This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഷ്യന്‍ വികസന ബാങ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏഷ്യന്‍ വികസന ബാങ്ക് == == Asian Development Bank == ഫിലിപ്പെന്‍സിലെ മെട്രാ...)
അടുത്ത വ്യത്യാസം →
07:31, 20 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏഷ്യന്‍ വികസന ബാങ്ക്
Asian Development Bank
ഫിലിപ്പെന്‍സിലെ മെട്രാനഗരമായ മനില ആസ്ഥാനമാക്കി 1966 ആഗ. 22-ന് സ്ഥാപിതമായ ഒരു ധനകാര്യ സ്ഥാപനമാണ് ഏഷ്യന്‍ വികസനബാങ്ക്. ഏഷ്യയിലും ദക്ഷിണ ശാന്തസമുദ്രപ്രദേശങ്ങളിലുമുള്ള ഭൂപ്രദേശങ്ങളുടെ സാമ്പത്തികവികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയാണ് ഏഷ്യന്‍ വികസനബാങ്കിന്റെ പരമമായലക്ഷ്യം. ലോകബാങ്കിന്റെ മാതൃക സ്വീകരിച്ചാണ് എ.ഡി.ബി. എന്ന ചുരുക്കപ്പേരിൽ ആഗോള വ്യാപകമായി അറിയപ്പെടുന്ന ഏഷ്യന്‍ വികസനബാങ്കിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എ.ഡി.ബി.യുടെ ഘടനയും വോട്ടിങ് സമ്പ്രദായവും ലോകബാങ്കിന് സമാനമായുള്ളതാണ്.
തുടക്കത്തിൽ 31 അംഗരാജ്യങ്ങള്‍ ഉണ്ടായിരുന്ന എ.ഡി.ബി.ക്ക് ഇപ്പോള്‍ 67 അംഗരാജ്യങ്ങള്‍ ഉണ്ട്. ഇതിൽ 48 ഏഷ്യന്‍ രാജ്യങ്ങളും 19 പുറം രാഷ്‌ട്രങ്ങളും ഉള്‍പ്പെടുന്നു. അമേരിക്കയും ജപ്പാനും ആണ് കൂടുതൽ ഓഹരികള്‍ ഉള്ളത്. തൊട്ടുപിറകിൽ രണ്ടുംമൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ആണ്. ഓഹരി പങ്കാളിത്തത്തിൽ പ്രഥമസ്ഥാനമുള്ള ഏഷ്യന്‍ രാജ്യം എന്ന നിലയിൽ ജപ്പാന്‍ പ്രതിനിധിക്കാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്. പ്രസിഡന്റ് ഉള്‍പ്പെടുന്ന 12 അംഗ ബോർഡ് ഒഫ് ഗവർണർമാരാണ് ഭരണ നിർവഹണം നടത്തുന്നത്. ഇവരിൽ എട്ടുപേർ ഏഷ്യന്‍-പസിഫിക് മേഖലയിലെ അംഗരാഷ്‌ട്രങ്ങളുടെ പ്രതിനിധികളും നാലുപേർ പുറം രാജ്യങ്ങളുടെ പ്രതിനിധികളും ആണ്. ബോർഡ് ഒഫ് ഗവർണർമാരിൽ നിന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.
ലോകമാസകലം പ്രതിനിധി ഓഫീസുകളുള്ള എഡിബിയുടെ പ്രധാന ലക്ഷ്യം പ്രവർത്തന പരിധിയിലുള്ള പൊതുമേഖലയിലും സ്വകാര്യമേഖലയിലും വികസനത്തിനുതകുന്ന നിക്ഷേപം വർധിപ്പിക്കുക എന്നതാണ്. ഒപ്പം, ബാങ്ക് സമാഹരിക്കുന്ന ധനവിഭവം വികസ്വര രാഷ്‌ട്രങ്ങളുടെ വികസനത്തിന് തിരിച്ചുവിടുകയും വികസന പദ്ധതികളും നയങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സാങ്കേതിക സഹായം ഉള്‍പ്പെടെയുള്ള പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യവും ഉണ്ട്.
1965-ൽ ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണിൽക്കൂടിയ സമ്മേളനം നിയോഗിച്ച സമിതിയാണ് എ.ഡി.ബി.യുടെ കരട് രൂപം തയ്യാറാക്കിയത്. എങ്കിലും എ.ഡി.ബി.യുടെ ആശയം രൂപം കൊണ്ടത് ജപ്പാനിലാണ്. 1962-ൽ ഈ ആശയം ഒരു സ്വകാര്യ പദ്ധതിയായി അവതരിപ്പിച്ചത് ജപ്പാനിൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന ഒരു കൂട്ടം വ്യവസായ പ്രമുഖരായിരുന്നു. ഇവരുടെ നിർദേശം സർക്കാർ അംഗീകരിച്ചു. ലോക ബാങ്കിന്റെ സഹായം യഥാവിധി ഏഷ്യന്‍ രാഷ്‌ട്രങ്ങളുടെ, വിശിഷ്യ, വികസ്വര രാഷ്‌ട്രങ്ങളുടെ വികസനത്തിന് ലഭ്യമാകുന്നില്ല എന്ന നിരീക്ഷണത്തെ മുന്‍നിർത്തിയാണ് സർക്കാർ ഈ നിർദേശവുമായിമുന്നോട്ട് നീങ്ങിയത്. ജപ്പാന് മേൽകൈ ലഭിക്കുന്നവിധം നിക്ഷേപസമാഹരണം നടത്തി ബാങ്ക് തുടങ്ങുക എന്ന ലക്ഷ്യത്തോടെ തുടർനടപടികളിലേക്ക് നീങ്ങി. ഈ നടപടികളുടെ പരിണിതഫലമായി 1966-ൽ എ.ഡി.ബി. നിലവിൽവന്നു.
ഓഹരി നിക്ഷേപവും സ്‌പെഷ്യൽ ഫണ്ട് നിക്ഷേപവും ആണ് എ.ഡി.ബി.യുടെ പ്രവർത്തനത്തിനാവശ്യമായ ധനവിഭവ സ്രാതസ്സുകളായി മാറിയത്. ജപ്പാനുമായി സുപ്രധാന വ്യാപാര ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന ഇന്തോനേഷ്യാ, മലേഷ്യാ, തായ്‌ലന്‍ഡ്, തെക്കന്‍കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് തുടക്കത്തിൽ വന്‍തോതിലുള്ള സാമ്പത്തിക പിന്തുണ എ.ഡി.ബി.യിൽ നിന്നും ലഭിച്ചത്.
ഫ്യൂജിയോക്ക മസാവോ എ.ഡി.ബി.യുടെ പ്രസിഡന്റായിരുന്ന കാലയളവിലാണ് (1981-90) എ.ഡി.ബി.യെ ഏറെ ഫലസിദ്ധിയുള്ള ധനകാര്യസ്ഥാപനമാക്കി മാറ്റിയത്. അമേരിക്കന്‍ എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മസാവോ നൂതനബാങ്കിങ് നയങ്ങള്‍ക്ക് രൂപം നൽകുകയും നടപ്പിൽവരുത്തുകയും ചെയ്‌തു. ഇക്കാലത്ത്, എ.ഡി.ബി.യും ജപ്പാന്‍ സർക്കാർ ധനമന്ത്രാലയവും കൂടുതൽ സഹകരണം ഉണ്ടാക്കുകയും ചെയ്‌തു. ഇതിന്റെ ഫലമായി, ഇന്റർനാഷണൽ ഫിനാന്‍സ് ബ്യാറോയുമായി ബന്ധം സ്ഥാപിച്ച് എ.ഡി.ബി.യുടെ പ്രവർത്തനം ശക്തമാക്കാനും കഴിഞ്ഞു. 1985-ലെ പ്ലാസാ കരാർ അനുസരിച്ച് ജപ്പാനിലെ പ്രമുഖ വ്യവസായികള്‍ തെക്ക് കിഴക്കന്‍ ഏഷ്യയിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. ഈ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജപ്പാനിലെ സ്വകാര്യമൂലധനം ഏറിയ തോതിൽ പ്രയോജനപ്പെടുത്തുവാന്‍ എ.ഡി.ബി. മുന്‍കൈ എടുത്തു. സാമൂഹിക സേവന മേഖലകളിൽ, വിശിഷ്യ, വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം, നഗരവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ വന്‍തോതിൽ വായ്‌പ അനുവദിക്കുന്നിന് എ.ഡി.ബി. തയ്യാറാവുകയും ചെയ്‌തു.
വാണിജ്യാടിസ്ഥാനത്തിലുള്ള പലിശനിരക്കിൽ പൊതുമൂലധന വിഭവവും (ഓർഡിനറി ക്യാപ്പിറ്റൽ റിസോഴ്‌സസ്-OCR) കുറഞ്ഞ പലിശനിരക്കിൽ എ.ഡി.ബി.യിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഏഷ്യന്‍ ഡെവല്‌പ്‌മന്റ് ഫണ്ടിന്റെയും (ADF) ധനവിഭവവും വായ്‌പയായി എത്തിക്കുന്നതിൽ എ.ഡി.ബി. ഏറെ ശുഷ്‌കാന്തി കാണിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മൂലധന വിപണിയിൽ നിന്നും എ.ഡി.ബി. സ്വന്തം മൂലധനം ഈട് നൽകി ഗണ്യമായ വായ്‌പ എടുക്കുന്നുണ്ട്. ഇമ്മാതിരി വിവിധ സ്രാതസ്സുകളിൽനിന്നും സമാഹരിക്കുന്ന ധനവിഭവം പ്രവർത്തന പരിധിയിലുള്ള വികസ്വര രാഷ്‌ട്രങ്ങളുടെ വികസനപ്രവർത്തനത്തിനെത്തിക്കുന്ന ഏജന്‍സി എന്ന നിലയിൽ ആണ് എ.ഡി.ബി.യുടെ യശസ്സ് ലോകവ്യാപകമായി പടരാന്‍ നിദാനമായത്.
മൈക്രാഫിനാന്‍സ് അടക്കം എ.ഡിബി. വായ്‌പ ഇന്ത്യന്‍ സമ്പദ് മേഖലയിലെ വിവിധ പദ്ധതികളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഒപ്പം, ചൈന, മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെ മിക്കവാറും എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും നിരവധി പ്രാജ്‌ക്‌ടുകളിൽ എ.ഡി.ബി. വായ്‌പ നിർണായകമായ അളവിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.ബി. വായ്‌പ അനുവദിക്കപ്പെടുന്ന പ്രാജ്‌ക്‌ടുകളിലെ ഫലസിദ്ധിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും രാജ്യതലങ്ങളിലുള്ള വിചിന്തനം എ.ഡി.ബി. തന്നെ നടത്തുന്നു. ഇതിൽ നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വായ്‌പ സ്വീകരിച്ച രാജ്യത്തെ പ്രാജക്‌ട് ഏജന്‍സികള്‍ നടത്തുന്ന സ്വയം വിലയിരുത്തലാണ് പ്രാഥമിക തലത്തിലുള്ള വിചിന്തനം. ദ്വീതിയ തലത്തിൽ എ.ഡി.ബി. തന്നെ നടത്തുന്ന സ്വതന്ത്ര വിലയിരുത്തലും ഉണ്ട്. പ്രാജക്‌ടിന്റെ ഡിസൈന്‍, നയരൂപീകരണം, നടപ്പിലാക്കൽ, കർമപരിപാടി, പ്രവർത്തനഫലം, സാമൂഹിക സാംഗത്യം, കാര്യക്ഷമത, പ്രയോഗക്ഷമത പരിപാലനം തുടങ്ങിയ ഘടകങ്ങളെ ആധാരമാക്കിയാണ് എ.ഡി.ബി. സ്വതന്ത്ര വിലയിരുത്തൽ നടത്തുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും. പദ്ധതികളുടെകാര്യക്ഷമമായ നടത്തിപ്പ് ഉത്തരവാദിത്ത്വബോധത്തോടെ ആക്കുവാനും സുതാര്യമാക്കുവാനും, ഫലപ്രദമാക്കുവാനും കഴിയണമെന്ന ലക്ഷ്യം മുന്‍നിർത്തിയാണ് ദ്വിതല വിലയിരുത്തലുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
(ഡോ. എം. ശാർങ്‌ഗധരന്‍)