This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐറിഷ്‌ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐറിഷ്‌ കല == == Irish Art == ബ്രിട്ടിഷ്‌ ദ്വീപസമൂഹത്തിൽപ്പെട്ട അയർലണ...)
അടുത്ത വ്യത്യാസം →

18:14, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐറിഷ്‌ കല

Irish Art

ബ്രിട്ടിഷ്‌ ദ്വീപസമൂഹത്തിൽപ്പെട്ട അയർലണ്ടിൽ ചരിത്രാതീതകാലം മുതൽക്കേ നിലനിന്നുപോരുന്ന കല. സാങ്കേതികമായി ഏഴും എട്ടും നൂറ്റാണ്ടുകള്‍ മുതലുള്ള വൈവിധ്യമാർന്ന ഇവിടത്തെ കലാസൃഷ്‌ടികളെയാണ്‌ ഐറിഷ്‌കലയുടെ പരിധിയിൽ വിമർശകർ ഇന്ന്‌ ഉള്‍പ്പെടുത്തിപ്പോരുന്നത്‌. ആധുനികകലയുടെ അമൂർത്ത സ്വഭാവം പ്രാചീന അയർലണ്ടിലെ ചിത്രകലയിലും ശില്‌പകലയിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

ലാ-ടേന്‍ (La-Tene) സംസ്‌കാരത്തിന്റെ പ്രാരംഭഘട്ട (ബി.സി അവസാന ദശകങ്ങള്‍) ത്തിൽ കെൽറ്റിക്‌ ജനവർഗം അയർലണ്ടിൽ കുടിയേറിപ്പാർത്തു തുടങ്ങി. അവരോടൊപ്പം വെങ്കല കലാരൂപങ്ങള്‍ക്ക്‌ ഇവിടെ പ്രവേശനം ലഭിച്ചു. അള്‍സ്റ്റർ പ്രവിശ്യയിൽ ലോഫ്‌നീഘിനു വടക്കുള്ള പ്രദേശങ്ങളിൽ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള കൊത്തുപണികളും ഇനാമൽ പണികളുമുള്ള വാളുറകള്‍ അവയ്‌ക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌. ഇവയ്‌ക്കൊപ്പം തന്നെ ഉന്നതനിലവാരം പുലർത്തുന്നവയും കൊത്തുപണികള്‍ കൊണ്ട്‌ അലംകൃതങ്ങളുമായ ചില ശിലാരൂപങ്ങളും അതേ കാലഘട്ടത്തിന്റേതായി ലഭിച്ചിട്ടുണ്ട്‌. ഇത്തരം ശിലാരൂപങ്ങള്‍ ആരാധനയ്‌ക്കുപയോഗിച്ചിരുന്നവയാണെന്നു കരുതപ്പെടുന്നു. എ. ഡി. 5-ാം നൂറ്റാണ്ടിൽ ക്രിസ്‌തുമതം അയർലണ്ടിൽ വ്യാപിച്ചശേഷവും ഇവ അന്യൂനമായി തുടർന്നുവന്നു. ക്രിസ്‌തു മതാവിർഭാവത്തോടുകൂടി രൂപപ്പെട്ട ഐറിഷ്‌ ക്രസ്‌തവകല അടുത്ത കുറെ നൂറ്റാണ്ടുകളിൽ തഴച്ചുവളർന്നു നിലനിന്നു. 7, 8 നൂറ്റാണ്ടുകളിലെ ഐറിഷ്‌ കലയെ, ഒരു പരിധിവരെ, കെൽറ്റിക്‌ കലയുടെ വികാസ പരിണാമങ്ങളുടെ അവസാനരൂപമായി ഒരു കൂട്ടർ കണക്കാക്കി വരുന്നു. എന്നാൽ റോമന്‍-ജർമന്‍ ആക്രമണങ്ങളിൽ നിന്ന്‌ അയർലണ്ട്‌ രക്ഷപ്പെട്ടതോടെ കെൽറ്റിക്‌ കല അവിടെ വീണ്ടും ശക്തിപ്രാപിക്കുകയുണ്ടായി. അത്‌ അനുക്രമം സ്വതന്ത്രമായ വികാസപരിണാമങ്ങള്‍ക്ക്‌ വിധേയമാവുകയും ചെയ്‌തു. മിഷനറി പ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനങ്ങളും കലാപരവും ബുദ്ധിപരവുമായ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളുമായി വർത്തിച്ചുകൊണ്ടിരുന്ന സന്യാസാശ്രമങ്ങളും കന്യാമഠങ്ങളും ഈ വികാസത്തിനു ത്വരകമായി ഭവിച്ചു. ഇതിനകം രാഷ്‌ട്രീയമായി ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന അയർലണ്ട്‌, മതപരമായി യൂറോപ്പിനോടു ബന്ധം പുലർത്തി. ഈ ബന്ധം കലാപരവും സാംസ്‌കാരികവുമായ ആദാനപ്രദാനങ്ങളിലൂടെ വികസിക്കുന്നതിന്‌ ഐറിഷ്‌കലയ്‌ക്കു സന്ദർഭം ഉണ്ടാക്കിക്കൊടുത്തു. അലങ്കരണകലയിൽ ഐറിഷ്‌ ജനത കൈവരിച്ച അഭിവൃദ്ധിക്കു നിദാനം ഇതാണ്‌. കെൽറ്റിക്‌ സ്‌തൂപങ്ങളിൽ മൃഗരൂപങ്ങള്‍ വിന്യസിച്ചുതുടങ്ങിയത്‌ ഈ കാലഘട്ടത്തിലാണ്‌.

7-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 9-ാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഘട്ടം ഐറിഷ്‌കലയെ സംബന്ധിച്ചിടത്തോളം ഒരു സുവർണയുഗമായിരുന്നു. അന്നത്തെ വാസ്‌തുശില്‌പങ്ങളിൽ കുറച്ചുമാത്രമേ ഇന്ന്‌ അവശേഷിച്ചിട്ടുള്ളൂ. അക്കൂട്ടത്തിൽ അർമാക്‌ല്‌, ക്ലോന്‍മക്‌ നോയിസ്‌, കിന്‍ഡാർ, ഗ്ലെന്‍ഡാലോ, ലിസ്‌മോർ, ക്ലോറാഡ്‌, കെൽസ്‌ എന്നീ പ്രശസ്‌ത ഐറിഷ്‌ സന്ന്യാസിമഠങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടുന്നു. അന്നത്തെ മുഖ്യദേവാലയങ്ങളും മറ്റു മന്ദിരങ്ങളും തടി കൊണ്ടാണ്‌ നിർമിച്ചിരുന്നത്‌. ദേവാലയവാതിലുകള്‍ക്ക്‌ യാതൊരലങ്കാരപ്പണിയും ഉണ്ടായിരുന്നില്ല. എന്നാൽ അവയുടെ മുന്നിലും സന്യാസാശ്രമങ്ങളുടെയും കന്യാമഠങ്ങളുടേയും ഉള്ളിലും കാണപ്പെടുന്ന കുരിശുകള്‍, റിലീഫ്‌ ചിത്രങ്ങളും മൃഗരൂപങ്ങളും വർത്തുളാകൃതിയിലുള്ള കൊത്തുപണികളും ഉത്‌ഖചിതങ്ങളായ മൃഗയാവിനോദരംഗങ്ങളും ബൈബിള്‍ക്കഥകളിലെ ചില സംഭവങ്ങളുടെ ചിത്രണങ്ങളും കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരുന്നു. റ്റിപ്പററി കൽകിറാന്‍, കിൽകെനി, മ്യൂണേ എന്നിവിടങ്ങളിലെ ഇത്തരം കുരിശുകള്‍ ഇന്നും സംരക്ഷിക്കപ്പെട്ടുവരുന്നു. ഇക്കൂട്ടത്തിൽ മ്യൂണെയിലെ കുരിശ്‌ കലാമൂല്യത്തിൽ മുന്നിട്ടു നില്‌ക്കുന്നു. ഹസ്‌തലിഖിത ഗ്രന്ഥങ്ങള്‍, പ്രതേ്യകിച്ചും ബൈബിളിന്റെ കൈയെഴുത്തുപ്രതികള്‍, ദീപവർണത്തിലുള്ള ചിത്രവിന്യാസങ്ങള്‍ കൊണ്ട്‌ മോടിപിടിപ്പിക്കുന്നതിൽ ഐറിഷ്‌ കലാകാരന്മാർ തത്‌പരരായിരുന്നു. 8-ഉം 9-ഉം നൂറ്റാണ്ടുകളിലാണ്‌ ഈ പ്രവണത കൂടുതൽ പ്രചരിച്ചത്‌.അവിടത്തെ പല ദേവാലയങ്ങളിലും വിശുദ്ധഗ്രന്ഥത്തിന്റെ ഇത്തരം പകർപ്പുകള്‍ സംരക്ഷിക്കപ്പെട്ടുവരുന്നുണ്ട്‌. സെയ്‌ന്റ്‌ ഗാർഗോസ്‌പൽസ്‌, ബുക്ക്‌ ഒഫ്‌ ബ്യൂറോ, ബുക്ക്‌ ഒഫ്‌ കെൽസ്‌ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പകർപ്പുകളും ഡബ്ലിനിലെ ട്രിനിറ്റി കോളജ്‌, ലിച്ച്‌ഫീൽഡ്‌ ദേവാലയം, സെയ്‌ന്റ്‌ ഹാള്‍ ദേവാലയം എന്നിവയോടു ചേർന്നുള്ള ഗ്രന്ഥശേഖരങ്ങളിലും അക്കാലത്തെ ചിത്രാലംകൃതഗ്രന്ഥങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. ഈ ഗ്രന്ഥപകർപ്പുകളിലെ ചിത്രണശൈലി ഐറിഷ്‌മിഷനറിമാരുടെ ചുമതലയിൽ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിൽ നടത്തപ്പെട്ടുവന്ന സ്ഥാപനങ്ങള്‍ വഴി ആ രാജ്യങ്ങളിലും പ്രചാരത്തിലെത്തി. പില്‌ക്കാലത്ത്‌ ഈ ശൈലി ലോഹനിർമിതങ്ങളായ ആഭരണങ്ങളിലും ഉപകരണങ്ങളിലും പകർത്തപ്പെട്ടിട്ടുണ്ട്‌.

നേർത്ത കമ്പികള്‍കൊണ്ടുള്ള സൂക്ഷ്‌മങ്ങളായ ലതാവലിവിന്യാസങ്ങളും (ഫിലിഗ്രി അലങ്കാരണപ്പണികള്‍) ഇനാമൽ കലയും ഈ കാലഘട്ടത്തിൽ തന്നെ ഐറിഷ്‌ കലയുടെ ഭാഗമായി തീർന്നിരുന്നു. പ്രശസ്‌ത ദേവാലയങ്ങളുടെ ചെറിയ രൂപങ്ങള്‍, വെങ്കലവിളക്കുകള്‍, ഇനാമൽ ചെയ്‌ത അരപ്പട്ടകള്‍ തുടങ്ങി സാങ്കേതികമായി മികച്ചതും നിർമാണസൂക്ഷ്‌മത ദ്യോതിപ്പിക്കുന്നതുമായ നിരവധി കലാരൂപങ്ങള്‍ ഈ കാലഘട്ടത്തിന്റെ സ്‌മാരകങ്ങളായി ഇന്നും സംരക്ഷിക്കപ്പെട്ടുപോരുന്നു. 9-ാം നൂറ്റാണ്ടിൽ വൈക്കിങ്ങുകള്‍ അയർലണ്ട്‌ ആക്രമിച്ച്‌ ദേവാലയങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തതിന്റെ ഫലമായി കലാമൂല്യമുള്ള പല വസ്‌തുക്കളും നഷ്‌ടപ്പെടുകയും വാസ്‌തുശില്‌പങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. അവർ ഡബ്ലിന്‍, കോർക്ക്‌, ലിമറിക്‌ തുടങ്ങിയ സ്ഥലങ്ങളിൽ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ സ്വന്തം ആധിപത്യം ഉറപ്പിച്ചതിനെത്തുടർന്ന്‌ കലാസാംസ്‌കാരിക വിനിമയത്തിലൂടെ ഐറിഷ്‌കല കാലിക പ്രാധാന്യമർഹിക്കുന്ന ചില മാറ്റങ്ങള്‍ക്ക്‌ വിധേയമായി. കലുഷിതമായിരുന്ന ഐറിഷ്‌ സാംസ്‌കാരികരംഗത്ത്‌ സമാധാനപരമായ ഒരന്തരീക്ഷം വീണ്ടും അയർലണ്ടിൽ സംജാതമാക്കിയ 11-ാം നൂറ്റാണ്ടിൽ കലാസാംസ്‌കാരികരംഗങ്ങളിൽ പരിഗണനാർഹങ്ങളായ പല മുന്നേറ്റങ്ങളുമുണ്ടായി. ഹസ്‌തലിഖിത ഗ്രന്ഥങ്ങളിലെ ചിത്രാലംകൃതശൈലിക്ക്‌ പുനർജന്മം ലഭിച്ച്‌ കൂടുതൽ വികസ്വരമായത്‌ ഈ കാലത്താണ്‌. കൽകുരിശുകളിൽ ക്രിസ്‌തുവിന്റെ ക്രൂശിതരൂപവും ഇടവകമെത്രാന്റെ ഛായാരൂപവും അവയ്‌ക്കു ചുറ്റും മൃഗരൂപങ്ങളും കൊത്തിവയ്‌ക്കുന്ന പതിവും ഇക്കാലത്താണ്‌ ആരംഭിച്ചത്‌. ദേവാലയങ്ങളുടെ നിർമാണത്തിൽ സങ്കീർണങ്ങളായ പുതുമകളൊന്നും കൈവരിച്ചില്ലെങ്കിലും വാതിലുകള്‍ കൊത്തുപണികള്‍ കൊണ്ട്‌ അലങ്കരിക്കുന്ന രീതി നടപ്പിൽ വന്നു. റൊമാനസ്‌ക്‌ കലാശൈലിയുടെ സ്വാധീനതയുടെ ഫലമായിട്ടാണ്‌ ഈ മാറ്റങ്ങള്‍ അവിടെ ഉണ്ടായതെന്ന്‌ ചില നിരൂപകന്മാർ സമർഥിച്ചിട്ടുണ്ട്‌. 1134-ൽ നിർമിച്ച കോർമാക്‌ ദേവാലയം നോർമന്‍ ജർമന്‍ കലയുടെ സ്വാധീനത ഉള്‍ക്കൊള്ളുന്നു.

12-ാം നൂറ്റാണ്ടിൽ സിസ്റ്റേഷ്യന്‍ സമൂഹം സെയ്‌ന്റ്‌ മലാഖിയുടെ ക്ഷണപ്രകാരം അയർലണ്ടിൽ വന്നതോടെ ഇവിടത്തെ ദേശീയ കലാപാരമ്പര്യം ക്ഷീണിക്കുകയും നോർമന്‍ അധിനിവേശത്തോടെ അപ്രത്യക്ഷമാവുകയും ചെയ്‌തു. 15-ഉം 16-ഉം ശതകങ്ങളിൽ ഇംഗ്ലീഷ്‌ ഗോഥിക്‌ ശൈലി ഇവിടെ ദുർബലമായി അനുകരിക്കപ്പെട്ടു. ഐറിഷ്‌കലയുടെ ഈറ്റില്ലങ്ങളെന്ന നിലയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സന്ന്യാസാശ്രമങ്ങളും കന്യാമഠങ്ങളും യൂറോപ്പിലാകെ ആഞ്ഞടിച്ച നവീകരണത്തിന്റെ ആഘാതമേറ്റ്‌ നിശ്ചേതനങ്ങളായി. ആഭ്യന്തരകലഹങ്ങളും ബാഹ്യാക്രമണങ്ങളും ഐറിഷ്‌ ജനജീവിതത്തിൽ കെടുതികള്‍ ഏല്‌പിച്ചു. ഇവ 17-ാം നൂറ്റാണ്ടിലെ ഐറിഷ്‌ കലയുടെ വികാസത്തെ പ്രതികൂലമായി ബാധിച്ചു. 18-ാം നൂറ്റാണ്ടായതോടെ ഇവിടത്തെ ശില്‌പികളും വാസ്‌തുവിദ്യാവിദഗ്‌ധന്മാരും കർമോത്സുകരാവുകയും കലാസാംസ്‌കാരിക മണ്‌ഡലങ്ങളിൽ പുതിയ വീക്ഷണപദങ്ങള്‍ കണ്ടെത്തുവാന്‍ കരുത്താർജിക്കുകയും ചെയ്‌തു. യൂറോപ്പിലാകെ പുതുമയ്‌ക്കുവേണ്ടിയുണ്ടായ സംഘടിതമുന്നേറ്റങ്ങള്‍, ശാസ്‌ത്രത്തിന്റെ പുരോഗതിമൂലം സാംസ്‌കാരിക മേഖലയിലുണ്ടായ നവോന്മേഷം എന്നിവയുടെ ഫലമായി വിക്‌ടോറിയന്‍ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലുണ്ടായ യാഥാസ്ഥിതികേതരസംസ്‌കാരം അയർലണ്ടിൽ സ്വാധീനത ചെലുത്തുകയും ഐറിഷ്‌ കലയുടെ രൂപഭാവങ്ങളെ സാരമായി ബാധിക്കുകയും ചെയ്‌തു. അതോടൊപ്പം ഐറിഷ്‌ ജനതയുടെ സ്വാതന്ത്ര്യാഭിലാഷം ഉത്‌കടമായിത്തീർന്നു. ഈ പശ്ചാത്തലത്തിലാണ്‌ 19-ാം നൂറ്റാണ്ടിലെ ഐറിഷ്‌കല വികസിക്കുവാന്‍ ഇടയായത്‌. പുതിയ ഭവനങ്ങളും പുതിയ നഗരവീഥികളും ആധുനികതയിൽ ഇംഗ്ലണ്ടിനോട്‌ മത്സരിക്കുന്ന മട്ടിൽ നഗരങ്ങളിൽ രൂപമെടുത്തു. ഇംഗ്ലീഷ്‌ വാസ്‌തുവിദ്യാശൈലിയും നഗരസംവിധാനക്രമങ്ങളും അലങ്കരണരീതികളും തന്നെയാണ്‌ മൗലികമായി ഐറിഷ്‌ജനത സ്വീകരിച്ചതെങ്കിലും ഇടക്കാലത്ത്‌ കൈവിട്ടുപോയ പാരമ്പര്യകലാശൈലിയിൽ നിന്നും പല മൂല്യങ്ങളും സമഞ്‌ജസമായി സംയോജിപ്പിച്ച്‌ ദേശീയതയ്‌ക്കിണങ്ങുന്ന ഒരു ശൈലി അവർ രൂപപ്പെടുത്തി. സാഹിത്യം, സംഗീതം, നൃത്തനാടകാദികള്‍ മുതൽ ചിത്രകലയും വാസ്‌തുവിദ്യയും വരെ ഈ സവിശേഷത ഉള്‍ക്കൊള്ളുകയുണ്ടായി.

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലുണ്ടായ വിപ്ലവാത്മകങ്ങളായ മുന്നേറ്റങ്ങളുടെ പ്രതിബിംബനം ഐറിഷ്‌ കലയുടെ വിവിധതലങ്ങളിൽ പ്രകടമായിട്ടുണ്ട്‌. സ്വന്തവും സ്വതന്ത്രവുമായ വീക്ഷണം നിലനിറുത്തിപ്പോരുന്നതിൽ ഐറിഷ്‌കലാകാരന്മാർ ദത്താവധാനന്മാരാണ്‌. സമകാലീന ഐറിഷ്‌ കലയിലെ പ്രമുഖരിൽ ഡൊറോത്തിക്രാസ്‌, ജെയിംസ്‌കോള്‍മാന്‍, അമന്റ്‌ക്രഗൽ, ഫെർഗസ്‌ഫീഹിലി, ഗാരിഫാരലി, ഡൊറീന്‍കെന്നഡി, റോസ്‌എക്കിള്‍സ്‌, മേരിഫിറ്റ്‌സ്‌ജെറാള്‍ഡ്‌, പീറ്റർ റിച്ചാർഡ്‌സ്‌, ജോണ്‍ലോങ്‌ മുതലായവർ ഉള്‍പ്പെടുന്നു. ചിത്രകാരനും, ചിത്രചരിത്രകാരനും ശില്‌പിയുമായ ബ്രയന്‍ഒദോഹർട്ടി ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ (1972-2008) ഐറിഷ്‌ കലയ്‌ക്ക്‌ മികച്ച സംഭാവനകള്‍ നല്‌കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍