This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലി, റെജിനാള്‍ഡ്‌ ( - 1471)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏലി, റെജിനാള്‍ഡ്‌ ( - 1471) == == Eli, Reginald == ഇംഗ്ലണ്ടിൽ 15-ാം ശതകത്തിൽ ജീവ...)
അടുത്ത വ്യത്യാസം →

14:11, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏലി, റെജിനാള്‍ഡ്‌ ( - 1471)

Eli, Reginald

ഇംഗ്ലണ്ടിൽ 15-ാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ വാസ്‌തുവിദ്യാകുശലന്‍. 1438 മുതലാണ്‌ ഇദ്ദേഹത്തിന്റെ കലാപ്രവർത്തനം ആരംഭിക്കുന്നത്‌. റെജിനാള്‍ഡിനെ സംബന്ധിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്‌ 1438-ൽ കേംബ്രിജിലെ പീറ്റർ മന്ദിരത്തിന്റെ കോണിപ്പടിയുടെ നിർമാണവുമായി ബന്ധപ്പെട്ട രേഖയിലാണ്‌. 1443-ൽ കേംബ്രിജിലെ കിങ്‌സ്‌ കോളജിന്റെ നിർമാണജോലികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നതായി രേഖകളുണ്ട്‌. ഒരു പക്ഷേ, ആ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്ന 1441 മുതൽ തന്നെ ഇദ്ദേഹം അതിന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കാന്‍ ഇടയുണ്ട്‌. ആ മന്ദിരത്തിന്റെ രൂപരേഖകളിൽ ഇദ്ദേഹത്തിന്റെ വാസ്‌തുശില്‌പശൈലിയുടെ ചില സവിശേഷതകള്‍ പ്രത്യേകിച്ചും വക്രരേഖാചിത്രവിന്യാസ (curvilinear tracery) സമ്പ്രദായം കടന്നുകൂടിയിട്ടുള്ളതായി കാണുന്നു. 15-ാം ശതകത്തിന്റെ അവസാനംവരെ ഈ ശൈലി നിലനിർത്തിപ്പോന്നത്‌ നോർഫക്കിലായതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ സ്വദേശം നോർഫക്കായിരിക്കാനാണു സാധ്യതയെന്നും 1438-അടുപ്പിച്ച്‌ ഇദ്ദേഹം കേംബ്രിജ്‌ തന്റെ പ്രവർത്തനരംഗമായി തിരഞ്ഞെടുത്തിരിക്കാനാണിടയെന്നും കരുതപ്പെടുന്നു. ലംബാകാരശൈലി(perpendicular style)യുടെ മികച്ച സ്‌മാരകങ്ങളിലൊന്നായ കിങ്‌സ്‌ കോളജ്‌ ചാപ്പലിന്റെ നിർമാണത്തിൽ (1446-1515) ഏർപ്പെട്ടിരുന്ന നാലു പ്രമുഖ ശില്‌പികളിൽ ആദ്യത്തെ ആള്‍ ഇദ്ദേഹമായിരുന്നു. 1444-ലെ ഒരു രാജകീയ രേഖയിൽ "പുണ്യവതിയായ മേരിയുടെയും വിശുദ്ധ നിക്കോളാസിന്റെയും നാമത്തിൽ കേംബ്രിജിൽ നിർമിക്കുന്ന നമ്മുടെ രാജകീയകലാലയത്തിന്റെ പ്രധാന ശില്‌പിയായി' ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നതായി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഹെന്‌റി VI-ാമന്റെ താത്‌പര്യ പ്രകാരം പണി ആരംഭിച്ച ഈ കലാലയത്തിന്റെ നിർമാണം 1461-ൽ എഡ്വേഡ്‌ IV സിംഹാസനം കവർന്നെടുത്തതിനെത്തുടർന്ന്‌ നിശ്ചലാവസ്ഥയിൽ എത്തുന്നതുവരെ ഈ പദവിയിൽത്തന്നെ ഏലി തുടർന്നു.

1449-ൽ കേംബ്രിജിലെ കിങ്‌സ്‌ ഹാളിന്റെ നിർമാണച്ചുമതല ഏലിയിൽ നിക്ഷിപ്‌തമായി. പില്‌ക്കാലത്ത്‌ ട്രിനിറ്റി കോളജ്‌ ഈ മന്ദിരത്തിലാണ്‌ നടത്തിവന്നത്‌. നിർമാണശൈലികൊണ്ട്‌ ഏലിയുടെ നാമവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി മന്ദിരങ്ങള്‍ വേറെയുണ്ട്‌. വിശുദ്ധ എഡ്വേഡ്‌, സ്‌നാപകയോഹന്നാന്‍ എന്നിവരുടെ നാമത്തിൽ കേംബ്രിജിൽ നിർമിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങള്‍, പീറ്റർ മന്ദിരത്തിന്റെ അടുക്കളപ്പുര, കേംബ്രിജിലെ പെംബ്രൂക്ക്‌ കോളജിലെ ഗ്രന്ഥപ്പുര, എസൽസ്‌ലെ താക്‌സ്റ്റസ്‌ ദേവാലയം, കേംബ്രിജിനു വടക്കുള്ള ബർബെൽ ദേവാലയം എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. 1464 അടുപ്പിച്ച്‌ നിർമിക്കപ്പെട്ട ബർബെൽ ദേവാലയത്തിന്റെ ശില്‌പി അവിടത്തെ ഗ്രാമീണപാരമ്പര്യവും ഐതിഹ്യവുമനുസരിച്ച്‌ കിങ്‌സ്‌ കോളജ്‌ ചാപ്പലിന്റെ ശില്‌പിയായ ഏലി തന്നെയായിരുന്നുവെന്നാണ്‌ ഊഹിക്കേണ്ടിയിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍