This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐദിത്ത്‌, ദീപാനുസാന്തര (1923 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐദിത്ത്‌, ദീപാനുസാന്തര (1923 - 65) == == Aidit, Dipa Nusantara == ഇന്തോനേഷ്യന്‍ കമ്യ...)
അടുത്ത വ്യത്യാസം →

17:47, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐദിത്ത്‌, ദീപാനുസാന്തര (1923 - 65)

Aidit, Dipa Nusantara

ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റുപാർട്ടി നേതാവ്‌. 1923 ജൂല. 30-ന്‌ സുമാത്രയിൽ ഒരു പ്ലാന്റേഷന്‍ തൊഴിലാളിയുടെ പുത്രനായി ജനിച്ചു. ഒരു കൊമേഴ്‌സ്യൽ വിദ്യാലയത്തിൽ അഭ്യസിച്ച്‌ ബിരുദധാരിയായി. പുരോഗമനയുവജന സംഘടനകളിലും തൊഴിലാളി യൂണിയനുകളിലും പ്രവർത്തിച്ചുകൊണ്ട്‌ പൊതുജീവിതം ആരംഭിച്ച ഇദ്ദേഹം 1943-ൽ ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി. ജപ്പാന്‍, ബ്രിട്ടന്‍, നെതർലന്‍ഡ്‌സ്‌ എന്നീ രാജ്യങ്ങളുടെ കോളനിയായിരുന്ന ഇന്തോനേഷ്യയുടെ സ്വാതന്ത്യ്രപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1945-ൽ ഇദ്ദേഹത്തെ ജപ്പാന്‍കാർ അറസ്റ്റുചെയ്‌തു. തുടർന്ന്‌ ബ്രിട്ടീഷ്‌ ഭരണാധികാരികളും ഐദിത്തിനെ തടങ്കലിൽ വച്ചു. 1945-ൽ ഇന്തോനേഷ്യ കോളനിഭരണത്തിൽ നിന്നും മോചനം നേടിയതോടെ ഐദിത്ത്‌ പ്രശസ്‌തനായ യുവജനനേതാവായി ഉയർന്നു. 1947-ൽ ഇദ്ദേഹം കമ്യൂണിസ്റ്റു പാർട്ടി കേന്ദ്രകമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽത്തന്നെ പോളിറ്റ്‌ ബ്യൂറോ അംഗമായി ഉയർന്നു. 1951-54 കാലത്ത്‌ പാർട്ടി സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചു. 1954-ൽ ജനറൽ സെക്രട്ടറി പദവി സ്വീകരിച്ച ഇദ്ദേഹം 1959 സെപ്‌തംബറിൽ പാർട്ടി ചെയർമാനായി; ആ പദവി മരണംവരെ തുടർന്നു. 1960-കളിൽ കമ്യൂണിസ്റ്റുപാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങള്‍ ജന്മിമാരുടെ ഭൂമിയും വിദേശീയരുടെ എസ്റ്റേറ്റുകളും പിടിച്ചെടുത്തു. പിടിച്ചെടുക്കപ്പെട്ട ഈ ഭൂമികള്‍ തൊഴിലാളി കൗണ്‍സിലുകളുടെ കീഴിലായിരിക്കുമെന്നത്‌ 1964 അവസാനം ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സഹകരണാത്മക(Gotong Royoung) ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയും എന്ന അടിസ്ഥാനത്തിൽ ഐദിത്ത്‌, സുക്കാർണോയുടെ "നാസാകോം' (ദേശീയത്വം. മതം, കമ്യൂണിസം ഇവയുടെ ഐക്യമാണ്‌ ഇന്തോനേഷന്‍ രാഷ്‌ട്രത്തിന്റെ അടിസ്ഥാനം എന്ന സിദ്ധാന്തം) തത്ത്വത്തിനു 1965 ഫെബ്രുവരിയിൽ പിന്തുണ പ്രഖ്യാപിച്ചു.

1959 മുതൽ ഐദിത്ത്‌ ഇന്തോനേഷ്യയിലെ സുപ്രീം അഡ്‌വൈസറി കൗണ്‍സിൽ അംഗമായിരുന്നു. 1960 മുതൽ പ്രാവിഷണൽ പീപ്പിള്‍സ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കോണ്‍ഗ്രസ്സിന്റെയും 1961 മുതൽ ഇന്തോനേഷ്യന്‍ നാഷണൽ ഫ്രണ്ടിന്റെയും ഉപാധ്യക്ഷനായി പ്രവർത്തിച്ചു. 1962 മുതൽ ഇദ്ദേഹം വകുപ്പില്ലാ മന്ത്രിയായി. ഇക്കാലത്ത്‌ ഇന്തോനേഷ്യയിൽ ഐദിത്ത്‌ ആർജിച്ച ജനപ്രീതിയെ പരിഗണിച്ച്‌ 1965 സെപ്‌. 13-നു പ്രസിഡന്റ്‌ സുക്കാർണോ ഇദ്ദേഹത്തിന്‌ "മഹാപുത്ര' മെഡൽ നല്‌കി. സുക്കാർണോ ഐദിത്തിനെ "മാതൃകായോഗ്യനായ ധീരദേശാഭിമാനി' എന്നു സംബോധന ചെയ്യുകയുണ്ടായി. ഇതിനിടയിൽ സാമ്രാജ്യത്വശക്തികളും ദേശീയ, മതശക്തികളും സൈന്യത്തിലൊരു വിഭാഗവും ചേർന്ന്‌ കമ്യൂണിസ്റ്റുവിരുദ്ധ കൂട്ടുകെട്ടുണ്ടാക്കി. സുക്കാർണോയുടെ ക്ഷയിച്ചുവരുന്ന ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിൽ ജനറൽ നസൂഷന്റെ നേതൃത്വത്തിൽ സൈന്യത്തിൽ ഒരു "കൗണ്‍സിൽ ഒഫ്‌ ജനറൽസ്‌' രൂപവത്‌കരിച്ചതായുള്ള സൂചന ലഭിച്ചതോടെ സൈന്യത്തിലെ പുരോഗമനചേരി ലഫ്‌ടനന്റ്‌ കേണൽ യുന്‍തുങ്ങിന്റെ നേതൃത്വത്തിൽ ഒരു "വിപ്ലവകൗണ്‍സിൽ' രൂപവത്‌കരിച്ചു. സൈനിക ദിനമായ 1965 ഒ. 5-ന്‌ "കൗണ്‍സിൽ ഒഫ്‌ ജനറൽസ്‌' സൈനിക കേന്ദ്രീകരണം നടത്തുവാനും അധികാരം പിടിച്ചെടുക്കുവാനും പദ്ധതി ആവിഷ്‌കരിച്ചു എന്ന്‌ "വിപ്ലവ കൗണ്‍സിൽ' മനസ്സിലാക്കി 1965 സെപ്‌. 30 അർധരാത്രി വിപ്ലവകൗണ്‍സിൽ അധികാരം പിടിച്ചെടുക്കുന്നതിനു ശ്രമിച്ചു (ഇതിനെ സെപ്‌തംബർ പ്രസ്ഥാനം-ഗസ്റ്റാപു-എന്നു പറയുന്നു. സെപ്‌. 30-നു തുടങ്ങി അടുത്തദിവസവും തുടർന്നതുകൊണ്ട്‌ ഇതിനെ ഒക്‌ടോബർ ക പ്രസ്ഥാനം എന്നും പറയാറുണ്ട്‌).

സെപ്‌തംബർ പ്രസ്ഥാനത്തിന്റെ പേരിൽ ഏതാണ്ട്‌ മൂന്നുലക്ഷത്തോളം കമ്യൂണിസ്റ്റുകാരോടൊപ്പം ഐദിത്ത്‌ കൊല്ലപ്പെട്ടു. ഇന്തോനേഷ്യന്‍ സമുദായവും ഇന്തോനേഷ്യന്‍ വിപ്ലവവും, ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽനിന്നുള്ള പാഠങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍