഴുക്കളാണ്. തടിതുരപ്പന്‍കീടങ്ങളിൽപ്പെട്ട പ്രധാന ഇനം ഇലവ് തുടങ്ങിയ മരങ്ങളുടെ തടിക്കുള്ളിൽ തുരക്കുന്ന സഹ്യാഡ്രാസസ് മലബാറിക്കസ്, സ്യൂഡെറ സ്‌പീഷീസ് എന്നിവയാണ്. തടികളുടെ പട്ടയും ഈ പുഴുക്കള്‍ ഭക്ഷിക്കുന്നു. പട്ടയ്‌ക്കുമുകളിൽ സിൽക്കും പാഴ്‌വസ്‌തുക്കളും ചേർത്ത് ഗ്യാലറികള്‍ നിർമിച്ച് അവയ്‌ക്കുള്ളിലാണ് പുഴുക്കള്‍ ഇരിക്കുന്നത്. വെട്ടിയിട്ട തടിക്കുള്ളിൽ തുരക്കുന്നവ പസാലിഡേ, സെറാമ്പിസിഡേ എന്നീ കുലങ്ങളിൽപ്പെട്ടവ വണ്ടുകളും അവയുടെ പുഴക്കളുമാണ്.
സസ്യരോഗകാരികള്‍
സസ്യവ്യാധികള്‍ ചെടികളിൽ പരത്തുന്നത് കീടങ്ങളാണ്. സസ്യരോഗാണുക്കള്‍ പ്രധാനമായും ബാക്‌റ്റീരിയ, വൈറസ്, ഫംഗസ് എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ടവയാണ്. രണ്ട് വിധത്തിലാണ് കീടങ്ങള്‍ രോഗാണുക്കള്‍ പരത്തുന്നത്. വദനഭാഗങ്ങളിലും ദേഹത്തിന്റെ മറ്റു ഭാഗങ്ങളിലും തങ്ങിനില്‌ക്കുന്ന രോഗാണുക്കളെ രോഗം ബാധിക്കാത്ത ചെടികളിലേക്ക് അപ്പാടെതന്നെ വ്യാപിപ്പിക്കുന്നതാണ് ഒരു രീതി. കീടത്തിന്റെ ഉള്ളിൽ പ്രവേശിക്കുന്ന രോഗാണുക്കള്‍ ദഹനേന്ദ്രിയത്തിൽ നിന്നു സഞ്ചരിച്ച് ഉമിനീർഗ്രന്ഥിയിലും അവിടെനിന്ന് ഉമിനീരിൽക്കൂടി പുതിയ ചെടികളിലേക്കും കടക്കുന്നു ഇതാണ് രണ്ടാമത്തെ രീതി. ഇതിൽ ഉള്ളിൽ ചെന്നുചേരുന്ന രോഗാണുക്കള്‍ വളർന്നു പെരുകിയതിനു ശേഷമായിരിക്കും വീണ്ടും പുറത്തേക്ക് കടക്കുന്നത്. പെയർ, ആപ്പിള്‍ തുടങ്ങിയ ഫലവൃക്ഷങ്ങളിൽ ഫയർബ്‌ളൈറ്റ് രോഗം ഉണ്ടാക്കുന്ന എർവീനിയ അമൈലോമൊറ എന്ന ബാക്‌റ്റീരിയ പരത്തുവാന്‍ പല കീടങ്ങളും സഹായിക്കുന്നുണ്ട്. ഡച്ച് എം വൃക്ഷത്തിന്റെ ഒരു ഫംഗസ് രോഗം (സെറാറ്റോസ്‌റ്റൊമെല്ല ഉള്‍മി) എന്ന ഒരു പട്ടതുരപ്പന്‍ വണ്ടാണു പരത്തുന്നത്. കീടങ്ങള്‍ പരത്തുന്ന രോഗങ്ങളിൽഏറ്റവും കൂടുതൽ വൈറസ് രോഗങ്ങളാണ് ചുരുക്കം ചില വൈറസുകളെ വ്യാപിപ്പിക്കുന്നത്. വണ്ട്, പുഴു, പുൽപോന്ത് തുടങ്ങിയ വദനാവയവങ്ങള്‍ ഉള്ള കീടങ്ങളാണ്. എന്നാൽ ഭൂരിപക്ഷം വൈറസ് രോഗാണുക്കളെയും വിതരണം നടത്തുന്നത് സസ്യനീരു കുത്തിക്കുടിക്കുന്ന മൂട്ട വർഗപ്രാണികളാണ്. മുഞ്ഞ, ഇലപ്പേന്‍, ഇലച്ചാഴി തുടങ്ങിയ വർഗങ്ങളിൽപ്പെട്ടവയാണ് ഇക്കൂട്ടത്തിൽപ്പെടുന്നത്. വാഴയിലെ കുറുനാമ്പ്, ഏലത്തിന്റെ കറ്റെ, നെല്ലിലെ ടുംക്രു, ഉരുളക്കിഴങ്ങ്, വെണ്ട എന്നിവയുടെ മൊസെയ്‌ക്ക്, മരച്ചീനിയിലെ ഇലകുരുടിപ്പ് എന്നിവ കീടങ്ങള്‍ പരത്തുന്ന വൈറസ് രോഗങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്.
മിത്രകീടങ്ങള്‍
മിത്രകീടങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. മനുഷ്യർക്കു പ്രയോജനകരങ്ങളായ വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്നവ (ഉത്‌പാദകകീടങ്ങള്‍). മറ്റുവിധത്തിൽ സഹായകമായവ (സഹായകകീടങ്ങള്‍). ഉത്‌പാദക കീടങ്ങളിൽ പ്രധാനപ്പെട്ടത് തേനീച്ചയാണ്. ഇന്ത്യന്‍ തേനീച്ച, മലന്തേനീച്ച, ചെറുതേനീച്ച, ഡാമ്മർ തേനീച്ച എന്നിങ്ങനെ പലതരത്തിലുള്ളവയിൽ ഇന്ത്യന്‍ തേനീച്ചയെയാണ് (എപ്പിസ് സെറാന) കൂടുകളിൽ വളർത്തുന്നത്. തേനീച്ച വളർത്തൽ ലാഭകരമായ ഒരു തൊഴിലാണ്. തേനും മെഴുകുമാണ് തേനീച്ചയുടെ ഉത്‌പന്നങ്ങള്‍. ഇവ രണ്ടും വിലപിടിപ്പുള്ളവയാണുതാനും.
പട്ടുനൂൽപ്പുഴുവാണ് മറ്റൊരു പ്രധാന ഉത്‌പാദകകീടം. ശലഭപ്പുഴുക്കളാണ് പട്ടുനൂൽ പുഴുക്കള്‍, പലതരത്തിലുള്ള പുഴുക്കള്‍ പട്ടുനൂൽ ഉണ്ടാക്കുന്നുണ്ടെങ്കിലും മള്‍ബറി പുഴുക്കളെ മാത്രമേ (ബോമ്പിക്‌സ് മോറി) സിൽക്കിനു വേണ്ടി വളർത്താറുള്ളൂ. ഏകദേശം 4,000 കൊല്ലങ്ങള്‍ക്കപ്പുറം മുതലേ അറിവുള്ള ഒരു പ്രവൃത്തിയാണ് പട്ടുനൂൽപ്പുഴുവളർത്തൽ. ചൈനയിൽ ആരംഭിച്ച ഈ വ്യവസായം ഇന്ന് മറ്റു പല രാജ്യങ്ങളിലെയും ഒരു സുപ്രധാന വ്യവസായമാണ്. ഇന്ത്യയിൽ മൈസൂറിലും, കാശ്‌മീരിലും, ആസാമിലും, പശ്ചിമ ബംഗാളിലും പട്ടുനൂൽ വ്യവസായം പുഷ്‌ടിപ്പെട്ടിട്ടുണ്ട്.
കോലരക്കുകീടമാണ് (ലാക്‌സിഫർലാക്ക) മറ്റൊരു പ്രധാന ഉത്‌പാദകകീടം. ഇതൊരു സൂക്ഷ്‌മ മൂട്ടക്കീടമാണ്. പൂവം, പ്ലാശ്, ഇലന്ത എന്നിവയാണ് ഈ കീടത്തിന്റെ ആതിഥേയ വൃക്ഷങ്ങള്‍. ഈ വൃക്ഷങ്ങളുടെ ഇളം ചില്ലകളിൽ ലക്ഷക്കണക്കിനു കീടങ്ങള്‍ കൂട്ടംകൂട്ടമായി പറ്റിയിരുന്നു കോലരക്കു സ്രവിക്കുന്നു. ഈ വൃക്ഷങ്ങളിൽ ഈ പ്രാണിയെ "കൃഷി' ചെയ്‌തെടുക്കുവാനുള്ള രീതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിലാണ് ഇതേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്. വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഒരുത്‌പന്നമാണ് കോലരക്ക്. ഗ്രാമഫോണ്‍ റെക്കാർഡ്, വിദ്യുത്‌രോധികള്‍, കടലാസ്, അച്ചടിമഷികള്‍, പോളീഷുകള്‍, റബ്ബർ ഉപകരണങ്ങള്‍, സീലിങ്‌വാക്‌സ്, ലാക്കർചായങ്ങള്‍ മുതലായവയുടെ നിർമാണത്തിനു കോലരക്കുപയോഗിക്കുന്നു. (നോ. അരക്കുപ്രാണി; അരക്ക്)
സഹായകകീടങ്ങളിൽ പ്രധാനപ്പെട്ടവ കീടഭോജികളാണ്. ക്ഷുദ്രകീടങ്ങളുടെ പ്രാകൃതിക ശത്രുക്കളായ കീടഭോജികള്‍ ക്ഷുദ്രകീടനിവാരണത്തിനു സഹായകമാകുന്നു. കീടഭോജികള്‍ രണ്ടു തരത്തിൽപ്പെട്ടവയാണ് പരാദങ്ങളും ഇരപിടിയന്മാരും. ഇരപിടിയന്മാർ കീടങ്ങളെ തേടിപ്പിടിച്ചു കൊന്നു തിന്നുന്നു. കോക്‌സിനെല്ലിഡ് വണ്ടുകള്‍, മാന്റിഡുകള്‍, തുമ്പികള്‍, കുഴിയാന പ്രാണികള്‍, സിർഫിഡ് ഈച്ചകള്‍, റെഡൂവിഡ് മൂട്ടകള്‍ എന്നിവ ഇരപിടിയന്‍ കീടങ്ങളാണ്. പരാദങ്ങള്‍ കീടങ്ങളുടെ ഉള്ളിലൊ പുറത്തോ വസിക്കുകയും അവയെ ആഹാരമാക്കുകയും ചെയ്യുന്നു. ഭ്രമരഗോത്രത്തിലും ഈച്ചഗോത്രത്തിലും പെട്ടവയാണ് പരാദ പ്രാണികള്‍. കീടഭോജികള്‍ പ്രകൃതിയിൽത്തന്നെ ക്ഷുദ്രകീടങ്ങളെ നിയന്ത്രിതാവസ്ഥയിൽ നില നിർത്തുന്നുണ്ട്; ക്ഷുദ്രകീടബാധ തടയുവാന്‍ അവയെ കൃത്രിമമായ പെരുക്കി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് (ജൈവനിയന്ത്രണം). ഐസേറിയം പർച്ചാസി എന്ന ശല്‌ക്കക്ഷുദ്രകീടത്തിന്റെ നിവാരണത്തിന് അതിന്റെ ഇരപിടിയന്‍ ശത്രുവായ റോഡോലിയ കാർഡിനാലീസ് എന്ന വണ്ടിനെ ഉപയോഗിക്കുന്നു. കരിമ്പുതുരപ്പന്‍ പുഴുക്കളുടെ ജൈവനിയന്ത്രണത്തിന് അവയുടെ ശലഭങ്ങള്‍ ഇടുന്ന മുട്ടകളെ ആക്രമിക്കുന്ന ട്രക്കോഗാമ ആസ്‌ട്രലിക്കം എന്ന സൂക്ഷ്‌മ പരാദത്തെ ഉപയോഗപ്പെടുത്തുന്നു.
സഹായക കീടങ്ങളിൽപ്പെട്ട മറ്റൊരിനം കളകൊല്ലിക്കീടങ്ങളാണ്. ഒരു രാജ്യത്ത് പുറത്തുനിന്ന് ഏതെങ്കിലും കളയ്‌ക്ക് അതിന്റെ ശത്രുകീടങ്ങളെ കൂടാതെ പ്രവേശനം കിട്ടിയാൽ അതുപെരുകി വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. കളയുടെ പ്രാകൃതിക ശത്രുക്കളായ കീടങ്ങളെക്കൂടി കൊണ്ടുവന്നാൽ ഈ പ്രശ്‌നത്തിനു പരിഹാരം കിട്ടുന്നു. ആസ്റ്റ്രലിയയിൽ കടന്നുകൂടിയ കള്ളിമുള്ളിന്റെ കഥ അങ്ങനെയൊന്നാണ്. കാക്‌ടോബ്‌ളാസ്‌റ്റിസ് കാക്‌ടോറം എന്ന ശലഭപ്പുഴുവിനെ ഇറക്കുമതി ചെയ്‌താണ് പ്രശ്‌നം അവിടെ പരിഹരിച്ചത്. തെക്കെ ഇന്ത്യയിൽ സമൃദ്ധിയായി വളർന്നിരുന്ന "നാഗഫണി' എന്ന കള്ളിമുള്ളിന്റെ നിയന്ത്രണം ഡക്‌റ്റിലോപ്പിയസ് ടോമന്റോസസ് എന്ന കൊച്ചിനീൽ കീടത്തെ ഉപയോഗിച്ചു സാധിച്ചു. സ്‌കാവഞ്ചർ കീടങ്ങള്‍ എന്നറിയപ്പെടുന്നവയാണ് നമ്മുടെ മിത്രങ്ങളായ മറ്റൊരിനം സഹായകകീടങ്ങള്‍. ജീർണവസ്‌തുക്കളെ ഭക്ഷിച്ച് അവയെ ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യുന്ന ഈ കീടങ്ങള്‍ മനുഷ്യർക്കു വലിയ ഒരു സേവനമാണു ചെയ്യുന്നത്. ചാണകമുരുട്ടി വണ്ടുകള്‍, തടിതുരപ്പന്‍ വണ്ടുകള്‍, ചിതൽ, ശവംതീനി വണ്ടുകള്‍, ഈച്ചക്കൃമികള്‍ എന്നിവ ഉദാഹരണങ്ങളാണ്.
പരാഗണ കീടങ്ങളാണ് മനുഷ്യസേവനം ചെയ്യുന്ന മറ്റൊരിനം. സസ്യങ്ങളുടെ പ്രജനന പ്രക്രിയയിൽ പരപരാഗണം പ്രാധാന്യം അർഹിക്കുന്നു. പരപരാഗണം ഏറിയകൂറും നിർവഹിക്കുന്നത് കീടങ്ങളാണ്. ഏപ്പിഡേ കുലത്തിൽപ്പെട്ട തേനീച്ചയും മറ്റു കീടങ്ങളും കടന്നലുകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍, ഈച്ചകള്‍, ശലഭങ്ങള്‍ എന്നിവയും പരപരാഗണം നടത്തുന്ന പ്രാണികളാണ്. തേനീച്ചകളെ ചില രാജ്യങ്ങളിൽ പഴത്തോട്ടങ്ങളിൽ പരപരാഗണം കാര്യക്ഷമമാക്കുന്നതിനുവേണ്ടി വളർത്താറുണ്ട്.
(ഡോ. എം.ആർ.ജി.കെ. നായർ)
മെഡിക്കൽ എന്റമോളജി
രോഗബീജവാഹികളായ ഈച്ച, പാറ്റ തുടങ്ങിയ ആർത്രാപ്പോഡുകളുടെ ജീവിതചക്രം, ശരീരഘടന, രോഗാണുസംക്രമണരീതി, നിയന്ത്രണമാർഗങ്ങള്‍ എന്നിവയുടെ ശാസ്‌ത്രീയമായ പഠനം. ഉദ്ദേശം അമ്പതിൽപ്പരം രോഗങ്ങള്‍ക്കു കാരണം പലയിനം ആർത്രാപ്പോഡുകളാണെന്നു തെളിഞ്ഞിട്ടുണ്ട്. സാധാരണമായി ഈച്ച, പാറ്റ മുതലായവ മലം, കഫം, ചീഞ്ഞ പദാർഥങ്ങള്‍ എന്നിവയിൽ സഞ്ചരിക്കുമ്പോള്‍ അവയുടെ ശരീരത്തിൽ രോഗാണുക്കള്‍ പറ്റിക്കൂടുന്നു. അവ പിന്നീട് നമ്മുടെ ഭക്ഷ്യപേയപദാർഥങ്ങളിൽ പറന്നിരുന്ന് ആ രോഗാണുക്കളെ നിക്ഷേപിക്കുന്നു. കോളറാ, ടൈഫോയ്‌ഡ്, വയറുകടി മുതലായ രേഗങ്ങളുടെ ബീജങ്ങള്‍ ഇപ്രകാരമാണ് മനുഷ്യരിലേക്കു സംക്രമിക്കുന്നതിനിടയാകുന്നത്. "ഋജു സംക്രമണം' എന്നാണ് ഈ വിധത്തിലുള്ള രോഗസംക്രമണത്തിനു പേർ കൊടുത്തിട്ടുള്ളത്. ചില രോഗാണുക്കള്‍ ആർത്രാപോഡുകളുടെ ശരീരത്തിൽ ജീവിതചക്രത്തിലെ ഒരു ദശ കഴിച്ചതിനുശേഷമേ മറ്റൊരു ജന്തുവിൽ രോഗം സംക്രമിപ്പിക്കുന്നതിനു ശക്തമാകാറുള്ളു. ഉദാഹരണമായി മലമ്പനിയുണ്ടാക്കുന്ന പ്ലാസ്‌മോഡിയം എന്ന പരജീവി പെണ്‍കൊതുകുകളുടെ ശരീരത്തിനുള്ളിൽ ചില ജീവിതദശകള്‍ കഴിച്ചുകൂട്ടുന്നുണ്ട്. അവസാനം കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ അവയെത്തുന്നു. ഇപ്രകാരമുള്ള കൊതുകുകള്‍ കുടിക്കുന്ന മനുഷ്യരുടെ രക്തക്കുഴലിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്നു. ഇത്തരം രോഗസംക്രമണത്തിന് ജൈവസംക്രമണം(biological transmission) എന്നുപറഞ്ഞുവരുന്നു. രോഗം പരത്തുന്ന ചില പെണ്‍പ്രാണികളുടെ മുട്ടയിലും രോഗാണുക്കളെ കാണാം. ഈ വിധമുള്ള മുട്ടകളിൽനിന്നു പുറത്തുവരുന്ന ചെറുപ്രാണികളിലും രോഗാണുക്കള്‍ ഉള്ളതുകൊണ്ട് ഇവയ്‌ക്കും രോഗം പരത്തുവാന്‍ കഴിവുണ്ട്. അണ്ഡാശയസംക്രമണം (transovarian transmission) എന്നാണ് ഈ വിധം രോഗസംക്രമണത്തിനു പേരിട്ടിട്ടുള്ളത്.
പ്രാണികളും രോഗങ്ങളും
കൊതുകുകള്‍. ക്യൂലെക്‌സ്, അനോഫിലസ് എന്നീ കൊതുകള്‍ രോഗസംക്രമണവിഷയത്തിൽ പ്രധാനപങ്കു വഹിക്കുന്ന രണ്ടു പ്രാണികളാണ്. മറ്റു കൊതുകുകളുടേതുപോലെ ഇവയുടെ പ്രാരംഭദശകള്‍ വെള്ളത്തിലാണ്. ഒരു പെണ്‍കൊതുക് പല ഘട്ടങ്ങളിലായി 100-150 മുട്ടകള്‍ വെള്ളത്തിൽ നിക്ഷേപിക്കുന്നു. ഈ മുട്ടകള്‍ ഒന്നുരണ്ടു ദിവസംകൊണ്ടു വിരിഞ്ഞ് ചെറു കൂത്താടികളായി ജലത്തിൽ നീന്തിനടക്കുന്നു. ഇവയുടെ ആഹാരം ചെറിയ പായലുകളും മറ്റു ജൈവപദാർഥങ്ങളുമാണ്. ഏഴെട്ടു ദിവസത്തിനുശേഷം ഇവ സമാധിദശ(പ്യൂപ്പ)യിലേക്കു പ്രവേശിക്കുന്നു. പ്യൂപ്പ രണ്ടുദിവസത്തിനകം ചട്ടകൊഴിഞ്ഞു ചിറകുള്ള കൊതുകുകളായിത്തീരുന്നു. ഇവയുടെ ആയുർദൈർഘ്യം 20-25 ദിവസമാണ്. പെണ്‍കൊതുകുകള്‍ മാത്രമേ രക്തം കുടിക്കുകയുള്ളു. ആണ്‍കൊതുകുകള്‍ ചെടികളുടെയും പഴങ്ങളുടെയും നീരും ചാറും കുടിച്ചു ജീവിക്കുന്നു. ആകയാൽ രോഗസംക്രമണപ്രക്രിയയിൽ പെണ്‍കൊതുകുകള്‍ക്കു മാത്രമേ പങ്കുള്ളൂ.
അനോഫിലസ് കൊതുകുകള്‍ പരത്തുന്ന രോഗങ്ങളിൽ പ്രധാനം മലമ്പനിയാണ്. ഒരു കാലത്ത് ഇന്ത്യയിൽ പരക്കെ മലമ്പനിയുണ്ടായിരുന്നു. കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും ഈ രോഗം പരത്തിയിരുന്നത് അനോഫിലസ് ഫ്‌ളൂവിയാറ്റിലസ് എന്നയിനം കൊതുകുകളാണ്. ഇവ മലയോരങ്ങളിലും മലമ്പ്രദേശത്തുമുള്ള അരുവികളുടെ തീരത്താണു സുലഭമായി വളരുന്നത്. വീടുകളിൽ ഇവയെ നിയന്ത്രിക്കുവാന്‍ അഞ്ച് ശതമാനം വീര്യമുള്ള ഡി.ഡി.ടി. കീടനാശിനി ഉപയോഗിച്ചിരുന്നു. രാത്രി ഉറങ്ങുമ്പോള്‍ കൊതുകുവലകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ഇന്ത്യയിൽ, വിശേഷിച്ചും കേരളത്തിൽ മന്തുരോഗം പരത്തുന്ന വ്യൂച്ചറേറിയ ബാന്‍ക്രാഫ്‌റ്റി, ബ്രൂഗിയാമലൈ എന്നീ പരജീവികളെ (parasites) രോഗസംക്രണണത്തിനു സഹായിക്കുന്നത് കൊതുകുകളാണ്. ബാന്‍ക്രാഫ്‌റ്റന്‍ മന്തുപരത്തുന്ന ക്യൂലക്‌സ് ഫാറ്റിഗന്‍ എന്നയിനം കൊതുക് അഴുക്കുചാലുകളിലും മലിനജലം കെട്ടിക്കിടക്കുന്ന മറ്റുസ്ഥലങ്ങളിലും വളരുന്നു. സാധാരണ കീടനാശിനികളുടെ പ്രവർത്തനത്തിനു വഴങ്ങാത്ത ഇവയുടെ നശീകരണം ഒരു പ്രശ്‌നമാണ്; കൊതുകിന്റെ ജീവിതത്തിലെ പ്രാരംഭദശകള്‍ നടക്കുന്ന ജലത്തിൽ മലേരിയോള്‍ മുതലായ അസംസ്‌കൃത എണ്ണകള്‍ തളിച്ചാൽ അവയുടെ വളർച്ച ഗണ്യമായതോതിൽ നിയന്ത്രിക്കാവുന്നതാണ്. ബ്രൂഗിയാമലൈ മന്തു പരത്തുന്നത് "മാന്‍സണോയിഡസ്' എന്ന കൊതുകുകളാണ്. ഇതിന്റെ പ്രാരംഭദശകള്‍ മുട്ടപ്പായൽ, കുളപ്പായൽ മുതലായ ജലസസ്യങ്ങളിൽ വച്ചാണ് നടക്കുന്നത്. ഇത്തരം സസ്യങ്ങളുടെ കുളങ്ങളിലും തോടുകളിലും ഇവ വേഗം പെരുകുന്നു. കേരളത്തിൽ അമ്പലപ്പുഴ, ചേർത്തല, പൊന്നാനി മുതലായ ചില സ്ഥലങ്ങളിൽ ബ്രൂഗിയാമലൈ മന്തുബാധ കൂടുതലാണ്.
തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും മാത്രം കണ്ടുവരുന്ന പ്രത്യേകയിനം മഞ്ഞപ്പനി (yellow fever) പരക്കുന്നതിനു കാരണം ഏഡിസ് ഈജിപ്‌റ്റൈ എന്നിയിനം കൊതുകുകളാണ്. എന്നാൽ ഈ കൊതുകുകള്‍ ഇന്ത്യയിൽ പരത്തുന്നത് "ഡെന്‍ഗു', "ചിക്കന്‍ഗുനിയ' മുതലായ രോഗങ്ങളെയാണ്. ചിരട്ട, ഒഴിഞ്ഞ പാട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ മുതലായവയിലെ ചെറിയ ജലശേഖരങ്ങളിലാണ് ഈ കൊതുകുവർഗത്തിന്റെ പ്രാരംഭദശ. ഈയിനം കൊതുകുകള്‍ പകൽ സമയത്താണ് കൂടുതലും കടിക്കുന്നത്.
പാടങ്ങളിലും വെള്ളം തളംകെട്ടിയയിടങ്ങളിലും മുട്ടയിട്ടു വളരുന്ന ക്യൂലക്‌സ് വിഷ്‌ണുവൈ എന്നയിനം കൊതുക് ജപ്പാന്‍ എന്‍കഫെലൈറ്റിസ് എന്ന രോഗം പരത്തുന്നു.
ഈച്ചകള്‍. കൊതുകിനെക്കാള്‍ വലുപ്പം വളരെ കുറഞ്ഞ "സാന്‍ഡ്‌ഫ്‌ളൈ' ഇനത്തിൽപ്പെട്ട പെണ്‍ "ഫ്‌ളിബോട്ടോമസ്' ആണ് കലാസാർ, ഓറിയന്റൽ സോർ മുതലായ രോഗങ്ങള്‍ പരത്തുന്നത്. ഈ പ്രാണികളുടെ പ്രാരംഭദശകള്‍ കഴിഞ്ഞുകൂടുന്നത് സാധാരണയായി തൊഴുത്ത്, മൂത്രപ്പുര, വളക്കുഴി എന്നിവയുടെ സമീപമുള്ള ഈർപ്പമുള്ള മണ്ണിലാണ്. പ്രായപൂർത്തിയായ ഈച്ചയ്‌ക്ക് രണ്ടു മില്ലിമീറ്റർ നീളംകാണും. ചിറകുകളിലും ഉടലിലും നീളമുള്ള രോമങ്ങളുണ്ട്. ഇവയുടെ ആയുർദൈർഘ്യം 20-25 ദിവസമാണ്. മസ്‌കാ വിസിനാ, ഡൊമസ്റ്റിക്കാ നെബുലോ എന്നീയിനം ഈച്ചകളാണ് വീടുകളിൽ രോഗാണുസംക്രമണകാരികളായി വർത്തിക്കുന്നത്. ചീഞ്ഞ മലക്കറികള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം മുതലായ ജൈവപദാർഥങ്ങളിലാണ് ഈ ഇനങ്ങളിലെ പെണ്‍വർഗം മുട്ടയിടുന്നത്. മുട്ടകള്‍ ഒന്നുരണ്ടു ദിവസത്തിനകം വിരിഞ്ഞ് പുഴുക്കള്‍ പുറത്തുവരുന്നു. വെളുത്തു നീളംകൂടിയ ഈ പുഴുക്കള്‍ 4-5 ദിവസംകൊണ്ട് സമാധിദശയിലേക്കു പ്രവേശിക്കുന്നു. മദ്ദളാകൃതിയിലുള്ള ഒരു കൂട്ടിനകത്താണ് സമാധിദശ. രണ്ടുമൂന്ന് ദിവസംകൊണ്ട് കൂടുപൊളിച്ച് ഈച്ചകള്‍ പുറത്തുവരുന്നു. ഭക്ഷണാർഥം പല മലിനപദാർഥങ്ങളിലും ഇവ ചെന്നിരിക്കുന്നു. അതിൽ നിന്നു കാലിലും മേലിലും പറ്റിക്കൂടുന്ന രോഗാണുക്കളെ വഹിച്ചുകൊണ്ട് ഇവ മനുഷ്യരുടെ ഭക്ഷ്യപാനീയവസ്‌തുക്കളിൽ ചെന്നിരുന്ന രോഗാണുക്കളെ അവിടെ നിക്ഷേപിക്കുന്നു. ഇപ്രകാരം യാന്ത്രികമായി ഇവ പല രോഗങ്ങളെയും പരത്തുന്നു. ടൈഫോയ്‌ഡ്, കോളറ, വയറിളക്കം, വയറുകടി, പോളിയോ, ചെങ്കണ്ണ് മുതലായ പല രോഗങ്ങളും ഈ ഈച്ചകള്‍ വഴി സംക്രമിക്കുന്നവയാണ്. ചിലയിനം ഈച്ചകളുടെ പ്രാരംഭദശകള്‍ ശരീരത്തിൽ കടന്നുകൂടി "മിയാസിസ്' എന്ന രോഗവും ഉണ്ടാക്കാറുണ്ട്. സാധാരണ കീടനാശിനികളെ അതിജീവിക്കാന്‍ കഴിവുള്ളവയാണ് ഈ പ്രാണികള്‍ എന്നതുകൊണ്ട് പരിസരശുചീകരണം തന്നെയാണ് ഇവയെ അകറ്റുന്നതിനുള്ള മുഖ്യമായ മാർഗം. വിഷമിശ്രമായ മധുരപദാർഥങ്ങള്‍ ഇരയാക്കിവച്ച് ഈ പ്രാണികളെ ഗണ്യമായതോതിൽ നശിപ്പിക്കാം.
ചെള്ളുകള്‍ (Siphonaptera Fleas). ചിറകുകളില്ലാത്ത വശത്തോടുവശം പരന്ന ചെള്ളിനു സുമാർ 3-4 മില്ലിമീറ്റർ നീളംകാണും. വലുപ്പമുള്ള കാലുകൊണ്ട് ചാടിച്ചാടി നടക്കുന്നു. ശരീരത്തിൽ കൂർത്ത രോമങ്ങളുണ്ട്. കടിച്ചു രക്തം ഊറ്റിക്കുടിക്കുവാന്‍ ഉതകുന്ന വദനാംഗങ്ങളാണ് ഇവയുടേത്. ഇവ ഉദ്ദേശം 45 ദിവസംവരെ ജീവിച്ചിരിക്കും. ആണ്‍ചെള്ളുകളും പെണ്‍ചെള്ളുകളും ശരീരത്തിൽ പറ്റിക്കൂടി രക്തം കുടിച്ചുജീവിക്കുന്നു. പെണ്‍ചെള്ളുകള്‍ 150-200 മുട്ടകളിടുന്നു. 4-5 ദിവസംകൊണ്ട് മുട്ടയിൽനിന്ന് വിരിഞ്ഞുവരുന്ന ലാർവ, ചെള്ളിന്റെ കാഷ്‌ഠവും മറ്റും ഭക്ഷിച്ചുകഴിയുന്നു. ഇതിന്റെ പ്രാരംഭദശ കടക്കുവാന്‍ ഏകദേശം 20 ദിവസം വേണ്ടിവരും.
എലിച്ചെള്ളാണ് പ്ലേഗ് എന്ന രോഗം പരത്തുന്നത്. ബാക്‌റ്റീരിയ മൂലമുണ്ടാകുന്ന ഈ രോഗം സാധാരണമായി എലികളെയാണ് ബാധിക്കാറുള്ളത്. എലിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള സീനോപ്‌സില്ലാ ചിയോടിസ് എന്ന ചെള്ളാണ് ഈ രോഗത്തെ മനുഷ്യരിലേക്കു പകർത്തുന്നത്.
എലിച്ചെള്ളു പരത്തുന്ന മറ്റൊരു രോഗമാണ് "മ്യൂറയ്‌ന്‍ ടൈഫസ്'. ഹൈമനോലെയിസ് എന്ന എലിയുടെ പിത്തവിര പ്രസ്‌തുതമായ ചെള്ളുമുഖാന്തരം മനുഷ്യനെ ബാധിക്കുന്നതാണ്. ഈ രോഗങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എലികളെ നശിപ്പിക്കൽ തന്നെയാണ്.
പേന്‍. ആണും പെണ്ണും പേനുകള്‍ സസ്‌തനജീവികളുടെ ശരീരത്തിൽ പറ്റിക്കൂടി രക്തം കുടിച്ചുകഴിയുന്നു. മൂന്നിനം പേരുകളുണ്ട്. തലപ്പേന്‍, ശരീരപ്പേന്‍, ഗുഹ്യപ്പേന്‍ എന്നിങ്ങനെ. എല്ലാറ്റിന്റെയും ജീവിതചക്രം ഏതാണ്ടൊരുപോലെയാണ്. പെണ്‍പേന്‍ ചെറിയ മുട്ടകളെ (100-150) മുടിയിലോ വസ്‌ത്രങ്ങളിലോ ഒട്ടിച്ചുവയ്‌ക്കുന്നു. മൂന്നുനാല് ദിവസംകൊണ്ട് മുട്ടവിരിഞ്ഞ് ചെറുപേനുകള്‍ പുറത്തുവരുന്നു. ഇവയുടെയും ആഹാരം രക്തംതന്നെ. ഒരാഴ്‌ചയ്‌ക്കുശേഷം ഇവ പ്രായപൂർത്തിയുള്ള പേനുകളായിത്തീരുന്നു. ഇവയുടെ ആയുസ്സ് ഉദ്ദേശം 45 ദിവസമാണ്.
പേന്‍ബാധ കൂടിയാൽ രക്തക്കുറവ്, ക്ഷീണം, ഉറക്കമില്ലായ്‌മ, ചിലപ്പോള്‍ മാനസികമായ ക്ഷീണം എന്നിവ അനുഭവപ്പെടും. ഇവയുടെ കടിമൂലം ചില ത്വഗ്രാഗങ്ങളുമുണ്ടാകാറുണ്ട്. റിക്കറ്റ്‌സിയാ എന്ന രോഗാണുക്കളെ സംക്രമിപ്പിച്ച് എപ്പിഡമിക് ടൈഫസ് എന്ന രോഗം പരത്തുന്നത് മുഖ്യമായും ശരീരപ്പേനാണ്. ശീതരാജ്യങ്ങളിലാണ് ഈ രോഗം സാധാരണമായി പൊട്ടിപ്പുറപ്പെടാറുള്ളത്. തക്കസമയത്തു വേണ്ട ചികിത്സചെയ്‌തില്ലെങ്കിൽ മാരകമായ ഒന്നാണു ടൈഫസ്. ശരീരപ്പേന്‍വഴി പരക്കുന്ന മറ്റൊരു രോഗം "റിലാപ്‌സിങ് ഫീവർ' (ആവർത്തനപ്പനി) ആണ്. ടൈഫസ് ജ്വരം പോലെതന്നെ മാരകമായ ഈ ജ്വരവും സാമാന്യേന ശൈത്യരാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
വ്യക്തിപരമായ ശുചിത്വംകൊണ്ട് പേന്‍ബാധ ഗണ്യമായ തോതിൽ നിയന്ത്രിക്കാം. എന്നാൽ ബാധ ക്രമാതീതമാകുമ്പോഴും രോഗസംക്രമണമുള്ളപ്പോഴും കീടനാശിനികളെ ആശ്രയിച്ചേ മതിയാകൂ. രോഗികളുടെ വസ്‌ത്രത്തിലും ശരീരത്തിൽപ്പോലും പൈറിത്രം മുതലായ മരുന്നു തളിക്കണം.
മൂട്ട (Bed bug). ഇവ രോഗസംക്രമണത്തിൽ വലിയ പങ്കുവഹിക്കുന്നതായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും പൊതുവേ ഇവ ഉപദ്രവകാരികള്‍ തന്നെയാണ്. ഇവ കസേര, കട്ടിൽ തുടങ്ങിയ ഗൃഹോപകരണങ്ങളിൽ പതുങ്ങിയിരിക്കുന്നു. ആണും പെണ്ണം രക്തം കുടിച്ചു ജീവിക്കുന്നു. രാത്രികാലങ്ങളിൽ സജീവമായി പ്രവർത്തനം നടത്തുന്ന ഇവ ഉറക്കത്തെ പലപ്പോഴും ശല്യപ്പെടുത്താറുണ്ട്. ഇവയുടെ മുട്ടകള്‍ നിക്ഷേപിക്കപ്പെടുന്നത് കട്ടിൽ, കസേര, ഭിത്തികള്‍ എന്നിവയുടെ വിടവുകളിലാണ്. മുട്ട വിരിഞ്ഞുപുറത്തുവരുന്ന ചെറുമൂട്ടകളുടെയും ആഹാരം രക്തം തന്നെ. മാസങ്ങളോളം ആയുർദൈർഘ്യമുള്ള ഇവ സാധാരണ കീടനാശിനികള്‍ക്ക് വഴങ്ങാറില്ല. ഓർഗാനൊ ഫോസ്‌ഫറ്റസ് കീടനാശിനികളുപയോഗിച്ച് ഇവയുടെ ബാധ ഇല്ലാതാക്കാം.
അരാക്ക്‌നിഡാ വർഗം. ഈ വർഗത്തിലെ എട്ടുകാലി, തേള്‍, പഴുതാര മുതലായവ ശരീരത്തിൽ നേരിട്ടു വിഷബാധയുണ്ടാക്കുന്നവയാണ്. എന്നാൽ പശു, പട്ടി മുതലായ ജീവികളുടെ ശരീരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുന്ന ടിക്(tick) അഥവാ ഉണ്ണികള്‍ രോഗം പരത്തുന്നു. ഇവയിൽ ചിലതിന് 1 സെ.മീ. നീളം കാണും. എട്ടുകാലുകളുണ്ട്. ഇവയുടെ വദനം രക്തം കുടിക്കുന്നതിന് ഉതകത്തക്കവിധം വേധനക്ഷമമാണ്. രക്തംമാത്രമാണ് ഇവയുടെ ആഹാരം, ഒരു പെണ്‍ടിക് ഏകദേശം 10,000 മുട്ടയിടും. പുല്ലിന്റെയും സസ്യങ്ങളുടെയും ചുവട്ടിലാണ് ഈ മുട്ടകള്‍ നിക്ഷേപിക്കപ്പെടുന്നത്. 20-25 ദിവസംകൊണ്ടു മുട്ടവിരിഞ്ഞ് ചെറു ടിക്കുകള്‍ പുറത്തുവരുന്നു. ഈ ചെറിയ ഉണ്ണികളുടെയും ആഹാരം രക്തംതന്നെയാണ്. എല്ലാ ഉണ്ണികളും ഒരു കൊല്ലത്തിലധികം ജീവിച്ചിരിക്കും.
ചിലതരം ഉണ്ണികളുടെ കടികൊണ്ട് തളർവാതം ബാധിക്കാറുണ്ട്. റഷ്യന്‍ സമ്മർ എന്‍കഫെലൈറ്റിസ്, കൈസനോവർ ഫോറസ്റ്റ് ഡിസീസ് മുതലായ വൈറസ് രോഗങ്ങള്‍ പരത്തുന്നത് ചിലയിനം ഉണ്ണികളാണ്. റോക്കിമൗണ്ടന്‍ സ്‌പോട്ടഡ് ഫീവർ, ക്യൂഫീവർ, ടിക്‌ടൈഫസ് എന്നീ രോഗങ്ങളുടെയും വാഹികള്‍ ഉണ്ണികള്‍തന്നെ. ഒരുതരം ആവർത്തനപ്പനിയും ഇവ പരത്തുന്നു. ഉണ്ണികള്‍ മുട്ടയിട്ടു വളരുന്നയിടങ്ങളിലും കന്നുകാലികള്‍, പട്ടി മുതലായവയെ വളർത്തുന്ന സ്ഥലങ്ങളിലുമെല്ലാം കീടനാശിനി തളിച്ചാൽ ഇവയുടെയും തദ്വാരാ ഇവ പരത്തുന്ന രോഗങ്ങളുടെയും ബാധ ഗണ്യമായ തോതിൽ നിയന്ത്രിക്കാം.
മൈറ്റുകള്‍ (Mites). വെലുപ്പം കുറഞ്ഞ (1 മില്ലി മീറ്ററിൽക്കുറവ്) ഒരുതരം ഷട്‌പദങ്ങളാണ് ഇവ. ഈ വർഗത്തിൽപ്പെട്ട ഡാർക്കോപ്‌റ്റസ് സ്‌കേബിയെ എന്ന ജീവികളുടെ ത്വക്കിലുള്ള ആക്രമണംകൊണ്ടാണ് ചൊറിയുണ്ടാകുന്നത്. ഇവ ത്വക്കിൽ കടിച്ചുപറ്റി തുരന്നുകൊണ്ടിരിക്കും. പെണ്‍മൈറ്റ് ഉദ്ദേശം 50 മുട്ടകള്‍വരെ ഇടും. സാധാരണമായി വിരലുകള്‍ക്കിടയിൽ, തുടയിൽ, കക്ഷത്തിൽ എല്ലാമാണ് ഇവയുടെ ബാധ കൂടുതലായി കാണുന്നത്. ക്രമാതീതമായി ബാധിക്കുമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവയെ കാണാം. ബെന്‍സൈൽ ബെന്‍സോയേറ്റ് 25 ശതമാനം വീര്യത്തിൽ ശരീരത്തിൽ ലേപനം ചെയ്‌താൽ ചൊറിബാധ നിശ്ശേഷം ശമിക്കും.
എലികളുടെ ശരീരത്തിൽ പറ്റിക്കൂടിയിരിക്കുന്ന ഒരു തരം മൈറ്റ് ആണ് ത്രാംബിക്കുലാ അക്കാമുഷി. ഇവ സൂബ് ടൈഫസ് എന്ന രോഗം പരത്തുന്നു. സാധാരണമായി മലയോരങ്ങളിലും മലമ്പ്രദേശങ്ങളിലുമാണ് ഈ രോഗബാധ കാണുന്നത്. എലികളെ നശിപ്പിച്ചും കീടനാശിനികളുപയോഗിച്ചും ഈ രോഗം നിയന്ത്രിക്കാവുന്നതാണ്.
ക്രസ്റ്റേഷ്യാവർഗം. ഈ വർഗത്തിൽപ്പെട്ട സൈക്ലോപ്‌സ് എന്ന പ്രാണിക്കു മാത്രമേ രോഗസംക്രമണത്തിൽ പങ്കുള്ളൂ. ഇവ കിണറ്റിലും കുളങ്ങളിലുമുള്ള ജലത്തിൽ വളരുന്നു. ഈ ചെറുപ്രാണികള്‍ക്ക് (1 മില്ലി മീറ്റർ) അഞ്ച് ജോടി കാലുകളുണ്ട്. രണ്ടുജോടി ശൃംഗികളുണ്ട്. ഒറ്റക്കണ്ണന്മാരാണ് "ഗിനിവേം' എന്ന രോഗമാണ് ഇവ സംക്രമിപ്പിക്കുന്നത്. രോഗകാരണം ഡ്രാക്കന്‍ക്യൂലക്‌സ് എന്ന വിരയാണ്. പ്രായപൂർത്തിയായ പെണ്‍വിരകള്‍ കാലിലെയും മറ്റും തൊലികളിൽ വ്രണങ്ങളുണ്ടാക്കുന്നു. ഈ വ്രണങ്ങളിലൂടെ ഇവയുടെ നൂറുകണക്കിന് ചെറുവിരകള്‍ വെള്ളത്തിലെത്തുന്നു. ഇവയെ മുന്‍പറഞ്ഞ സൈക്ലോപ്‌സ് വിഴുങ്ങുന്നു. വിരകളുടെ പിന്നീടുള്ള വളർച്ച ഈ പ്രാണികളുടെ ശരീരത്തിലാണ്. കുടിക്കുന്ന ജലത്തിലൂടെ ഇപ്രകാരമുള്ള സൈക്ലോപ്‌സ് മനുഷ്യരുടെ ഉദരത്തിലെത്തുന്നു. ഉദരത്തിൽവച്ച് ഈ പ്രാണികളിൽ നിന്നു ചെറുവിരകള്‍ പുറത്തുവരികയും അവിടെനിന്നും അവ ലസികാഗ്രന്ഥികളിലെത്തി വളർച്ച പ്രാപിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഈ വിരകൊണ്ടുള്ള രോഗം ഗണ്യമായ തോതിലുണ്ടായിരുന്നു. ജലം തിളപ്പിച്ച് ആറിയശേഷം ഉപയോഗിക്കുക, കുടിക്കുന്ന ജലത്തിൽ ബ്ലീച്ചിങ് പൗഡർ മുതലായ രാസവസ്‌തുക്കളിട്ട് ഇവയെ നശിപ്പിക്കുക ഇവയെല്ലാമാണ് നിയന്ത്രണമാർഗങ്ങള്‍.
(എ. ജോസഫ്)