This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐതിഹ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐതിഹ്യം == ഒരു ജനതയ്‌ക്കിടയിലോ ഒരു പ്രദേശത്തോ ചെവിയോടുചെവി ...)
അടുത്ത വ്യത്യാസം →
17:42, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ഐതിഹ്യം
ഒരു ജനതയ്‌ക്കിടയിലോ ഒരു പ്രദേശത്തോ ചെവിയോടുചെവി കേട്ടുഗ്രഹിച്ച് പ്രചരിച്ചുവരുന്ന കഥയാണ് ഐതിഹ്യം. "എന്നിങ്ങനെ' എന്നർഥംവരുന്ന "ഇതി' എന്ന പദവും "പോൽ' എന്നർഥമുള്ള "ഹ' എന്ന ശബ്‌ദവും തമ്മിൽ ചേരുമ്പോള്‍ കിട്ടുന്ന "ഇതിഹ' എന്ന വാക്കിൽനിന്നാണ് ഐതിഹ്യശബ്‌ദത്തിന്റെ നിഷ്‌പാദനം. "പാരമ്പര്യോപദേശം' എന്ന് അമരകോശത്തിൽ ഇതിന് അർഥം പറഞ്ഞുകാണുന്നു. കേട്ടുകേള്‍വി അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍ "അങ്ങനെയാണത്ര' എന്നു ചേർക്കാറുള്ളതിനെയാണ് പദനിഷ്‌പത്തി സൂചിപ്പിക്കുന്നത്.
ആമുഖം
"പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍ (1600) മാനമേയോദയത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്. "പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ'ന്ന നിലയ്‌ക്ക് അതിശയോക്തികളും അർധസത്യങ്ങളും അതിൽ ഏറിയിരിക്കും; ചാരത്തിൽ കനൽപോലെ കാതലായ ഒരു സത്യം അന്തർഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍, സ്ഥലകാലങ്ങള്‍, സംഭവങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതനവിശ്വാസങ്ങള്‍, സംസ്‌കാരങ്ങള്‍, ആചാരമര്യാദകള്‍, സാമൂഹികസ്ഥിതിഗതികള്‍ എന്നിവ ഐതിഹ്യങ്ങളിൽ കടന്നുകൂടുന്നു. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
""ധർമാർഥകാമമോക്ഷാണാ- മുപദേശസമന്വിതം പൂർവവൃത്തം കഥായുക്ത- മിതിഹാസം പ്രചക്ഷതേ''.
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാർ, രക്തസാക്ഷികള്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകള്‍ എന്നിവ ആദ്യകാലങ്ങളിൽ ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പിൽ ഇത്തരം കഥകളുടെ ഒരു സമാഹാരം(Leganda Sanotoruma Historica Lombardica) പ്രചരിച്ചിരുന്നു. അതുപോലെ ജനോവാ ആർച്ച് ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവർണൈതിഹ്യ(The Golden Legend)ത്തിന്റെ കാര്യവും പ്രസ്‌താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമർശനാതീതങ്ങളായി മാനിച്ചിരുന്നു. അതിശയോക്തികളിൽ കോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയിൽ കാലക്രമത്തിൽ ആ സ്ഥാനം ഇടിഞ്ഞുതുടങ്ങുകയും വാസ്‌തവചരിത്രത്തിൽ നിന്ന് അതു വേർതിരിക്കപ്പെടുകയും ചെയ്‌തു. തലമുറകളായി പ്രചരിച്ചുപോരുന്ന കേവല കഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
ഇതിഹാസവും ഐതിഹ്യവും
"പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍ (1600) മാനമേയോദയത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്. "പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ'ന്ന നിലയ്‌ക്ക് അതിശയോക്തികളും അർധസത്യങ്ങളും അതിൽ ഏറിയിരിക്കും; ചാരത്തിൽ കനൽപോലെ കാതലായ ഒരു സത്യം അന്തർഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍, സ്ഥലകാലങ്ങള്‍, സംഭവങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതനവിശ്വാസങ്ങള്‍, സംസ്‌കാരങ്ങള്‍, ആചാരമര്യാദകള്‍, സാമൂഹികസ്ഥിതിഗതികള്‍ എന്നിവ ഐതിഹ്യങ്ങളിൽ കടന്നുകൂടുന്നു. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
""ധർമാർഥകാമമോക്ഷാണാ- മുപദേശസമന്വിതം പൂർവവൃത്തം കഥായുക്ത- മിതിഹാസം പ്രചക്ഷതേ''.
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാർ, രക്തസാക്ഷികള്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകള്‍ എന്നിവ ആദ്യകാലങ്ങളിൽ ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പിൽ ഇത്തരം കഥകളുടെ ഒരു സമാഹാരം(Leganda Sanotoruma Historica Lombardica) പ്രചരിച്ചിരുന്നു. അതുപോലെ ജനോവാ ആർച്ച് ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവർണൈതിഹ്യ(The Golden Legend)ത്തിന്റെ കാര്യവും പ്രസ്‌താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമർശനാതീതങ്ങളായി മാനിച്ചിരുന്നു. അതിശയോക്തികളിൽ കോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയിൽ കാലക്രമത്തിൽ ആ സ്ഥാനം ഇടിഞ്ഞുതുടങ്ങുകയും വാസ്‌തവചരിത്രത്തിൽ നിന്ന് അതു വേർതിരിക്കപ്പെടുകയും ചെയ്‌തു. തലമുറകളായി പ്രചരിച്ചുപോരുന്ന കേവല കഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
അബോധപ്രരണകളുടെ സൃഷ്‌ടി
ഒരു ജനതയുടെ ആചാരം, അനുഷ്‌ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്‌നം, ഭയം തുടങ്ങിയവയ്‌ക്ക് ഐതിഹ്യങ്ങള്‍ മൂർത്തരൂപം നല്‌കുന്നു; ജനസാമാന്യത്തിന്റെ സംസ്‌കാരസാകല്യം ഐതിഹ്യങ്ങളിൽ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിന് രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങള്‍ക്കു കഴിയും. ജനസാമാന്യത്തിനിടയിലുള്ള അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ശാസ്‌ത്രത്തിന്റെ വളർച്ചയോടെ അവ നിലച്ചുപോകും എന്നു ചിലർ കരുതുന്നു. ഐതിഹ്യങ്ങള്‍ക്ക് പ്രാകൃതസമുദായങ്ങള്‍ക്കിടയിൽ ചില പ്രയോജനം നിർവഹിക്കാനുണ്ടായിരുന്നെന്നും അവ നിറവേറ്റിക്കഴിഞ്ഞതിനാൽ ഇനി നിലനില്‌പുണ്ടാകയില്ല എന്നും വേറെ ചിലർക്കഭിപ്രായമുണ്ട്. "സാമൂഹികമായ അബോധമനസ്' (Collective Unconscious)എന്ന സങ്കല്‌പത്തിൽ എത്തിച്ചേരുവാന്‍ സ്വിസ് മനഃശാസ്‌ത്രജ്ഞനായ കാള്‍ ഗുസ്‌താവ് യുങ്ങിനെ (1875-1961) സഹായിച്ചിരിക്കാവുന്ന ഒരു പ്രധാനഘടകമാണ് ഐതിഹ്യം. സമൂഹം വ്യക്തിയുടെ മേൽ അടിച്ചേല്‌പിക്കുന്ന അബോധപ്രരണകളുടെ ആകെത്തുകയാണ് മനസ്സാക്ഷി എന്നൊരു പക്ഷമുണ്ട്. ഇതു ശരിയാണെങ്കിൽ മനസാക്ഷിയുടെ രൂപവത്‌കരണത്തിലും ഐതിഹ്യങ്ങള്‍ക്കു പങ്കുണ്ടെന്നു സമ്മതിക്കേണ്ടിവരും.
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാൽ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോജ്ഞമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, "തെറ്റായി സ്‌മരിക്കപ്പെട്ട ചരിത്രം' എന്ന് ചിലർ ഐതിഹ്യത്തിനു നിർവചനം നല്‌കുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍.
അടിസ്ഥാന വികാരങ്ങളുടെ പങ്ക്
ചരിത്രപുരുഷന്മാർ, ദേശീയനേതാക്കന്മാർ, ദേവാലയങ്ങള്‍, പക്ഷിമൃഗാദികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ച സൃഷ്‌ടി, ജനനം, മരണം, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നുതുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്‌ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദർശനം, എന്നിവയുടെ ഉദ്‌ഭവംപോലും ഐതിഹ്യങ്ങളിൽ തേടുന്നവരെ കാണാം. അദ്‌ഭുതഭയശോകാദി വിഭിന്നവികാരങ്ങള്‍ മനുഷ്യനിൽ ഉണർത്തിപ്പോന്നിട്ടുള്ള കാലത്തെയും അതിൽ പുരുഷത്വം ആരോപിച്ച കാലനെയും സംബന്ധിക്കുന്ന പല കഥകളുമുണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്‌ക്കടാഭിവാഞ്‌ഛയാണ് കാലനെ തോല്‌പിക്കുന്ന കഥകളുടെ കാതൽ. സത്യവാന്റെ ജീവനെ വീണ്ടെടുക്കുന്ന സാവിത്രിയുടെയും നിത്യയൗണ്ണനം നേടിയ മാർക്കണ്ഡേയന്റെയും കഥകള്‍ ഈ തരത്തിലുള്ളവയാണ്. ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്‌തി തോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യഷ്‌ടിതലത്തിൽ മരണത്തിന്റെ ആവശ്യകതയും സമഷ്‌ടിതലത്തിൽ പ്രളയത്തിന്റെ അനിവാര്യതയും അംഗീകരിക്കുന്ന കഥകള്‍ ഇങ്ങനെ ആവിർഭവിക്കുന്നു.
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇത് നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതിൽ അവശേഷിക്കുകയില്ലേ? ലോകത്തിൽ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനുശേഷവും മനുഷ്യന് സത്തയുണ്ടോ? പൂപോലെ വിടർന്നുകൊഴിയുന്ന ക്ഷണികമായ ഒരു പ്രതിഭാസമാണോ ജീവിതം? തത്ത്വചിന്തയിൽ ഉയർത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ഐതിഹ്യം തനതായ ശൈലിയിൽ കൈകാര്യം ചെയ്യാറുണ്ട്.
ആദിബിംബ നിർമിതി
ഓരോ വിശേഷദിവസത്തിന്റെ ഉദ്‌ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ചിലപ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണുംകഥകള്‍. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുർഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനന്‍ ജയിച്ചതിന്റെ സ്‌മാരകമാണത്ര ഓണം. തിന്മയെ തോല്‌പിച്ച് ഉന്മൂലനം ചെയ്യാന്‍ നന്മയ്‌ക്ക് പല രൂപത്തിൽ അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷത്തിൽനിന്ന് അതിവേഗം രൂപംകൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളിൽനിന്നും ആദിബിംബങ്ങള്‍ രൂപംകൊള്ളുന്നു; ആദിബിംബനിർമിതിയെ ഐതിഹ്യം സഹായിക്കുന്നു.
മനുഷ്യന്‍ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥിതികള്‍ എങ്ങനെയുണ്ടായി എന്നു ചില ഐതിഹ്യങ്ങള്‍ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുകൂലസന്ദർഭം എങ്ങനെ നഷ്‌ടപ്പെട്ടു എന്നായിരിക്കും വേറെ ചിലതിന്റെ പ്രതിപാദ്യം. പറുദീസാനഷ്‌ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം. അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രാധാന്യം ഊന്നിക്കാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. തുളസിപുരാണം ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേകപൂവ് ഒരു ദേവന് ഏറ്റവും ഇഷ്‌ടപ്പെട്ടതായതെങ്ങനെ? വേറൊരു പൂവ് പൂജയ്‌ക്കെടുക്കാതിരിക്കാന്‍ കാരണമെന്ത്? എന്നൊക്കെ കാണിക്കുന്ന ഐതിഹ്യങ്ങളുമുണ്ട്.
സമാന പ്രമേയങ്ങള്‍
ലോകത്തെവിടെയുമുള്ള ഐതിഹ്യങ്ങളിൽ ചില സമാനപ്രമേയങ്ങള്‍ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപതയാണ് ഇതിനു നിദാനം. ഹിരണ്‍മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്‌ക്ക് പല ജനവർഗങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗർഭനാണെങ്കിൽ ഈജിപ്‌തിലെ രാ(സൂര്യന്‍) മുട്ടയിൽ നിന്നാണ് പിറന്നത് (ഭാരതത്തിൽ സൂര്യസാരഥിയായ അരുണന്‍ മുട്ടവിരിഞ്ഞുണ്ടായതായി കഥയുണ്ട്.) ആകാശത്തിൽ പ്രകാശിക്കുന്ന ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കും സമാനഭാവം കണ്ടുവരുന്നു. വൈദികാചാര്യന്മാരുടെയും പുരാതന ഈജിപ്‌തുകാരുടെയും സൂര്യാരാധനയുടെ ഫലമായി പല ഐതിഹ്യങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലെ കർണന്‍ ജനിച്ചപ്പോള്‍ തന്നെ പെട്ടിയിലടയ്‌ക്കപ്പെട്ട് നദിയിൽ ഒഴുക്കപ്പെട്ടതായും സൂതകുലത്തിൽ പിറന്ന് അതിരഥന്റെയും അയാളുടെ ഭാര്യ രാധയുടെയും മകനായി വളർന്നുവന്നതായുമുള്ള കഥയോട് സമാനത്വം വഹിക്കുന്ന കഥകള്‍ ലോകത്തിൽ പലദിക്കിലും പ്രചാരത്തിലിരിക്കുന്നു.
യുക്തിയുടെ സ്ഥാനം
മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങള്‍ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ മാനുഷ കഥാപാത്രങ്ങള്‍ക്ക് മന്ത്രംകൊണ്ടോ മറ്റോ ദിവ്യശക്തി ലഭിക്കുന്നു. വേറെ ചിലപ്പോള്‍ അദ്‌ഭുതകരമായ കാര്യങ്ങള്‍ നിർവഹിക്കാന്‍ പോന്ന ഉപകരണങ്ങള്‍ ഒരു സാധാരണക്കാരന് കിട്ടുന്നതായിരിക്കും പ്രതിപാദ്യം. ആകാശയാനത്തിനു കഴിവുള്ള മാന്ത്രികക്കുതിര, വിചാരിക്കുന്ന സ്ഥലത്തെത്തിക്കുന്ന മെതിയടി, മരുന്നുപുരട്ടി അന്തർധാനം ചെയ്യുന്ന വിദ്യ മുതലായവ ഉദാഹരണം. ദിവ്യമായ കഴിവുകള്‍ കിട്ടാന്‍ കൊതിക്കാത്ത മനുഷ്യനില്ല. ഈ ആഗ്രഹത്തിന്റെ ഫലമാണ് മുകളിൽ പറഞ്ഞതരം കഥകള്‍. കെട്ടുകഥയുണ്ടാക്കാന്‍ ബാലന്മാർക്കു സഹജമായ വാസനയുണ്ട്. വാസ്‌തവത്തിൽ അവർ കെട്ടുകഥയുണ്ടാക്കുകയല്ല, ഏതോ സഹജാവബോധത്താൽ അവർ അനുഭവിക്കുന്നതു പറയുകയാണ്. പ്രാകൃത മനുഷ്യന്റെയും കുട്ടിയുടെയും മനസ്സ് ഒരുപോലെയാണ്. മനുഷ്യനിലെ ബാലനാണ് കെട്ടുകഥകളുടെ ഉപജ്ഞാതാവ്. ആകാശയാനവും ഗോളാന്തരസഞ്ചാരവും ഭാവനമാത്രമായിരുന്ന കാലത്ത് അവയെ അടിസ്ഥാനമാക്കി അനേകം കഥകള്‍ ഉണ്ടായിട്ടുണ്ട്.
"ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്' എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാർഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയിൽ പറഞ്ഞ തത്ത്വങ്ങളുടെ ഉദാഹരണവുമായിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്‌ക്ക് ആന്തരികമായ ഒരർഥംകൂടി കാണണമെന്നു കരുതാന്‍ ഇതൊരു കാരണമാണ്. ചില കഥകള്‍ അയുക്തികവും അസംബന്ധവുമായി തോന്നിയതുകൊണ്ട് വ്യാഖ്യാനിക്കേണ്ടി വന്നിരിക്കുന്നു.
അന്യാപദേശമായും(allegory) പ്രതീകാത്മകമായും(symbolic) ഇവയെ വ്യാഖ്യാനിച്ചുവരുന്നു. അതിമാനുഷികമായ കഴിവുകള്‍ പ്രകടിപ്പിച്ച രാജാക്കന്മാരെ അമാനുഷന്മാരാക്കിയതിന്റെ ഫലമായിട്ടാണ് ദൈവങ്ങളുടെ ഉദ്‌ഭവമെന്നു ചിലർക്കു പക്ഷമുണ്ട്. ഈ ദൈവങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് ഐതിഹ്യങ്ങള്‍. ദേവേന്ദ്രന്റെ പല വിക്രമങ്ങളിലും ഒരു ഗോത്രനായകന്റെ ചെയ്‌തികളുടെ പ്രതിഫലനം കാണാം. പ്രകൃതിശക്തികള്‍ക്ക് ദിവ്യത്വവും പുരുഷത്വവും ആരോപിച്ചതിന്റെ ഫലമാണ് ദൈവങ്ങള്‍ എന്ന് വേറൊരു സിദ്ധാന്തമുണ്ട്. ഇപ്രകാരം പ്രകൃതിപ്രതിഭാസങ്ങളുടെ രൂപാന്തരം മാത്രമാണ് ഐതിഹ്യങ്ങള്‍. കലപ്പ (ഹലം) ചെല്ലാത്ത (അഹല്യ) ഭൂമിയിൽ മഴ പെയ്യിച്ച് ദേവേന്ദ്രന്‍ അതു സസ്യഫലാഢ്യമാക്കുന്നു. ഫലപുഷ്‌ടിയുടെ അധിദേവതയായ ദേവേന്ദ്രനും അഹല്യയും തമ്മിലുള്ള രഹസ്സ്യസമാഗമ കഥയിലേക്കോ, ശ്രീരാമന്‍ ചവിട്ടിയപ്പോള്‍ അഹല്യ മനോഹരിയായ ഒരു സ്‌ത്രീയായി മാറി എന്ന കഥയിലേക്കോ ഇവിടെനിന്ന് ഏറെ ദൂരമില്ല. മനഃശാസ്‌ത്രതത്ത്വങ്ങളെ ആസ്‌പദമാക്കി ഐതിഹ്യങ്ങളെ വ്യാഖ്യാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഈഡിപ്പസ് രാജാവിന്റെ കഥയിൽനിന്ന് "ഈഡിപ്പസ് കോംപ്ലക്‌സ്' (മാതൃപുത്രലൈംഗികാകർഷണം) എന്ന ഒരു സിദ്ധാന്തംതന്നെ രൂപം പ്രാപിച്ചു.
പലതരം കഥകള്‍
ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങള്‍ പാടുന്ന കഥകള്‍ കാണാം. കേരളത്തിൽ വടക്കന്‍പാട്ട്, മാപ്പിളപ്പാട്ട്, തെക്കന്‍പാട്ട് എന്നിങ്ങനെയുള്ള നാടന്‍കഥാഗാനങ്ങളും മറ്റു പലതരം നാടോടിപ്പാട്ടുകളും പ്രചരിച്ചിട്ടുണ്ട്. വീരന്മാരായ പുരുഷകേസരികളെയും ധീരകളായ തരുണീമണികളെയും കേന്ദ്രീകരിച്ചുള്ള കഥകള്‍ക്ക് ഇവയിൽ പ്രാമുഖ്യമുണ്ട്. ഇവയിൽ പ്രധാനമായി പ്രതിപാദിക്കാറുള്ള ശൃംഗാരവീരരസങ്ങള്‍ ഇവയെ സർവാകർഷകമാക്കി മാറ്റിയിരിക്കുന്നു. എല്ലാദേശത്തും ഈമാതിരി കഥാഗാനങ്ങള്‍ കാണും; ഇവ കൂടാതെ നാനാതരം കഥകളും. ഗ്രീക്കുദൈവങ്ങളെ ആധാരമാക്കിയുള്ള പലകഥകളും ഹോമറിന്റെ ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങളിൽ കാണാം. ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേകം കഥകളുണ്ട്. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ താൽമൂദിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഭാരതം കഥകളുടെ നാടാണെന്നു പറയാം. ഗുണാഢ്യന്റെ ബൃഹത്‌കഥയിൽ അന്നു പ്രചരിച്ചിരുന്ന കഥകള്‍ ആയിരിക്കണം സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൈശാചിയെന്ന പ്രാകൃതഭാഷയിൽ എഴുതപ്പെട്ട ഈ കൃതി മൂലരൂപത്തിൽ നഷ്‌ടപ്പെട്ടുവെങ്കിലും ഇതിലെ കഥകള്‍ ക്ഷേമേന്ദ്രന്റെ ബൃഹത്‌കഥാമഞ്‌ജരി, സോമദേവന്റെ കഥാസരിത്‌സാഗരം എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകള്‍ക്കും ക്രിസ്‌തുവിന്റെ സാരോപദേശകഥകള്‍ക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാളപഞ്ചവിംശതിയിൽ കാണുന്നത്. സഹസ്രാബ്‌ദങ്ങള്‍ പഴക്കമുള്ള ഐതിഹ്യകഥകളെ ആധാരമാക്കി രചിക്കപ്പെട്ട ശുകസപ്‌തതി, ഹിതോപദേശം, പഞ്ചതന്ത്രം എന്നിവയ്‌ക്ക് കഥാസാമ്രാജ്യത്തിൽ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും ഹിതോപദേശവും അറബിക്കഥകളെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്.
അലങ്കാര സന്നിവേശം
കഥകള്‍ക്കു രൂപംനല്‌കുന്നതിൽ അവയുടെ സംവാഹകമായ ഭാഷയ്‌ക്ക് വലിയ പങ്കുണ്ട്. വിവക്ഷ സൂക്ഷ്‌മമായും കൃത്യമായും പ്രതിപാദിക്കേണ്ടിവരുമ്പോള്‍ ഭാഷ ലാക്ഷണികമായി മാറും. ലാക്ഷണികവും ആലങ്കാരികവുമായി ഭാഷ ഉപയോഗിക്കുമ്പോള്‍ ഐതിഹ്യങ്ങളുടെ ബീജാധാനം നടക്കുന്നു. ഉപമ, രൂപകം, രൂപകാതിശയോക്തി, അപ്രസ്‌തുതപ്രശംസ, അതിന്റെ വകഭേദമായ അന്യാപദേശം എന്നീ ക്രമത്തിലാണ് ആലങ്കാരികപ്രയോഗം ഐതിഹ്യത്തിൽ എത്തുന്നത്.
ഐതിഹ്യം സാഹിത്യത്തിൽ
ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. ഇലിയഡ്ഡിലും രാമായണത്തിലും അതിന്റെ പ്രരകശക്തി പ്രവർത്തിക്കുന്നു. വിക്‌ടർ ഹ്യൂഗൊ പുരാണൈതിഹ്യങ്ങളിൽനിന്നു മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്ര നൂറ്റാണ്ടുകളുടെ ഐതിഹ്യം (The Legend of the Centuries) ആെധിനുക കവികള്‍പോലും ഐതിഹ്യങ്ങളിൽനിന്നു പ്രചോദനംനേടി കവിത രചിക്കുന്നതിനു തെളിവാണ്. ഷെയ്‌ക്‌സ്‌പിയർ, സ്‌കോട്ട്, സ്‌പെന്‍സർ, ചോസർ തുടങ്ങിയവരുടെ കൃതികളിലും ഐതിഹ്യസ്വാധീനത പ്രകടമായിക്കാണാം.
വെണ്‍മണി അച്ഛന്‍, വെണ്‍മണിമഹന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവർ മലയാളസാഹിത്യത്തിൽ പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലർ വിശ്വസിച്ചുപോരുന്നു. ഐതിഹ്യപ്രധാനങ്ങളായ പല കവിതകളും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ചിട്ടുണ്ട്. ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത്‌കഥാപാത്രങ്ങളിൽ വിക്രമാദിത്യപ്രശസ്‌തി വാഴ്‌ത്തപ്പെടുന്നു. ഈ കഥകള്‍ക്ക് ഇംഗ്ലീഷിൽ എഫ്. എസ്‌ഗർട്ടിന്റെ വിവർത്തനമുണ്ടായി. 32 സാലഭഞ്‌ജികകള്‍ ഓരോരുത്തരായി വിക്രമാദിത്യപ്രശസ്‌തിയെ വർണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യസുന്ദരമാണ്. കാളിദാസന്‍ മുതൽ രാമപുരത്തു വാരിയർവരെയുള്ള കവികളെപ്പറ്റി പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ നിരവധിയാണ്. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള ഐതിഹ്യം സുവിദിതമാണ്. മേല്‌പുത്തൂർ നാരായണഭട്ടതിരി താന്‍ രചിക്കാന്‍ ഉദ്ദേശിക്കുന്ന നാരായണീയം സ്‌തോത്രം എവിടെ തുടങ്ങണമെന്ന് എഴുത്തച്ഛനോടു ചോദിച്ചപ്പോള്‍ "മീന്‍ തൊട്ടുകൂട്ടുക' എന്നു മറുപടി നല്‌കിയതുകേട്ട് ബുദ്ധിമാനായ ഭട്ടതിരി മത്സ്യാവതാരം മുതൽ തന്റെ കൃതി ആരംഭിച്ചതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തിരുജ്ഞാന സംബന്ധർക്ക് (ദക്ഷിണേന്ത്യയിലെ ശൈവകവി) ചെറുപ്പത്തിൽ പാർവതീപരമേശ്വരന്മാർ പ്രത്യക്ഷപ്പെട്ടു കനിഞ്ഞു നല്‌കിയ പാൽകുടിച്ചതുകൊണ്ടാണ് പ്രശസ്‌തനാകാന്‍ കഴിഞ്ഞതെന്ന ഐതിഹ്യത്തിന് തമിഴ്‌നാട്ടിൽ നല്ല പ്രചാരമുണ്ട്. ജഗന്നാഥപണ്ഡിതരുടെ സമാധിയെപ്പറ്റിയും ഭക്തകവി കബീർ, മുസ്‌ലിം ആയിരുന്നു എന്നതിനെപ്പറ്റിയും പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ക്കു വളരെയധികം വ്യാപകത്വം ലഭിച്ചിട്ടുണ്ട്.
ഐതിഹ്യം ചരിത്രത്തിൽ
പ്രാചീന കേരളചരിത്രം അടുത്തകാലംവരെ ഐതിഹ്യത്തിന്റെ പിടിയിലമർന്നിരുന്നു. ശാസ്‌ത്രീയഗവേഷണം വളർന്നതോടുകൂടിയാണ് ഇതിനുമാറ്റം വന്നത്. എന്നാൽ ഐതിഹ്യകൃതികള്‍ ചരിത്രഗവേഷണത്തിന്റെ കരുക്കളെന്ന നിലയിൽ ഇന്നും പ്രാധാന്യം അർഹിക്കുന്നു. കേരളോത്‌പത്തിയും കേരളമാഹാത്മ്യവും അവയിൽ പ്രധാനപ്പെട്ടവയാണ്. ആദ്യത്തേതിനു ഗുണ്ടർട്ടുപതിപ്പ് (1843), മദിരാശി സർവകലാശാലപ്പതിപ്പ് (1953), തിരുവിതാംകൂർ സർക്കാർ വകയായി മഹാദേവശാസ്‌ത്രി പ്രസിദ്ധീകരിച്ച കേരളചരിതം (1931) എന്നീ പാഠങ്ങളുണ്ട്. എല്ലാറ്റിലേയും നായകനായ പരശുരാമന്‍ 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതായും വീരഹത്യാദോഷമോചനാർഥം കടലിൽ മഴുവെറിഞ്ഞു ഗോകർണകുമാരീപര്യന്തം കേരളമെന്ന കര വീണ്ടെടുത്തു ബ്രാഹ്മണർക്കു ദാനം ചെയ്‌തതായും വർണിച്ചു കാണുന്നു. കേരളം ഭൂഗർഭസ്‌ഫോടന ഫലമായുണ്ടായതാണെന്ന് ഈ ഐതിഹ്യത്തെ ചരിത്രകാരന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്.
""വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ, ഹുങ്കാരി ഭൂകമ്പമിയന്നുയർന്നോ, മുന്‍കാലമിക്കേരളകൊങ്കണങ്ങള്‍, മണ്‍കാഴ്‌ചയായെന്നു ചിലർക്കുപക്ഷം''.
(കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കേരളം)
മക്കന്‍സിമാനുസ്‌ക്രിപ്‌റ്റ്‌സിൽ കേരളമുള്‍പ്പെട്ട പണ്ടത്തെ തമിഴ്‌നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാക്കന്മാരുടെയും വിവരങ്ങള്‍ അതിൽക്കാണുന്നു. മൂഷികവംശകാവ്യത്തിൽ ഒന്നാമത്തെ പെരുമാള്‍ രാമഘടമൂഷികന്‍ മുതൽ 50-ാമത്തെ ചേരന്‍ രാജവർമന്‍ അഥവാ ശ്രീകണ്‌ഠന്‍ ഉള്‍പ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയിൽ 36-ഉം പിന്നീട് 22-ഉം പെരുമാക്കന്മാർ കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കേരളം പ്രസ്‌താവിക്കുന്നു; കേരളോത്‌പത്തി ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യങ്ങളിൽ (പതിറ്റുപ്പത്ത്, പുറനാനൂറു മുതലായവ) വർണിക്കപ്പെടുന്ന ചേരന്മാർ, മൂഷികവംശകാവ്യത്തിലും കേരളോത്‌പത്തിയിലും, മക്കന്‍സിമാനുസ്‌ക്രിപ്‌റ്റ്‌സിലും പ്രസ്‌തുതരായ ചേരന്മാർ, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്‌ത ഐതിഹ്യങ്ങള്‍ കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9950 വർഷം നിലനിന്നുവെന്നും 8598 കവികള്‍ ആ കാലത്തിനു പ്രതിനിധീഭവിച്ചിരുന്നുവെന്നും അവരിൽ ചിലർ ശിവന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ദേവന്മാരായിരുന്നുവെന്നും ഐതിഹ്യങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
മാല്യങ്കരയിൽ (കൊടുങ്ങല്ലൂർ) കപ്പലിറങ്ങിയ സെന്റ് തോമസ് ബ്രാഹ്മണരെ മതപരിവർത്തനം ചെയ്യിച്ചുവെന്ന ഐതിഹ്യം ഇന്നും നിലനില്‌ക്കുന്നുണ്ട്. മാല്യങ്കര, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, ചായൽ ഇവിടങ്ങളിൽ 7 പള്ളികള്‍ സ്ഥാപിച്ചെന്നും മതംമാറിയ നമ്പൂതിരിമാരോടുള്ള പ്രതിഷേധപ്രകടനമായി മറ്റു നമ്പൂതിരിമാർ പാലയൂർ ഗ്രാമത്തെ ശപിച്ചുകൊണ്ടു നാടുവിട്ടെന്നും ക്രമേണ അതു ശാപക്കാടായി (ചാവക്കാട്) അറിയപ്പെട്ടുവെന്നുമുള്ള ഐതിഹ്യത്തിന് വളരെ സാമൂഹിക പ്രാധാന്യമുണ്ട്.
കേരളചരിത്രഗവേഷണ വിഷയത്തിൽ രണ്ടാം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖരസാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാന്‍പെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.
പേർഷ്യന്‍ ഐതിഹ്യത്തിലെ സൊറാബും റുസ്‌തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ച യുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങള്‍ക്കു സദൃശങ്ങളായ സംഭവങ്ങള്‍ ഈജിപ്‌ത്, ബാബിലോണിയ, ഗ്രീസ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ "രോദസി'ക്കു ഗ്രീക്ക് ഐതിഹ്യത്തിലെ "രുഹിദേസി'നോടു സാമ്യമുള്ളതായി കാണാം. "ഹെലിയോസ്' (സൂര്യ) ദേവന്റെ പത്‌നി "രോദോസ്' ഏഴുപുത്രന്മാരെ "രോദോസ്' ദ്വീപിൽ വച്ചു പ്രസവിച്ചു. രവി (സൂര്യന്‍) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയിൽ പ്രസ്‌താവമുണ്ട്. അറബിദേശത്തിലെ നജ്‌ദിൽ അനാവൃഷ്‌ടിമൂലം ബെതിഹെലാന്‍ വർഗക്കാർ സിറിയയിലേക്കും ഈജിപ്‌തിലേക്കും കുടിയേറ്റം നടത്തി. ഹിലാന്‍ (ചന്ദ്രന്‍, സോമന്‍) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാൽ ബെതിഹെലാന്‍ വർഗക്കാർ സൂര്യവംശക്കാരായി. ബെദുവിന്‍, അറബി ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കിൽ ഉദ്‌ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥയായ ഋഗ്വേദസംഹിതയിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അൽ ഇലാഹത് എന്ന ദേവിക്കും തമ്മിൽ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്‌തുകാരുടെ സൂര്യദേവനത്ര ആതോന്‍. പ്രാചീന തമിഴകത്തിലെ ചേരരാജാക്കന്മാർക്ക് ആതന്‍ എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിൽ ആതന്‍ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥയ്‌ക്കു ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവന്‍ പകൽ മനുഷ്യർക്കു ദിവ്യോപദേശം ചെയ്‌തിട്ടു രാത്രി ഉറങ്ങാന്‍ കടലിലേക്കു പോകുന്നു. വിഷ്‌ണുവും ജലശായിയാണ്. പരശുരാമന്‍ മാതാവിന്റെ ശിരച്ഛേദം ചെയ്‌തു; പ്രാചീന ഈജിപ്‌തുകാരുടെ ഐതിഹ്യത്തിലെ ഹോറസ്സും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്‌തിട്ടുണ്ട്. പ്രാമൊഥിയൂസ് സ്വർഗത്തിൽ നിന്നു മനുഷ്യരുടെ ഇടയ്‌ക്ക് ആദ്യമായി അഗ്നിയെക്കൊണ്ടുവന്നുവെന്നു ഗ്രീക്കുപുരാണം; മാതരീശ്വന്‍ ആദ്യമായി ഭൃഗുക്കളുടെ ഇടയ്‌ക്കു അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതിഹ്യം ("ത്വമഗ്നേ, പ്രഥമോമാതരീശ്വാന' എന്നു തുടങ്ങുന്ന ഋഗ്വേദമന്ത്രം). ലാബറിന്തിലെ മിനോട്ടോർ എന്ന ഭീകരഹസത്വത്തിനു ആണ്ടുതോറും ഏഴ് ആണുങ്ങളെയും ഏഴു പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതന്‍സിലെ തെസിയൂസ് ഈ ആണുങ്ങളിൽ ഒരുത്തനായി ലാബറിന്തിലെത്തി മീനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.
മനുഷ്യോത്‌പത്തിയെപ്പറ്റി ഡാർവിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങള്‍ ഉണ്ട്. കുരങ്ങുകള്‍ ഒരു കാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കന്‍ പുരാണങ്ങള്‍ ഘോഷിക്കുന്നു. കുരങ്ങ് എന്നർഥമുള്ള വാക്കുകൊണ്ടാണ് തെക്കുകിഴക്കന്‍ ആഫ്രിക്കക്കാർ തങ്ങളുടെ പൂർവികരെ അറിഞ്ഞിരുന്നത്, ദക്ഷിണേന്ത്യയിലെ മറവർ രാമന്റെ സിൽബന്തികളായ വാനരന്മാരുടെ പിന്‍മുറയാണെന്ന് അഭിമാനം കൊള്ളുന്നു; രജപുത്രവർഗത്തിൽപ്പെട്ട ജെയ്‌റ്റ്‌വാ വംശക്കാർക്കും ഇതേവിശ്വാസമുണ്ട്.
മലയായിലെ ഗിരിവർഗക്കാർ തങ്ങള്‍ ആദിവാനരദമ്പതിമാരുടെ പിന്‍മുറക്കാരെന്ന് അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷിചെയ്യാന്‍ ശീലിച്ചതുമുതൽ വാൽ അപ്രത്യക്ഷപ്പെട്ട് അവർ തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു. പെറ്റുപെരുകുന്തോറും നാട് കൃഷികൊണ്ട് ഐശ്വര്യവത്തായി. അപ്പോള്‍ ഇന്ത്യയിൽനിന്നു രാജ്യഭ്രഷ്‌ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റിൽവന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.
ഐതിഹ്യ പഠനം
പാശ്ചാത്യരുടെ ഇടയിൽ ഐതിഹ്യപഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നാടോടിക്കഥകളെയും കലകളെയും അവർ ശാസ്‌ത്രീയമായി പഠിച്ചു വിലയിരുത്താന്‍ ശ്രമിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ജർമന്‍ ഇന്തോളജിസ്റ്റായ മാക്‌സ്‌മുള്ളറാണ് ഇന്ത്യയിൽ ഐതിഹ്യപഠനത്തിന് അടിത്തറ പാകിയതെന്നു പറയാം. ഇതിനായി ചില സംഘടനകള്‍ ഇന്ന് പാശ്ചാത്യരുടെ ഇടയിൽ നിലവിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നാടന്‍കഥകള്‍ സമാഹരിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ലീഷിൽ സുലഭമാണ്. പി.സി.റോയ് ചൗധരിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ നാടന്‍കഥകള്‍ 20 പുസ്‌തകങ്ങളായി അച്ചടിച്ചിട്ടുണ്ട്. ഇതിൽ കാശ്‌മീർ, തമിഴ്‌നാട്, ആസാം, ഒഡിഷ, ഗുജറാത്ത്, ബീഹാർ, കേരളം, നാഗാലാന്‍ഡ്, മണിപ്പൂർ, ത്രിപുര, രാജസ്ഥാന്‍, ഹിമാചൽപ്രദേശ്, മൈസൂർ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന കഥകളാണ് ശേഖരിച്ചിട്ടുള്ളത്.
ഐതിഹ്യങ്ങളടക്കമുള്ള നാടന്‍ സാഹിത്യം പഠനാർഹമായിട്ടുതന്നെ മലയാളികളും കരുതുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിക്കുന്ന കഥകള്‍ മലയാളത്തിൽ പല കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മലയാളഗ്രന്ഥസൂചി (1974 രണ്ടാം വാല്യം)യിൽ ഏകദേശം നൂറോളം പുസ്‌തകങ്ങളുടെ പേരുകള്‍ നിർദേശിച്ചുകാണുന്നു. ഇവയിൽ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എട്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള (1909-34) ഐതിഹ്യമാലയ്‌ക്കാണ്. നോ. ഐതിഹ്യമാല