This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏട്ട == ഒരിനം ശുദ്ധജലമത്സ്യം; സമുദ്രജലത്തിലും കണ്ടുവരുന്നു. ...)
അടുത്ത വ്യത്യാസം →

09:53, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏട്ട

ഒരിനം ശുദ്ധജലമത്സ്യം; സമുദ്രജലത്തിലും കണ്ടുവരുന്നു. ഒസ്റ്റാറിയോഫൈസീ മത്സ്യഗോത്രത്തിലെ സൈലുറോയ്‌ഡിയ ഉപഗോത്രത്തിൽപ്പെടുന്ന പല മത്സ്യ-ഇനങ്ങളും ഈ പേരിലാണ്‌ അറിയപ്പെടുന്നത്‌.

25 മുതൽ 30 വരെ കുടുംബങ്ങള്‍ സൈലുറോയ്‌ഡിയയിലുണ്ട്‌; രണ്ടായിരത്തോളം സ്‌പീഷീസുകളും. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഇക്‌റ്റല്യൂറിഡേ എന്ന ശുദ്ധജലമത്സ്യകുടുംബവും ആരിയിഡേ എന്ന സമുദ്രജലമത്സ്യകുടുംബവും ഇതിന്റെ പ്രതിനിധികളാണ്‌.

ഈ മത്സ്യങ്ങളുടെ വായയ്‌ക്കു ചുറ്റിലുമായി "മീശ'പോലെ കാണപ്പെടുന്ന സ്‌പർശനാവയവങ്ങള്‍ ഇവയ്‌ക്ക്‌ പൂച്ചയുടെ മുഖത്തോട്‌ സാദൃശ്യം ഉളവാക്കുന്നതുകൊണ്ട്‌ "ക്യാറ്റ്‌-ഫിഷ്‌' എന്നും ഇവയെ വിളിക്കാറുണ്ട്‌. തടിച്ച ശരീരവും വലിയ തലയുമുള്ള ഏട്ടകള്‍ പൊതുവേ തീറ്റിപ്രിയരാണ്‌. കിട്ടുന്നതെന്തും ആർത്തിയോടെ ഇവ വെട്ടിവിഴുങ്ങാറുണ്ട്‌.

ഏട്ടകളുടെ ശരീരം മൃദുവും ശല്‌കരഹിതവുമായ തൊലിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പൃഷ്‌ഠ-ഭുജപത്രങ്ങളിൽ കാണപ്പെടുന്ന ഓരോ മുള്ളും ശത്രുവിന്‌ അസഹ്യമായ വേദനയുളവാക്കുന്ന തരത്തിൽ കുത്തുന്നതിന്‌ ഉപകരിക്കുന്നു. ഇത്‌ വിഷമുള്ളുകളായതാണ്‌ വേദനയ്‌ക്ക്‌ കാരണം. വലുപ്പത്തിന്റെ കാര്യത്തിലും ഏട്ടകള്‍ വൈവിധ്യം പ്രദർശിപ്പിക്കുന്നവയാണ്‌. ഏതാനും സെന്റിമീറ്ററുകള്‍ മുതൽ രണ്ടുമീ. വരെ വലുപ്പവും 50 കിലോഗ്രാം വരെ തൂക്കവുമുള്ള മത്സ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്‌. ലോകമെമ്പാടും കാണപ്പെടുന്നവയാണ്‌ ഏട്ടമത്സ്യങ്ങള്‍;

ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ താരതമ്യേന സമൃദ്ധമായിരിക്കുന്നു. ഒഴുക്കില്ലാത്ത ജലാശയങ്ങളുടെ അടിത്തട്ടിനോടടുത്താണ്‌ ഇവ ജീവിക്കുന്നത്‌. പൊതുവേ മന്ദഗതികളായ ഏട്ടകള്‍ അടിത്തട്ടിൽ കാണപ്പെടുന്ന മറ്റു ജീവികളെ ഭക്ഷിച്ച്‌ ജീവിക്കുന്നു. സാധാരണ മറ്റു മത്സ്യങ്ങളെപ്പോലെ ജലത്തിൽ ലയിച്ചുചേർന്നിട്ടുള്ള ഓക്‌സിജന്‍ ശ്വസിച്ചു ജീവിക്കുന്ന ഏട്ടകള്‍ക്ക്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ഉപയോഗിച്ചും ശ്വസനം നടത്താന്‍ കഴിയും. "ശ്വസനസഹായാവയവങ്ങള്‍' ഉള്ളതിനാലാണ്‌ ഇത്‌ സാധിക്കുന്നത്‌.

വസന്തവും വേനലും എത്തുമ്പോഴാണ്‌ ഏട്ടകളുടെ ഇണചേരൽ ആരംഭിക്കുന്നത്‌. ആണും പെണ്ണും ചേർന്നുണ്ടാക്കുന്ന കൂട്ടിനുള്ളിൽ, പ്രത്യേകാകൃതി ഇല്ലാത്ത കൂട്ടങ്ങളായി മുട്ടകള്‍ നിക്ഷേപിക്കപ്പെടുന്നു. മുട്ടവിരിഞ്ഞിറങ്ങുന്നതുവരെ അതിനു കാവലിരിക്കുന്നതും ഇവയുടെ പ്രത്യേകതയാണ്‌.

സമുദ്രജല ഏട്ടകളുടെ സ്വഭാവം മേല്‌പറഞ്ഞതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. ഉദ്ദേശം ഒന്നര സെ.മീ. വരെ വലുപ്പമുള്ള മുട്ടകള്‍ ആണ്‍മത്സ്യം തന്റെ വായയ്‌ക്കുള്ളിൽ ശേഖരിച്ചുവയ്‌ക്കുന്നു. ഒരു തവണ 50 എണ്ണംവരെ ഇപ്രകാരം സൂക്ഷിക്കപ്പെടാറുണ്ട്‌. മുട്ട വിരിയുന്നതിന്‌ ഉദ്ദേശം ഒരു മാസം വേണ്ടിവരും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെയും വീണ്ടും ആഴ്‌ചകളോളം സ്വന്തം വായയ്‌ക്കുള്ളിൽത്തന്നെ സൂക്ഷിക്കുകയാണ്‌ ആണ്‍മത്സ്യത്തിന്റെ പതിവ്‌. ഇക്കാലമത്രയും അത്‌ യാതൊരാഹാരവും കഴിക്കാറില്ല.

പെണ്‍മത്സ്യത്തിന്റെ സ്‌പന്‍ഞ്ചുപോലെയുള്ള ഉദരത്തിൽ മുട്ടകള്‍ സൂക്ഷിക്കുന്ന രീതിയും അപൂർവമല്ല. തെക്കേ അമേരിക്കയിലുള്ള ഒരിനം ഏട്ടയിൽ ആന്തരിക ബീജസങ്കലനം വഴിയാണ്‌ പ്രത്യുത്‌പാദനം നടക്കുന്നത്‌. ഇവ ഭക്ഷ്യമത്സ്യങ്ങളായി കരുതപ്പെടുന്നുണ്ടെങ്കിലും മാംസം അത്ര സ്വാദിഷ്‌ഠമാണെന്നു പറയുകവയ്യ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍