This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐതിഹ്യമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐതിഹ്യമാല == കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധങ്ങളായ ഐ...)
അടുത്ത വ്യത്യാസം →

17:46, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐതിഹ്യമാല

കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധങ്ങളായ ഐതിഹ്യങ്ങളെ സമാഹരിച്ചുകൊണ്ട്‌ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച പുസ്‌തകപരമ്പര. 1909, 14, 25, 26, 27, 29, 32, 34 വർഷങ്ങളിലായാണ്‌ ഇതിന്റെ എട്ടുഭാഗങ്ങള്‍ ആദ്യമായി പ്രകാശിതമായത്‌. മൊത്തം 126 ഐതിഹ്യകഥകളടങ്ങുന്ന ഈ ഗ്രന്ഥപരമ്പരയ്‌ക്ക്‌ അനേകം പതിപ്പുകള്‍ വേണ്ടിവന്നിട്ടുണ്ട്‌. ഗ്രന്ഥകാരന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ രൂപംകൊണ്ട "കൊട്ടാരത്തിൽ ശങ്കുണ്ണി സ്‌മാരകസമിതി' 1974 ഏപ്രിലിൽ ഈ ഗ്രന്ഥങ്ങള്‍ രണ്ടു വാല്യങ്ങളായി പുനഃപ്രസാധനം ചെയ്യുകയുണ്ടായി.

ആദ്യപതിപ്പുകളുടെ പ്രസാധകന്‍ ലക്ഷ്‌മീഭായി എന്ന സാഹിത്യമാസികയുടെ പത്രാധിപരായിരുന്ന വെള്ളായ്‌ക്കൽ നാരായണമേനോന്‍ ആയിരുന്നു. ഒന്നും അഞ്ചും ഭാഗങ്ങളൊഴികെ എല്ലാറ്റിനും ഇദ്ദേഹം എഴുതിയ മുഖവുര കാണാം. അതിനും പുറമേ ഗ്രന്ഥകർത്താവിന്റെ പ്രസ്‌താവനകളും പന്തളം കൃഷ്‌ണവാരിയരെഴുതിയ ശങ്കുണ്ണിയുടെ ജീവചരിത്രവും അക്കാലത്തെ സാഹിത്യനായകന്മാരെഴുതിയിട്ടുള്ള അവതാരികകളും എട്ടുഭാഗങ്ങളിലുമുണ്ട്‌. വേങ്ങയിൽ കുഞ്ഞുരാമന്‍നായനാർ (I, II ഭാഗങ്ങള്‍), ആർ. ഈശ്വര പിള്ള(III), വി.കെ. രാമമേനോന്‍ (IV), കേരളവർമ അമ്മാവന്‍ തമ്പുരാന്‍ (V), ടി.കെ. കൃഷ്‌ണമേനോന്‍ (VI), മാവേലിക്കര ഉദയവർമത്തമ്പുരാന്‍ (VII), വടക്കേപ്പാട്ട്‌ നാരായണമേനോന്‍ (VIII) എന്നിവരാണ്‌ അവതാരകന്മാർ.

സാമൂഹികം, രാഷ്‌ട്രീയം, സാംസ്‌കാരികം, സാഹിത്യം, മതം, വൈദ്യം, മന്ത്രവാദം, ജ്യോതിഷം എന്നീ വിവിധമണ്ഡലങ്ങളിൽ വ്യാപരിച്ചുകൊണ്ടിരുന്ന ഒട്ടനവധി വ്യക്തികളെക്കുറിച്ച്‌ (ഉദാ. വില്വമംഗലം സ്വാമിയാർ, തലക്കുളത്തൂർ ഭട്ടതിരി, കടമറ്റത്തു കത്തനാർ, അറയ്‌ക്കൽ ബീവി, കായംകുളം കൊച്ചുണ്ണി മുതലായവർ) പരമ്പരയാ കേട്ടറിഞ്ഞിട്ടുള്ള കഥകള്‍ ഐതിഹ്യമാലയിൽ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗത്തിലെ ആദ്യത്തെ കഥ ചെമ്പകശ്ശേരി രാജാവിനെക്കുറിച്ചാണ്‌; പിന്നീടുള്ള എല്ലാഭാഗങ്ങളിലെയും പ്രഥമകഥ കേരളത്തിലെ വിവിധ ദേവീക്ഷേത്രങ്ങള്‍ക്ക്‌ നീക്കിവച്ചിരിക്കുന്നു. എല്ലാ ഭാഗങ്ങളും അവസാനിക്കുന്നത്‌ പ്രസിദ്ധമായ ഏതെങ്കിലും ഒരു ആനക്കഥയോടുകൂടിയാണ്‌. കുമാരനല്ലൂർ കാർത്യായനി, ഊരകത്തമ്മ തിരുവടി, പനയന്നാർകാവ്‌ ഭഗവതി മുതലായ ദേവികള്‍ ഓരോ പുസ്‌തകത്തിന്റെയും ആദ്യാധ്യായങ്ങളിൽ അണിനിരക്കുമ്പോള്‍ ഓരോന്നിന്റെയും അവസാനപേജുകളിൽ കാണാന്‍ കഴിയുന്നത്‌ കിടങ്ങൂർ കണ്ടങ്കോരന്‍, വൈക്കത്ത്‌ തിരുനീലകണ്‌ഠന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, ആറന്മുള വലിയ ബാലകൃഷ്‌ണന്‍, തിരുവട്ടാറ്റ്‌ ആദികേശവന്‍ തുടങ്ങിയ ഗജശ്രഷ്‌ഠന്മാരെയാണ്‌. ഇവയുടെ ഇടയ്‌ക്ക്‌ മുമ്പു സൂചിപ്പിച്ച പ്രശസ്‌തവ്യക്തികള്‍ക്കു പുറമേ പാണ്ടന്‍ പറമ്പത്ത്‌ കോടന്‍ ഭരണിയിലെ ഉപ്പുമാങ്ങയും തിരുനക്കരക്കാളയും ശാസ്‌താംകോട്ടയിലെ കുരങ്ങന്മാരും തകഴിയിലെ വല്യെണ്ണയും തിരുവിഴയിലെ ഛർദിക്കുള്ള മരുന്നും മറ്റും പ്രത്യക്ഷപ്പെടുന്നു. ഐതിഹ്യങ്ങള്‍ ഇപ്രകാരം സമാഹരിക്കുന്ന വിഷയത്തിൽ ഗ്രന്ഥകർത്താവ്‌ നടത്തിയിട്ടുള്ള പ്രയത്‌നം സ്‌തുത്യർഹമാണ്‌.

ഐതിഹ്യമാലയിലെ രചനാശൈലി ലളിതവും സാധാരണക്കാർക്ക്‌ സുഗ്രഹവും ആകർഷകവുമാകുന്നു. ആരെക്കുറിച്ചായാലും എന്തിനെക്കുറിച്ചായാലും അവയെല്ലാം സർവോത്തമപദവിയിൽ പ്രതിഷ്‌ഠിച്ചാലേ ഗ്രന്ഥകാരന്‌ തൃപ്‌തിയാകൂ എന്നുള്ളത്‌ ഓരോ ഐതിഹ്യം പ്രതിപാദിക്കുമ്പോഴും വ്യക്തമാണ്‌. ഈ പുസ്‌തകങ്ങളിൽ പരാമർശിക്കപ്പെട്ട ആനകളെയും അവയുടെ പാപ്പാന്മാരെയും കുറിച്ചു പറയുമ്പോഴെല്ലാം "ഇതുപോലെ ഒരാനയും ഒരാനക്കാരനും ഇതുവരെ ഉണ്ടായിട്ടില്ല; ഉണ്ടാകുമെന്നും തോന്നുന്നില്ല' എന്നർഥംവരുന്ന വാചകങ്ങള്‍ ആവർത്തിച്ചിരിക്കുന്നു. ഓരോ വിഷയത്തെപ്പറ്റിയും "ഇനി വളരെയധികം പറയാനുണ്ടെങ്കിലും വിസ്‌തരഭയത്താൽ ചുരുക്കുന്നു' എന്ന പ്രസ്‌താവനയും പല രൂപത്തിൽ പല ഏടുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇത്തരം ചില ന്യൂനതകള്‍ ഉണ്ടായിട്ടും മലയാളത്തിൽ ഏറ്റവുമധികം വായിച്ച്‌ ആസ്വദിക്കപ്പെടുന്ന പുസ്‌തകങ്ങളിൽ ഒന്നാണിത്‌. ഡി.സി. ബുക്‌സ്‌ ഒറ്റവാല്യമായി ഐതിഹ്യമാല പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. നോ. ശങ്കുണ്ണി, കൊട്ടാരത്തിൽ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍